Interview

‘ഹിജാബ് ധരിച്ച് പോണ്‍ ചെയ്തത് ഭീഷണികാരണം’, മിയാ ഖലീഫയുടെ ബിബിസി അഭിമുഖം പൂര്‍ണരൂപത്തില്‍

ഹിജാബ് ധരിച്ചുള്ള വിവാദ പോണ്‍ വീഡിയോ ചിത്രീകരണം ഭീഷണിയെ തുടര്‍ന്നെന്ന വെളിപ്പെടുത്തിയ മിയാ ഖലീഫ, ബിബിസിയുടെ അഭിമുഖം പൂര്‍ണരൂപത്തില്‍ മലയാളത്തില്‍ 

ഷഫീക്ക് സുബൈദ ഹക്കീം

മിയ ഖലീഫ എന്ന പേര് അത്രക്ക് അപരിചിതമായിരിക്കില്ല ആര്‍ക്കും. എപ്പോഴും ഇക്കിളിപ്പെടുത്തുന്ന ഇമേജുകള്‍ക്കപ്പുറം ലൈംഗിക വിപണികളില്‍ ചൂഷണം ചെയ്യപ്പെടുന്ന ജീവിതങ്ങളെക്കുറിച്ച് നാമെത്ര കരുതലോടെ സംസാരിക്കാറുണ്ട്? ഒന്നുകില്‍ ഉറച്ച സദാചാര മതിലുകള്‍ക്കുള്ളില്‍ നിന്നോ അല്ലെങ്കില്‍ അങ്ങേയറ്റം ഉദാരതക്കുള്ളില്‍ നിന്നോ അല്ലാതെ നമുക്കിടപെടാനറിയില്ല എന്നതാണ് സത്യം. അതിനുമപ്പുറത്ത് അവരുടെ ശബ്ദങ്ങള്‍ക്ക് ചെവിനല്‍കാന്‍ എന്നാണ് പൊതുസമൂഹം തയ്യാറാവുക? ലൈംഗിക തൊഴിലാളി എന്ന നിലയില്‍ നളിനി ജമീല തന്റെ സ്വാനുഭവങ്ങളെഴുതിവന്നപ്പോഴും പോണ്‍താരമായിരുന്ന സണ്ണിലിയോണ്‍ മുഖ്യധാരാ ബോളിവുഡിലേക്ക് വന്നപ്പോഴും അവരെ വെറുതെ വിടാന്‍ തയ്യാറാകാതിരുന്ന സദാചാര ഫാസിസം നാം കണ്ടതാണ്. എന്നാല്‍ ഹിംസാത്മകമായ എന്തെല്ലാം അന്തരീക്ഷങ്ങളായിരിക്കും പോണ്‍ വ്യവസായത്തില്‍ അഭിനേതാക്കളായി എത്തപ്പെടുന്ന വ്യക്തിത്വങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടാകുക? ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത ഇമേജുകളാല്‍ ജീവിതത്തിന്റെ സര്‍വ്വ സ്വകാര്യതകളും അവര്‍ക്ക് എന്നെന്നേക്കുമായി നഷ്ടമാക്കപ്പെടുന്നു. ഒരു ബഹുഭൂരിപക്ഷം ഇപ്പോഴും ആ മേഖലയിലേയ്ക്ക് നിര്‍ബന്ധിതമായി ആനയിക്കപ്പെടുന്നവരാണ്. നിര്‍ബന്ധിതമായിട്ടാണെങ്കിലും സ്വമേധയായിട്ടാണെങ്കിലും അതിലേക്ക് എത്തപ്പെടുന്ന മനുഷ്യര്‍ കൊടിയ ചൂഷണത്തിന്റെ ലോകത്തിലാണ് ജീവിക്കുന്നത്. ലോക പോണ്‍ വ്യവസായത്തിനുള്ളിലെ ഇടുങ്ങിയ, ശ്വാസം മുട്ടിക്കുന്ന ഈ ചൂഷിത ലോകത്തെ തുറന്നുകാട്ടി മിയ ഖലീഫ രംഗത്തെത്തിയിരിക്കുകയാണ്. 2019 ആഗസ്റ്റ് 30 വെള്ളിയാഴ്ച്ച ബിബിസിയുടെ 'HARDtalk' എന്ന പരിപാടിയില്‍ സ്റ്റീഫന്‍ സോക്ക മിയ ഖലീഫയെ അഭിമുഖം ചെയ്യുകയുണ്ടായി. ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമായിരുന്നു അഭിമുഖത്തില്‍ മിയ നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകള്‍. എന്നാല്‍ അഭിമുഖത്തിന്റെ രാഷ്ട്രീയ/സാമൂഹിക അന്തസത്തയെയോ, പ്രാധാന്യത്തെയോ ഒട്ടും മനസ്സിലാക്കാതെയോ മാനിക്കാതെയോ 'തന്റെ സ്വകാര്യത നഷ്ടപ്പെടുന്നു; മിയ ഖലീഫ'' എന്ന തലവാചകത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചതല്ലാതെ മാധ്യമങ്ങള്‍ മിയയുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാന്‍ തയ്യാറായില്ല എന്ന ഒരു വിമര്‍ശനം വെയ്ക്കാതെ തരമില്ല. 'വേശ്യയുടെ ചാരിത്ര്യപ്രസംഗം' എന്ന ഏറ്റവും വൃത്തികെട്ട, ഹിംസാത്മകമായ ആണ്‍സദാചാര ചൊല്ലിനെ/ബോധത്തെ ഇക്കിളിപ്പെടുത്താനല്ലാതെ പ്രസ്തുത വാര്‍ത്ത എന്തെങ്കിലും ഗുണം ചെയ്തോ എന്ന് സംശയമാണ്. ലൈംഗിക തൊഴിലാളിക്കും പോണ്‍താരങ്ങള്‍ക്കും മനുഷ്യാവകാശമുണ്ട് എന്നും സ്വകാര്യത ഒരു പൗര/മൗലികാവകാശമാണെന്നും അംഗീകരിക്കാന്‍ പോലും ഇന്നും തയ്യാറാകാത്ത ഇന്ത്യയടക്കമുള്ള സമൂഹത്തില്‍ ഇത്തരം ഇക്കിളി ചിരികള്‍ സ്വാഭാവികമാണ്. എന്നിരുന്നാലും സ്വകാര്യതയുടെ വിഷയത്തോടൊപ്പം പോണ്‍വ്യവസായത്തിലെ ചൂഷണത്തെയും അതിലെ അഭിനേതാക്കള്‍ അനുഭവിക്കുന്ന പീഡനങ്ങളെയും മാനസികസംഘര്‍ഷങ്ങളെയും ഈ അഭിമുഖം തുറന്നുകാട്ടുന്നുണ്ട്. മാത്രവുമല്ല, ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശനവിധേയമായ 'ഇസ്ലാമിക വേഷത്തിലെ പോണ്‍' എന്ന മിയ ഖലീഫയുടെ വിവാദ വീഡിയോ നിര്‍മ്മാണത്തിന്റെ പിന്നാമ്പുറങ്ങളും മിയ വിശദീകരിക്കുന്നുണ്ട്. പ്രസ്തുത അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇവിടെ മൊഴിമാറ്റി നല്‍കുകയാണ്. പലയിടങ്ങളിലും മിയയുടെ മുഖഭാവത്തിലെ നിസ്സഹായതയും സങ്കടവും മൊഴിമാറ്റാനുള്ള ഭാഷയില്ലാത്തതുകൊണ്ട് അത് ഒഴിവാക്കിയിട്ടുണ്ട് എന്ന മുന്‍കൂര്‍ ജാമ്യത്തോടെ.

സ്റ്റീഫന്‍ സോക്ക: മനുഷ്യന് ലൈംഗികതയിലുള്ള താല്‍പര്യം പുതിയ കാര്യമല്ല. എന്നാല്‍ മോഹങ്ങളുടെ എല്ലാ വകഭേദങ്ങളെയും കൂടുതല്‍ കണ്ടെത്താനും ചൂഷണം ചെയ്യാനും ഇന്റര്‍നെറ്റ് വഴി ലളിതമായിരിക്കുന്നു. ഓരോ വര്‍ഷവും കോടാനുകോടി ലാഭം കൊയ്യുന്ന ബിസിനസ്സാണ് ഓണ്‍ലൈന്‍ പോണ്‍വ്യവസായം. എന്നാല്‍ അതിന്റെ വമ്പന്‍ നേട്ടം കൊയ്യുന്നതോ കോര്‍പ്പറേറ്റുകളും. അല്ലാതെ അതില്‍ അഭിനയിക്കുന്ന പുരുഷന്‍മാരോ സ്ത്രീകളോ അല്ല. ഇന്ന് അതിഥിയായി എത്തിയിരിക്കുന്നത് മിയാ ഖലീഫയാണ്. വളരെ ചുരുക്കി പറയുകയാണെങ്കില്‍ അവര്‍ ഒരു പോണ്‍ അഭിനേത്രിയാണ്. ഒരു സെക്സ് വീഡിയോയില്‍ ഇസ്ലാമിക ഹിജാബ് ധരിച്ച് വന്നതിന് ലോകത്താകമാനം അവര്‍ അവഹേളനം സമ്പാദിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളമുള്ള ഭീഷണിക്കും അരക്ഷിതത്വത്തിനും ശേഷം ഇന്ന് അവര്‍ തുറന്ന് സംസാരിക്കുകയാണ് എന്താണ് 21-ാം നൂറ്റാണ്ടിലെ സംസ്‌കാരത്തിലെയും പോണ്‍ വ്യവസായത്തിലെയും തന്റെ കഥ എന്ന്.

സ്റ്റീഫന്‍ സോക്ക: മിയാ ഖലീഫ, ഹാര്‍ഡ് ടോക്കിലേക്ക് സ്വാഗതം.

പല മാനദണ്ഡങ്ങളുടെയും വെളിച്ചത്തില്‍ പറയുകയാണെങ്കില്‍ താങ്കള്‍ വളരെ പ്രശസ്തയായ ഒരു സ്ത്രീയാണ്. ഉദാഹരണത്തിന് ഇന്‍സ്റ്റഗ്രാമില്‍ നിങ്ങള്‍ക്ക് 16 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. എന്നാല്‍ വളരെ ചുരുങ്ങിയകാലത്തെ പോണ്‍വ്യവസായത്തിലെ പ്രവര്‍ത്തനങ്ങളാണ് താങ്കളെ യഥാര്‍ത്ഥത്തില്‍ പ്രശസ്തയാക്കിയത്. അതൊക്കെ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ലേ?

തീര്‍ച്ചയായും. ഇന്‍ഡസ്ട്രി വിട്ട ശേഷം ഞാനത് വാളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍ സാധിച്ചില്ല. ഐസിസ് അനുകൂലികള്‍ എന്റെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു. അതില്‍ അവരുടെ പ്രചരണങ്ങള്‍ പോസ്റ്റ് ചെയ്തു. അങ്ങനെ ഇന്‍സ്റ്റഗ്രാം നിര്‍ത്തേണ്ടിവന്നു. ഞാനൊരു ‘കുപ്രസിദ്ധ മുന്‍പോണ്‍താര’മാണ് എന്ന എന്റെ വിധി അംഗീകരിക്കുകയും ഒരു പുതിയ ആഖ്യാനത്തിലേയ്ക്ക് മാറാന്‍ ശ്രമിക്കുകയും ചെയ്യുന്നതുവരെ ഒരുവര്‍ഷത്തോളം പുതിയ അക്കൗണ്ട് ഉണ്ടാക്കിയില്ല. പിന്നെയാണ് ഞാന്‍ പുതിയൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. മികച്ചൊരു വ്യവസ്ഥ ഇവിടെയില്ലാത്തതിനാല്‍ ഒരു മാര്‍ഗദര്‍ശി (influencer) ആകാന്‍ ശ്രമിക്കുകയാണ്.

സെര്‍ച്ച് ചെയ്യാനായി ഗൂഗിളില്‍ താങ്കളുടെ പേര് നല്‍കുകയാണെങ്കില്‍....

പേര് നെറ്റ്വര്‍ക്കില്‍ വര്‍ക്ക് ചെയ്യുമെന്നാണോ?

ഹഹ അതെ. അത് വര്‍ക്ക് ചെയ്യും. എന്നാല്‍ വിഷയം ഇതാണ്. അങ്ങനെ സെര്‍ച്ച് ചെയ്താല്‍ ‘പോണ്‍സ്റ്റാര്‍’ എന്ന വാക്കുള്‍ക്കൊള്ളുന്ന എണ്ണമറ്റ വീഡിയോ ലിങ്കുകളായിരിക്കും നിങ്ങള്‍ക്ക് ഞൊടിയിടയില്‍ ലഭിക്കുക. അതിനെ മറികടക്കാന്‍ താങ്കള്‍ക്ക് ഒരിക്കലും സാധിക്കില്ല.

ആദ്യത്തെ കാര്യം, അതാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടേറിയ കാര്യം.

ഞാനര്‍ത്ഥമാക്കുന്നത് താങ്കളത് ആഗ്രഹിക്കുന്നു എന്നല്ല. മറിച്ച് അത്തരത്തിലാണ് സാങ്കേതികവിദ്യ പെരുമാറുന്നത് എന്നാണ്. അങ്ങനെയാണ് ഇന്റര്‍നെറ്റ് വര്‍ക്ക് ചെയ്യുന്നത്.

അതെ. ഞാന്‍ അത്രക്കും ഗൂഗിള്‍ ഫ്രണ്ടലി അല്ല. ഞങ്ങളതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുകയാണ്. ഒന്നാമത്തെ കാര്യം ഞാനല്ല എന്റെ പേരിലുള്ള വെബ്സൈറ്റിനെ നിയന്ത്രിക്കുന്ന ഉടമസ്ഥന്‍. എന്നാല്‍ ഹോം പേജില്‍ എഴുതിയിരിക്കുന്നത് ഒന്നാമത്തെ വ്യക്തി, അതായത് ഞാനാണ് വെബ്സൈറ്റ് നടത്തുന്നതില്‍ ഒരാള്‍ എന്നാണ്. എന്റെ വിക്കിപീഡിയ പേജിലും ഇതാണ് എന്റെ ഒഫിഷ്യല്‍ പേജ് ആയി നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ നിരവധിതവണ ആ വെബ്സൈറ്റ് നീക്കം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. നിയമ നടപടികള്‍ക്ക് വരെ ശ്രമിച്ചു. എന്നാല്‍ വെബ്സൈറ്റിന്റെ ഉടമയായ കമ്പനി അത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല. അവര്‍ക്ക് ഞങ്ങള്‍ നിരവധി ഓഫറുകള്‍ വരെ മുന്നോട്ട് വെച്ചു.

ഭീഷണിപ്പെടുത്തുകയായിരുന്നു, ഞാന്‍ ഭയന്നു. (intimidation, i was scared) എനിക്കറിയാം. ഞാന്‍ ‘ഇല്ല’ എന്ന് പറയുകയാണെങ്കില്‍ അവരത് ചെയ്യാന്‍ നിര്‍ബന്ധിക്കില്ല. നിര്‍ബന്ധിക്കുകയാണെങ്കില്‍ അത് ബലാത്സംഗമായിത്തീരും.

ഘട്ടം ഘട്ടമായി നമുക്ക് സംസാരിക്കാം. മാതൃരാജ്യമായ ലബനനില്‍ നിന്ന് അമേരിക്കയിലെത്തി വളര്‍ന്ന ഒരു പെണ്‍കുട്ടി, അതും അമേരിക്കയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ടെക്സാസിലെ സര്‍വ്വകലാശാലയില്‍ പഠനത്തിന് പോയ, ചരിത്രം പഠിച്ച, സ്മാര്‍ട്ടായ ഒരു പെണ്‍കുട്ടി... അങ്ങനെയുള്ള താങ്കള്‍ എങ്ങനെയാണ് സെക്സ് വ്യവസായത്തിലേക്കും പോണ്‍ വ്യവസായത്തിലേക്കും എത്തപ്പെടുന്നത്?

അന്തസ് കുറഞ്ഞതുകൊണ്ടല്ല ഒരാള്‍ വിവേചനം നേരിടുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. വലിയൊരു കുടുംബ പശ്ചാത്തലത്തില്‍ നിന്നാണോ, അതോ അത്ര മികച്ച പശ്ചാത്തലത്തില്‍ നിന്നല്ലേ വരുന്നത് എന്നതൊന്നും ഇവിടെ ഒരു വിഷയമല്ല.

എന്റെ ഭാരക്കൂടുതലായിരുന്നു കുഞ്ഞുന്നാളില്‍ ഞാനഭിമുഖീകരിച്ച വെല്ലുവിളി. ഞാന്‍ സുന്ദരിയാണെന്നോ പുരുഷന്‍മാരുടെ ശ്രദ്ധലഭിക്കാന്‍ മാത്രം ഗുണമുള്ളവളാണെന്നോ എനിക്ക് തോന്നിയിരുന്നില്ല. എന്റെ കോളേജ് ജീവിതത്തിലെ ആദ്യവര്‍ഷമാണ് വണ്ണം കുറക്കാനുള്ള ചെറിയ പരിശ്രമങ്ങള്‍ ഞാനാരംഭിക്കുന്നത്. ബിരുദം നേടുന്ന സമയമായപ്പോഴേക്കും വലിയമാറ്റങ്ങള്‍ വരുത്താന്‍ തന്നെ ഞാന്‍ തയ്യാറായിക്കഴിഞ്ഞിരുന്നു. എന്റെ സ്തനങ്ങളെ കുറിച്ച് അങ്ങേയറ്റം ആശങ്കയുണ്ടായിരുന്നു. കാരണം വണ്ണം കുറക്കുമ്പോള്‍ ആദ്യം നഷ്ടപ്പെടുക അതായിരുന്നു. ഏതാണ്ട് 50 പൗണ്ട് ഭാരം ഞാന്‍ കുറച്ചു. അതെത്രകിലോ വരുമെന്നൊന്നും എനിക്കറിയില്ല.

വലിയൊരു ഭാരം തന്നെയായിരിക്കും അത്. അത് നിങ്ങളെ ശാരീരികമായി മാറ്റിയിരുന്നോ?

അതെ. തീര്‍ച്ചയായും. പൂര്‍ണമായും മാറ്റി. അതുകൊണ്ടുതന്നെ സ്തനങ്ങളെ കുറിച്ചായിരുന്നു എന്റെ ഏറ്റവും വലിയ വേവലാതി. അവ പഴയതുപോലെ ആയിരിക്കണമെന്ന് എനിക്ക് ഏറിയും കുറഞ്ഞും ആഗ്രഹമുണ്ടായിരുന്നു. ഒരിക്കല്‍ വണ്ണം കുറക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും പിന്നീടത് തുടര്‍ന്നില്ല.

നിങ്ങള്‍ സ്പോട്ട് ചെയ്യപ്പെട്ടല്ലോ. എനിക്ക് തോന്നുന്നു തെരുവില്‍ വെച്ചാണ് നിങ്ങള്‍ സ്പോട്ട് ചെയ്യപ്പെടുന്നത്. അക്കാലത്ത് താങ്കള്‍ തൊഴിലന്വേഷിച്ച് നടക്കുന്ന ഒരു യുവബിരുദധാരിയായിരുന്നു. അപ്പോഴാണ് നിങ്ങളെ ഒരാള്‍ ഒരു തെരുവില്‍ വെച്ച് സ്പോട്ട് ചെയ്യുന്നത്. ‘നമ്മള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിച്ചാലോ’’ എന്ന് അയാള്‍ ചോദിക്കുന്നു. മാത്രവുമല്ല അയാള്‍ കൃത്യമായി തുറന്നു പറയുന്നു, ‘ഇതൊരു പോണ്‍ ബിസിനസ്സ് ആണ്’’ എന്ന്. ഓടിയൊഴിയുന്നതിനു പകരം നിങ്ങളെ അതിലേക്ക് വലിച്ചടുപ്പിച്ച ഘടകമെന്തായിരുന്നു?

അത് അങ്ങനെയല്ല. ‘ഹെയ്, പോണ്‍ ചെയ്യാന്‍ വരാന്‍ നിങ്ങളാഗ്രഹിക്കുന്നുണ്ടോ?’’ എന്ന് ചോദിക്കുന്നതുമാതിരിയൊന്നുമല്ല കാര്യങ്ങള്‍. മറിച്ച് ഇതുപോലെയാണ്. ‘ഓഹ്, നിങ്ങള്‍ സുന്ദരിയാണല്ലോ. താങ്കള്‍ക്ക് മോഡലിങ്ങൊക്കെ ചെയ്യാന്‍ ആഗ്രഹമുണ്ടോ? നിങ്ങള്‍ക്ക് സുന്ദരമായ ശരീരമാണുള്ളത്. എനിക്ക് തോന്നുന്നു നിങ്ങള്‍ ന്യൂഡ് മോഡലിങ് ചെയ്താല്‍ നന്നായിരിക്കും.’’ ഈ രീതിയിലാണ് ക്ഷണം വരുന്നത്. തുടര്‍ന്ന് ഞാനതിലേയ്ക്ക് വരുന്നു. സ്റ്റുഡിയോയിലെത്തിച്ചേരുന്നു. വളരെ മാന്യവും പകിട്ടേറിയതുമായ ഒരിടമായിരുന്നു മയ്യാമിയിലെ ആ ലൊക്കേഷന്‍. വളരെ വൃത്തിയുള്ളതായിരുന്നു അവിടം. അവിടെ ജോലിചെയ്തിരുന്നവരെല്ലാം വളരെ ഹൃദ്യമായിട്ടുള്ളവരായിരുന്നു. കിടപ്പറയൊക്കെ കുടുംബഫോട്ടോകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. അസ്വസ്ഥപ്പെടുത്തുന്നതോ, അസൗകര്യമായതോ ആയി ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ആദ്യമായി അവിടെ പ്രവേശിച്ച സമയത്തല്ല എന്നെ ആദ്യമായി പോണ്‍മൂവിക്കായി ചിത്രീകരിക്കുന്നത്. (ചിരിക്കുന്നു). രണ്ടാമത്തെ തവണയായിരുന്നു അത് സംഭവിച്ചത്. ആദ്യത്തെ തവണ ‘ഇത് ചെയ്യാന്‍ താങ്കള്‍ക്ക് താല്‍പര്യമുണ്ടോ? പേപ്പറുകളില്‍ ഒപ്പുവെക്കു...’’ തുടങ്ങിയ കാര്യങ്ങള്‍ ആയിരുന്നു.

പറക്കമുറ്റാത്ത യുവതികളെ ഇരയാക്കുന്നതിനെക്കുറിച്ചാണ് താങ്കളിതുവരെയും സംസാരിച്ചുകൊണ്ടിരുന്നത്. എനിക്കത്ഭുതമാണ് തോന്നുന്നത്. ആ യുവത്വ കാലത്തേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഇരയാക്കപ്പെടുകയായിരുന്നു താങ്കളെന്നു തോന്നിയിട്ടുണ്ടോ? കാരണം, ഇപ്പോള്‍ ഇരുപത്തിയാറു വയസ്സാണ് നിങ്ങള്‍ക്കുള്ളത്. എന്നാല്‍ അതൊക്കെ സംഭവിക്കുന്നത് ഇരുപത്തൊന്ന് വയസ്സിലാണ്. ആ ഇരുപത്തിയൊന്നുകാരി ഉപയോഗിക്കപ്പെടുകയായിരുന്നോ..? അവള്‍ ഒരു ഇരയായിരുന്നോ?

അവളെക്കൊണ്ടു നേട്ടമുണ്ടാക്കിയ ആ പ്രവൃത്തികളെ തിരിച്ചറിയാനുള്ള ഉപാധികളൊന്നുംതന്നെ അന്നവളുടെ കൈവശമുണ്ടായിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. അവളോടു നുണകളായിരുന്നു പറഞ്ഞിരുന്നത്. ഒരുപക്ഷേ ഒത്തിരി നുണകളായിരിക്കില്ല. അന്ന് ഞാന്‍ എന്തു ചെയ്യണമെന്ന് അവര്‍ താല്‍പര്യപ്പെട്ടിരുന്നുവോ അതെല്ലാം ചെയ്യിക്കാനായി എന്നെ മാനിപ്പുലേറ്റ് ചെയ്യുകയായിരുന്നു.

വാസ്തവത്തില്‍ ഒരു ഇര എന്ന നിലയില്‍ ഞാനെന്നെ കാണാനാഗ്രഹിക്കുന്നില്ല. ആ വാക്കുതന്നെ എനിക്കിഷ്ടമല്ല. എത്ര ഭീകരങ്ങളായിരുന്നാലും അവയൊക്കെയും എന്റെ തീരുമാനങ്ങളായിരുന്നു. സ്ത്രീകള്‍ സമീപിക്കുന്ന രീതിയില്‍ ചില മാറ്റങ്ങള്‍ വരണമെന്നാണ് ഞാന്‍ കരുതുന്നത്.

ഇതൊരു വ്യവസായമാണ്. ഒരു മള്‍ട്ടി ബില്യണ്‍ ഡോളര്‍ വ്യവസായം. എന്നാല്‍ അതിന്റെ ഹൃദയമെന്നു പറയുന്നത് യുവാക്കളോട് - പുരുഷനോടും സ്ത്രീയോടും - ഒരു ക്യാമറക്കുമുമ്പില്‍ ലൈംഗീക പ്രവൃത്തി ചെയ്യാന്‍ ആവശ്യപ്പെടുകയോ അവരെ സമ്മതിപ്പിക്കുകയോ ചെയ്യുക എന്നതാണ്. ഇത്തരത്തില്‍ കോടിക്കണക്കിന് തവണ ആളുകള്‍ കാണുന്ന ആ വീഡിയോകളുടെ നിര്‍മ്മാണ പ്രക്രിയയില്‍ നിങ്ങള്‍ക്കെത്രമാത്രം നിയന്ത്രണാധികാരമുണ്ട്?

ഇല്ല. ഒട്ടും തന്നെയില്ല. അല്ലെങ്കില്‍ വളരെക്കുറച്ച്. അതായത് ഒരു തരത്തിലുള്ള വേഷം വേണോ വേണ്ടേ എന്നൊക്കെയുള്ള തീരുമാനങ്ങള്‍ പോലെ. എന്താണ് ചിത്രീകരിക്കുന്നത്, അതിന്റെ തീം എന്താണ്, ഉള്ളടക്കം എന്താണ്, എവിടെ വച്ച് ചിത്രീകരിക്കുന്നു... ഇതിനെക്കുറിച്ചൊക്കെ വളരെക്കുറച്ചേ പറയാറുള്ളൂ.

തീര്‍ച്ചയായും സമ്മതമെന്നതാണല്ലോ അടിസ്ഥാന ഘടകമായി ഇവിടെ നിലനില്‍ക്കുന്നത്. നിങ്ങള്‍ക്ക് ചെയ്യാനിഷ്ടമില്ലാത്ത ഒരു ലൈംഗീക പ്രവൃത്തി ചെയ്യാന്‍ അവര്‍ നിങ്ങളോട് ആവശ്യപ്പെടാറുണ്ടോ?

ഇല്ല. നിര്‍ബന്ധിക്കില്ല.

പോണ്‍ വീഡിയോകളില്‍ പെര്‍ഫോം ചെയ്യുന്ന സമയത്ത് താങ്കള്‍ക്കുണ്ടായിരുന്ന മാനസികാവസ്ഥയെപ്പറ്റി അടുത്തകാലത്ത് താങ്കള്‍ സംസാരിക്കുകയുണ്ടായല്ലോ. അവ ചെയ്യുന്ന സമയത്ത് താങ്കള്‍ അബോധാവസ്ഥയിലായിരുന്നുവെന്നാണ് പറഞ്ഞത്. തിരിഞ്ഞു നോക്കുമ്പോള്‍ താങ്കള്‍ ചെയ്തിട്ടുള്ള പല കാര്യങ്ങളും ഓര്‍മ്മിക്കാന്‍ കഴിയുന്നില്ലായെന്നും പറഞ്ഞിരുന്നു. ഈ വ്യവസായത്തിന്റെ ഉള്ളറകളിലായിരുന്നപ്പോള്‍ താങ്കളുടെ ബോധത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരുന്നതെന്നു വിശദീകരിക്കാമോ?

അതു പറഞ്ഞ സമയത്ത് ഏതു വാക്കാണ് ഞാനുപയോഗിച്ചതെന്നെനിക്കോര്‍മ്മയില്ല. ഒരു പക്ഷേ അത് ‘അഡ്രിനാലിന്‍’ ആയിരിക്കണം. എന്റെ ശരീരത്തില്‍ അഡ്രിനാലിന്റെ അളവ് വളരെ ഉയര്‍ന്നിരുന്ന നിലയിലായിരുന്നു എന്ന് എനിക്ക് തോന്നുന്നു. കാരണം, എനിക്ക് ചെയ്യാവുന്നതിനുമപ്പുറത്ത്, അല്ലെങ്കില്‍ എനിക്ക് ചിന്തിക്കാവുന്നതിനുമപ്പുറത്തുള്ള കാര്യങ്ങളാണ് ഞാനന്ന് ചെയ്തിരുന്നതെന്ന് എനിക്കറിയാം. അതെല്ലാം തന്നെ അഡ്രിനാലിന്റെ പുറത്താണ് ചെയ്തത്. വാസ്തവത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കുന്നതിന് നല്ല പ്രയാസമുണ്ട്.

ലോകം മാത്രമല്ല എന്നെ ഒറ്റക്കാക്കിയത്, എന്റെ കുടുംബവും എന്റെ ചുറ്റിലുള്ളവരെല്ലാം എന്നെ ഒറ്റയാക്കി. വിശേഷിച്ചും പോണ്‍ വിട്ടതിന് ശേഷവും ഞാനൊറ്റക്കാണ്.

അതിനെക്കുറിച്ചൊക്കെ ഇപ്പോള്‍ സംസാരിക്കുവാന്‍ ബുദ്ധിമുട്ടുണ്ട് അല്ലേ..

കുറച്ച്..

എനിക്കത് മനസിലാകും. താങ്കള്‍ ഒരു അറബ് പാരമ്പര്യത്തില്‍ നിന്നും വരുന്ന വ്യക്തിയാണല്ലോ. താങ്കളുടെ രക്ഷിതാക്കള്‍ ലബനനില്‍ നിന്നുള്ളവരാണ്.

ഞാന്‍ ലബനനിലാണ് ജനിച്ച് വളര്‍ന്നത്.

താങ്കള്‍ അറബ് ആണ്. മൊത്തത്തില്‍ തന്നെ അറബ് സംസ്‌കാരം യാഥാസ്ഥിതികമാണ്. താങ്കളുടെ പ്രവര്‍ത്തികളില്‍ മറ്റൊരു മാനം കൂടിയുണ്ടായിരുന്നില്ലേ? അതായത് ഈ ബിസിനസില്‍ വ്യാപൃതയാകുക എന്നതില്‍ മറ്റ് ചിലതിനെ തൊലിയുരിയുക എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നില്ലേ?

ഉണ്ടായിരുന്നിരിക്കാം. അങ്ങനെ ചെയ്യുന്നതില്‍ ഒരു ഭാഗം കലഹമായിരുന്നു (Rebellion). ചിലത് ചെയ്യണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.

ഇതൊരു വിഡ്ഢിച്ചോദ്യമായിരിക്കാം. എന്നാലും ചോദിക്കട്ടെ... താങ്കളുടെ കുടുംബത്തിന് താങ്കള്‍ എന്താണ് ചെയ്തിരുന്നത് എന്ന് ഒരു സൂചനയും ലഭിച്ചിരുന്നില്ലേ?

അല്ല. അവരത് അറിഞ്ഞ ഉടനെ, അവരത് കണ്ടെത്തിയ ഉടനെ എന്നെ തള്ളിപ്പറയുകയാണുണ്ടായത്.

ഇന്നും?

അതെ.

തീര്‍ച്ചയായും അത് അങ്ങേയറ്റം വേദനാജനകം തന്നെ.

ലോകം മാത്രമല്ല എന്നെ ഒറ്റക്കാക്കിയത്, എന്റെ കുടുംബവും എന്റെ ചുറ്റിലുള്ളവരെല്ലാം എന്നെ ഒറ്റയാക്കി. വിശേഷിച്ചും പോണ്‍ വിട്ടതിന് ശേഷവും ഞാനൊറ്റക്കാണ്. ഞാന്‍ ചെയ്ത ചില പിശകുകള്‍ ഒരിക്കലും പൊറുക്കാന്‍ സാധിക്കാത്തതാണെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. എന്നാലും എല്ലാ മുറിവുകളും കാലം പരിഹരിക്കും. ഇപ്പോള്‍ കുറേക്കൂടി മെച്ചപ്പെട്ടിട്ടുണ്ട്.

കാര്യങ്ങള്‍ മാറുന്നുണ്ട്?

അതെ.

ഈ വ്യവസായത്തിന്റെ ബലതന്ത്രത്തെ പറ്റി മറ്റൊരു രീതിയില്‍ ചോദിക്കാനാഗ്രഹിക്കുകയാണ്. അതായത്, ശക്തി, അധികാരം, പണം എന്നിവയുടെ വെളിച്ചത്തില്‍. ആദ്യത്തെ കാര്യം, സ്ത്രീകളാണ് ഈ വ്യവസായത്തിലെ പ്രമുഖ അഭിനേതാക്കള്‍. എന്നാല്‍ ഈ ബിസിനസില്‍ അധികാര പദവിയിലോ നിയന്ത്രണ പദവിയിലോ ഏതെങ്കിലും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. ആളുകളുമായി അടുത്തു നില്‍ക്കുന്ന, ഏറ്റവും ടാലന്റ് ആയ ജോലികള്‍ ചെയ്തിരുന്നത് ഒരു സ്ത്രീയായിരുന്നു. അവര്‍ വളരെ ഹൃദ്യവും ബഹുമാന്യയും പ്രഫഷണലുമായിരുന്നു. വിപണനവിഭാഗത്തിലും സാങ്കേതിക വിഭാഗത്തിലും നിരവധി സ്ത്രീകള്‍ തൊഴിലെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീജീവനക്കാരെക്കൊണ്ട് ഓഫീസ് നിറഞ്ഞിരുന്നു. ‘ഈ തൊഴില്‍ നിങ്ങളെങ്ങനെയാണ് കണ്ടെത്തിയത്? ഇത്തരത്തിലുള്ള തൊഴിലില്‍ നിങ്ങള്‍ അപേക്ഷിച്ചതെങ്ങനെയാണ്’ എന്നൊക്കെ ഞാനവരോട് ചോദിക്കുമായിരുന്നു, ഒരു സുഹൃത്തെന്ന നിലയില്‍.

ഫിനാന്‍ഷ്യല്‍ വശവും അസാധാരണമായിരുന്നുവല്ലോ. ഇസ്ലാമിക വേഷധാരണമായ ഹിജാബ് ധരിച്ച് വീഡിയോയില്‍ അഭിനയിച്ചതിനെ കുറിച്ചാണ് ഇപ്പോള്‍ ഞാന്‍ സംസാരിക്കാനാഗ്രഹിക്കുന്നത്. നമ്പര്‍ വണ്‍ പോപ്പുലര്‍ ആയ ഒരു പോണ്‍ അഭിനേത്രിയുടെ വീഡിയോ ‘പോണ്‍ഹബ്’ എന്ന വിതരണ വെബ്സൈറ്റിലൂടെ (aggregating site) ലോകത്താകമാനം വളരെയധികം ജനശ്രദ്ധനേടുകയുണ്ടായി. നിങ്ങള്‍ക്ക് കോടിക്കണക്കിന് കാഴ്ച്ചക്കാരുണ്ടായി എന്നാണ് കാണപ്പെടുന്നത്. ലോക പോണ്‍ താരപദവിക്കുമപ്പുറം 12 സെക്സ് വീഡിയോകളുണ്ടാക്കുന്ന തുക മാത്രമാണ് താങ്കള്‍ക്ക് മൊത്തത്തില്‍ വേതനമായി ലഭിച്ചത്. പന്ത്രണ്ടായിരം അമേരിക്കന്‍ ഡോളറുകള്‍ നിങ്ങള്‍ക്ക് ലഭിച്ചു. എന്നാല്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന ‘ബാങ് ബ്രോസ്’ എന്ന കമ്പനിക്കും വിതരണ വെബ്സൈറ്റ് ആയ ‘പോണ്‍ഹബി’നും നിങ്ങള്‍ ഉണ്ടാക്കിക്കൊടുത്തത് കോടിക്കണക്കിന് ഡോളറും. അതെങ്ങനെയാണ് സംഭവിച്ചത്?

അതങ്ങനെയാണ്. ഞാന്‍ മാത്രമല്ല ആ വ്യവസായത്താല്‍ ഒറ്റപ്പെട്ടത്. ഒരു ഭീകര കോണ്‍ട്രാക്ട് ഉള്ളതുകൊണ്ടോ ഒരു ഭീകരനായ മാനേജര്‍ ഉള്ളതുകൊണ്ടോ ഉണ്ടാകുന്ന പോലെയല്ല ഇത്. എനിക്കൊരു മാനേജറോ ഏജന്റോ ഉണ്ടായിരുന്നില്ല.

ഉപദേശകരൊന്നും ഉണ്ടായിരുന്നില്ലേ?

ഇല്ല

21 വയസ്സ് എന്നത് താങ്കള്‍ക്ക് കുട്ടിക്കാലം അവസാനിച്ചിരുന്നു എന്നുകൂടിയാണ്.

അങ്ങനെയല്ല. 25 വയസുവരെ മനുഷ്യ മസ്തിഷ്‌കം പൂര്‍ണാര്‍ത്ഥത്തില്‍ വികസിതമായിരിക്കില്ല. എന്റെ മസ്തിഷ്‌കത്തിലെ തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ഭാഗങ്ങള്‍ പരുവപ്പെട്ട് വരുന്നതേയുണ്ടായിരുന്നുള്ളു. എന്താണ് ശരി, എന്താണ് തെറ്റ് എന്നൊന്നും എനിക്ക് പരഞ്ഞുതരാനാരുമുണ്ടായിരുന്നില്ല.

പോണ്‍ വ്യവസായത്തിന്റെ സ്വഭാവത്തില്‍ ഇതാണ് പ്രധാനമെന്ന് തോന്നുന്നു; ഓണ്‍ലൈനില്‍ എക്കാലത്തേക്കുമായാണ് നിങ്ങള്‍ ഒരു വീഡിയോ നിര്‍മ്മിക്കുന്നത്. അതിന് കൂടുതല്‍ കൂടുതല്‍ ഹിറ്റ് ലഭിച്ചുകൊണ്ടേയിരിക്കുന്നു. നമ്മള്‍ അമേരിക്കയുടെ കാര്യം മാത്രമല്ല സംസാരിക്കുന്നത്. താങ്കളുടെ മിക്ക വീഡിയോകളും മിഡില്‍ ഈസ്റ്റില്‍ വളരെ പോപ്പുലര്‍ ആണ്.

മിഡില്‍ ഈസ്റ്റില്‍ അവ വളരെ പോപ്പുലര്‍ ആണ്... അത്...

? വളരെ രസകരമാണ് അത്..

കാരണം അവരാണ് എനിക്കെതിരെ വധഭീഷണി ട്വീറ്റ് ചെയ്തത്.

തീര്‍ച്ചയായും. ആ വിഷയത്തിലേയ്ക്ക് നമുക്ക് പെട്ടെന്നു തന്നെ വരാം. ഇപ്പോള്‍ വിഷയം ഫിനാന്‍സ് ആണ്. ഈ വ്യവസായത്തില്‍ താങ്കള്‍ എത്രതന്നെ നമ്പര്‍വണ്‍ താരമായാലും ശരി, നീക്കിയിരിപ്പ് ഒട്ടും തന്നെയില്ല. താങ്കളുടെ ജനകീയതക്ക് (popularity) അനുസൃതമായ പ്രതിഫലം ലഭിക്കാന്‍ താങ്കള്‍ക്ക് അവകാശമില്ല.

ഇല്ല. എന്തുതന്നെയായാലും ശരി പ്രതിഫലം ഒട്ടുമില്ല.

ഈ ദിവസം വരെയും പോണ്‍ കരാറുകള്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്.

തീര്‍ച്ചയായും. അതിലേക്ക് കടന്നുവരുന്ന ആണായാലും പെണ്ണായാലും എല്ലാവരെ സംബന്ധിച്ചും ഇതുതന്നെയാണ് അവസ്ഥ.

ഇനി നമുക്ക് നേരത്തെ പറഞ്ഞ നൊട്ടോറിയസ് ആയ ആ വീഡിയോയുടെ കാര്യത്തിലേയ്ക്ക് വരാം. താങ്കള്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കള്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ താങ്കള്‍ ഇസ്ലാമികമായ തട്ടമിട്ടുകൊണ്ട്, ഒരുപക്ഷെ ഹിജാബ് എന്ന് അറിയപ്പെടുന്ന ശിരോവസ്ത്രമണിഞ്ഞുകൊണ്ട് ലൈംഗിക രംഗങ്ങളില്‍ അഭിനയിക്കുകയുണ്ടായി. അതെത്രമാത്രം പ്രകോപനപരമാണ് എന്ന് നിങ്ങള്‍ക്കറിയുമായിരുന്നില്ലേ?

ഞാനവരോട് വാക്കാല്‍ തന്നെ പറഞ്ഞിരുന്നു, ‘’എന്നെ കൊലക്ക് കൊടുക്കുന്ന കാര്യങ്ങളാണ് നിങ്ങള്‍ ചെയ്യിക്കുന്നത്.’’

അപ്പോള്‍ അവരെന്ത് പറഞ്ഞു?

അവര്‍ കേവലം ചിരിക്കുകമാത്രം ചെയ്തു.

എന്നാല്‍ നിങ്ങളത് ചെയ്യില്ല എന്ന് എന്തുകൊണ്ട് അവരോട് പറഞ്ഞില്ല?

ഭീഷണിപ്പെടുത്തുകയായിരുന്നു, ഞാന്‍ ഭയന്നു. (intimidation, i was scared) എനിക്കറിയാം. ഞാന്‍ ‘ഇല്ല’ എന്ന് പറയുകയാണെങ്കില്‍ അവരത് ചെയ്യാന്‍ നിര്‍ബന്ധിക്കില്ല. നിര്‍ബന്ധിക്കുകയാണെങ്കില്‍ അത് ബലാത്സംഗമായിത്തീരും. ആരും സെക്സ് ചെയ്യാന്‍ നിര്‍ബന്ധിക്കില്ല. എന്നാല്‍ അപ്പോഴും ഞാന്‍ പേടിച്ചു.... അതായത്... ഞാന്‍.. റെസ്റ്റോറന്റില്‍ നിങ്ങളുടെ ആഹാരം ശരിയല്ലാത്തതിന് ശബ്ദമുയര്‍ത്താന്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഭയം തോന്നിയിട്ടുണ്ടോ? ഭയമല്ല, സംഭ്രമം തോന്നുന്ന അവസ്ഥയുണ്ടായിട്ടുണ്ടോ? ആ സമയത്ത് വെയിറ്റര്‍ നിങ്ങളുടെ അടുത്ത് വന്ന് ‘എല്ലാം എങ്ങനെയുണ്ട്?’’ എന്ന് തിരക്കിയാല്‍? ഞാന്‍ പേടിച്ചിരുന്നു.. ഞാന്‍ സംഭ്രമിച്ചിരുന്നു.

പോണ്‍ വ്യവസായത്തെ നിയന്ത്രിക്കുന്ന ആളും - പ്രധാനമായും പുരുഷന്‍ - താങ്കളെപോലെ 21 വയസ്സുപ്രായമുള്ള ഒരു അഭിനേത്രിയും തമ്മിലുള്ള അധികാരബലാബലത്തില്‍ ‘സമ്മതം’ എന്ന ആശയത്തിന് ഒരു അര്‍ത്ഥവുമില്ല എന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്.

തീര്‍ച്ചയായും. മുറിയില്‍ നാല് വൈറ്റ് ആയ ആണ്‍ നിര്‍മ്മാതാക്കളാണുണ്ടായിരുന്നത്. അവരോട് താങ്കള്‍ ഇതുപോലെ എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ കേവലം ചിരിക്കുകയേ ഉള്ളു. അത് നിങ്ങളെ ഒരര്‍ത്ഥത്തില്‍ തകര്‍ത്തുകളയും. അതായത്, പിന്നെ നിങ്ങള്‍ക്ക് ശബ്ദമുയര്‍ത്താന്‍ തോന്നാത്തവിധമായിപ്പോകും. കരാറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്കെതിരായി സംസാരിക്കാന്‍ ആഗ്രഹമില്ലാതെയായിപ്പോകും. കമ്പനിയുടെ സി.ഇഒയും നിങ്ങള്‍ക്കൊപ്പം മുറിയില്‍ കരാറ് വായിക്കാനായി ഇരിക്കുകയാണെങ്കില്‍, അത് വായിക്കുമ്പോള്‍ അതിലെഴുതിയിരിക്കുന്നതൊന്നും നിങ്ങള്‍ക്ക് മനസിലാവുകയില്ല. കാരണം അത്രക്കും നിങ്ങള്‍ക്ക് സംഭ്രമം ബാധിച്ചിട്ടുണ്ടാകും. അവിടെയുള്ള ആളുകള്‍ നിങ്ങളെ അങ്ങനെ തുറിച്ചു നോക്കിയിരിക്കുന്നുണ്ടാകും.

ആ സവിശേഷ വീഡിയോ ചിത്രീകരിക്കപ്പെടുന്ന ഇടത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ‘ഇത് എന്നെ തകര്‍ക്കുമല്ലോ’’ എന്ന് താങ്കളുടെയുള്ളില്‍ തോന്നിയിട്ടുണ്ടോ?

അടുത്ത ദിവസം വരെ അതെന്നെ ഭയപ്പെടുത്തിയില്ല. കാരണം അപ്പോഴും ശരീരത്തില്‍ അഡ്രിനാലിന്‍ വളരെയധികം കൂടുതലായിരുന്നു. അതില്‍ നിന്നു മോചിതയായപ്പോഴേക്കും എന്റെ ലോകം മൊത്തം തകര്‍ക്കപ്പെട്ടുകഴിഞ്ഞിരുന്നു.

പോണ്‍ ചെയ്യാന്‍ എനിക്ക് പ്രശ്നമില്ല എന്ന് ഞാന്‍ കരുതിയതിനു ഒരു കാരണം ഒരാളും ഇതിനെക്കുറിച്ച് അറിയുമായിരിക്കില്ല എന്ന തോന്നലായിരുന്നു. സെക്സ് സ്വയം ചിത്രീകരിച്ചിട്ടുള്ള, അല്ലെങ്കില്‍ അങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളുണ്ട്. ആര്‍ക്കും അവരുടെ പേരുകളറിയില്ല. അവരെ ആരും തിരിച്ചറിയുന്നില്ല. എന്റെ വൃത്തികെട്ട കുഞ്ഞ് രഹസ്യങ്ങളായിരിക്കണം അതെന്ന് ഞാനാഗ്രഹിച്ചിരുന്നു. എന്നാല്‍ അതെന്റെ മുഖം തകര്‍ത്തുകളയുകയാണ് ചെയ്തത്.

സിനിമാ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഭാഗത്ത് നിന്നുകൊണ്ട് നോക്കുകയാണെങ്കില്‍ ആ വീഡിയോ ഒരു വന്‍ വിജയമായിരുന്നു. അവര്‍ക്ക് ദശലക്ഷക്കണക്കിന് കാഴ്ച്ചക്കാരെ അതിലൂടെ നേരിട്ട് സൃഷ്ടിക്കാനായി.

‘ഒളിഞ്ഞിരിക്കുന്ന വെളിച്ചം’ എന്നാണ് അവരെന്നെ വിശേഷിപ്പിച്ചത്.

എന്നാല്‍ വാസ്തവത്തില്‍ നിങ്ങളുടെ മുഖം ‘ഹിജാബ്’ ധരിച്ച പോണ്‍താരം എന്ന നിലയില്‍ ലോകത്താകമാനം അറിയപ്പെട്ടു കഴിഞ്ഞിരുന്നു.

അതെ.

ഒപ്പം ഭീഷണിയും നേരിടേണ്ടിവന്നു.

അതെ. ഐസിസില്‍ നിന്നാണ് അതെന്ന് ഞാന്‍ പറയുന്നില്ല. കാരണം ഐസിസില്‍ ആഴത്തില്‍ പ്രവര്‍ത്തിക്കുന്നൊരാള്‍ അമേരിക്കയിലില്ല.

ഒരുപക്ഷെ സ്വയം പ്രഖ്യാപിത അനുയായിയായിരിക്കും.

അതെ. ഒരാളെ തലവെട്ടുന്ന ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തിട്ട് എന്തൊ പറഞ്ഞുകൊണ്ടായിരുന്നു ആ ഭീഷണി. എന്താണ് പറഞ്ഞതെന്ന് കൃത്യമായി ഓര്‍മ്മയില്ല. ‘നിങ്ങളാണ് അടുത്തത്’’എന്നോ മറ്റോ ആയിരുന്നു അതെന്ന് തോന്നുന്നു.

ആ ഒരു അവസ്ഥയില്‍ പോലും നിങ്ങള്‍ എങ്ങനെയാണ് അതൊക്കെ ഒറ്റക്ക് നേരിട്ടത് എന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുന്നില്ല. കാരണം നിങ്ങള്‍ക്ക് ഇത് കുടുംബത്തോടുപോലും ചര്‍ച്ച ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.

പറ്റുമായിരുന്നില്ല. അത് ഭീകരമായിരുന്നു. എന്നാല്‍ ഇതൊക്കെ ഞാന്‍ അഭിമുഖീകരിക്കുന്ന രീതി തമാശകളിലൂടെയായിരുന്നു. അതുകൊണ്ട് എന്റെ പ്രതികരണം ഇതായിരുന്നു; ‘’കൊള്ളാം. നിങ്ങളെന്റെ മുലമുറിക്കില്ല എന്ന് കരുതുന്നു, അവ വളരെ വിലപിടിപ്പുള്ളതാണ്.’’

അന്ന് നിങ്ങള്‍ക്ക് 21 വയസുമാത്രം പ്രായം.

അതെ എന്ന് തലയാട്ടുന്നു.

ജീവിതം തകര്‍ക്കപ്പെട്ടു എന്ന് നിങ്ങള്‍ പറഞ്ഞതേയുള്ളു. ഇപ്പോള്‍ നിങ്ങള്‍ ഇവിടെയുണ്ട്, അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം. ഇക്കാര്യങ്ങളിലെല്ലാം താങ്കള്‍ക്ക് എത്രമാത്രം വ്യക്തിപരമായ ഉത്തരവാദിത്വമുണ്ട്?

നൂറ് ശതമാനം! ഞാനാണ് തീരുമാനമെടുത്തത്. വ്യവസായത്തിന് ഞാനാണ് സമ്മതം നല്‍കിയത്. ഞാന്‍ വീണ അതേ കെണിയില്‍ മറ്റു പെണ്‍കുട്ടികള്‍ വീഴാതിരിക്കാന്‍, അവരെ സംരക്ഷിക്കാന്‍ നമുക്ക് ചിലത് ചെയ്യാനുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അന്നത് എന്റെ തിരഞ്ഞെടുപ്പ് തന്നെയായിരുന്നു.

ആ വീഡിയോ വൈറലാവുകയും നിങ്ങളുടെ മുഖം അങ്ങേയറ്റം പ്രകോപനപരമായ ഒന്നിനോട് ബന്ധപ്പെടുത്തി വളരെ പ്രസിദ്ധിയാരര്‍ജ്ജിക്കുകയും തുടര്‍ന്ന് നിങ്ങള്‍ക്ക് നേരെ ഭീഷണി ഉയരുകയുമൊക്കെ ചെയ്ത ശേഷം നിങ്ങള്‍ ആ വ്യവസായത്തില്‍ നിന്നും പുറത്തുപോയല്ലോ. അതൊരു ധൃതിപിടിച്ച തീരുമാനമായിരുന്നു എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

അതൊരു ധൃതിപിടിച്ച തീരുമാനമായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അപ്പോഴും ഞാന്‍ നെര്‍വസ് ആയിരുന്നു. എങ്ങനെയാവും അവര്‍ പ്രതികരിക്കുകയെന്ന് എനിക്ക് നിശ്ചയമുണ്ടായിരുന്നില്ല. ഒരുമാസത്തിനു ശേഷം ഞാനവരെ ഒരു മീറ്റിങ്ങിന് വിളിച്ചു. അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞു. അവരുടെ ഓരോരുത്തരുടെയും കസേരക്ക് സമീപം എന്റെ ഒരു രാജിക്കത്ത് അവരെ കാത്ത് കിടപ്പുണ്ടായിരുന്നു. ഞാനവരോട് എന്റെ വികാരങ്ങള്‍ വെളിപ്പെടുത്തി. ഈ വ്യവസായത്തില്‍ തുടരാന്‍ അവരെന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. അതൊക്കെ വെറുതെ പറയുന്നതാണ്, ഞാന്‍ അനാവശ്യമായി ഓവര്‍ റിയാക്റ്റ് ചെയ്യുകയാണ്, അപകടത്തെ പെരുപ്പിച്ച് കാണിക്കുകയാണ് എന്നൊക്കെയായിരുന്നു അന്നവര്‍ എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്.

ആ സമയത്ത് സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ പോകാന്‍ പോലും ഭയന്നിരുന്നോ?

ഞാന്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്നും അപ്പോഴേക്കും മാറിയിട്ടുണ്ടായിരുന്നു. കാരണം ഒരാള്‍ അവിടേക്കുള്ള ഗൂഗിള്‍മേപ്പ് ലൊക്കേഷന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയുണ്ടായി.

ഈ ആള്‍ക്കാര്‍ [പോണ്‍നിര്‍മ്മാണ കമ്പനി] നിങ്ങളെ കണ്ടത് കേവലം പണമുണ്ടാക്കാനുള്ള യന്ത്രമെന്ന നിലയിലാണ്??

തീര്‍ച്ചയായും.

എന്നാല്‍ നിങ്ങള്‍ക്ക് അപ്പോഴും ഉപദേശകരോ അഭിഭാഷകരോ അങ്ങെനയുള്ളവരൊന്നും ഉണ്ടായിരുന്നില്ലേ?

ഒരു ഇരുപത്തൊന്നുകാരിയായ എനിക്ക് എങ്ങനെയാണ് ഒരു അഭിഭാഷകനോ അനുചരനോ ഉണ്ടാവുക?

അത് എത്രമാത്രം മാനസിക സംഘര്‍ഷമായിരിക്കും നിങ്ങള്‍ക്കുണ്ടായിരിക്കുക എന്നാണ് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പോലും. കാരണം വളരെ പക്വമായാണ് നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്. തീര്‍ച്ചയായും കാലം ഒരുപാട് കഴിഞ്ഞുപോയിരിക്കുന്നു. നിങ്ങള്‍ തന്നെ മാറിയിരിക്കുന്നു. പക്ഷെ ഈ അനുഭവങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ദുരിതാനന്തര മാനസികസംഘര്‍ഷങ്ങള്‍ (post-traumatic stress) നിങ്ങള്‍ക്കുണ്ടായിട്ടുണ്ട് എന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായും. പ്രത്യേകിച്ചും ഞാന്‍ പൊതുസമൂഹത്തിലേക്ക് ഇറങ്ങുമ്പോഴാണ് അത് പ്രവര്‍ത്തിക്കുക. കാരണം ഞാന്‍ നേരിടുന്ന തുറിച്ചു നോട്ടങ്ങള്‍... എന്റെ വസ്ത്രങ്ങള്‍ക്കുള്ളിലൂടെ എന്നെ ആളുകള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടോ എന്നുവരെ ഞാന്‍ ഭയപ്പെടുന്നു. അങ്ങേയറ്റം നാണക്കേടാണ് അപ്പോഴെനിക്ക് തോന്നുക. സ്വകാര്യതയ്ക്കുള്ള എന്റെ എല്ലാ അവകാശങ്ങളും നഷ്ടപ്പെടുന്നതായാണ് എനിക്ക് അനുഭവപ്പെടുന്നത്. അതാണ് സംഭവിച്ചത്. കാരണം ഞാനാണ് ഏറ്റവും കൂടുതല്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്യപ്പെടുന്നവരില്‍ ഒരാള്‍.

അതെ, ആ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് നീക്കം ചെയ്യാനാവില്ല. അവ തികച്ചും നിങ്ങളുടെ വ്യക്തിപരമായവയാണെങ്കിലും അവയ്ക്കുമേല്‍ നിങ്ങള്‍ക്ക് യാതൊരു അവകാശമില്ല. ലോകത്തുള്ള ആരുടെ കാഴ്ച്ചയില്‍ നിന്നും അവ നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമില്ല.

അതെ.

അത് കഠിനം തന്നെയാണ്.

അതെ.

ഞാന്‍ ചിന്തിക്കുകയായിരുന്നു ഈ കഥ നിങ്ങളുടെ കഥയാണ്. എന്നാല്‍ തുറന്നു പറയട്ടെ, അത് എല്ലാ പോണ്‍ അഭിനേതാക്കളുടെയും കഥകൂടിയാണ്.

സത്യസന്ധമായി പറയുകയാണെങ്കില്‍ അക്കാര്യം മനസ്സിലാക്കാന്‍ തുടങ്ങിയത് അടുത്തകാലത്ത് ഒരു അഭിമുഖം പുറത്തുവന്നതോടെയാണ്. ആളുകള്‍ അതിനോട് പ്രതികരിക്കാന്‍ തുടങ്ങി. എനിക്ക് വന്ന ഇമെയിലുകളെല്ലാം എന്റെ മാനേജര്‍ പരിശോധിച്ച് ഫില്‍ട്ടര്‍ ചെയ്ത് എനിക്ക് അയച്ചു തന്നു. സെക്സ് ട്രാഫിക്കിങ്ങിന് വിധേയമായ, നിര്‍ബന്ധിതമായി പോണ്‍ വ്യവസായത്തിലെത്തപ്പെട്ട ചില പെണ്‍കുട്ടികളുടെ വാക്കുകള്‍ അങ്ങനെ വായിക്കുകയുണ്ടായി. പോണ്‍ വ്യവസായത്താല്‍ ജീവിതം തകര്‍ന്ന, പോണ്‍വ്യവസായത്തില്‍ നിന്നും നേട്ടം ഉണ്ടാക്കുന്ന പുരുഷന്‍മാരാല്‍ ജീവിതം തകര്‍ന്ന, തങ്ങള്‍ക്ക് പോലും മനസിലാകാത്ത പദപ്രയോഗങ്ങളുള്ള (പോണ്‍വ്യവസായ) കരാറുകളാല്‍ ജീവിതം തകര്‍ന്ന ആ പെണ്‍കുട്ടികളുടെ കഥകള്‍... അവ വായിച്ചപ്പോഴാണ് അവയെ പറ്റി സംസാരിച്ചു തുടങ്ങുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നിയത്. അങ്ങനെ ഞാനാ അഭിമുഖം പോസ്റ്റ് ചെയ്തു. ഇപ്പോള്‍ ഞാന്‍ അക്കാര്യങ്ങള്‍ തുറന്ന് സംസാരിക്കുകയാണ്... കാരണം മറ്റുള്ളവരും അതേ കാര്യങ്ങളാണ് ചിന്തിക്കുന്നത്. ഒരുപക്ഷെ പോണ്‍ ചെയ്യുന്നത്ര ആഴത്തില്‍ അവര്‍ക്കത് ബന്ധപ്പെടുത്താനാവില്ലായിരിക്കാം. എന്നാല്‍ ആ അരക്ഷിതാവസ്ഥയുടെ തലവുമായെങ്കിലും അവര്‍ക്കത് റിലേറ്റ് ചെയ്യാനാവുന്നുണ്ട്. ഇഷ്ടമില്ലാത്തത് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി മനസിലാക്കാനും അവര്‍ക്ക് കഴിയുന്നുണ്ട്.

നല്ലതാണ്. പോണ്‍ വ്യവസായത്തിലെ മിക്കവരും മടിക്കുന്ന കാര്യമാണ് തുറന്നുപറയുക എന്നത്. എന്നാല്‍ നിങ്ങള്‍ തുറന്നുപറയാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്കതിനൊരു പ്ലാറ്റ്ഫോം ആവശ്യമുണ്ടല്ലോ. കാരണം നിങ്ങള്‍ പ്രശ്സ്തയായിരിക്കുന്നത് ദുഷ്പേരുള്ള കാര്യത്തിലാണ്. മറ്റൊരു വ്യവസായത്തിലൂടെ നിങ്ങള്‍ക്ക് പുതിയ രൂപത്തിലുള്ള പ്രശസ്തി ആവശ്യമാണ്. ഒരുപക്ഷെ ഒരു കാമ്പയിനര്‍ എന്ന തലത്തില്‍ അല്ലെങ്കില്‍ ഒരു ആക്ടിവിസ്റ്റ് എന്ന തലത്തില്‍ ആണ് ഇപ്പോഴെങ്കില്‍ പോര്‍ണോഗ്രഫിയെ സമൂഹം നോക്കിക്കാണുന്ന കാഴ്ച്ചപ്പാടില്‍ മാറ്റം വരുത്തുക, അതിനെ കൈകാര്യം ചെയ്യുക, അതിലെ ആളുകളെ കൈകാര്യം ചെയ്യുക എന്നതാണോ നിങ്ങളുടെ ദൗത്യം?

എനിക്ക് തോന്നുന്നു എല്ലാവരും പോണ്‍ കാണുന്നുണ്ട്... ജീവിതത്തില്‍ താങ്കള്‍ പോണ്‍ കണ്ടിട്ടില്ലേ?

എന്റെ ജീവിതത്തില്‍ ഞാന്‍ പോണ്‍ കണ്ടിട്ടുണ്ട്.

സ്ത്രീകള്‍ പോണ്‍വ്യവസായത്തില്‍ എത്തപ്പെടുന്ന രീതി മാറണമെന്നാണ് എനിക്ക് തോന്നുന്നത്. അവരെ സമീപിക്കുന്ന രീതി തന്നെ മാറണം. തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നതിനു പകരം സ്ത്രീകള്‍ക്ക് സ്വമേധയാ ആ വഴി അന്വേഷിക്കാം. ഒരു കരാറിലും ഒപ്പുവെക്കാന്‍ നിര്‍ബന്ധിതമാകരുത്. സ്പോട്ട് ചെയ്യപ്പെടുന്ന ഇടത്തുവെച്ച് തന്നെ കരാരില്‍ ഒപ്പുവെക്കപ്പെടുന്ന രീതി മാറണം. അതൊക്കെയും ഒരു അഭിഭാഷകന്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ടാകണം. ഒന്നോ രണ്ടോ ദിവസം അവര്‍ക്ക് ചിന്തിക്കാന്‍ സമയം ലഭിക്കട്ടെ. സ്വന്തം വീട്ടില്‍ വെച്ച് അത് വായിച്ച് മനസിലാക്കാന്‍ കഴിയട്ടെ. അതൊക്കെ കഴിഞ്ഞിട്ടാവണം കരാറില്‍ ഒപ്പ് വെക്കല്‍.

ഞങ്ങളൊരുപാടുപേരെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. മിക്കവരും മധ്യവയസ്‌കരോ പ്രായമായവരോ ആയിരുന്നു. 26 വയസ് പ്രായമുള്ള ഒരു വ്യക്തിയെ ഈ സ്റ്റുഡിയോയില്‍ ലഭിച്ചത് സന്തോഷമുള്ള കാര്യമാണ്. നമ്മുടെ സംസ്‌കാരം മൊത്തത്തില്‍ തന്നെ - ഞാന്‍ അമേരിക്കയെയും ബ്രിട്ടനെയും കുറിച്ച് മാത്രം പറയുന്നതല്ല, മിക്ക രാജ്യങ്ങളെ സംബന്ധിച്ചും സംസ്‌കാരം- പോണ്‍വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നൊരു ധാരണയുണ്ട്. വിശേഷിച്ചും യുവാക്കളാണ് പോണോഗ്രാഫിയിലേക്ക് കൂടുതല്‍ ആനയിക്കപ്പെടുന്നത്. അതുകൊണ്ട് യുവാക്കളുടെ ജീവിതം പരിശോധിക്കുകയാണെങ്കില്‍ ആണും പെണ്ണും അവരുടെ പരസ്പരമുള്ള ബന്ധം സൂക്ഷിക്കുന്നത് - അഥവാ ബന്ധങ്ങളെക്കുറിച്ച് അവര്‍ ചിന്തിക്കുന്ന രീതി - അങ്ങേയറ്റം ജീര്‍ണ്ണത ബാധിച്ച, പരസ്പരം ഇല്ലാതാക്കുന്ന, തകര്‍ക്കുന്ന വിധമല്ലേ പോണ്‍ അവരുടെ ജീവിതത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്? അവ നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടോ?

തീര്‍ച്ചയായും അത് ബന്ധങ്ങളെ ബാധിക്കുന്നുണ്ട്. പോണ്‍ അഡിക്ഷന്‍ അമേരിക്കയില്‍ വളരെ വ്യാപിച്ചിട്ടുണ്ട്. ഇവിടെയും വ്യത്യസ്തമായിരിക്കില്ല എന്ന് എനിക്കുറപ്പുണ്ട്.

വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് യഥാര്‍ത്ഥ ജീവിതത്തിലും സ്ത്രീകളില്‍ നിന്ന് പുരുഷന്‍മാര്‍ പ്രതീക്ഷിക്കുന്നു. സത്യത്തില്‍ അതില്‍ കാണുന്നതൊന്നും യാഥാര്‍ത്ഥ്യമല്ല. ഒരു രാത്രി തന്റെ പ്രണയിയുമൊത്ത് ആരും അത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ പോകുന്നില്ല. അതില്‍ പെര്‍ഫെക്ട് ആകാനും പോകുന്നില്ല. .

നമ്മള്‍ ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. നിങ്ങള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ സജീവമായുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ തീര്‍ച്ചയായും താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്നറിയാം. താങ്കളുടെ വളരെ ചുരുങ്ങിയ പോണ്‍ കരിയറിലെ നിരവധി ചിത്രങ്ങള്‍ അവിടെ ലഭ്യമാണ്. എന്നാല്‍ മറ്റൊരു കരിയര്‍ രൂപപ്പെടുത്തിയെടുക്കാന്‍ സാധിച്ചു എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? നിങ്ങളൊരിക്കല്‍ പോണ്‍വ്യവസായത്തില്‍ വ്യാപൃതയായിരുന്നു എന്ന കാര്യത്തിനുമപ്പുറം ചിന്തിക്കുന്ന മനുഷ്യരുമായി ബന്ധങ്ങള്‍ രൂപപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ?

തീര്‍ച്ചയായും. എന്നെ കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത ഒരു മനുഷ്യനെ കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി. വളരെ രസകരമായിരുന്നു അത്. അവസാനം എനിക്ക് അയാളോട് അക്കാര്യങ്ങള്‍ പറയേണ്ടിവന്നു. അപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞത്, ‘നമ്മള്‍ സംസാരിക്കാന്‍ തുടങ്ങിയ ശേഷം ഞാന്‍ നിങ്ങളെ ഗൂഗിള്‍ ചെയ്തു. നിങ്ങള്‍ക്ക് അഞ്ച് മില്ല്യണ്‍ ഫോളോവേഴ്സ് ഉണ്ടല്ലോ. എനിക്ക് ഗൂഗിള്‍ ചെയ്യാന്‍ വലിയ താല്‍പര്യമൊന്നുമില്ല. എന്നാലതിനു ശേഷം എനിക്ക് ഡേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്.’’ ഡേറ്റിങ്ങിന് എനിക്ക് ബുദ്ധിമുട്ടില്ല. കാരണം അതിന് താല്‍പ്പര്യമില്ലാത്ത ഒരു പുരുഷനെ, ഒരാളെ കണ്ടെത്തുക എന്നതാണ് ബുദ്ധിമുട്ട്.

ഒരു പോണ്‍സ്റ്റാറായി അറിയപ്പെടണമെന്ന് താങ്കളൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. അത് രഹസ്യമായി ഇരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് പ്രശസ്തി താങ്കള്‍ ആഗ്രഹിക്കുന്നതായി തോന്നുന്നു.

അതെ. മറ്റ് പെണ്‍ പോണ്‍ താരങ്ങളില്‍ നിന്നൊക്കെ ഞാന്‍ ഒരുപാട് വെറുപ്പ് നേടിയിട്ടുണ്ട്. ഞാനാവശ്യപ്പെട്ടിട്ടല്ല അതൊക്കെ സംഭവിച്ചത്.

ആ പഴയ 21കാരിയായ മിയാ ഖലീഫ ഫ്ളോറിഡയിലെ തെരുവിലൂടെ നടക്കുകയാണ്. അപ്പോള്‍ ഒരാള്‍ വന്ന് അവളെ തടഞ്ഞു നിര്‍ത്തി, ‘നിങ്ങള്‍ സുന്ദരിയാണല്ലോ, നമുക്കൊരുമിച്ച് പ്രവര്‍ത്തിച്ചാലോ’ എന്ന് ചോദിക്കുന്നു. അവളോട് ഇന്നത്തെ മിയയ്ക്ക് എന്തായിരിക്കും പറയാനുണ്ടാവുക?

അയാള്‍ വരുന്നതിന്റെ യുക്തി നിങ്ങളുടെ പേഴ്സ് ആണ്. മാറിക്കളയുക. (ചിരിക്കുന്നു)

മിയ ഖലീഫ ഹാര്‍ഡ്ടോക്കില്‍ സംസാരിക്കാന്‍ വന്നതിന് ഏറെ സന്തോഷം. നന്ദി.

ഇവിടേക്ക് ക്ഷണിച്ചതിന് നന്ദി.

വിവര്‍ത്തനം : ഷഫീക്ക് സുബൈദാ ഹക്കീം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT