Interview

മുറവിളികളല്ല, മുല്ലപ്പെരിയാറില്‍ വേണ്ടത് പ്രായോഗിക പരിഹാരം

മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും ചര്‍ച്ചകളിലേക്കെത്തുകയാണ്. രണ്ട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട വിഷയം വര്‍ഷാ വര്‍ഷങ്ങളായി നിരന്തരം തര്‍ക്കങ്ങളിലൂടെ കടന്നു പോകുന്നു. കേരത്തിലെ കാലാവ്യസ്ഥാ വ്യതിയാനവും 2021 ജനുവരിയില്‍ പുറത്തുവന്ന യു.എന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്‌തോ, ടണല്‍ നിര്‍മ്മിച്ചോ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് പറയുകയാണ് പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം.

ഡാം ഡീകമ്മീഷന്‍ ചെയ്ത് പ്രശ്‌നം പരിഹരിക്കണം

മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിത് 125 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഡാം ഡീകമ്മീഷന്‍ ചെയ്ത് പ്രശ്‌നം പരിഹരിക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള പരിഹാരം. പ്രയോഗിക തലത്തില്‍ അത് നടപ്പിലാക്കാനുള്ള സാധ്യത കുറവാണ്. കാരണം രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണിത്.

ഒരു ശത്രുതാ മനോഭാവത്തിലേക്ക് വരെ ഈ പ്രശ്‌നമെത്തും എന്നുള്ള സാഹചര്യവുമുണ്ട്. രണ്ട് സംസ്ഥാനങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയാണെങ്കില്‍ ജലനിരപ്പ് താഴ്ത്തി ടണല്‍ നിര്‍മ്മിച്ച് പുതിയ ഡാം നിര്‍മ്മിക്കാതെയും ഇപ്പോഴുള്ളത് പൊളിക്കാതെയും ഈ പ്രശ്‌നം എന്നന്നേക്കുമായി തന്നെ പരിഹരിക്കാം.

ടണല്‍ നിരപ്പും ജലനിരപ്പും താഴ്ത്തി മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമുള്ളു. ഇന്നത്തെ നിലയില്‍ അണക്കെട്ട് ഇതേപോലെ തുടരുന്നത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ സുരക്ഷിതത്വം നല്‍കുന്നതാണെന്ന് പറയാന്‍ കഴിയില്ല.

കേരളം നേരിടുന്ന വെല്ലുവിളികള്‍

അച്യുത മേനോന്‍ സര്‍ക്കാര്‍ ഡാമുമായി ബന്ധപ്പെട്ട് കരാര്‍ പുതുക്കിയെന്നതാണ് കേരളം ചെയ്ത വലിയൊരു തെറ്റ്. ആ കരാര്‍ പുതുക്കാന്‍ പാടില്ലായിരുന്നു.

രണ്ടാമത്തെ തെറ്റ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളം തള്ളിക്കളഞ്ഞതാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കാലാഹരണപ്പെട്ട അണക്കെട്ടുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന് വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ഡീകമ്മീഷന്‍ ചെയ്യാമായിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം കൂടിയാണ് കേരളമിപ്പോള്‍ നേരിടുന്നത്.

തമിഴ്‌നാട് പുതിയ ഡാം പണിയാമെന്നതും കേരളത്തിന് സ്വീകാര്യമാകില്ല. അങ്ങനെ വരുമ്പോള്‍ ജലത്തിന്റെ നിയന്ത്രണം സംബന്ധിച്ച് തര്‍ക്കമുണ്ടാകുമോ എന്ന ആശങ്കയുണ്ടാകും. ജലത്തിന്റെ നിയന്ത്രണം തങ്ങളുടെ കയ്യില്‍ തന്നെയാകണമെന്നതാണ് സംസ്ഥാനത്തിന്റെ താത്പര്യം. അതാകട്ടെ തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കുന്നു. കേരളത്തിനെ സംബന്ധിച്ചിടത്തോളം ഈ ജലം ഉപയോഗിച്ച് ഭാവിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ ഉണ്ട്. അതിലുപരിയായി ഈ പ്രദേശത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഏകദേശം 2000 കോടിയുടെ ടൂറിസം വ്യവസായമുണ്ട്, അത് നിലനിര്‍ത്തുക എന്നുള്ളതും കേരളത്തിന്റെ താത്പര്യത്തില്‍ പെടുന്നു.

തമിഴ്‌നാടും മുല്ലപ്പെരിയാറും

തമിഴ്‌നാടിന്റെ നിലപാട് ഒരര്‍ത്ഥത്തില്‍ അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ ശരിയാണ്. ഒരുകാലത്ത് തമിഴ്‌നാടിന്റെ ഭൂപ്രകൃതിയില്‍ യാതൊരു വിളവുമുണ്ടാവാത്ത ഭൂമിയായിരുന്നു അത്. അത്തരമൊരു ഭൂപ്രകൃതിയില്‍ ജീവിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വരുമാനമില്ലായിരുന്നു.

അവര്‍ ഏര്‍പ്പെട്ടിരുന്ന തൊഴില്‍ എന്നത് മോഷണമാണ്. ആ കാലത്താണ് ബ്രിട്ടീഷുകാര്‍ ഇവരെ കാര്‍ഷിക മേഖലയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിന് ജലസേചനം സഹായിക്കുമെന്ന വിലയിരുത്തലില്‍ എത്തുന്നത്. അങ്ങനെയാണ് ഏറ്റവുമൊടുവില്‍ അണക്കെട്ട് നിര്‍മ്മിച്ച് കേരളത്തില്‍ നിന്ന് വെള്ളം തമിഴ്‌നാട്ടിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചത്.

ഇന്നിപ്പോള്‍ തമിഴ്‌നാടിന്റെ കൃഷി ആവശ്യവും വ്യാവസായിക ആവശ്യവും ഈ അണക്കെട്ടിനെ ആശ്രയിച്ചാണ് നടക്കുന്നത്. ഈ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്‌നാടിന്റെ നാലിലൊന്നു പ്രദേശത്തെ വെള്ളത്തിന്റെ ഉപയോഗം പിന്നീട് ബുദ്ധിമുട്ടാകുന്ന സ്ഥിതിയാണുള്ളത്.

അവരുടെ ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസ്സ് എന്ന നിലയില്‍ മുല്ലപ്പെരിയാര്‍ അവര്‍ക്ക് സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഏതറ്റം വരെയും അവര്‍ അതിനുവേണ്ടി പോകും എന്നതാണ്. പക്ഷേ മനുഷ്യന്റെ ജീവന്റെ സുരക്ഷ എന്നുള്ള ഏറ്റവും പ്രധാനപ്പെട്ട മൗലിക പ്രശ്‌നം പരിഹരിക്കുമ്പോള്‍ രണ്ട് സര്‍ക്കാരുകളും വിട്ടുവീഴ്ചയക്ക് തയ്യാറാവുകയും കേന്ദ്ര സര്‍ക്കാര്‍ ജീവനു വിലകല്‍പ്പിക്കുന്ന ഉറച്ച തീരുമാനമെടുക്കുകയും ചെയ്യണം.

പ്രയോഗിക പരിഹാരം

ഏറെക്കാലം നിലനിന്ന 136 അടിയിലേക്ക് ജലനിരപ്പ് കൊണ്ടുവരാവുന്നതാണ്. അതല്ല ഇപ്പോള്‍ സുപ്രീം കോടതിയില്‍ കേരളം ഉന്നയിച്ചുള്ള 139 അടിയിലാണെങ്കിലും ജലനിരപ്പ് എത്രയും വേഗം എത്തിക്കേണ്ടതാണ്. അത് കേരളത്തിനും തമിഴ്‌നാടിനും ഗുണകരമായിരിക്കും എന്നാണ് തോന്നുന്നത്.

സുപ്രീം കോടതി വിമര്‍ശനം

കേരളത്തിന്റെ കേസുനടത്തിപ്പിലെ വീഴ്ചകൊണ്ടാണ് നിരന്തരം സംസ്ഥാനം സുപ്രീം കോടതി വിമര്‍ശനം നേരിടുന്നത്. കേരളം പറയുന്നത് റൂര്‍ക്കി ഐ.ഐ.ടിയെ കൊണ്ടും ഡല്‍ഹി ഐ.ഐ.ടിയെ കൊണ്ടും പഠനം നടത്തിച്ചു എന്നാണ്.

ഈ ഐ.ഐ.ടികളെ കൊണ്ട് പഠനം നടത്തിപ്പിക്കാന്‍ കേന്ദ്ര ജല കമ്മീഷനോ സുപ്രീം കോടതിയോ ആവശ്യപ്പെട്ടിട്ടില്ല. സുപ്രീം കോടതി നിയോഗിക്കുന്നവരാണ് പഠനം നടത്തി റിപ്പോര്‍ട്ട് കൊടുക്കേണ്ടത്. ആരെങ്കിലും പഠിച്ചു എന്ന് പറഞ്ഞാല്‍ സുപ്രീം കോടതി അത് അംഗീകരിക്കില്ല.

ഡാം പൊളിക്കണമെന്ന മുറവിളികള്‍

ഡാം അപകടമാണെന്ന് കേരളത്തില്‍ ആദ്യം പറഞ്ഞത് ഞാനാണ്. 35 വര്‍ഷം മുമ്പായിരുന്നു അത്. പിന്നീട് നമുക്ക് ഇക്കാര്യത്തെ കുറിച്ച് പറയുമ്പോള്‍ കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കേണ്ടി വന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പൊളിക്കാന്‍ കഴിയുന്നതല്ല എന്ന് ബോധ്യപ്പെടുന്നത്.

ഇതില്‍ രണ്ട് കൂട്ടര്‍ക്കും സ്വീകാര്യമാകുന്ന പ്രായോഗികമായ പരിഹാരം മാത്രമാണ് സാധ്യമാകുക. ഇനിയും ഡീ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ടണല്‍ എന്നതാണ് മാര്‍ഗമെന്ന് തോന്നുന്നു.

കാലാവ്യസ്ഥ വ്യതിയാനവും മുല്ലപ്പെരിയാറും

നമുക്കിനി സംഭവിക്കാന്‍ പോകുന്നത് ഏതാണ്ട് പത്ത് മാസം വരെയും മഴ പെയ്യുന്ന സംസ്ഥാനമായി കേരളം മാറും. അങ്ങനെ മാറുമ്പോള്‍ വെള്ളത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കും. വെള്ളം വളരെ വേഗം തുറന്നുവിടേണ്ട ഒരു സ്ഥിതിയിലേക്ക് മുല്ലപ്പെരിയാര്‍ മാത്രമല്ല, കേരളത്തിലെ എല്ലാ അണക്കെട്ടുകളും മാറും.

എല്ലാ അണക്കെട്ടിലും പാലിക്കേണ്ട ചില അന്താരാഷ്ട്ര മര്യാദകളും മാനദണ്ഡങ്ങളുമുണ്ട്. അന്താരാഷ്ട്ര മര്യാദ എന്ന് പറയുന്നത് ഒരു അണക്കെട്ടിന്റെ സംഭരണത്തിന്റെ പരമാവധി 75 ശതമാനം ജലം മാത്രമേ ശേഖരിക്കാന്‍ പാടുള്ളു എന്നതാണ്. കേരളം അത്തരമൊരു മാനദണ്ഡവും മര്യാദയും പാലിക്കുന്നില്ല. കേരളം നൂറ് ശതമാനം വെള്ളം സംഭരിക്കുകയാണ്. അത് കേരളത്തിന് അപകടകരമാണ്‌.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT