വോട്ട് ലക്ഷ്യമിട്ട് വര്‍ഗ്ഗീയത അഴിച്ചുവിട്ട സംസ്ഥാനമാണ് കര്‍ണാടക. എന്നിട്ടും ബി.ജെ.പിക്ക് വലിയ തിരിച്ചടി ഉണ്ടായി. വര്‍ഗ്ഗീയതയെ ജനം തള്ളുന്നുവെന്നാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്?
നമ്മുടെ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നുവെന്നും അതിനോട് യോജിക്കുന്നില്ലെന്നുമുള്ളതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം. കര്‍ണാടകയില്‍ 83 ശതമാനം ഹിന്ദുമത വിശ്വാസികളാണ്. പതിമൂന്ന് ശതമാനമാണ് മുസ്ലിം ജനസംഖ്യ. ഉത്തരേന്ത്യയില്‍ നടപ്പിലാക്കുന്നത് എന്താണോ അത് കര്‍ണാടകയിലും ആവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ കുറച്ച് കാലമായി ബി.ജെ.പി നടത്തി വരികയാണ്. കര്‍ണാടകയെ ദക്ഷിണേന്ത്യയിലെ യു.പിയാക്കാനായിരുന്നു മോദിയും അമിത്ഷായും ലക്ഷ്യമിട്ടത്.
അതിന്റെ ഒരുക്കത്തിന്റെ തുടക്കമായിരുന്നു ഹിജാബ് നിരോധനം ഉള്‍പ്പടെയുള്ള ജനാധിപത്യ വിരുദ്ധ നടപടികള്‍. കര്‍ണാടകയിലെ മുസ്ലിം കുട്ടികള്‍ ഹിജാബ് ധരിച്ച് സ്‌കൂളുകളിലും കോളേജുകളിലും പോകുന്നത് ഭരണകൂടം എതിര്‍ത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബും നിക്കാബും ധരിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ ഉത്തരവിട്ടു. ഈ കേസില്‍ സുപ്രീംകോടതിയില്‍ ഹിജാബിനെ എതിര്‍ത്ത് സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. ബജ്റഗ്ദള്‍ പ്രവര്‍ത്തകരെ മുന്നില്‍ നിര്‍ത്തി തീവ്ര ഹിന്ദുത്വ വര്‍ഗ്ഗീയത പ്രചരിപ്പിക്കാനും ബി.ജെ.പി തന്ത്രപൂര്‍വ്വം ശ്രമിച്ചു. ചരിത്ര പ്രസിദ്ധമായ മൈസൂരിലെ ടിപ്പു സുല്‍ത്താന്റെ മസ്ജിദ് പിടിച്ചെടുക്കാനുള്ള അവരുടെ നീക്കം കര്‍ണാടകയെ സംഘര്‍ഷഭരിതമാക്കി. ഞാന്‍ ഈ അടുത്ത കര്‍ണാടകയില്‍ പോയപ്പോള്‍ ടിപ്പു സുല്‍ത്താന്‍ മസ്ജിദില്‍ പോയിരുന്നു. അവിടെ പോലീസുകാര്‍ കാവല്‍ നില്‍ക്കുന്നത് കണ്ടു. അവരോട് ചോദിച്ചപ്പോള്‍ ബജ്രഗദള്‍ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയാണ് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. തെരഞ്ഞെടുപ്പിന്റെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് നാല്‍ക്കാലി കച്ചവടക്കാരനായ പാഷയെ സംഘികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. രാമനവമി ഘോഷയാത്ര അക്രമാസക്തമായതും മുസ്ലിങ്ങള്‍ക്കെതിരെ തിരിഞ്ഞതും പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരണപ്പെട്ടതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. തെരഞ്ഞെടുപ്പിന്റെ ദിവസങ്ങള്‍ക്ക് മുമ്പാണ് തന്റെ സഹപാഠിയായ ഒരു ഹിന്ദു പെണ്‍സുഹൃത്തുമൊത്ത് കടയില്‍ ജ്യൂസ് കുടിച്ചുകൊണ്ടിരിക്കവെ ഒരു മുസ്ലിം പയ്യനെ സംഘ്പരിവാരങ്ങള്‍ തല്ലിച്ചതച്ചത്. 4% മുസ്ലിം സംവരണം അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടിയും വിസ്മരിക്കാനാവില്ല.
കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തില്‍ ഏറ്റവും 'ബോള്‍ഡാ'യി തെരഞ്ഞെടുപ്പിനെ നേരിട്ടത് വലിയ അതിശയമായാണ് എനിക്ക് തോന്നിയത്. സാധാരണ അഴകൊഴമ്പന്‍ സമീപനമാണ് തെരഞ്ഞെടുപ്പ് മുഖത്ത് കോണ്‍ഗ്രസ് സ്വീകരിക്കാറുള്ളത്. തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ അവര്‍ മൃദു ഹിന്ദുത്വം ബദലായി സ്വീകരിച്ചവരാണ്. ഹിന്ദുത്വത്തെ വരിക്കുകയാണെങ്കില്‍ നല്ലത് തീവ്ര ഹിന്ദുത്വമാണെന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. തീവ്ര ഹിന്ദുത്വത്തിന്റെ ബദല്‍ കലര്‍പ്പില്ലാത്ത മതേതരത്വമാണ്. അത് മനസ്സിലാക്കാന്‍ കര്‍ണാടക തെരഞ്ഞെടുപ്പോളം കാത്തിരിക്കേണ്ടി വന്നു കോണ്‍ഗ്രസ്സിന്. ഭൂരിപക്ഷ മത സമുദായത്തിലെ തീവ്ര വിഭാഗത്തെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് ഒരു തെരഞ്ഞെടുപ്പിനെയും ഇന്ത്യയില്‍ ഇതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടി നേരിട്ടതായി കേട്ടുകേള്‍വിയില്ല. എന്നാല്‍ കര്‍ണാടകയില്‍ ബജ്റഗ്ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പ്രസ്തുത തീരുമാനം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും ബി.ജെ.പിയെ സഹായിക്കുമെന്നും കോണ്‍ഗ്രസ്സിലെ ഹിന്ദുത്വവാദികളും കോണ്‍ഗ്രസ്സിന് പുറത്തെ പുരോഗമനവാദികളെന്ന് പറയപ്പെടുന്നവരും അടക്കം പറഞ്ഞു. ആ ബോള്‍ഡായ തീരുമാനത്തിന് പിന്നിലുള്ളത് മനുഷ്യരുടെ സമാധാനത്തിനും ശാന്തിക്കും തടസ്സം നില്‍ക്കുന്നവരെ ചെറുക്കുമെന്ന പ്രഖ്യാപനമാണ്.
സത്യത്തില്‍ രണ്ടു മൂന്ന് വര്‍ഷമായിട്ട് കര്‍ണാടകയിലേക്ക് കേരളത്തില്‍ നിന്ന് പഠിക്കാന്‍ പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ ഇടിച്ചിലുണ്ടായി. മംഗലാപുരത്തേക്ക് കാസര്‍കോഡ് നിന്നും കണ്ണൂര്‍, വയനാട്, കോഴിക്കോട് പ്രദേശങ്ങളില്‍ നിന്ന് കച്ചവടത്തിനായി പോയിരുന്നവരുടെ ഒഴുക്ക് കുറഞ്ഞു. കര്‍ണാടകയിലെ പല ആശുപത്രികളിലേക്കും കേരളത്തില്‍ നിന്നും ആളുകള്‍ പോകുന്നതിലും വലിയ കുറവ് അനുഭവപ്പെട്ടു. കര്‍ണാടകയിലെ വന്‍കിട-ചെറുകിട കച്ചവടക്കാരുടെ മനം ചത്തു. അവര്‍ നാടണയാന്‍ ആലോചിച്ചു തുടങ്ങി. പലരും നിക്ഷേപം വിദേശങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ച് ഗൗരവപൂര്‍വ്വം ആലോചിച്ചു. കര്‍ണാടകയില്‍ വലിയ ന്യൂനപക്ഷ വേട്ട നടക്കുന്നുവെന്ന പ്രചരണമായിരുന്നു ഇത്തരം പിറകോട്ടടിയുടെ കാരണങ്ങള്‍. കര്‍ണാടകയുടെ പുരോഗതിയേയും സാമ്പത്തികാവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ബജ്റഗ്ദളിനെ നിരോധിക്കുമെന്ന ശക്തമായ പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തിയതെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. അതിന് ലഭിച്ച വലിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. നാല് ശതമാനം മുസ്ലിം സംവരണം എടുത്ത് മാറ്റിയതിന് എതിരെയും പ്രകടന പത്രികയിലൂടെ കോണ്‍ഗ്രസ് പ്രതികരിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ എല്ലാ മതസമുദായ വിഭാഗത്തിലെയും അര്‍ഹരായവര്‍ക്ക് സംവരണം നല്‍കുമെന്ന് പ്രഖ്യാപിച്ചു. അതിന് നിലവിലുള്ള സംവരണ നിയമം മാറ്റി എഴുതണമെങ്കില്‍ അത് ചെയ്യുമെന്നും വ്യക്തമാക്കി. ഇത്തരം കര്‍ശനമായ തീരുമാനങ്ങളുടെ ആകെത്തുകയായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക മാറിയതിന്റെ വലിയ നേട്ടമാണ് അവര്‍ക്ക് കര്‍ണാടകയില്‍ കിട്ടിയത്. ഇന്ത്യയിലെയും കേരളത്തിലെയും കോണ്‍ഗ്രസ് ഇതില്‍ നിന്നും പാഠം പഠിക്കണം. രാഹുല്‍ ഗാന്ധിയുടെ ഉപദേശകന്‍മാരും നേതാക്കളും കര്‍ണാടകയിലെ ഡി.കെ ശിവകുമാറിന്റെ തീരുമാനമെടുക്കാനുള്ള വൈഭവം സ്വയത്തമാക്കണം. അതുപോലെ വളരെ പ്രധാനപ്പെട്ട ചുവടുവെപ്പായി തോന്നിയത് എല്ലാ മത-സാമുദായ- വര്‍ഗ്ഗീയ സംഘടനകളെയും കോണ്‍ഗ്രസ് കര്‍ണാടകയില്‍ മാറ്റി നിര്‍ത്തിയതാണ്. തെരഞ്ഞെടുപ്പ് മുഖത്ത് എല്ലാവരെയും കൂട്ടി യോജിപ്പിച്ച് നിര്‍ത്താനാണ് സാധാരണ ശ്രമിക്കുക. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഏറ്റവും വലിയ ഘടക കക്ഷിയായ മുസ്ലിംലീഗിനെപ്പോലും നാലയലത്ത് അടുപ്പിച്ചില്ല. എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി, അസദുദ്ദീന്‍ ഒവൈസിയുടെ ''ഇത്തിഹാദുല്‍ മുസ്ലിമൂന്‍' ഉള്‍പ്പടെ എല്ലാവരെയും തീണ്ടാപ്പാടകലെ മാറ്റി നിര്‍ത്തി. എന്നാല്‍ ആ സംഘടനകല്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് അഡ്രസ് ചെയ്തു. ആ തന്ത്രം ആരും പ്രതീക്ഷിക്കാത്തതാണ്. കേരളത്തില്‍ ഇടതുചേരി പരീക്ഷിച്ച് വിജയിച്ച മതനിരപേക്ഷ നിലപാട് ശിവകുമാര്‍ കടമെടുത്തു എന്ന് കരുതിയാല്‍ തെറ്റാവില്ല. മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഏറ്റവും ന്യായമായ ആവശ്യങ്ങളോട് കോണ്‍ഗ്രസ് അനുകൂലമായി പ്രതികരിച്ചു. കേരളത്തില്‍ ഇടതുപക്ഷം കാലങ്ങളായി സ്വീകരിച്ചു വരുന്ന നിലപാടാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സ്വീകരിച്ചത്. ഏതെങ്കിലും ഒരു ജനവിഭാഗത്തിന്റെ മാത്രം പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യുകയും അവര്‍ക്ക് വേണ്ടിയെന്ന മട്ടില്‍ രൂപീകരിച്ച സംഘടനകളിലൂടെ അവരെ സമീപിക്കുകയും ചെയ്യുക എന്നതിനു പകരം അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യാനാണ് മുഖ്യധാരാ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ബി.ജെ.പിയുടെ പ്രചരണത്തിലെ മുഖ്യതാരം. ദേശീയതലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി. എന്നിട്ടും ബി.ജെ.പി ക്യാമ്പുകളെ ഞെട്ടിക്കുന്ന തകര്‍ച്ചയാണ് നേരിട്ടത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടോ?
തീര്‍ച്ചയായും. പാലങ്ങളും വലിയ റോഡുകളും മേല്‍പ്പാലങ്ങളുമെല്ലാം അത്യന്താപേക്ഷിതമാണ്. എന്നാല്‍ അതിനെക്കാളധികം അവര്‍ ആഗ്രഹിക്കുന്നത് സമാധാനത്തോടെയും ശാന്തിയോടെയും ഐക്യത്തോടെയുമുള്ള ജീവിതമാണ്. അതിനുള്ള സാഹചര്യമുണ്ടാകണമെന്നാണ് ലോകത്ത് എവിടെയുള്ള മനുഷ്യരും ആഗ്രഹിക്കുക. അതിനുള്ള അടിത്തറ ഒരുക്കുന്നതാവണം എല്ലാ വികസന പദ്ധതികളും. ഒരു രാജ്യത്ത് ജീവിക്കുന്ന വിവിധ മതസമൂഹങ്ങളും വിശ്വാസ ധാരകളെ പിന്‍തുടരുന്നവരും പരസ്പരം സംശയിക്കുന്ന സാഹചര്യമുണ്ടായാല്‍ അവിടെ ജീവിക്കുന്നവരുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ജനങ്ങളുടെ സംതൃപ്തിക്ക് അടിസ്ഥാനമായ സമാധാനവും ശാന്തിയും ഐക്യവും തകര്‍ക്കുന്ന രീതിയിലാണ് ബി.ജെ.പിയും സംഘപരിവാറും മുന്നോട്ട് പോകുന്നത്. 2024ലെ തെരഞ്ഞെടുപ്പില്‍ അതിന് ശക്തമായ തിരിച്ചടിയുണ്ടാകും. ഒന്നാം മോദി സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളൊന്നും ചെയ്തിരുന്നില്ല. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ധാര്‍ഷ്ഠ്യക്കാരും ധിക്കാരികളും തികഞ്ഞ ന്യൂനപക്ഷ വിരുദ്ധരുമായി ബി.ജെ.പി മാറി. ദേശീയ പൗരത്വ നിയമം അവര്‍ ഭേദഗതി ചെയ്തു. മുസ്ലിങ്ങള്‍ക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചു. മുസ്ലിങ്ങളെല്ലാം പാകിസ്ഥാനിലേക്ക് പോകണമെന്നുള്ള മുദ്രാവാക്യങ്ങള്‍ വ്യാപകമായി ഉയര്‍ത്തി. അസാമില്‍ ആയിരക്കണക്കിന് മദ്രസകള്‍ പൂട്ടി. ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെന്ന് ആരോപിച്ച് നിരവധി പാവപ്പെട്ട മനുഷ്യര്‍ക്കെതിരെ നിലപാട് സ്വീകരിച്ചു. ഇന്ത്യയോട് വളരെ സൗഹൃദപരമായ സമീപനമുള്ള രാജ്യമാണ് ബംഗ്ലാദേശ്. ലോകം വികസിക്കുമ്പോള്‍ മനസും വിശാലമാകണമെന്ന സത്യം ബി.ജെ.പിയും ആര്‍.എസ്സ.എസും മനസ്സിലാക്കുന്നില്ല. ആ അപരാധത്തിന് ഹിന്ദുമത വിശ്വാസികള്‍ നല്‍കിയ തിരിച്ചടിയാണ് കര്‍ണാടകയിലേത്. ഹിജാബ് നിരോധിച്ച വിദ്യാഭ്യാസ മന്ത്രി നാഗേഷ് തോറ്റ് തൊപ്പിയിട്ടു. എന്നാല്‍ ഹിജാബ് ധരിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ ഖനീസ ഫാത്തിമ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷത ഉയത്തിപ്പിടിക്കാന്‍ കര്‍ണാടക മുന്നോട്ട് വന്നു എന്നതില്‍ നമുക്ക് ഓരോരുത്തര്‍ക്കും അഭിമാനിക്കാം. ബജ്റംഗദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തെ ശക്തമായി പ്രധാനമന്ത്രി നരേന്ദ്രമോദി എതിര്‍ത്തു. ബജ്റംഗ്ദള്‍ ഇന്ത്യയുടെ പൈതൃകത്തെയും സംസ്‌കാരത്തെയും ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും അവരെ നിരോധിക്കുകയെന്ന് പറഞ്ഞാല്‍ ആ പൈതൃകത്തെയും സംസ്‌കാരത്തെയും ഇല്ലാതാക്കലാണെന്നും മോദി പ്രസംഗിച്ചു. ഹനുമാനെ മുന്‍നിര്‍ത്തി എന്തെല്ലാം പ്രചാര വേലകളാണ് ബി.ജെ.പി നടത്തിയത്. 'കേരളാ സ്റ്റോറി'യെ ഉദ്ധരിച്ച് മോദി പറഞ്ഞത് 'കര്‍ണാടകയിലും കേരളം ആവര്‍ത്തിക്കുമെന്നാണ്'. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് പച്ചയ്ക്ക് വര്‍ഗ്ഗീയത പറഞ്ഞ് വോട്ടുപിടിച്ചത്. മോദിയുടെ പ്രഭാവത്തിനും അദ്ദേഹത്തിന്റെ ഹിന്ദുവത്കരണ മുദ്രാവാക്യത്തിനും വോട്ട് എന്നാണ് ബി.ജെ.പി കര്‍ണാടകയില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. അതിനുള്ള തിരിച്ചടിയാണ് കന്നടമണ്ണില്‍ ബി.ജെ.പിക്ക് കിട്ടിയത്.
രാഹുല്‍ ഗാന്ധിയെ പരാജയപ്പെട്ട നേതാവ് എന്ന നിലയില്‍ പ്രചരിപ്പിക്കാന്‍ ബി.ജെ.പിയും സംഘപരിവാറും തുടക്കം മുതല്‍ ശ്രമിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിലെ വിജയം അദ്ദേഹത്തിന്റെ കൂടി വിജയമായി വിലയിരുത്താന്‍ കഴിയുമോ?
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് നല്ല ഫലമുണ്ടായി എന്നതാണ് കര്‍ണാടക സാക്ഷ്യപ്പെടുത്തുന്നത്. ന്യൂനപക്ഷങ്ങളുടെ വിഷയങ്ങളില്‍ കുറച്ച് കൂടി ബോള്‍ഡായ തീരുമാനങ്ങള്‍ രാഹുല്‍ ഗാന്ധി എടുക്കണം. രാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. ഡി.കെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തെ പല നേതാക്കളെയും അകാരണമായി എത്രയോ ദിവസം ജയിലിലിട്ടു. രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കുകയും വര്‍ഷങ്ങളായി താമസിക്കുന്ന വീട്ടില്‍ നിന്നും ഇറക്കി വിടുകയും ചെയ്തു. ഇതില്‍ ജനങ്ങള്‍ അംഗീകരിക്കില്ല.
മുസ്ലിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയാന്‍ ഇന്ത്യയിലെ മതനിരപേക്ഷ പാര്‍ട്ടികള്‍ ഭയപ്പെടുന്നു. അതിന്റെ ഏറ്റവും അവസാന ഉദാഹരണമാണ് മുന്‍ എം.പിയും അഞ്ച് തവണ എം.എല്‍എ.യുമായ ആതീഖ് അഹമ്മദിനെയും സഹോദരന്‍ അഷറഫ് അഹമ്മദിനെയും പോലീസ് തടങ്കലില്‍ കയ്യാമം വെച്ച നിലയില്‍ അതിക്രൂരമായി അക്രമകാരികളെത്തി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം. തന്റെ ഏറ്റവും വലിയ വിമര്‍ശകനും എതിരാളിയുമായ ആതീഖ് അഹമ്മദിനെതിരെയുള്ള കേസുകള്‍ കോടതികളില്‍ തെളിയിക്കാന്‍ കഴിയില്ലെന്ന ഉറപ്പ് യോഗിക്ക് ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ തെരുവിലിട്ട് കൊലപ്പെടുത്തിയത് എന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ അവരെ എങ്ങിനെ കുറ്റപ്പെടുത്തും? ഈ ക്രൂരതയോട് ഇന്ത്യയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയല്ലാതെ വേറൊരു രാഷ്ട്രീയ നേതാവും പ്രതികരിച്ച് കണ്ടില്ല. അതീഖ് അഹമ്മദ് കൊലക്കേസ് പ്രതിയും ഗുണ്ടാതലവനുമാണെന്നാണ് സംഘികള്‍ പ്രചരിപ്പിക്കുന്നത്. നമ്മുടെ രാജ്യത്ത് അത്തരം എത്രയോ പേരുണ്ട്. അവരെയെല്ലാം വെടിവെച്ച് കൊല്ലാന്‍ പോയാല്‍ എന്താകും സ്ഥിതി? പിന്നെ രാജ്യത്ത് എന്തിനാണ് ഭരണഘടന? നീതിന്യായ സംവിധാനം? ക്രമസമാധാന പാലകര്‍?
രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി അമിത്ഷാ മൂന്ന് മാസം ജയിലില്‍ കിടുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനായിരുന്നില്ലല്ലോ അദ്ദേഹത്തിന്റെ ജയില്‍ വാസം? കൊലക്കേസില്‍ കുറ്റമാരോപിക്കപ്പെട്ടായിരുന്നില്ലേ? ഗുജറാത്തിലെ സുഹ്റാബുദ്ദീന്‍ ശൈഖ് ഏറ്റമുട്ടല്‍ കൊലക്കേസില്‍ വിധി പറഞ്ഞ ജഡ്ജി ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ട്ടിയുടെ നേതാക്കള്‍ തയ്യാറാകാത്തത് എന്താണ്? മണിപ്പൂരില്‍ എത്ര ക്രൈസ്തവ ദേവാലയങ്ങളാണ് തകര്‍ക്കപ്പെട്ടത്? എത്ര ക്രൈസ്തവ വിശ്വാസികളെയാണ് കൊന്നത്? കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു സര്‍വകക്ഷി സംഘം മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് എന്നെ അല്‍ഭുതപ്പെടുത്തി. പശുവിന്റെ പേരില്‍ എത്ര പേരാണ് കൊല്ലപ്പെട്ടത്? അതിനോടൊന്നും ശക്തമായ പ്രതികരണം കോണ്‍ഗ്രസ് നടത്തിയിട്ടില്ല. ന്യൂനപക്ഷങ്ങളുടെ ന്യായമായ പ്രശ്നങ്ങളുടെ കൂടെ നിന്നാല്‍ ഹിന്ദുക്കള്‍ എതിരാകുമെന്ന മിഥ്യാധാരണയ്ക്ക് ഏറ്റ തിരിച്ചടി കൂടിയാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വിജയം. ഏത് മത വിഭാഗവും ന്യായമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിയാല്‍ മറ്റ് മതവിഭാഗങ്ങള്‍ അതിനെ എതിര്‍ക്കില്ല. മുസ്ലിം വിരുദ്ധത പറഞ്ഞാല്‍ ഹിന്ദു വോട്ട് കിട്ടുമെന്നത് രാജ്യത്ത് ബി.ജെ.പി പ്രചരിപ്പിക്കുന്ന തെറ്റായ കാര്യമാണ്. കോണ്‍ഗ്രസ് അതിന്റെ വക്താക്കളും പ്രചാരകരുമാകരുത്. അങ്ങിനെയാണെങ്കില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ എന്തു വ്യത്യാസമാണ് ഉണ്ടാവുക? മതനിരപേക്ഷ വാദികള്‍ക്കും ഗാന്ധിയന്‍മാര്‍ക്കും പോകാന്‍ പാടില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ആര്‍.എസ്.എസ് എന്നും കോണ്‍ഗ്രസ് പ്രചരിപ്പിക്കാത്തത് എന്തുകൊണ്ടാണ്? കേവലമൊരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിയെ കാണുന്ന കോണ്‍ഗ്രസ് നിലപാട് മാറാത്തെടത്തോളം ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടയാന്‍ കോണ്‍ഗ്രസ്സിനാവില്ല.
വയനാട്ടില്‍ നടന്ന കെ.പി.സി.സി നേതൃ യോഗം ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മാറ്റത്തിന്റെ സൂചനയല്ലേ?
അവരുടെ കാലിന്റെ ചുവട്ടിലെ മണ്ണാണ് ഒലിച്ചു പോകുന്നതെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞത് നന്നായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനാണ് ബി.ജെ.പി ആദ്യം ശ്രമിച്ചത്. ആ പക്ഷത്തുള്ളവര്‍ തങ്ങളുടെ കൂടെ വരില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ബോദ്ധ്യമായി. ആശയപരമായിത്തന്നെ അവര്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരാണന്ന് തിരിച്ചറിഞ്ഞ സംഘ്പരിവാരങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നോട്ടമിട്ടത്. യാതൊരു രാഷ്ട്രീയ വിദ്യാഭ്യാസവും കിട്ടാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസ് എന്ന് മനസ്സിലാക്കിയ ബി.ജെ.പി കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികള്‍ക്കായി വലവീശി. നല്ല പ്രതികരണമാണ് കിട്ടിയത്. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങളെയും സംഘികള്‍ നോട്ടമിട്ടു. ക്രൈസ്തവ മേലധ്യക്ഷന്‍മാരുടെ പണപ്പെട്ടിക്ക് മുകളില്‍ ഇഡിയെ കൊണ്ട് കൈവെപ്പിച്ചു. ഭീഷണിപ്പെടുത്തി. ആ ശ്രമം ഫലം കണ്ടു. കോണ്‍ഗ്രസ് അപകടം തിരിച്ചറിയണം. ബി.ജെ.പി ശക്തിപ്പെട്ടാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാകും ദുര്‍ബലപ്പെടുകയെന്നാണ് കോണ്‍ഗ്രസ് കരുതിയിരുന്നത്. അതുകൊണ്ടാണ് കോണ്‍ഗ്രസും ലീഗും ബി.ജെ.പിയെ പ്രോത്സാഹിപ്പിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ബി.ജെ.പിയെ അവര്‍ പിന്തുണച്ചു. അവസാനം കുടത്തില്‍ നിന്ന് തുറന്നുവിട്ട 'ഭൂരിപക്ഷ വര്‍ഗീയ ഭൂതം' തങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് വൈകി മനസ്സിലാക്കിയതിന്റെ അനുരണനമാണ് കോണ്‍ഗ്രസ്സിന്റെ വയനാടന്‍ തിരിച്ചറിവ്. അത് ആത്മാര്‍ത്ഥമാണെങ്കില്‍ നല്ലത്.