തെരുവ് നായകളെ കൊല്ലാൻ നമുക്ക്അധികാരമില്ല. ആ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. അതുകൊണ്ട് വാക്‌സിൻ എടുത്തും, എ.ബി.സി ചെയ്തും പരമാവധി പ്രശ്നങ്ങൾ നിയന്ത്രണവിധേയമാക്കുക എന്ന ഒരു വഴി മാത്രമേ ഉള്ളൂ. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയുമായി നടത്തിയ അഭിമുഖം
തെരുവ് നായ കടിച്ച് ആളുകൾ മരിക്കുന്ന സ്ഥിതി കേരളത്തിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ രൂപീകരിച്ച പലതരം പദ്ധതികൾ പരാജയപ്പെട്ടു എന്നാണോ കരുതേണ്ടത്? എന്താണ് ഇപ്പോഴത്തെ അവസ്ഥയിൽ പരിഹാരം?
നമ്മൾ മൂന്നു വകുപ്പുകളും കൂടിയാലോചിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മൃഗ സംരക്ഷണ വകുപ്പിനോടൊപ്പം, തദ്ദേശ സ്വയംഭരണ വകുപ്പും, ആരോഗ്യവകുപ്പും അടിയന്തര പ്രാധാന്യം നൽകികൊണ്ട് തന്നെ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നമ്മൾ എ.ബി.സി (അനിമൽ ബർത്ത് കണ്ട്രോൾ) പ്രോഗ്രാം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് നടന്നുകൊണ്ടിരിക്കുമ്പോഴല്ലേ, സർക്കാർ കുടുംബശ്രീയെ ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് കഴിഞ്ഞ ഒന്നര വർഷക്കാലമായി എ.ബി.സി പ്രോഗ്രാം നിർത്തി വെപ്പിച്ചത്. പഞ്ചായത്തുകൾ പിന്നീട് അതിനു തുനിഞ്ഞില്ല. കോവിഡ് വന്നതോടുകൂടി ആരും ശ്രദ്ധിക്കാനില്ലാതെ പട്ടികളുടെ എണ്ണവും വർധിച്ചു. പഞ്ചായത്തുകളിൽ ആവശ്യത്തിന് ആളുകൾ ഇല്ലാതായി. കേരളത്തിലെ 152 ബ്ലോക്കുകളിലും ആവശ്യമായ സെന്ററുകൾ തുടങ്ങണമെന്ന തീരുമാനത്തിലാണ് ഞങ്ങൾ. അതിൽ മുപ്പതു സെന്ററുകൾ ഇതിനോടകം കണ്ടെത്തി കഴിഞ്ഞു. പഞ്ചായത്തുകളുടെ സഹായത്തോടുകൂടി ബാക്കി സെന്ററുകൾ കൂടി കണ്ടെത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അതിന് ഫണ്ട് കണ്ടെത്താൻ ജില്ലാ പഞ്ചായത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന് ആവശ്യമായ പേപ്പറുകൾ തദ്ദേശ വകുപ്പും നീക്കിക്കഴിഞ്ഞു.
ഞങ്ങളുടെ കയ്യിൽ ഏകദേശം ആറ് ലക്ഷത്തോളം വാക്‌സിനുകൾ ഉണ്ടായിരുന്നു. അതിൽ അഞ്ച് ലക്ഷം വാക്‌സിനുകളും പല ജില്ലകളിലായി കൊടുത്തു കഴിഞ്ഞു. ഇനി ഒരു ലക്ഷത്തോളം വാക്‌സിനുകളാണ് ബാക്കിയുള്ളത്, അതും ആവശ്യമായ ജില്ലകളിലേക്ക് എത്തിക്കാനുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. പട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. ഏകദേശം ഒമ്പതു ലക്ഷം നായകൾ തെരുവുകളിലുണ്ടെന്നാണ് കണക്ക്. അതുകൊണ്ട് ആവശ്യമുള്ളതനുസരിച്ച് വാക്‌സിനുകൾ ജില്ലകളിലേക്ക് എത്തിക്കും. വാക്‌സിൻ കുത്തിവെപ്പ് ഒരു ക്യാമ്പയിൻ ആക്കി മാറ്റാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. വളർത്തു നായകളുള്ള ആളുകൾ വാക്‌സിൻ കേന്ദ്രങ്ങളിൽ വന്ന് കുത്തിവെപ്പെടുത്ത് പോകേണ്ടതാണ്. അവർക്ക് അതിനു സർട്ടിഫിക്കറ്റും നൽകും. അങ്ങനെ വാക്‌സിൻ ചെയ്ത നായകൾക്ക് പഞ്ചായത്ത് ലൈസൻസ് നൽകുന്ന രീതിയിലേക്ക് മാറ്റാനാണ് ഇപ്പോൾ ആലോചിക്കുന്നത്.
മനുഷ്യർക്ക് നൽകുന്ന വാക്‌സിനുകളിൽ ജനിതക മാറ്റം വരുന്നുണ്ടോ എന്ന ആശങ്കയും ഉണ്ടല്ലോ, എങ്ങനെയാണ് മൃഗസംരക്ഷണ വകുപ്പ് അതിനെ കാണുന്നത്?
അതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും തീരുമാനങ്ങൾക്കും വേണ്ടിയാണ് ഉന്നതതല കമ്മിറ്റി രൂപീകരിച്ചത്. ചർച്ചകൾ മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്. ആരോഗ്യ വകുപ്പാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മൃഗ സംരക്ഷണ വകുപ്പിന്റെ ഭാഗത്തു നിന്ന് ആദ്യ ഘട്ടമെന്ന രീതിയിൽ എ.ബി.സി പ്രോഗ്രാം പുനരാരംഭിക്കുകയാണ്. നിലവിൽ കൊല്ലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത് നടന്നുകൊണ്ടിരിക്കുന്നുണ്ട്.
ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഈ നായകളെ കൊണ്ടുവന്ന് വന്ധ്യംകരിച്ച് തിരിച്ചുവിടുന്ന രീതിയാണവിടെ. അഞ്ച് ജില്ലകളിൽ ഇത് ആരംഭിക്കാൻ പോവുകയാണ്. കൂടാതെ മറ്റുള്ള സ്ഥലങ്ങളിൽ നമ്മൾ ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അവിടെ നിന്ന് വാക്‌സിൻ ചെയ്ത സർട്ടിഫിക്കറ്റുമായി പഞ്ചായത്തുകളിൽ ചെന്നാൽ അവിടെ നിന്ന് വളർത്തു നായകൾക്ക് ലൈസൻസ് കൂടി കിട്ടും. അങ്ങനെ ചെയ്യുന്നതിലൂടെ വളർത്തു നായകളെ കൃത്യമായി തിരിച്ചറിയാൻ കഴിയും. കോടതി വിധി വരാൻ ബാക്കിയുണ്ട്. ഞങ്ങൾ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് ഞങ്ങൾ കോടതിയെ അറിയിച്ചിട്ടുണ്ട്. വിധി വന്നതിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കും.
വളർത്തു നായകൾ പോലും കടിക്കുന്ന സാഹചര്യമുണ്ടല്ലോ, എന്താണ് ശരിക്കും നായകൾക്ക് സംഭവിക്കുന്നത്?
വളർത്തു നായകളും കടിക്കുന്നുണ്ടെങ്കിലും അതിന്റെ എണ്ണം കുറവാണ്. എല്ലാ സ്ഥലത്തും അത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. നമ്മൾ പല തെരുവുകളിലും കൂട്ടത്തോടെ നായകളെ കണ്ടിട്ടുണ്ട്, പക്ഷെ എല്ലാം അക്രമിക്കുന്നില്ല. എനിക്ക് തോന്നുന്നു, ഭക്ഷണം കിട്ടാത്ത നായകളാണ് കൂടുതൽ ആക്രമണ ത്വര കാണിക്കുന്നത്. വളർത്തു നായകൾക്ക് മിക്കപ്പോഴും കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ട്, ഭക്ഷണം കിട്ടാതെ അലഞ്ഞു തിരിയുന്ന നായകളായിരിക്കും ആക്രമിക്കുന്നത്. ഇത് എല്ലായിടത്തും ഒരുപോലെയല്ല എന്നുള്ളതാണ്, നമ്മൾ ചെല്ലുന്ന എല്ലാ വഴികളിലും, റോഡുകളിലും നായകളുണ്ട്, പക്ഷെ അതെല്ലാം കടിക്കുന്നില്ലല്ലോ.
തെരുവ് നായകളെ കൊല്ലാൻ നമുക്ക്അധികാരമില്ല. ആ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. അതുകൊണ്ട് വാക്‌സിൻ എടുത്തും, എ.ബി.സി ചെയ്തും പരമാവധി പ്രശ്നങ്ങൾ നിയന്ത്രണവിധേയമാക്കുക എന്ന ഒരു വഴി മാത്രമേ ഉള്ളൂ. പഞ്ചായത്തുകളെല്ലാം തയ്യാറാണ്, ഫണ്ട് വെക്കാൻ നിർദേശം കൊടുത്തു, നമ്മുടെ വകുപ്പിലെ ഉദ്യോഗസ്ഥർ തയ്യാറായികഴിഞ്ഞു. അവർക്ക് വേണ്ട ട്രെയിനിങ്ങുകളെല്ലാം നൽകിയിട്ടുണ്ട്. ഈ ക്യാമ്പയ്നിന്റെ ഭാഗമായി സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ബോധവൽക്കരണം നൽകാനും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്.