ഫഹദിന്റെ സിനിമകള്‍ തുടര്‍ച്ചയായി ഒടിടി റിലീസാണ്. സീ യു സൂണിന് പിന്നാലെ ജോജിക്ക് പാന്‍ ഇന്ത്യന്‍ സ്വീകാര്യത കിട്ടുകയും, ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയും ചെയ്തിരിക്കുന്നു. ശ്യാം പുഷ്‌ക്കരന്‍, ദിലീഷ് പോത്തന്‍ എന്നീ ഘടകങ്ങള്‍ അല്ലാതെ , മുഴുവനായും നെഗറ്റീവ് ഷെയ്ഡ് ഉള്ള, ഇരുണ്ട തലങ്ങളുള്ള ജോജി എന്ന കഥാപാത്രം തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ച കാരണങ്ങള്‍ എന്തൊക്കെയായിരുന്നു?
മാക്ബത് വളരെ വലിയ ഒരു ഘടകമാണ്. അതിമോഹം അത്യാര്‍ത്തി തുങ്ങിയവയൊക്കെ ഇല്ലാത്ത മനുഷ്യരില്ല. വളരെ പരിചിതമായ, മനുഷ്യര്‍ക്ക് എളുപ്പത്തില്‍ മനസിലാകുന്ന ഇമോഷന്‍സ് ആണ് ഇവയൊക്കെ. അത്തരത്തില്‍ മാക്ബത് എന്ന ആഖ്യാനത്തെ വളരെ പ്രാദേശികമായി കാഞ്ഞിരപ്പള്ളി പോലെയുള്ള ഒരു സ്ഥലത്തൊക്കെ ഒരു ക്രിസ്ത്യന്‍ കുടുംബ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിച്ചാല്‍ എങ്ങനെയിരിക്കും എന്നാണ് ദിലീഷ് ഈ സിനിമയെ കുറിച്ചുള്ള ആദ്യ ചര്‍ച്ചയില്‍ എന്നോട് ചോദിച്ചത്. അത് വളരെ ഇന്റര്‍നാഷണല്‍ ആയി തോന്നി. ഇതിനു മുന്‍പ് ഇരകള്‍ പോലെയുള്ള സിനിമകളിലാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് . ആ ഒരു ആശയം തന്നെ വളരെ എക്‌സൈറ്റിങ് ആയി തോന്നി. ദിലീഷിന്റെ മറ്റ് സിനിമകള്‍ പോലെ ഗംഭീരമാകുമെന്നൊന്നുംതുടക്കത്തില്‍ തോന്നിയില്ല. പരീക്ഷിച്ചു നോക്കാം എന്ന രീതിയിലാണ് സിനിമ ഷൂട്ട് ചെയ്ത് തുടങ്ങിയത് .
വളരെ പരിമിതമായ അല്ലെങ്കില്‍ ചുരുങ്ങിയ സാഹചര്യങ്ങളിലാണ് സിനിമയുടെ എഴുത്തും ചര്‍ച്ചകളും ചിത്രീകരണവുമൊക്കെ നടന്നത്. ജോജി എന്ന കഥാപാത്രത്തെ സംബന്ധിച്ചിടത്തോളം അയാള്‍ വളരെ അധികം സങ്കീര്‍ണ്ണമായ , നിഗൂഢതകള്‍ ഉള്ള , അര്‍ത്ഥ തലങ്ങള്‍ നിറഞ്ഞ ഒരു മനുഷ്യനാണ്. അയാള്‍ കുടുംബത്തിലെ ഓരോ ആളുകളോടും പെരുമാറുന്നത് ഓരോ രീതിയിലാണ്. ബിന്‍സിയോട് പെരുമാറുന്ന രീതിയിലല്ല ,ജോമോനോടോ മറ്റ് ചേട്ടന്മാരോടോ അയാള്‍ പെരുമാറുന്നത് , പോപ്പിയോട് അയാള്‍ തികച്ചും മറ്റൊരാള്‍ ആണ്. ഇത്തരത്തില്‍ മിനിമലിസത്തില്‍ നിന്നുള്ള അവതരണം അഭിനേതാവ് എന്നുള്ള രീതിയില്‍ എങ്ങനെയാണ് ബാധിച്ചത്? ചിത്രീകരണ സമയത്തോ അതിനു ശേഷമോ ബുദ്ധിമുട്ടുകളോ കഥാപാത്രത്തില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയോ വന്നിട്ടുണ്ടോ ?
നല്ല ബുദ്ധിമുട്ട് ആയിരുന്നു, ആ കഥാപാത്രം സഞ്ചരിച്ച വഴിയിലൂടെയൊക്കെ എല്ലാവര്‍ക്കും പോകേണ്ടി വന്നു. വളരെ ഡാര്‍ക്ക് പിരീഡ് ആയിരുന്നു. പരസ്പരം സംസാരിക്കാത്ത സമയങ്ങള്‍ ഒക്കെ ഉണ്ടായി. ഇതിനെപ്പറ്റി അല്ലാതെ മറ്റ് കാര്യങ്ങള്‍ ഒക്കെ സംസാരിച്ചു കൊണ്ട് മുറിയില്‍ ഇരിക്കേണ്ടി വന്നിട്ടുണ്ട്. 'ഡാര്‍ക്ക്' എന്ന പറയാവുന്ന അവസ്ഥ . ഞാന്‍ ശ്യാമിനോട് ഇക്കാര്യം ചോദിക്കുകയുമുണ്ടായി. എനിക്ക് മാത്രമാണോ അതോ നിങ്ങള്‍ക്കും ഉണ്ടോ ഈ ബുദ്ധിമുട്ട് എന്ന് . പക്ഷെ എല്ലാവര്ക്കും ഉണ്ടായി . മുറിയിലടച്ചിരുത്തുന്ന രീതിയിലുള്ള എന്തോ ആയിരുന്നു അത് . ചിത്രീകരണത്തിന് ശേഷമാണ് ഇത് കൂടുതലായും അനുഭവപ്പെട്ടത്.
ഒടിടി റിലീസുകള്‍ക്ക് പിന്നാലെ മലയാളികള്‍ അല്ലാത്ത ആളുകള്‍ക്ക് പോലും മലയാള സിനിമ കാണാനുള്ള ആദ്യ കാരണമായി ഫഹദ് ഫാസില്‍ എന്ന നടന്‍ മാറി. ''കുമ്പളങ്ങി നൈറ്‌സ്' പോലെയുള്ള ചിത്രങ്ങള്‍ മറ്റു ഭാഷകളില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടു. 'കുമ്പളങ്ങി നൈറ്‌സ്' ആണെങ്കിലും 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രമാണെങ്കിലും പ്രാദേശിക സിനിമകളായിരുന്നു ., . അതിന്റെ ഭാഷകളില്‍ പോലും പ്രാദേശികത്വം ഉണ്ടായിരുന്നു . എന്നാല്‍ ജോജി കുറച്ചു കൂടി യൂണിവേഴ്‌സല്‍ അല്ലെങ്കില്‍ പാന്‍ ഇന്ത്യന്‍ എന്ന നിലയില്‍ ചെയ്തിരിക്കുന്നതാണ് . ഇത് ഒ ടി ടി എന്നുള്ള പരിഗണന കൊണ്ട് വന്നതാണോ ?
ഒരിക്കലുമല്ല .രണ്ട് കാര്യങ്ങളാണ് അതില്‍ ഉള്ളത് , ശരിക്കും റൂട്ടഡ് ആയിട്ടുള്ള ചിത്രങ്ങള്‍ ആണ് യൂണിവേഴ്‌സല്‍ ആകുന്നത് , അവയ്ക്കാണ് ശരിക്കും യൂണിവേഴ്‌സാലിറ്റി ഉള്ളത് . ഇതിനു മുന്‍പ് വന്നിട്ടുള്ള' സിറ്റി ഓഫ് ഗോഡ്' പോലെയുള്ള ചിത്രങ്ങള്‍ അവരുടെ സംസ്‌കാരത്തില്‍ ഒരുപാട് റൂട്ടഡ് ആണ്. അത്തരത്തില്‍ പ്രാദേശികതയിലും സംസ്‌കാരത്തിലും വേരൂനിയ ചിത്രങ്ങള്‍ ആണ് കുറച്ചുകൂടി ഇന്റര്‍നാഷണല്‍ സിനിമകള്‍ ആകുന്നത്. നമ്മള്‍ കാണുമ്പോള്‍ എക്‌സൈറ്റഡ് ആകുന്നത്. അത് വളരെ അതികം വലിയ ഘടകം ആണ്. മഹേഷിന്റെ പ്രതികാരം ആയാലും തൊണ്ടിമുതലും ദൃക്സാക്ഷിയും ആയാലും ജോജി ആയാലും ഇവയെല്ലാം തന്നെ ഒരേപോലെ റൂട്ടഡ് ആണ് .അവര്‍ ജീവിക്കുന്ന സമൂഹവുമായും പ്രദേശവുമായും ആഴത്തില്‍ വേരൂന്നിയതാണ് . നമ്മള്‍ ഒരിക്കലും ബോംബെയില്‍ ചിത്രീകരിച്ച ഒരു മറാത്തി സിനിമ കാണുന്നത് ബോംബെ കാണാനല്ല ഒരിക്കലും . മറാത്തി കള്‍ച്ചര്‍ അല്ലെങ്കില്‍ അവരുടെ മറ്റ് കാര്യങ്ങള്‍ അടുത്തറിയാന്‍ ആണ് . അത് തന്നെയാണ് ഇതിലെ രസകരമായ ക്യൂരിയോസിറ്റി ഫാക്ടര്‍ .
തിയറ്റര്‍ റിലീസിന് പകരം ഒടിടി വരുമ്പോള്‍ എല്ലാ ഭാഷകളില്‍ നിന്നും കാഴ്ചക്കാരുണ്ടാകുന്നു. ഇനി സിനിമകള്‍ സംഭവിക്കുമ്പോള്‍ ആക്ടേഴ്‌സിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ഒരു ക്രോസ് ഓവര്‍ വരുമെന്ന് കരുതുന്നുണ്ടോ
ഇതെല്ലം മാറ്റങ്ങള്‍ ആണ് . ഇതില്‍ ഏത് മാറ്റമാണ് ഏറ്റവും കൂടുതല്‍ നില്ക്കാന്‍ പോകുന്നത് എന്ന നമ്മള്‍ക്കറിയില്ല. ഇവിടെ ഒരുപാട് മാറ്റങ്ങള്‍ നടക്കുന്നുണ്ട് . ഇതിന്റെ ഭാവിയെന്താണെന്നോ സാധ്യതകള്‍ എന്താണെന്നോ അറിയില്ല. ഇവയെല്ലാം അതിന്റെ പൂര്‍ണതയില്‍ എത്താന്‍ മൂന്ന് നാലു വര്‍ഷം എടുക്കുമായിരിക്കും . ഞാന്‍ ഈ മാറ്റങ്ങളെ എല്ലാം വളരെ പോസിറ്റീവ് ആയാണ് നോക്കി കാണുന്നത്. ഒരുപാട് കഴിവുള്ള മനുഷ്യരുമായി സംവദിക്കാനുള്ള അവസരമായി ഞാന്‍ ഇതിനെ കാണുന്നുണ്ട്. ഞാന്‍ ഇത് ചെയ്യുന്നത് എന്റെ ഒരു പേര്‍സണല്‍ എക്‌സര്‍സയ്സിന് വേണ്ടിയാണ് . കമല്‍ സാറിനും(കമല്‍ഹാസന്‍) ബണ്ണി(അല്ലു അര്‍ജുന്‍)ക്കുമൊപ്പം
സിനിമ ചെയ്യാനും നിരന്തരം സംസാരിക്കാനുമുള്ള അവസരമുണ്ടാകുന്നു. ഞാന്‍ തമിഴിലോ തെലുങ്കിലോ പോയി ഒരു സിനിമ ചെയ്താല്‍ അവിടെ എന്തെങ്കിലും വിപ്ലവകരമായ സംഗതികള്‍ നടക്കാനൊന്നും പോകുന്നില്ല. എന്നേക്കാള്‍ നല്ല അഭിനേതാക്കളും താരങ്ങളും അവിടെയുണ്ട്. അത് പ്രതീക്ഷിച്ചല്ല അവരും എന്നെ ക്ഷണിക്കുന്നത്. എന്റെ സിനിമകള്‍ കണ്ട് ഇഷ്ടമുള്ളവരും അവരുടെ സിനിമകള്‍ കണ്ട് ഇഷ്ടപ്പെട്ട ഞാനും ഇന്ററാക്ട് ചെയ്യാനുള്ള സാഹചര്യം ഒത്തുവരികയാണ്. ഭാഷയുടെ അതിരുകളില്ലാതെ ഒരു ക്രോസ്സ് ഓവര്‍ സാധ്യമാക്കാന്‍ ഇത് സഹായിക്കുന്നു. പത്ത് വര്‍ഷം മുന്‍പ് ആണ് രാജീവ് രവി ബോംബെയ്ക്ക് പോയത്. ഇപ്പോള്‍ കൂടുതല്‍ എവിഡെന്റ് ആയി ഈ ക്രോസ് ഓവര്‍ സംഭവിക്കുന്നു.
ഫഹദ് എങ്ങനെയാണ് ഒരു കഥാപാത്രത്തിലേക്ക് പ്രവേശിക്കുന്നത്. ജോജിയുടെയും ഷമ്മിയുടെയും ഉടുപ്പുകളിലേക്ക് കയറുമ്പോള്‍ കാരക്ടര്‍ ട്രാന്‍സഫര്‍മേഷന്‍ സംഭവിക്കില്ലല്ലോ, എന്താണ് ആ പ്രോസസ്.
ശ്യാമും ദിലീഷുമായി വര്‍ക്ക് ചെയ്യുമ്പോള്‍ ഇതൊരു പ്രോസസ് ആണ്. ദിലീഷ് ഓര്‍ഡറില്‍ ഷൂട്ട് ചെയ്യുന്ന ആളായതിനാല്‍ പലപ്പോഴും കഥാപാത്രത്തിലേക്ക് പ്രവേശിക്കുന്നത് നമ്മള്‍ അറിയുക പോലുമില്ല. ആഗ്രഹിച്ചത് നമുക്ക് കിട്ടി എന്ന് ഷൂട്ടിംഗ് കഴിയുമ്പോളാകും തിരിച്ചറിയുക. ഓര്‍ഡറില്‍ ഷൂട്ട് ചെയ്യുന്നത് തന്നെ ഈ കഥാപാത്രത്തിലേക്ക് കടക്കാന്‍ ആക്ടേഴ്‌സിനെ സഹായിക്കുന്നുണ്ട്. അല്ലാത്തപ്പോള്‍ ആണ് ഇന്ന് ചെയ്യേണ്ടത് ഇതാണ് നാളെ ചെയ്യേണ്ടത് ഇതാണ് എന്നൊക്കെയുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്നത്. ഇവിടെ സീന്‍ ഓര്‍ഡറില്‍ പോകുന്നതിനാല്‍ നമ്മുടെ തലച്ചോറില്‍ തന്നെയുണ്ട് കഥാപാത്രം. ചര്‍ച്ചകള്‍ ആവശ്യം വരുന്നില്ല. അയാളുടെ ഉയര്‍ച്ച താഴ്ചകള്‍ എല്ലാം മനസിലുണ്ട്. നമുക്കറിയാന്‍ പറ്റും ഇത് ചൂണ്ടയിടുന്ന സീന്‍ ആണ് , അടുത്തത് അപ്പന്‍ മരിക്കുന്ന സീന്‍ ആണ് എന്നൊക്കെ. അതിനാല്‍ തന്നെ ആ കഥാപാത്രങ്ങളുട വിവിധ മാനസിക തലങ്ങള്‍ മനസിലുണ്ട്. അതിനനുസരിച്ചാണ് ആ കഥാപാത്രങ്ങള്‍ ചെയ്യാന്‍ നമ്മള്‍ പാകപ്പെട്ട് വരുന്നതും. കഥാഗതി, കഥാപാത്രം ഇപ്പോള്‍ വളരും , താഴെ പോകും , ഇവിടുന്ന് മാറേണ്ടതുണ്ട് . എല്ലാം നമുക്കറിയാം . ആത്യന്തികമായി ഒരു ഫിലിം മേക്കറിന്റെ ടെക്നിക് ആണ് ഒരു അഭിനേതാവിനെ എങ്ങനെ ഉപയോഗപ്പെടുത്തുക എന്നത് . എന്നെ മാത്രമല്ല എല്ലാ കഥാപാത്രങ്ങളേയും ഇങ്ങനെ തന്നെ ആണ് ദിലീഷ് ജോജിയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്
ജോജിയില്‍ ആണെങ്കിലും ഇതിനു മുന്‍പ് ചെയ്യ്തിട്ടുള്ള കഥാപാത്രങ്ങളില്‍ ആണെങ്കിലും ശരീരത്തെ കൂടി അഭിനയിക്കാനുള്ള ഒരു ഉപകരണം ആയിട്ടാണ് ഫഹദ് കണക്കാക്കിയിട്ടുള്ളത്. നന്നായി മെലിഞ്ഞ ശരീരമാണ് ജോജിക്ക് ഉള്ളത്. ഒരുപക്ഷേ പനച്ചേല്‍ തറവാട്ടിലെ പവര്‍ ഈക്വേഷന്‍സിനെ വ്യക്തമാക്കുന്നതിനാകാം. ബിന്‍സിയോടും മറ്റുമൊക്കെ സംസാരിക്കുമ്പോള്‍ മെല്ലിച്ച കഴുത്തുപോലും പെര്‍ഫോര്‍മന്‍സിനായി ഉപയോഗപ്പെടുത്തുണ്ട്. നമ്മള്‍ ഫ്‌ളെക്‌സിബിളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ശരീരം ഒരു കാരക്ടറിനായി മെലിയിച്ചെടുക്കുമ്പോള്‍ എന്താണ് അനുകൂലമായി വരുന്നതും ബുദ്ധിമുട്ട് ആയി വരുന്നതും ?
ആദ്യം ജോജി എന്ന കഥാപാത്രത്തിന് 'ലുങ്കി' ആയിരുന്നു വേഷം . പക്ഷെ അതിനു യാതൊരു വിധ പുതുമയും തോന്നിയില്ല . ലുങ്കിയില്‍ എന്നെ പലതവണ കണ്ടിട്ടുള്ളതാണ് . ഒരു തരത്തിലുള്ള കൗതുകവും അതിലുണ്ടായിരുന്നില്ല . കഥാപാത്രത്തിന് വേണ്ടി ലുങ്കി ഉടുത്ത് നോക്കാന്‍ പോവുന്ന നേരം ഞാന്‍ സിനിമയില്‍ കാണുന്നത് പോലെയുള്ള നിക്കര്‍ അല്ലെങ്കില്‍ 'ട്രൗസര്‍' ആണ് ഇട്ടിരുന്നത്. ദിലീഷിനു അത് വളരെയധികം ഇഷ്ടമായി .അത് തരുന്ന കുട്ടിത്തം കൊണ്ട് എന്തോ ആകണം . അങ്ങനെയാണ് പെന്‍സില്‍ ടൈപ്പ് ട്രൗസേഴ്സ് ട്രൈ ചെയ്തു നോക്കുന്നതും തിരഞ്ഞെടുക്കുന്നതും. രസകരമായ വസ്തതുത ഈ പവര്‍ ഈക്വേഷന്‍സ് തന്നെയാണ്. ജോജി വളരെ ദുര്‍ബലനായ , നിസ്സാരനായ ഒരാള്‍ ആണ്. അയാള്‍ ആണ് ഇതൊക്കെ ചെയ്യുന്നതും ,ഒരു കുടുംബത്തിന്റെ മുഴുവന്‍ കണ്ട്രോള്‍ കൈക്കലാക്കുന്നതും . വളരെ കൗതുകകരമാണ് അതൊക്കെ. ജോജി സിഗരറ്റ് വലിക്കുന്നതും ചൂണ്ടയിടുന്നതുമൊക്കെ ഇങ്ങനെ തന്നെയാണ്. അയാള്‍ ഇപ്പോളും വിശ്വസിക്കുന്നത് കണ്ണട വച്ച് അയാള്‍ ആ കുതിരയുടെ പുറത്തു കയറിയിരുന്നത് കൊണ്ടാണ് അതിനെ വില്‍ക്കാന്‍ പറ്റിയതെന്നാണ് . ഇതേ സമയം അയാള്‍ പോപ്പിയെ ഡോമിനെറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുമുണ്ട്. ഒരുപക്ഷേ ബെന്‍സിക്ക് തുല്യമാണിയാള്‍. അയാള്‍ അത് അംഗീകരിക്കാനും തയ്യാറാകുന്നില്ല . അതാണ് ജോജിയും ബിന്‍സിയും തമ്മിലുള്ള അന്തരം . ഈ കാരണങ്ങള്‍ ഒക്കെ കൊണ്ട് തന്നെ ജോജിയുടെ ബോഡി ലാംഗ്വേജ് ഇങ്ങനെയായാല്‍ കുറച്ചു കൂടി മികച്ചതായിരിക്കും എന്ന് തോന്നി. എന്റെ ഈ രൂപത്തില്‍ ഉള്ള പഴയ ഫോട്ടോ ഒക്കെ ദിലീഷ് മുന്‍പ് കണ്ടിട്ടുണ്ട് .അതാണ് ഇതും റൗണ്ട് നെക്ക് ബനിയനും ഒക്കെ ഉപയോഗിക്കാം എന്ന് നിര്‍ദേശിച്ചതിന് കാരണം.
ഹാട്രിക്കില്‍ എത്തി നില്‍ക്കുകയാണ് നിങ്ങള്‍ മൂവരും. മറ്റിടങ്ങളില്‍ നിന്ന് വേറിട്ട് ഈ ടീമിനൊപ്പം എന്താണ് പ്രത്യേകമായുള്ള കെമിസ്ട്രി
ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. ഫഹദ് ഫാസില്‍ ഇല്ലാതെയും ഈ രണ്ട് പേര്‍ക്ക് ഇതേ മാജിക് സൃഷ്ടിക്കാന്‍ കഴിയും. ഇവരുടെ സിനിമകളിലൊക്കെ എന്റെ കഥാപാത്രങ്ങള്‍ മാത്രമല്ല ഒരു വിധം എല്ലാ കഥാപാത്രങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ രീതി തന്നെ ആണ് ഇവരുടെ ടെക്‌നിക്. ഇവര്‍ കഥ കണ്ടെത്തുന്നതും, കഥാപാത്രങ്ങളിലേക്ക് എത്തുന്നതും , തുടര്‍ന്ന് കഥാപാത്രങ്ങളെ ഹാന്‍ഡില്‍ ചെയ്യുന്നതും എല്ലാം തന്നെ കൃത്യമൊരു പ്രോസസിലൂടെയാണ്. അതാണ് അവരുടെ വിജയ രഹസ്യം. സിനിമയില്ലെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരിക്കും. സിനിമ മാത്രമല്ല ഞങ്ങളുടെ ബന്ധം. ശ്യാമുമായി ആണ് ഞാന്‍ പല പേഴ്‌സണല്‍ കാര്യങ്ങളും ഡിസ്‌കസ് ചെയ്യുന്നത്,. ദിലീഷുമായും അത് പോലെ തന്നെ. മറ്റ് പലര്‍ക്കുമറിയാത്ത എന്റെ വ്യക്തിപരമായ കാര്യങ്ങളും അവര്‍ക്ക് അറിയാം ആ സൗഹൃദത്തിനിടയില്‍ സിനിമ ചെയ്യുന്നുണ്ട് എന്നതേ ഉള്ളു. സൗഹൃദമാണ് സിനിമയിലും പ്രധാനപ്പെട്ടത്.
ഫഹദിനെ ഏറ്റവും നന്നായി അറിയുന്ന ആളുകളുമായി ചേരുമ്പോളാണ് ഏറ്റവും നല്ല സിനിമകള്‍ ഉണ്ടാവുക എന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. അത് അങ്ങനെ തന്നെ ആണോ? ഒരു തരത്തില്‍ ഇത് ഒരു പരിമിതി അല്ലേ? ഒരുമിച്ച് വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളുകളുമായി അതിനു പോലും പറ്റാത്ത സാഹചര്യം ഉണ്ടാകില്ലേ ?
ആദ്യം സത്യേട്ടനൊപ്പം വര്‍ക്ക് ചെയ്യാന്‍ പോയപ്പോള്‍ എനിക്ക് നല്ല പേടി ആയിരുന്നു. അത് എന്റെ മാത്രം പേടി ആയിരുന്നു. ഷൂട്ട് തുടങ്ങി രണ്ട് മൂന്നു മണിക്കൂര്‍ കഴിഞ്ഞാണ് എന്റെ പേടി മാറിയത്. വലിയ ഹിറ്റായി മാറിയ രണ്ട് സിനിമകള്‍ എനിക്ക് ചെയ്യാന്‍ പറ്റിയത് സത്യേട്ടനൊപ്പമാണ്. ഞാന്‍ ഇതിന്റെ ഉത്തരവാദിത്വം എന്റെ ഡയറക്ടര്‍ക്കാണ് കൊടുക്കുന്നത്. അവരെന്നെ ഉപയോഗിക്കുന്നത് പോലെ ഇരിക്കും കഥാപാത്രങ്ങള്‍. ഇത് ഞാന്‍ എല്ലാവരോടും പറയുന്ന കാര്യമാണ്. നിങ്ങള്‍ എന്നെ കൈകാര്യം ചെയ്യുന്നത് പോലെ ആയിരിക്കും കാര്യങ്ങള്‍. എനിക്ക് പറ്റാത്ത ഒരു കാര്യം തന്നാല്‍ എനിക്കത് ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാകും. സൗഹൃദങ്ങള്‍ ഒക്കെ നമുക്ക് ഒരാളെ വായിച്ചെടുക്കാന്‍ പറ്റുന്നത് പോലെ ആണല്ലോ. നമുക്ക് ചെയ്യാന്‍ പറ്റാത്ത ഒരു കാര്യം വരുമ്പോള്‍ നമ്മള്‍ അടുത്ത കൂട്ടുകാരനെ വിളിക്കുന്നത് അവന് അത് എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസത്തിലാണ്. തീരുമാനങ്ങള്‍ ഒക്കെ അടിസ്ഥാനപരമായ മാനുഷിക വികാരങ്ങള്‍ക്കനുസരിച്ചാണ് എടുക്കുന്നത്. ഒരിക്കലും മുന്‍കൂട്ടി തീരുമാനിച്ചപടി അല്ല
കമല്‍ ഹാസനൊപ്പം 'വിക്രം' , അല്ലു അര്‍ജുനൊപ്പം 'പുഷ്പ ' തുടങ്ങിയ വലിയ ഇതരഭാഷാ സിനിമകള്‍. മാസ്സ് എന്റെര്‍റ്റൈനെര്‍ എന്ന രീതിയില്‍ വിശേഷിപ്പിക്കപ്പെടാന്‍ പറ്റുന്ന രണ്ട് ചിത്രങ്ങളുടെ കൂടി ഭാഗമാകുന്നു. നേരത്തെ പരാമര്‍ശിച്ച ക്രോസ്സ് ഓവര്‍ ഇവിടെ സംഭവിക്കുന്നു. മറുഭാഷാ ചിത്രങ്ങളിലെത്തുമ്പോള്‍ മാസ് എന്റര്‍ടെയിന്‍ ഓപ്റ്റ് ചെയ്യുന്നതെന്ത് കൊണ്ടാണ്
ഞാന്‍ അവിടെ പോയി വലിയ മാജിക് ഉണ്ടാക്കും എന്ന വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഞാന്‍ ഇല്ലെങ്കിലും ഈ സിനിമകള്‍ എല്ലാം നടക്കും. ഇതും സ്വകാര്യ സൗഹൃദങ്ങള്‍ കുറച്ചുകൂടി വിശാലമാകുന്നതിന്റെ ഭാഗമാണ്. പലപ്പോഴുള്ള സംസാരത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. ഇതിനു മുന്‍പും കമല്‍ സാര്‍ വിവിധ ചിത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. പക്ഷെ എല്ലാം ഒത്തുവന്നത് ഇപ്പോളാണ് എന്നതാണ് ഈ സിനിമകള്‍ സംഭവിക്കാന്‍ കാരണം. മുന്‍പ് ചെന്നൈ വരുമ്പോള്‍ കാണാം, ഹൈദരാബാദ് വരുമ്പോള്‍ കാണാം എന്നൊക്കെ പറയുമായിരുന്നെങ്കിലും അതൊന്നും നടന്നിരുന്നില്ല പലപ്പോഴും. എന്നാല്‍ ഇപ്പോള്‍ വെര്‍ച്വല്‍ മീറ്റിംഗില്‍ കാര്യങ്ങള്‍ എളുപ്പമാക്കി. ഒരു മണിക്കൂര്‍ കഴിഞ്ഞ് കാണാം എന്ന് പറയുമ്പോള്‍ ശരിക്കും കാണുന്നുണ്ട്. എന്റെ ജീവിതത്തിലെ കുറെ കാര്യങ്ങള്‍ പെട്ടെന്ന് സംഭവിച്ചതാണ്. ഞാന്‍ വളരെയധികം മടിയനായ ഒരാളാണ്. പലകാര്യങ്ങളും ഫോളോ അപ്പ് ചെയ്യാന്‍ പറ്റാറില്ല .പലതും ഞാന്‍ നീക്കി വക്കും. അങ്ങനെ സിനിമകള്‍ ഒക്കെ പാതി വഴിക്ക് നിന്ന് പോകാറുണ്ട്. എന്നാല്‍ വെര്‍ച്വല്‍ മീറ്റിംഗ് ഇതെല്ലം എളുപ്പമാക്കി. ചര്‍ച്ചകള്‍ എല്ലാം സുഗമമായി നടക്കുന്നു. അതാണ് ലോക്ക് ഡൌണ്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇതെല്ലാം സംഭവിക്കാന്‍ കാരണം. കമല്‍ സാറുമായുള്ള ചിത്രം ഒരുപാട് മുന്‍പേ തീരുമാനിച്ചതാണ്. ഇലക്ഷന്‍ കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങാനിരുന്നു എന്ന് മാത്രം.
മറ്റ് ഭാഷകളിലേക്ക് പോകുമ്പോള്‍ ഭാഷാപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ലേ? പ്രത്യേകിച്ച് തെലുങ്ക് പോലെയുള്ള ഭാഷകള്‍. കഥാപാത്രങ്ങളെ ഏറ്റവും കണ്‍വിന്‍സിംഗ് ആയി ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ് ഫഹദ്. ഭാഷാപരമായി ബുദ്ധിമുട്ടുകള്‍ നിലവില്‍ നില്‍ക്കെ ലാംഗ്വേജ്, ബോഡി ലാംഗ്വേജ്, ഡയലോഗ് ഡെലിവറി ഒക്കെ മലയാളമെന്ന പോലെ അനായാസമാക്കാന്‍ എന്ത് ചെയ്യും?
ഈ രണ്ട് സിനിമകളുടെ സംവിധായകര്‍, ലോകേഷും സുകു സാറും എന്നോട് പറഞ്ഞത് നിങ്ങള്‍ക്ക് ഏത് ഭാഷയാണോ ഇഷ്ടം അത് സംസാരിച്ചാല്‍ മതിയെന്നാണ് . സിനിമയില്‍ അങ്ങനെ അതിര്‍വരമ്പുകള്‍ ഒന്നുമില്ല. എനിക്ക് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷ തന്നെ സംസാരിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്, അത് അവിടെ ചെന്ന് എക്‌സ്‌പ്ലോര്‍ ചെയ്യാമെന്നാണ് ഞാന്‍ കരുതുന്നത്. ഭാഷ എന്നതിനെ സംസാരിക്കുമ്പോഴുള്ള ഭാഷ എന്ന രീതിയില്‍ മാത്രം കാണേണ്ടല്ലോ. ഒരു മീഡിയം കൂടി ആണ് .തിലകന്‍ സാറിനെ ഡയറക്റ്റ് ചെയ്ത ഒരു ഡയറക്ടര്‍ എന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ട് .'ആയുധം' എന്ന തമിഴ് സിനിമ ആണെന്ന് എന്റെ ഓര്‍മ . അതില്‍ എന്തോ ഒന്ന് പറയണം . പക്ഷേ എത്ര ശ്രമിച്ചിട്ടും തിലകന്‍ സാറിന് അതിന്റെ ഡെലിവെറിയോ റൈമിങ്ങോ തൃപ്തി വരുന്നില്ല. സര്‍ ചോദിച്ചു ഇത് ഞാന്‍ -പറയാതെ- തന്നെ കമ്യൂണിക്കേറ്റ് ചെയ്താല്‍ പോരെ എന്ന് .എന്നിട്ട് അദ്ദേഹം ഒരു ആക്ഷന്‍ ചെയ്തു അത് ശരിയായി. അങ്ങനെ ഒരുപാട് സങ്കേതങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട് അത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. അത് എനിക്കുമറിയില്ല. അവിടെ ചെന്ന് ഷൂട്ടിങ് തുടങ്ങുമ്പോള്‍ മാത്രമേ അറിയാന്‍ പറ്റൂ.കമല്‍ സാറുമായുള്ള ചിത്രം വളരെയധികം ആവേശമുണ്ടാക്കുന്നതാണ്. കമല്‍ ഹാസന്‍ സാര്‍ എന്നോട് സംസാരിക്കുമ്പോള്‍ പൂര്‍ണ മലയാളി ആണ്. മലയാളത്തില്‍ മാത്രം സിനിമ ചെയ്യുന്ന ആളെപ്പോലെയാണ് അദ്ദേഹം എന്നോട് സംസാരിക്കുന്നത്. ഇപ്പോള്‍ ഈ അപകടം പറ്റിക്കഴിഞ്ഞപ്പോള്‍(മലയന്‍കുഞ്ഞ് ആക്‌സിഡന്റ്) വിളിച്ചിട്ട് എന്താ പറ്റിയത് എന്നൊക്കെ ചോദിച്ചു. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാനായി ഞാന്‍ കാത്തിരിക്കുകയാണ് .
കൊവിഡ് നമ്മളുടെയെല്ലാം കണക്ക് കൂട്ടലുകളെ തകിടം മറിച്ചു. ഒരു വര്‍ഷത്തോളം തീയറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനു കാരണമായി. അത്തരമൊരു സാഹചര്യത്തില്‍ ആദ്യം സംഭവിച്ച സിനിമയാണ് സി യു സൂണ്‍. എന്താണ് പാന്‍ഡമിക് പഠിപ്പിച്ചത്
തീയറ്ററുകള്‍ പഴയതു പോലെ പ്രവര്‍ത്തിച്ചു തുടങ്ങാതെ സിനിമകള്‍ തുടങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന് ഒരു പിടിയുമില്ല. എന്നേക്കാള്‍ വിവരവും അനുഭവവുമുള്ള പല നിര്‍മാതാക്കളും അവരുടെ ചിത്രങ്ങള്‍ രണ്ട് വര്‍ഷം മൂന്നു വര്‍ഷമൊക്കെ മാറ്റി വയ്ക്കുന്നുണ്ട്. എനിക്ക് അത്തരത്തില്‍ ഒരു ചാന്‍സ് എടുക്കാന്‍ താത്പര്യം ഇല്ലായിരുന്നു. ഒ ടി ടി യില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയണം എന്നുണ്ടായിരുന്നു. ഇത് വര്‍ക്ക് ആയില്ലെങ്കില്‍ പലവഴിക്ക് നിന്ന് ചീത്ത കേള്‍ക്കുമെന്നും അറിയാമായിരുന്നു. പക്ഷെ ഇത്തരമൊരു പരീക്ഷണത്തിന് ഞങ്ങള്‍ തയ്യാറായിരുന്നു .'സി യു സൂണ്‍ ' എന്ന ഒരു സിനിമ ചെയ്യുമ്പോള്‍ അത് വിതരണത്തിന് എടുക്കാന്‍ ആളുകള്‍ ഉണ്ടാകുമെന്ന് കരുതിയതല്ല . ഞാന്‍ ദര്‍ശനയോടും റോഷനോടും പറഞ്ഞിരുന്നത് വിതരണത്തിന് ആരും വരുന്നില്ലെങ്കില്‍ യൂ ട്യൂബില്‍ ഒരു ചാനല്‍ തുടങ്ങി റിലീസ് ചെയ്യാമെന്നാണ്. ജോജിയിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. ഷൂട്ട് കഴിഞ്ഞതിനു ശേഷം തത്പരരായ ആമസോണ്‍ വാങ്ങിക്കുകയും റീലിസ് ചെയ്യുകയുമായിരുന്നു. ഇതും ഒരു സാഹചര്യമാണ്. മാലിക് എത്രയും പെട്ടെന്ന് തിയേറ്ററില്‍ എത്തണമെന്നാണ് ഇപ്പോള്‍ എന്റെ ആഗ്രഹം. ആളുകള്‍ അത് തീയറ്ററില്‍ തന്നെ കണ്ട് ആസ്വദിക്കണമെന്നുണ്ട്.
തീയേറ്ററിന് വേണ്ടിയല്ലാതെ സിനിമ ചെയ്യുമ്പോള്‍ അഭിനേതാവെന്ന നിലയില്‍ പുതുതായി അനുഭവിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് ?
ഒരു അഭിനേതാവെന്ന നിലയില്‍ തീയറ്ററില്‍ നിന്ന് ലഭിക്കുന്ന ഒരു അനുഭവമോ അനുഭൂതിയോ ഒ ടി ടി യില്‍ നിന്ന് ഉണ്ടാകുമെന്നു തോന്നുന്നില്ല . തീയറ്ററില്‍ തന്നെയാണ് ഒരു അഭിനേതാവിന് എല്ലാം കിട്ടുന്നത്. പക്ഷെ പരീക്ഷണ ചിത്രങ്ങള്‍ക്ക് പറ്റിയ ഇടമാണ് ഇവിടം. തീയറ്ററില്‍ സാമ്പത്തിക വിജയമൊന്നും ഈ സ്വഭാവമുള്ള സിനിമകള്‍ക്ക് ഉണ്ടാകണമെന്നില്ല. ജോജി തന്നെ തിയറ്റര്‍ റീലിസ് ചെയ്തിരുന്നുവെങ്കില്‍ ദിലീഷിന്റെ മറ്റ് ചിത്രങ്ങള്‍ പോലെ വിജയമാകുമായിരുന്നില്ല. പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് , അതിന്റെ സാദ്ധ്യതകള്‍ തേടുന്നവര്‍ക്ക് പറ്റുന്ന ഇടമാണ് ഒടിടി.എല്ലാ സിനിമകളും നമ്മള്‍ തീയേറ്ററിലേക്ക് വേണ്ടി തന്നെയാണ് ആലോചിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നു .