Interview

വയനാട്ടില്‍ ഇത്ര കടുവകളുണ്ടെന്ന് പറയുന്നത് വിഡ്ഢിത്തം: ഡോക്ടര്‍ അരുണ്‍ സക്കറിയ

വയനാട്ടില്‍ വന്യജീവി ആക്രമണം കൂടുകയാണ്. പ്രതിരോധവും പ്രതിഷേധവും വാര്‍ത്തകളില്‍ നിറയുന്നു. ഈ സാഹചര്യത്തില്‍ വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ സംസാരിക്കുന്നു.

വയനാട്ടില്‍ ജനവാസമേഖലയില്‍ കടുവകളുടെ സാന്നിധ്യം കൂടുതലായി കാണുന്നു. കടുവകളുടെ എണ്ണം കൂടുന്നതു കൊണ്ടാണോ ഇത്?

12000 സ്‌ക്വയര്‍ കിലോമീറ്ററുള്ള തുടര്‍ച്ചയായുള്ള വനമേഖലയുടെ ഭാഗമാണ് വയനാട് വന്യജീവി സങ്കേതം. നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണിത്. നാഗര്‍ഹോളെ, മുതുമല, ബന്ദിപ്പൂര്‍, സത്യമംഗലം, വയനാട് എന്നിങ്ങനെ വലിയൊരു ലാന്‍ഡ്‌സ്‌കേപ്പാണിത്. ലോകത്ത് തന്നെയുള്ള ഏറ്റവും വലിയ, തുടര്‍ച്ചയായ ലാന്‍ഡ്‌സ്‌കേപ്പ്. വയനാട് വന്യജീവി സങ്കേതത്തിലെ കണക്ക് എടുക്കാന്‍ നോക്കുമ്പോള്‍ തൊട്ട് ചേര്‍ന്ന് സൗത്ത് വയനാടും നോര്‍ത്ത് വയനാടും ബ്രഹ്‌മഗിരിയുമുണ്ട്. ഇതെല്ലാം ഇങ്ങനെ ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളാണ്. വയനാട് ജില്ലയില്‍ ഇത്ര കടുവയുണ്ടെന്ന് പറയുന്നത് അപ്രായോഗികമാണ്. കാരണം കടുവയ്ക്ക് ജില്ലകളില്ലല്ലോ. വന്യമൃഗങ്ങള്‍ ഇങ്ങനെ യാത്ര ചെയ്തുകൊണ്ടിരിക്കും. മുമ്പ് വയനാട് ജില്ലയില്‍ അതായത് കാലാവസ്ഥയില്‍ മാറ്റം വരുന്നതിന് മുമ്പ്, വേനല്‍ക്കാലത്ത് മഴ കിട്ടുന്നതും വെള്ളമുള്ളതുമായ സ്ഥലം വയനാടായിരുന്നു. ആ സമയത്ത് കാട്ടുപോത്തും ആനയും ഉള്‍പ്പെടെയുള്ള മൃഗങ്ങളെല്ലാം ഇവിടേക്ക് യാത്ര ചെയ്യും. കടുവകളും ആ സമയത്ത് മൂവ് ചെയ്യുന്നുണ്ടാകും. കൃത്യമായി ഇത്ര കടുവകളുണ്ടെന്ന് പറയുന്നത് വിഡ്ഢിത്തമാണ്.

2018-ലെ സെന്‍സസില്‍ 154 കടുവകളുടെ സാന്നിധ്യമാണ് വയനാട്ടില്‍ കണ്ടെത്തിയത്. അത്രയേറെ കടുവകളെ ഉള്‍ക്കൊള്ളാന്‍ വയനാടന്‍ കാടുകള്‍ക്ക് കഴിയുമോ?

സ്ഥലമല്ല പ്രശ്നം. ഒരു ടൈഗറിന്റെ ടെറിറ്ററി സംബന്ധിച്ച് പ്രധാന കാര്യം അതിന്റെ ആവശ്യങ്ങള്‍ നടന്നു പോകണമെന്നതാണ്. ഇരകളെ കൃത്യമായി ലഭിക്കുന്ന ഇടമുണ്ടെങ്കില്‍ (Prey base) അതിനനുസരിച്ച് ജീവിക്കാന്‍ കടുവക്ക് കഴിയും. മൃഗശാലയില്‍ കിടക്കുന്ന കടുവയ്ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നുണ്ടെങ്കില്‍ അവിടെ ജീവിക്കും. ഇവിടെ നല്ല Prey base ഉണ്ടായിരുന്നു. കടുവയ്ക്ക് ആവശ്യത്തിനുള്ള ഭക്ഷണമെല്ലാം അതിനകത്ത് നിന്ന് തന്നെ കിട്ടിയിരുന്നു. Prey base കുറഞ്ഞിട്ടുണ്ട്. അതിന്റെ ഡാറ്റ നമ്മുടെ കൈവശമില്ല.

കടുവ ജനവാസ മേഖലകളിലേക്ക് എത്തുന്നത് അതുകൊണ്ടായിരിക്കുമോ?

അല്ലല്ല, ഭക്ഷണം തേടിയല്ല. ജനവാസമേഖലയിലേക്ക് എത്തുന്ന കടുവകള്‍ മിക്കതും മുറിവ് പറ്റിയവയാണ്. ഇര തേടി പിടിക്കാന്‍ ബുദ്ധിമുട്ടുന്നവയാണ് എണ്‍പത് ശതമാനവും. അല്ലാത്ത കേസുകളുമുണ്ടെങ്കിലും വളരെ ചുരുക്കമാണിത്. കടുവകള്‍ തമ്മിലുള്ള പോരിനിടെ അപകടം സംഭവിക്കുന്നുണ്ട്. ഭക്ഷ്യശൃംഖലയില്‍ ഏറ്റവും മുകളിലുള്ള ജീവിയായതിനാല്‍ അതിനെ ഭക്ഷിക്കുന്ന മറ്റ് ജീവികളില്ല. അതുകൊണ്ട് കടുവകള്‍ തമ്മിലുള്ളതാണ് പ്രധാന പ്രശ്നം. സംഘര്‍ഷമുണ്ടാകുകയും പരിക്ക് പറ്റുകയും ചെയ്താല്‍ ആ കടുവ ഉടന്‍ കാടിന് പുറത്തെത്തും. പ്രായാധിക്യം കാരണം പല്ലു കൊഴിയുന്നത് പോലുള്ള പ്രശ്നങ്ങളുണ്ടാകുകയും സ്വാഭാവികമായ രീതിയില്‍ ഇര പിടിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യും. അത്തരം കടുവകളും പുറത്തെത്തും.

വനാതിര്‍ത്തിയിലെ പ്രശ്നങ്ങളില്‍ ഇര-വേട്ടക്കാരന്‍ ദ്വന്ദ്വം നേരത്തെയുള്ളതില്‍ നിന്നു മാറുന്നില്ലേ? അതിന് കാരണമെന്തായിരിക്കും?

അതൊരു സോഷ്യോളജിക്കല്‍ ചോദ്യമാണ്. മനുഷ്യന്‍ എന്നാണ് വേട്ടക്കാരനല്ലാതിരുന്നിട്ടുള്ളത്.? വന്യമൃഗങ്ങള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കുമ്പോള്‍ അത് തെറ്റാണെന്ന് ഒരിക്കലും പറയാനാകില്ല. കാട് നിലനില്‍ക്കേണ്ടത് ആവശ്യമാണ്. തിരുവനന്തപുരത്ത് ടാപ് തുറക്കുമ്പോള്‍ വെള്ളം വരുന്നത് കാടുള്ളത് കൊണ്ടാണ്. മഞ്ഞുരുകിയല്ല വെള്ളമെത്തുന്നത്. ഈ കാട് പിടിച്ച് വെച്ച വെള്ളമാണ് തോടായും പുഴയായും നിങ്ങളുടെ അടുത്തേക്ക് എത്തുന്നത്. അതിന്റെ മുകളിലാണ് വൈദ്യുതിയും മനുഷ്യന്മാരുടെ ജീവതവുമെല്ലാം. ഇതാണ് കാടിന്റെ ഫംഗ്ഷന്‍. കാട് സംരക്ഷിക്കണമെങ്കില്‍ അതിന്റേതായ രീതിയില്‍ തന്നെ മെയിന്റയിന്‍ ചെയ്യണം. ഇതാണ് ആദ്യം അറിയേണ്ട കാര്യവും.

കടുവയും ആനയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുന്നുണ്ടെന്നാണല്ലോ പറയുന്നത്. അതിന് കാരണമെന്താണ്?

എല്ലാത്തിനെയും ഒറ്റ ഫ്രെയിമിലാണ് നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നത്. ഇതില്‍ വലിയ ചേയ്ഞ്ച് ഉണ്ടാകില്ലെന്ന് നമ്മള്‍ കരുതും. എല്ലാം മാറ്റത്തിന് വിധേയമാണ്. മനുഷ്യസമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ തന്നെ പരിശോധിച്ചാല്‍ മതിയല്ലോ. ബന്ധങ്ങളില്‍ മാറ്റം വന്നില്ലേ? കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി മാറിയില്ലേ? ഇതൊരു മാറ്റത്തിന്റെ ഭാഗമാണ്. സ്വഭാവത്തില്‍ മാറ്റം വരുന്നത് നമ്മള്‍ക്ക് മാത്രമല്ല, വന്യ മൃഗങ്ങള്‍ക്കുമുണ്ടാകുന്നുണ്ട്. അവരും അഡാപ്റ്റ് ചെയ്യുന്നുണ്ട്. ഒരു ഫ്രെയിം വര്‍ക്കില്‍ നിന്ന് അതുപോലെ പ്രതികരിക്കും എന്നത് തെറ്റാണ്. അതിനു മുകളില്‍ ഒരു കോണ്‍ഫ്ളിക്ട് നടക്കുന്നുണ്ട്. ഒരു മൃഗമായിരുന്നു നേരത്തെ ആക്രമിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മൂന്നും നാലും കൊമ്പന്‍മാരാണ് ആക്രമിക്കുന്നത്. അതുപോലെ കൊമ്പന്‍മാരുടെ കൂട്ടമാണ് ഇപ്പോള്‍ ഒരുമിച്ച് തീറ്റ തേടി ഇറങ്ങുന്നത്. അവര്‍ തമ്മില്‍ ജനറ്റിക്കായ ബന്ധമൊന്നുമുണ്ടാകില്ല. അതില്‍ വലിയൊരു കൊമ്പനുണ്ടാകും. അവനെ നമ്മള്‍ മാറ്റാന്‍ ശ്രമിക്കും. അങ്ങനെയാണ് കല്ലൂര്‍ കൊമ്പനെ മാറ്റിയത്. അതിനൊപ്പം മൂന്ന് ആനകള്‍ ഉണ്ടായിരുന്നു. അതിനെ മാറ്റിയപ്പോള്‍ പിറ്റേ ദിവസം രാത്രി മൂന്ന് കൊമ്പന്‍മാരും കല്ലൂര്‍ കൊമ്പന്റെ കൂട്ടിനടുത്ത് വന്ന് നില്‍ക്കുകയാണ്. അവന്‍ കൂട്ടില്‍ നിന്നും നമ്മള്‍ കൊടുത്ത പുല്ല് എടുത്ത് മറ്റ് ആനകള്‍ക്ക് കൊടുക്കയാണ്. ആളുകളുടെ ചിന്താഗതിയിലും മാറ്റം സംഭവിക്കുന്നുണ്ട്. നേരത്തെ ഏറുമാടം കെട്ടി കാവല്‍ നിന്നും പടക്കം പൊട്ടിച്ചും വന്യമൃഗങ്ങളെ ഓടിക്കുകയായിരുന്നു. ഇപ്പോള്‍ ആളുകള്‍ പറയുന്നത്, നിങ്ങളുടെ ആനിമല്‍ നിങ്ങളുടെ സ്ഥലത്ത് നില്‍ക്കണമെന്നാണ്. സോഷ്യോളജിക്കലായ ഒരുപാട് പ്രശ്നങ്ങള്‍ ഇതിന് പിന്നിലുണ്ട്.

കടുവകളുടെ എണ്ണം കൂടുമ്പോള്‍ കാടിന്റെ ജൈവഘടനയില്‍ എന്ത് മാറ്റമാണ് സംഭവിക്കുന്നത്. അങ്ങനെയുള്ള മാറ്റം പ്രകടമാണോ?

തീര്‍ച്ചയായും. പുള്ളിപ്പുലിയുടെ കാര്യം തന്നെ എടുക്കാം. 2018-19 സമയത്ത് പുള്ളിപ്പുലിയുടെ ഫോട്ടോകള്‍ ടൂറിസ്റ്റുകള്‍ക്ക് ധാരാളം ലഭിച്ചിരുന്നു. പുള്ളിപ്പുലികളുടെ എണ്ണം കൂടിയെന്ന് പ്രചരണമുണ്ടായി. നമ്മള്‍ ആ ഫോട്ടോകള്‍ വിശകലനം ചെയ്തപ്പോള്‍ എല്ലാ പുള്ളിപ്പുലികളും മരത്തിന് മുകളിലാണ് നില്‍ക്കുന്നത്. ഭക്ഷ്യശ്യംഖലയിലെ ഏറ്റവും മുകളിലെ കടുവ താഴെ ആധിപത്യം സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ടാകും. ഇതേ മോഡല്‍ ആഫ്രിക്കയില്‍ പോയാലും കാണാം. സിംഹം താഴെയുണ്ട്. പുള്ളിപ്പുലികള്‍ മരത്തിന് മുകളിലെ ഉണ്ടാകുകയുള്ളു. നേരത്തെ പറഞ്ഞ പ്രകൃതിയിലെ മാറ്റമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT