പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വയനാട്ടില്‍ നടന്ന കെ.പി.സി.സി ലീഡേഴ്‌സ് മീറ്റില്‍ ടി.എന്‍ പ്രതാപന്‍ എം.പി പ്രഖ്യാപിച്ചിരുന്നു. നേതൃത്വം ഇടപെട്ട് പിന്‍തിരിപ്പിക്കുകയായിരുന്നു. മത്സരക്കാനില്ലെന്ന് പ്രഖ്യാപനത്തിലേക്ക് നയിച്ച കാര്യങ്ങള്‍ ടി.എന്‍ പ്രതാപന്‍ എം.പി വിശദീകരിക്കുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി ലീഡേഴ്‌സ് മീറ്റില്‍ പ്രഖ്യാപിച്ചിരുന്നല്ലോ. ഏത് സാഹചര്യത്തിലാണ് മത്സരിക്കാനില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്?
പതിനഞ്ച് വര്‍ഷം എം.എല്‍.എയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി എം.പിയാണ്.വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായ കാലത്ത് തന്നെ ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നു. ആറ് പതിറ്റാണ്ടിനിടയില്‍ പഞ്ചായത്ത് മെമ്പര്‍ മുതല്‍ പാര്‍ലമെന്റ് അംഗം വരെയുള്ള പദവി കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കി. കൂടാതെ കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റും വാര്‍ഡ് പ്രസിഡന്റും മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പ്രസിഡന്റും ജില്ലാ പ്രസിഡന്റും പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി മെമ്പറും ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളും പാര്‍ട്ടി എനിക്ക് തന്നു. അതില്‍ എനിക്ക് എന്റെ പാര്‍ട്ടിയോട് വലിയ കടപ്പാടുണ്ട്. അതുകൊണ്ട് തന്നെയാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തേക്കാള്‍ പാര്‍ട്ടിക്ക് വേണ്ടി സേവനം ചെയ്യാന്‍ സന്നദ്ധമാണെന്ന് ഞാനെന്റെ നേതൃത്വത്തെ അറിയിച്ചത്. എനിക്ക് മാത്രം കിട്ടിയാല്‍ പോരെന്നും പുതിയ ആളുകള്‍ക്ക് അവസരം കിട്ടണമെന്നുമുള്ള കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചാണ് ഞാന്‍ അങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിച്ചത്.
ആ തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടല്ലേ?
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും എന്റെ ജില്ലയിലെ നേതാക്കളും പിന്‍മാറാന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും രാജ്യത്തിന്റെ മതേതരത്വവും ഭീഷണി നേരിടുകയാണെന്നും സത്യം പറയുന്നതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി ജയിലിലടയ്ക്കാനുമുള്ള കുത്സിത ശ്രമവും നടക്കുകയാണെന്നും ഈ ഘട്ടത്തില്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പാര്‍ലമെന്റ് മെമ്പര്‍മാര്‍ അവരവരുടെ സ്ഥലത്ത് മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം എന്ന കാര്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തി. വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടി കേട്ടു. വ്യക്തിപരമായ തീരുമാനത്തേക്കാള്‍ പാര്‍ട്ടിയുടെയും ജനങ്ങളുടെയും അഭിപ്രായമാണ് വലുതെന്ന് നേതൃത്വം എന്നെ കര്‍ശനമായ ബോധ്യപ്പെടുത്തി. ഞാന്‍ അത് ഗൗരവത്തിലെടുക്കാന്‍ തീരുമാനിച്ചു. കാരണം എന്റെ കുടുംബവും വീടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. ആ ഫാമിലിയിലെ അംഗങ്ങളാണ് ഓരോ പ്രവര്‍ത്തകരും. മുതിര്‍ന്ന കാരണവന്‍മാരാണ് ദേശീയ-സംസ്ഥാന നേതാക്കള്‍. എന്റെ കുടുംബം ഒരു പ്രതിസന്ധി നേരിടുമ്പോള്‍ താങ്കളുടെ വ്യക്തിപരമായ അഭിപ്രായം മാറ്റിച്ച് കുടുംബത്തിന്റെ തീരുമാനം അംഗീകരിക്കണമെന്ന് ഒറ്റക്കെട്ടായി പറഞ്ഞു. എന്നെ ഞാനാക്കിയ കുടുംബത്തെ തള്ളിമാറ്റി വ്യക്തപരമായ തീരുമാനത്തില്‍ ഉറച്ചു നിന്ന് മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് തോന്നി. പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അനുസരിക്കാമെന്ന് പറഞ്ഞു. പാര്‍ട്ടി നാളെ പോസ്റ്റര്‍ ഒട്ടിക്കാനോ കുഴി കുത്താനോ ചുവരെഴുതാനോ മറ്റൊരാള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ എന്തു തന്നെ പറഞ്ഞാലും ആ ചുമതല നിര്‍വഹിക്കും. എന്നെ ഞാനാക്കിയത് പാര്‍ട്ടിയും തൃശൂരിലെ ജനങ്ങളുമാണ്. അതുകൊണ്ട് വ്യക്തിപരമായ മോഹങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിലും പാര്‍ട്ടിയുടെയും ജനങ്ങളുടെയും നിര്‍ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലം മാറ്റിവെക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചു.
നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രായ പരിധിയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. 70 വയസ്സാണ് നിശ്ചയിച്ചിരുന്നത്. അതില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ?
എഴുപത് വയസ്സ് പൂര്‍ത്തിയായാല്‍ തെരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്നും മാറി നില്‍ക്കുമെന്നത് എന്റെ അഭിപ്രായമാണ്. ആ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഞാന്‍ അത് തെളിയിക്കും. മറ്റുള്ളവര്‍ക്കും അത് ബാധകമാകണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. 70 വയസ്സ് കഴിഞ്ഞാല്‍ സാമൂഹ്യ സേവന രംഗത്ത് സജീവമായിട്ടുണ്ടാകും ഞാന്‍.
താങ്കള്‍ ഉള്‍പ്പെടെ ചില എം.പിമാര്‍ അടുത്ത തവണ നിയമസഭയിലേക്ക് മത്സരിക്കാന്‍ ലക്ഷ്യമിട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുമെന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു?
കോണ്‍ഗ്രസിന്റെ ഔദ്യോഗിക വേദിയില്‍ ഞാന്‍ ആദ്യമായിട്ടാണ് ഇക്കാര്യം പ്രകടിപ്പിച്ചത്. അതിന് മുമ്പ് ദേശീയ നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെയുള്ളവരോട് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞിട്ടുണ്ട്. പാര്‍ലമെന്ററി രംഗത്ത് നിന്നും എന്നെ ഒഴിവാക്കി തരണമെന്നും പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്നുമാണ്. രണ്ട് ദിവസം മുമ്പ് വയനാട്ടിലെ പ്രോഗ്രാമില്‍ പറഞ്ഞത്. പാര്‍ലമെന്ററി രംഗം എന്ന് പറയുമ്പോള്‍ ലോക്‌സഭയും നിയമസഭയും എല്ലാം ഉള്‍പ്പെടും.
നിര്‍ണായക തെരഞ്ഞെടുപ്പില്‍ പ്രധാന നേതാക്കള്‍ മാറി നിന്നാല്‍ അത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലേ?
ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും മാറി പാര്‍ട്ടി രാഷ്ട്രീയത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് അറിയിച്ചു. ഫാസിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധി നേതൃത്വം കൊടുക്കുകയാണ്. കോണ്‍ഗ്രസ് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരേ വേദിയില്‍ കൊണ്ടു വരികയാണ്. ഇന്ത്യ മരിക്കണമോ ജീവിക്കണമോയെന്ന് ചോദിക്കുന്ന തിരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പില്‍ കൂടി വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ വീണ്ടും വന്നാല്‍ നമ്മുടെ രാജ്യം ഉണ്ടാകില്ല. രാജ്യം ഛിന്നഭിന്നമാകും. ലോകത്തിന് മുന്നില്‍ ശിരസ്സ് കുനിക്കുന്ന അവസ്ഥയുണ്ടാകും. ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചും പെറ്റമ്മ കഴിഞ്ഞാല്‍ പോറ്റമ്മയാണ് ജന്‍മഭൂമി. ഡു ഓര്‍ ഡൈ എന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയെ വധിക്കാന്‍ വിട്ടുകൂടാ. ഇന്ത്യ നിലനില്‍ക്കാന്‍ കൂടെ നില്‍ക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും നേതൃത്വവും എന്നോട് പറഞ്ഞു. സ്വാഭാവികമായും വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പുനരാലോചനയ്ക്ക് വിധേയമാക്കും.
ബി.ജെ.പി മുഖ്യശത്രു എന്നാണ് രാഷ്ട്രീയ രേഖ. കേരളത്തില്‍ എല്‍.ഡി.എഫിനോടാണ് എതിരിടുന്നത്. സി.പി.എം ഭരിക്കുന്ന സംസ്ഥാനത്ത് ബി.ജെ.പി മുഖ്യശത്രുവാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ ആന്റി സി.പി.എം നിലപാടില്‍ നിന്നും കോണ്‍ഗ്രസ് മാറുകയാണോ?
ദേശീയതലത്തില്‍ ബി.ജെ.പി-സംഘപരിവാര്‍ സഖ്യം തന്നെയാണ് ഞങ്ങളുടെ മുഖ്യശത്രു. അവര്‍ ഇന്ത്യയുടെ ശത്രുക്കളാണ്. ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് വര്‍ഗ്ഗീയത കൊണ്ടു വരുന്ന, ജനങ്ങളുടെ മനസ്സ് കംപാര്‍ട്ടുമെന്റുകളായി തിരിക്കുന്ന ബി.ജെ.പി തന്നെയാണ് മുഖ്യശത്രു. കേരളത്തില്‍ അകൗണ്ട് തുറക്കാന്‍ ബി.ജെ.പിയെ ഞങ്ങള്‍ അനുവദിക്കില്ല. കേരളത്തില്‍ സി.പി.എമ്മുമായും എല്‍.ഡി.എഫുമായും രാഷ്ട്രീയമായ മത്സരം ഞങ്ങള്‍ക്ക് ഉണ്ട്. ദേശീയതലത്തില്‍ അവരുമായി രാഷ്ട്രീയ മത്സരമില്ല. എന്നാല്‍ ഞങ്ങളുടെ മുഖ്യശത്രു ബി.ജെ.പി തന്നെയാണ്. അതില്‍ ഒരു കോംബ്രമൈസും ചെയ്യില്ല.
ബി.ജെ.പിയെ മുഖ്യശത്രുവായി കാണുമെന്ന് പ്രഖ്യാപിച്ചത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണോ?
ഒരിക്കലുമല്ല. ഞങ്ങള്‍ എത്രയോ നാളുകളായി പറയുന്നതാണ്. മഹാത്മ ഗാന്ധിയെ വെടിവെച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്‌സേ അംഗീകരിക്കുന്ന, ഇന്ത്യ ഒരു മതരാഷ്ട്രമാക്കി മാറ്റണമെന്ന തത്വവാദമുള്ള ആര്‍.എസ്.എസിനെയും ജസംഘത്തെയും ബി.ജെ.പിയേയും കോണ്‍ഗ്രസിന്റെ ആരംഭ കാലം മുതലേ എതിര്‍ത്തിട്ടുള്ളതാണ്. സ്വാതന്ത്ര സമര കാലത്തും അതിന് ശേഷവും അത് അങ്ങനെ തന്നെയാണ്. ആ എതിര്‍പ്പ് ഞങ്ങള്‍ തുടരുക തന്നെ ചെയ്യും. അതൊരു പുതിയ കാര്യമല്ല. അങ്ങനെ എതിര്‍ക്കുന്നതിന്റെ ഭാഗമായി മഹാത്മഗാന്ധി ഉള്‍പ്പെടെ ഒട്ടനവധി നേതാക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഞങ്ങള്‍ ആശയങ്ങളില്‍ നിന്നും വ്യതിചലിക്കാത്തത് തെരഞ്ഞെടുപ്പിനേക്കാള്‍ വലുത് ഇന്ത്യയാണെന്നത് കൊണ്ടാണ്.
ലോക്‌സഭ തെരഞ്ഞടുപ്പില്‍ ബി.ജെ.പി തൃശൂരിലാണ് ഏറ്റവും ശ്രദ്ധ പതിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നു. പരാജയ ഭീതിയുണ്ടോ?
ഒരിക്കലുമില്ല. തൃശൂര്‍ ഒരു സെക്കുലര്‍ മണ്ണാണ്. ഗുരുവായൂരപ്പന്റെയും വടക്കുംനാഥന്റെയും മാലിക്ക് ദിനാറിന്റെയും ശക്തന്‍ തമ്പുരാന്റെയും നാടാണ്. ഇതുപോലെ സെക്കുലറായ നാട് ഇന്ത്യയില്‍ വേറെ എവിടെയുമില്ല. അത്രമാത്രം സൗഹൃദവും സാഹോദര്യവും കൊണ്ടു നടക്കുന്ന നാടാണ്. പൂരപ്പറമ്പില്‍ നെറ്റിയില്‍ ചന്ദനക്കുറി അണിഞ്ഞവരും നിസ്‌കാര തഴമ്പുള്ളവരും കുരിശു മാലയിട്ടവരും ഒരുമിച്ച് ഉണ്ടാകും. ഇലഞ്ഞിത്തറ മേളം നടക്കും എല്ലാ മതസ്ഥര്‍ക്കും അവിടെ വരാം. അതാണ് തൃശൂരിന്റെ പൈതൃകവും പാരമ്പര്യവും. തൃശൂരിന്റെ മണ്ണില്‍ ഒരിക്കലും വര്‍ഗ്ഗീയത വേരോടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോടിക്കണക്കിന് രൂപയും പ്രചണ്ഡ പ്രചരണവും താരപ്രഭയും ഒരുമിച്ചിട്ടും തൃശൂര്‍ തരൂ എന്ന് പറഞ്ഞിട്ടും തൃശൂരുകാര്‍ വിട്ടു കൊടുത്തിട്ടില്ല. അവര്‍ മതനിരപേക്ഷതയുടെ പക്ഷത്താണ് നിന്നിട്ടുള്ളത്. സൗഹാര്‍ദ്ദത്തിന് ഒപ്പമാണ് നിന്നത്. വിഭജനത്തിന്റെ കൂടെ നില്‍ക്കില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. തൃശൂരിന്റെ സംസ്‌കാരം അതാണ്. എല്ലാ മതങ്ങളുമായും എല്ലാ സമുദായവുമായും രാഷ്ട്രീയത്തിന് അതീതമായി മറ്റുള്ളവരുമായും ആത്മബന്ധവും വ്യക്തിബന്ധവും പുലര്‍ത്തുന്ന എന്നെ സംബന്ധിച്ച് തൃശൂര്‍ ഏതെങ്കിലും വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ഏറ്റെടുക്കാന്‍ വന്നാല്‍ വഴങ്ങിക്കൊടുക്കില്ല. ആ പോരാട്ടത്തിന്റെ നേതൃത്വപരമായ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കും.
കഴിഞ്ഞ തവണ 19 സീറ്റില്‍ യു.ഡി.എഫ് വിജയിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചതും ശബരിമലയിലെ പ്രശ്‌നങ്ങളും യു.ഡി.എഫിന് അനുകൂല സാഹചര്യം സൃഷ്ടിച്ചു. ഇത്തവണത്തെ പ്രതീക്ഷ എന്താണ്?
നഷ്ടപ്പെട്ടു പോയ ആലപ്പുഴ ഉള്‍പ്പെടെ ഇരുപതും ഞങ്ങള്‍ പിടിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ ശക്തമാണ് രാഹുല്‍ ഗാന്ധി ഇഫക്ട്. രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയപ്പോള്‍ കേരളത്തിലെ സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചാണ് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചത്. അതിന് അര്‍ത്ഥം കഴിഞ്ഞ തവണത്തേക്കാള്‍ രാഹുല്‍ ഇഫക്ട്. പിന്നെ കേരളത്തിലെ അഴിമതിയും വിഭാഗീയതയും ജനങ്ങള്‍ ഭയങ്കരമായി ചര്‍ച്ച ചെയ്യുന്നു. സ്വാഭാവികമായും കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ ഞങ്ങള്‍ക്ക് മുന്‍തൂക്കം കിട്ടും. കേരളത്തലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇന്ത്യയില്‍ ഒരു മതനിരപേക്ഷ സര്‍ക്കാര്‍ വരണമെന്നാണ്. സി.പി.എമ്മിനോ സി.പി.ഐക്കോ വോട്ട് ചെയ്തത് കൊണ്ട് ദേശീയ തലത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള പിന്തുണയുണ്ടാകില്ല. അതുകൊണ്ട് ആലപ്പുഴ ഞങ്ങള്‍ തിരിച്ച് പിടിക്കും. ഇരുപതില്‍ ഇരുപതും നേടും.
കേരളത്തിലെ 18 എം.പിമാരുടെയും പ്രകടനം മോശമാണെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. മറുപടിയെന്താണ്?
അയ്യേ, ലോക്‌സഭ നടപടി ക്രമങ്ങള്‍ കാണാത്ത അതിന്റെ വാര്‍ത്തകള്‍ വായിക്കാത്ത, അതിന്റെ ഫോളോഅപ്പ് ഇല്ലാത്ത ഏതെങ്കിലും സൈബര്‍ മുതലാളിമാര്‍ പറയുന്നതായിരിക്കും. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നും ഒരു എം.പിയും തമിഴ്‌നാട്ടില്‍ നിന്നും ഞങ്ങളുടെ കൊടി കൂടി പിടിച്ച് വിജയിച്ച ഒരാളും ഉണ്ടെന്നല്ലാതെ ഇടതുപക്ഷം എന്താണ് ചെയതത്. ഞാന്‍ നാലു തവണ സസ്‌പെന്‍ഷന്‍ വാങ്ങിയ ആളാണ്. ഏതെങ്കിലും ഇടതുപക്ഷ എം.പിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നോ. ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും വേണ്ടി വാദിച്ചതിനും പാര്‍ലമെന്ററി നടപടികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ എതിര്‍ത്തിനുമാണ് എനിക്ക് നടപടി നേരിടേണ്ടി വന്നത്. ഞാന്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് എം.പിമാര്‍ക്ക് ദില്ലിയില്‍ 18 കേസുണ്ട്. ഞങ്ങള്‍ തെരുവില്‍ ഇറങ്ങി സമരം ചെയ്തതിന്റെ പേരിലാണിത്. ന്യായമില്ലാത്ത കേസിന് പോലും ജാമ്യം എടുക്കേണ്ടി വന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയപ്പോള്‍ ആ തീരുമാനം വലിച്ച് കീറി സ്പീക്കരുടെ അടുത്ത് വരെ എത്തിയ ആളാണ് ഞാന്‍. പാര്‍ലമെന്റിന് ഉള്ളില്‍ വെച്ച് പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി നരേന്ദ്രമോദി- അദാനി ബായി ബായി എന്ന് മുദ്രവാക്യം വിളിച്ച ആളാണ് ഞാന്‍. വേറെ ഒരാളും ഉണ്ടായിരുന്നില്ല. റെക്കോര്‍ഡുകളും ക്യാമറകളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കേരളത്തിലെ എം.പിമാരാണ് വീരശൂര പരാക്രമികളെന്ന് പറയാനാകും.
പ്രതിപക്ഷം കേരളാ നിയമസഭയില്‍ പല വിഷയങ്ങളും ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ടെങ്കിലും അവ ജനങ്ങളിലേക്ക് എത്തിക്കാന്‍ പാര്‍ട്ടി സംവിധാനത്തിന് കഴിയുന്നുണ്ടോ?
അതില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ ഞങ്ങള്‍ നികത്തും. ജൂണ്‍ മുപ്പതോടു കൂടി കോണ്‍ഗ്രസിന്റെ എല്ലാ ബൂത്ത് കമ്മിറ്റികളും പുനഃസംഘടിപ്പിക്കും. എല്ലാ ബൂത്തുകളിലും സംവിധാനം വരും.
കെ.പി.സി.സിയില്‍ കൂടിയാലോചനകള്‍ ഇല്ലെന്നാണ് നേതാക്കള്‍ പരാതി ഉന്നയിക്കുന്നത്. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെ തീരുമാനിച്ചതില്‍ കൂടിയാലോചന ഉണ്ടെയില്ലെന്ന് താങ്കള്‍ക്കെതിരെ സംസ്ഥാന പ്രസിഡന്റ് തന്നെ ആരോപിച്ചല്ലോ?
അതൊരു കണ്‍ഫ്യൂഷനായിരുന്നു. അത് കൃത്യമായി പരിഹരിച്ചിട്ടുണ്ട്.