Interview

സി.പി.എമ്മുമായി കേരളത്തില്‍ സഹകരിക്കാനില്ല; ബി.ജെ.പിക്കെതിരെ ഇടതുപക്ഷത്തിന് അവസരവാദ നിലപാട്- ഇ.ടി മുഹമ്മദ് ബഷീര്‍

ബി.ജെ.പിക്കെതിരെ മതേതര വിശ്വാസികളുടെ യോജിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളോട് സി.പി.എം ആത്മാര്‍ത്ഥമായി സഹകരിച്ചിട്ടില്ല. ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്ന് ഉറപ്പുള്ള മൂന്നാം മുന്നണിയും സ്വപ്നം കണ്ട് കഴിയുകയാണ് അവര്‍. മുസ്ലീം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ സംസാരിക്കുന്നു.

മുസ്ലീം ലീഗ് രൂപീകരണത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പാര്‍ട്ടിയുടെ വളര്‍ച്ചയെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഇന്ത്യയെന്ന ബഹുസ്വര രാഷ്ട്രത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യേക ശൈലിയാണ് മുസ്ലീംലീഗ് കാണിച്ച് കൊടുത്തിട്ടുള്ളത്. എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളുടെ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഇപ്പോള്‍ രാജ്യത്തെ പലനിലയിലും അകല്‍ച്ചയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്ലിംലീഗ് വലിയ പാര്‍ട്ടിയല്ലെങ്കിലും ഞങ്ങള്‍ ചില നാഴികക്കല്ലുകള്‍ പതിപ്പിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എങ്ങനെ പിന്നാക്ക ജനവിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. കമ്യൂണിറ്റിയുടെ ശാക്തീകരണത്തില്‍ വിദ്യാഭ്യാസത്തിന് പ്രധാന പങ്കുണ്ടെന്നതിനാല്‍ ഞങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ട് വന്ന് ആളുകളെ ആ നിലയില്‍ ഉയര്‍ത്തി. എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള വിദ്യാഭ്യാസ പുരോഗതിയാണ് ലീഗ് മുന്നോട്ട് വെച്ചത്. സംസ്‌കൃത യൂണിവേഴ്‌സിറ്റി അതിനൊരുദാഹരണമാണ്.

മുസ്ലിംലീഗിന്റെ രാഷ്ട്രീയ അജണ്ടയില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാനുഷിക പ്രശ്നങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ്. ഞങ്ങളെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്ര പ്രാധാന്യം നല്‍കിയ മറ്റൊരു പാര്‍ട്ടിയുണ്ടാകില്ല. ഞങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയിലും അല്ലാത്തയിടങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. രോഗികളെ നോക്കുന്ന സി.എച്ച് സെന്ററുകള്‍ കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ജാതി-മത ഭേദമന്യേ എല്ലാവര്‍ക്കും സി.എച്ച് സെന്ററില്‍ നിന്നും സഹായം ലഭിക്കും. രോഗിയായിരിക്കണമെന്ന ഒറ്റ മാനദണ്ഡമേയുള്ളു. ഭക്ഷണവും താമസിക്കാനുള്ള സൗകര്യവും നല്‍കുന്നു. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കുന്നു. കോവിഡ് കാലത്ത് രോഗികളുടെ വീടുകളിലേക്ക് ആളുകള്‍ പോകാന്‍ മടിച്ച സമയത്തും ഞങ്ങളുടെ കെ.എം.സി.സി വളണ്ടിയര്‍മാര്‍ അവരെ ആശുപത്രികളിലെത്തിക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ദയ, അനുകമ്പ എന്നതൊക്കെ എന്നതൊക്കെ മുന്‍നിര്‍ത്തിയാണ് മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.

75ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി മാര്‍ച്ച് ഒമ്പതിന് യുവാക്കള്‍, തൊഴിലാളികള്‍, സ്ത്രീകള്‍ അങ്ങനെ വിവിധ വിഭാഗങ്ങളുടെ പ്രത്യേക സെഷനുകള്‍ ഉണ്ട്. അതില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ഇത്തരം കാര്യങ്ങളായിരിക്കും. പിന്നെ മറ്റൊന്നുള്ളത് തീവ്രവാദമാണ്. തീവ്രവാദം പോലുള്ള പ്രവണതകളെ മുളയിലെ നുള്ളിക്കളയണമെന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രീയത്തില്‍ മൃദുലമായ നിലപാടുകളാണ് വേണ്ടത്. തീവ്രനിലപാടുകള്‍ സ്വീകരിച്ചാല്‍ നാശത്തിലെ കലാശിക്കുകയുള്ളു. തീവ്രനിലപാടുകള്‍ പ്രതിലോമ ശക്തികള്‍ക്ക് വഴിയുണ്ടാക്കുമൈന്നുമാണ് മുസ്ലിം ലീഗിന്റെ നിലപാട്. സൗഹാര്‍ദ്ദപരമായി മുന്നോട്ട് പോകാനാണ് ഞങ്ങള്‍ താല്‍പര്യപ്പെടുന്നത്. തീവ്രവാദ നിലപാടുകള്‍ വളരാതിരിക്കാനുള്ള ക്യാമ്പെയിനുകളും മുസ്ലിം ലീഗ് നടത്താറുണ്ട്. അതുകൊണ്ടാണ് കേരളീയ സമൂഹം മുസ്ലിം ലീഗിനെ വര്‍ഗ്ഗീയമായി കാണുകയോ അകറ്റി നിര്‍ത്തുകയോ ചെയ്യാത്തത്.

2024 രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. ആ തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിച്ചാല്‍ മതരാഷ്ട്രമാക്കി മാറ്റുമെന്ന ആശങ്ക പല കോണില്‍ നിന്നും ഉയരുന്നുണ്ട്. മുസ്ലിം ലീഗ് എങ്ങനെയാണ് ഇതിനെ കാണുന്നത്?

ഈ പറഞ്ഞത് അത്രയും സത്യമാണ്. 2024ലെ തെരഞ്ഞെടുപ്പിനെ നേരിടാനായി ബി.ജെ.പി പോകുന്നത് ഇതേ അജണ്ട വെച്ചാണ്. മതപരമായും വര്‍ഗ്ഗീയമായും പ്രശ്നങ്ങളുണ്ടാക്കുന്നതും വിദ്വേഷം പടര്‍ത്തുന്നതും ഇതേ ലക്ഷ്യത്തോടെയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ധാരാളം അതിക്രമങ്ങള്‍ നടക്കുന്നു. ഈ പ്രാവശ്യത്തെ ബജറ്റ് ചര്‍ച്ചയിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും ഒരു വരി പോലും ന്യൂനപക്ഷങ്ങള്‍ക്കായിട്ടില്ല. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമെന്നത് സര്‍ക്കാര്‍ എന്ത് ചെയ്യാന്‍ പോകുന്നുവെന്നതിന്റെ നയപരമായ കാര്യങ്ങളാണ് ഉള്‍പ്പെടുത്തുന്നത്. സാമ്പത്തിക വിഹിതം നീക്കി വെക്കുന്നതാണ് ബജറ്റ്. ന്യൂനപക്ഷങ്ങളെ ഇതില്‍ പരിഗണിച്ചില്ലെന്ന് ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ ഞാന്‍ ഉന്നയിച്ചു. ന്യൂനപക്ഷങ്ങളെ കേന്ദ്ര സര്‍ക്കാര്‍ എത്രത്തോളം അകറ്റി നിര്‍ത്തുന്നുവെന്നതിന്റെ തെളിവാണിത്. ഇപ്പോഴുണ്ടാകുന്നു പല നിയമ നിര്‍മ്മാണങ്ങളും രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഗോവധ നിരോധനം, മുത്തലാഖ്, പൗരത്വ ഭേദഗതി നിയമവുമെല്ലാം എടുത്ത് നോക്കിയാല്‍ അതില്‍ ഒളിഞ്ഞ് കിടക്കുന്ന അജണ്ട വ്യക്തമാകും. മതവും ജാതിയും അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്ന അപകടകരമായ കാര്യമാണ് സി.എ.എ. അതിനെതിരെ പ്രതിഷേധം ഉയര്‍ന്നുവന്നു. ഇത്തരം നിയമങ്ങള്‍ കൊണ്ട് വന്ന് രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കി അതിലൂടെ വോട്ട് നേടി അധികാരം വീണ്ടും നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഏക സിവില്‍ കോഡ് പോലുള്ള കാര്യങ്ങള്‍ ഇനിയും കാര്യങ്ങള്‍ വരാനിരിക്കുന്നു. വ്യക്തിനിയമത്തെ അപ്രസക്തമാക്കുന്ന തീരുമാനങ്ങള്‍ അവര്‍ എടുത്തു കൊണ്ടിരിക്കുന്നു. ഇത്തരം നിയമങ്ങള്‍ കൊണ്ട് വന്ന് ന്യൂനപക്ഷ ജനവിഭാഗങ്ങളോട് വെറുപ്പും വിദ്വേഷവും വളര്‍ത്തുകയാണ് ബി.ജെ.പിയുടെ അജണ്ട. ഇത് മനസിലാക്കി കൊണ്ട് 2024ലെ തെരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യ ചേരിയെ വികസിപ്പിച്ച് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇതില്‍ ഞങ്ങള്‍ക്കല്ല, കോണ്‍ഗ്രസിനാണ് കൂടുതല്‍ ചെയ്യാന്‍ കഴിയുക. കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞുവെന്നാണ് എല്ലാവരും പറഞ്ഞത്. അങ്ങനെ എഴുതി തള്ളാന്‍ വരട്ടെയെന്നാണ് സമീപകാലത്തുണ്ടായ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തും മാറ്റങ്ങളുണ്ടാകും. അത് ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ശക്തി പകരുന്ന മാറ്റമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

ഇന്ത്യയുടെ ഈ പറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കുള്‍പ്പെടെ ആശങ്കയുണ്ടാക്കുന്നതാണ്. അതില്‍ കൃത്യമായ നിലപാടെടുത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ധൈര്യം നല്‍കി പ്രവര്‍ത്തിക്കാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞിട്ടുണ്ടോ?

നേരത്തെ പറഞ്ഞത് പോലെ മുസ്ലിംലീഗ് ഇന്ത്യയില്‍ ശക്തമായ രൂപം പ്രാപിച്ച രാഷ്ട്രീയ പാര്‍ട്ടിയല്ല. ഞങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദമുണ്ടാക്കാനായി പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങളെ ബോധവത്കരിക്കാന്‍ കഴിയുന്ന ഇടങ്ങളെയെല്ലാം ഞങ്ങള്‍ ഉപയോഗിച്ചു. പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ സജീവമായി ഇടപെടുന്ന മുസ്ലിം ലീഗിന്റെ പ്രതിനിധിയാണ് ഞാന്‍. പാര്‍ലമെന്റില്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കാനും ചോദ്യം ചോദിക്കാനും ശ്രമിക്കുന്നുണ്ട്. ഇപ്പോഴുള്ള വിപത്തിനെതിരെ ജനങ്ങളെ എത്രത്തോളം ജാഗ്രത പാലിക്കണമെന്ന് അറിയിക്കാനുള്ള ചില പദ്ധതികള്‍ കൂടി ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഒരു കൊല്ലം നീണ്ടു നില്‍ക്കുന്ന ആക്ഷന്‍ പ്ലാനാണ് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കുന്നത്. ഞങ്ങള്‍ക്ക് സ്വാധീനമില്ലാത്ത മേഖലകളിലും സമാന ചിന്താഗതിക്കാരായ ആളുകളുമായി ചേര്‍ന്ന് ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കും.

ബി.ജെ.പി ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്നതിനെ പ്രതിരോധിക്കണമെന്ന അജണ്ടയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വെയ്്ക്കുന്നത്. അത്തരമൊരു മുദ്രാവാക്യം എന്തുകൊണ്ടാണ് ലീഗും കോണ്‍ഗ്രസും ഉയര്‍ത്താതിരിക്കുന്നത്?

അത് പൂര്‍ണമായും ശരിയല്ല. ഇടതുപക്ഷ പാര്‍ട്ടികള്‍ എടുക്കുന്ന നിലപാട് അവസരവാദപരമാണ്. മുദ്രാവാക്യങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയെന്നല്ലാതെ ഈ പ്രതിലോമശക്തികളെ സഹായിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കാറുള്ളത്. അതേസമയം കോണ്‍ഗ്രസും ലീഗും ഇത്തരം പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയാണ് ചെയ്യുന്നത്. കേരളത്തില്‍ സി.പി.എം നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന്റെയും ദേശീയതലത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെയും നയങ്ങളും പരിപാടികളും എടുത്ത് പരിശോധിച്ചാല്‍ അവര്‍ പറയുന്നതിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാകും. ഇന്ത്യയില്‍ ബി.ജെ.പിക്കെതിരെ മതേതര വിശ്വാസികളുടെ യോജിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളോട് ഇക്കാലമത്രയും അവര്‍ ആത്മാര്‍ത്ഥമായി സഹകരിച്ചിട്ടില്ല. ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്ന് ഉറപ്പുള്ള മൂന്നാം മുന്നണിയും സ്വപ്നം കണ്ട് കഴിയുകയാണ് അവര്‍. ത്രിപുരയിലും പശ്ചിമബംഗാളിലും കോണ്‍ഗ്രസിനൊപ്പം നിന്നു. അതൊക്കെ വൈകി മാത്രം ചെയ്യുന്ന കാര്യങ്ങളാണ്. സത്യത്തില്‍ ബി.ജെ.പിയേയും കോണ്‍ഗ്രസിനെയും തുല്യമായാണ് അവര്‍ കാണുന്നത്. കോണ്‍ഗ്രസിനെ ശക്തമായി എതിര്‍ത്ത് ബി.ജെ.പിക്ക് കടുന്നു വരാനുള്ള വഴിയുണ്ടാക്കുകയാണ് സി.പി.എം. ഞങ്ങളെ സംബന്ധിച്ചിടത്തോളം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനവും വളരെ ഊര്‍ജ്ജം നല്‍കുന്നു. അവര്‍ക്കിടയില് പ്രശ്നങ്ങളൊക്കെ ഉണ്ടാകുമെങ്കിലും പൊതുശത്രുവിനെ നേരിടുന്ന കാര്യത്തില്‍ യോജിപ്പിലെത്തും. സംഘടനാപരമായി വളരെ കഴിവുള്ള നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. അവരത് പ്രയോജനപ്പെടുത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഇടതുപക്ഷത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് തന്നെയാണോ നിലപാട്?. കേരളത്തില്‍ സഹകരിച്ച് പോകാനുള്ള സാധ്യതയുണ്ടോ?

ഇല്ല. യാതൊരു സാധ്യതയുമില്ല. കേരളത്തിലെ അവരുടെ നയങ്ങള്‍ നിരവധി വൈകല്യങ്ങളുള്ളതാണ്. നമ്മള്‍ ഇവിടെ സംസാരിക്കുന്ന വിഷയത്തില്‍ നിന്നും അകന്നു പോകുമെന്നതിനാല്‍ കൂടുതലായി ഞാന്‍ അതിനെക്കുറിച്ച് പറയുന്നില്ല. ചെറിയ കാലത്തിനുള്ളില്‍ ഇത്രയേറെ ചീത്തപ്പേര് അധികാരം ഉപയോഗിച്ച് ഉണ്ടാക്കിയ മറ്റൊരു സര്‍ക്കാര്‍ ചരിത്രത്തിലുണ്ടാകില്ല. സര്‍ക്കാരുണ്ടാക്കുന്ന ധാരാളം പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടി മുതല്‍ മുടി വരെ അഴിമതി നിറഞ്ഞ സര്‍ക്കാരാണ്. രാഷ്ട്രീയ അഴിമതിക്ക് ഇതുപോലെ മറ്റൊരു ഉദാഹരണമില്ല. വളരെ ദയനീയമായ രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറയാതിരിക്കാനാവില്ല.

ത്രിപുരയില്‍ നടത്തിയ പോലുള്ള സഖ്യങ്ങള്‍ ദേശീയ തലത്തില്‍ ഫാസിസ്റ്റുകളെ എതിര്‍ക്കാന്‍ സഹായകരമായി തീരുമെന്നാണ് വിശ്വാസിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണി അധികാരത്തിലെത്താനുള്ള സാധ്യത ലീഗ് കാണുന്നുണ്ടോ?. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുമോ?

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയും. എത്ര ശക്തമായ രാഷ്ട്രീയ ചേരിയുണ്ടായാലും ഇന്ത്യയില്‍ പെട്ടെന്ന് മാറ്റം വരാം. ഈ മണ്ണിന് മതേതര സ്വഭാവമുണ്ട്. തത്ക്കാലം അത് മങ്ങി നില്‍ക്കുകയാണെങ്കിലും സാഹചര്യം കിട്ടുമ്പോള്‍ പുറത്ത് വരും. അങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ വി.പി സിംഗ് പിന്നാക്കം ജനവിഭാഗങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തപ്പോള്‍ ഉണ്ടായ മാറ്റങ്ങളൊക്കെ നമ്മള്‍ കണ്ടതാണ്. അതുകൊണ്ട് പേടിക്കേണ്ട കാര്യമില്ല. സാഹചര്യങ്ങള്‍ മാറി വരും. അധികാരത്തിലിരുന്ന് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിച്ച് എതിരാളികളെ ബുദ്ധിമുട്ടിക്കുകയാണ്. തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ മാറ്റം പ്രകടമാകുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്.

മുസ്ലിം ലീഗിന് ഏറ്റവും വേരോട്ടമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ ഇപ്പോള്‍ ജമഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ക്ക് സ്വീകാര്യത കൂടുന്നുണ്ടോ?

അവരൊക്കെ നേരത്തെയും ഇവിടെയുണ്ട്. മുസ്ലിം ലീഗ് 75 കൊല്ലമായിട്ട് പ്രവര്‍ത്തിക്കുകയും ഭരിക്കുകയും ചെയ്തു. ലീഗിന്റെ ഏറ്റവും വലിയ തട്ടകമായ കേരളത്തില്‍ ഇതേപോലെ പലേ സംഘടനകളും വന്നിട്ടുണ്ട്. ലീഗിന്റെ ശക്തി ചോര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. നമ്മള്‍ക്ക് അവരൊന്നും ഭീഷണിയല്ല. ഭീഷണിയായി കാണുന്നുമില്ല. ഞങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ട്. അതിന് യാതൊരു കോട്ടവും സംഭവിക്കില്ല.

ലീഗിനൊപ്പം ഉറച്ച നിന്ന സമസ്ത ഇപ്പോള്‍ സ്വതന്ത്രമായ നിലപാടുകള്‍ സ്വീകരിക്കുന്നു.ലീഗിന് മുന്നില്‍ അതൊരു പ്രതിസന്ധിയാകുന്നുണ്ടോ?

ഒരു പ്രതിസന്ധിയുമില്ല. ഏത് പ്രശ്നത്തിലും ചര്‍ച്ച ആവശ്യമാണ്. സമസ്തയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമുണ്ടെങ്കില്‍ അത് പരിഹരിച്ച് പോകുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. അവര്‍ സ്വതന്ത്രമായി പോകുകയും ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നതായൊന്നും അതിനെ കാണേണ്ടതില്ല. ചില സംഗതികള്‍ക്ക് നിരന്തരമായ ചര്‍ച്ച ആവശ്യമായി വരും. ഇതിന്റെയെല്ലാം നേതൃ സ്ഥാനത്തുള്ളത് മുസ്ലിംലീഗിന്റെ നേതാക്കള്‍ തന്നെയാണ്. പാണക്കാട് ഫാമിലിയൊക്കെ. എല്ലാ മൂവ്മെന്റിന്റെയും നടുവില്‍ അവരുണ്ട്. എല്ലാത്തിനെയും ഏകോപിപ്പിച്ച് അവര്‍ മുന്നോട്ട് കൊണ്ടു പോകും. അതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT