ദ ക്യു അഭിമുഖ പരമ്പരയായ വാഗ് വിചാരത്തില്‍ യുവചരിത്രകാരനും എഴുത്തുകാരനുമായ മനു എസ് പിള്ളയുമായി എന്‍ ഇ സുധീര്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.വീഡിയോ അഭിമുഖം രണ്ട് ഭാഗങ്ങളിലായി ഡിസംബറില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഒരു രാജകുടുംബത്തിനോട് വളരെ വിധേയത്വം ഉണ്ടായിരുന്ന വലിയ സമൂഹമാണ് തിരുവനന്തപുരത്തുള്ളത്. ആ സമൂഹം ഐവറി ത്രോണ്‍ സ്വീകരിക്കുമോ എന്നവലിയൊരു സംശയം അക്കാഡമിക്സിനിടയിലും പബ്ലിഷിങ് ഇന്‍ഡസ്ട്രിയിലും ഉണ്ടായിരുന്നു. പക്ഷെ നേരെ മറിച്ചാണ് സംഭവിച്ചത്. ഒരുപാട്രാജഭക്തന്മാരെക്കൊണ്ടുപോലും തിരിച്ചു ചിന്തിക്കാനുള്ള സാഹചര്യം പോലുമുണ്ടായി. ഐവറി ത്രോണിനെക്കുറിച്ചുള്ള പ്രധാന വിമര്‍ശനം ആകാലത്തുണ്ടായ സാമൂഹിക മാറ്റങ്ങളെയോ പരിഷ്‌കര്‍ത്താക്കളായ ശ്രീ നാരായണഗുരു, വക്കം മൗലവി, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കം തുടങ്ങിയവിഷയങ്ങള്‍ക്ക് വേണ്ടത്ര പരിഗണന പുസ്തകത്തില്‍ നല്‍കിയിട്ടില്ല എന്നതാണ്?
അത് ഞാനും അംഗീകരിക്കുന്നു. എന്നാല്‍ അതെന്റെ താത്പര്യമാണ്. ഇതിനെ പഠിച്ചിട്ടുള്ള ഒരുപാട് പേരുണ്ടാകും. എന്റെ താല്‍പര്യം അധികാരത്തെകൊട്ടാരത്തിലുള്ളവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതായിരുന്നു. താഴേന്നുവരുന്ന സാമൂഹിക മാറ്റങ്ങളുണ്ട്. ഇവര്‍ക്ക് മുകളിലിരുന്ന്പ്രതികരിക്കുന്ന ഒരു വിഭാഗമുണ്ട്. അവര്‍ക്കുള്ളിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. ആ അര്‍ഥത്തില്‍ വലിയ വിപ്ലവങ്ങള്‍ പുറത്ത് നടക്കുമ്പോള്‍ കൊട്ടാരത്തിനകത്ത് എന്ത് നടക്കുന്നു, ഉള്ളിലെ രഹസ്യങ്ങള്‍ എന്തൊക്കെയാണ് എന്നത് തുറന്നുകാട്ടി എന്നതാണ് എന്റെ സംഭാവന. ഒരു കുടുംബത്തിനകത്ത് രണ്ട് തായ്വഴികളിലും വ്യത്യസ്ത നയങ്ങളാണ്. സേതുലക്ഷ്മി ബായിക്ക് ഈഴവ സമുദായത്തോടും ക്രിസ്ത്യാനികളോടുമെല്ലാം സ്നേഹമുണ്ടായിരുന്നെങ്കില്‍, ജൂനിയര്‍ മഹാറാണിയുടെ കൂടെ ബ്രാഹ്മണരും നായന്മാരുമൊക്കെയാണ് നിലകൊണ്ടത്. പുറത്തുനടക്കുന്ന മാറ്റങ്ങള്‍ക്കൊപ്പം കൊട്ടാരത്തില്‍ ഭിന്നഅഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. അതൊക്കെ അന്വേഷിക്കാനായിരുന്നു എന്റെ താല്‍പര്യം.
മിത്തുകളെ ചരിത്രവുമായി കൂട്ടിക്കുഴച്ച് നീതിനിര്‍വ്വഹണം നടത്തേണ്ട അവസ്ഥയിലേക്കാണ് ഇന്ത്യ പോകുന്നത്. അങ്ങനെയുള്ള സ്ഥലത്ത് കഥപറച്ചിലിന്റെചരിത്രം ഏത് രീതിയിലാണ് വായിക്കപ്പെടുക?
ആള്‍ക്കാരുടെ വിചാരം എഴുതപ്പെട്ടത് മാത്രമാണ് ചരിത്രം എന്നാണ്. എന്നാല്‍ അങ്ങനെയല്ല. ചരിത്രത്തില്‍ കലയുണ്ട്, പാട്ടുണ്ട്, ചിത്രങ്ങളുണ്ട്, വാസ്തുവിദ്യയുണ്ട്. മേല്‍ ജാതിക്കാര്‍ക്ക് മാത്രമാണ് എഴുതാന്‍ അവകാശം ഉണ്ടായിരുന്നത്. അപ്പോള്‍ ഒരോരുത്തരും രേഖപ്പെടുത്തിയതിന് പക്ഷങ്ങളുണ്ടാകും. താഴെയുള്ളവന്റെ ചരിത്രം പാട്ടുകളാണ്. ചരിത്രം പരിഗണിക്കുമ്പോള്‍ ഇതെല്ലാം വരണം. നമ്മളൊരു ചരിത്ര സംഭവത്തെ പരിഗണിക്കുമ്പോള്‍ ഇത്തരത്തില്‍ പല ഘടകങ്ങള്‍ പരിശോധിക്കണം.
ഹിന്ദു സ്റ്റേറ്റ് എന്ന തത്വത്തിലാണ് തിരുവിതാംകൂര്‍ നിലനിന്നിരുന്നത്. ഇതിന്റെയൊരു തുടക്കം എങ്ങനെയാണ് ?
19ാം നൂറ്റാണ്ടിലാണ് തിരുവിതാംകൂര്‍ ഇങ്ങനൊരു ടാഗ് ലൈനില്‍ വരുന്നത്. ആ സമയത്താണ് ഹിന്ദുത്വ ഒരു പൊളിറ്റിക്കല്‍ ഐഡന്റിറ്റിയായി രൂപപ്പെടുന്നതും.പക്ഷെ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലം തൊട്ടേ മതപരമായ അല്ലെങ്കില്‍ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു നിലയുണ്ടായിരുന്നു. പക്ഷെ അതിനെ ഹിന്ദുത്വ അജണ്ടയേക്കാള്‍ ഉപരിയായി ബ്രാഹ്മണത്വത്തിലും സംസ്‌കൃതത്തിലും അധിഷ്ഠിതമായിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മ ഒരുപാട് നാട്ടുരാജ്യങ്ങള്‍കീഴടക്കി. എന്നാല്‍ അവിടുള്ളവര്‍ അദ്ദേഹത്തെ അധിനിവേശക്കാരന്‍ ആയിട്ടാണ് കണ്ടത്. ഇതൊക്കെ മാറ്റിയെടുക്കുന്നതിന് മാര്‍ത്താണ്ഡ വര്‍മ്മതുടങ്ങിവെച്ച കുറേ ആചാരങ്ങളുണ്ട്. തൃപ്പടിദാനവും ഇതിന്റെ ഭാഗമാണ്. അങ്ങനെ കീഴടക്കിയ രാജ്യങ്ങളൊക്കെ ഭഗവാന്റെ സ്വത്തായി. അപ്പോള്‍ ആര്‍ക്കും കുറ്റംപറയാന്‍ പറ്റില്ല. രാജകുടുംബത്തിന്റെ അന്തസും പേരും പെരുമയും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കൊട്ടാരത്തിനകത്തും കുറേ ആചാരങ്ങള്‍നടപ്പിലാക്കി. എങ്ങനെ കിടക്കണം. കുളിക്കണം തുടങ്ങി ഭാഷ വരെ കൃത്രിമമാക്കി. നമ്മളൊക്കെ രാവിലെ എഴുന്നേറ്റ് പല്ല് തേക്കും,കൊട്ടാരത്തില്‍ പല്ല് തേ്ക്കില്ല, തിരുമുത്ത് വിളക്കാണ്. ഭാഷയില്‍പ്പോലും പ്രോട്ടോകോള്‍ വരുത്തി. കാരണം ഇത് കാണുന്നവര്‍ക്ക് ദൈവങ്ങളെപ്പോലുള്ളകുടുംബം എന്ന് ഒരു തോന്നല്‍ ഉണ്ടാവണം. രാജഭരണകൂടത്തിന്റെ ഉദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ഭക്തിയും ഒരു ഉപകരണമായിരുന്നു.
ഭരണകര്‍ത്താക്കള്‍ അല്ലെങ്കില്‍ രാജാവാണ് ആചാരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നതും മാറ്റിക്കൊണ്ടിരുന്നതും. ഇപ്പോള്‍ ആചാരങ്ങള്‍ ഒഴിവാക്കാന്‍ ഭരണകര്‍ത്താക്കള്‍ ബുദ്ധിമുട്ടുകയാണ്. എക്കാലത്തും അധികാരം ഉള്ളവരാണോ ആചാരങ്ങള്‍ ഉണ്ടാക്കിയിരുന്നത് ?
ആള്‍ക്കാരുടെ വിചാരം ഈ ആചാരങ്ങളൊക്കെ ഒരിക്കലും മാറാതെ, അയ്യായിരം വര്‍ഷങ്ങളായി പാലിച്ച് പോരുന്നതാണെന്നാണ്. അങ്ങനല്ല, ഓരോ കാലത്തും ഓരോരാജാക്കന്മാര്‍ വരുമ്പോഴും ഓരോ വ്യത്യാസങ്ങള്‍ വരുത്തും. മുമ്പുണ്ടായിരുന്ന ആള്‍ക്കാര്‍ക്ക് ചിലപ്പോള്‍ പുതിയ മാറ്റങ്ങള്‍ ഇഷ്ടപ്പെടില്ല. പക്ഷെ രാജാവിന് താന്‍ വരുത്തുന്ന മാറ്റങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം നടപ്പാക്കാനുള്ള അവകാശം ഉണ്ടായിരുന്നു. ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കരുത് എന്നായിരുന്നു ശ്രീചിത്തിര തിരുനാളിന് കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട്. തന്ത്ര സമുച്ചയം പ്രകാരം താഴ്ന്ന ജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ വിഗ്രഹത്തിന്റെ ചൈതന്യം നഷ്ടപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. വേറൊരു പശ്ചാത്തലത്തില്‍ ഇതേ കാര്യം തന്നെയാണ് ഇന്നും ചിലര്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് 1936ല്‍ നിയമം കൊണ്ടുവരുന്നത്. അധികാരത്തില്‍ ഉള്ളവര്‍ക്ക് എന്നും ആചാരം മാറ്റാനുള്ള അവകാശം അന്നുമുണ്ട്.
ഹിന്ദു എന്ന ആശയം വളര്‍ന്നതിനെക്കുറിച്ച് പറയാമോ?
ദേശീയത മതവുമായി കൂടിക്കലര്‍ന്നിട്ട് ഒരു നൂറ് വര്‍ഷം ആയിക്കാണും. ഹിന്ദുത്വത്തിന് വര്‍ഗ്ഗീയ സ്വഭാവം വരുന്നത് ദേശീയതയുമായികൂടിക്കലരുമ്പോഴാണ്. പാശ്ചാത്യ സ്വഭാവമുള്ള ദേശീയത ഇന്ത്യയിലെ പഴയ മതവുമായി കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന വിഷയമാണത്. കോളനിവല്‍ക്കരണത്തിന്മുമ്പ് തന്നെ ഈ ആശയം ഉണ്ട്. 1347-ല്‍ വിജയനഗര രാജാവ് തന്നെ വിശേഷിപ്പിച്ചിരുന്നത് ഹിന്ദുക്കളുടെ സുല്‍ത്താന്‍ എന്നാണ്. സിന്ധുനദിക്കപ്പുറമുള്ളവരെല്ലൊം ഹിന്ദുക്കള്‍ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. അതിനെ സ്വാംശീകരിച്ച് ഒരു പ്രതിച്ഛായ ആദ്യമായി ഉണ്ടാക്കിയത് വിജയനഗരരാജാക്കന്‍മാരാണ്. ഇതൊരു രാഷ്ട്രീയ സ്വത്വമായിരുന്നില്ല. അതൊരു രാജകീയ സ്വത്വമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ദേശീയതയുമായി ഹിന്ദുത്വംകൂടിക്കലരാന്‍ തുടങ്ങി. 1347-ല്‍ ഹിന്ദു എന്ന സ്വത്വം ഉണ്ടായിരുന്നുവെങ്കിലും അത് മതവുമായി കൂടിക്കലര്‍ന്നിട്ടില്ലായിരുന്നു.
ഛത്രപതി ശിവാജിയുടെ അച്ഛന്റെപേര് ഷഹാജി, ചിറ്റപ്പന്റെ പേര് ഷരീഫ്ജി. ശിവാജിയുടെ അപ്പൂപ്പന് കുട്ടികളില്ലാതിരുന്നപ്പോള്‍ അവര്‍ ഒരു സൂഫിവര്യന്റെ അടുത്തുപോയി.അദ്ദേഹത്തിന്റെ അനുഗ്രഹം വഴിയാണ് കുട്ടികളുണ്ടായത്. ഷാ ശരീഫ് എന്ന സൂഫിയുടെ പേരാണ് മക്കള്‍ക്ക് അദ്ദേഹം നല്‍കിയത്. ശിവാജിയുടെരാജത്വത്തില്‍ ഹിന്ദുത്വം ഉണ്ട്
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടക്കം വൈദേശിക ബന്ധങ്ങളല്ലേ?
കേരളം ഒരു പ്രത്യേക മേഖല തന്നെയായിരുന്നു. ഒരു ഭാഗത്ത് മലയും മറുഭാഗത്ത് കടലുമാണ്. സാംസ്‌കാരിക, കച്ചവട ബന്ധങ്ങള്‍ കൂടുതലും കടലിന് അപ്പുറത്ത്നിന്നുമാണ്. ചേരമാന്‍ പെരുമാള്‍ കപ്പല്‍ കയറി മക്കയ്ക്ക് പോവുകയാണ്. കൊടുങ്ങല്ലൂരില്‍ ആദ്യത്തെ പള്ളി വന്നതിന് തെളിവില്ലെന്ന് പറയും.കൃത്യമായ തീയതിയൊന്നും ഇല്ലെന്നേയുള്ളു. ആ പള്ളിക്ക് തെളിവില്ലെങ്കിലും 200 വര്‍ഷം കഴിഞ്ഞുള്ള രാജശാസനത്തില്‍ സാക്ഷികളായി ഒപ്പിട്ടവര്‍അറബികളാണ്. പുറത്തുനിന്നും സാംസ്‌കാരിക ബന്ധങ്ങള്‍ ഉണ്ടായതിന്റെ ഫലമായി പല സാമൂഹിക മാറ്റങ്ങള്‍ വന്നെങ്കിലും മരുമക്കത്തായ സമ്പ്രദായംമാറിയിരുന്നില്ല.
‘എല്ലാവരും ശുദ്ധത തേടിപ്പോവുകയാണ്. കേരളത്തില്‍ എവിടെ നോക്കിയാലും സ്ത്രീകള്‍ സിന്ദൂരമിട്ട് നടക്കുകയാണ്. നമ്മുടെ രാജ്യത്ത് ഇല്ലാതിരുന്നഒരു സമ്പ്രദായമായിരുന്നു അത്. ബ്രാഹ്മണ സ്ത്രീകള്‍ക്ക് വരെ ഇങ്ങനെയൊരു ആചാരമുണ്ടായിരുന്നില്ല. ഇപ്പോള്‍ എവിടെ നോക്കിയാലും അതുണ്ട്. മുസ്ലിംസമുദായത്തിനെ നോക്കിയാലും പണ്ടിവിടെ ബുര്‍ഖയും ഹിജാബും ഇല്ലായിരുന്നു. ഇപ്പോള്‍ ആഗോള സ്വത്വത്തിന്റെ പേരില്‍ എല്ലാവരും ശുദ്ധതതേടിപ്പോവുകയാണ്. പേരുകള്‍ നോക്കു. കൊച്ചുണ്ണി എന്ന പേര്, അത് ഹിന്ദുവുമാകാം, കായംകുളം കൊച്ചുണ്ണിയെപ്പോലെ മുസ്ലിമുമാകാം. എന്നാല്‍എല്ലാവരും ശുദ്ധത തേടിപ്പോവുകയാണ്. ശുദ്ധമായ യഥാര്‍ഥ ഉറവിടം തേടിപ്പോവുകയാണ്. ചരിത്രം നമ്മളെ പഠിപ്പിക്കുന്നത് അങ്ങനെയൊരു യഥാര്‍ഥ ഉറവിടം ഇല്ലെന്നാണ്. പണ്ടത്തെക്കാലത്ത് എല്ലാം പ്രാദേശികമായ സംസ്‌കാരത്തെ അടിസ്ഥാനപ്പെടുത്തിയാണുള്ളത്. അറയ്ക്കല്‍ ബീവിക്ക് വരെപര്‍ദയുണ്ടായിരുന്നില്ല. ഭരിച്ചുകൊണ്ടിരുന്നവരാണ്. അന്ന് അവര്‍ക്കതില്‍ ഒരു ആക്ഷേപവുമുണ്ടായിരുന്നില്ല. ഇന്നത്തെ ആള്‍ക്കാര്‍ക്ക് ഇതൊക്കെ ഒരുആക്ഷേപമായിത്തോന്നാം. അതിന് കാരണം നമ്മുടെ അരക്ഷിതാവസ്ഥയാണ്.’
മനുവിന്റെ രണ്ടാമത്തെ പുസ്തകമായ റെബല്‍ സുല്‍ത്താനിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ മതസൗഹാര്‍ദത്തിന്റെ വലിയ ചിത്രമുണ്ട്. ആ ഒരുകാഴ്ചപ്പാടില്‍ ഇന്നത്തെ കാലാവസ്ഥ അത്ര മെച്ചപ്പെട്ടതല്ല. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് ?
അന്നും മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു. പക്ഷെ അത് വലിയ ആള്‍ക്കൂട്ടമായിരുന്നില്ല. രാജാക്കന്‍മാര്‍ക്ക് ഹിന്ദുഅല്ലെങ്കില്‍ മുസ്ലിം സ്വത്വം കാണും. പക്ഷെ സാധാരണക്കാര്‍് ഒരു വേര്‍തിരിവും ഇല്ലാതെ ഒരുമിച്ചായിരുന്നു. ഛത്രപതി ശിവാജിയുടെ അച്ഛന്റെപേര് ഷഹാജി, ചിറ്റപ്പന്റെ പേര് ഷരീഫ്ജി. ശിവാജിയുടെ അപ്പൂപ്പന് കുട്ടികളില്ലാതിരുന്നപ്പോള്‍ അവര്‍ ഒരു സൂഫിവര്യന്റെ അടുത്തുപോയി.അദ്ദേഹത്തിന്റെ അനുഗ്രഹം വഴിയാണ് കുട്ടികളുണ്ടായത്. ഷാ ശരീഫ് എന്ന സൂഫിയുടെ പേരാണ് മക്കള്‍ക്ക് അദ്ദേഹം നല്‍കിയത്. ശിവാജിയുടെരാജത്വത്തില്‍ ഹിന്ദുത്വം ഉണ്ട്. അപ്പൂപ്പന്റെ കാലത്ത് ആളുകള്‍ തമ്മില്‍ നല്ലരീതിയില്‍ ഇടപെടലുകള്‍ ഉണ്ടായിരുന്നു. പള്ളികളില്‍ പോകുന്നശിവഭക്തരുണ്ടായിരുന്നു. എത്രയോ തരത്തിലുള്ള ആചാരങ്ങളും ജീവിത രീതികളും ഉണ്ടായിരുന്ന ഇടമാണിത്.
ബാബറി മസ്ജിദ്, അവിടെയുണ്ടായിരുന്ന അമ്പലം പൊളിച്ചിട്ടാണ് പള്ളി പണിതതെന്ന് ബാബറിനെ മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് ഇത് വിശ്വസിക്കാന്‍പറ്റുമോ ?
ഞാന്‍ അറിയുന്നിടത്തോളം ബാബറിന്റെ കീഴിലുണ്ടായിരുന്ന ഒരു പ്രഭു പണിത പള്ളിയാണ്. അതിന്റെ അടിയില്‍ എന്തോ പഴയ നിര്‍മ്മിതിയുണ്ടെന്ന് കോടതിപറയുന്നുണ്ട്. പക്ഷെ അത് ഒരു ക്ഷേത്രം തകര്‍ത്തിട്ടാണെന്ന തെളിവില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ ഇത് വിശ്വാസത്തേക്കാളുപരിരാഷ്ട്രീയമാണ്. എല്ലാവര്‍ക്കും വാദിക്കാനുള്ള അവകാശമുണ്ട്. മതേതരത്വത്തിന്റെ തോല്‍വിയായാണ് ആ വാദം കുപ്രസിദ്ധി നേടുന്നത്.കോണ്‍ഗ്രസ്സും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആ അമ്പലത്തില്‍ ആദ്യം പൂജ തുടങ്ങിയതും ഗേറ്റ് തുറക്കുന്നതുമൊക്കെ കോണ്‍ഗ്രസുകാരാണ്.
ഒരു ചരിത്ര ബോധത്തിന്റെ പ്രശ്നമുണ്ടോ ഇന്ത്യയില്‍ ?
അംബേദ്കര്‍ പണ്ട് പറഞ്ഞിട്ടുണ്ട്, നമ്മള്‍ ഇത്രയും നല്ല ഒരു ഭരണഘടന ഉണ്ടാക്കിയിട്ടുണ്ട്. ഈ സമൂഹത്തിന്റെ മുകള്‍ തട്ടില്‍ നിന്ന് കൊടുക്കുന്നഭരണഘടനയാണ്. താഴെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാതിവ്യവസ്ഥയുണ്ട്, വംശീയതയുണ്ട്, ദിക്കുകളുടെ വ്യത്യാസമുണ്ട്. ജനായത്ത തത്ത്വങ്ങള്‍പാലിക്കാത്ത ഒരു സമൂഹത്തിലേക്ക് ഉദാരമായ ജനാധിപത്യ ഭരണഘടന ഉണ്ടാക്കിക്കൊടുത്തു. അതിനെ നിലനിര്‍ത്തണമെങ്കില്‍ ഭരണകര്‍ത്താക്കള്‍നിരന്തരമായി പരിശ്രമിക്കണം. എന്നാല്‍ ഒരു ഘട്ടത്തില്‍ ഭരണകര്‍ത്താക്കള്‍ ഭരണഘടനയില്‍ വിട്ടുവീഴ്ചകള്‍ അനുവദിച്ചു തുടങ്ങി. നെഹ്റുവിന്റെ കാലത്ത്തന്നെ പുസ്തകങ്ങള്‍ നിരോധിച്ചു തുടങ്ങിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പട്ടാളത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കി. തുടക്കംമുതല്‍ തന്നെ എഴുതിവച്ചിരിക്കുന്നതില്‍ നിന്ന് വ്യതിചലിച്ചാണ് ഭരണകര്‍ത്താക്കള്‍ പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ഭരണഘടന വെറുമൊരുപുസ്തകമാണ്.
ഭരണഘടനയുടെ മൗലികതയെക്കുറിച്ചോ അതിന്റെ മൂല്യബോധമോ മുന്നോട്ട് കൊണ്ടുപോകണം എന്ന് ആഗ്രഹിക്കാത്ത ഒരു രാഷ്ട്രീയമാണ് ഇന്ന് ഇന്ത്യയില്‍വളര്‍ന്നു വരുന്നത്. അതിനേക്കുറിച്ച് ആലോചിക്കുമ്പോള്‍ എന്ത് തോന്നുന്നു?
അന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്, ഞാനിതെഴുതിവെച്ചിട്ടുണ്ട്. അതനുസരിച്ച് ആള്‍ക്കാര്‍ക്ക് ജീവിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ ഭരണഘടന വെറും കടലാസിന്തുല്യമാണെന്ന്. ഒരേസമയം ഒരുപാട് വ്യത്യസ്തമായ കാര്യങ്ങള്‍ നടക്കുന്ന രാജ്യമാണിത്. വ്യത്യസ്തമായ സംസ്‌കാരങ്ങളുണ്ട്, ഭാഷകളുണ്ട്, ഓരോസംസ്ഥാനങ്ങള്‍ക്കും സ്വന്തമായ സ്വത്വവും, അധികാരവുമുണ്ട്. അതിനെ മറികടക്കുക എളുപ്പമല്ല. അധികാര വികേന്ദ്രീകരണം വഴി സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുത്തുന്നുണ്ടെങ്കിലും സംസ്ഥാനത്തിന് അതിന്റെ ശക്തിയും അധികാരവുമുണ്ട്. ഒറ്റ രാത്രികൊണ്ട് ഇതൊന്നും മാറ്റിമറിക്കാന്‍കഴിയില്ല. അതുകൊണ്ട് തന്നെ ഭരണഘടനയ്ക്കു വേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു തന്നെ പ്രതിഷേധങ്ങള്‍ ഉയരും.
ആശങ്കയുണ്ടാക്കുന്ന വിധമുള്ള മാറ്റങ്ങളും ഉണ്ടാകുന്നുണ്ട്. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുമാറ്റി വിഭജിച്ചു. അതില്‍ വലിയ അത്ഭുതമൊന്നുമില്ല, അവര്‍ ചെയ്യുമെന്ന് പറഞ്ഞിരുന്ന കാര്യമാണ് അത്. പക്ഷെ അത് ചെയ്യുന്ന രീതിയാണ് ഭയപ്പെടുത്തുന്നത്. ഒറ്റ രാത്രിയില്‍ എല്ലാം മാറിമറിഞ്ഞു. മന്ത്രിസഭ പിരിച്ചുവിട്ടു. അവിടെ വേറൊരു വാതിലാണവര്‍ തുറന്നിട്ടത്. വേറൊരിടത്തും ഇത് ആവര്‍ത്തിക്കപ്പെടാം. സര്‍ക്കാര്‍ വ്യക്തികളെപ്പോലല്ല പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്കുള്ളതല്ല, തലമുറകളോളം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ആ ഒരു അവസ്ഥ കണക്കിലെടുത്ത് പക്വതയോടെ വേണം സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്. അതിവിടെ കാണുന്നില്ല. ഇപ്പോഴും സുപ്രീം കോടതിയില്‍ വാദം നടക്കുന്നതേയുള്ളു. ഇത്തരം വിഷയങ്ങള്‍ വളരെ പെട്ടെന്ന്് കൈകാര്യം ചെയ്യേണ്ടതാണ്. നാല് മാസം കഴിഞ്ഞിട്ടും ഇന്റര്‍നെറ്റ് കണക്ഷന്‍ തിരിച്ചുകൊടുത്തിട്ടില്ല. ആശയവിനിമയം നടക്കുന്നില്ല, കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പറ്റുന്നില്ല. അവിടെയെന്താണ് നടക്കുന്നതെന്ന് നമ്മള്‍ അറിയുന്നില്ല. ആ ഭൂപ്രദേശം സ്വന്തമാക്കുന്നതിന് വേണ്ടിയുള്ള നടപടികളില്‍ അവിടുത്തെ ജനങ്ങളാണ് അനുഭവിക്കുന്നത്. നമ്മളെത്ര ഭൂമി പിടിച്ചടുത്താലും നമ്മളില്‍ ഒരാളാണ് അവര്‍ എന്ന് അവര്‍ക്ക് തോന്നിയില്ലെങ്കില്‍ പിന്നെയെന്ത് ചെയ്തിട്ടും കാര്യമില്ല.
പൊതു ഇടത്തില്‍ വിമര്‍ശനാത്മക ചിന്തയും യുക്തിയും നഷ്ടപ്പെടുന്നുണ്ടെന്ന് തോന്നുന്നുണ്ടോ ?
നമ്മളീ കാര്യത്തില്‍ അത്രയ്ക്ക് കടന്ന് ചിന്തിക്കേണ്ടതില്ല. ശരിയാണ്, നമ്മളിപ്പോള്‍ ഫെയ്സ്ബുക്കോ ട്വിറ്ററോ ഒക്കെ എടുത്ത് നോക്കിയാല്‍ എത്രമോശപ്പെട്ട കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തോന്നും. എല്ലാവരും അത്രമേല്‍ ചേരിതിരിഞ്ഞാണ് ഇരിക്കുന്നത്. ഒന്നുകില്‍ ഈ പക്ഷത്ത്അല്ലെങ്കില്‍ ആ പക്ഷത്ത്. എന്നാല്‍ താഴേത്തട്ടില്‍ ആ വിഭാഗീയത അത്രത്തോളമില്ല.
ഏറ്റവും മോശം ടിവി ന്യൂസുകളാണ്. അവിടെ ലോകം ബ്ലാക് ആന്റ് വൈറ്റ് കാലത്തിലാണെന്ന് തോന്നും. അതായത്, എന്റെ തത്വങ്ങളുമായി നിങ്ങള്‍ക്ക്യോജിപ്പില്ലെങ്കില്‍ നമ്മള്‍ തമ്മില്‍ മിണ്ടില്ലെന്ന നില. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആളുകള്‍ അങ്ങനെയല്ല. അതായത് ഈ നിലയെ മാറ്റിമറിക്കാന്‍ഇപ്പോഴും സാധ്യതയുണ്ടെന്നാണ് ഞാന്‍ പറയുന്നത്. എന്നാല്‍ അതിന് വേണ്ടി ജനങ്ങള്‍ക്കിടയില്‍ നിന്ന് വേണം പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ ചുമ്മാപോയി അഞ്ച് ട്വീറ്റോ, അല്ലെങ്കില്‍ ന്യൂസ് ചാനലില്‍ പോയിരുന്ന് സംസാരിച്ചിട്ടോ കാര്യമില്ല. എത്ര ഉയര്‍ന്ന മൂല്യങ്ങള്‍ അവിടെ പറഞ്ഞാലുംവിളവെടുക്കേണ്ടത് മണ്ണില്‍ നിന്നാണെന്ന് ഓര്‍ക്കണം. അതിന് കഠിനാധ്വാനം ചെയ്യണം. ആളുകള്‍ ആര്‍എസ്എസിനെ വളരെയധികം കുറ്റം പറയും. എന്നാല്‍സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ അവര്‍ അവര്‍ അധ്വാനിച്ച് വിളവെടുക്കുകയായിരുന്നു. ഞാന്‍ ഒരിക്കല്‍ കേട്ടതാണ്, ഒരു വയോധികയ്ക്ക്ആര്‍എസ്എസുകാര്‍ വാര്‍ധക്യകാല പെന്‍ഷന്‍ ശരിയാക്കി കൊടുത്തുവെന്ന്. അതിന് ആശയധാരയുമായി യാതൊരു ബന്ധവുമില്ല. രാഷ്ട്രീയവുമായി നേരിട്ട്് ബന്ധമില്ല. എന്നാല്‍ ആ സേവനത്തിലൂടെ അവര്‍ ആ സ്ത്രീയുമായി ബന്ധം സ്ഥാപിക്കുകയാണ്. അതിനവരെ കുറ്റം പറയാന്‍ പറ്റില്ല. അവര്‍ ആ ജോലി ചെയ്തു. അല്ലാതെ അധികമായി ഒന്നും ചെയ്തിട്ടില്ല. നിങ്ങള്‍ക്കിനിയിത് മാറ്റണമെങ്കില്‍ കഠിനാധ്വാനം തന്നെ ആവശ്യമാണ്. അത് ചെയ്യാത്തത് കൊണ്ടാണ് ഈ ഗതികേടിലേക്ക് നമ്മള്‍വന്നെത്തിയിരിക്കുന്നത്. ഈ സ്ഥിതി മാറണമെങ്കില്‍ ജനങ്ങള്‍ക്കിടയിലേക്ക് പോവുകയല്ലാതെ മറ്റ് വഴികളില്ല.
ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?
സമൂഹ മാധ്യമങ്ങള്‍ നമ്മളെയൊരു യുദ്ധത്തിലേക്ക് കൊണ്ടുപോകുമെന്ന സ്ഥിതിയിലാണ് നില്‍ക്കുന്നത്. ഒരുദാഹരണത്തിന് ട്വിറ്റര്‍ എടുക്കുകയാണെങ്കില്‍, അത്് തുടങ്ങിയപ്പോള്‍ വെറുതെ ആളുകള്‍ വന്ന് സംസാരിക്കുകയായിരുന്നു. ഞാനിന്ന് ഇത് കഴിച്ചു, അല്ലെങ്കില്‍ സെലിബ്രിറ്റീസിനോട് സംസാരിച്ചു. അത് വളരെ ലളിതവും രസകരവുമായ രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ ഇന്ന് അതൊരു രാഷ്ട്രീയ ഉപകരണമായി മാറി. ട്വിറ്ററില്‍ കൂടിയാണ് രാഷ്ട്രീയപ്രവര്‍ത്തനം, ട്വിറ്ററില്‍ കൂടിയാണ്നയങ്ങള്‍ ഉണ്ടായക്കുന്നത്. അതൊരു സ്വകാര്യ ഇടം അല്ലാതെയായി മാറിക്കഴിഞ്ഞു. എന്നാല്‍ അതിന്റെ ഉടമസ്ഥന്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന ഒരു അന്താരാഷ്ട്ര കമ്പനിയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയും ഇതുപോലെയായിരുന്നു. രാഷ്ട്രീയത്തില്‍ ഇടപെട്ട ലാഭം മാത്രം ലക്ഷ്യമിട്ടൊരു കമ്പനി. അത് നമ്മളെ എവിടെയെത്തിച്ചുവെന്ന് ഓര്‍ക്കണം. അതില്‍ നിന്ന് കിട്ടും ഈ ചോദ്യത്തിന്റെ ഉത്തരം.