എത്ര പുരോഗമനം പറഞ്ഞാലും, എത്ര ട്രാന്‍ജെന്‍ഡറെ ചേര്‍ത്ത് നിര്‍ത്തിയാലും നമ്മളുടെ പല മൗലികമായ അവകാശങ്ങളും നേടിയെടുക്കാന്‍ സ്വയം മുന്നിട്ടിറങ്ങേണ്ട ഒരു ഘട്ടമാണിപ്പോള്‍. ഇത്തരത്തില്‍ ഒരു പത്ത്‌പേര്‍ ഇറങ്ങിയാല്‍തന്നെ ഇനി വരുന്ന തലമുറയിലെ ട്രാന്‍ജെന്‍ഡര്‍/ഇന്റര്‍സെക്‌സ് വ്യക്തികള്‍ക്ക് അഭിമാനത്തോടുകൂടി ജീവിക്കാനുള്ള വഴിതെളിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
മാറിവരുന്ന മലയാളകവിതാഭാവുകത്വപരിസരത്തിൽ ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റി രേഖപ്പെടുത്തിയ കവിതകളാണ് വിജയരാജമല്ലികയുടേത് . ‘ദൈവത്തിന്റെ മകൾ’, ‘ആൺനദി’ തുടങ്ങിയ കവിതാസമാഹാരങ്ങളിലൂടെ മലയാള സാഹിത്യത്തിൽ തങ്ങൾക്കും ഇടമുണ്ടെന്ന് ഉറപ്പിക്കാൻ എഴുത്തുകാരി തന്റെ തീക്ഷ്ണമായ അനുഭവലോകത്തെ വായനക്കാർക്ക് മുൻപിൽ തുറന്നിടുന്നു. ആ അനുഭവതീക്ഷ്ണതയെ ‘മല്ലികാവസന്ത’ത്തിലൂടെ മലയാളികൾ അറിഞ്ഞുകഴിഞ്ഞു. 2019 ലെ യുവകലാസാഹിതി വയലാര്‍ കവിതാ പുരസ്‌കാര ജേതാവും മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ കവിയുമായ വിജയരാജമല്ലികയുമായി രാജേഷ് പഞ്ഞത്തൊടി നടത്തിയ അഭിമുഖം.
മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കവിയാണല്ലോ താങ്കള്‍. എഴുത്തുജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച ഘടകം എന്താണ്?
കവിതയുടെ ചരിത്രമെടുത്താല്‍ അതില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളിലൊന്നിലും ആണും പെണ്ണും പകുത്തെടുത്ത ഭൂമിയില്‍ ഇടമില്ലാതെപോയ ഒരു വിഭാഗത്തെക്കുറിച്ച് ആരും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. എവിടെയൊക്കെയോ സ്വവര്‍ഗാനുരാഗികളെക്കുറിച്ചും, സമൂഹത്തിന്റെ ഓരങ്ങളില്‍ അരികുചേര്‍ന്നു നില്‍ക്കാന്‍ കൊതിക്കുന്ന ശിഖണ്ടിയെക്കുറിച്ചും, അത്തരത്തില്‍ ചില സ്വഭാവമുള്ള കഥാപാത്രങ്ങളെക്കുറിച്ചുമൊക്കെ പറയുന്നുണ്ട് . എങ്കിലും, അവരിലെ കഴിവുകള്‍ പരിപോഷിപ്പിക്കുന്ന രീതിയിലോ, അവരുടെ മനോവ്യാപാരങ്ങള്‍ ഉള്‍കൊള്ളുന്ന തരത്തിലോ, അവര്‍ മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാണെന്നു പറയുന്ന ഭാഷയിലോ ഒന്നും തന്നെ കണ്ടിട്ടില്ല. സത്യത്തില്‍, ആണുങ്ങള്‍ പറയാന്‍ അറച്ചതും പെണ്ണുങ്ങള്‍ പറയാന്‍ മറന്നതും എന്റേതായ ഭാഷയില്‍, പരിമിതികള്‍ക്കുള്ളില്‍നിന്ന് പറയുന്നതിലൂടെ (ഭാഷ പഠിക്കാത്തതിന്റെ, വ്യാകരണങ്ങള്‍ അറിയാത്തത്തിന്റെ, വൃത്തത്തിലും താളത്തിലും എഴുതാന്‍ പഠിക്കാത്തതിന്റെ പരിമിതിളില്‍നിന്ന്) പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തെ വലിയൊരു സാധ്യതയിലേക്ക് കൊണ്ടുവരാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതും.
സ്വന്തം ഭാഷയില്‍ അടയാളപ്പെടുത്തിയ ഒരു പുസ്തകം വേണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. പലരും ജീവചരിത്രമെഴുതാന്‍ ആവശ്യപ്പെട്ട് മുന്നോട്ടു വന്നിരുന്നുവെങ്കിലും അവര്‍ക്കൊന്നും ഞാന്‍ പറയുന്നത് മനസിലാകുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ പറയുന്നത് മനസിലാകാതിരിക്കുന്നതുകൊണ്ടാണല്ലോ നമ്മുടെ ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ നിയമമാകുന്നസമയത്ത് നമ്മള്‍ ജയിപ്പിച്ചുവിട്ട ഒരൊറ്റ എംപിമാര്‍പോലും മിണ്ടാതിരുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ എഴുത്തിനെ എങ്ങനെയാണ് നോക്കികാണുന്നത്?
ആണും പെണ്ണും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പോഴത്തെ പല വേദികളിലും സീത എന്ന കഥാപാത്രത്തെ വളരെയധികം പോളിഷ് ചെയ്യുന്ന രീതിയില്‍ ‘ചിന്താവിഷ്ടയായ സീത’യെക്കുറിച്ച് ഒരുപാടാളുകള്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷെ, ബൃഹന്ദളയുടെ വിഷമങ്ങളോ ബൃഹന്ദളയനുഭവിച്ച ഇരട്ട സ്വത്വത്തിന്റെ പരിദേവനങ്ങളോ നമ്മള്‍ എവിടെയും കേട്ടിട്ടില്ല. മാത്രമല്ല, നന്ദികെട്ട സമൂഹമാണെന്ന് നമ്മുടേതെന്ന് പറയാന്‍ സാധിക്കും. കാരണം, വളരെ കൃത്യമായി ഹദീസുകളില്‍ ഖുന്‍സകളായും, മഹാഭാരതത്തിലെ ശിഖണ്ഡിയായും , മത്തായി സുവിശേഷം 19 :16 മൂന്നുതരം യൂനക്കുകളായിട്ടുമൊക്കെ സമൂഹത്തിന്റെ വിവിധതലങ്ങളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചരിത്രത്തിലുണ്ട്. പ്രളയത്തില്‍ നോഹയുടെ പേടകമുണ്ടാക്കി മനുഷ്യന്‍ ഇഷ്ട്ടപ്പെട്ടതെല്ലാം കൊണ്ടുപോയപ്പോഴും ആണിനും പെണ്ണിനുമൊപ്പം ഞങ്ങളും ഉണ്ടായിരുന്നുന്നെന്നുള്ള വലിയ സത്യം അവര്‍ മറന്നുപോയി. അത്തരം കഥാപാത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ പോലും ഭാഷയില്‍ മാരകമായ മുറിവുകള്‍ ഉണ്ടാക്കി. ഇത്രയും വലിയ, പുരോഗമനമെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരു സമൂഹം അവരുടെ ഭാഷയിലേക്ക് ഞങ്ങളുടെ ജീവിതം വലിച്ചിഴക്കുകയാണ്. മന്ത്രിമാര്‍ പോലും ആണും പെണ്ണും കെട്ട സ്വഭാവം കാണിക്കരുത് പ്രധാനമന്ത്രി എന്നൊക്കെ പറയാറുണ്ട്. ഭാഷയില്‍ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ കോണുകളിലും ആണും പെണ്ണും അല്ലാതാകുകയെന്നത് ഒരു കുറവായി കാണുന്നുണ്ട്. അതിനെ തിരുത്തി ഞങ്ങള്‍ക്കിടയില്‍ ഒരുപാട് കഴിവുകളുള്ള ആളുകളുണ്ടെന്നുണ്ടെന്ന് പൊതുസമൂഹത്തെ അറിയിക്കാനും, ഏതൊരാണിനെയും പെണ്ണിനേയും പോലെ ഈ ഭൂമിയില്‍ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന് വിളിച്ചു പറയാനുള്ള ഒരു ശൈലിയായി, ഒരു ടൂള്‍ ആയി ഞാന്‍ ഞാന്‍ കവിതയെ കാണുന്നു.
ഏതൊരാണിനെയും പെണ്ണിനേയും പോലെ ഈ ഭൂമിയില്‍ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന് വിളിച്ചു പറയാനുള്ള ഒരു ശൈലിയായി, ഒരു ടൂള്‍ ആയി ഞാന്‍ ഞാന്‍ കവിതയെ കാണുന്നു.
സമൂഹത്തിന്റെ ദ്വന്ദബോധത്തോടുള്ള നിരന്തരമായ കലഹം ‘ദൈവത്തിന്റെ മകളി’ല്‍ തെളിഞ്ഞുകാണാം. ഈ എഴുത്തിന്റെ/കലഹത്തിന്റെ തുടക്കം എപ്പോഴായിരുന്നു?
കൃത്യമായിട്ട് പറയുകയാണെങ്കില്‍ ഏഴാം ക്ലാസില്‍. എന്റെ പന്ത്രണ്ടാമത്തെ വയസില്‍ ഞാന്‍ എഴുതിത്തുടങ്ങി. ആദ്യം എഴുതിയ കവിത ‘പ്രിയതമനാണ്’. ‘പാലകള്‍ പൂത്തു വാരിജം പൂത്തു/ ഇനിയുമെന്‍ പ്രിയതമന്‍ വന്നില്ല’ തുടങ്ങിയ വരികള്‍ ആണുടലിനുള്ളിലിരുന്ന് (ആണുടലെന്നു പൂര്‍ണ്ണമായും പറയാന്‍ പറ്റില്ല അങ്ങനെയാണല്ലോ നമ്മളെ വിശ്വസിപ്പിച്ചിരുന്നത്. ആണാകേണ്ടി വന്നിരുന്ന കാലം എന്നേ പറയാന്‍ പറ്റൂ) പെണ്ണ് കാണുന്ന കാഴ്ചകളും, ഒരു കൗമാരക്കാരി ആഗ്രഹിക്കുന്ന കാമുകനെകുറിച്ചുമൊക്കെയാണ് പറയുന്നത്. ‘ദൈവത്തിന്റെ മകളി’ലേക്ക് വന്നപ്പോള്‍ ആ കവിത അതില്‍ ഉണ്ടായിരിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. ഒരുപാടൊന്നും എഡിറ്റ് ചെയ്യാതെതന്നെ അത് പുസ്തകത്തിലേക്ക് എഴുതിചേര്‍ക്കാന്‍ സാധിച്ചു.
‘ആണ്‍നദി’യെക്കുറിച്ചും പി. ഗീതടീച്ചര്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും പറയാമോ?
‘ആണ്‍നദി’ വലിയൊരാഘോഷമായിട്ടാണ് എല്ലാവരും ഏറ്റെടുത്തത്. കാരണം, പ്രണയത്തിന്റെ മറ്റൊരു തലം വളരെ മനോഹരമായിട്ട് ‘ആണ്‍നദി’യില്‍ കൊണ്ടുവരാന്‍ സാധിച്ചു എന്നതാണ്. മലയാളികള്‍ക്ക് ഇതുവരെ കേട്ട് പരിചിതമല്ലാത്ത പത്തോളം പുതിയ വാക്കുകള്‍ സമ്മാനിക്കാന്‍ ആ കൃതിക്ക് കഴിഞ്ഞു. പൗരുഷത്തിന്റെയും സ്ത്രീത്വത്തിന്റെയും ഉത്തുംഗാരവങ്ങള്‍ക്കപ്പുറമുള്ള ചില യാഥാര്‍ത്ഥ്യങ്ങളില്‍, മനുഷ്യബോധങ്ങളില്‍, അവരുടെ ഉപമനസ്സുകളില്‍ ഉണ്ടാകുന്ന ചെറിയ സ്പാര്‍ക്കുകളെ വലിയ വിസ്‌ഫോടനങ്ങളാക്കി കൊണ്ടുവരാന്‍ ‘ആണ്‍നദി’ക്ക് സാധിച്ചെന്ന് ഞാന്‍ വിശ്വസിക്കുന്നു. മലയാളികള്‍ അതിനെ ‘ദൈവത്തിന്റെ മകളെ’പ്പോലെ തന്നെ ഏറ്റെടുക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ടതുണ്ട്. ‘ആണ്‍നദി’ എന്ന വാക്കുതന്നെ ഇതുവരെ നമുക്ക് കേട്ട് പരിചയമില്ലാത്ത ഒന്നാണ്. നദിയെ എപ്പോഴും നമ്മള്‍ പെണ്ണായിട്ടാണ് പറയാറ്, പക്ഷേ നദിക്ക് ആണുമാകാം എന്നുള്ള ഫ്‌ലെക്‌സിബിലിറ്റി കൊണ്ടുവരികയാണിവിടെ. അതുപോലെ ‘കാളച്ചുവപ്പുകള്‍’, ‘മാറുറക്കാത്ത പെണ്ണ്’ എന്നിവയെല്ലാം പുതിയ വാക്കുകളാണ്. ‘സഹജര്‍’ എന്ന വാക്ക് പലപ്പോഴും കമ്മ്യൂണിസത്തിന്റെ ഭാഗമായിട്ട് മാത്രമാണ് നാം കേട്ടിട്ടുള്ളത്. കമ്മ്യൂണിസം വളരെ കൃത്യമായിട്ട് നടപ്പിലാക്കുന്ന ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ രാഷ്ട്രീയത്തില്‍പ്പോലും മജ്ജയും മാംസവുമുള്ള സ്ത്രീക്കും പുരുഷനും സ്വാഭാവികമായ രീതിയില്‍ പിറക്കുന്നവരെ ഭിന്നലിംഗക്കാര്‍ എന്നു വിളിക്കപ്പെടുന്നു, അലെങ്കില്‍ അവര്‍ക്കു ‘മൂന്നാംലിംഗ’ പദവി നല്‍കുന്നു. ഇതൊക്കെ പറയുമ്പോള്‍ നമ്മളോര്‍ക്കേണ്ടത് വളരെ സഹജമായി ജനിക്കുന്നവരെ, സഹജമായി ജീവിക്കുന്നവരെ ‘സഹജര്‍’ എന്ന്തന്നെയാണ് അടയാളപ്പെടുത്തേണ്ടതെന്നാണ്.
മലയാളത്തിന് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കവിയെ വലിച്ചിട്ട് നല്‍കിയത് ഗീതടീച്ചറാണ്. ആണ്‍ശരീരത്തില്‍നിന്നും, രൂപങ്ങളില്‍നിന്നും, വ്യവസ്ഥകളില്‍നിന്നും വിജയരാജമല്ലിക എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കവിയെ പുറത്തേക്ക് കൊണ്ടുവന്ന ഒരു അനുഗ്രഹീതയായ സാമൂഹിക പ്രവര്‍ത്തകയാണവര്‍. ടീച്ചര്‍ വളരെ കൃത്യമായി പുസ്തകത്തെക്കുറിച്ചും, ഭാഷയുടെ സാധ്യതയെക്കുറിച്ചും, ഫെമിനിസത്തെക്കുറിച്ചുമെല്ലാം ആ പുസ്തകത്തില്‍ പറയുന്നുണ്ട്. എന്റെ ഒരു ഘട്ടം മുതല്‍ ഇപ്പോഴും ഗുരുതുല്യയായി (അമ്മയെന്ന് പറയുമ്പോള്‍ വളരെ ചുരുങ്ങിപ്പോവും) അതിനപ്പുറത്തേക്ക് കൂട്ടുകാരി ആകേണ്ട സമയത്ത് കൂട്ടുകാരിയായി നയിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ടീച്ചര്‍ .
ദ്വന്ദ്വലോകത്തിനപ്പുറമുള്ള മാനസികവ്യാപാരങ്ങള്‍ എഴുത്തിലൂടെ ആവിഷ്‌കരിച്ചപ്പോള്‍ വായനക്കാരുടെ പ്രതികരണം എങ്ങനെയായിരുന്നു?
ആദ്യം എഴുതിയത് പ്രണയകവിതകളായിരുന്നു. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി നോക്കിക്കാണുന്ന കാഴ്ചകളില്‍ ചിലതൊന്നും ആദ്യകാലഘട്ടങ്ങളില്‍ ആര്‍ക്കും മനസ്സിലായിരുന്നില്ല. ‘മരണാനന്തരം’, ‘പക്ഷെ’ തുടങ്ങിയ കവിതകള്‍ വന്നതോടുകൂടി എല്ലാവര്‍ക്കും കാര്യങ്ങള്‍ കൃത്യമായി മനസ്സിലായിത്തുടങ്ങി. ‘മരണാനന്തരം’ ജനങ്ങള്‍ ഏറ്റെടുത്ത കവിതയായിരുന്നു. മലയാളികളുടെ കപടസദാചാരബോധത്തെ കുറിക്കുകൊള്ളിക്കുന്ന ഒരു കവിതയാണത്. അത്തരം അനുഭവങ്ങള്‍ തന്നെയാണ് ജീവിതത്തില്‍ ഉണ്ടായിട്ടുള്ളതും. ഒരിക്കല്‍ ആലുവയിലെ ഒരു ഹോട്ടല്‍ വെയിറ്ററോട് ‘നിന്റെ ഇറച്ചിക്കഷ്ണത്തിനല്ല ഞാന്‍ വന്നത്’ എന്ന് പറയേണ്ടിവന്നു. അതുപോലെ കെഎസ്ആര്‍ടിസി ബസ്സിലാണ് ഞാന്‍ കണ്ടിടത്തോളം ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത്, പ്രത്യേകിച്ച് രാത്രി സമയത്ത്. സ്ത്രീകള്‍ ബസ്സില്‍ കയറിയാല്‍ അവരുടെ സീറ്റിനുവേണ്ടി പുരുഷന്മാരോട് തല്ലുണ്ടാക്കണം. ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ ഭാഗമായി ഇത്രയും ക്രൂരമായി സ്ത്രീകളോട് പെരുമാറാന്‍ അവരെ ആരാണ് പഠിപ്പിച്ചത്? പ്രൈവറ്റ് ആണെങ്കിലും കെഎസ്ആര്‍ടിസി ആണെങ്കിലും പുരുഷന്മാര്‍ സ്ത്രീകളുടെ സീറ്റില്‍ ഇരുക്കുന്നുണ്ടെങ്കില്‍ എഴുന്നേല്‍ക്കാന്‍ ഞാന്‍ ആവശ്യപ്പെടാറുണ്ട്. അവര്‍ക്കിടയില്‍ ഇരിക്കാനും എനിക്ക് മടിയില്ല, കാരണം അത് എനിക്ക് അവകാശപ്പെട്ട സീറ്റാണ്. പലരും ചോദിക്കാറുണ്ട്, ‘നിങ്ങളെന്തിനാ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് പറയുന്നത്, ഒരു സ്ത്രീ അല്ലെ?’ സ്ത്രീ ആണെന്ന് നിങ്ങള്‍ പറയുന്നുണ്ടെങ്കില്‍ സ്ത്രീകളുടെ സീറ്റും എനിക്ക് അവകാശപ്പെട്ടതാണ്. നമ്മുടെ വിവാഹങ്ങളാണെങ്കിലും പ്രോക്രിയേഷന്‍ ഫാമിലിയല്ലാതെയുള്ള ഫാമിലി സിസ്റ്റമാണെങ്കിലും എല്ലാം ബൈനറിക്കുവേണ്ടി തീറെഴുതിയ പോലെയാണ്. അപ്പൊള്‍, ബൈനറിക്കപ്പുറമുള്ള ആളുകളെ അഡ്രസ്സ് ചെയ്യാന്‍ പല തലങ്ങളിലും നമ്മള്‍ തയ്യാറാകേണ്ടതും പ്രാപ്തമാകേണ്ടതും വളരെ അത്യാവശ്യമാണ്. എന്റെ കവിതകളിലൂടെ ഈ സമൂഹത്തെ ഒന്ന് പാകപ്പെടുത്തിയെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഉപരിപ്ലവമായിട്ടെങ്കിലും ചിലയിടങ്ങളില്‍ അത് നടക്കുന്നുണ്ട്. എത്ര പുരോഗമനം പറഞ്ഞാലും, എത്ര ട്രാന്‍ജെന്‍ഡറെ ചേര്‍ത്ത് നിര്‍ത്തിയാലും നമ്മളുടെ പല മൗലികമായ അവകാശങ്ങളും നേടിയെടുക്കാന്‍ സ്വയം മുന്നിട്ടിറങ്ങേണ്ട ഒരു ഘട്ടമാണിപ്പോള്‍. ഇത്തരത്തില്‍ ഒരു പത്ത്‌പേര്‍ ഇറങ്ങിയാല്‍തന്നെ ഇനി വരുന്ന തലമുറയിലെ ട്രാന്‍ജെന്‍ഡര്‍/ഇന്റര്‍സെക്‌സ് വ്യക്തികള്‍ക്ക് അഭിമാനത്തോടുകൂടി ജീവിക്കാനുള്ള വഴിതെളിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
‘മല്ലികാവസന്തം’ സ്വത്വം വീണ്ടെടുക്കലിന്റെ നേര്‍ക്കഥയാണ്. വേദനകളുടെ ഭൂതകാലത്തില്‍നിന്നും പ്രതീക്ഷകളുടെ വസന്തത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്ന ആശയത്തിലേക്ക് എങ്ങനെയാണ് എത്തിയത്?
സ്വന്തം ഭാഷയില്‍ അടയാളപ്പെടുത്തിയ ഒരു പുസ്തകം വേണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. പലരും ജീവചരിത്രമെഴുതാന്‍ ആവശ്യപ്പെട്ട് മുന്നോട്ടു വന്നിരുന്നുവെങ്കിലും അവര്‍ക്കൊന്നും ഞാന്‍ പറയുന്നത് മനസിലാകുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ പറയുന്നത് മനസിലാകാതിരിക്കുന്നതുകൊണ്ടാണല്ലോ നമ്മുടെ ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ നിയമമാകുന്നസമയത്ത് നമ്മള്‍ ജയിപ്പിച്ചുവിട്ട ഒരൊറ്റ എംപിമാര്‍പോലും മിണ്ടാതിരുന്നത്. അപ്പൊള്‍, ഞങ്ങള്‍ ട്രാന്‌സ്‌ജെന്‌ഡേഴ്‌സിനെ ഉള്‍ക്കൊള്ളുന്നു എന്ന് പറയുമ്പോഴും അതിനിടയില്‍ വലിയൊരു ഗ്യാപ് കാണുന്നുണ്ട്. ആ ഗ്യാപ് കൂടുംതോറും ജീവിക്കാനുള്ള മൗലികമായ അവകാശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ട്രാന്‍സ്‌ജെന്‍ഡര്‍ / ഇന്റര്‍സെക്‌സ് ആയിട്ടുള്ള എല്ലാ ആളുകളുടെയും കഥയല്ല. എനിക്കുണ്ടായ അനുഭവമായിരിക്കില്ല ശീതളിനോ, രഞ്ജുവിനോ, ഫൈസലിനോ, രഞ്ജുരഞ്ജിമാര്‍ക്കോ, ചിഞ്ചുവിനോ ഉണ്ടായിരിക്കുക. ഇതെല്ലാം എഴുതണമെനൊന്നും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ഒരുപക്ഷെ, എനിക്ക് മുന്‍പ് പലരും എഴുതണമെന്ന് കരുതിയിട്ടുമുണ്ടാവാം, എന്തുകൊണ്ടോ എനിക്കാണ് അതിനുള്ള അവസരം ഒത്തുവന്നത്. ‘മല്ലികാവസന്തം’ വായിക്കണമെന്ന് പറയുന്നതിന് ഒരു കാരണം കൂടിയുണ്ട്. നാളെ നമ്മള്‍ വളര്‍ത്തിയ ആണ്‍കുട്ടി പെണ്ണാണെന്ന് സ്വത്വബോധത്തോടുകൂടി പറയുമ്പോള്‍ അത് എങ്ങനെ ഉള്‍ക്കൊള്ളണമെന്ന് നമ്മുടെ അമ്മമാര്‍ക്ക് അറിയില്ല. അമ്മയെന്നുള്ളത് വലിയൊരു പദാമാകണമെങ്കില്‍ മലയാളി ക്ലീഷേ സങ്കല്പങ്ങള്‍ക്കപ്പുറം പോകേണ്ടതുണ്ട്. അമ്മമാര്‍ തെറ്റ് ചെയ്യുമ്പോള്‍ വളരെയധികം പ്രക്ഷുബ്ധമാകുന്ന ഒരു സമൂഹത്തെ നമ്മള്‍ കണ്ടിട്ടുണ്ട്. അപ്പോഴും ട്രാന്‍സ്‌ജെന്‍ഡറായിട്ടുള്ള കുട്ടികളെക്കുറിച്ചോ, ട്രാന്‍സ്‌ജെന്‍ഡര്‍ അവസ്ഥയില്‍ ജീവിക്കേണ്ടി വരുന്ന ആളുകളെ പറ്റിയോ ഇന്റര്‍സെക്‌സ് ആയിട്ടുള്ള മക്കളെ അമ്മമാര്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചോ ഒന്നും ഒരു പത്രമാധ്യമങ്ങളിലും കഥകളിലും സിനിമകളിലും നമ്മള്‍ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം യാഥാര്‍ത്ഥ്യങ്ങളോടുകൂടി ജീവിക്കുന്ന ആളുകളുടെ ജീവിതവഴിത്താരകള്‍ എല്ലാവരും വായിച്ചു തുടങ്ങട്ടെ. ട്രാന്‍സ്‌ജെന്‍ഡര്‍ ആയതുകൊണ്ടുമാത്രം നഷ്ടപ്പെട്ടുപോയ ഒരുപാട് ഇടങ്ങളുണ്ട് നമുക്കുചുറ്റും. എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ഒരു സംഭവം ശാലുവിന്റെ മരണമാണ്. എനിക്ക് തലേന്ന് മരിച്ചവര്‍ക്കും എനിക്ക് ശേഷം മരിച്ചവര്‍ക്കും നീതി കിട്ടി, ഞാന്‍ ഇപ്പോഴും കോഴിക്കോട് പൊതുശ്മശാനത്തില്‍ ഏതോ അനാഥ പ്രേതം പോലെ കിടക്കുന്നു, എന്റെ കുഴിമാടം തിളയ്ക്കുന്നു എന്ന് ശാലു ഉറക്കെ കരഞ്ഞു കൊണ്ടിരിക്കുകയാണ്. ശാലുവിനെപ്പോലെയുള്ള ഒരുപാടുപേര്‍ മരിച്ചു വീഴുന്നുണ്ട്. പക്ഷെ, ശാലുവിന് മുന്‍പ് മരിച്ചവര്‍ക്കും ശാലുവിന് ശേഷം മരിച്ചവര്‍ക്കും നീതി കിട്ടി. ട്രാന്‍സ് ആയ ശാലു രാത്രിയില്‍ ഇറങ്ങി നടന്നതുകൊണ്ടല്ലേ മരിച്ചതെന്നാണ് എല്ലാവരും പറയുന്നത്. അങ്ങനെ പറയാന്‍ സമൂഹത്തിന് തോന്നുന്നുവെങ്കില്‍ അതില്‍ എന്തോ ഒരു പിശകുണ്ട്. ആ പിശകെന്താണെന്ന് തിരിച്ചറിയണമെങ്കില്‍ ഈ പുസ്തകം തീര്‍ച്ചയായും വായിച്ചിരിക്കണം
പ്രതിഷേധവും പ്രത്യയശായും ഒരുപോലെ മുന്നോട്ടുവെക്കുന്ന ‘മല്ലികാവസന്തം’ ഒരു പാഠപുസ്തകംകൂടി ആണെന്ന് താങ്കള്‍ പറയുന്നുണ്ട്. ഇത്തരം തുറന്നെഴുത്തുകളിലൂടെ സമൂഹത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്?
സീരിയലുകളൊക്കെ ശ്രദ്ധിച്ചാല്‍ കാണാം അതില്‍ രണ്ട് സ്ത്രീ കഥാപാത്രങ്ങളുണ്ടെങ്കില്‍ ഒരാള്‍ ഇപ്പോഴും പാവവും മറ്റെയാള്‍ ഭയങ്കര വില്ലത്തിയുമായിരിക്കും. വില്ലത്തിയാകാനും നായികയെന്ന സോഫ്റ്റ് കോര്‍ണര്‍ കിട്ടാനുമുള്ള പരിശ്രമത്തിനിടയില്‍ ഇവര്‍ തമ്മില്‍ ഒരിക്കലും കോംപ്രമൈസ് ഉണ്ടാവാറില്ല. പക്ഷെ, ഒരു സിനിമ കാണുമ്പോള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് വില്ലനായാണ്, കാരണം വില്ലന്‍ എത്രത്തോളം വില്ലത്തരം കാണിക്കുന്നോ അത്രത്തോളം പ്രതിബദ്ധത നായകനുണ്ടാകും. അതുപോലെ നമ്മുടെ ജീവിതത്തില്‍ നെഗറ്റീവായിട്ടുള്ള അനുഭവങ്ങള്‍ എത്രത്തോളം ഉണ്ടാകുന്നോ അത്രത്തോളം നമ്മള്‍ ഹാപ്പി ആവും, കൂടാതെ ജീവിതത്തെ വേറിട്ട കാഴ്ചകളിലൂടെ കാണാനും സാധിക്കും. ആ കാഴ്ചപ്പാടുകള്‍ ഉണ്ടാകുമ്പോഴാണ് നമുക്ക് മറ്റുള്ളവരുടെ പ്രശ്‌നങ്ങളെ കൃത്യമായിട്ട് കാണാനും അടയാളപ്പെടുത്താനും അതില്‍ എന്തെങ്കിലും ചെറിയ ഇടപെടല്‍ നടത്താനും സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെ ഈ പുസ്തകം എന്നെ സംബന്ധിച്ച് കഴിഞ്ഞുപോയ വിഷമങ്ങളില്‍ ദുഃഖിക്കുകയല്ല ചെയ്യുന്നത്, അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുവരികയാണ്. ഒരിക്കല്‍ തോറ്റവന് പിന്നീടൊരിക്കലും ജീവിക്കാന്‍ അവകാശമില്ല എന്നല്ല, അവന്‍ ജയിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കണം. ഒരു ജോലി നഷ്ട്ടപ്പെട്ടെന്നുകരുതി എനിക്ക് എക്കാലവും ജോലി നഷ്ടപ്പെടുന്നില്ല. ഞാന്‍ എന്റേതായ ഇടങ്ങള്‍ കണ്ടുപിടിച്ച് അവിടെ എന്ത് ചെയ്യാന്‍ സാധിക്കും, എങ്ങനെ ജീവിക്കാന്‍ സാധിക്കും എന്നെല്ലാം നോക്കുകയാണ് ചെയ്യേണ്ടത്. ജനിച്ച ഒരു വ്യക്തിക്ക് മരിക്കും വരെ ജീവിച്ചല്ലേ പറ്റൂ. അപ്പോള്‍, സ്വാഭാവികമായിട്ടും ഒരു വ്യക്തിക്ക് ജീവിക്കാനുള്ള പ്രേരണയായി തീരട്ടെ ഈ പുസ്തകം. വരാനിരിക്കുന്നത് എന്തുമാകട്ടെ അതിനെ കരുത്തോടെ ഉള്‍ക്കൊള്ളാനും, സ്വാംശീകരിച്ച് മുന്നോട്ടു പോകാനുമുള്ള ശക്തി എല്ലാവര്‍ക്കുമുണ്ടാകണം.
ഭാഷയുടെ അളവുകോല്‍കൊണ്ടല്ല ഹൃദയംകൊണ്ടാണ് കവിത വായിക്കേണ്ടതെന്ന് എഴുത്തിലൂടെ പറയുന്നുണ്ട്; തീക്ഷ്ണമായ അനുഭവമണ്ഡലത്തിലേക്ക് വായനക്കാരന്റെ ശ്രദ്ധതിരിക്കുന്നതോടൊപ്പം ഭാഷയുടെ അപര്യാപ്തതകൂടിയല്ലേ ഇതിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്? മലയാളഭാഷ ട്രാന്‍സ്‌ജെന്‍ഡര്‍ അനുഭവത്തിന് രൂപംനല്‍കാന്‍ എത്രത്തോളം പര്യാപ്തമാണ്?
ഞാന്‍ ഹിന്ദിയില്‍ എഴുതിത്തുടങ്ങിയ ഒരാളാണ്, പിന്നീട് തമിഴില്‍ എഴുതിയിരുന്നു. പക്ഷെ ഡല്‍ഹിയിലുള്ള ട്രാന്‍ജെന്‍ഡര്‍ കള്‍ച്ചറല്ല കേരളത്തിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ കള്‍ച്ചര്‍. ട്രാന്‍ജെന്‍ഡര്‍സ് ജീവിതം കേരളത്തില്‍ മറ്റൊരു യാഥാര്‍ഥ്യമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ വ്യത്യസ്തമായി കൃത്യമായി പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അതിനെ പ്ലെയിസ് ചെയ്യേണ്ടിടത്തു ചെയ്യുന്ന ഒരു വിഭാഗമാണ് ഇവിടുത്തെ എന്റെ സഹോദരി സഹോദരങ്ങളായ ട്രാന്‍ജെന്‍ഡര്‍, ഇന്റര്‍സെക്‌സ് വ്യക്തികള്‍. മലയാളഭാഷയുടെ സാധ്യതകളെല്ലാം ഉപയോഗിച്ച്, പരിമിതികളില്‍ നിന്നുകൊണ്ട് എഴുതുകയെന്നുള്ളത് വലിയൊരു ചലഞ്ച് ആണ്. എനിക്ക് മലയാളത്തില്‍ ആകെക്കൂടി ആയിരത്തി മുന്നൂറ്റി നാല്‍പ്പത്തിയഞ്ച് പദങ്ങളേ അറിയൂ, ആ പദങ്ങള്‍വച്ചാണ് ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നതും. പുസ്തകങ്ങള്‍ വായിക്കുന്നവതിനേക്കാള്‍ യാത്രയിലുടനീളമുണ്ടാകുന്ന അനുഭങ്ങള്‍ എഴുതിവെക്കുകയാണ് ഞാന്‍ ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ എല്ലാ ഭാഷയ്ക്കും പരിമിതികളും സാധ്യതകളുമുണ്ട്. അത് രണ്ടും ഉള്‍ക്കൊണ്ടുകൊണ്ട് എഴുതുകയെന്നതാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയെന്ന നിലയില്‍ ഞാന്‍ ഏറ്റെടുത്തിരിക്കുന്ന ഒരു ചാലഞ്ച്.
‘പേനകള്‍ ഞങ്ങളെ ഭിന്നരാക്കി / പിന്നെ മലയാളഭാഷ മൂന്നാക്കി / ചിലരൊക്കെ പണ്ടേ ഇതരരാക്കീ / അവരൊക്കെ മെല്ലെ അന്യരാക്കീ’ എന്ന് ‘കലിംഗ’യിലും, ‘മലയാള ഭാഷയെ പ്രണയിച്ച നിങ്ങള്‍ / ഞങ്ങളെയെന്തേ മറന്നുപോയി’ എന്ന് ‘ഭഗ്‌നകാമാങ്കിത’യിലും പറയുമ്പോള്‍ ഒരു ക്ലാസിക്കല്‍ ഭാഷയുടെ ലിംഗപരമായ അപചയത്തെ താങ്കള്‍ വരച്ചുകാട്ടുകയാണ്. മൂര്‍ച്ചയുള്ള കവിതകള്‍ രചിക്കുന്നതില്‍ ഇത്തരം ‘പകരപ്പദ’ങ്ങള്‍ എങ്ങനെയാണ് സ്വാധീനം ചെലുത്തിയത്?
ആണും പെണ്ണും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നസമയത്ത് യോനിയിലേക്ക് ലിംഗം കടത്തുന്നവന് പച്ച ഭാഷയില്‍ ‘പൂറന്‍’ എന്ന പദം ഉപയോഗിക്കും. പക്ഷെ പുരുഷനും പുരുഷനും സെക്‌സ് ചെയ്യുന്ന സമയത്ത് അല്ലെങ്കില്‍ യോനിയില്ലാത്ത സ്ത്രീയും പുരുഷനും സെക്‌സ് ചെയ്യുന്ന സമയത്ത് അവര്‍ ഗുദമൈഥുനമാണ് ചെയ്യുന്നത്. അവരെ ‘കുണ്ടന്‍’ എന്ന് വിളിക്കാന്‍ കാണിക്കുന്ന വലിയൊരു സ്വരം പാട്രിയാര്‍ക്കല്‍ പുരുഷന്മാര്‍ക്കുണ്ട്. പക്ഷെ അവരെ തിരിച്ച് ‘പൂറാ’ എന്ന് വിളിക്കാറില്ല, അവിടെയാണ് സംസ്‌കാരം. അവിടെനിന്നാണ് ഈ പാട്രിയാര്‍ക്കല്‍ സൊസൈറ്റി പഠിക്കേണ്ടത്. ‘മലയാളഭാഷ’യെന്ന കവിത ഞാന്‍ പാലക്കാടുവച്ച് എഴുതിയതാണ്. എല്ലാ വര്‍ഷവും ഭാഷാഹാസ്‌നേഹികളുടെ ഒരു പരിപാടി നടക്കാറുണ്ട്. അങ്ങനെയൊരു സമരത്തില്‍ പാലക്കാടുനിന്ന് സമരത്തെ സ്വീകരിക്കാന്‍ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായിരുന്നു ഞാന്‍. അവിടെച്ചെന്നപ്പോള്‍ ഭാഷയെക്കുറിച്ച് ഓരോരുത്തര്‍ ഘോര ഘോരം സംസാരിക്കുന്നത് കേട്ടു. എനിക്ക് മൈക്ക് കിട്ടിയ സമയത്ത് ഞാന്‍ ഒറ്റ കാര്യമേ ചോദിച്ചൊള്ളൂ, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ മലയാളമെന്താണെന്ന്. പലരും ഭിന്നലിംഗക്കാര്‍ മൂന്നാംലിംഗക്കാര്‍ എന്നൊക്കെ പറഞ്ഞു, കാരണം അങ്ങനെയാണല്ലോ മാധ്യമങ്ങള്‍ എഴുതിപിടിപ്പിച്ചിരിക്കുന്നത്. ആ ഒരൊറ്റ ചോദ്യത്തോടെ ആ സമരത്തിന്റെ അന്തസത്ത നഷ്ടപ്പെടും എന്നായി. പിന്നീട് ഞാന്‍ തന്നെ പറഞ്ഞു നമുക്ക് ഒന്നായി ചേര്‍ന്നുകൊണ്ട് ഭാഷയില്‍ ഒരു പദം കണ്ടുപിടിക്കാമെന്ന്. അങ്ങനെയാണ് ‘സഹജ’ എന്ന പദം ഉണ്ടാകുന്നത്. പക്ഷെ അതിനെ ഉള്‍ക്കൊളളാന്‍ പലര്‍ക്കും സാധിച്ചില്ല. കമ്മ്യൂണിറ്റിക്കകത്തുപോലും പല ഡിസ്പ്യൂട്ടറുകളുണ്ട്. ‘മനസിജര്‍’ ആണോ എന്ന് ചിലര്‍, കാരണം മനസിന് എന്തോ കുഴപ്പമുള്ളതുകൊണ്ടാണ് ഇങ്ങനെ ജീവിക്കുന്നതെന്ന് ചില സൈക്യാട്രിസ്റ്റുകള്‍. ചില മതഗ്രന്ഥങ്ങളും അങ്ങനെയാണ് വിശ്വസിക്കുന്നത്. ഏന്തായാലും പകരപ്പദങ്ങളായ ‘കുണ്ടന്‍’, ‘ഫ്‌ലൂട്ട്’ എന്നൊക്കെ വിളിക്കുബോള്‍ ഓര്‍മിക്കേണ്ടത് ഇതേകാര്യം വീട്ടില്‍ ചെയ്യുബോള്‍ ഭാര്യയെ ‘എടി ഫ്‌ലൂട്ടെ’ എന്ന് ആരും വിളിക്കുന്നില്ലെന്നതാണ്. യാതൊരു രീതിയിലും മൗലികമായ അവകാശങ്ങള്‍ പോലും കയ്യടക്കാന്‍ കഴിയാത്ത ഒരു വിഭാഗം ആളുകളെ എന്തുമാകാമെന്ന ധാരണ നമ്മുടെ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പൗരത്വനിയമത്തിനെതിരെ സംസാരിക്കുന്ന അതേയാളുകള്‍ തന്നെയാണ് പെരുമ്പാവൂരില്‍ ബംഗാളികള്‍ കൂടിവരുന്നു എന്ന് പരാതി പറയുന്നത്. എങ്ങനെയാണ് അതുരണ്ടും മാച്ചാകുന്നത്.
‘ഇനി എന്ന് നല്‍കീടും / നീതി എനിക്ക് / നിദ്രയിലാണ്ടൊരു കേരളമേ.’ എന്ന ‘നീതി’യിലെ വരികള്‍ നീതിനിഷേധത്തിനും സദാചാരസംഹിതകള്‍ക്കുമെതിരെയുമുള്ള മുദ്രാവാക്യമായി മാറുന്നുണ്ട്. പ്രതിഷേധത്തിന്റെ മാധ്യമം എന്ന നിലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എഴുത്തിന്റെ പ്രസക്തിയെക്കുറിച്ചു പറയാമോ?
ട്രാന്‍സ്‌ജെന്‍ഡര്‍, ഇന്റര്‍സെക്‌സ് വ്യക്തികളുടെ അവകാശനിഷേധങ്ങള്‍ സമൂഹം ഏറ്റെടുക്കേണ്ട വലിയൊരു പ്രക്ഷോഭം തന്നെയാണ്. അത് കവിതയായി പ്രകമ്പനം കൊള്ളുമ്പോള്‍ ആളുകളുടെ ഉള്ളിലേക്ക് വലിയ ഇടിമിന്നല്‍ ഏല്‍പ്പിക്കുന്നുണ്ട്. അങ്ങനെ, ഒരുവിഭാഗം മാറിത്തുടങ്ങുമ്പോള്‍ മറുവിഭാഗവും മാറിത്തുടങ്ങും. ഓരോരുത്തരിലേക്കും ഈ കവിതകളെത്തുമ്പോള്‍ ആളുകള്‍ മെല്ലെമെല്ലെയായി മാറും. ഒരുപക്ഷേ പൂര്‍ണ്ണമായിട്ടും മാറിയ ഒരു സമൂഹം ഒരുഭാഗത്ത് ജീവന്‍ നഷ്ടപ്പെടുമ്പോളായിരിക്കും മറ്റൊരു വിഭാഗം ഇതിനെക്കുറിച്ച് പഠിക്കുന്നത്. സോഷ്യല്‍ പ്രോസസ് അങ്ങനെയാണല്ലോ. ആളുകളുടെ കാഴ്ചപ്പാടുകള്‍ മാറണമെങ്കില്‍ നമ്മുടെ അടിസ്ഥാനപരമായ മാധ്യമം സ്വാധീനിച്ചേ പറ്റൂ, പ്രത്യേകിച്ച് സിനിമ. സിനിമയില്‍ ആണും പെണ്ണും തമ്മിലുള്ള മരം ചുറ്റി പ്രേമം കണ്ടു മടുത്തു. എന്തുകൊണ്ടാണ് അഞ്ച് നടന്മാരുള്ള ഒരു സിനിമയില്‍ ആറാമതും ഒരു നായികയെ നമ്മള്‍ അന്വേഷിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. എന്തുകൊണ്ട് അഞ്ചുപേരില്‍ ഒരാള്‍ ഗേ ആയിക്കൂടാ, രണ്ടുപേര്‍ ഇന്റര്‍സെക്‌സ് ആയിക്കൂടാ, ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയിക്കൂടാ. അത്തരം കാഴ്ചപ്പാടുകള്‍ വളര്‍ത്തിയേ പറ്റൂ. വി. ടി. നന്ദകുമാറിനെ ‘രണ്ടു പെണ്‍കുട്ടികള്‍’ ആസ്പദമാക്കിയെടുത്ത സിനിമ പോലും അവസാനമായപ്പോള്‍ ക്ലൈമാക്‌സ് മാറ്റിക്കളഞ്ഞു. ‘ദേശാടനക്കിളികള്‍ കരയാറില്ല’ അവസാനമായപ്പോള്‍ മറ്റെന്തോ തലത്തിലേക്ക് പോയി. ‘ചാന്തുപൊട്ട്’ എന്ന സിനിമ ഒരു നാടകത്തെ ബേസ് ചെയ്ത സിനിമയാണെന്ന് കേട്ടിട്ടുണ്ട് (കൃത്യമായി അറിയില്ല). ആ നാടകത്തിന്റെ അവസാനത്തില്‍ ബിജുമേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രവും ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മില്‍ വിവാഹം കഴിക്കുന്നതായാണ് കഥ. പക്ഷേ അതിനെ മലയാളസിനിമയും പ്രേക്ഷകരും ഏറ്റെടുക്കില്ല എന്ന വിശ്വാസംകൊണ്ട് രാധയെ അടിച്ച് നേരെയാക്കുകയാണ്. രാധക്ക് കിട്ടിയ ഓരോ അടിയും വലിയ വലിയ പ്രഹരങ്ങളായി ഇവിടത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കാണ് കിട്ടിയത്. എന്നെപ്പോലെയുള്ള ഒരു വ്യക്തിയെ നോക്കൂ; ഞാന്‍ കറുത്ത ത്വക്കോടുകൂടിയ, ദളിതായ, ഇന്റര്‍സെക്‌സ് ആയിട്ടുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്. ഒരേസമയം ദളിതും ട്രാന്‍സ്‌ജെന്‍ഡറുമായിരിക്കുക അതിലുപരി ഇന്റര്‍സെക്‌സ് ആയിരിക്കുകയെന്നൊക്കെ പറയുന്നത് പ്രഹരത്തിനുമേല്‍ പ്രഹരമാണ്. എത്രയോ ആളുകള്‍ ഇവിടെ തല്ലു കൊള്ളുന്നു, എത്രയോ ആളുകളളെ കൊലപെടുത്തുന്നു; സിനിമ ഇത്ര ക്രൂരമാകാന്‍ പാടില്ല. കാരണം സിനിമകള്‍ ഇവിടെ വിജയിക്കുന്നുണ്ടെങ്കില്‍, ഒരാള്‍ ഇവിടെ സൂപ്പര്‍സ്റ്റാര്‍ ആകുന്നുണ്ടെങ്കില്‍ അവരെ സൂപ്പര്‍സ്റ്റാര്‍ ആക്കുന്നത് ഇവിടുത്തെ പ്രേക്ഷകരാണ്. ആ പ്രേക്ഷകരോട് ഇത്തരത്തിലുള്ള ഹൃദയശൂന്യതയും നീതികേടും കാണിക്കുന്നത്രയും കാലം സിനിമകള്‍ക്ക് ദ്വന്ദ്വബോധത്തിനപ്പുറം ചിന്തിക്കാന്‍ സാധിക്കില്ല. ‘ചിരഞ്ജീവികള്‍’ എന്ന കവിതയില്‍ ഞാന്‍ ഇതിനെക്കുറിച്ച് എഴുതിയിരുന്നു. കോണ്ടം ഗര്‍ഭനിരോധനത്തിനുമാത്രമല്ല ഉപയോഗിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം, എന്നിട്ടുകൂടി പോസ്റ്ററുകളില്‍ കാണുന്നത് ആണും പെണ്ണുമുള്ള പരസ്യങ്ങളാണ്. ഒരുപക്ഷേ ആ പരസ്യ ബോര്‍ഡുകളിലിരുന്നുകൊണ്ട് ആ പുരുഷനും സ്ത്രീയും നിയമഭേദഗതികളുടെ പുതിയ ഏടുകള്‍ മറിച്ചുനോക്കുന്നുണ്ടായിരിക്കാം. അവരിലൊരു സ്വവര്‍ഗപ്രണയമോ ബൈസക്ഷല്‍ പ്രണയമോ ഉണ്ടായിരിക്കാം. അതൊന്നും ഉള്‍ക്കൊളളാന്‍ നമ്മുടെ പോസ്റ്റുകള്‍ തയ്യാറാകാത്തത്രയും കാലം ഇവിടെ വലിയ അവകാശ ലംഘനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. മാറ്റം ഒരു സമൂഹമല്ല ഏറ്റെടുക്കേണ്ടത്, അത് വ്യക്തികളില്‍ നിന്നാണ് ഉണ്ടാവേണ്ടത് എന്നുതന്നെയാണ് എന്റെ അടിയുറച്ച വിശ്വാസം.
‘അസ്തിത്വമില്ലാത്ത പ്രേതങ്ങളോ ഞങ്ങള്‍ / മസ്തിഷ്‌ക വീക്കം പുണര്‍ന്നവരേ’ എന്ന ‘കോമരങ്ങളി’ലെ വരികള്‍ക്ക് ‘രക്തവും മജ്ജയും ഉള്ളവര്‍ / ഞങ്ങള്‍ മനുഷ്യര്‍, മനുഷ്യര്‍, / മനുഷ്യര്‍ തന്നെ...’ എന്ന ‘സദാചാരപ്പനി’യിലെ വരികളിലൂടെ ഉത്തരം കണ്ടെത്തുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വത്തിനിടമില്ല എന്ന പരിതാപത്തില്‍നിന്ന് സര്‍വ്വ മനുഷ്യരും ‘സര്‍വ്വം’ മനുഷ്യരാണ് എന്നുള്ള ബ്രിഹത്തായ കാഴ്ചപ്പാടിലേക്ക് വായനക്കാരെ കൊണ്ടുപോകാന്‍ സഹായിച്ച ആശയം ഏതാണ്?
കമ്മ്യൂണിസം രക്തത്തിലുള്ളതാണ്. അച്ഛന്‍ വളരെയധികം പൊളിറ്റിക്കല്‍ ആയിട്ടുള്ള ഒരു വ്യക്തിയായിരുന്നു. കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാംപസില്‍ പഠിക്കുമ്പോള്‍ തന്നെ അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. പിന്നീട് കെഎസ്ഇബിയില്‍ ജോലി കിട്ടിയപ്പോഴും യൂണിയന്‍ പ്രവര്‍ത്തനത്തില്‍ സജീവമായി. ചെറുപ്പംമുതല്‍ പങ്കുവെച്ച വലിയ ആശയങ്ങളിലൂടെ അദ്ദേഹം എനിക്കെപ്പോഴും ഒരു സ്റ്റാന്‍ഡിങ് സിംബല്‍ ആയിരുന്നു, ഒരു ഐഡിയല്‍ എന്നൊക്കെപ്പറയാം. വിശന്നുവരുന്ന ആളുകള്‍ക്ക് അച്ഛന്‍ ഭക്ഷണം കൊടുക്കുന്നതൊക്കെ കണ്ടിട്ടാണ് ഞാന്‍ വളര്‍ന്നത്. ഇതാണ് കമ്മ്യൂണിസം എന്ന് അതിലൂടെ തിരിച്ചറിയുകയായിരുന്നു. ഇതാണ് കമ്മ്യൂണിസമെങ്കില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടെന്ന് പൊതുസമൂഹം പറയുന്ന, അതേസമയം ഒരുപാട് കഴിവുകളുള്ള ഒരു വിഭാഗത്തിന്റെ ചേതനകളെക്കൂടി പകര്‍ത്തിയെഴുതാന്‍ കഴിയുന്ന ഒരു കാന്‍വാസായിരിക്കണം നമ്മുടെ സമൂഹത്തിന്റേത് എന്നുള്ള അവബോധമാണ് നമുക്ക് ഉണ്ടാകേണ്ടത്.
ട്രാന്‍സ്‌ജെന്‍ഡര്‍ എഴുത്തിന്റെ ഭാവുകത്വത്തെയും സ്വത്വത്തെയും സ്‌കൂള്‍തലം മുതല്‍ ചര്ച്ചചെയ്യപ്പെടേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് പറയാമോ?
മെയില്‍ ഫീമെയില്‍, മാന്‍ വുമണ്‍ എന്ന് മാത്രമാണ് സ്‌കൂള്‍ തലത്തില്‍ നമ്മള്‍ പഠിക്കുന്നത്. അത്രമാത്രമേ നമ്മുടെ ചെറിയ ക്ലാസുകളില്‍ പഠിപ്പിക്കുന്നോള്ളൂ. അതുകൊണ്ടുതന്നെ ഞങ്ങള്‍ റോഡിലിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ കളിയാക്കുന്നതും കുട്ടികള്‍തന്നെയാണ്. ‘1098’ എന്ന കവിതയില്‍ ഞാന്‍ ഇങ്ങനെ പറയുന്നുണ്ട്; കുട്ടികളെ മുതിര്‍ന്നവര്‍ കളിയാക്കുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍ 1098 ല്‍ വിളിച്ചാല്‍ മതി. അങ്ങനെയെങ്കില്‍ കുട്ടികള്‍ നമ്മളെ കളിയാക്കിയാല്‍ തിരിച്ച് 1098 ലേക്ക് വിളിച്ചൂകൂടെ? ചൈല്‍ഡ് ലൈന്‍ ആരുടേയും കുത്തകയല്ലെന്ന് കവിത പറയുന്നു. ജനിക്കുമ്പോള്‍ നിങ്ങള്‍ക്ക് ലിംഗമാണെങ്കില്‍ ആണാവാനാണ് സമൂഹം കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നത്. ഈ ‘ആക്കല്‍’ പ്രോസസ്സിന്റെ ഭാഗമായി ആക്കലിന്റെ ഓപ്പോസിറ്റ് കെട്ടത് എന്നായിമാറുന്നു. ഒരു മലയാളിമങ്ക എങ്ങെനെയിരിക്കും എന്ന് ഒരു പെണ്‍കുട്ടിയോട് ചോദിച്ചാല്‍ അവള്‍ മുട്ടോളം മുടിയുള്ള, നല്ല ചന്തിയുള്ള, നല്ല മുലകളുമുള്ള (മുല എന്നൊന്നും പറയില്ല), കുലീനമായി സംസാരിക്കുന്ന ഒരാളാണെന്ന് പറയും. ഒരിക്കല്‍പോലും ഞാന്‍ ഒരു മലയാളിമങ്കയാണെന്ന് ആരും പറയുകയില്ല. കാരണം, ആ ‘ആക്കല്‍’ പ്രോസസ്സിനുവേണ്ടി ഞാന്‍ എന്നെത്തന്നെ പോളിഷ് ചെയ്ത് ‘ആയി’ക്കൊണ്ടിരിക്കണം. ഞാനാകുന്ന അവസ്ഥയില്‍ ഒരു മലയാളിമങ്കയാണെന്ന് ആരും പറയാറില്ല. അങ്ങനെ പഠിച്ചുവെച്ചതിനെ പൊളിച്ചെഴുതുന്ന ഒരു അണ്‍ലേണിങ് പ്രോസസ്സ് നമുക്കാവശ്യമുണ്ട്. ഉദാഹരണത്തിന്, ഒന്‍പതാംക്ലാസ്സിലെ പ്രജനനം പാഠം പഠിപ്പിക്കുന്ന സമയത്താണ് നമ്മുടെ അധ്യാപകര്‍ക്ക് വയറിളക്കവും, ശര്‍ദിലും, ക്യാന്‍സറുമൊക്കെ ഉണ്ടെന്ന് നമ്മള്‍ തിരിച്ചറിയുന്നത്. മിക്കവാറും ആളുകള്‍ അപ്പോള്‍ ലീവില്‍ ആയിരിക്കും. കാരണം, പൂവന്‍പഴം ഇരട്ട കഴിച്ചാല്‍ കുട്ടികളുണ്ടാകുമോ എന്ന് കുട്ടികള്‍ ചോദിച്ചാല്‍ പലര്‍ക്കും തിരിച്ചു പറയാനറിയില്ലെന്നതാണ്. സ്വന്തം ശരീരത്തിന്റെ സാധ്യതകളും പരിമിതികളും അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ട് പ്രജനനം എന്ന പേരുമാറ്റി ഹെല്‍ത്തി സെക്ഷ്വല്‍ ലൈഫ് എന്ന രീതിയില്‍ ഒരു ചാപ്റ്റര്‍ ആക്കുകയാണെങ്കില്‍ പ്രൊക്രീയേഷന്‍ മാത്രമല്ല നമ്മുടെ അള്‍ട്ടിമേറ്റ് എയിം എന്നും, അത് സാധ്യമല്ലാത്ത എന്നെപ്പോലുള്ള ആളുകള്‍ ഉണ്ടെന്നും, അതിനോട് താല്പര്യമിലാത്ത ഗേ, ലെസ്ബിയന്‍ ആള്‍ക്കാര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നുള്ള വലിയ സത്യത്തെ കുട്ടികള്‍ മനസ്സിലാക്കും. സ്‌കൂളില്‍നിന്ന് ടീച്ചര്‍ ക്യാറ്റ് എന്നതിന് കെ എ റ്റി എന്ന് പഠിപ്പിച്ച് കൊടുക്കുന്നു, എന്നാല്‍ അമ്മ പറയുന്നു സി എ റ്റി ആണെന്ന്. ആര് പറയുന്നതാണ് കുട്ടി പഠിക്കുക? എന്തായാലും ഇക്കാര്യത്തില്‍ അമ്മയെക്കാളേറെ കുട്ടി പ്രാധാന്യംകൊടുക്കുക ടീച്ചര്‍ക്കാണ്. അപ്പോള്‍ ടീച്ചര്‍ക്ക് കുട്ടികളെ ശരിയായി സ്വാധീനിക്കണമെങ്കില്‍ അവര്‍ ഇടപഴകുന്ന മേഖലകളില്‍ ഇത്തരം യാഥാര്‍ഥ്യത്തിന്റെ അവബോധം ഉണ്ടായിരിക്കണം. അതുകൊണ്ട്തന്നെ ടെക്സ്റ്റ്ബുക്ക് കമ്മിറ്റികള്‍ ഇത് ഏറ്റെടുക്കേണ്ടതാണ്.
മദ്രാസ് , എം. ജി. , കാലടി സര്‍വ്വകലാശാലകള്‍ താങ്കളുടെ കവിതകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൈംഗീക ന്യൂനപക്ഷങ്ങളെ, അവരുടെ സര്‍ഗാത്മകസൃഷ്ടികളെ അക്കാദമികലോകം സ്വാഗതം ചെയ്യുന്നതിനെ എങ്ങനെ കാണുന്നു?
ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവര്‍ ഒരു ഓണ്‍ലൈന്‍ സര്‍വ്വേ ചെയ്യണം, അപ്പോള്‍ കൃത്യമായി മനസ്സിലാകും ഇവിടെയുള്ള ഹെട്രോസെക്ഷ്വല്‍സ് ആണ് ന്യൂനപക്ഷങ്ങളെന്നുള്ള കാര്യം. ഇതൊരു പാട്രോണേജ് ആയി കൊണ്ട് നടക്കുന്ന ഒരു സമൂഹമാണ് ഞങ്ങളെ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നു പറയുന്നത്. എത്ര ഹെട്രോസെക്ഷ്വല്‍ ആയിട്ടുള്ള സ്ത്രീയും പുരുഷനും അവരുടെ ലിംഗ-ലൈംഗിക അവസ്ഥയെക്കുറിച്ച് തുറന്നു പറയുന്നുണ്ട്. തുറന്ന് പറയുന്നതുകൊണ്ടാണല്ലോ ഞങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്നത്. മദ്രാസ് സര്‍വകലാശാല പോലെയുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇതിനെ ഏറ്റെടുക്കുമ്പോള്‍ അതിനെ വളരെ അഭിമാനത്തോടുകൂടി കാണുന്നു. അവിടെ വിജയരാജമല്ലിക എന്ന പേരല്ല മറിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍, ഇന്റര്‍സെക്‌സ്, ഗേ, ലെസ്ബിയന്‍, എസെക്ഷ്വല്‍ ആയിട്ടുള്ള ആളുകളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് അടയാളപ്പെടുത്തുന്നത്. ഈ കാണുന്നതിനപ്പുറം ഒരുപാട് ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടെന്നും അതൊന്നും ഒരു തെറ്റോ പാപമോ അല്ലെന്നും അവര്‍ മനസ്സിലാക്കട്ടെ. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി വന്നതുകൊണ്ട് അത്രയും കാലം ആണായി ജീവിച്ചിരുന്ന ഒരാള്‍ സാരിയുടുത്ത് പെണ്ണായി വരുന്നതല്ലെന്നും, ഇത് വളരെ കൃത്യമായി നമ്മുടെ ഉണ്മയാണെന്നുമൊക്കെ തിരിച്ചറിയാന്‍ വിദ്യാര്‍ഥികള്‍ക്ക് ബോധം ഉണ്ടാകണം. കാരണം, ഇരുട്ടി വെളുക്കുന്നത് നേരംകൊണ്ട് പൗരത്വം നഷ്ടപ്പെടുന്ന ഒരു രാജ്യമായി മാറിയിരിക്കുന്നു ഇന്ത്യ, അവിടെ ഉണരേണ്ടതും പ്രവര്‍ത്തിക്കേണ്ടതും യുവതയാണ്. ആ യുവതയ്ക്ക് കാഴ്ചപ്പാട് സങ്കുചിതമായാല്‍ ഒരിക്കല്‍പോലും മുന്നോട്ടുപോകാന്‍ സാധിക്കില്ല. വിശാലമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകണമെങ്കില്‍ ഇത്തരം യാഥാര്‍ത്ഥ്യങ്ങളെക്കൂടി ഉള്‍ക്കൊള്ളാനുള്ള ശക്തിയുണ്ടായിരിക്കണം.
2016 ലെ അരളി പുരസ്‌കാരം, 2019 ലെ യുവകലാസാഹിതി വയലാര്‍ കവിതാ പുരസ്‌കാരം എന്നിവ താങ്കള്‍ക്ക് ലഭിച്ചുവല്ലോ; ട്രാന്‍സ്‌ജെന്‍ഡറിനെ ഉള്‍ക്കൊളളാന്‍ വൈമനസ്യമുള്ള സങ്കുചിത സമൂഹത്തില്‍ അംഗീകാരങ്ങള്‍ കാഴ്ചപ്പാടിനെ തിരുത്തുന്നുണ്ടോ?
തീര്‍ച്ചയായിട്ടും. വയലാര്‍ രാമവര്‍മ പുരസ്‌കാരം എന്നെ സംബന്ധിച്ച് പ്രധാനമാണ്. ‘കാദംബരി പുഷ്പ സരസ്സില്‍ / കൗമാരം കൊരുത്തതാണീ മാല്യം’ എന്നൊരു പാട്ടുണ്ട്; 1973 ലെ ‘ചുക്ക്’ എന്ന സിനിമയിലെ വയലാര്‍ എഴുതിയ ആ പാട്ട് അച്ഛന് വളരെ ഇഷ്ടമായിരുന്നു. അതുപോലെതന്നെ എന്നെ വിവാഹംകഴിച്ച എന്റെ വസന്തസേനന്‍ (ജാഷിം) പാട്ടിലെപ്പോലെ ഇറങ്ങി വന്ന ഒരാളാണ്. വയലാര്‍ എന്റെ മഗ്ദലനയിലേക്കും ഞാനടങ്ങുന്ന ഒരു വലിയ സമൂഹത്തിലേക്കുമാണ് ഇറങ്ങി വന്നത്. മറ്റൊരു തലത്തില്‍ ചിന്തിച്ചാല്‍ ദളിതായ, കറുത്ത ത്വക്കുകളുള്ള, ഇന്റര്‍സെക്‌സ് ആയ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ എനിക്ക് വയലാര്‍ രാമവര്‍മ്മയുടെ പേരിലുള്ള ഒരു പുരസ്‌കാരം ലഭിക്കുമ്പോള്‍ അവിടെ കാഴ്ചപ്പാടുകളില്‍ വലിയൊരു വിപ്ലവം സംഭവിക്കുന്നുണ്ട്. ഇത്രയും സ്രേഷ്ഠമായ ഒരു പുരസ്‌കാരത്തിന്റെ പണമോ ഫലകമോ അല്ല മറിച്ച് വയലാര്‍ രാമവര്‍മ്മ എന്ന മഹാകവിയുടെ പേരിലുള്ള ഒരു പുരസ്‌കാരം ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിക്ക് ലഭിക്കുമ്പോള്‍ അവിടെ വലിയ മാറ്റം സംഭവിച്ചിരിക്കുകയാണ്. അതിനെ വളരെ സ്‌നേഹത്തോടുകൂടി, അഭിമാനത്തോടുകൂടി കാണുന്നു. വീട്ടിലേക്കല്ല, ഈ സമൂഹത്തിലേക്കാണ് ഞാന്‍ അവാര്‍ഡ് കൊണ്ടുവന്നത്; തൃശൂര്‍ ജില്ലയിലെ എന്റെ മുതുവറയിലേക്കാണ്, എന്റെ ഇന്റര്‍സെക്‌സ് , ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലേക്കാണ്. എനിക്ക് കിട്ടിയെന്നുപറയുന്നത് ഒരു വലിയ സമൂഹത്തിന് കിട്ടിയ അംഗീകാരമാണ്. അരളി അവാര്‍ഡും ഞാന്‍ അങ്ങനെതന്നെ കാണുന്നു. ഞാന്‍ ആളുകളോട് പറയുന്നൊരു കാര്യമുണ്ട്; നിങ്ങള്‍ നോക്കി നോക്കി എനിക്ക് വയലാര്‍ രാമവര്‍മ്മ അവാര്‍ഡ് കിട്ടി, ഇനി നിങ്ങള്‍ ഒന്നു കൂടി ഷാര്‍പ്പായി നോക്കിയാല്‍ ഒരു പക്ഷെ എനിക്ക് ജ്ഞാനപീഠം കിട്ടും. അതുകൊണ്ട് ആളുകളോട് ഞാന്‍ നന്നായിട്ട് നോക്കാന്‍പറയും.
സാഹിത്യലോകത്തേക്കുള്ള കടന്നുവരവില്‍ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളെയും എഴുത്തിനേയും കുറിച്ച് പറയാമോ?
എപ്പോഴും മുന്‍നിരയില്‍ ഹിന്ദിയിലെ മഹാദേവി വര്‍മ്മ തന്നെയാണ്. അതുപോലെതന്നെ സുഭദ്രകുമാരി ചൗഹാന്‍, അവരുടെ ‘സാഥ്’ എന്ന കവിത ഞാന്‍ എട്ടാം ക്ലാസില്‍ വെച്ചാണ് പഠിക്കുന്നത്. എനിക്കവരെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അതുപോലെ മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. എങ്കിലും, എനിക്ക് ഏറ്റവും ഇഷ്ടം സിഗ്മണ്ട് ഫ്രോയ്ഡ്‌നെയാണ്. അദ്ദേഹത്തിന്റെ ‘ഇന്റര്‍പ്രട്ടേഷന്‍ ഓഫ് ഡ്രീംസ്’ എന്ന പുസ്തകം വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഞാന്‍ കണ്ട പല സ്വപ്നങ്ങളും പിന്നീട് യാഥാര്‍ഥ്യമായിട്ടുണ്ടെന്ന് ‘മല്ലികാവസന്തം’ വായിച്ചവര്‍ക്ക് മനസ്സിലാകും. സൈക്ലിംഗ് പഠിച്ചതൊക്കെ അങ്ങനെയാണ്. കവിതകളില്‍ ‘ ഓഡ് ടു ദി വെസ്റ്റ് വിന്‍ഡ്’ , ‘ഓഡ് ഓണ്‍ എ ഗ്രെഷ്യന്‍ ഏണ്‍’ എന്നിവ ഇഷ്ട്ടമാണ്. കണ്ടതിനേക്കാള്‍ സൗന്ദര്യം കാണാത്തതിനാണ്, കേട്ടതിനുമപ്പുറം കേള്‍ക്കാത്തതിനും എന്ന ഫിലോസഫിയാണ് അവിടെ തെളിഞ്ഞുകാണുന്നത് . ഇതുവരെ കണ്ട ആണും പെണ്ണും മാത്രമല്ല, അതിനപ്പുറത്തേക്ക് സൗന്ദര്യമുള്ള ഒരുപാട് ശരീരങ്ങളും, സ്വത്വങ്ങളും, യാഥാര്‍ത്ഥ്യങ്ങളുമെല്ലാം ഇവിടെയുണ്ടെന്ന് മനസിലാക്കാം. ചെറുപ്പത്തില്‍ അനോട്ടേഷന്‍സ് പഠിക്കുമ്പോള്‍ കവി പറഞ്ഞതൊന്നുമല്ല നമ്മള്‍ എട്ട് മാര്‍ക്കിനും പത്തുമാര്‍ക്കിനും എഴുതി വയ്ക്കുന്നത്. അത്തരത്തിലുള്ള തര്‍ക്കങ്ങളൊന്നും ഇവിടെ വേണ്ട. കൃത്യമായിട്ട് പറയുക, കൃത്യമായിട്ട് അവതരിപ്പിക്കുക. ‘മരണാനന്തരം’ എന്ന കവിത വളരെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു, മറ്റെല്ലാ കവിതകളും അങ്ങനെതന്നെ. ‘യോനിയില്ലാത്ത പെണ്ണിനാണോ കല്യാണം’ എന്ന് ട്രാന്‍സ്‌ജെന്‍ഡറിനെയും ഇന്റര്‍സെക്‌സിനെയും മാത്രം ഉദ്ദേശിച്ച് എഴുതിയതല്ല. എക്‌സ് എക്‌സ് വൈ ക്രോമസോമുകളുമായി പിറക്കുന്ന പല പെണ്‍കുട്ടികളും ബാഹ്യമായിട്ട് സ്ത്രീയാണെന്ന് തോന്നുമെങ്കിലും അവര്‍ക്ക് യോനി ഉണ്ടാകാറില്ല. യോനിയില്ലാത്ത സ്ത്രീകളുണ്ട്, പുരുഷലിംഗമില്ലാത്ത പുരുഷനുണ്ട്, അല്ലെങ്കില്‍ ലിംഗമുണ്ടായിട്ടും അത് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത ആളുകളുമുണ്ട്. നിങ്ങള്‍ കേള്‍ക്കാന്‍ മറന്ന ശബ്ദങ്ങളും കാണാന്‍ മറന്ന യാഥാര്‍ഥ്യങ്ങളുമാണ് അതെല്ലാം. നിങ്ങള്‍ അവരിലേക്കെറിഞ്ഞ കല്ലുകള്‍തന്നെ തിരിച്ച് പൂക്കളായി വലിച്ചെറിയുകയാണ് ഞങ്ങള്‍.
ഇതുവരെ പാടാതിരുന്ന പക്ഷികള്‍ പാടിത്തുടങ്ങുന്ന ഒരു വസന്തകാലത്തിന്റെ ആഗമനപ്രഖ്യാപനമെന്നാണ് കെ. ആര്‍. മീര ‘ദൈവത്തിന്റെ മകളെ’ വിശേഷിപ്പിച്ചത്. മൂന്നാമത്തെ പുസ്തകവും പുറത്തുവന്നതിലൂടെ അത് സത്യമായി ഭവിക്കുകയും ചെയ്തു. എഴുത്തില്‍ അടുത്ത കാല്‍വെയ്പ്പ് എന്തിലേക്കാണ്?
‘പെണ്ണായവളുടെ കവിതകള്‍’ എന്ന പുതിയ കവിതാസമാഹാരം മാര്‍ച്ചില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ, പത്ത് പുതിയ കവിതകള്‍കൂടി ചേര്‍ത്ത് ‘ദൈവത്തിന്റെ മകളു’ടെ രണ്ടാം പതിപ്പ് വൈകാതെ വായനക്കാരിലേക്കെത്തും. കൂടാതെ ഒരു ചെറുകഥാസമാഹാരം ഏകദേശം പൂര്‍ണമായിട്ടുണ്ട്, ഉടനെ പ്രതീക്ഷിക്കാം. നമ്മുടെ അറിവും ഡോക്ടര്‍മാരുടേയും സാമൂഹ്യ നിരീക്ഷകരുടെയുയും അവബോധവും വച്ചുകൊണ്ട് ഒരു സൈദ്ധാന്തിക പുസ്തകം എഴുതണമെന്ന് ആഗ്രഹമുണ്ട്. എന്റെ ഏറ്റവും വലിയ ആഗ്രഹം ‘ദൈവത്തിന്റെ മകള്‍’ സിംഹള ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യണമെന്നതാണ്. അതിനായി ഒരുപാട് ട്രാന്‍സ്ലേറ്റേഴ്‌സ് മുന്നോട്ടു വന്നിട്ടുണ്ട്. പല കവിതകളും ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ ജീവന്‍ നഷ്ടപ്പെടുന്നതുകൊണ്ടുതന്നെ പൂര്‍ണ്ണമായും പറ്റിയില്ലെങ്കില്‍ പോലും ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മനസ്സ് ഉണ്ടാക്കിയെടുക്കാന്‍ ‘ദൈവത്തിന്റെ മകള്‍’ക്ക് സാധിക്കും എന്ന് വിശ്വസിക്കുന്നു. ഒരുപക്ഷേ, ‘അണ്‍നദി’ കുറേക്കൂടി പ്രണയത്തിന്റെ വിവിധ തലങ്ങളെയാണ് കൊണ്ടുവന്നതെങ്കില്‍ ‘ദൈവത്തിന്റെ മകള്‍’ മനുഷ്യന്റെ എക്‌സിസ്റ്റന്‍സ്‌നെക്കുറിച്ച് കൃത്യമായി പറയുന്ന പുസ്തകമാണ്. അതുകൊണ്ടുതന്നെ ഇവയെല്ലാം ആളുകള്‍ ഇനിയും വായിക്കുകയും ചര്‍ച്ചചെയ്യുകയും വേണം. എല്ലാ ചര്‍ച്ചകളിലും വിജയരാജമല്ലികയെ ക്ഷണിക്കണമെന്ന് നിര്‍ബന്ധമില്ല; ചര്‍ച്ചകള്‍ നടക്കട്ടെ, പുരോഗമിക്കട്ടെ. അതുപോലെ ‘മല്ലികാവസന്തവും’ ആളുകളിലേക്ക് ഇറങ്ങിചെല്ലേണ്ട പുസ്തകമാണ്. ആ പുസ്തകം വായിച്ചു എന്ന് പറഞ്ഞിട്ട് നമ്മളോട് പഴയതുപോലെ പെരുമാറുമ്പോള്‍ നമുക്കറിയാം അത് വായിച്ചിട്ടില്ലെന്ന്. കാരണം, ചില കാര്യങ്ങള്‍ നമുക്ക് പറയാന്‍ സാധിക്കില്ല, അത് ഞാന്‍ കൃത്യമായിട്ട് എഴുതിയിട്ടുണ്ട്. പറച്ചില്‍ കുറെ കഴിയുമ്പോള്‍ ആളുകള്‍ക്ക് മടുക്കും, എഴുത്താവുമ്പോള്‍ മനസ്സില്‍ തന്നെ കിടക്കും. അതുപോലെ, ‘മല്ലികാവസന്ത’ത്തില്‍ സ്വന്തം ഫോട്ടോ വെച്ചത്തിന് ഒരു കാരണമുണ്ട്. ഇവിടെ പലര്‍ക്കും വിജയരാജമല്ലികയെ അറിയാം, അവരുടെ ശബ്ദത്തെ അറിയാം പക്ഷെ എന്നെ അറിയില്ല. ഞങ്ങള്‍ രണ്ടും ഒന്നാണെന്നുള്ള കാര്യം ആളുകള്‍ മനസ്സിലാക്കണം.