വന്യജീവി ആക്രമണവും ബഫര്‍സോണും ഉള്‍പ്പെടെ മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിലെത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കിഫ. വയനാട്ടിലെ കടുവകളുടെ എണ്ണവും അവയുടെ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നുള്ള ആക്രമണവും ചര്‍ച്ചയാകുമ്പോള്‍ കിഫയുടെ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ നിലപാട് വ്യക്തമാക്കുന്നു.
അമ്പലവയലില്‍ കടുവയെ ചത്ത നിലയില്‍ ആദ്യം കണ്ട വ്യക്തി ആത്മഹത്യ സംഭവത്തില്‍ വനംവകുപ്പിനെതിരെ കുടുംബം ആരോപണമുന്നയിച്ചിരിക്കുകയാണല്ലോ. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്റെ ഭാഗമായി ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്. റോഡ് ഉപരോധമുള്‍പ്പെടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തുണ്ട്. ഭയം കൊണ്ടാണോ ആത്മഹത്യ ചെയ്തത്?
അത് അങ്ങനെത്തന്നെയാണ്. ഫോറസ്റ്റുകാര്‍ നിരന്തരമായി പുറകെ നടന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് ഭാര്യ പറയുന്നത്. കുറ്റക്കാരാനാണെന്നും പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത് ഫോറസ്റ്റുകാര്‍ സ്ഥിരമായി ചെയ്യുന്നതാണ്. കാണുന്നവരെ പ്രതിയാക്കുമെന്നതാണ് ഫോറസ്റ്റുകാരുടെ നയം. കേരളം മൊത്തത്തില്‍ ആ നയമാണ് നടപ്പിലാക്കുന്നത്. വനംവകുപ്പിന്റെ അടിയന്തരമായി ചങ്ങലയ്ക്കിടണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ജനവിരുദ്ധമായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. കൃത്യമായ ഓഡിറ്റിംഗ് നടത്തണം. പത്തനംതിട്ടയില്‍ പൊന്നു മത്തായി എന്ന ആളെ കൊന്ന് കിണറ്റിലിട്ടത് വനംവകുപ്പുകാരാണ്. അത് കിഫ ഇടപെട്ട കേസാണ്. ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. നടപടിയെടുത്തു. സമാന്തര സര്‍ക്കാറോ മാഫിയ സംഘമോ പോലെയാണ് വനംവകുപ്പ് പ്രവര്‍ത്തിക്കുന്നത്. അതിന് കടിഞ്ഞാണിട്ടില്ലെങ്കില്‍ ആത്മഹത്യകള്‍ ആവര്‍ത്തിക്കും.
വയനാട് കടുവ ഭീതിയിലാണ്. വയനാടന്‍ കാടുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലുമപ്പുറം കടുവകളുണ്ടെന്നാണ് കിഫയുടെ വാദം. എന്നാല്‍ നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമായ ഈ കാടുകളിലെ കടുവകളുടെ എണ്ണം കൃത്യമായി പറയാനാകില്ലെന്നാണ് വനംവകുപ്പും പറയുന്നത്?
വനംവകുപ്പിന്റെ കണക്കില്‍ അവര്‍ക്ക് തന്നെ വിശ്വാസമില്ലെങ്കില്‍ നാട്ടുകാര്‍ എന്ത് ചെയ്യും. കടുവ ടെറിറ്റോറിയല്‍ ജീവിയാണ്. അത് പരിധിയില്‍ കൂടുതല്‍ സഞ്ചരിക്കില്ല. ആനകളൊക്കെ നൂറ് കിലോമീറ്ററിലധികം സഞ്ചരിക്കും. പ്രത്യേക ഏരിയയിലാണ് കടുവ ജീവിക്കുക. ആ പ്രദേശത്തേക്ക് മറ്റൊരു കടുവയെ പ്രവേശിക്കാന്‍ അനുവദിക്കില്ല. കടുവകളുടെ എണ്ണമെടുക്കുന്നത് ക്യാമറ ഉപയോഗിച്ചാണ്. കടുവയുടെ സ്‌ട്രൈപ്‌സ് വെച്ചാണ് തിരിച്ചറിയുക. മനുഷ്യരുടെ കൃഷ്ണമണിയും വിരലടയാളവും പോലെയാണത്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ വയനാട്ടിലെ 154 കടുവകളുടെ ചിത്രവും പ്രത്യേകതകളും കാണാം. ഇന്ത്യയിലെ മുഴുവന്‍ കടുവകളുടെയും ഫോട്ടോയും അതിലുണ്ട്. കര്‍ണാടകയിലെ കടുവ വയനാട്ടിലെത്തിയാല്‍ അത് കര്‍ണാടകയിലേതാണെന്ന് തിരിച്ചറിയാന്‍ വനംവകുപ്പിന് കഴിയും. കടുവകള്‍ കൃത്യമായ ട്രാക്ക് ചെയ്യപ്പെടുന്നുണ്ട്. ആനകളുടെ കാര്യത്തിലൊന്നും ഇത്ര കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചെന്ന് വരില്ല. വയനാട്ടില്‍ 154 കടുവകളില്‍ കൂടുതലുണ്ടാവാനേ സാധ്യതയുള്ളു. നീലഗിരി ബയോസ്ഫിയറില്‍ കൃത്യമായ കണക്ക് പറയാനാകില്ലെന്നതില്‍ കാര്യമില്ല. ബന്ദിപ്പൂരിലെ കടുവകളുടെ കണക്കും കൃത്യമായുണ്ടല്ലോ. മെത്തഡോളജി അറിയാത്തവരാണ് ഇത്തരം വാദങ്ങളുന്നയിക്കുന്നത്.
'കാട്ടില്‍ മതി കാട്ടുനീതി' എന്നതാണല്ലോ കിഫയുടെ മുദ്രാവാക്യം.എന്താണ് അത്തരമൊരു മുദ്രാവാക്യത്തിലേക്കെത്താന്‍ കാരണം?
മലപ്പുറം-പാലക്കാട് അതിര്‍ത്തിയില്‍ പടക്കം കടിച്ച് ആന ചത്ത കേസുണ്ടായി. ഇതോടെ മലയോര കര്‍ഷകര്‍ക്കെതിരെ വലിയ പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായി. ഇതിനെ പ്രതിരോധിക്കാനാണ് കിഫ ഉണ്ടായത്. വന്യമൃഗ പ്രശ്‌നങ്ങളില്‍ ഇടപെട്ടാണ് തുടക്കമെങ്കിലും പിന്നീട് ബഫര്‍സോണ്‍, പട്ടയവിഷയങ്ങളും ഏറ്റെടുത്തു. റവന്യു നിയമങ്ങള്‍ മാത്രം ബാധകമായ മനുഷ്യരുടെ ഭൂമിയിലേക്ക് വനത്തെയും വനനിയമങ്ങളെയും ഇറക്കി കൊണ്ടുവരുന്നു എന്നതാണ് ഞങ്ങള്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. അതിന് ഏറ്റവും ഉചിതമായ മുദ്രാവാക്യമാണിത്.
കാല്‍പനിക പരിസ്ഥിതി വാദം എന്നതാണ് സംഘടന നിരന്തരം വിമര്‍ശിക്കുന്ന ഒന്ന്. പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടെ പരിസ്ഥിതി കാല്‍പ്പനികതയാണുള്ളതെന്നും അതില്‍ മാറ്റം വേണമെന്നും ആവശ്യപ്പെടുന്നുണ്ടല്ലോ. ഇതില്‍ മാറ്റം വരുത്താനായോ?
പാഠപുസ്തകങ്ങളിലൊന്നും മാറ്റം വരുത്താനായിട്ടില്ല. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കേരളത്തിന്റെ പൊതുബോധത്തില്‍ കൃത്യമായ മാറ്റം വരുത്താനായിട്ടുണ്ട്. അതിന്റെ ഉദാഹരണമാണ് ആന പടക്കം പൊട്ടി മരിച്ച സംഭവത്തിലെ വാര്‍ത്തകള്‍ക്ക് താഴെയുള്ള കമന്റുകള്‍ കര്‍ഷകര്‍ക്കെതിരെയായിരുന്നു. പാലക്കാട് തന്നെ ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവമുണ്ടായപ്പോള്‍ ആ വാര്‍ത്തയോടുള്ള പ്രതികരണങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമായിരുന്നു. ആന ജീവിക്കേണ്ടത് കാട്ടിലാണെന്നും നാട്ടിലേക്ക് ഇറങ്ങിയാല്‍ കര്‍ഷകര്‍ എങ്ങനെ ജീവിക്കുമെന്നും ചിന്തിക്കാനും ചോദിക്കാനും തുടങ്ങി. മുമ്പ് കാല്‍പനിക പരിസ്ഥിതിവാദികള്‍ക്കും കവികള്‍ക്കും മറുപടി നല്‍കാന്‍ ആരുമില്ലായിരുന്നു. അതെല്ലാം കേട്ട് ശരിയാണെന്ന് മട്ടില്‍ പോകുകയായിരുന്നു ആളുകള്‍. ഇപ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ ആയിരക്കണക്കിന് ആളുകള്‍ മുന്നോട്ട് വരുന്നു. ഡാറ്റ വെച്ച് ചോദ്യം ചോദിക്കുന്നു. കടുത്ത പരിസ്ഥിതിവാദിയായ സി.ആര്‍ നീലകണ്ഠന്‍ പന്നികളെ കൊല്ലണമെന്നൊക്കെ പറയുന്നു. മാനന്തവാടിയില്‍ കര്‍ഷകനെ കടുവ ആക്രമിച്ച് കൊന്നപ്പോള്‍ നടന്ന ആദ്യത്തെ ചര്‍ച്ചയില്‍ കടുവകളുടെ എണ്ണം കൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് വനംമന്ത്രി പ്രതികരിച്ചത്. പിറ്റേ ദിവസം രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ കടുവകളുടെ എണ്ണം കൂടിയെന്നും അവയെ മാറ്റണമെന്നും മന്ത്രി നിലപാടെടുത്തു. ഇതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്ന മാറ്റം.
വന്യജീവി സങ്കേതങ്ങള്‍ക്കെതിരെ കിഫ സമരം പ്രതിഷേധം ആരംഭിച്ചിരിക്കുകയാണല്ലോ. എന്താണ് അത്തരമൊരു ആവശ്യം ഉയര്‍ത്താനുള്ള സാഹചര്യം?
വന്യജീവി സങ്കേതങ്ങള്‍ക്കും നാഷണല്‍ പാര്‍ക്കുകള്‍ക്കും ചുറ്റുമാണ് ബഫര്‍സോണ്‍ വരുന്നത്. റിസര്‍വ് ഫോറസ്റ്റിന് ചുറ്റുമല്ല. എന്തിനാണ് വന്യജീവി സങ്കേതമെന്നതാണ് ഞങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം. വന്യജീവി സങ്കേതമില്ലെങ്കിലും വനവും മൃഗങ്ങളുമുണ്ടാകും. 2009ലാണ് മലബാര്‍ വന്യജീവി സങ്കേതം പ്രഖ്യാപിച്ചത്. കക്കയം ഡാമിനോട് ചേര്‍ന്നുള്ള പ്രദേശമാണിത്. ഇത്രയും കാലം ആരും എതിര്‍ത്തില്ല. ഇപ്പോള്‍ വന്യജീവി സങ്കേതത്തിന്റെ പേരും പറഞ്ഞ് റവന്യുഭൂമിയിലേക്ക് വനനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. വന്യജീവി സങ്കേതം ഉള്ള കാലത്തോളം ബഫര്‍സോണ്‍ ഭീഷണി നിലനില്‍ക്കും. ദൂരപരിധി എപ്പോള്‍ വേണമെങ്കിലും മാറ്റാന്‍ കഴിയും. എന്തിനാണ് വന്യജീവി സങ്കേതമെന്നതാണ് ഞങ്ങളുടെ ചോദ്യം. അതുകൊണ്ട് ആകെ ഗുണമുള്ള വിഭാഗം വനംവകുപ്പാണ്. ഫണ്ടും വണ്ടിയും തസ്തികയും സ്ഥാനക്കയറ്റവും കിട്ടുമെന്നതാണ് അവര്‍ക്കുള്ള മെച്ചം. റിസര്‍വ് ഫോറസ്റ്റ് തന്നെ സംരക്ഷിക്കാന്‍ ഇവിടെ ശക്തമായ നിയമമുണ്ട്. വനത്തോട് ചേര്‍ന്ന് ജനങ്ങള്‍ ജീവിക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് ബഫര്‍സോണ്‍ സാധ്യമല്ല. കേരളത്തില്‍ ഇപ്പോള്‍ തന്നെ 26 വന്യജീവി സങ്കേതമുണ്ട്. രണ്ടെണ്ണത്തിന്റെ പ്രെപ്പോസല്‍ പോയിട്ടുമുണ്ട്. കേരളത്തിലെ വന്യജീവി സങ്കേതങ്ങളില്‍ 21 എണ്ണവും നിയമപ്രകാരമല്ല പ്രവര്‍ത്തിക്കുന്നത്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കും കൊട്ടിയൂര്‍, കരിമ്പുഴ വന്യജീവി സങ്കേതവും മാത്രമേ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് കൊണ്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളു. അതുകൊണ്ട് അന്തിമ വിജ്ഞാപനം വരാത്ത വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും അതിര്‍ത്തികള്‍ കുറഞ്ഞത് ഒരുകിലോമീറ്റര്‍ എങ്കിലും ഉള്ളിലേക്ക് മാറ്റി സ്ഥാപിച്ചാല്‍ ബഫര്‍സോണ്‍ നിലവിലുള്ള വനത്തിനുള്ളില്‍ തന്നെ നില്‍ക്കും.
വന്യമൃഗം, ബഫര്‍സോണ്‍ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കിഫ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നില്ലെന്ന വിമര്‍ശനമുണ്ടല്ലോ. മറുപടിയെന്താണ്?
നരേന്ദ്രമോദി സര്‍ക്കാരല്ല ബഫര്‍സോണില്‍ തീരുമാനമെടുക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കൃത്യമാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രൊപ്പോസല്‍ അംഗീകരിക്കാമെന്നാണ് പറയുന്നത്. കേരളത്തില്‍ ബഫര്‍സോണ്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് നിലപാടെടുക്കാം. അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും കഴിയും. ആ അധികാരം ഉപയോഗിക്കണം. ഈ കാര്യം വനംവകുപ്പ് മന്ത്രിയോട് സംസാരിച്ചതാണ്. ബഫര്‍സോണിന് പരിഹാരം കേരളത്തിലുണ്ട്. അതിന് സുപ്രീംകോടതിയില്‍ പോകേണ്ടതില്ല. സംസ്ഥാന സര്‍ക്കാരിന് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യാതെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് എന്താണ് കാര്യം. വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അതിന്റെ ക്യാമ്പെയിന്‍ ചെയ്യുന്നുണ്ട്. 2020 ല്‍ നിയമനിര്‍മ്മാണം നടത്തിയപ്പോള്‍ ഞങ്ങള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. കേരളത്തില്‍ നിന്നുള്ള ഒരു എംപി പോലും കര്‍ഷകര്‍ക്കോ നാട്ടുകാര്‍ക്കോ അനുകൂലമായി രാജ്യസഭയിലോ ലോക്‌സഭയിലോ ആവശ്യപ്പെട്ടില്ല.
രാഹുല്‍ ഗാന്ധി വയനാട് എം.പിയാണ്. അദ്ദേഹത്തെ കിഫ സമീപിച്ചിരുന്നോ. കടുവയുള്‍പ്പെടെ വന്യമൃഗ ശല്യം രൂക്ഷമായി അനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്‌നത്തില്‍ രാഹുല്‍ ഇടപെടാതിരിക്കുന്നതില്‍ കിഫയ്ക്ക് പ്രതിഷേധമില്ലേ?
രാഹുല്‍ ഗാന്ധിക്കെതിരെ ഞങ്ങള്‍ പ്രതിഷേധ ക്യാമ്പെയിന്‍ നടത്തിയിരുന്നു. ഉയിരെടുത്ത് കടുവ, തിരിഞ്ഞ് നോക്കാതെ എം.പി എന്നതായിരുന്നു ക്യാമ്പെയിന്‍. അതില്‍ കോണ്‍ഗ്രസുകാര്‍ക്ക് പ്രതിഷേധമുണ്ടായി. കിഫ എല്‍.ഡി.എഫിന്റെ സഖ്യകക്ഷിയാണെന്ന് ആരോപിച്ചു. ഒന്നര വര്‍ഷം മുമ്പ് തന്നെ രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ പോയി കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിച്ചതാണ്. നാല് പേജ് നോട്ട് നല്‍കി. ബഫര്‍സോണും വന്യജീവി ആക്രമണം കൂടുന്നതും കടുവകളുടെ എണ്ണം പെരുകുന്നതും ശ്രദ്ധയില്‍പ്പെടുത്തിയതാണ്. കേന്ദ്രമന്ത്രിയെ കണ്ട് പ്രശ്‌നപരിഹാരം ആവശ്യപ്പെടണമെന്നും കത്തിലുണ്ടായിരുന്നു. ഇതുവരെ ഞങ്ങള്‍ക്ക് മറുപടി തന്നിട്ടില്ല. രാഹുല്‍ ഗാന്ധി വയനാടിനെ സംബന്ധിച്ചിടത്തോളം എം.പിയെന്ന നിലയില്‍ വലിയ പരാജയമാണ്. സാധാരണ എം.പിയല്ലല്ലോ അദ്ദേഹം. കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന ആളാണ്. ദേശീയതലത്തിലെ പ്രധാന നേതാവാണ്. അദ്ദേഹം ഈ വിഷയത്തില്‍ ഇടപെട്ടിരുന്നെങ്കില്‍ മനുഷ്യര്‍ക്ക് കുറച്ച് കൂടി അനുകൂലമായ നിയമമായി അത് മാറുമായിരുന്നു. അത് ചെയ്തില്ല രാഹുല്‍ ഗാന്ധി. ജനദ്രോഹനിലപാടാണ് കോണ്‍ഗ്രസ് എം.പിമാര്‍ ഇതില്‍ സ്വീകരിച്ചത്. ഇന്ദിരാഗാന്ധിയാണ് ഈ നിയമം കൊണ്ടുവന്നത്. കാലം മാറി. നിയമങ്ങളിലും മാറ്റം വേണം. കാലാനുസൃതമായ മാറ്റം വരുത്താന്‍ നിയമം കൊണ്ടു വന്ന കോണ്‍ഗ്രസിനും ബാധ്യതയുണ്ട്. ഭരിക്കുന്ന കോണ്‍ഗ്രസല്ലായിരിക്കാം. രാഹുല്‍ ഗാന്ധിക്ക് മുന്‍കൈ എടുക്കാമല്ലോ. എന്തുകൊണ്ടത് ചെയ്യുന്നില്ല എന്നതാണ് കിഫയുടെ ചോദ്യം.