Interview

അരിക്കൊമ്പൻ - കൂടുതല്‍ സങ്കീര്‍ണമാകുന്നു, കുറ്റപ്പെടുത്തേണ്ടത് കോടതിയെ, ആ സാഹസത്തിനില്ല: മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിമുഖം

ആനയോടുള്ള അമിതപ്രേമം കാരണം മനുഷ്യരെ അവഗണിക്കുക, തിരിച്ച് മനുഷ്യരോട് അമിതപ്രേമം കാണിച്ച് വന്യജീവികളെ അവഗണിക്കുക. ഇത് രണ്ടും പറ്റില്ല. വന്യജീവികളും മനുഷ്യരും സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. വന്യജീവികളെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷിക്കേണ്ടതും സര്‍ക്കാരാണ്. അര്‍ത്ഥവത്തായ രണ്ട് ദൗത്യം ഒരേ സമയം നടത്തുകയെന്ന ഭാരിച്ച ഉത്തവാദിത്തമാണ് വനംവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ദ ക്യു അഭിമുഖത്തില്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സംസാരിക്കുന്നു.

അരികൊമ്പന്‍ തമിഴ്നാട്ടില്‍ പ്രശ്നമുണ്ടാക്കുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മേഘമലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജി.പി.എസ് കോളര്‍ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും കേരളത്തിനെതിരെ പരാതിയുണ്ട്. അരികൊമ്പന്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാകുകയാണോ?

സാറ്റ്ലൈറ്റ് വീഡിയോ കോളര്‍ പിടിപ്പിച്ച ആനയാണ്. ആ ലിങ്കിലൂടെ ആര്‍ക്ക് വേണമെങ്കിലും അതിന്റെ മൂവ്മെന്റ്സ് നിരീക്ഷിക്കാന്‍ കഴിയും. അത് നമ്മള്‍ കൊടുക്കേണ്ട ആവശ്യമില്ല. ഫോറസ്റ്റിന് ഇന്റര്‍ ലിങ്കുണ്ട്. ആന തമിഴ്നാട് ഫോറസ്റ്റിലെത്തിയത് നമുക്ക് മനസിലായത് അങ്ങനെയാണ്. ആ സംവിധാനം തമിഴ്നാടിന് ഉണ്ടെങ്കില്‍ അവര്‍ക്കും എടുക്കാന്‍ കഴിയും. ചില സമയത്ത് റേഞ്ച് നഷ്ടപ്പെടും. യാത്ര ചെയ്യുമ്പോഴോ കുന്നിന്‍ ചരിവില്‍ എത്തുമ്പോഴോ നമ്മള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെ റേഞ്ച് നഷ്ടപ്പെടാറുണ്ട്. അതുപോലെ അവരുടെ റേഞ്ചും പോകും. അത് അസാധാരണ സംഭവമല്ല. മെക്കാനിക്കല്‍ തകരാറുമല്ല. തമിഴ്നാട്ടിലെ ചെക്ക്പോസ്റ്റിന് അടുത്ത് എത്തിയതായി നമുക്ക് വിവരം കിട്ടി. ആ ചെക്ക് പോസ്റ്റില്‍ തമിഴ്നാട് സര്‍ക്കാര്‍ വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി. അതൊക്കെ ഫലപ്രദമായി നടക്കുന്നുണ്ട്. ഈ വിഷയത്തില്‍ മാധ്യമലോകം വലിയ ശ്രദ്ധ കൊടുക്കുന്നുണ്ട്. തമിഴ്നാടും കേരളവും മോണിറ്ററിംഗ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഒരുകാര്യം വ്യക്തമാക്കുന്നുണ്ട്. അരികൊമ്പന്റെ കാര്യത്തില്‍ ആദ്യം സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തേക്കാള്‍ സുരക്ഷിതമായ ഒരു വഴിയുമില്ലെന്ന് ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. പക്ഷേ ആ കാര്യത്തില്‍ നമ്മള്‍ കുറ്റപ്പെടുത്തേണ്ടത് കോടതിയേയാണ്. ആ സാഹസത്തിലേക്ക് നമ്മളാരും ഇപ്പോള്‍ കടക്കുന്നില്ല. മറ്റ് ആനകളെ പിടിച്ചത് പോലെ ഈ ആനയേയും പിടിച്ച് അവരെ രക്ഷിക്കുകയെന്നാണ് നമ്മള്‍ അന്ന് പറഞ്ഞത്. പക്ഷേ ചിലര്‍ കോടതിയെ സമീപിച്ചു. പിടിക്കാന്‍ പാടില്ലെന്ന് ആദ്യം കോടതി പറഞ്ഞു. പിന്നീട് പിടിച്ച് പറമ്പിക്കുളത്തേക്ക് കൊണ്ടു പോകാന്‍ പറഞ്ഞു. ഇതിനെതിരെ എം.എല്‍.എയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ സംഘടനകളും ഇതേ കോടതിയെ സമീപിച്ചു. അപ്പോള്‍ കോടതി പറഞ്ഞു മറ്റ് ഏതെങ്കിലും സ്ഥലത്തേക്ക് കൊണ്ടു പോയി ഉള്‍വനത്തിലേക്ക് കയറ്റി വിടാന്‍. സാറ്റ്ലൈറ്റ് കോളര്‍ ഐഡി പിടിപ്പിക്കാനും കോടതി നിര്‍ദേശിച്ചു. നമ്മുടെ സംസ്ഥാനത്തെ കാട്ടില്‍ നിന്നും ആനയെ പിടിക്കാനുള്ള എല്ലാ അധികാരവും തമിഴ്നാടിനും ഉണ്ട്. തമിഴ്നാട് അതിനെ പിടിക്കരുതെന്ന് പറയാന്‍ നമുക്ക് അധികാരമില്ല. ആനയെ ഞങ്ങള്‍ സംരക്ഷിച്ചോളാം എന്ന് നമുക്ക് പറയാന്‍ കഴിയും. നമ്മള്‍ പ്രൊട്ടക്ട് ചെയ്യേണ്ടെന്നാണ് കോടതിയുടെ നിലപാട്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേ വരെ വിധി പറഞ്ഞ ജഡ്ജി സര്‍ക്കാരിനേയോ വകുപ്പിനേയോ പ്രശംസിച്ച് കൊണ്ട് കത്തെഴുതിയിട്ടില്ല. ഈ ദൗത്യത്തില്‍ പങ്കെടുത്ത 150 പേരുടെയും സേവനത്തെയും സാഹസികതയേയും പ്രകീര്‍ത്തിച്ചു. വനംവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നുവെന്നാണ് ഇതിലൂടെ തെളിയുന്നത്.

സര്‍ക്കാരിനെ വെട്ടിലാക്കാനും അമിതമായ ആന പ്രേമം പ്രകടിപ്പിക്കാനും മോശം വകുപ്പാണെന്ന് വരുത്തി തീര്‍ക്കാനും അതിന് കൂട്ടുനില്‍ക്കാന്‍ മേനകാഗാന്ധിയൊക്കെയുള്ള വലിയ ശൃംഖലയൊക്കെയുണ്ട്. യാഥാര്‍ത്ഥ്യവുമായി അവര്‍ ഒരിക്കലും പൊരുത്തപ്പെടുന്നില്ല. മേനകാ ഗാന്ധിക്ക് ഞാനൊരു കത്തെഴുതിയിരുന്നു. അവര്‍ പറഞ്ഞതെല്ലാം വസ്തുതാ വിരുദ്ധമായത് കൊണ്ടാണ് കത്തെഴുതിയത്.

അരികൊമ്പനെ ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ നിന്നും പെരിയാറിലെ ഉള്‍വനത്തിലേക്ക് മാറ്റി. കാട്ടാനയ്ക്ക് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമെന്നാണ് വിദഗ്ധര്‍ പറഞ്ഞിരുന്നത്. എന്നിട്ടും കിലോമീറ്ററുകള്‍ സഞ്ചരിച്ച് ജനവാസ മേഖലയിലെത്തി. അരികൊമ്പനെ ഈ രീതിയില്‍ തന്നെയായിരുന്നോ മാറ്റേണ്ടിയിരുന്നത്?

ആനയെ എവിടെ കൊണ്ടു ചെന്നാക്കിയാലും ഭക്ഷണവും വെള്ളവും തേടി സഞ്ചരിച്ച് കൊണ്ടേയിരിക്കും. ആന മാത്രമല്ല ഏത് വന്യമൃഗവും ഒരു പ്രദേശത്ത് വീട് വെച്ച് അതിന് ചുറ്റും ജോലിയെടുത്ത് ജീവിക്കുന്നവരല്ല. വന്യമൃഗങ്ങള്‍ ഓരോ സ്ഥലത്തും ക്യാമ്പ് ചെയ്ത് പുതിയ പുതിയ കുടുംബങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഒരാളെ അതിക്രമിച്ച് കടക്കാനോ അതില്‍ നിന്ന് പുറത്ത് കടക്കാനോ സമ്മതിക്കില്ല. വളരെ ചിട്ടയോടു കൂടിയ ജീവിത ശൈലി അവര്‍ക്കുണ്ട്. ആനയെ പിടിച്ച് പറമ്പിക്കുളത്തേക്കോ മുല്ലപ്പെരിയാറിലേക്കോ നെയ്യാറിലേക്കോ കൊണ്ടു പോയാലും പെട്ടെന്ന് അവരുടെ വാസസ്ഥലവുമായി പൊരുത്തപ്പെടുന്നതല്ല. ഷിഫറ്റ് ചെയ്യണോ വേണ്ടയോ എന്നതാണ് പ്രശ്നം. ഷിഫ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന തരത്തിലുള്ളത് ചെയ്യുകയാണ് വേണ്ടത്. ഷിഫ്റ്റിംഗിന് പറ്റിയത് ആന പരിപാലന കേന്ദ്രമാണ്. മറ്റ് എവിടെയും ആനയുടെ സുരക്ഷ ഉറപ്പ് വരുത്താനാകില്ല. കോടതി നിര്‍ദേശം നടപ്പിലാക്കുമ്പോള്‍ പിടിച്ച് കാട്ടിലാക്കിയാല്‍ മതി. ഇതാണ് നമ്മളോട് പറഞ്ഞിരിക്കുന്നത്. പിന്നെ ആ ആനയുടെ ഉത്തരവാദിത്തം വനംവകുപ്പിന് ഇല്ല. അത്തരമൊരു നിരുത്തവാദപരമായ നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാരിനെയും വനംവകുപ്പിനെയും ആന പ്രേമികളും കോടതിയും ചേര്‍ന്ന് എത്തിച്ചു എന്ന് പരാതി പറയാം. അതിനെ ലംഘിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. അരികൊമ്പനെ ഇനി പിടിക്കാന്‍ പറയാതെ നമ്മളെങ്ങനെയാണ് പിടിക്കുക? ഈ കോടതി ഉത്തരവുള്ള കാലത്തോളം കേരളത്തിലെ വനംവകുപ്പിന് പിടിച്ച് കൂട്ടില്‍ കൊണ്ടു വരാന്‍ കഴിയില്ല. അവിടെ നിന്നും പിടിച്ച് മറ്റൊരു കാട്ടിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ ഈ ഉത്തരവ് തന്നെ മതിയാകുമായിരിക്കും. ഒരേ മൃഗം ഇന്ന് ചിന്നക്കനാലിലും നാളെ തേക്കടിയിലും മറ്റന്നാള്‍ പെരിയാറിലും അതിന് പിറ്റേ ദിവസം സൈലന്റ്വാലിയിലും പ്രശ്നമുണ്ടാക്കുക, പിന്നെ അവിടെ നിന്നും വയനാട്ടിലേക്ക് പിടിച്ച് കൊടുക്കുക എന്നത് നെവര്‍ എന്‍ഡിംഗ് പ്രോസസ് അല്ലേ. അതിലേക്ക് പോകാന്‍ സാധിക്കുമോ. വനംവകുപ്പായിരുന്നു ശരി. തമിഴ്നാട് എന്തെങ്കിലും ചെയ്യുമോ എന്നാണ് ഇനി നോക്കേണ്ടത്. അവിടുത്തെ ജനങ്ങളെ രക്ഷിക്കാനുള്ള നടപടി അവര്‍ക്ക് സ്വീകരിക്കണമല്ലോ. ഇത്ര ഗുരുതരമായ പ്രതിസന്ധിയുണ്ടാകുമെന്ന് ചിലപ്പോള്‍ കോടതി കരുതിയിട്ടുണ്ടാകില്ല. കേസ് കൊടുത്തവര്‍ കരുതിയിട്ടുണ്ടാകും. സര്‍ക്കാരിനെ വെട്ടിലാക്കാനും അമിതമായ ആന പ്രേമം പ്രകടിപ്പിക്കാനും മോശം വകുപ്പാണെന്ന് വരുത്തി തീര്‍ക്കാനും അതിന് കൂട്ടുനില്‍ക്കാന്‍ മേനകാഗാന്ധിയൊക്കെയുള്ള വലിയ ശൃംഖലയൊക്കെയുണ്ട്. യാഥാര്‍ത്ഥ്യവുമായി അവര്‍ ഒരിക്കലും പൊരുത്തപ്പെടുന്നില്ല. മേനകാ ഗാന്ധിക്ക് ഞാനൊരു കത്തെഴുതിയിരുന്നു. അവര്‍ പറഞ്ഞതെല്ലാം വസ്തുതാ വിരുദ്ധമായത് കൊണ്ടാണ് കത്തെഴുതിയത്.

2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഈ ഏഴ് കൊല്ലത്തിനിടയില്‍ വന്യജീവികളുടെ ആക്രമണം മൂലം 671 പേര്‍ മരിച്ചിട്ടുണ്ട്. അതിനിടെ സര്‍ക്കാര്‍ പിടിച്ചിട്ടുള്ളത് അരിക്കൊമ്പന്‍ ഉള്‍പ്പെടെ മൂന്ന് ആനകളെയും രണ്ട് കടുവകളെയുമാണ്. ഈയൊരു യാഥാര്‍ത്ഥ്യം ഉള്‍ക്കൊളളാതെ വരട്ട് തത്വവാദത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന നിലപാടുകളാണ് അരികൊമ്പനെ ഇത്ര പ്രശ്നക്കാരനും പ്രശസ്തനുമാക്കിയത്. സര്‍ക്കാരിന്റെ നിലപാട് തീവ്രവാദമെന്ന നിലയിലേക്ക് മാറരുത് എന്നതാണ്. ആനയോട് അമിത പ്രേമം കാരണം മനുഷ്യരെ അവഗണിക്കുക, തിരിച്ച് മനുഷ്യരോട് അമിത പ്രേമം കാണിച്ച് വന്യജീവികളെ അവഗണിക്കുക. ഇത് രണ്ടും പറ്റില്ല. വന്യജീവികളും മനുഷ്യരും സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. വന്യജീവികളെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷിക്കേണ്ടതും സര്‍ക്കാരാണ്. അര്‍ത്ഥവത്തായ രണ്ട് ദൗത്യം ഒരേ സമയം നടത്തുകയെന്ന ഭാരിച്ച ഉത്തവാദിത്തമാണ് വനംവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എടുക്കേണ്ടി വരുന്ന ഊര്‍ജ്ജവും ശ്രമവും ഇതുവരെ ആരും ഗൗരവത്തില്‍ കണ്ടിട്ടില്ല.

ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍സോണായിരിക്കണമെന്നത് വിധിയാണ്. സര്‍ക്കാര്‍ ഉത്തരിറക്കിയിട്ടില്ല. സുപ്രീംകോടതി വിധിക്കെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയര്‍ന്നു. അതില്‍ എങ്ങനെയാണ് സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുക. പക്ഷേ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഫോക്കസ് ചെയ്തത് എങ്ങനെയാണ്. സര്‍ക്കാരിന്റെ വീഴ്ചയായിട്ടല്ലേ. മലയോര മേഖലയില്‍ സര്‍ക്കാരിനെതിരെയല്ലേ പ്രതിഷേധിച്ചത്.

വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നില്ലേ?

സാമ്പത്തിക ബാധ്യത നോക്കി മനുഷ്യരെ രക്ഷിക്കാതിരിക്കാനാവുമോ. മനുഷ്യരെ രക്ഷിക്കേണ്ട കാര്യം വരുമ്പോള്‍ ഇത്ര രൂപയേ ചിലവാക്കാകൂ എന്ന നിലപാട് ഭരണകൂടത്തിന് സ്വീകരിക്കാനാകില്ല. സര്‍ക്കാരിന്റെ പരിമിതിക്ക് അകത്ത് നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയകരമായിരുന്നുവെന്ന് പി.ടി 7നും പി.എം 2വും തെളിയിക്കുന്നുണ്ട്. അവര്‍ രണ്ടും യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാതെ സുഖമായി വാഴുകയാണ്. തികച്ചും വിദഗ്ധ ചികിത്സയും ശാസ്ത്രീയമായ ആഹാരവുമാണ് നല്‍കുന്നത്. അവര് പോയി നമ്മള്‍ പിടിച്ച ആനകളെ സന്ദര്‍ശിക്കട്ടെ. ആനയെ പിടിക്കുന്നതിന്റെ തലേദിവസം കൂടി പിടി സെവനെ പാലക്കാട് പോയി കണ്ടിരുന്നു. ഉദ്യോഗസ്ഥരോടും സംസാരിച്ചു. ഒരു പ്രശ്നവുമില്ല. വളരെ സ്നേഹത്തോടെയാണ് നമ്മളോട് ഇപ്പോള്‍ പെരുമാറുന്നത്. ഞാന്‍ പോയ ദിവസം ആനയെ പിടിച്ചിട്ട് 40 ദിവസമേ ആയിട്ടുണ്ടായിരുന്നൊള്ളൂ.

ആറുമാസം വേണം പൊരുത്തപ്പെടാന്‍. അത് വേഗം പൊരുത്തപ്പെട്ടു. അരികൊമ്പനാകട്ടെ ആ കാടുമായി പൊരുത്തപ്പെട്ടില്ല. തമിഴ്നാട്ടില്‍ വെള്ളവും വെളിച്ചവും ഭക്ഷണവും ഉണ്ടായിട്ടാണെന്നാണെങ്കില്‍ അവിടെ നിന്നും ആനകള്‍ ഇവിടേക്ക് വരുന്നില്ലേ. ഒരു കണ്ണിലൂടെ മാത്രം കാണുന്ന കുറേ സ്വപ്ന ജീവികള്‍ നമ്മുടെ നാട്ടിലുണ്ട്. ആനയെ വിട്ടുകൂടെയെന്ന് ചോദിച്ച് ലോകത്തിന്റെ ഏതൊക്കെയോ ഭാഗങ്ങളില്‍ നിന്നും എത്ര പേരാണ് എന്നെ വിളിച്ചത്. ഒന്ന് രണ്ട് സ്ത്രീകള്‍ കരഞ്ഞു. അവരോട് പോയി കാണാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് പറയാനും പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് കൂടി പറയാമല്ലോ. ഒന്ന് രണ്ട് രാജ്യങ്ങളില്‍ ചില സീസണുകളില്‍ ജനന നിയന്ത്രണ പ്രൊജക്ട് പോലെ കൊല്ലാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇവിടെ അങ്ങനെ വേണമെങ്കില്‍ കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്തണം. കേരളത്തില്‍ മാത്രമാണ് ഇങ്ങനെയുള്ള സംഘര്‍ഷമുള്ളത്. മറ്റ് സ്ഥലങ്ങളില്‍ വില്ലേജ് അടിസ്ഥാനത്തിലാണ് ആളുകള്‍ താമസിക്കുന്നത്. ബാക്കി സ്ഥലങ്ങള്‍ കൃഷിയിടമോ തരിശ്ഭൂമികളോ ആണ്. അവര്‍ക്ക് ധാരാളം സ്ഥലങ്ങളുണ്ട്. പൊതുവേ വന്യജീവികളും കുറവാണ്. കേരളത്തില്‍ ജനവാസ മേഖലയല്ലാത്തതായി എവിടെയാണുള്ളത്.

കാടിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറം വന്യമൃഗങ്ങള്‍ പെരുകുന്നതാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിന് കാരണണായി കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്. വനംവകുപ്പിന്റെ വിലയിരുത്തലെന്താണ്?

2018ലാണ് സെന്‍സസ് നടന്നത്. 2021ല്‍ കേന്ദ്ര സര്‍ക്കാരിന്റെ സെന്‍സസ് നടന്നു. അത് പ്രധാനമായും കടുവകളെ സംബന്ധിച്ചാണ്. ആ സെന്‍സസ് പ്രകാരം കേരളത്തില്‍ കടുവകളുടെ എണ്ണം കുറയുകയാണ് ചെയ്തത്. കര്‍ഷകരുടെ ക്ഷേമം എന്ന് പറഞ്ഞ് പ്രവര്‍ത്തിക്കുന്നവരും വികാര ജീവികളാണ്. ഏകപക്ഷീയമായിട്ടാണ് പറയുന്നത്. വെടിവെച്ച് കൊല്ലണമെന്നും വരാതിരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും പറയും. നമ്മള്‍ എത്ര വേലി കെട്ടിയാലും അത് പൊളിക്കും.

2018നെയൊക്കെ അപേക്ഷിച്ച് നോക്കുമ്പോള്‍ കാടിന് പുറത്തേക്ക് എത്തുന്ന കടുവകളുടെ എണ്ണം കൂടുകയല്ലേ ചെയ്തത്?

കടുവകളുടെ എണ്ണം കുറയുകയാണ് ചെയ്തത്. പശ്ചിമഘട്ടത്തിന്റെ ചെരിവുകളില്‍ 154 കടുവകള്‍ കുറവാണ്. പടിഞ്ഞാറന്‍ ചെരിവിലാണല്ലോ കേരളവും തമിഴ്നാടിന്റെ ഒരു ഭാഗവുമുള്ളത്. അവിടെയാണ് കടുവകളുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്. വയനാട്ടില്‍ നമ്മള്‍ കടുവ സര്‍വ്വേ നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളവും തമിഴ്നാടും കര്‍ണാടകവും യോജിച്ച് കൊണ്ട് ഈ വരുന്ന 17,18,19 തിയ്യതികളില്‍ ആന സര്‍വേ നടത്തുകയാണ്. ആനകള്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നതിനാല്‍ ഒരേ സമയം സര്‍വേ നടത്തിയാല്‍ മാത്രമേ കൃത്യമായ കണക്ക് ലഭിക്കുകയുള്ളു. കുരങ്ങും മയിലും വര്‍ദ്ധിച്ചിട്ടുണ്ട്.

വന്യമൃഗ-മനുഷ്യ സംഘര്‍ഷത്തിന് എന്താണ് വനംവകുപ്പിന്റെ കൈയ്യിലുള്ള പരിഹാരം?

വന്യജീവികള്‍ ഇല്ലാതിരിക്കുക എന്നതാണ് ശാശ്വത പരിഹാരം. അത് ഒരു വകുപ്പിനും മനുഷ്യനും സ്വീകരിക്കാവുന്ന മാര്‍ഗമല്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ഡ്രെഡ്ജിംഗ് നടത്തിയാല്‍ നാല് ദിവസം കഴിയുമ്പോള്‍ ആനകള്‍ വന്ന് ചവിട്ട് മണ്ണ് ഇടിഞ്ഞ് മൂടുകയാണ്. റെയില്‍ ഫെന്‍സിംഗും ആനമതിലുമാണ് പിന്നെയുള്ളത്. ആറളത്ത് 11 കോടി രൂപ ചിലവിട്ട് മതിലുണ്ടാക്കിയിട്ടും ചവിട്ടി പൊളിച്ചു. വീണ്ടും 11 കോടി ചിലവിട്ട് ആനമതിലുണ്ടാക്കുകയാണ്. അപ്പോള്‍ അത് ശാസ്ത്രീയമാണോ. ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കാനുള്ള അറിവും വൈദഗ്ധ്യവും മനുഷ്യനുള്ളത് പോലെ വന്യജീവികള്‍ക്കും ഉണ്ടെന്ന് മനസിലാക്കാതെ എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കരുത്. സോളാര്‍ ഫെന്‍സിംഗും കമ്പിവേലിയുമാണ് പിന്നെ സ്ഥാപിക്കാനുള്ളത്. ഹാങ്ങിങ് സോളാര്‍ ഫെന്‍സിങ്ങാണ് നല്ലതെന്ന് ഇപ്പോള്‍ പറയുന്നു. അതും വലിയ മരങ്ങള്‍ പിഴിതെടുത്ത് ഒറ്റയടി അടിക്കുകയാണ്. അതിനെ മറികടക്കാനുള്ള കഴിവുണ്ട്. അനുവാദം കൊടുത്ത് 2500 പന്നികളെ വെടിവെച്ചിട്ടുണ്ട്. അത് പരിഹാരമാണോ. പന്നികള്‍ക്ക് ഫെന്‍സിംഗ് തടസ്സമല്ല. ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് പുറത്തേക്ക് വരുന്നതെന്ന് പറയുന്നു. നമ്മുടെ കാടുകളിലേക്ക് ഭക്ഷണം അന്വേഷിച്ച് കര്‍ണാടകയില്‍ നിന്നും മൃഗങ്ങള്‍ എത്തുന്നു. പ്രകൃതിയിലെ മാറ്റം വനേതര മേഖലയിലെ പോലെ വനത്തിലുമുണ്ട്. അന്തരീക്ഷ താപനിലയിലെ മാറ്റം വനത്തിനും ഭീഷണിയാണ്.

വ്യവസായ ആവശ്യങ്ങള്‍ക്ക് വേണ്ടി നേരത്തെ എടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടാണ് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചത്. അതില്‍ വരുന്നതാണ് യൂക്കാലിപ്റ്റസ്, മാഞ്ചിയം, മഞ്ഞക്കൊന്ന എന്നിവയൊക്കെ വനവിസൃതി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്. പരിസ്ഥിതിക്ക് ദോഷകരമാകുന്ന തരത്തില്‍ വെള്ളം വലിച്ചെടുക്കുന്ന മരങ്ങളാണ് തേക്ക് ഉള്‍പ്പെടെയുള്ളവ. തേക്ക് നേരത്തെ മുറിച്ച് മാറ്റിയിരുന്നു. ഇപ്പോള്‍ മുറിക്കാന്‍ പാടില്ലാത്തതിനാല്‍ നാട്ടിലും കാട്ടിലും അങ്ങനെ കിടക്കുകയാണ്. യൂക്കാലിപ്റ്റസ്, മാഞ്ചിയം, മഞ്ഞക്കൊന്ന എന്നീ അധിനിവേശ സസ്യങ്ങളെ മുറിച്ച് മാറ്റുകയാണ്. മഞ്ഞക്കൊന്നയുടെ ഒരു വേര് അവശേഷിച്ചാല്‍ അതില്‍ നിന്നും മുളപൊട്ടി വരും. ആദ്യം ഇതിന്റെ തൊലി മുഴുവന്‍ ചെത്തി ഉണക്കുകയാണ്. ഉണങ്ങിയ വേരില്‍ നിന്നും ചെടി വളരില്ലല്ലോ. വയനാട്ടിലെ 176 ഏക്കറില്‍ നിന്നും ഇപ്പോള്‍ വെട്ടി മാറ്റിയിട്ടുണ്ട്. മണ്ണിന്റെ ഊഷരത നിലനിര്‍ത്താന്‍ വേണ്ടിയാണിത്. പിന്നെ തടയണകള്‍ കൂടുതലായി നിര്‍മ്മിച്ചാല്‍ ആ നീരുറവകളല്ലേ നദിയിലേക്ക് എത്തുന്നത്. അത് അവിടെ തന്നെ തടഞ്ഞു നിര്‍ത്തുന്നതും പ്രശ്നമാകും. 44 നദികളുടെയും ഉറവിടം വനമേഖലയിലെ മഴയില്‍ നിന്നാണ്. എന്നാല്‍ അത് മുഴുവനായും തുറന്ന് വിടുകയും വേണ്ട. അതിന് ശാസ്ത്രീയമായ മാര്‍ഗം വേണം. വെള്ളപ്പൊക്കം തടയാന്‍ തടയണ നിര്‍മ്മിക്കുന്നത് പരിഹാരമാകുന്നുണ്ടോയെന്ന് നോക്കണം. അതാണല്ലോ കുറച്ച് കാലമായി ചെയ്യുന്നത്. നദികളുടെ ആഴം കുറഞ്ഞു പോയതാണ് പ്രശ്നം. നദികളില്‍ നിന്നും മണല്‍ വാരാതിരിക്കുന്നത് പ്രശ്നമാണ്. നദി കുഴിക്കണമെന്നല്ല. സ്വാഭാവികമായി ഉണ്ടാകുന്ന മണല്‍ നീക്കുകയാണ് വേണ്ടത്. മുമ്പ് ഒരു നിയന്ത്രണവുമില്ലാതെ മണല്‍ വാരിയ കാലത്ത് പുഴ സുഗമമായി ഒഴുകിയിട്ടില്ലേ. താല്‍ക്കാലികമായി വികാരപരമായി അവരെ തൃപ്തിപ്പെടുത്താനുള്ള ദീര്‍ഘവീക്ഷണമില്ലാത്ത നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഫലമായിട്ടാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്.

അതിരപ്പള്ളി പദ്ധതിയിലും വൈകാരികമായ പ്രതികരണങ്ങളാണല്ലോ പിന്നോട്ടടിക്കാന്‍ കാരണം?

എന്തിനാണ് അതെന്നാണ്. വെള്ളം പോലെ തന്നെ വൈദ്യുതിയും ആവശ്യമില്ലേ. ഇന്നത്തെ കാലത്ത് വൈദ്യുതിയില്ലാതെ മനുഷ്യര്‍ക്ക് ജീവിക്കാനാകില്ല. അശാസ്ത്രീയമായി ചെയ്യരുത്. ശാസ്ത്രീയമായ, യുക്തിസഹമായ തീരുമാനത്തിലേക്ക് എത്തി ഇതെല്ലാം പാരസ്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന വികസന സമീപനത്തിലൂടെ മാത്രമേ ഈ രീതിയിലുള്ള സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുകയുള്ളു. അതാരും ചെയ്യുന്നില്ലെന്നതാണ് പരാജയം. ഒരു പ്രശ്നത്തിനും തീവ്ര നിലപാടുകളല്ല പരിഹാരം. ഒന്നിന് നേരെ കണ്ണ് തുറക്കുകയും മറ്റൊന്നിന് നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നത് അത് രാഷ്ട്രീയത്തിലായാലും സാഹിത്യത്തിലായാലും വികസന മേഖലയിലായാലും ശരിയല്ല. നമ്മുടെ കണ്‍മുന്നിലെ യാഥാര്‍ത്ഥ്യത്തോടാണ് പ്രതികരിക്കേണ്ടത്. ഏത് പ്രശ്നവും പരിഹരിക്കാന്‍ കഴിയുമെന്നാണ് എന്റെ ഇപ്പോഴത്തെയും വിശ്വാസം. ഞാന്‍ വനംവകുപ്പ് മന്ത്രിയായതിന് ശേഷം തുടര്‍ച്ചയായി പ്രശ്നങ്ങളാണല്ലോ. ഞാന്‍ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത സ്ഥലമാണ് മുട്ടില്‍. ഇപ്പോഴും കണ്ടിട്ടില്ല. ആ പ്രശ്നം പരിഹരിച്ചില്ലേ. ബഫര്‍സോണ്‍ ഒരു കുട്ടിക്കും പ്രശ്നമില്ലാത്ത രീതിയില്‍ പരിഹരിച്ചില്ലേ. അരികൊമ്പന്‍ വിഷയത്തില്‍ കോടതി പറഞ്ഞത് പോലെ ചെയ്തില്ലേ.

ബഫര്‍സോണില്‍ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞുവെന്ന് പറയാമോ?

ബഫര്‍സോണില്‍ സൂപ്രീംകോടതി വിധി നമുക്ക് അനുകൂലമായല്ലേ. ആ പ്രശ്നം ആരുടെ സൃഷ്ടിയാണ്. കേസ് കൊടുത്ത ആള്‍ മരിച്ചിട്ട് 12 കൊല്ലമായി. ഗോദവര്‍മ്മന്‍ തിരുമൂല്‍പ്പാടിന്റെ നിലമ്പൂര്‍ കോവിലകവുമായുള്ള സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായിട്ടാണ് ആ ഭൂമി ബഫര്‍സോണ്‍ ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. പ്രതികാരത്തിന്റെ ഭാഗമായിട്ടാണ് വന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍സോണായിരിക്കണമെന്നത് വിധിയാണ്. സര്‍ക്കാര്‍ ഉത്തരിറക്കിയിട്ടില്ല. സുപ്രീംകോടതി വിധിക്കെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയര്‍ന്നു. അതില്‍ എങ്ങനെയാണ് സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുക. പക്ഷേ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഫോക്കസ് ചെയ്തത് എങ്ങനെയാണ്. സര്‍ക്കാരിന്റെ വീഴ്ചയായിട്ടല്ലേ. മലയോര മേഖലയില്‍ സര്‍ക്കാരിനെതിരെയല്ലേ പ്രതിഷേധിച്ചത്. വളരെ നല്ല കാര്യമാണ് ചെയ്യുന്നതെന്നാണ് ഞാന്‍ സമരക്കാരോട് പറഞ്ഞത്. കാരണം ജനങ്ങളുടെ വികാരം കോടതിയെ ബോധ്യപ്പെടുത്താന്‍ ഇതിലൂടെ കഴിയുമല്ലോ. രണ്ട് ദിവസം കൂടുതല്‍ ചെയ്യാനും വേണമെങ്കില്‍ സമരം ഉദ്ഘാടനം ചെയ്യാമെന്നും പറഞ്ഞു. സര്‍ക്കാര്‍ ഇതിന്റെ എല്ലാ ഭാഗങ്ങളും പരിശോധിച്ച് അപ്പീല്‍ പോകാനും കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനും തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാടുണ്ടാകുകയും റിവ്യൂ പെറ്റീഷന്‍ അവര്‍ കൊടുത്തപ്പോള്‍ നമ്മള്‍ കക്ഷി ചേരുകയും ചെയ്തു. നമ്മുടെ പരാതി വേറെയും കൊടുത്തു. ആ റിവ്യു പെറ്റീഷനില്‍ കേന്ദ്ര സര്‍ക്കാര്‍ എന്താണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് ആ കേസ് തീര്‍ന്നു എന്ന് പറയുന്നത്. 3-06-2022നാണ് ഈ ഉത്തരവ്. ആ സമയത്ത് ബഫര്‍സോണ്‍ സംബന്ധിച്ച് തയ്യാറാക്കി കരട് വിജ്ഞാപനമായി വരികയോ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നോട്ടിഫിക്കഷന്‍ നടത്താന്‍ തീരുമാനിച്ചിട്ട് പെന്റിഡിംഗില്‍ കിടക്കുകയോ ചെയ്തിട്ടുള്ള എല്ലാ പ്രൊപ്പോസലുകളെയും ഈ വിധിയില്‍ നിന്നും ഒഴിവാക്കണമെന്നാണ്. നമ്മുടെ പ്രെപ്പോസല്‍ കേന്ദ്ര സര്‍ക്കാരില്‍ പെന്‍ഡിംഗിലാണ്. ജനവാസ മേഖല, ആശുപത്രികള്‍, കച്ചവട സ്ഥാപനങ്ങള്‍, ഓഫീസുകള്‍, കൃഷിയിടങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കാമെന്ന് ഇപ്പോള്‍ വിധി വന്നല്ലോ. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനവും കൂറ്റന്‍ കെട്ടിടങ്ങളും പാടില്ല. രാസവസ്തുക്കള്‍ ഉപയോഗിക്കരുത്. അവിടുത്തെ പാവപ്പെട്ട കര്‍ഷകരില്‍ ആര്‍ക്കാണ് ഫാക്ടറികളും പാറമടകളും ഉള്ളത്. നാലോ അഞ്ചോ നില കെട്ടിടമുള്ളത്. സാധാരണ കര്‍ഷകരുടെ പ്രശ്നം പരിഹരിച്ച് കഴിഞ്ഞു. ബഫര്‍സോണ്‍ വിഷയം ഫോക്കസ് ചെയ്തതിന്റെ അഞ്ച് ശതമാനം പോലും ഈ വിധി ഫോക്കസ് ചെയ്തില്ല. അരികൊമ്പന്റെ വിഷയത്തില്‍ ജഡ്ജി നാല് പേജ് കത്തയച്ചത് അസാധാരണ നടപടിയല്ലേ. അതും ആരും ഫോക്കസ് ചെയ്തില്ല. ബഫര്‍സോണില്‍ കര്‍ഷകര്‍ക്ക് അനുകൂല വിധിയെന്ന് ആരും പറഞ്ഞില്ലല്ലോ. ബിഷപ്പുമാരും കര്‍ഷക സംഘടനകളും സമരം നടത്തിയില്ലേ. അവിടെ തന്നെ കള്ളനാണയങ്ങളുണ്ട്. പന്നികളെ വെടിവെക്കാന്‍ അനുമതി നല്‍കിയപ്പോള്‍ ലൈസന്‍സുള്ളവര്‍ അധികമുണ്ടായിരുന്നില്ല. വളണ്ടിയര്‍മാരെ തെരഞ്ഞെടുത്ത് വെടിവെക്കാനുള്ള പരിശീലനം നല്‍കാമെന്ന് ആഭ്യന്തര വകുപ്പ് പറഞ്ഞതാണ്. സര്‍ട്ടിഫിക്കറ്റ് കിട്ടിയവര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള പ്രൊപ്പോസല്‍ ഡി.ജി.പി നല്‍കുകയും അപേക്ഷ ക്ഷണിക്കുകയും ചെയ്തു. കിഫയാണ് അതിനെതിരെ പരാതി കൊടുത്തു. അങ്ങനെ ലൈസന്‍സ് കൊടുക്കരുതെന്നും കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡ പ്രകാരമുള്ള ലൈസന്‍സ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം നമ്മള്‍ ആവശ്യപ്പെട്ടിട്ട് എത്ര കാലമായി. യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ ബുദ്ധിമുട്ടിച്ചത് ആരാണ്. ഇതിനിടെ നടക്കുന്ന അന്തര്‍നാടകങ്ങള്‍ പുറത്ത് കൊണ്ടു വരാന്‍ മാധ്യമങ്ങളും ശ്രമിക്കുന്നില്ല. നിങ്ങളെങ്കിലും ആ അണിയറ കഥകള്‍ കൊണ്ടുവരാന്‍ ശ്രമിക്കണം.

കിഫ രാഷ്ട്രീയ താല്‍പര്യത്തോടെയാണോ ഇടപെടുന്നത്?

എല്ലാ കാര്യത്തിലും. അവര്‍ക്കുള്ളയത്ര ധാരണ ജഡ്ജിക്ക് പോലും ഇല്ലെന്നാണ്. അവര്‍ സര്‍വേ നടത്തി. 16518 അല്ല 21000 ഉണ്ടെന്ന്. ഇവര്‍ക്ക് ആ കണക്ക് എവിടെ നിന്നാണ് കിട്ടിയത്. നമ്മള്‍ പഞ്ചായത്തിലെയും വനംവകുപ്പിലെയും ഉദ്യോഗസ്ഥരെ വച്ച് ഫീല്‍ഡ് സര്‍വേ നടത്തി, വിദഗ്ധ സമിതിയെ വച്ചു. അതിനേക്കാള്‍ ആധികാരികമായ സര്‍വേ അവര്‍ നടത്തിയിട്ടുണ്ടോ. ഇവര്‍ സര്‍വ്വജ്ഞനമാരാണെന്ന് പറയുന്നത് എന്ത് കൊണ്ടാണ്. കടുവകളുടെ എണ്ണം 154 ഉണ്ടെന്ന് പറഞ്ഞു. എന്ത് സര്‍വേയാണ് അവര്‍ നടത്തിയത്. ആനകളുടെ എണ്ണം വര്‍ദ്ദിച്ചുവെന്ന് പറയാന്‍ എന്ത് സര്‍വേയാണ് നടത്തിയത്. മനുഷ്യന്‍മാരല്ലേ യന്ത്രങ്ങളല്ലല്ലോ സര്‍വേ നടത്തിയിട്ടുണ്ടാകുക. ഇവരുടെ കൈയിലുള്ളത് ശാസ്ത്രീയവും സര്‍ക്കാരിന്റെ കൈവശമുള്ളത് അശാസ്ത്രീയവുമാണെന്ന് പറയുന്നതിന്റെ യുക്തി എന്താണ്. നമ്മള്‍ മന്ത്രിമാരല്ലല്ലോ കണക്കുണ്ടാക്കുന്നത്. അതിനെക്കുറിച്ച് അറിവുള്ളവരല്ലേ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ കടുവാ സെന്‍സസ് എടുക്കുന്നത് അങ്ങനെയല്ലേ. ആ റിപ്പോര്‍ട്ടല്ലേ പ്രധാനമന്ത്രിക്കായാലും ആഭ്യന്തരമന്ത്രിക്കായാലും പുറത്ത് വിടാനാകൂ.

അരികൊമ്പന്‍ മിഷന് നേതൃത്വം കൊടുത്ത ഡോക്ടര്‍ അരുണ്‍ സക്കറിയക്കെതിരെ ഭീഷണിപ്പെടുത്തലും സൈബര്‍ ആക്രമണവും നടക്കുന്നു. ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കൊടുത്തുന്ന നടപടിയല്ലേ ഇതെല്ലാം?

അതിനെയെല്ലാം അതിജീവിക്കാനുള്ള എല്ലാ ശേഷിയും ശക്തിയും അവര്‍ക്കുണ്ട്. ഈ ദൗത്യത്തില്‍ നിന്നും പിന്മമാറിയാല്‍ എന്താണെന്ന് ഞാന്‍ ആലോചിച്ചുവെന്ന് അദ്ദേഹം പറഞ്ഞല്ലോ. പക്ഷേ അത് ശരിയല്ലെന്ന് കണ്ട് ദൗത്യം പൂര്‍ത്തിയാക്കി. അപ്പോള്‍ ആരാണ് തോറ്റത്. ഭീഷണിപ്പെടുത്തിയവര്‍ തോറ്റിറ്റുണ്ട്. അനവസരത്തില്‍ ആര്‍ക്കെതിരെയും പ്രയോഗിക്കേണ്ട ആയുധമല്ല ഭീഷണിയെന്ന് അവര്‍ ഓര്‍ക്കണം. ചില ഘട്ടങ്ങളില്‍ അത്തരം ഭീഷണി കര്‍മ്മശേഷി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. വെല്ലുവിളി വരുമ്പോള്‍ എന്നാല്‍ നമുക്ക് നോക്കാമെന്ന് ചിന്തിക്കും. അങ്ങനെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. കോടതി അഭിനന്ദിച്ചത് അഭിമാനത്തോടെയാണ് ഞാന്‍ കാണുന്നത്. അഭിനന്ദനം കിട്ടുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം കിട്ടും. നിങ്ങള്‍ എന്ത് ചെയ്താലും അതിനെ അതിജീവിക്കാനുള്ള കരുത്ത് സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ഉണ്ട്.

ടൂറിസം വന്യമൃഗങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സമാകുന്നുണ്ടോ?

ടൂറിസം ബാധിക്കുന്നത് കൊണ്ട് അത് വേണ്ടെന്ന് വെക്കാന്‍ പറ്റുമോ. സമയവായത്തിലൂടെയാണ് ഇതെല്ലാം പരിഹരിക്കേണ്ടത്. വളരെ നിഷ്പക്ഷമായി ആലോചിച്ചാല്‍ ദേശീയ പാത ഒഴികെ കേരളത്തിലെ റോഡുകള്‍ പോകുന്നത് എങ്ങനെയാണ്. കാട് വെട്ടിത്തെളിച്ചാണ് എല്ലാ റോഡും നിര്‍മ്മിച്ചിട്ടുള്ളത്. തലശ്ശേരി - മൈസൂര്‍ റോഡില്‍ നേരത്തെ മൃഗങ്ങള്‍ സഞ്ചരിച്ചിരുന്നതല്ലേ. ഇപ്പോള്‍ രാത്രിയും പകലും ടണ്‍ കണക്കിന് ഭാരം കയറ്റിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഹോണടിച്ച് പോകുന്നത് ഇവര്‍ക്ക് പ്രശ്നമാകില്ലേ. എന്നിട്ടും നമ്മുടെ ആവശ്യം കൂടുതല്‍ റോഡുകളല്ലേ. മലയോര ഹൈവേ പോകുന്നത് കാടിനോട് ചേര്‍ന്നല്ലേ. കാടിനോട് ചേര്‍ന്ന് റോഡില്ലാത്ത സ്ഥലത്ത് പോയി താമസിച്ച പത്താള്‍ക്ക് വേണ്ടി റോഡ് നിര്‍മ്മിക്കണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറയുക. അവര്‍ പോകുമ്പോള്‍ റോഡുണ്ടാകുകയും പിന്നീട് നഷ്ടപ്പെടുകയും ചെയ്താല്‍ ശരിയാണ്. കുന്നിന് മുകളില്‍ പാറയില്‍ വീട് കെട്ടി കൃഷി ചെയ്ത് താമസിക്കുമ്പോള്‍ അവര്‍ക്ക് റോഡും വൈദ്യുതിയും ഇല്ലയെന്ന് വികാരപരമായി പറയുന്നത് ഇതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ. 1924ല്‍ വെള്ളപ്പൊക്കം മൂലം തകര്‍ന്നതാണ് ആലുവ- മൂന്നാര്‍ രാജപാത. ഈ റോഡ് വീണ്ടും നിര്‍മ്മിക്കണമെന്നാണ് ആവശ്യം. ഇന്നത്തെ കാലത്ത് വൈദ്യുതിയും വെള്ളവും ഇന്റര്‍നെറ്റുമെല്ലാം വേണം. കാടിനുള്ളിലൂടെ ആയാലും ആളുകള്‍ താമസിക്കുന്നിടത്ത് അത് എത്തിക്കേണ്ടതല്ലേ. ഏറ്റവും കുറവ് അപകടം ഏതാണെന്ന് മനസിലാക്കി ആ സമീപനം സ്വീകരിക്കണം. വനംവകുപ്പിനെ അങ്ങനെ മാറ്റാനാണ് ഞാന്‍ ശ്രമിക്കുന്നത്. അവര്‍ കൃത്യമായി പറ്റില്ലെന്ന് പറയും. അത് പറ്റില്ലെന്നും നിങ്ങളെ പോലെയുള്ള മനുഷ്യരാണ് അവിടെ താമസിക്കുന്നതെന്നും ഞാന്‍ പറയും. ഒന്നര ഏക്കറില്‍ അധികം ഭൂമി ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ അനുവാദം കൊടുക്കാന്‍ ഒടുവില്‍ തീരുമാനിച്ചു. വന സൗഹൃദ സദസ്സിന് ശേഷം അത്തരം കുറച്ച് റോഡുകള്‍ വരും. പഞ്ചായത്ത് മെമ്പര്‍മാരെ നാട്ടുകാര്‍ റോഡിന്റെ പേരില്‍ ഖരാവോ ചെയ്യും. ആ സൗകര്യം ഒരുക്കുകയെന്നത് അവരുടെ കടമല്ലേ. എല്ലാ ആവശ്യങ്ങളോടും സിമ്പതറ്റിക് അപ്രോച്ച് ഉണ്ടാകണം. ഇങ്ങനെയുള്ള സമീപനത്തിലേക്ക് വനംവകുപ്പിനെ എത്തിക്കുകയെന്ന അതിസാഹസികമായ പ്രവര്‍ത്തിയാണ് ഞാന്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

വയനാട്ടില്‍ കടുവയുടെ ഭീഷണി നിലനില്‍ക്കുന്ന മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ കര്‍ഷകര്‍ തന്നെ പറഞ്ഞ കാര്യം പശുവിനെ പോലും വളര്‍ത്തി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ്. ജീവിതം വഴിമുട്ടി പോകുന്ന പാവപ്പെട്ട മനുഷ്യര്‍ എങ്ങനെ അതിജീവിക്കുമെന്ന ചോദ്യമില്ലേ?

നാലപത്തിയയ്യായിരം കന്നുകാലികളുണ്ട് വയനാട് വനമേഖലയില്‍. ഇതൊക്കെ അവിടുത്തുകാരുടേതാണോ. അവിടെ ഒരാള്‍ക്ക് എങ്ങനെയാണ് നൂറും നൂറ്റിയമ്പതും കന്നുകാലികള്‍ വന്നത്. നാലോ അഞ്ചോ പശും ആടും പോത്തുമാണ് ഉണ്ടാവുക. വനാശ്രീത സമൂഹത്തിന്റെ ഉപജീവന മാര്‍ഗ്ഗമാണിത്. അതിനെ തടയാന്‍ പാടില്ല. അവര്‍ നൂറിലധികം കന്നുകാലികളെ സംരക്ഷിക്കുന്നുണ്ട്. അത് കോട്ടയത്തോ തൊടുപുഴയിലോ വെള്ളിമാട്കുന്നിലോ എലത്തൂരോ ഉള്ളവരുടേതാണ്. അവര്‍ പോറ്റാനായി ഏല്‍പ്പിക്കുകയാണ്. പോറ്റുന്നവര്‍ക്ക് രണ്ട് പശുവിനെ നല്‍കും. ആ കച്ചവടമാണ് നടക്കുന്നത്. അവിടെ തൊടാന്‍ പറ്റുമോ.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT