Interview

മുസ്ലിം പണ്ഡിതന്‍മാര്‍ രഹസ്യമായി എന്നെ പിന്തുണയ്ക്കുന്നു; പിണറായിയുടെ അഴിമതി ഉടന്‍ പിടിക്കുക ദുഷ്‌കരം: എ.പി അബ്ദുള്ളക്കുട്ടി അഭിമുഖം

ക്രിസ്ത്യന്‍ വിഭാഗത്തിന് പിന്നാലെ മുസ്ലിങ്ങളുടെ വീടുകളിലും കയറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണല്ലോ ബി.ജെ.പി. കേരളത്തില്‍ ന്യൂനപക്ഷങ്ങളോട് അടുക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തന്നെയല്ലേ ?

അല്ല. ഇത് വോട്ടിന് വേണ്ടിയുള്ളതല്ല. ന്യൂനപക്ഷങ്ങളുടെ മനസ് കീഴടക്കാനുള്ള സ്നേഹ യാത്രയാണ്. ബി.ജെ.പി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന തെറ്റിദ്ധാരണ ഇവിടെയുണ്ട്. ആ തെറ്റിദ്ധാരണ മാറ്റാനുള്ളതാണിത്. ഈസ്റ്ററിന് ഇന്ത്യയിലാകെ ക്രൈസ്തവ പള്ളികളിലേക്കും ഭവനങ്ങളിലേക്കും നടത്തിയത് പോലെ ഈദിന് മുസ്ലിം സഹോദരങ്ങളെ കാണാനും അവര്‍ക്ക് ആശംസകള്‍ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് ബി.ജെ.പിയുടെ ദില്ലി നാഷണല്‍ എക്സിക്യൂട്ടീവ് മീറ്റിംഗില്‍ എടുത്ത തീരുമാനമാണ്. നരേന്ദ്രമോദിയുടെ ആഹ്വാനമാണ്. അത് നെഞ്ചിലേറ്റെടുത്തുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. അല്ലാതെ വോട്ടിന് വേണ്ടിയല്ല.

കേരളത്തിലെ മുസ്ലിങ്ങള്‍ അത്ര എളുപ്പത്തില്‍ ബി.ജെ.പിയെ വിശ്വാസത്തിലെടുക്കുമോ? ഗുജറാത്ത് എന്ന ഓര്‍മ്മ പോലും ഇപ്പോഴും ഭയവും ആശങ്കയും സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും?

ക്രൈസ്തവ ന്യൂനപക്ഷം ബി.ജെ.പിക്ക് ഒപ്പമായെന്ന് നിങ്ങള്‍ സമ്മതിച്ചിരിക്കുന്നു എന്നാണ് ഈ ചോദ്യത്തില്‍ നിന്നും എനിക്ക് മനസിലാക്കാന്‍ കഴിയുന്നത്. ക്രൈസ്തവര്‍ക്ക് വലിയ സ്വാധീനമുള്ള നോര്‍ത്ത് ഈസ്റ്റിലും ഗോവയിലും ഞങ്ങള്‍ അവരെ കൂടെ നിര്‍ത്തി എന്ന് മാത്രമല്ല, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ എം.എല്‍.എമാരുള്ള പാര്‍ട്ടിയായും മാറി. മുസ്ലിങ്ങള്‍ക്ക് ഇടയിലെ പ്രബല വിഭാഗത്തിന് തെറ്റിദ്ധാരണയുണ്ടെന്നത് ശരിയാണ്. ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ഉടന്‍ പ്രഖ്യാപിച്ചത് ഇന്ത്യന്‍ മുസ്ലിങ്ങളും ബി.ജെ.പിയും തമ്മിലൊരു തെറ്റിദ്ധാരണയും അകല്‍ച്ചയും ഉണ്ടെന്നും അത് കുറച്ച് കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്നുമായിരുന്നു.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഇന്ത്യയിലെ മുസ്ലിം മതപണ്ഡിതന്‍മാരെയും നേതാക്കളെയും കാണാന്‍ അവസരം കിട്ടിയ ഒരാളാണ് ഞാന്‍. കേരളത്തിലെ സമുദായ നേതാക്കളെ ഉള്‍പ്പെടെ കണ്ട് പുതിയ ഹജ്ജ് നയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞിരുന്നു. അവരൊക്കെ എന്നോട് പറഞ്ഞത് അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ നിലപാട് വളരെ ശരിയാണെന്നായിരുന്നു. എല്ലാ അനുഗ്രഹങ്ങളും നല്‍കുന്നതായി അവരില്‍ പലരും എന്നോട് സ്വകാര്യമായി പറഞ്ഞിരുന്നു. പക്ഷേ അവര്‍ക്ക് ഇത് പരസ്യമായി പറയാന്‍ മടിയും പേടിയുമാണ്. പേടിയുടെ കാരണം എന്താണ്? കേരളത്തിലും പുറത്തും മുസ്ലിങ്ങള്‍ക്കിടയില്‍ ഒരു പുതിയ ശക്തിയുണ്ടായി, പോപ്പുലര്‍ ഫ്രണ്ട്. അവര്‍ കാശും കയ്യൂക്കും പ്രയോഗിച്ച് മുസ്ലിങ്ങള്‍ക്കിടയില്‍ അവരാണ് രക്ഷകരെന്ന തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ട്. ആ ധാരണ ഇവിടെ പ്രചരിച്ചത് കൊണ്ട് പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കാന്‍ ഇവിടുത്തെ പ്രധാന മുസ്ലിം പണ്ഡിതന്‍മാര്‍ക്ക് പോലും ഉള്ളില്‍ പേടിയുണ്ടായിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതോടെ സ്വിച്ചിട്ടത് പോലെ അത് കെട്ടടങ്ങി. അതോടുകൂടി മത നേതാക്കളുടെ പേടിയും മാറി. ഇപ്പോള്‍ ചെറിയ മടിയുണ്ട്.

ക്രൈസ്തവ പുരോഹിതന്‍മാര്‍ പരസ്യമായി ബി.ജെ.പിയെയും നരേന്ദ്രമോദിയെയും പ്രശംസിക്കുന്നത് പോലെ കേരളത്തിലെ മുസ്ലിം മതപണ്ഡിതന്‍മാരും നേതാക്കളും മോദിയെയും ബി.ജെ.പിയെയും പരസ്യമായി അംഗീകരിക്കുന്ന കാലം വിദൂരമല്ലെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തെ അടുപ്പിച്ച് നിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുമ്പോഴും ഇന്ത്യയിലെ പൊതു സാഹചര്യം പ്രത്യേകിച്ചും ഛത്തീസ്ഗഡിലെ പ്രശ്നങ്ങള്‍ അവരുടെ മുന്നിലുണ്ട്. ബിഷപ്പുമാര്‍ പരസ്യ പ്രസ്താവന നടത്തിയാലും വിശ്വാസികളായ സാധാരണക്കാര്‍ അതെല്ലാം പെട്ടെന്ന് മറക്കുമെന്ന് കരുതാന്‍ കഴിയുമോ?

ഇതെല്ലാം മാധ്യമങ്ങളും ചില തല്‍പരകക്ഷികളും നടത്തുന്ന നുണ പ്രചരണങ്ങളാണ്. സത്യത്തില്‍ ബി.ജെ.പിയുടെ പ്രത്യായശാസ്ത്രം വളരെ ക്ലിയറാണ്. ഏകാത്മക മാനവഃ ദര്‍ശനമെന്നതാണ്. സബ്കാ സാത്ത്, സബ്കാ വികാസ് എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. രാഷ്ട്ര പുരോഗതിക്കായി എല്ലാവരെയും കൂടെ നിര്‍ത്തുകയാണ് ലക്ഷ്യം. ന്യൂനപക്ഷ സമുദായം തീര്‍ച്ചയായും ബി.ജെ.പിയോടുള്ള നിലപാട് മാറ്റും. അത് ശക്തമായി വന്ന് കൊണ്ടിരിക്കുകയാണ്. അത് കേവലം മതമേലധ്യക്ഷന്‍മാരുടെ പ്രതികരണം മാത്രമല്ല. ഗ്രൗണ്ടില്‍ ഇറങ്ങി നോക്കണം. നരേന്ദ്രമോദിയുടെ ഭക്തരായി മാറിക്കൊണ്ടിരിക്കുകയാണ്. അത് കാണുമ്പോള്‍ ഇവിടെ ന്യൂനപക്ഷ പ്രീണനം നടത്തിയും അവരെ പറ്റിച്ചും അധികാരം കയ്യാളുന്ന യു.ഡി.എഫിലെയും എല്‍.ഡി.എഫിലെയും നേതാക്കള്‍ ഭ്രാന്ത് പിടിച്ച് ഓടി നടക്കുകയാണ്. ആളുകള്‍ക്ക് ഇപ്പോള്‍ കാര്യങ്ങളൊക്കെ അനുഭവത്തില്‍ നിന്നും മനസിലാകുന്നുണ്ട്. നമ്മുടെ നാട്ടില്‍ എല്ലാവരെയും ഒരുപോലെ കാണുകയും ആരെയും പ്രീണിപ്പിക്കാതെ മുന്നോട്ട് പോകുകായും ചെയ്യുന്ന പ്രസ്ഥാനം ബി.ജെ.പിയാണെന്ന് ന്യൂനപക്ഷങ്ങള്‍ മനസിലാക്കുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങളില്‍ നിന്നും ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്.

കേരളത്തില്‍ നടക്കുന്ന നിശബ്ദമായ അടിയൊഴുക്കുണ്ട്. സാധാരണക്കാരും ന്യൂനപക്ഷ വിഭാഗങ്ങളും മോദിക്കും ബി.ജെ.പിക്കും അനുകൂലമായി ചിന്തിക്കുന്നു. ഇത് വലിയൊരു രാഷ്ട്രീയ മാറ്റമാണ്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഒരു ലോകസഭ സീറ്റില്‍ പോലും വിജയിക്കില്ല. മുസ്ലിം വിഭാഗത്തിലെ തീവ്ര ഗ്രൂപ്പുകളുടെയും ജിഹാദികളുടെയും പിന്തുണയോടെയാണ് പിണറായി വിജയന്‍ ഇപ്പോള്‍ അധികാരം നിലനിര്‍ത്തുന്നത്. മുസ്ലിം നാമധാരിയായിട്ടുള്ള മരുമകനെ പ്രൊജക്ട് ചെയ്ത് മുസ്ലിങ്ങളെ മുഴുവന്‍ പ്രീണിപ്പിക്കാമെന്നാണ് പിണറായി വിജയന്‍ ധരിച്ചിരിക്കുന്നത്. കേരളത്തിലെ ഹിന്ദുക്കളുടെ ഏറ്റവും വലിയ പാര്‍ട്ടി സി.പി.എമ്മാണ്. പിണറായി വിജയന്റെ ഹിന്ദു വിരുദ്ധ നിലപാടും മരുമകനെ മുന്നില്‍ നിര്‍ത്തിയുള്ള മുസ്ലിം പ്രീണന രാഷ്ട്രീയവും കേരളത്തില്‍ സി.പി.എം പളുങ്കു പാത്രം പോലെ തകര്‍ന്ന് വീഴും. പിണറായി വിജയന്‍ ഗുരുവായൂര്‍ അമ്പലത്തില്‍ പോയിട്ട് ശ്രീകൃഷ്ണനെ തൊഴാതെ കളിയാക്കി വരികയായിരുന്നു. ബിഷപ്പ് തിരുമേനിയെ നികൃഷ്ട ജീവിയെന്ന് വിളിച്ചു. ഇതൊക്കെ ഒരുഭാഗത്ത് നടക്കുമ്പോള്‍ മുസ്ലിം പ്രീണന രാഷ്ട്രീയത്തില്‍ അമ്മായിയച്ഛനും മരുമകനും യാതൊരു പഞ്ഞവും കാണിക്കുന്നില്ല.

ത്രിപുരയിലും ബംഗാളിലും തകര്‍ന്ന് വീണത് പോലെ വളരെ പെട്ടെന്ന് തന്നെ കേരളത്തിലും പിണറായിയുടെ നേതൃത്വത്തില്‍ സി.പി.എം തകര്‍ന്ന് വീഴും. അത്രമാത്രം അമര്‍ഷം നിഷ്പക്ഷ- മതേതര- ജനാധിപത്യ വാദികളിലും ഹിന്ദുക്കള്‍ക്കിടയിലും ഉണ്ട്. സി.പി.എം സി. കണ്ണനെയും ഇ.എം.എസിനെയും അച്യുതാനന്ദനെയും പോലുള്ള നിസ്വാര്‍ത്ഥ രാഷ്ട്രീയ നേതാക്കളിലൂടെയാണ് ജനമനസ്സുകള്‍ കീഴടക്കിയത്. ഇപ്പോള്‍ അടി തൊട്ട് മുടി വരെ അഴിമതിയാണ്. പ്രാദേശിക നേതാക്കള്‍ വലിയ കാശുകാരായത് എങ്ങനെയാണെന്ന് നാട്ടുകാര്‍ ഇപ്പോള്‍ പറയുന്നുണ്ട്. അധികാരവും പണവും ഉപയോഗിച്ച് വലിയ സമ്പന്നരായി. പിണറായിയുടെ കീഴില്‍ പുത്തന്‍ വര്‍ഗ്ഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ലോക്കല്‍ സെക്രട്ടറി മുതല്‍ അങ്ങോട്ടുള്ള നേതാക്കള്‍ കണ്ണ് ചിമ്മി തുറക്കുമ്പോഴേക്കും സമ്പന്നരായി മാറുകയാണ്. ഇതെല്ലാം നാട്ടിലെ സാധാരണക്കാര്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എം ഓപ്പണ്‍ വോട്ട് ചെയ്യാന്‍ ഏല്‍പ്പിക്കുന്ന പ്രവര്‍ത്തകര്‍ പോലും പിണറായി വിജയനെതിരെ വോട്ട് ചെയ്യുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

പൊന്ന് കള്ളക്കടത്തായാലും ഡോളര്‍ കടത്തായാലും വലിയ തട്ടിപ്പാണ് നടന്നത്. അപ്പോള്‍ നിങ്ങള്‍ ചോദിക്കും ഇതിലൊന്നും പിണറായി വിജയനെ പിടിക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്തതെന്താണെന്ന്. അവിടെയാണ് ഇ.ഡിയും സി.ബി.ഐയും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെക്കുറിച്ച് നിങ്ങള്‍ മനസിലാക്കേണ്ടത്. നല്ല പ്രൊഷണലായിട്ടുള്ള ചെറുപ്പക്കാരാണ് അതിലെ അന്വേഷണ ഉദ്യോഗസ്ഥര്‍. അവര്‍ കൃത്യമായ തെളിവ് കിട്ടുമ്പോഴാണ് ആരെയും പിടിക്കുന്നുള്ളു. അല്ലാതെ രാഷ്ട്രീയ പ്രേരിതമായി ആരെയും അറസ്റ്റ് ചെയ്യില്ല. പിണറായിയെ പിടിക്കാന്‍ കുറച്ച് സമയം എടുക്കുമായിരിക്കും. ചിദംബരത്തെ പത്ത് വര്‍ഷം കൊണ്ടല്ലേ പിടിച്ചത്. രാഹുലിനെയും സോണിയാ ഗാന്ധിയേയും പിടിക്കാന്‍ കുറച്ച് സമയമെടുത്തില്ലേ. അതുപോലെ പിണറായി വിജയനെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസമുള്ള ഒരാളാണ് ഞാന്‍. ശിവശങ്കറിനെ പിടിച്ചു. സി.എന്‍ രവീന്ദ്രനെതിരെ അന്വേഷണം നടത്തിയപ്പോഴാണ് നമുക്ക് ഫാരിസ് അബൂബക്കറിലേക്ക് എത്താന്‍ കഴിഞ്ഞത്.

പണ്ട് ഇ. നാരായണനെ ഉപയോഗിച്ചാണ് പിണറായി വിജയന്‍ കണ്ണൂരില്‍ നിന്ന് എല്ലാ അഴിമതിയും തുടങ്ങിയത്. പിന്നീട് കേരളാ രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോള്‍ വളരെ പ്രൊഫഷണലായിട്ടുള്ള മാഫിയ തലവന്‍ ഫാരിസ് അബൂബക്കറിനെ ഉപയോഗിച്ചു. ഫാരിസ് അബൂബക്കറിനെ പോലെയുള്ള ഇന്റര്‍ നാഷണല്‍ പ്രൊഫഷണല്‍ മാഫിയയെ ഉപയോഗിച്ച് അഴിമതി നടത്തുന്നതിനാല്‍ പിണറായി വിജയനെ പിടിക്കുക അത്ര എളുപ്പമല്ല.

ഫാരിസ് അബൂബക്കര്‍ എന്നൊരാളെ മുന്‍നിര്‍ത്തി വര്‍ഷങ്ങളായി സി.പി.എമ്മിന്റെയും പിണറായി വിജയന്റെയും എതിരാളികള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. എന്ത് തെളിവാണ് ഇതിനൊക്കെ കാണിക്കാന്‍ ഇതുവരെ കിട്ടിയിട്ടുള്ളത്. എന്ത് ബന്ധമാണ് തെളിയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്?

ആ അന്വേഷണമാണല്ലോ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വീടുകളും ഓഫീസുകളും റെയ്ഡ് ചെയ്തില്ലേ. ഇതുവരെ റെയ്ഡ് നടന്നിരുന്നോ. അച്യുതാനന്ദന്‍ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാനായി മഹാ പോരാട്ടം നടത്തിയിരുന്നു. കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ തന്നെ അട്ടിമറിക്കുന്ന തരത്തിലുള്ള വലിയ റിയല്‍ എസ്റ്റേറ്റ് മാഫിയയായിരുന്നു ഫാരിസ് അബൂബക്കര്‍. പിണറായിയുമായുള്ള ബന്ധം ഈ നാട്ടിലെ എല്ലാവര്‍ക്കും അറിയാം. കോടിയേരി ബാലകൃഷ്ണന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന് കാത്തു നില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ലല്ലോ. സഹോദരനാണ് മരിച്ചതെന്ന് പറഞ്ഞ് കരഞ്ഞിരുന്നിരുന്നു. സഹോദരന്‍ മരിച്ചാല്‍ ശവ സംസ്‌കാരത്തിന് ശേഷം വീട്ടില്‍ വന്നതിന് ശേഷമല്ലേ പിരിയുക. ഇത് ചിത കത്തി തീരുന്നതിന് മുമ്പ് വിദേശത്തേക്ക് യാത്ര നടത്തി. ഫാരിസ് അബൂബക്കറിന്റെ ഉപ്പ മരിച്ചപ്പോള്‍ ഇദ്ദേഹം അവിടെ മണിക്കൂറുകളോളം നില്‍ക്കുക മാത്രമല്ല, മൂന്നമത്തെ ദിവസം പ്രാര്‍ത്ഥനയ്ക്കും കണ്ണോക്ക് അടിയന്തരത്തിനും പങ്കെടുത്തല്ലോ.

മുഹമ്മദ് റിയാസ് എന്ന രാഷ്ട്രീയ നേതാവിനെ സി.പി.എം വളര്‍ത്തി കൊണ്ടുവന്നതല്ലേ. മുമ്പ് അബ്ദുള്ളക്കുട്ടി എന്ന നേതാവിനും ഇതേ പോലെ അവസരങ്ങള്‍ നല്‍കിയിരുന്നല്ലോ. ലോക്സഭ തെരഞ്ഞെടുപ്പില്‍ അവസരം നല്‍കിയപ്പോള്‍ റിയാസ് പരാജയപ്പെട്ടിട്ടുണ്ടാകാം. ഡി.വൈ.എഫ്.ഐയുടെ ദേശീയ പ്രസിഡന്റായിരുന്നു. ബേപ്പൂരില്‍ നിന്നും വലിയ ഭൂരിപക്ഷത്തിലാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്?

അയാള്‍ എവിടെയാണ് ജയിച്ചിട്ടുള്ളത്. അയാള്‍ക്ക് ഒരു ജനപിന്തുണയുമില്ല. ബേപ്പുര്‍ സി.പി.എമ്മിന്റെ കോട്ടയാണ്. അവിടെ ഏത് ഓലക്കാലനെ നിര്‍ത്തിയാലും ജയിക്കും. കോഴിക്കോട്ട് ഒരു ജനപിന്തുണയും റിയാസിനില്ല. അതുപോലെ കെ.കെ. രാഗേഷ്. എന്താണ് പിന്തുണ? പിണറായി വിജയന്റെ വിധേയന്‍മാരാണെന്നത് മാത്രമാണ്. മകളെ കെട്ടിയത് കൊണ്ടുള്ള പിന്തുണയാണ് ഇപ്പോള്‍. മുസ്ലിം നാമധാരിയെന്ന നിലയില്‍ ആ സമുദായത്തെ കൂടെ നിര്‍ത്താനുള്ളതാണത്. നിര്‍ത്തിക്കോ. നമുക്ക് കാണാം. രാഷ്ട്രീയം കണക്ക് ശാസ്ത്രം പോലെയല്ലെന്ന് ഇ.എം.എസ് പറഞ്ഞിട്ടുണ്ട്. പിണറായി വിജയനെ നമുക്ക് കാണിച്ച് കൊടുക്കാം. പിണറായി ഭരണത്തില്‍ സാധാണക്കാര്‍ക്ക് മാത്രമല്ല ആര്‍ക്കും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ധനമന്ത്രി ബാലഗോപാല്‍ പണ്ട് എസ്.എഫ്.ഐ നേതാവായിരുന്നപ്പോള്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി ഫീസ് 2000 രൂപയില്‍ നിന്നും 4000 ആക്കാന്‍ ശ്രമിച്ചപ്പോള്‍ സമരം ചെയ്ത ആളാണ്. ഡി.വൈ.എഫ്.ഐ നേതാവായിരുന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഒ.പി ടിക്കറ്റിന് രണ്ട് രൂപയില്‍ നിന്നും അഞ്ച് രൂപയാക്കിയപ്പോള്‍ സമരം ചെയ്ത ആളാണ്. അവനാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലെ നികുതിയെല്ലാം കുത്തനെ കൂട്ടുന്നത്. ബാലഗോപാലിന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒരു വിവരവുമില്ല. ബാലഗോപാലിന്റെ സഹോദരന്‍ ഹരിലാല്‍ എന്നൊരു എക്കോണോമിസ്റ്റുണ്ട്. ബാലഗോപാലിന് ബുദ്ധി ഉപദേശിക്കുന്നത് ഹരിലാലാണ്. കേരളത്തിലെ ധനകാര്യ സ്ഥിതി വളരെ ദയനീയമാണ്. ടാക്സിനോടും ടോളിനോടുമുള്ള പുതിയ തലമുറയുടെ നിലപാട് മാറിയിട്ടുണ്ട്. മാറാതിരുന്നത് ഇവരായിരുന്നു. ക്രമാനുഗതമായി വര്‍ദ്ധിപ്പിച്ചിരുന്നെങ്കില്‍ ഇത്രയധികം പ്രശ്നം വരില്ലായിരുന്നു. ഒറ്റയടിക്ക് കൂട്ടുമ്പോള്‍ ജനങ്ങള്‍ക്ക് താങ്ങാനാകാത്ത സ്ഥിതി വരുന്നു. മാര്‍ക്സിസ്റ്റ് എക്കണോമിസ്റ്റുകള്‍ക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ ഒരു വിവരവുമില്ലെന്നതിന്റെ തെളിവാണിത്. പൊന്നിന് നികുതി കൃത്യമായി കിട്ടുന്നില്ല. ഗോള്‍ഡ് പോലീസിനെ ക്രിയേറ്റ് ചെയ്ത് കേരളത്തിലെ ഗോള്‍ഡ് മേഖലയില്‍ നികുതി കൃത്യമായി പിരിക്കാന്‍ കഴിയും. ഇപ്പോള്‍ നമുക്ക് കഴിഞ്ഞ വര്‍ഷം കിട്ടിയത് 420 കോടി രൂപയാണ്. സത്യത്തില്‍ 7500 കോടി രൂപയെങ്കിലും നികുതി കിട്ടേണ്ട മേഖലയാണ്. നികുതി കുടിശ്ശികയും പിരിക്കുന്നില്ല. കാരണം നികുതി വെട്ടിപ്പുകാരുമായി അവിഹിത ബന്ധം കൊണ്ടാണ്.

യോഗി ബുള്‍ഡോസര്‍ രാഷ്ട്രീയമാണെന്ന് പറയുന്നുണ്ടല്ലോ. നിങ്ങള്‍ക്ക് അറിയാമോ, നികുതി വെട്ടിപ്പുകാരും മാഫിയകളും നികുതി അടച്ചില്ലെങ്കില്‍ ജെ.സി.ബിയുമായി ഇറങ്ങുകയാണ് യോഗി. ആ ധൈര്യം അച്യുതാനന്ദന്‍ കാണിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാവായി പിണറായി വിജയനാണ് അത് നിര്‍ത്തിവെപ്പിച്ചത്. ഇവിടെയുള്ള മാഫിയകളില്‍ നിന്നും നികുതി പിരിച്ചാല്‍ ഇവിടെയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയും.

ക്രിസ്ത്യന്‍ വോട്ടുകള്‍ കിട്ടിയാല്‍ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ബി.ജെ.പി നേതൃത്വം കരുതുന്നുണ്ടോ?

വോട്ടിന് വേണ്ടിയുള്ള കാമ്പയിനല്ലെന്ന് നേരത്തെ പറഞ്ഞല്ലോ. എന്നാല്‍ ജനങ്ങളുടെ രാഷ്ട്രീയ അഭിപ്രായം മാറുന്നുണ്ട്. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെ ഇടയിലുള്ള തെറ്റിദ്ധാരണ മാറ്റാനുള്ള കാമ്പയിനാണിത്.

കേരളാ രാഷ്ട്രീയത്തില്‍ സജീവമായി നിന്നിരുന്ന ആളാണ് താങ്കള്‍. ബി.ജെ.പിയിലേക്ക് പോയതിന് ശേഷം കേരളത്തില്‍ സാന്നിധ്യം കുറയുന്നത് എന്തുകൊണ്ടാണ്?

കേരളത്തില്‍ സജീവമാണ്. പക്ഷേ ദേശീയ വൈസ് പ്രസിഡന്റ്, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ വലിയ ഉത്തരവാദിത്തം ഉള്ളത് കൊണ്ടാണ് പ്രവര്‍ത്തന കേന്ദ്രം ദില്ലിയും മുംബൈയുമായത്. അതുകൊണ്ടാണ് പഴയത് പോലെ കേരളത്തില്‍ കാണാത്തത്.

സമീപ ഭാവിയില്‍ കേരളത്തില്‍ സജീവമാകുമോ?. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?

അത്തരം കാര്യങ്ങളൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഞാന്‍ കേരളക്കാരനാണ്. ഒഴിവ് കിട്ടുമ്പോള്‍ കണ്ണൂരിലെത്തുന്നുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിയുടെ സ്ട്രാറ്റജി എന്തായിരിക്കും?

2024ല്‍ മോദി സര്‍ക്കാറിനെ വീണ്ടും അധികാരത്തില്‍ കൊണ്ടു വരികയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മോദിജിയുടെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. കേരളത്തില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നാഷണല്‍ ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നു. പിണറായി വിജയനും ഗോവിന്ദന്‍ മാഷുമൊക്കെ പറയുന്നത് അതിന്റെ ആള് അവരാണെന്നാണ്. ആളുകള്‍ അത് ഇപ്പോള്‍ വിശ്വസിക്കുന്നില്ല. 39 ലക്ഷം ആളുകള്‍ക്ക് 26,000 രൂപ കിട്ടി. പിണറായി വിജയന്‍ 750 രൂപയുടെ കിറ്റില്‍ പലവ്യഞ്ജനങ്ങള്‍ നല്‍കിയത് മോദി സര്‍ക്കാരിന്റെ സഹായമാണ്. സഞ്ചി മാത്രമാണ് പിണറായിയുടേത്. അതുകൊണ്ട് 2024ല്‍ വീണ്ടും മോദി അധികാരത്തിലെത്താന്‍ കേരളത്തില്‍ നിന്നും വലിയ ജന പിന്തുണ കിട്ടുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ഞങ്ങള്‍ ആരംഭിച്ചു. ചുവരെഴുത്ത് പ്രവര്‍ത്തനം തന്നെ കേരളത്തില്‍ തുടങ്ങിയത് ഞങ്ങളാണ്. ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനങ്ങളുടെ ക്രമീകരണങ്ങള്‍ ആരംഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഞങ്ങള്‍ വലിയ കാമ്പയിനുകള്‍ ആരംഭിക്കുകയാണ്. യുവാക്കളുമായി പ്രധാനമന്ത്രി സംവദിക്കാന്‍ എത്തുന്നു. തൃശൂരില്‍ സ്ത്രീകളുടെ വലിയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. എണ്ണയിട്ട യന്ത്രം പോലെ ശക്തമായ സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാണ് ഞങ്ങളുടെ തീരുമാനം.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കി. ഇത്തരത്തില്‍ ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ ആരെങ്കിലും ഇത്തവണ കേരളത്തില്‍ മത്സരിക്കുമോ?

അതിനെക്കുറിച്ചൊന്നും പാര്‍ട്ടി ഇപ്പോള്‍ ആലോചിച്ചിട്ടില്ല.

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

SCROLL FOR NEXT