Interview

കരിങ്കല്‍ ഖനനം ഉരുള്‍പൊട്ടലിന് കാരണമല്ല; ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വെറും നാടകം 

എ പി ഭവിത

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഇല്ലാതാക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുകയല്ല വേണ്ടതെന്ന് ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം മേധാവി ഡോക്ടര്‍ വി നന്ദകുമാര്‍. ഖനനം മണ്ണിടിച്ചിലിന് കാരണമാകില്ലെന്നും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിയമവിധേയമാക്കുകയാണ് വേണ്ടതെന്നും നന്ദകുമാര്‍ പറയുന്നു. ദുരന്തനിവാരണ അതോതിറ്റി മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെടുന്നുവെന്നും ആരോപിക്കുന്നു.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കേരളത്തില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നത്. ഇതിനെക്കുറിച്ച് പഠിക്കുന്നതിനായി കവളപ്പാറയും പുത്തുമലയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു താങ്കള്‍. മനുഷ്യനിര്‍മ്മിതമാണ് ഈ ദുരന്തമെന്ന് വിലയിരുത്താന്‍ എന്താണ് കാരണം

മലയോരമേഖലയില്‍ താമസിക്കുന്ന റബര്‍ കര്‍ഷകര്‍ക്ക് അജ്ഞതയുണ്ട്. അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ കഴിയണം. മലയില്‍ നിന്നുള്ള നീരൊഴുക്ക് തടസ്സപ്പെടുന്നുണ്ട്. ഈ വെള്ളം താഴോട്ടേക്ക് എത്തുന്നില്ല. കനാലുകളെല്ലാം അടഞ്ഞു കിടക്കുന്നു. ആ വെള്ളം ഭൂമിക്കടിയിലേക്ക് പോകുന്നു. ഭൂമിയുടെ അടിയിലേക്ക് കൂടുതലായി വെള്ളം എത്തുമ്പോള്‍ അകത്ത് മാറ്റങ്ങള്‍ ഉണ്ടാകും. പാറയും മണ്ണും ചേര്‍ന്നുള്ള ഭാഗത്ത് ലൂബ്രിക്കേഷന്‍ വരും. അത്തരം ഭാഗങ്ങളില്‍ നിന്നാണ് മണ്ണിടിച്ചില്‍ ആരംഭിക്കുന്നത്. മുപ്പത് ഡിഗ്രി ചരിവുകളില്‍ മഴക്കുഴി ഉണ്ടാക്കുന്നതും പ്രശ്‌നമാണ്. അശാസ്ത്രീയമായി ജെസിബി ഉപയോഗിച്ചാണ് കുഴി ഉണ്ടാക്കുന്നത്. റബര്‍ കുഴി എടുക്കുന്നതും ദോഷമുണ്ടാക്കുന്നുണ്ട്. കുന്നിന് അടിയില്‍ പാറയുണ്ടോ എന്ന് പോലും ആളുകള്‍ക്ക് സംശയമാണ്. പശ്ചിമഘട്ടം പാറയാണ്. എത്ര അടി താഴ്ചയിലാണ് മണ്ണുള്ളതെന്നോ പാറ എവിടെയാണെന്നോ കര്‍ഷകര്‍ക്ക് അറിയില്ല. ആദ്യത്തെ കുറച്ച് വര്‍ഷങ്ങളില്‍ പ്രശ്‌നമുണ്ടാകില്ല. പിന്നെ അതിവര്‍ഷം ഉണ്ടാകുമ്പോള്‍ തിരിച്ചടിയാകുന്നു.

ഇത്തവണയുണ്ടായ മണ്ണിടിച്ചിലിന് സോയില്‍ പൈപ്പിംഗ് പ്രതിഭാസം എത്രത്തോളം കാരണമാകുന്നുണ്ട്.

മലയോരത്ത് കാണുന്ന ഭൂമിശാസ്ത്രപരമായ മാറ്റമാണ്. ചിലര്‍ എഴുതുന്നത് പോലെ മരത്തിന്റെ വേര് ദ്രവിച്ച് വരുന്ന പൈപ്പൊന്നുമല്ല. ഒരു ദ്വാരമുണ്ടാകുമ്പോള്‍ അതിലേക്ക് വെള്ളവും കല്ലുമെല്ലാം ശക്തിയായിട്ട് ഇറങ്ങും. സോയില്‍ പൈപ്പിംഗ് കാരണം മണ്ണിടിച്ചിലുണ്ടാകുന്നുണ്ട്. അപ്പോള്‍ ചെളിയും പാറയും ഒലിച്ചിറങ്ങും. ലൂബ്രിക്കേഷനുണ്ടാകുന്ന ഭാഗത്തും ഒലിച്ചു പോകും. ചരിവാണ് വില്ലന്‍. ലൂബ്രിക്കേഷനുള്ള ഭാഗത്ത് ഗ്രാവിറ്റി കാരണം മണ്ണിടിച്ചില്‍ ഉണ്ടാകുന്നു. ചെറിയതാണെങ്കിലും മണ്ണ് ഇടിഞ്ഞ് എത്തും.

ഖനനമാണ് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുന്നതെന്നതെന്നും അല്ലെന്നുമുള്ള വാദം വിദഗ്ധര്‍ തന്നെ ഉന്നയിക്കുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ചകളും സജീവമാണ്. എന്താണ് താങ്കളുടെ നിലപാട്

ഖനനം ഇതിനൊക്കെ കാരണമാകുമെന്ന വാദത്തിനോട് യോജിക്കുന്നില്ല. ഖനനം റെഗുലേറ്റ് ചെയ്യപ്പെടണം. ഒരിടത്തും ഖനനത്തിന്റെ പേരില്‍ മണ്ണിടിച്ചിലുണ്ടായതായി കേട്ടിട്ടില്ല. ആ വാദം തെറ്റാണ്. പക്ഷേ ഖനനം പ്രകൃതിക്ക് ദോഷമാണ്. നിയമങ്ങള്‍ പാലിച്ചാണോ ഖനനം നടക്കുന്നതെന്ന് നോക്കണം. പലതും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സില്ലാതെ ആളുകള്‍ സ്വന്തമായി പാറ പൊട്ടിച്ച് വില്‍ക്കുകയാണ്. അവിടെയൊക്കെ പരിശോധിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണം. നിരോധനത്തിന് ഒരു പ്രസക്തിയുമില്ല. റെഗുലേഷനാണ് വേണ്ടത്. റെഗുലേറ്റ് ചെയ്യുമ്പോള്‍ തന്നെ പലതും പൂട്ടിപ്പോകും. സൂപ്പര്‍ ക്വാറികളാണ് നമുക്ക് വേണ്ടത്. രണ്ട് ജില്ലയ്ക്ക് വേണ്ടി ഒരു വലിയ ക്വാറി മതിയാകും. അങ്ങനെ ചെയ്താല്‍ കെട്ടിടനിര്‍മ്മാണ വസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകില്ല. നമ്മളെ പോലുള്ളവരെഴുതി ജനങ്ങളെ പരിഭ്രാന്തരാക്കി ബില്‍ഡിംഗ് മെറ്റീരിയല്‍സിന് ക്ഷാമമുണ്ടാക്കാനെ കഴിയൂ. അത് ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. നമുക്ക് വികസനം വേണം. എന്നാലെ മുന്നോട്ട് പോകാന്‍ കഴിയൂ. കൊച്ചു കൊച്ചു ക്വാറികള്‍ സ്വാഭാവികമായും അടഞ്ഞു പോകും. ഉദാഹരണത്തിന് അനുവദനീയമായ അളവിലല്ല സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നത്. സൂപ്പര്‍ ക്വാറികള്‍ സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ അനുവദനീയമായ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പൊട്ടിച്ചെടുക്കാം. വലിയ ബോംബ് വെയ്ക്കുന്നത് പോലുള്ളവയാണ് ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത്. അതുകൊണ്ടൊന്നും മണ്ണിടിച്ചിലുണ്ടാകില്ല. ക്വാറി കൊണ്ടാണ് ലാന്‍ഡ് സ്ലൈഡ് ഉണ്ടാകുന്നതെന്നത് തെറ്റായ വാദമാണ്. ആ വാദം ശാസ്ത്രീയമല്ല. ജിയോളജി പഠിച്ചവര്‍ അത് അംഗീകരിക്കില്ല.

പുത്തുമല, കവളപ്പാറ രണ്ട് ദുരന്തമേഖലകളായി മാറി. ഈ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതിന് പൊതുവായ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ

കവളപ്പാറയിലെതും പുത്തുമലയിലെയും സംഭവങ്ങള്‍ക്ക് വ്യത്യസ്ത കാരണങ്ങളാണ് ഉള്ളത്. കവളപ്പാറയില്‍ സ്ലോപ് ഉണ്ടെങ്കിലും അതിന്റെ നീളം കുറവാണ്. മണ്ണ് മാറ്റുകയും റബര്‍ കൃഷിക്കായി കുഴിയെടുക്കുകയും ചെയ്തു. അതിതീവ്ര മഴ ഉണ്ടായപ്പോള്‍ സ്ലിപായി പോയതാണ്. ദുരന്തമുണ്ടാകുന്നതിന് ഒരാഴ്ച മുമ്പ് മുതല്‍ ശക്തമായ മഴയായിരുന്നു. രണ്ട് മീറ്റര്‍ കനത്തില്‍ മണ്ണ് അടര്‍ന്ന് താഴേക്ക് പതിച്ചപ്പോള്‍ ഇളകിക്കിടന്ന മണ്ണും പാറയും ഒഴുകുകയായിരുന്നു. മുത്തപ്പന്‍കുന്നിന് മുകളിലുള്ള നീര്‍ച്ചാലുകള്‍ നികത്തപ്പെട്ടു. അധികമഴ ലഭിക്കുമ്പോള്‍ താഴേക്ക് ഒഴുകി പോകാനുള്ള മാര്‍ഗമാണ് ഇതോടെ തടസ്സപ്പെട്ടത്. റബര്‍കൃഷിക്കായി ജെസിബി ഉപയോഗിച്ച് കുഴികളുണ്ടാക്കിയതോടെ മണ്ണിന്റെ ഘടന മാറി. പുത്തുമലയില്‍ പെയ്ത കനത്തമഴയാണ് ദുരന്തത്തിന് കാരണമായത്. ഉരുള്‍പൊട്ടല്‍ ചെറുതാണെങ്കിലും ചെരിവിന്റെ പ്രത്യേകത കാരണമാണ് വലിയ നാശനഷ്ടമുണ്ടായത്.

വയനാട് പുത്തുമലയില്‍ പൈലിംഗ് നടത്തി റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചതും അപകടത്തിന് കാരണമായെന്ന് ആരോപണമുയര്‍ന്നിരുന്നു.

കുറച്ച് റിസോര്‍ട്ടുകള്‍ ആ മേഖലയിലുണ്ട്. പൈലിംഗ് നടത്തിയിട്ടുണ്ടെങ്കില്‍ അത് പാറയുമായി ബന്ധപ്പെട്ടിട്ടായിരിക്കും. റിസോര്‍ട്ട് നിര്‍മ്മാണം കൊണ്ടൊന്നും മണ്ണിടിച്ചിലുണ്ടായെന്ന് ഞാന്‍ പറയില്ല. എന്നാല്‍ അത് ഡിസ്റ്റേര്‍ബന്‍സാണ്. ചിരട്ട കമഴ്ത്തിവച്ചത് പോലെയുള്ള ഒരു മലയിലെ മണ്ണിന് ഒരു തുടര്‍ച്ചയുണ്ട്. റിസോര്‍ട്ട് നിര്‍മ്മാണവും മറ്റും ഉണ്ടാകുമ്പോള്‍ ആ തുടര്‍ച്ചയുള്ള മണ്ണിനെ നമ്മള്‍ കട്ട് ചെയ്യുകയാണ്. തുടര്‍ച്ച ഇല്ലാതാകുമ്പോള്‍ മണ്ണ് സ്വയം അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കും. അങ്ങനെ ചെയ്യുമ്പോഴാണ് ഇടിച്ചിലുണ്ടാകുന്നത്. ചില സമയങ്ങളില്‍ അത് വലുതാകും. പശ്ചിമഘട്ടത്തില്‍ പൊപ്പുലേഷന്‍ കൂടുതലാണ്. നമ്മുടെ എക്കണോമിയുടെ വലിയൊരു ഭാഗം വരുന്നത് മലയോര മേഖലയില്‍ നിന്നാണ്.

പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ എന്താണ് ചെയ്യേണ്ടത്

പശ്ചിമഘട്ടം ഇപ്പോള്‍ തന്നെ ഡിസ്‌റ്റേര്‍ബ്ഡാണ്. നമ്മള്‍ പാട്ട് പാടിയിട്ടോ കരഞ്ഞിട്ടോ കാര്യമല്ല. ഇടപെടലുകളാണ് ഇനി വേണ്ടത്. എങ്ങനെ സ്ഥിരത വരുത്താമെന്നാണ് ചിന്തിക്കേണ്ടത്. ആളുകളെ അവിടെ നിന്നും താഴോട്ട് താമസിപ്പിക്കുകയൊന്നത് പ്രായോഗികമല്ല. അത് നടക്കില്ല. ഒരു ദുരന്തമുണ്ടാകുമ്പോള്‍ കുറച്ച് ദിവസം മാത്രമാണ് അത് ചര്‍ച്ചയാകുന്നത്. മാധ്യമങ്ങള്‍ തന്നെ അഞ്ചോ ആറോ ദിവസം റിപ്പോര്‍ട്ട് ചെയ്യും. ഏഴാമത്തെ ദിവസം വേറെ കഥകള്‍ വരും.നമ്മള്‍ മറക്കും. ഓഖി വന്നു അത് മറന്നു. 2018 ല്‍ 400 വലിയ മണ്ണിടിച്ചിലും മലവെള്ളം പോലെ ഒലിച്ചു പോകുകയും ചെയ്തു. അത് നമ്മുടെ മനസ്സില്‍ നിന്ന് പോയില്ലേ. ഇപ്പോള്‍ കവളപ്പാറയും പുത്തുമലയും മാത്രമാണ് നമ്മള്‍ പറയുന്നത്. 90 പേര്‍ മണ്ണിടിച്ചിലില്‍ മരിച്ച കേരളത്തിലെ ആദ്യ സംഭവമാണ്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ഉണ്ടെങ്കിലും മുന്നൊരുക്കങ്ങളില്ലെന്നേ ഞാന്‍ പറയുകയുള്ളു. മണ്ണിടിച്ചിലുണ്ടായപ്പോള്‍ രാത്രി കാലങ്ങളില്‍ തിരച്ചില്‍ നിര്‍ത്തിവച്ചു. ജീവനുകള്‍ രക്ഷിക്കാനുള്ള ഗോള്‍ഡന്‍ ഹവേഴ്‌സാണ് നഷ്ടപ്പെടുന്നത്. ഒരു കുടുംബത്തിലെ എട്ടു പേര്‍ മണ്ണിനടിയില്‍ പോയിട്ടുണ്ടെങ്കില്‍ അവരെ രക്ഷപ്പെടുത്താനുള്ള സമയമാണ് ഇല്ലാതാക്കുന്നത്. സാങ്കേതിക വിദ്യ ഇത്ര പുരോഗമിച്ച കാലത്ത് നിര്‍ത്തിവെച്ചു എന്നൊക്കെ പറയുന്നത് ആരെ പറ്റിക്കാനാണ്.

പശ്ചിമഘട്ടത്തില്‍ എന്തുമാറ്റം വരുത്തിയാലാണ് ദുരന്തം ആവര്‍ത്തിക്കാതിരിക്കുക

ഒരുതരത്തിലുള്ള മാറ്റവും അവിടെ വേണ്ട. അമിതമായി വരുന്ന വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഉണ്ടാക്കുകയാണ് വേണ്ടത്. അതിനെ താഴ്‌വാരങ്ങളിലേക്ക് ഒഴുക്കി വിടണം. അല്ലെങ്കില്‍ മണ്ണിനടയിലേക്ക് ഒഴുകി പ്രശ്‌നങ്ങളുണ്ടാകും. മഴക്കുഴി ഇനി കുഴിക്കേണ്ടതില്ല. അതിന് പകരം ഡ്രയിനേജ് ഉണ്ടാക്കുക. കര്‍ഷകരെ ബോധവത്കരിക്കണം. നല്ല ഷെല്‍ട്ടറുകളുണ്ടാക്കി ആളുകളെ നേരത്തെ മാറ്റിപ്പാര്‍പ്പിക്കണം. കാലിത്തൊഴുത്ത് പോലുള്ള ഷെല്‍ട്ടറുകളല്ല വേണ്ടത്. ദുരിതാശ്വാസക്യാമ്പ് എന്ന വാക്ക് തന്നെ തെറ്റാണ്. ഒരു ദുരിതം വരുമ്പോള്‍ കുറച്ച് ദിവസത്തേക്കുള്ള ആശ്വാസം നല്‍കുക. അത് വേണ്ട. പകരം മൂന്ന് വര്‍ഷത്തെ ദുരിതാശ്വാസ ക്യാമ്പിന് വേണ്ട പണം കൊണ്ട് ഇവര്‍ക്ക് ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാവുന്ന കെട്ടിടം നിര്‍മ്മിക്കാം. അതിന് പറ്റിയ ഭൂമി കണ്ടെത്താനുള്ള വിദഗ്ധര്‍ കേരളത്തിലുണ്ട്. കാര്‍മേഘം വളരെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തോന്നുമ്പോള്‍ അത്തരം മേഖലയിലുള്ളവരെ അവിടേക്ക് മാറ്റുകയും സ്‌നേഹത്തോടെ പരിചരിക്കുകയും വേണം. ആ പിരീഡില്‍ കൃഷി ഭൂമി വേറെ താമസം വേറെ എന്ന ചിന്തയിലേക്ക് മാറണം. കൃഷി ഉപേക്ഷിച്ച് പോകാന്‍ കര്‍ഷകന് മടിയായിരിക്കും. പോകാന്‍ പറയുന്നതും തെറ്റാണ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുകയാണ്. റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോള്‍ കര്‍ഷകരുള്‍പ്പെടെയുള്ള വിഭാഗം എതിര്‍പ്പ് തുടരുകയാണ്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ചത് കര്‍ഷകരല്ല.ആ റിപ്പോര്‍ട്ട് തന്നെ ഒരു നാടകമായിരുന്നു. കാരണം പശ്ചിമഘട്ടം കന്യാകുമാരി മുതല്‍ ബോംബെ വരെയുണ്ട്. ഈ പശ്ചിമഘട്ടത്തെ ഒറ്റയെക്കെടുത്ത് പരിശോധിക്കാന്‍ തുടങ്ങിയാല്‍ നടക്കില്ല. തെറ്റാണത്. ആ സംഘത്തില്‍ ഒരു ജിയോ സയന്റിസ്റ്റുമില്ല. ജിയോസയന്റിസ്റ്റ് ഇത്തരം പഠനങ്ങളില്‍ ഒഴിവാക്കാനാവാത്തതാണ്. നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെ ആളുകളുണ്ട്. അവരെയൊക്കെ വിളിച്ച് ഇത്തരം കമ്മിറ്റികളില്‍ ഇട്ടിരുന്നെങ്കില്‍ ഇതുപോലുള്ള അബദ്ധങ്ങളുണ്ടാവില്ലായിരുന്നു.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT