കുഞ്ഞ് ജനിച്ചതിന് പിന്നാലെ സിയയെയും സഹദിനെയും ട്രാന്‍സ്ജന്‍ഡര്‍ മനുഷ്യരെയും പരിഹസിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയുമാണ് ഒരുകൂട്ടം ആളുകള്‍. ജന്‍ഡര്‍, സെക്സ് എന്നിവയിലെ വ്യത്യാസം തിരിച്ചറിയാത്തവരാണ് ട്രാന്‍സ്മെന്‍ പ്രസവിച്ചതിനെ പരിഹസിക്കുന്നത്. ട്രാന്‍സ്ജന്‍ഡര്‍ വൈഗ സുബ്രഹ്‌മണ്യം സംസാരിക്കുന്നു.
സനൂജില്‍ നിന്നും വൈഗ സുബ്രഹ്‌മണ്യത്തിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു?
എന്റെ പഴയ പേര് സനൂജ് എന്നായിരുന്നു. കോഴിക്കോട് സ്വദേശിയാണ്. 35 വയസ്സുവരെ ആണിന്റെ ശരീരത്തിലായിരുന്നു ജീവിച്ചത്. സ്വത്വം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ട്രാന്‍സ്ഫമേഷന്‍ സാധ്യമായത് മുപ്പത്തിയഞ്ചാമത്തെ വയസ്സിലാണ്. സമൂഹത്തെയും ബന്ധുക്കളെയും സാമ്പത്തികാവസ്ഥയേയുമെല്ലാം പരിഗണിച്ച് മാത്രമേ ട്രാന്‍സ്ഫമേഷന്‍ സാധ്യമാകുമായിരുന്നുള്ളു. സമൂഹത്തെയും കുടുംബത്തെയും മറികടക്കാന്‍ കഴിയുമെന്നും സാമ്പത്തികമായി സ്വയം പര്യാപ്തതയുണ്ടെന്നും വ്യക്തമായ ഘട്ടത്തിലാണ് ഞാന്‍ സര്‍ജറി ചെയ്തത്. ബ്രെസ്റ്റ് ആഗ്മെന്റെഷന്‍ സര്‍ജറിയാണ്(Breast Augmentation) ആദ്യം ചെയ്തത്. പിന്നീട് എസ്.ആര്‍.എസും(Gender Reassignment Surgery) ഫേഷ്യല്‍ ഫെമിനൈസേഷന്‍ സര്‍ജറിയും(Facial Feminization Surgery) ചെയ്തു.
സിയക്കും സഹദിനും കുഞ്ഞ് പിറന്നപ്പോള്‍ ട്രാന്‍സ്ജന്‍ഡറുടെ ബോഡി എന്നത് വീണ്ടും ചര്‍ച്ചയാവുകയാണ്. സെക്സും ജന്‍ഡറും തമ്മിലുള്ള വ്യത്യാസം മനസിലാക്കാത്തത് കൊണ്ടാണല്ലോ ഇത്. ക്വിയര്‍ വ്യക്തി എന്ന നിലയില്‍ ഇതിലെ വ്യത്യാസം എങ്ങനെയാണ് വിശദീകരിക്കാന്‍ കഴിയുക?
ജന്‍ഡറും സെക്സും സെക്ഷ്വലിറ്റിയും എന്താണെന്ന് ആളുകള്‍ മനസിലാക്കുന്നില്ല. ട്രാന്‍സ്ജന്‍ഡറായി കഴിഞ്ഞാല്‍ സര്‍ജറി ചെയ്തിരിക്കണമെന്നും അവര്‍ക്ക് പ്രസവിക്കാന്‍ കഴിയില്ലെന്നുമാണ് ആളുകള്‍ പറയുന്നത്. അവര്‍ക്ക് തലമുറകളുണ്ടാകരുതെന്നൊക്കെ പറയുന്നത് ഒരുതരത്തില്‍ പറഞ്ഞാല്‍ ഫാസിസമാണ്. അവര്‍ തീരുമാനിക്കുന്നത് പോലെ മറ്റുള്ളവര്‍ ജീവിക്കണമെന്ന് പറയുന്നത് ഫാസിസമാണ്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അതിന്റെ സ്വകാര്യ ഭാഗം നോക്കിയാണ് യോനിയാണോ ലിംഗമാണോയെന്ന് പറയുന്നത്. ഡോക്ടര്‍മാരും ആ കുഞ്ഞിന് ചുറ്റും കൂടി നില്‍ക്കുന്നവരും ബയോളജിക്കലി പെണ്ണാണോ ആണാണോ എന്ന് തീരുമാനിക്കുന്നു. വളര്‍ന്ന് വരുമ്പോള്‍ ആ കുഞ്ഞാണ് ആണാണോ പെണ്ണാണോയെന്ന് പറയേണ്ടത്. സെക്സ് നമുക്ക് കാണാന്‍ കഴിയുന്നതും ജന്‍ഡര്‍ നമുക്ക് ഫീല്‍ ചെയ്യുന്നതുമാണ്. ജനിച്ചപ്പോള്‍ എനിക്ക് പീനസായിരുന്നു. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സാരിയും പെണ്‍കുട്ടികളുടെ കളിപ്പാട്ടങ്ങളും ഇഷ്ടമായിരുന്നു. പെണ്‍കുട്ടികളുടെ കളിപ്പാട്ടം എന്ന് പറയുന്നത് ശരിയല്ല. അതില്‍ വേര്‍തിരിവൊന്നുമില്ല. എന്റെ ഉള്ളില്‍ പെണ്‍കുട്ടിയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ് തുടങ്ങി. ജന്‍ഡറും സെക്സും എന്തുമായിക്കൊള്ളട്ടെ സെക്ഷ്വാലിറ്റി മറ്റൊന്നാണ്. സെക്ഷ്വല്‍ അട്രാക്ഷന്‍ ആരോടാണെന്നതാണ് പ്രധാനം.
സഹദ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ജനിച്ച ആണ്‍കുട്ടിയായിരുന്നു. അവര്‍ സര്‍ജറി ചെയ്തിട്ടില്ലെന്നേയുള്ളു. മനസ് ആണ്‍കുട്ടിയുടെതായിരുന്നു. അതുപോലെ ജീവിക്കാനാണ് സഹദ് ആഗ്രഹിച്ചത്. ട്രാന്‍സ്മെന്‍ എന്താണെന്ന് അറിയാത്തത് കൊണ്ടുള്ള പ്രശ്നങ്ങളാണ് പൊതുജനങ്ങള്‍ക്ക്. ഒരാണ് പ്രസവിച്ചുവെന്നാണ് ആളുകള്‍ കരുതിയിരിക്കുന്നത്. പുരുഷനല്ല, ട്രാന്‍സ്മെനാണ് പ്രസവിച്ചത്. അവര്‍ക്ക് ബ്രസ്റ്റും വജൈനയും യൂട്രെസുമൊക്കെ ഉണ്ടായേക്കാം. എങ്കിലും പുരുഷനാണ്. ആണായി കഴിഞ്ഞാല്‍ പ്രസവിക്കാന്‍ പാടില്ലെന്നാണ് ഇവരൊക്കെ കരുതിയിട്ടുള്ളത്. ഫിസിക്കല്‍ അനാട്ടമിയുടെ ഭാഗമല്ല, മാനസികാവസ്ഥയാണ്. സ്ത്രീകളുടേതെന്ന് പറയുന്ന അവയവങ്ങളൊക്കെയുള്ള പുരുഷനാണ് സഹദ്. പ്രസവിച്ച കഴിഞ്ഞപ്പോള്‍ അച്ഛനായി. അമ്മ, അച്ഛന്‍ എന്നൊക്കെയുള്ള ജന്‍ഡര്‍ റോളുകളെയാണ് നമ്മള്‍ ചോദ്യം ചെയ്യുന്നത്. സിയ ജനിച്ചത് ആണ്‍കുട്ടിയുടെ ശരീരത്തിലായിരുന്നു. മനസ് പെണ്‍കുട്ടിയുടേതും. വസ്ത്രം മാറിയാല്‍ സ്ത്രീയും പുരുഷനുമാകുമോയെന്നാണ് ഇപ്പോള്‍ ആളുകളുടെ ചോദ്യം. തുണിയില്ലാതെ ജനിച്ച മനുഷ്യരാണ്. ഈ മനുഷ്യര്‍ക്ക് പുരുഷന്റെയും സ്ത്രീയുടെയും വസ്ത്രം നല്‍കിയത് ആരാണ്. സ്ത്രീകള്‍ മുടി നീട്ടി വളര്‍ത്തണമെന്നും ആണുങ്ങള്‍ മുടിവെട്ടണമെന്നും തീരുമാനിച്ചത് ആരാണ്. ബോയ് കട്ടെന്നാണ് പറയുക. അത് ബോയ് കട്ടല്ല. ഷോട് കട്ടാണ്. സാമൂഹ്യ നിര്‍മ്മിതിയാണിതെല്ലാം. ആ പൊതുബോധത്തെ പൊളിക്കുകയാണ് ഞങ്ങള്‍. അങ്ങനെ സംഭവിക്കുമ്പോള്‍ കുറേ വിറളി പിടിച്ച മനുഷ്യര്‍ക്ക് എന്താണ് പറയേണ്ടതെന്നും ചെയ്യേണ്ടതെന്നും അറിയില്ല. മതപരമായും ജാതീയമായും ഒരുപാട് ഘടകങ്ങളുണ്ട്.
ആണ്/ പെണ്ണ് ഇങ്ങനെയായിരിക്കണമെന്ന് നമുക്ക് മോഡലുണ്ട്. അതിനെ പൊളിക്കുകയാണല്ലോ ക്വിയര്‍ ജീവിതങ്ങള്‍. അകത്ത് പെണ്ണായും പുറത്ത് ആണായും ജീവിക്കുമ്പോള്‍ പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളും അടിച്ചേല്‍പ്പിക്കലും നേരിടുന്നുണ്ടല്ലോ. അതുണ്ടാക്കുന്ന സംഘര്‍ഷം ഏത് രീതിയിലാണ് ബാധിക്കുന്നത്?
ജന്‍ഡര്‍ ഡിസോഡര്‍(Gender Disorder), ജന്‍ഡര്‍ ഡിസോറിയോ(Gender Dysphoria) എന്നൊക്കെയാണ് മുമ്പ് ഇതിനെ വിളിച്ചിരുന്നത്. ഈ വാക്ക് ഡിസീസില്‍ നിന്നും വന്നതാണ്. അമേരിക്കന്‍ സൈക്കാട്രിക് അസോസിയേഷനുള്‍പ്പെടെ പറഞ്ഞിരിക്കുന്നത് ഇത് ഒരു രോഗമല്ലെന്നും അവസ്ഥയാണെന്നുമാണ്. ഭൂരിപക്ഷം സിസ്ജന്‍ഡറായിട്ടുള്ള മനുഷ്യരും കരുതുന്നത്, അവരുടെ മാനസികാവസ്ഥ മാത്രമാണ് ശരിയെന്നും മറ്റുള്ളതൊക്കെ തെറ്റാണെന്നുമാണ്. ജന്‍ഡര്‍ ഡിസോഡര്‍, ജന്‍ഡര്‍ ഡിസോറിയോ എന്നോ അല്ല ഇപ്പോള്‍ പറയുന്നത്. Gender incongruence എന്നാല്‍ ജന്‍ഡര്‍ പൊരുത്തക്കേടെന്നാണ് അര്‍ത്ഥം. ജനിച്ച ശരീരവും മനസ്സുമായുള്ള പൊരുത്തക്കേട്. പൊതു സമൂഹത്തിന് ന്യു നോര്‍മലാണിത്. സ്ത്രീയ്ക്ക് സ്ത്രീയുടെ മനസും പുരുഷന് പുരുഷന്റെ മനസുമാണ് ഉണ്ടാവുകയെന്നാണ് അടുത്ത കാലം വരെ പൊതുസമൂഹം കരുതിയിരുന്നത്. സ്ത്രീക്ക് പുരുഷ ശരീരവും പുരുഷന്റെ മനസുമുള്ള ആളോട് മാത്രമേ പ്രണയം തോന്നാവൂ എന്ന ഇടത്ത് എല്ലാവരെയും കെട്ടിയിടാന്‍ ശ്രമിക്കുകയാണ്. പ്രകൃതി എന്നത് വൈവിധ്യമുള്ളതാണ്. മനുഷ്യരും വ്യത്യസ്തരാണ്. സമൂഹം പറയുന്നതിനനുസരിച്ച് മനുഷ്യര്‍ ജീവിച്ചിരുന്നു. അവര്‍ വളരെയധികം മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നു പോയിട്ടുള്ളത്. ഞാന്‍ ഞാനായി മാറിയത് കൊണ്ടാണ് ഇത്ര ആത്മവിശ്വാസത്തോടെ തുറന്ന് സംസാരിക്കുന്നത്. സ്വന്തം സ്വത്വം വെളിപ്പെടുത്താനാകാതെ വീട് തടവറയായിട്ടുള്ള എത്ര മനുഷ്യരുണ്ട്. സ്വന്തം അച്ഛനും അമ്മയും തന്നെ തടവറയിലാക്കണമെന്നില്ല. സമൂഹത്തില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകളോ പരിഹാസങ്ങളോ ആകാം അവരെ വീടിനകത്ത് വെളിച്ചം കാണാനാകാതെ ഇരുത്തുന്നത്. സ്ത്രൈണതയോടെ ആണ്‍ ശരീരത്തിനകത്തും പൗരുഷത്തോടെ പെണ്‍ ശരീരത്തിനകത്തും എത്ര മനുഷ്യരുണ്ട്. ഈ കളിയാക്കലും കുറ്റപ്പെടുത്തലും അവരിലുണ്ടാക്കുന്ന ആഘാതം എത്ര വലുതാണെന്നറിയാമോ. അവരുടെ കഴിവുകളും അറിവുകളും മുരടിച്ച് ഒന്നുമല്ലാതെ പോകുകയാണ്. കുറച്ച് പേര്‍ സ്വത്വം വെളിപ്പെടുത്തുകയും നമ്മളും നിങ്ങളെ പോലെ തന്നെ നോര്‍മലാണെന്ന് പറയുകയും ചെയ്യുന്നുണ്ട്. പൊതുബോധത്തെ തള്ളിക്കളയാതെ രക്ഷയില്ല.
സര്‍ക്കാര്‍ കൊണ്ടു വന്ന സംവിധാനങ്ങളിലൂടെ ഇന്ന് കോളേജുകളില്‍ ക്വിയര്‍ മനുഷ്യര്‍ക്ക് അവരുടെ സ്വത്വം വെളിപ്പെടുത്തി പഠിക്കാന്‍ കഴിയുന്നുണ്ട്. അവിടെ സിസ് ജന്‍ഡറെന്നോ ട്രാന്‍സ്ജന്‍ഡറെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുമിച്ച് പഠിക്കാന്‍ കഴിയുന്നുണ്ട്. അവര്‍ക്കിടയില്‍ ജന്‍ഡര്‍ അസമത്വങ്ങള്‍ കുറഞ്ഞു. അവര്‍ ഒരുമിച്ചിരിക്കുമ്പോള്‍ പൊതുസമൂഹത്തിന് വെറളി പിടിക്കുന്നത് അതുകൊണ്ടാണ്. ആ കോളേജുകളുടെ മാതൃക നമ്മുടെ പൊതുസമൂഹത്തിലും വരണം. അങ്ങനെ വരുമ്പോഴാണ് സര്‍ജറി ചെയ്തവര്‍ക്കും സര്‍ജറി ചെയ്യാത്തവര്‍ക്കുമെല്ലാം സിസ് ജന്‍ഡറിനൊപ്പം ഒറ്റക്കെട്ടായി ഒറ്റ മനുഷ്യരായി ജീവിക്കാന്‍ കഴിയുക.
വൈഗ സ്വത്വം വെളിപ്പെടുത്തുന്നതിന് മുമ്പ് ഇത്തരം പ്രശ്നങ്ങള്‍ എത്രത്തോളം നേരിട്ടിട്ടുണ്ട്?
ഗുരുവായൂരപ്പന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പെണ്ണുങ്ങളെ പോലെ പെരുമാറുന്നതെന്താണെന്ന അധ്യാപകന്‍ കുട്ടികളുടെ മുന്നില്‍ വെച്ച് ചോദിച്ചു. പെണ്ണുങ്ങളെ പോലെ പെരുമാറുന്നത് തെറ്റാണോയെന്നോ അത് എന്റെ കുറ്റമാണോയെന്നോ പ്രകൃതി തന്നതല്ലേയെന്നോ ചിന്തിക്കാനുള്ള ബുദ്ധി അന്നെനിക്ക് ഉണ്ടായിരുന്നില്ല. ഭൂമി പിളര്‍ന്നിട്ടങ്ങ് താഴേക്ക് പോയാല്‍ മതിയെന്നായിരുന്നു ചിന്ത. സഹപാഠികളുടെ പരിഹാസമേറ്റാണ് ക്ലാസിലിരുന്നത്. എന്നിട്ടും പഠിച്ച് പുറത്തിറങ്ങാന്‍ സാധിച്ചത് എന്റെ മനഃശക്തി കൊണ്ടാണ്. ജീവിതത്തില്‍ അത്രയേറെ കഷ്ടപ്പെട്ട് വളര്‍ന്ന ആളാണ്. എനിക്ക് എട്ട് വയസ്സുള്ളപ്പോള്‍ അമ്മയും അച്ഛനും ഡിവോഴ്സ് വാങ്ങി വേറെ വിവാഹം കഴിച്ചു. പ്രശ്നങ്ങളെ എങ്ങനെ മറികടക്കണമെന്ന് ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ പഠിച്ചു. എന്നാല്‍ ഇന്നത്തെ പലര്‍ക്കും സ്വത്വം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ പോലും അതിജീവിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് പലരും ആത്മഹത്യ ചെയ്യുന്നത്. നല്ല ഫാമിലിയിലൊക്കെയുള്ള കുട്ടികളുടെ ഏക പ്രശ്നം സ്വത്വം വെളിപ്പെടുത്താനാകില്ലെന്നതാണ്. നോര്‍ത്ത് ഇന്ത്യയിലെ ഒരു കുട്ടി ഗേ ആണെന്ന് പുറത്ത് പറഞ്ഞപ്പോള്‍ കളിയാക്കല്‍ കാരണം ആത്മഹത്യ ചെയ്തു. ആ കുട്ടിയുടെ അമ്മയിട്ട പോസ്റ്റ് കണ്ട് വളരെ വിഷമം തോന്നിയിരുന്നു. രണ്ട് ആണ്‍കുട്ടികള്‍ തമ്മിലോ പെണ്‍കുട്ടികള്‍ തമ്മിലോ പ്രേമിച്ച് കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്കാണ് പ്രശ്നം. ഇവര്‍ പ്രേമിക്കുമ്പോഴും ആളുകളുടെ മനസില്‍ അവര്‍ സെക്സ് ചെയ്യുന്നത് മാത്രമാണ് വരുന്നത്. രണ്ട് സിസ് ജന്‍ഡര്‍ മനുഷ്യര്‍ പ്രേമിക്കുമ്പോള്‍ ജീവിത കാലം മുഴുവന്‍ സെക്സ് ചെയ്ത് കൊണ്ടിരിക്കുകയല്ലല്ലോ. പ്രണയം എന്നത് രണ്ട് മനസുകള്‍ തമ്മിലുള്ള അടുപ്പമാണ്. അതിലൊരു കെമിസ്ട്രിയുണ്ട്. അവിടെ ജന്‍ഡറും സെക്സും സെക്ഷ്വാലിറ്റിയും എന്നതിനപ്പുറം ആ വ്യക്തികളുടെ മനസിനെ നമ്മള്‍ മാനിക്കണം. ശാരീരികവും മാനസികവുമായി ആ വ്യക്തികളെ ഹെല്‍ത്തിയാക്കുകയാണ് പ്രണയം. സിസ് ജന്‍ഡര്‍ മനുഷ്യരെ പ്രണയിക്കാവൂ എന്ന പൊതുബോധമാണ് ആ മനുഷ്യരെ ഒറ്റപ്പെടുത്തുന്നതും കുറ്റബോധത്തിലാക്കുന്നതും. വലിയ തെറ്റു ചെയ്തുവെന്നും എന്തോ രോഗം ബാധിച്ചിരിക്കയാണെന്നും കരുതുന്ന എത്രയോ പേര്‍ ഇപ്പോഴും എന്നോട് സംസാരിക്കാറുണ്ട്. ഇത്രയും കാര്യങ്ങള്‍ നമ്മള്‍ വിളിച്ച് പറഞ്ഞിട്ടും സുപ്രീം കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും സര്‍ക്കാര്‍ ഇത്രയേറെ അനുകൂലമായ കാര്യങ്ങള്‍ ചെയ്തിട്ടും സമൂഹത്തെ പേടിച്ച് തന്റെ സ്വത്വവും പ്രണയവും ജീവിതവും ഹോമിച്ച് കഴിയുന്ന മനുഷ്യരുണ്ട്. ഇന്ന് കേരളത്തില്‍ 25000 ട്രാന്‍സ് മനുഷ്യരുണ്ടെന്നാണ് പറയുന്നതെങ്കില്‍ ലക്ഷക്കണക്കിനാളുകള്‍ വീടുകളുലുണ്ട്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് കല്യാണം കഴിച്ച് ദാമ്പത്യം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തവര്‍. കല്യാണം കഴിക്കാനും കഴിക്കാതിരിക്കാനും പറ്റാതെ ജീവിക്കുന്നവര്‍. രക്ഷിതാക്കളോട് ഇത് തുറന്ന് പറഞ്ഞാല്‍ മനസിലാകില്ലെന്ന് വിചാരിക്കുന്നവര്‍. വളരെ ദയനീയമാണ് അവസ്ഥ. മനുഷ്യര്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്ന അവസ്ഥ ഈ ഭൂമിയിലുണ്ടാക്കുകയെന്നതാണ് നമുക്ക് ചെയ്ത് കൊടുക്കാന്‍ കഴിയുന്ന കാര്യം. മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ മനുഷ്യരെ അടിച്ചമര്‍ത്താതിരിക്കുക. രണ്ട് പെണ്‍കുട്ടികളോ ട്രാന്‍സ്മനുഷ്യരോ പ്രണയിക്കുമ്പോള്‍ നമുക്ക് എന്താണ് പ്രശ്നം. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അതിന് അറിയാം. പ്രകൃതിയെയും മറികടന്ന് മനുഷ്യ നിര്‍മ്മിതമായ ജാതിയിലും മതത്തിലും വിശ്വസിക്കുന്നത് കൊണ്ടാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത്. ഇവിടെ ജീവിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി, എല്ലാവര്‍ക്കും ഒരുപോലെ ജീവിക്കാന്‍ പൊതുനിര്‍മ്മിതികളെ പൊളിച്ചെഴുതണം.
സ്വത്വം വെളിപ്പെടുത്തുന്നവര്‍ പെരുമാറ്റം, വസ്ത്രം, തൊഴില്‍ എന്നിവയിലെല്ലാം മാറ്റത്തിനായി ശ്രമിക്കുന്നു. സര്‍ജറി ചെയ്യുന്നവരും അല്ലാത്തവരുമുണ്ട്. ഈ വൈവിധ്യത്തെ സമൂഹം ഉള്‍ക്കൊള്ളുന്നുണ്ടോ?
ഇല്ല. എല്‍ജിബിറ്റിക്യുഐഎ എന്നതില്‍ ഏറ്റവും ദൃശ്യത വന്നിട്ടുള്ളത് ട്രാന്‍സ് മനുഷ്യര്‍ക്കാണ്. ട്രാന്‍സ്ഫോമേഷന്റെ ആദ്യഘട്ടത്തില്‍ അവരെ നമുക്ക് കണ്ടാല്‍ പെട്ടെന്ന് മനസിലാകും. ജന്‍ഡറും സെക്ഷ്വലിറ്റിയും ഒക്കെ തമ്മിലുള്ള പ്രശ്നങ്ങളേ അവര്‍ നേരിടുന്നുള്ളു. അവരുടെ ബുദ്ധിക്കോ തലച്ചോറിനോ ശാരീരിക ക്ഷമതയ്ക്കോ ഒരു മാറ്റവുമില്ല. ഇവര്‍ മാറി കഴിയുമ്പോള്‍ ജോലി നല്‍കാന്‍ മടിയാണ്. സര്‍ക്കാരിന്റെ ഭാഗത്തും പ്രശ്നമുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ട്രാന്‍സ് മനുഷ്യര്‍ക്ക് രണ്ട് ശതമാനം ജോലി സംവരണം എന്ന കാര്യത്തില്‍ സുപ്രീംകോടതിയില്‍ ഇപ്പോഴും കേസ് നടക്കുകയാണ്. പൊതുമേഖലയും സ്വകാര്യമേഖലയും സിസ് ജന്‍ഡറിനെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. പല്ല് പൊന്തിയതിന്റെ പേരില്‍ ഒരു ആദിവാസിക്ക് ജോലി ലഭിക്കാത്ത നാടാണ് കേരളം. ട്രാന്‍സ്ഫമേഷന്‍ കഴിഞ്ഞ് വരുന്ന ഒരു വ്യക്തിക്കും കുറേ പ്രശ്നങ്ങളുണ്ടാകാം. അയാള്‍ അതുവരെ ജീവിച്ച ശാരീരികാവസ്ഥയില്‍ നിന്നും മാറി മറ്റൊന്നാവുകയാണ്. വീട് കിട്ടാനുള്ള ബുദ്ധിമുട്ടുണ്ടാകും. ട്രാന്‍സ് മനുഷ്യര്‍ സെക്സിന് വേണ്ടി ജീവിക്കുന്നവരാണെന്നാണ് പൊതുസമൂഹം കരുതുന്നത്. ഏത് മനുഷ്യനാണ് 24 മണിക്കൂറും സെക്സ് ചെയ്തിരിക്കാനാവുക? അല്ലെങ്കില്‍ ആരാണ് സെക്സ് ചെയ്യാത്തത്? അസെക്ഷ്വല്‍ (Asexual) എന്ന ഒരു വിഭാഗം മനുഷ്യര്‍ക്ക് അട്രാക്ഷന്‍ ഉണ്ടാവില്ലെങ്കിലും മനസിന്റെ അവസ്ഥ അവര്‍ ആസ്വദിക്കുന്നുണ്ടാകാം. ഇത്തരം കാരണങ്ങള്‍ കൊണ്ട് വീടും ജോലിയും കിട്ടാതാവുന്നു. പൊതുസ്ഥലത്ത് തുറിച്ച് നോട്ടവും കളിയാക്കലും നേരിടേണ്ടി വരിക, ഹോസ്പിറ്റലുകളിലും ഓഫീസുകളിലും പരിഗണന കിട്ടാതെ വരിക, ട്രാന്‍സ് മനുഷ്യരാണ് കൂടുതലും ഇതൊക്കെ നേരിടുന്നത്. ഗേ, ലെസ്ബിയന്‍, ബൈ സെക്ഷ്വല്‍, അസെക്ഷ്വല്‍ തുടങ്ങിയ മനുഷ്യരെയൊന്നും തിരിച്ചറിയാനാകില്ല. അവര്‍ക്ക് ജോലി കിട്ടാന്‍ പ്രയാസമുണ്ടാകില്ല. ഗേയെ ഇന്റര്‍വ്യു ബോര്‍ഡ് ആണായിട്ടായിരിക്കും കാണുക. ട്രാന്‍സാണ് പോകുന്നതെങ്കില്‍ അവര്‍ക്ക് വിദ്യാഭ്യാസവും ആ ജോലിക്കുള്ള യോഗ്യതകളുമുണ്ടെങ്കിലും ദൃശ്യതയില്‍ ആണിന്റെ മുഖത്തോടെയുള്ള പെണ്ണായിരിക്കും. ഒരു മനുഷ്യന്റെ ജന്‍ഡറില്‍ നിന്നോ സെക്സില്‍ നിന്നോ വരുന്നതല്ല അവരുടെ ഉല്‍പാദന ക്ഷമത. അത് ബുദ്ധിയില്‍ നിന്നും കായിക ക്ഷമതയില്‍ നിന്നുമാണ് വരുന്നത്. ഒരു ജീവജാലത്തെയും വില കുറച്ച് കാണരുത്. അവര്‍ക്ക് അവസരങ്ങളാണ് കൊടുക്കേണ്ടത്. അങ്ങനെയെങ്കില്‍ ലോകത്തിന് തന്നെ ഗുണകരമാകുന്ന തരത്തിലേക്ക് അവര്‍ ഉയര്‍ന്ന് വരും. അടിച്ചമര്‍ത്തിയും അപമാനിച്ചും അധഃകൃതരായി ജീവിച്ച മനുഷ്യര്‍ ഇത്രയധികം ഉയര്‍ന്ന് വന്നിട്ടുണ്ടെങ്കില്‍ അവരുടെ ഉള്ളിലുള്ള തീ എത്രത്തോളമായിരിക്കും എന്ന് നമ്മള്‍ ചിന്തിക്കണം.
സര്‍ജറി ചെയ്യുന്നതിനായി ബുദ്ധിമുട്ടുന്നതായി പലരും നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ശാരീരികവും സാമ്പത്തികവുമായ പ്രയാസങ്ങള്‍. ഇപ്പോള്‍ സര്‍ജറി ചെയ്യാതെയും മുന്നോട്ട് പോകുന്നവരുണ്ട്. അങ്ങനെയൊരു മാറ്റം സംഭവിക്കുന്നതാണോ?
സര്‍ജറി എന്നത് ഒരാളുടെ ചോയ്സാണ്. ചിലര്‍ അവരുടെ ശരീരം എന്താണോ അതുപോലെ ജീവിക്കാന്‍ ആഗ്രഹിക്കും. ചിലര്‍ സ്ത്രീയുടെ ശരീരം ആഗ്രഹിക്കും. ജന്‍ഡര്‍ പൊരുത്തക്കേടെന്ന് നേരത്തെ പറഞ്ഞില്ലേ. മനസ് പോലെ ശരീരവും ആകണമെന്ന് ആഗ്രഹിക്കും. അനന്യയുടെ മരണത്തോടെ സര്‍ജറിയുടെ കാര്യത്തില്‍ ഒരുപാട് പ്രോട്ടോക്കോളുകള്‍ നിലവില്‍ വന്നു. പെട്ടെന്ന് പോയി സര്‍ജറി ചെയ്യാനാകില്ല. കൗണ്‍സിലിംഗും വൈദ്യ പരിശോധനയുമെല്ലാം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമേ സര്‍ജറിയുടെ ഘട്ടത്തിലേക്ക് പോകാനാകൂ. പുരുഷന്റെ അവയവവും സ്ത്രീയുടെ ജന്‍ഡറുമായി കഴിയുന്ന ഒരാള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ജീവിക്കാനുള്ള സാഹചര്യം നമ്മുടെ നാട്ടിലുണ്ടാകണം. സര്‍ജറി ചെയ്തവര്‍ മാത്രമാണ് ട്രാന്‍സ് എന്ന് കരുതരുത്. ജനനേന്ദ്രീയം സര്‍ജറി ചെയ്തവരാണ് ട്രാന്‍സ് സെക്ഷ്വല്‍ എന്നത്. ട്രാന്‍സ് ജന്‍ഡര്‍ എന്നതില്‍ സര്‍ജറി ചെയ്തവരും അല്ലാത്തവരുമുണ്ടാകും. എല്ലാ മനുഷ്യര്‍ക്കും തുല്യനീതിയാണ് വേണ്ടത്. മനുഷ്യരുടെ കാലിന്റെ ഇടയിലേക്കല്ല നമ്മള്‍ നോക്കേണ്ടത്. അത് അവരുടെ സ്വകാര്യതയാണ്. അത് ഇന്ത്യന്‍ ഭരണഘടന ഓരോ മനുഷ്യനും ഉറപ്പ് നല്‍കുന്നുണ്ട്. മനുഷ്യരുടെ ജീവിതത്തിലേക്കും അവരുടെ നാല് ചുവരുകള്‍ക്കുള്ളിലേക്കും ഒളിഞ്ഞു നോക്കുന്നതാണവരുടെ പൊതുബോധം. സിയയും സഹദും എത്രത്തോളം വലിയ വ്യക്തിഹത്യയാണ് നേരിടുന്നത്. അതില്‍ എന്ത് ധാര്‍മ്മികതയും മനുഷ്യത്വവുമാണുള്ളത്. പണ്ട് ദൃശ്യമായിരുന്ന അടിമത്തം ഇപ്പോള്‍ രീതിയിലുണ്ടാക്കാന്‍ ശ്രമിക്കുന്നു. വ്യത്യസ്ഥതയുള്ള ജന്‍ഡറിനും സെക്ഷ്വാലിറ്റിയുള്ളവര്‍ക്കുമെല്ലാം മനുഷ്യരായി ജീവിക്കാനുള്ള അവസ്ഥയുണ്ടാകണം. അവര് മുല മുറിക്കുകയോ ലിംഗം ഛേദിക്കുകയോ സര്‍ജറി ചെയ്യുകയോ ഒക്കെ ചെയ്തോട്ടെ. അവരുടെ ശരീരമാണ്. എന്റെ ശരീരം എന്റെ അവകാശമാണ്. മറ്റ് മനുഷ്യരുടെ സ്വാതന്ത്ര്യത്തെയോ അധികാരത്തെയോ ഞാന്‍ ഒരുതരത്തിലും ഹനിക്കുന്നില്ല. എന്റെ ആഗ്രഹത്തിനനുസരിച്ച് ഭരണഘടന അനുശാസിക്കുന്നത് പോലെ ഇവിടെ ജീവിക്കാന്‍ കഴിയണമെന്നേ ആവശ്യപ്പെടുന്നുള്ളു.
വിദ്യാഭ്യാസ പദ്ധതിയില്‍ ജന്‍ഡര്‍, സെക്സ് എന്നിവയെല്ലാം കൃത്യമായി നിര്‍വചിച്ച് കൊണ്ട് ഉള്‍പ്പെടുത്തുന്നത് ക്വിയര്‍ മനുഷ്യരെക്കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടാക്കാന്‍ സഹായിക്കുമോ?
തീര്‍ച്ചയായും. ലൈംഗിക വിദ്യാഭ്യാസം പാഠപദ്ധതിയുടെ ഭാഗമാകണം. ജന്‍ഡറും സെക്സും സെക്ഷ്വാലിറ്റിയും എന്താണെന്ന് പറഞ്ഞു കൊടുക്കണം. സിയക്കും സഹദിനും കുഞ്ഞ് ജനിച്ചപ്പോള്‍ മാധ്യമങ്ങള്‍ കുഞ്ഞ് ജനിച്ചെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ആ മാതാപിതാക്കള്‍ കുട്ടിയുടെ സെക്സ് പുറത്ത് പറയാന്‍ താല്‍പര്യപ്പെടുന്നില്ല. ആ കുഞ്ഞ് തീരുമാനിക്കട്ടെ അതിന്റെ സെക്സ്. പാഠപുസ്‌കത്തില്‍ ഇത്തരം മനുഷ്യരെക്കുറിച്ച് കൂടി ഉള്‍പ്പെടുത്തണം. അവരുടെ ഫിസിക്കല്‍ അനാട്ടമിയും മാനസികാവസ്ഥയും ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതി വേണം. അത് നിര്‍ബന്ധിത പാഠ്യപദ്ധതിയാക്കി കുഞ്ഞുന്നാള്‍ മുതല്‍ പഠിപ്പിക്കണം. ആ കുഞ്ഞുങ്ങളില്‍ ക്വിയര്‍ മനുഷ്യരുണ്ടെങ്കില്‍ അവര്‍ക്ക് സ്വയം തിരിച്ചറിയാനും മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടാതെ, ആത്മവിശ്വാസത്തോടെ വളരാനും സഹായിക്കും. ഞാന്‍ ഇവരില്‍ നിന്നും ഒറ്റപ്പെട്ടവനോ ഒറ്റപ്പെട്ടവളോ അല്ലെന്നും അന്യഗ്രഹ ജീവിയല്ലെന്നും തനിക്ക് അസുഖമല്ലെന്നും ആ കുട്ടി തിരിച്ചറിയണം. എന്നെ ഞാനാക്കുന്ന ഫീലിംഗാണ് ഇതെന്ന് മനസിലാക്കണം. ആ കുട്ടികള്‍ പഠിച്ച് വളരുമ്പോള്‍ സെക്ഷ്വാലിറ്റിയിലെ വ്യത്യാസങ്ങളില്ലാതെ നല്ല മനുഷ്യരായി മാറും. ഒരുമിച്ച് ജോലി ചെയ്യാനും ജീവിക്കാനും കഴിയും. വ്യത്യസ്തതയും ഐക്യവുമുള്ള മനുഷ്യരെ വളര്‍ത്തിയെടുക്കണം. ദീര്‍ഘകാലത്തേക്കുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല ഹൃസ്വകാലത്തേക്കുള്ള പദ്ധതികളും ആവശ്യമാണ്. അത് ക്വിയര്‍ ആക്ടിവിസ്റ്റുകളും സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം ഒരുമിച്ച് നിന്ന് ചെയ്യേണ്ട കാര്യങ്ങളാണ്.