ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടെന്ന് ഡബ്ല്യു.സി.സി പറഞ്ഞതായി മന്ത്രി പി. രാജീവ് പറയുന്നു. ഇത് ഡബ്ല്യു.സി.സിയുടെ ധാര്‍മികതയെ ചോദ്യം ചെയ്യുന്ന, തെറ്റിദ്ധരിപ്പിക്കുന്ന തരം പ്രസ്താവനയല്ലേ?
ഡബ്ല്യുസിസിയിലെ ഒരുകൂട്ടം സ്ത്രീകള്‍ ഒരു നിവേദനവുമായിട്ട് ഒരു മന്ത്രിയെ കാണാന്‍ പോകുന്നു. അതിനകത്ത് ഡബ്ല്യുസിസിയുടെ ആവശ്യം എന്താണെന്ന് കൃത്യമായി പറയുന്നുണ്ട്. അത് മന്ത്രിക്ക് കൊടുക്കുന്നു. മാധ്യമങ്ങളോടും അക്കാര്യം ഡബ്ല്യുസിസി വിശദീകരിക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്കും ആ കത്തിന്റെ കോപ്പി നല്‍കിയിട്ടുണ്ടാവണം. അതെല്ലാം കഴിഞ്ഞിട്ട് അതിന് നേരെ വിപരീതമായിട്ടുള്ള കാര്യമായിരുന്നു മന്ത്രിയുടെ മുന്നില്‍ ഡബ്ല്യു.സി.സി വെച്ചത് എന്ന് പറഞ്ഞതിലെ അര്‍ത്ഥം എന്താണെന്ന് എനിക്ക് മനസിലായതേയില്ല. ചര്‍ച്ചയില്‍ ചിലരുടെ വേവലാതി, അത് ആദ്യം മുതലേ കാണുന്നതാണ്.
ഇതില്‍ രഹസ്യ സ്വഭാവത്തില്‍ സൂക്ഷിക്കേണ്ട ചില ഭാഗങ്ങളുണ്ട്. അത് ഒഴിവാക്കികൊണ്ടാകുമല്ലോ റിപ്പോര്‍ട്ട് പബ്ലിഷ് ചെയ്യുക എന്നത് ചര്‍ച്ചയ്ക്കിടെ സംസാരിച്ചിരുന്നു എന്ന് അവിടെ പോയവരില്‍ നിന്നും കേട്ടിരുന്നു.
കോഴിക്കോട് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണെ കാണാനാണ് ഞാന്‍ പോയത്. എറണാകുളത്തുള്ളവരാണ് മന്ത്രിയെ കാണാനായി പോയത്. മന്ത്രിയോട് പറയാനുള്ളത് റിക്വസ്റ്റ് ആയി എഴുതി അത് പ്രിന്റ് ചെയ്ത് നിവേദനമായി കൊടുത്തിട്ടുള്ളതാണ്. അതിനകത്ത് കൃത്യമായും ഇത് പുറത്ത് വിടണം എന്ന് തന്നെയാണ് പറയുന്നത്.
ആര് എന്ത് പറഞ്ഞാലും സര്‍ക്കാരല്ലേ റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടത്. സര്‍ക്കാര്‍ നിയമമുണ്ടാക്കും, പക്ഷെ പുറത്ത് വിടില്ല എന്നാണല്ലോ സജി ചെറിയാനും പറഞ്ഞത്. എന്താണ് പ്രതികരണം?
റിപ്പോര്‍ട്ട് ഒരിക്കലും പുറത്ത് വിടാന്‍ പാടില്ലെന്ന് പറയുന്നുണ്ട് എന്നൊക്കെ മന്ത്രി സജി ചെറിയാന്‍ പറയുന്നതായി കണ്ടു. അതിന്റെ അര്‍ത്ഥം എന്താണെന്ന് മനസിലാകുന്നില്ല. ആ റിപ്പോര്‍ട്ടില്‍ രഹസ്യമായി സൂക്ഷിക്കേണ്ട, പേര് പുറത്തുപറയാന്‍ പാടില്ലാത്ത ചില ഭാഗങ്ങളുണ്ട്. ചില സന്ദര്‍ഭങ്ങള്‍ പറയുമ്പോള്‍ പേര് പറഞ്ഞില്ലെങ്കിലും അത് ആരാണ് എന്ന് മനസിലാകുന്ന ചില ഭാഗങ്ങളുണ്ട്. അത്തരം കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ തന്നെ, അതല്ലാത്ത പല കാര്യങ്ങളും ഉള്ള പഠന റിപ്പോര്‍ട്ട് അല്ലേ. അത് പുറത്ത് വരേണ്ടേ? മുഴുവനായും രഹസ്യ സ്വഭാവം എന്ന് പറഞ്ഞ് ഇത് പുറത്തുവിടാതിരിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?
റെക്കമെന്‍ഡേഷന്‍സ് ആണ് പുറത്തുവിടേണ്ടത് എന്നൊക്കെ പറയുന്നുണ്ട്. നിര്‍ദേശങ്ങളിലേക്ക് എത്തുന്നത് എപ്പോഴാണ്? ഒരു പഠനത്തിന്റെ കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നു, എന്താണ് അവരുടെ നിരീക്ഷണങ്ങള്‍ എന്നൊക്കെ മനസിലാക്കിയതിന് ശേഷം ഈ നിര്‍ദേശങ്ങളിലേക്ക് ഞങ്ങള്‍ എത്തിച്ചേരുന്നു എന്നല്ലേ പറയേണ്ടത്. മാത്രമല്ല, അതിലെ റെക്കമെന്‍ഡേഷന്‍സ മാത്രം പുറത്തുവിടാന്‍ ഒന്നാമത് ഇത് ചര്‍ച്ചയ്ക്ക് വെച്ചിട്ടുണ്ടോ? അതിലെ റെക്കമെന്‍ഡേഷന്‍ എടുത്തിട്ട്, ഇതാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ എന്ന് പറയുന്നത് എന്ന മട്ടിലല്ല ആ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.
എന്നുവെച്ചാല്‍ അവര്‍ ഇത് പഠിക്കാന്‍ വേറെ ഒരു കമ്മിറ്റിയെ വെച്ച് അതില്‍ നിന്ന് എക്‌സ്ട്രാക്ട് അഥവാ അതിനെ ചുരുക്കി അതിലെ റെക്കമെന്‍ഡേഷന്‍ മാത്രം എടുക്കുകയാണ്. ഇങ്ങനെ എക്‌സ്ട്രാക്ട് ചെയ്തതിനെ ആദ്യത്തെ കമ്മിറ്റി ശരിവെച്ചിട്ടുണ്ടോ എന്ന കാര്യം നമുക്ക് അറിയില്ലല്ലോ. ജസ്റ്റിസ് ഹേമ അടക്കം മൂന്ന് സ്ത്രീകള്‍ അടങ്ങുന്ന കമ്മിറ്റി പറഞ്ഞ നിര്‍ദേശങ്ങള്‍ തന്നെ ആണോ പുതിയ മൂന്നംഗ കമ്മിറ്റി കണ്ടെത്തിയത് തുടങ്ങിയ കാര്യങ്ങളും അവിടെയുണ്ട്.
ഇതില്‍ മൊഴികൊടുത്ത ആളുകളുടെ പേരുകള്‍ രഹസ്യമാക്കി വെച്ചാലും ഇതിലെ കാര്യങ്ങള്‍ പുറത്തുവിടുന്നതില്‍ പ്രശ്‌നമുണ്ടാകില്ലല്ലോ.
സിനിമയ്ക്കകത്ത് അത്തരം പ്രശ്‌നങ്ങളെപ്പറ്റി പറഞ്ഞിട്ടുള്ള ഒരുവിഭാഗം ആളുകളുണ്ട്. അത് മാത്രമല്ലല്ലോ ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. വേതനം സംബന്ധിച്ച പ്രശ്‌നമുണ്ട്. നരേറ്റീവ് കണ്ടന്റ് (സിനിമയിലെ ആഖ്യാനത്തിലെ ഉള്ളടക്കം) സ്ത്രീവിരുദ്ധമാകരുത് എന്ന് പറയുന്നതടക്കമുള്ള കാര്യങ്ങളുണ്ട്. ഞാന്‍ ഒക്കെ അതായിരുന്നു പറഞ്ഞിരുന്നത്. എന്തുകൊണ്ടാണ് സ്ത്രീ വിരുദ്ധ കമന്റുകള്‍ വരുമ്പോള്‍ അത് മോണിറ്റര്‍ ചെയ്യാത്തത്, സിനിമ സെന്‍സറിംഗിന് വിധേയമാകുന്നുണ്ടല്ലോ. അത് അവരെന്താണ് ഇത് പരിശോധിക്കാത്തത് ? ഇതുപോലെ ഒരുപാട് മറ്റുകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളെല്ലാം ഈ ഒരു വിഷയത്തിന്റെ പേരില്‍ ഒരു പുകമറ സൃഷ്ടിച്ച് മൊത്തം റിപ്പോര്‍ട്ടിനെയും പുറത്ത് വിടാതിരിക്കുക എന്ന് പറയുന്നത് ശരിയല്ല. മന്ത്രിമാര്‍ ഇങ്ങനെ പറയുന്നതില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. ഈ ഇടത് സര്‍ക്കാര്‍ തന്നെയാണ് ഇങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ചത്. ഡബ്ല്യു.സി.സി പറയുന്ന ആവശ്യങ്ങള്‍ ഗൗരവത്തില്‍ പരിഗണിച്ചുകൊണ്ടൊക്കെ തന്നെയാണ് ഇതുവരെ മുന്നോട്ട് പോയിട്ടുള്ളത്. പക്ഷെ ഇപ്പോഴത്തെ നടപടി ഇതില്‍ നിന്നുള്ള ഒരു യൂ ടേണ്‍ ആണോ എന്നും നമുക്ക് അറിയില്ല. എന്താണ് അങ്ങനെ പറയാന്‍ കാരണം എന്ന് അറിയാനുള്ള ആകാംക്ഷയുണ്ട്.
നാലാം തീയതി സിനിമാ മേഖലയിലെ അംഗങ്ങളെ വെച്ചുകൊണ്ടുള്ള യോഗം നടക്കാന്‍ പോകുന്നു. പുറത്ത് വിടില്ല എന്ന് പറഞ്ഞ രേഖയ്ക്ക് മേലുള്ള ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നത്. അതില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതീക്ഷയുണ്ടോ?
ഏത് യോഗങ്ങളും സ്ത്രീക്ക് നീതിയുക്തമായ ഏത് തീരുമാനവും ഓരോ പോയിന്റുകളിലും വെച്ച് അട്ടിമറിക്കപ്പെടുന്നു എന്ന കാര്യം നമ്മള്‍ കണ്ടതാണ്. നിയമത്തിന്റെ പരിരക്ഷയുണ്ട് എന്ന് നമ്മള്‍ പറയുമ്പോഴും ഓരോ പഴുതിലൂടെയും രക്ഷപ്പെടുന്നത് ഓരോ ഘട്ടത്തിലും സ്ത്രീകള്‍ കാണുന്നതാണ്. അങ്ങനെയൊരു അട്ടിമറി ശ്രമം ഉണ്ടാകുമോ എന്നൊന്നും നമുക്ക് പറയാന്‍ കഴിയില്ല.
പക്ഷെ ഡബ്ല്യു.സി.സിയ്ക്ക് അതിനെപ്പറ്റി വളരെ ക്ലാരിറ്റി ഉള്ളതുകൊണ്ട് മീറ്റിംഗില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ അത് വളരെ കൃത്യമായി പറഞ്ഞ് അതില്‍ വ്യക്തത വരുത്തിയിട്ടേ മടങ്ങുകയുള്ളു. അവിടുന്ന് എന്തെങ്കിലും അട്ടിമറി ശ്രമങ്ങള്‍ നടന്നാല്‍ എതിനെ എതിര്‍ക്കും. എന്താണ് അങ്ങനെ സംഭവിക്കുന്നത് എന്ന് സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്യും. ഇത് ഇന്നലെയും ഇന്നും തുടങ്ങിയതല്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയപ്പോഴും ഡബ്ല്യു.സി.സി നിരന്തരം കത്ത് അയക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ വൈകുമ്പോഴും നിരന്തരം കത്തുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എഴുതിയിട്ടുണ്ട്. കൂടാതെ വനിതാ കമ്മീഷനില്‍ ഇതേ ആവശ്യം പറഞ്ഞുകൊണ്ട് കത്ത് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതേ ആവശ്യവുമായാണ് പി. രാജീവിനെയും കാണാന്‍ പോയത്. ഡബ്ല്യു.സി.സി ഇതിന്റെ കൂടെ തന്നെയുണ്ട്. അങ്ങനെ ഞങ്ങള്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെ നേരെ തിരിച്ചാണ് ആവശ്യപ്പെട്ടത് എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്.