അരികൊമ്പന് വിഷയത്തില്‍ ശാന്തന്‍പാറ പഞ്ചായത്തിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് മുന്‍ ഇടുക്കി എം.പിയായിരുന്ന അഡ്വക്കേറ്റ് ജോയസ് ജോര്‍ജായിരുന്നു. ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ജോയ്സ് ജോര്‍ജ് വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം, ഇടുക്കിയിലെ കുടിയേറ്റ ജനതയുടെ അതിജീവനം എന്നിവയെക്കുറിച്ച് സംസാരിക്കുന്നു.
അരികൊമ്പനെ മാറ്റിയിട്ടും ആനക്കൂട്ടം ജനവാസ മേഖലയില്‍ എത്തുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. നഷ്ടപരിഹാരം നല്‍കി ഒഴിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് പലരും മുന്നോട്ട് വെക്കുന്നത്. ആനക്കൂട്ടം തുടരുമ്പോള്‍ അതല്ലേ പോംവഴി?
ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് 2013ന് ശേഷം രാജ്യത്ത് റീഹാബിലിറ്റേഷന്‍, സെറ്റില്‍മെന്റ് എന്നിവയില്‍ പൊതുവായ സമീപനമുണ്ട്. നമ്മുടെ സംസ്ഥാനത്ത് ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ പല മുന്നൊരുക്കങ്ങളും നടത്തി. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം സാമൂഹിക-പാരിസ്ഥിതിക ആഘാത പഠനങ്ങളാണ്. ആനയുടെ പേരില്‍ മാറ്റുമ്പോഴും സാമൂഹിക-പാരിസ്ഥിതിക ആഘാതം കൃത്യമായി മനസിലാക്കണം. അരികൊമ്പന്റെ നീതിക്ക് വേണ്ടി കോടതിയും സര്‍ക്കാരും പൊതുസമൂഹവും കാണിച്ച വലിയ താല്‍പര്യം ഈ മനുഷ്യര്‍ക്ക് വേണ്ടിയും ഉയരണം. അവരെ പുനരധിവസിപ്പിക്കണം. കുടുംബത്തിന് 15ലക്ഷം രൂപ കൊടുക്കുന്ന പുനരധിവാസ പാക്കേജുണ്ട്. ആ പതിനഞ്ച് ലക്ഷം ഈ പാവപ്പെട്ടവന് കൊടുത്ത് ഒഴിവാക്കണമെന്ന നിര്‍ദേശം കോടതി മുറിയില്‍ കേട്ടു. അങ്ങനെയുള്ള നിര്‍ദേശവും കേട്ട് പതിനഞ്ച് ലക്ഷവും കൊടുത്ത് ഈ പാവപ്പെട്ടവരെ എവിടേക്കെങ്കിലും ഇറക്കി വിടുന്നതിന് പകരം കൃത്യമായ സാമൂഹിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ അന്തസ്സായി ജീവിക്കാന്‍ പറ്റുന്ന രീതിയില്‍ പുനരധിവസിപ്പിക്കണം. കോടതിയുടെയോ സര്‍ക്കാരിന്റെയോ ഉത്തരവില്‍ മാത്രം പോരാ ഈ പുനരധിവാസ സമീപനം. താഴേത്തട്ടില്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മനുഷ്യരെ ബോധ്യപ്പെടുത്തിയാല്‍ ഈ പ്രശ്നം നേരിടുന്ന എല്ലാ മേഖലയിലും പരിഹാരമുണ്ടാകും. ആരും അതിന് എതിര് നില്‍ക്കില്ല. കാരണം ഒരു മനുഷ്യനും ജീവനും കയ്യില്‍ പിടിച്ച് അരക്ഷിതാവസ്ഥകളുടെ നടുവില്‍ ജീവിക്കാന്‍ ആഗ്രഹിക്കില്ല. മറ്റ് മാര്‍ഗമില്ലാത്തത് കൊണ്ടാണ് അവിടെ ജീവിക്കുന്നത്. കയ്യേറ്റക്കാരും കുഴപ്പക്കാരുമെന്നും പറഞ്ഞ് അവരെ കൈകാര്യം ചെയ്ത് വന്യജീവിയെ സംരക്ഷിച്ചേക്കാമെന്ന ഏകപക്ഷീയമായ നിലപാട് എവിടെ നിന്നുണ്ടായാലും ഇരകളാക്കപ്പെടുന്ന മനുഷ്യര്‍ അതിനെ ചെറുക്കുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.
അരികൊമ്പന്‍ മിഷനില്‍ പങ്കെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വരെ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നടക്കുന്നു. നേരത്തെ അത് നേരിട്ടിട്ടുള്ള ഒരാളാണ് താങ്കള്‍. ഇതിനെ എങ്ങനെയാണ് താങ്കള്‍ കാണുന്നത്?
ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ ചില പ്രതികരണങ്ങള്‍ ഞാന്‍ കണ്ടിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് ഒട്ടും അത്ഭുതമുണ്ടാക്കുന്നില്ല. കുടിയേറ്റ കര്‍ഷകന്റെ മകനായി മലയോര മേഖലയില്‍ ജനിച്ച് വളര്‍ന്ന ആളാണ് ഞാന്‍. സര്‍ക്കാര്‍ പള്ളിക്കൂടത്തിലും കേരളത്തിലെ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിച്ച് അഭിഭാഷകനായ ആളാണ്. എനിക്ക് ബോധ്യമുള്ള കാര്യങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ മാത്രമല്ല ഞാനുമായി ബന്ധമുള്ളവരെയും കുടുംബാംഗങ്ങളെയും വ്യക്തിഹത്യ നടത്താനും ഇല്ലാതാക്കാനും നീക്കം നടന്നു. അത് ഇതുപോലെ ഫോണിലൂടെ മുഖമില്ലാത്തവര്‍ മാത്രമായിരുന്നില്ല, മുഖമുള്ളവരും ഭരണകര്‍ത്താക്കളും ഉന്നത സ്വാധീനമുള്ളവരും പ്രിവിലേജുള്ളവരുമെല്ലാം കൂട്ടം ചേര്‍ന്നായിരുന്നു ആക്രമിച്ചത്. ഒരുവശത്ത് ഒറ്റയ്ക്ക് നിന്ന് പ്രതിരോധിക്കാന്‍ വിധിക്കപ്പെട്ട ആളാണ്. ഇപ്പോഴും ആ തരം അക്രമണങ്ങള്‍ നേരിടുന്നു.
കുടിയേറ്റ മനുഷ്യരുടെ പ്രശ്നങ്ങള്‍ രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടു വന്ന ആളാണ് താങ്കള്‍. സമീപ കാലത്ത് പലരും ഇത്തരം തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാവുന്നുണ്ട്. ആ മാറ്റം സമൂഹത്തില്‍ സംഭവിക്കുന്നില്ലേ?
തീര്‍ച്ചയായും. 2007ല്‍ അവിചാരിതമായി ഒരു കേസുമായി ബന്ധപ്പെട്ട് മലയോര ജനതയുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നത്. അന്നാണ് കുടിയേറ്റ ചരിത്രത്തിന്റെ നിയമപരമായി കാര്യങ്ങള്‍ മനസിലാക്കുന്നത്. സ്വയം പ്രേരിതരായി മനുഷ്യര്‍ വനത്തിലേക്ക് പോയി ഭൂമി കെട്ടിപ്പിടിച്ചതല്ല. ഓരോ കാലത്തെയും സാമൂഹ്യ സാഹചര്യങ്ങളില്‍ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാന്‍ മനുഷ്യരെ നിര്‍ബന്ധിച്ച് നടത്തിയ കുടിയേറ്റങ്ങളാണ്. 1822 ലെ ഏലം കൃഷിയുമായി ബന്ധപ്പെട്ട റോയല്‍ പ്രൊക്ലമേഷന്‍ പരിശോധിച്ചാല്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഖജനാവ് നിറയ്ക്കുന്നതിനായി ഏലയ്ക്ക ഉത്പാദിപ്പിക്കാനായി ആളുകളെ പ്രേരിപ്പിക്കുന്നതാണെന്ന് കാണാം. ഇതുപോലെ ദുര്‍ഘടം പിടിച്ച മേഖലയില്‍ ജോലി ചെയ്യുന്നതിനായി കറുപ്പും കഞ്ചാവും ഉള്‍പ്പെടെ വിതരണം ചെയ്യുന്നതിനുള്ള സംവിധാനം വരെ ഒരുക്കിയാണ് ആളുകളെ കൊണ്ടു വന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വലിയ ഭക്ഷ്യക്ഷാമം ഉണ്ടായപ്പോള്‍ അതിനെ മറികടക്കാന്‍ പുല്‍മേടുകളും തണ്ണീര്‍ത്തടങ്ങളും കൃഷിക്കാര്‍ക്കായി പതിച്ച് നല്‍കി അവരെ കൊണ്ടു വരികയായിരുന്നു. പിന്നീട് സര്‍ക്കാര്‍ പണവും ഭൂമിയും നല്‍കി ആളുകളെ നിര്‍ബന്ധിച്ച് കുടിയിരുത്തി. അങ്ങനെ വരുന്നവര്‍ മലമ്പനിയും രോഗങ്ങളും പിടിച്ച് മരിച്ചു. അവരെയെല്ലാം എവിടെയാണ് അടക്കിയതെന്ന് പോലും അറിയില്ല. 1950ന് ശേഷം വിദേശനാണ്യം നേടിക്കൊടുക്കാന്‍ തേയിലയും കാപ്പിയും കുരുമുളകും കൃഷി ചെയ്തത് ഈ പ്രദേശങ്ങളിലാണ്. ഏറ്റവും മോശം കാലാവസ്ഥയോടും പ്രകൃതിയോടും പോരാടിയാണ് ഈ മനുഷ്യര്‍ രാജ്യത്തിന് വേണ്ടി ഇതെല്ലാം നേടി കൊടുത്തത്. നവലിബറല്‍ കാലഘട്ടത്തില്‍ ഇറക്കുമതി നിയമങ്ങള്‍ മാറുകയും ഈ കൃഷികളൊന്നും രാജ്യത്തിന്റെ അനിവാര്യതയല്ലാതാവുകയും പരിസ്ഥിതി സംരക്ഷണമാണ് ലാഭകരമായ വ്യാപാരമെന്ന് കണ്ടെത്തുകയും ചെയ്ത കാലത്താണ് കുടിയേറ്റ മനുഷ്യരെ കയ്യേറ്റക്കാരും കൊള്ളക്കാരും വനംനശിപ്പിക്കുന്നവരുമാണെന്ന പൊതുബോധം ഉണ്ടാക്കിയത്. അവരെ ഒരുവശത്തേക്ക് മാറ്റി നിര്‍ത്തി കുടിയിറക്കാനുള്ള നീക്കം നടത്തിയത്. അതിന്റെ ഭാഗമായാണ് മതികെട്ടാനിലെ കുടിയിറക്കും 2007ലെ മൂന്നാര്‍ ഒഴിപ്പിക്കലും നിവേദിത.പി.ഹരന്‍ റിപ്പോര്‍ട്ടും മലയോര മനുഷ്യരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടായതും. കോടിക്കണക്കിന് രൂപ ചിലവിട്ടുള്ള വനവത്ക്കരണ പദ്ധതികള്‍ ഉണ്ടാക്കുകയും അതിന്റെ ലാഭം പറ്റുന്ന വലിയ വിഭാഗം മറുവശത്തുണ്ട്. ഈ തിരിച്ചറിവില്‍ നിന്നാണ് കൂട്ടായ്മയിലൂടെ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമം ആരംഭിക്കുന്നത്. ലേഖനങ്ങളായി പ്രസിദ്ധീകരിക്കുകയും ആളുകളെ ബോധവത്കരിക്കുകയും ചെയ്തു. 2014ല്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ നേരിട്ട ആക്രമണം വളരെ വലുതാണ്. ഇന്ന് അനുകൂലമായി സംസാരിക്കുന്നവരില്‍ വലിയ വിഭാഗവും മറുപക്ഷത്തോടൊപ്പമായിരുന്നു. പിന്നീട് ആശയപ്രചരണവും ഡാറ്റകള്‍ കണ്ടെത്തലും കൂടുതല്‍ ആളുകള്‍ ചെയ്തതോടെ പൊതുസമൂഹം കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നു. 2010ല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സംസാരിക്കുമ്പോള്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സാഹചര്യം മാറി രണ്ടു പക്ഷവും സംസാരിക്കുന്ന തരത്തിലുള്ള മാറ്റം പതുക്കെ രൂപപ്പെടുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.
ചിന്നക്കനാലില്‍ നിന്നും അരികൊമ്പനെ മാറ്റിയതിനെതിരെ സോഷ്യല്‍ മീഡിയാ കാമ്പയിനുകള്‍ നടക്കുന്നു. കാട്ടാന ഹീറോയായി മാറുമ്പോള്‍ ഇപ്പുറത്ത് നില്‍ക്കുന്ന മനുഷ്യര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കാണാതെ പോകുകയല്ലേ?
മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ സാഹചര്യം മനസ്സിലാക്കാതെയാണ് ആളുകള്‍ പലപ്പോഴും ഇത്തരം വിഷയങ്ങളോട് പ്രതികരിക്കുന്നത്. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യര്‍ കടന്നു കയറി അവയ്ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കിയത് കൊണ്ടാണ് ഈ സംഘര്‍ഷമുണ്ടാകുന്നതെന്നും മനുഷ്യരാണ് ഇതിന് ഉത്തരവാദികളെന്നുമുള്ള പൊതുബോധം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വസ്തുത തിരിച്ചാണ്. മനുഷ്യന്‍ അവന്റെ ആവസാ വ്യവസ്ഥ വികസിപ്പിച്ച് അതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിലാണെങ്കില്‍ 1977 ജനുവരി ഒന്ന് എന്ന കട്ടോഫ് ഡേറ്റ് വച്ചിട്ട് വനത്തിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റത്തെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. അതിന് ശേഷം വനഭൂമിയിലേക്കുള്ള കുടിയേറ്റമോ കൈയേറ്റമോ എന്തു തന്നെയാവട്ടെ അംഗീകരിക്കുന്നില്ല. വനജീവി സംരക്ഷണ നിയമത്തിന്റെ നടത്തിപ്പ് ശക്തിപ്പെടുന്നത് എണ്‍പതുകളിലാണ്. അതിന് ശേഷം വന്യജീവികളുടെ എണ്ണം വല്ലാതെ പെരുകി. നിയമം വരുന്നതിന് മുമ്പ് വന്യജീവികളെ വേട്ടയാടുകയും കൊല്ലുകയും ചെയ്തിരുന്നു. അത് പൂര്‍ണമായും നിന്നു. വന്യജീവികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ അവയ്ക്ക് കാട്ടിനുള്ളില്‍ നില്‍ക്കാനാകാതെ വരികയും ജനവാസ മേഖലയിലേക്ക് ഇറങ്ങി അവിടെ പ്രശ്നമുണ്ടാക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്ത് വിട്ട സെന്‍സസ് കണക്കനുസരിച്ച് 1993 ല്‍ കേരളത്തില്‍ 3500 ആനകളാണ് ഉണ്ടായിരുന്നത്. 2017ലാണെന്ന് തോന്നുന്നു അവസാനമായി സെന്‍സസ് നടന്നത്. അതനുസരിച്ച് 5701 ആനകളുണ്ട്. കേരളത്തില്‍ ആനകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് 65 ശതമാനമാണ്. എന്നാല്‍ രാജ്യത്ത് ആകമാനം കാട്ടാനകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനയുടെ ശതമാനം 17 ശതമാനം മാത്രമാണ്. പോപ്പുലേഷന്‍ ഡെന്‍സിറ്റി പെര്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ കൂടുതലായിട്ടുള്ള ഒരു സംസ്ഥാനത്താണ് വന്യജീവികളുടെ എണ്ണം ഇത്രത്തോളം കൂടുന്നത്. വന്യജീവി സംരക്ഷണത്തില്‍ നാം കാണിക്കുന്ന താല്‍പര്യമായിട്ടും ഇതിനെ കാണാന്‍ കഴിയും. അങ്ങനെയുള്ള സാഹചര്യത്തിലും മനുഷ്യരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പരിസ്ഥിതി സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നത്. വളരെ ആസൂത്രതിമായി നടക്കുന്ന ആ ശ്രമത്തിന്റെ ഭാഗം തന്നെയാണ് അരികൊമ്പന് രക്തസാക്ഷി പരിവേഷമോ വീരനാക്കുകയോ ചെയ്യുന്നതും അരികൊമ്പന്റെ മറുവശത്ത് ഇരകളാകളായി തീര്‍ന്ന മനുഷ്യരെ കുറ്റവാളികളായി ചിത്രീകരിക്കുന്നതും അവരുടെ നീതിക്കായി മുറവിളി കൂട്ടിയ ചിന്നക്കനാലിലെ ആളുകള്‍ കുഴപ്പക്കാരാണെന്ന് പ്രചരിപ്പിക്കുന്നതുമായി വലിയ ചര്‍ച്ച രൂപപ്പെടുന്നതും.
ആദിവാസികളല്ല, കുടിയേറ്റക്കാരും കയ്യേറ്റക്കാരുമാണ് ആനയെ മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്ന പ്രചരണവും ശക്തമാണ്. അരികൊമ്പനെ മാറ്റുന്ന സമയത്ത് അതില്‍ വിഷമമുണ്ടെന്ന് പറയുന്ന തദ്ദേശീയരുടെ വീഡിയോയും പുറത്ത് വന്നിരുന്നു. ഇതില്‍ ഇരുപക്ഷമുണ്ടോ?
അരികൊമ്പനുണ്ടായിരുന്ന ഭൂപ്രദേശം പെട്ടെന്ന് ഒരു ദിവസം കയ്യേറ്റമോ കുടിയേറ്റമോ ഉണ്ടായ ഇടമല്ല. ആനയിറങ്കല്‍ ഡാം ഉള്‍പ്പെടെയുള്ള പ്രദേശം 1800കളില്‍ തന്നെ ജോണ്‍ മണ്‍ട്രോ സായിപ്പിന് തിരുവിതാംകൂര്‍ മഹാരാജാവ് തേയിലത്തോട്ടം ഉണ്ടാക്കാന്‍ നല്‍കിയതാണ്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങളും തിരുവിതാംകൂര്‍ മഹാരാജാവ് ഏലം കൃഷി ചെയ്യാനായും നല്‍കി. ആനയിറങ്കല്‍ ഡാമിന് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ അവിടെ നിന്നും ആളുകളെ കുടിയിറക്കിയിട്ടുണ്ട്. 1910ല്‍ രാജാവ് കൊടുത്ത ഭൂരേഖകളുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കൃത്യമായ സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ജീവിക്കുന്നവരാണ് അവിടെയുള്ള ഭൂരിപക്ഷം ആളുകളും. കയ്യേറ്റം നടന്നിട്ടുണ്ടെങ്കില്‍ അത് ഒഴിപ്പിച്ച് സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാവുന്നതാണ്. വര്‍ഷങ്ങളായി ജീവിക്കുന്നവരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല. ഗോത്രവര്‍ഗ്ഗക്കാരാണ് പിന്നെ അവിടെയുള്ളത്. പാര്‍ലമെന്റ് അംഗമായിരുന്നപ്പോള്‍ അവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ആദിവാസികള്‍ക്ക് വന്യജീവി അക്രമണം കൊണ്ടുള്ള പ്രതിസന്ധി രൂക്ഷമാണ്. മുതുവാന്‍ സമുദായത്തില്‍പ്പെട്ട ആളുകളാണ് അവിടെയുള്ളത്. മുതുവാന്‍ വിഭാഗക്കാര്‍ കൃഷി ചെയ്ത് ജീവിക്കുന്നവരാണ്.
ആദിവാസികള്‍ക്ക് ആനയെ മാറ്റുന്നതില്‍ വിഷമമുണ്ടെന്ന് പറയുന്ന വീഡിയോയുടെ വസ്തുത എനിക്ക് അറിയില്ല. ചില ആദിവാസി ഗോത്രങ്ങള്‍ ആനയെ ദൈവമായി കണ്ട് ആരാധിക്കുന്നവരാണ്. ആനയെ പിടിച്ച് മാറ്റുമ്പോള്‍ അവര്‍ വൈകാരികമായി പ്രതികരിച്ചതാവാം. അപ്പോഴും വസ്തുത അവിടെ നില്‍ക്കുന്നു. വൈല്‍ഡ് ആനിമല്‍ ആയ ആന മനുഷ്യരുടെ ആവാസ വ്യവസ്ഥയിലേക്ക് വരികയായിരുന്നു. വിളകള്‍ നശിപ്പിക്കുക മാത്രമായിരുന്നില്ല, വീടുകള്‍ റെയ്ഡ് ചെയ്ത് അവിടെ നിന്നും അരി ഉല്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും എടുക്കുകയായിരുന്നു. മനുഷ്യരെ കൊന്നുവെന്ന് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയിട്ടുണ്ട്. അരികൊമ്പന്‍ ഏഴ് പേരെ കൊന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഏറ്റവും അവസാനമുണ്ടായ മൂന്ന് മരണങ്ങള്‍ നോണ്‍ ആക്സിഡന്റല്‍ ഡെത്ത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന കൊന്നു എന്ന് തന്നെയാണല്ലോ പറയുന്നത്. ആ ആനയെ വിദഗ്ധര്‍ ചേര്‍ന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ആനയുടെ ആരോഗ്യത്തിനും മനുഷ്യരുടെ സുരക്ഷയ്ക്കും അതായിരുന്നു നല്ലത്. അവിടെ നിന്നും തമിഴ്നാട്ടിലേക്ക് കടന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തി വീടുകള്‍ ആക്രമിച്ചതായി വാര്‍ത്തകള്‍ വരുന്നു. ഈ ആനയുടെ സ്വഭാവമാണിത്.
ലോകരാജ്യങ്ങള്‍ വന്യജീവികളെ മാനേജ് ചെയ്യുകയാണ്. കാടിന്റെ ആവാസ വ്യവസ്ഥയുടെ വാഹക ശേഷി മനസിലാക്കി അതിന് അനുസരിച്ച് നിയന്ത്രച്ച് നിര്‍ത്തുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നത്. പല സ്ഥലങ്ങളിലും കള്ളിംഗ് തന്നെയാണ് നടക്കുന്നത്. വന്ധ്യംകരണം പോലുള്ള കാര്യങ്ങളും പരീക്ഷിക്കുന്നുണ്ട്. മനുഷ്യരെ വിശ്വാസത്തിലെടുത്ത് അവരുടെ പങ്കാളിത്തം ഉറപ്പാക്കി കൊണ്ടു മാത്രമേ കണ്‍സര്‍വേഷന്‍ സാധ്യമാകുകയുള്ളുവെന്നാണ് ലോകത്താകമാനം കാണുന്നത്. വൈല്‍ഡ് ലൈഫ് മാനേജ്മെന്റ് എന്ന ഏറ്റവും പരിഷ്‌കൃതവും പ്രായോഗികവുമായ സമീപനത്തിലേക്കാണ് എത്തേണ്ടത്. കാല്‍പനികമായി കാണുകയും വൈകാരികമായി പ്രതികരിക്കുകയും ചെയ്യുമ്പോള്‍ ഇരകളായ മനുഷ്യരുടെ അരക്ഷിതബോധം വര്‍ദ്ധിക്കും. ആ മനുഷ്യരുടെ നിലനില്‍പ്പ് പ്രധാനമാകുമ്പോള്‍ അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല. നിലനില്‍പ്പിനും അതിജീവനത്തിനുമായി നടത്തുന്ന ചെറുത്തു നില്‍പ്പുകളെ കയ്യേറ്റമെന്നോ മറ്റോ അധിക്ഷേപിക്കാം. എറണാകുളം പോലുള്ള പട്ടണങ്ങളിലെ സുരക്ഷിതമായ പഞ്ചനക്ഷത്ര സമാനമായ കെട്ടിടങ്ങളിലോ ശീതികരിച്ച സ്വീകരണമുറികളിലോ ഇരുന്ന് ടി.വിയില്‍ ഈ വാര്‍ത്ത കണ്ട് പ്രതികരിക്കുന്നവര്‍ക്ക് ഈ പ്രതിസന്ധി മനസിലാകില്ല. ജീവന്‍ വാരിപ്പിടിച്ച്, രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് കട്ടിലിനടിയില്‍ പതുങ്ങിയിരിക്കുന്ന മനുഷ്യരുണ്ട്. വന്യജീവികളുടെ ശല്യം കാരണം സ്വന്തമായുള്ള കൂരയുടെ മുകളില്‍ വീണ്ടുമൊന്ന് കെട്ടി അതില്‍ രാത്രി ഉറങ്ങാതിരിക്കുന്ന മനുഷ്യരുണ്ട്. വീടിനോട് ചേര്‍ന്ന മരത്തില്‍ ഏറുമാടമുണ്ടാങ്ങി രാത്രി കഴിച്ചു കൂടുന്നവരുണ്ട്. വന്യമൃഗത്തിന് മുന്നില്‍ അകപ്പെട്ട് ജീവനും കൊണ്ട് ഓടുമ്പോള്‍ കൊല്ലപ്പെടുന്നവരുണ്ട്. ഉറ്റയരും ഉടയവരും നഷ്ടപ്പെട്ടവരുണ്ട്. അവരുടെ മുന്നില്‍ മാധ്യമങ്ങളോ സോഷ്യല്‍മീഡിയയോ ഇല്ല. ശബ്ദം ഉറക്കെ കേള്‍പ്പിക്കാന്‍ ഒരു മാധ്യമവുമില്ല. ആന വരുമ്പോള്‍ ഉറക്കെ കരയാനേ അവനറിയൂ. ആ അലറി വിളി അവന്‍ നില്‍ക്കുന്ന പ്രദേശത്തിന് ചുറ്റുമുള്ള നാല് മലകളില്‍ തട്ടി പ്രതിധ്വനിക്കുക മാത്രമാണുണ്ടാകുന്നത്. പുറത്തേക്ക് കേള്‍ക്കാത്ത ആ നിലവിളി കൂടി കേള്‍ക്കണം. അവരുടെ ജീവിതത്തിന് മുന്നില്‍ ആന ഭീകരരൂപമായി നില്‍ക്കുമ്പോള്‍ ഇതിനെ കാല്‍പനികവത്കരിച്ച് കവിത എഴുതുന്നു.
ആനയിറങ്കല്‍ ആനയുടെ ഇടമെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അതേ സ്ഥലത്തേക്ക് മതികെട്ടാനില്‍ ഭൂമി നല്‍കിയ ആദിവാസികളെ മാറ്റിപ്പാര്‍പ്പിക്കാനായി നിര്‍ദേശിച്ചുള്ള കത്തും പുറത്ത് വന്നിട്ടുണ്ട്. ഇങ്ങനെ മനുഷ്യരെ ഇത്തരം മേഖലകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിലും പ്രശ്നങ്ങളില്ലേ?
നഗരസഭകളില്‍ ആനച്ചാല്‍ എന്ന് പേരുള്ള സ്ഥലങ്ങളില്ലേ. നമ്മുടെ നാട്ടില്‍ അങ്ങനെ പേരുള്ള എത്രയോ സ്ഥലങ്ങളുണ്ട്. അതിലൊന്നാണിത്. അവിടെ ഒരുപക്ഷേ ആനകള്‍ വരുന്ന സ്ഥലമായിരിക്കാം. അപ്പോഴും നേരത്തെ പറഞ്ഞ ചരിത്ര വസ്തുതകള്‍ നിലനില്‍ക്കുന്നുണ്ട്. ഭൂമിയില്‍ അവകാശം ലഭിച്ച മനുഷ്യരാണ് അവിടെയുള്ളത്. അവിടെ ആനയുണ്ടായതിന് പല വ്യാഖ്യാനങ്ങളുണ്ട്. ആനമല, പളനി, ഹൈറേഞ്ച് സതേണ്‍ ലാന്റ് സ്‌കേപ്പ് എന്ന് പറയുന്നതിന്റെ ഭാഗമാണ് ആനയിറങ്കല്‍ ഉള്‍പ്പെടെയുള്ള പ്രദേശം എന്നാണ് പറയുന്നത്. അവിടെ വനമല്ലാത്ത പ്രദേശത്തും ആന നില്‍ക്കുന്നുണ്ട്. ടാറ്റയുടെയും ഹാരിസണിന്റെയും തോട്ടങ്ങളില്‍ ആനകളെ കാണാം. ആനയിറങ്കല്‍ വൈദ്യുതി പദ്ധതിക്കായി ഡാം നിര്‍മ്മിച്ച് വെള്ളം നിറക്കുമ്പോള്‍ അവിടെ ഒറ്റപ്പെട്ടു പോയ മൂന്നോ നാലോ ആനകള്‍ പെറ്റുപെരുകി 35ഓളം ആനകളായി മാറി. അങ്ങനെയൊരു പ്രദേശം പേര് കൊണ്ട്് മാത്രം ആനത്താവളമാണെന്ന പ്രചരണത്തിലേക്ക് വസ്തുതാവിരുദ്ധമായി എത്തുന്നതില്‍ കാര്യമില്ല.
മതികെട്ടാന്‍ചോല നാഷണല്‍ പാര്‍ക്ക് ഉണ്ടാക്കുന്നതിന് പിന്നില്‍ കൃത്യമായ ഗൂഡാലോചന ഉണ്ടായിരുന്നുവെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഉന്നയിച്ചിട്ടുള്ള ആളാണ് ഞാന്‍. ആ വസ്തുതയില്‍ ഞാന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. മതികെട്ടാന്‍ചോല ദേശീയോദ്യാനം എന്നത് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും അന്തിമ വിജ്ഞാപനം വന്നിട്ടില്ലെന്നും ശാന്തന്‍പാറ പഞ്ചായത്ത് ഹൈക്കോടതിയില്‍ കൊടുത്ത റിട്ട് പെറ്റീഷനില്‍ ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടും വനംവകുപ്പ് മറുപടി നല്‍കിയിട്ടില്ല. മതികെട്ടാനില്‍ റവന്യൂഭൂമി പിടിച്ചെടുത്ത് ദേശീയോദ്യാനമാക്കിയപ്പോള്‍ ആ ഭൂമിക്ക് പകരം 302 കോളനിയില്‍ ആദിവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വനംവകുപ്പ് തന്നെ നിര്‍ദേശിക്കുന്ന കത്താണ് പുറത്ത് വന്നിരിക്കുന്നത്. ഗോത്രാവര്‍ഗ്ഗക്കാര്‍ പ്രിവിലേജില്ലാത്ത മനുഷ്യരാണ്. അവര്‍ ജീവിക്കേണ്ട ആവാസ വ്യവസ്ഥയില്‍ നിന്നും പുറത്താക്കപ്പെട്ടവരാണ്. അവരെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ആനത്താരയുള്ള സ്ഥലത്ത് കുടിയിരുത്തി. അവര്‍ കാരണം ആന അക്രമാസക്തമാകുന്നുവെന്നും അവരെ മാറ്റിപ്പാര്‍പ്പിക്കണമെന്നും ഇപ്പോള്‍ പറയുന്നു. അവരെ അവിടേക്ക് മാറ്റിപ്പാര്‍പ്പിച്ച സര്‍ക്കാര്‍ നടപടികളും പുനഃപരിശോധിക്കേണ്ടതല്ലേ. അരികൊമ്പനെ മുന്നില്‍ നിര്‍ത്തി രൂപപ്പെടുന്ന പൊതുബോധത്തിന്റെ അടിസ്ഥാനത്തില്‍ കോടതി ഉള്‍പ്പെടെ പല നടപടികളിലേക്കും കടക്കുകയാണ്. വിദഗ്ധ സമിതികളും അവരുടെ നിര്‍ദേശങ്ങളും നടപ്പിലാക്കുമ്പോള്‍ രണ്ടോ മൂന്നോ പതിറ്റാണ്ടിന് ശേഷം തെറ്റായിരുന്നുവെന്ന് വിലയിരുത്തപ്പെടുമ്പോള്‍ അതിന് വിലകൊടുക്കേണ്ടി വരുന്ന പാവപ്പെട്ട മനുഷ്യരുണ്ട്. സ്വീകരണ മുറികളില്‍ ഇരുന്ന് മനുഷ്യ സ്നേഹം പ്രസംഗിക്കുന്നവരും മാനവികതയേയും സകല ചരാചരങ്ങളെക്കുറിച്ചും സ്നേഹത്തെപ്പറ്റിയുമെല്ലാം പ്രസംഗിക്കുന്നവര്‍ പാവപ്പെട്ട ഈ മനുഷ്യരെക്കുറിച്ച് എന്തുകൊണ്ട് ചിന്തിക്കുന്നില്ല. ആ മനുഷ്യര്‍ ഗോത്രവര്‍ഗ്ഗക്കാരും തോട്ടംതൊഴിലാളികളും പാവപ്പെട്ട കൃഷിക്കാരുമാണ്. ഒരു പ്രിവിലേജുമില്ലാത്ത ആ മനുഷ്യര്‍ക്ക് മൃഗത്തിന് കൊടുക്കുന്ന പരിഗണനയെങ്കിലും നല്‍കണ്ടേ. അതിലേക്കെങ്കിലും കാല്‍പനിക ഭാവനക്കാര്‍ എത്തണമെന്നാണ് വിനയപൂര്‍വ്വം പറയാനുള്ളത്.
ഇടുക്കിയിലെ വന്യമൃഗ ശല്യത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒന്ന് ടൂറിസവും റിസോട്ടുകളുമാണ്. ഇതില്‍ എത്രത്തോളം വാസ്തവമുണ്ട്?
കേരളത്തില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വലിയ ചര്‍ച്ചയാണ്. ചില മതമേലധ്യക്ഷന്‍മാരാണ് ആശങ്കപ്പെടുന്നതില്‍ ഏറെയും. കേരളത്തിലെ പ്രധാന സാമ്പത്തിക സ്രോതസ്സ് നാണ്യവിളകളായിരുന്നു. പ്രത്യേകിച്ച് റബ്ബറും കുരുമുളകും ഏലവും കാപ്പിയും തേങ്ങയും അടയ്ക്കയുമെല്ലാമായിരുന്നു. ഈ കാര്‍ഷിക മേഖല തൊണ്ണൂറുകള്‍ വരെ വളരെ ലാഭകരമായിരുന്നു. സര്‍ക്കാര്‍ ജോലിയിലേക്കും വിദേശത്തേക്കും പോയത് വളരെ കുറച്ച് പേര്‍ മാത്രമായിരുന്നു. ഗ്ലോബലൈസേഷനും വിവിധ കരാറുകളും കാരണം നാണ്യവിളകള്‍ ലാഭകരമല്ലാത്ത കൃഷിയാകുകയും അതിനെ ആശ്രയിച്ച് ജീവിക്കാവുന്ന സാഹചര്യമല്ലാതാകുകയും ചെയ്തു. ആ ഘട്ടത്തിലാണ് ആളുകള്‍ നാടുവിടുന്നത് ആരംഭിച്ചത്. ഐ.ടിക്കാര്‍ അമേരിക്കയിലേക്കും ആരോഗ്യമേഖലയിലുള്ളവര്‍ യൂറോപ്പിലേക്കും പോകാന്‍ തുടങ്ങി. വിദ്യാഭ്യാസത്തിന് വേണ്ടിയും വിദ്യാര്‍ത്ഥികള്‍ പോകുന്നു. കേരളത്തിന് പ്രത്യേകമായിട്ടുള്ള പരിസ്ഥിതിയും കാലാവസ്ഥയുമുണ്ട്. ഇവിടെ നാളെയുള്ള സാധ്യത ടൂറിസം മാത്രമാണ്. അതിനെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍. ടൂറിസത്തില്‍ പ്രധാനപ്പെട്ട കാര്യം താമസിക്കാനുള്ള നല്ല ഇടങ്ങളാണ്. റിസോട്ടുകളും ഹോട്ടലുകളും നിര്‍മ്മിക്കാന്‍ സബ്സിഡി നല്‍കി സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അങ്ങനെയുള്ള നിര്‍മ്മാണ പ്രവൃത്തികളില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ ഇവിടെത്തെ സാധാരണ മനുഷ്യരെ കുറ്റപ്പെടുത്താനാകുമോ. നിയന്ത്രിക്കേണ്ടതും കൃത്യമായ ചട്ടങ്ങള്‍ കൊണ്ടു വരേണ്ടതും സര്‍ക്കാരാണ്. അത് ചെയ്യാതെ ഇതൊക്കെ അനുവദിച്ച് കൊടുക്കും. പൊളിറ്റിക്കല്‍ കറപ്ഷനേക്കാള്‍ വളരെ വലുതാണ് എക്സിക്യൂട്ടീവ് തലത്തിലുള്ള അഴിമതി. അതിന്റെ ഉത്തരവാദിത്തം കൂടി കൃഷിക്കാരെന്റെയും ഗോത്രവര്‍ഗ്ഗക്കാരുടെയും തലയില്‍ കെട്ടിവെച്ച് പുകമറ സൃഷ്ടിക്കുന്നു. അഞ്ച് വര്‍ഷക്കാലം എം.പിയായിരുന്ന ആള്‍ എന്ന നിലയില്‍ വളരെ ഉത്തരവാദിത്തത്തോടെ പറയാവുന്ന കാര്യം എന്റെ ജില്ലയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകര്‍ ആരും തന്നെ ഈ നാട്ടില്‍ റിസോര്‍ട്ടുകള്‍ ഉണ്ടാക്കിയിട്ടില്ല. മറ്റ് നാട്ടുകളില്‍ നിന്നും മൂലധന പിന്‍ബലത്തോടെ എത്തിയവരാണ് ഉണ്ടാക്കിയത്. അവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കിയത് ഭരണകൂട സംവിധാനവും ജുഡീഷ്യറിയുമൊക്കെ തന്നെയാണ്. അതിന്റെ പാപഭാരം കൂടി പാവപ്പെട്ടവരുടെ തലയില്‍ കെട്ടിവെയ്ക്കുന്നത് ശരിയല്ല.
വനത്തിനുള്ളില്‍ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമമുള്ളതിനാലാണ് വന്യജീവികള്‍ കാടിറങ്ങുന്നതെന്നാണ് ഇടുക്കി ജില്ലാതല ടാസ്‌ക് ഫോഴ്‌സ് ഹൈക്കോടയില്‍ നല്‍കിയ റിപ്പോര്‍ട്ട്. യൂക്കാലിപ്റ്റസ് മരങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കണിച്ചിരിക്കുന്നത്. പകരം കാട്ടില്‍ പുല്ലും ഈറ്റയും വച്ച് പിടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതാണോ പ്രായോഗികമായി പരിഹാരം?
കാടിന്റെ സ്വാഭാവികത ഇല്ലാതായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കാട്ടിനകത്ത് യൂക്കാലിപ്റ്റസ് മാത്രമല്ല തേക്കുള്‍പ്പെടെയുള്ള വാണിജ്യ താല്‍പര്യത്തോടെയുള്ള പ്ലാന്റേഷന്‍ നടത്തുന്നത് സംസ്ഥാന സര്‍ക്കാരും വനംവകുപ്പാണ്. ചിന്നക്കനാലിലും ശാന്തന്‍പാറയിലും രേഖകള്‍ പ്രകാരം ഒരു സെന്റീമീറ്റര്‍ പോലും വനഭൂമിയില്ല. മതികെട്ടാന്‍ ദേശീയോദ്യാനം ഉണ്ടാക്കിയത് റവന്യൂഭൂമിയിലാണ്. റവന്യൂഭൂമിയിലെ കുറേ പ്രദേശങ്ങള്‍ ഓരോ ഘട്ടത്തിലും വനംവകുപ്പ് ഏറ്റെടുത്ത് പ്ലാന്റേഷന് വേണ്ടിയാണ്. ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്തോട് ചേര്‍ന്ന് മരങ്ങള്‍ വച്ച് പിടിപ്പിച്ചത് അവരാണ്. റവന്യൂഭൂമിയില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയാണ്. അത് തന്നെയാണ് ദേവികുളം പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും സംഭവിക്കുന്നത്. 2000 വരെയുള്ള കാലങ്ങളില്‍ സബ്സിഡിയുള്ള ലോണ്‍ നല്‍കി കൃഷി ഭൂമിയില്‍ ഉല്‍പ്പെടെ മരങ്ങള്‍ വച്ച് പിടിപ്പിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ മേല്‍നോട്ടത്തിലാണിത്. കാടിന്റെ സ്വാഭാവികത ഇല്ലാതാക്കി. തിരിച്ച് സ്വാഭാവികതയുണ്ടാക്കുന്നതിന് ആരും എതിരല്ല. വേള്‍ഡ് ബാങ്കിന്റെ സഹായത്തോടെ വനത്തിനുള്ളിലെ വനവത്കരണം നടത്തിയിട്ടുണ്ട്. വലിയ അഴിമതി പദ്ധതിയായി മാറുകയായിരുന്നു. മഴക്കാലത്ത് പ്ലാന്റ് ചെയ്തും വേനല്‍ക്കാലത്ത് തീയിട്ടും നടന്ന മാഫിയ സംഘം ഈ സംവിധാനത്തിന് അകത്ത് നില്‍ക്കുകയാണ്. അങ്ങനെയുള്ളിടത്താണ് യൂക്കാലി മാറ്റി വനത്തിന്റെ സ്വാഭാവികത തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്ന് എവിടെയെങ്കിലും ഇരുന്ന് ആരെങ്കിലുമൊക്കെ സ്വപ്നം കണ്ടിട്ട് കാര്യമില്ല. കോടതി ഉത്തരവിറക്കിയാല്‍ അതുണ്ടാകില്ല. അതുണ്ടാകാന്‍ ശക്തമായ ഇടപെടലുണ്ടാകാണം. എല്ലാം ഉത്തരവിടലിലൂടെ ശരിയാക്കി കളയാമെന്ന് കോടതി വിചാരിച്ചാലും നടക്കില്ലെന്നത് നമ്മുടെ നാട്ടിലെ പച്ചയായ യാഥാര്‍ത്ഥ്യമാണ്. സ്വാഭാവിക വനം ഉണ്ടാക്കി ആനകളെ കാട്ടിലേക്ക് തിരിച്ചയക്കുന്നതില്‍ നമുക്കൊക്കെ വലിയ സന്തോഷമാണ്. ഞാന്‍ പ്രതിനിധാനം ചെയ്യുകയും സംസാരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരുടെ ആഗ്രഹം വന്യജീവികളും ആവാസ വ്യവസ്ഥയും ഇതുപോലെ നിലനില്‍ക്കണമെന്ന് തന്നെയാണ്. ഞങ്ങള്‍ ഇവിടെ കൃഷി ചെയ്യുന്നത് ട്രോപ്പിക്കല്‍ ഫോറസ്റ്റാണ്. അതില്‍ മാത്രമാണ് ഏലവും കാപ്പിയും കുരുമുളകും തേയിലയുമെല്ലാം വളരുന്നത്. ടെമ്പറേച്ചറിലെ വ്യതിയാനം പോലും കൃഷിയെ ബാധിക്കും. അത് നിലനിന്നാല്‍ മാത്രമേ ഇവിടെ ജീവിക്കാന്‍ കഴിയുകയുള്ളു. നശിച്ച് പോകരുതെന്ന് മാത്രമല്ല നഷ്ടപ്പെട്ട് പോയവ തിരിച്ച് പിടിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് ഇവിടെയുള്ളത്. പക്ഷേ അത് മറ്റൊരു കൊള്ളയ്ക്ക് വഴിയൊരുക്കി ഇവിടെയുള്ള മനുഷ്യരെ കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് എത്തിക്കരുത്. കാടിനുള്ളില്‍ വെള്ളവും ഭക്ഷണവും എത്തിക്കണമെന്ന് തന്നെയാണ് ഞങ്ങളും ആവശ്യപ്പെടുന്നത്. അതോടൊപ്പം കാടിന് ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ വന്യജീവികളുടെ എണ്ണം കൂടി നിയന്ത്രിക്കണം. വീടിനകത്ത് ഉള്‍ക്കൊള്ളാവുന്നവര്‍ക്കല്ലേ അവിടെ ഇരിക്കാനാവൂ. ഒരു മുറിക്കകത്ത് എന്തെല്ലാം സൗകര്യം ഒരുക്കിയാലും നാല് പേര്‍ക്ക് ഇരിക്കാവുന്നിടത്ത് അമ്പത് ആളെ ഉള്‍ക്കൊള്ളാനാവില്ലല്ലോ.