Interview

പെരുന്നാളിന് മുസ്ലിം വീടുകളില്‍ പോയി ബി.ജെ.പിക്കാര്‍ക്ക് ഭക്ഷണം കഴിച്ച് പോരാം; അവരെ വിലക്കെടുക്കാനാകില്ല:കെ.ടി ജലീല്‍ അഭിമുഖം

അരമനകളും ക്രിസ്ത്യന്‍ വീടുകളും സന്ദര്‍ശിച്ചതിന് പിന്നാലെ ചെറിയ പെരുന്നാള്‍ ദിനത്തില്‍ മുസ്ലിം വീടുകളിലുമെത്താനാണല്ലോ ബി.ജെ.പി നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തിലേക്ക് എത്തിയത് പോലെ എളുപ്പമായിരിക്കുമോ മുസ്ലിങ്ങളിലേക്ക് എത്തുന്നത്?

എളുപ്പമാകില്ല. കാരണം ഈ രാജ്യത്ത് ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന് എതിരായി എത്രയോ നാളുകളായി പ്രതിഷേധം ഉയര്‍ത്തുന്നവരാണ് മുസ്ലിങ്ങളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും. എന്തുകൊണ്ടാണ് ബി.ജെ.പി കമ്യൂണിസ്റ്റുകാരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന് പറയാത്തത്? അവര്‍ക്ക് ചുട്ട മറുപടി കിട്ടുമെന്നുള്ളത് കൊണ്ടാണ്. ആര്‍.എസ്.എസിനും ബി.ജെ.പിക്കും അനുകൂലമായി ചില ക്രൈസ്തവ പുരോഹിതന്‍മാര്‍ നടത്തിയ പ്രസ്താവനകളുടെ കൂടി അടിസ്ഥാനത്തിലാണ് ക്രൈസ്തവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ അവര്‍ തീരുമാനിച്ചത്. എന്നാല്‍ മുസ്ലിം സമുദായത്തിലെ ഒരു വിഭാഗവും ആര്‍.എസ്.എസിനെയോ ബി.ജെ.പിയേയോ അവരുടെ പ്രത്യായശാസ്ത്രത്തെയോ ഇന്നോളം അംഗീകരിച്ചിട്ടില്ല. മാത്രമല്ല വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ രാജ്യത്തിന്റെ, ദേശീയതയുടെ ഒന്നാമത്തെ ശത്രുവെന്ന് വിശേഷിപ്പിച്ച ജനവിഭാഗം ആ പരാമര്‍ശത്തില്‍ നിന്നും ഒഴിവാക്കപ്പെടാത്തെടത്തോളം കാലം ബി.ജെ.പിയുടെ മുസ്ലിം ഗൃഹസന്ദര്‍ശനം കേവലം ആളുകളെ പൊട്ടീസാക്കല്‍ മാത്രമാണ്. അത് തിരിച്ചറിയാന്‍ മുസ്ലിങ്ങള്‍ക്ക് കഴിയും. പെരുന്നാളിന് മുസ്ലിം വീടുകളില്‍ നിന്ന് ഭക്ഷണം കഴിച്ച് പോരാം എന്നല്ലാതെ യാതൊരു തരത്തിലുള്ള ഇംപാക്ടും ഉണ്ടാക്കില്ല. ഏതു വീടുകളിലാണെങ്കിലും ആഘോഷ ദിവസങ്ങളില്‍ വരുന്നവരെ സല്‍ക്കരിക്കുന്നത് സഹജമായ രീതിയാണ്. ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനും വരുന്നവര്‍ക്ക് ഭക്ഷണം നല്‍കുക പതിവുണ്ട്. അങ്ങനെ ഭക്ഷണം കഴിച്ച് തിരിച്ചു പോരാം.

ഓരോ ദിവസം കഴിയുന്തോറും നമ്മുടെ രാജ്യത്ത് മുസ്ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ദളിതര്‍ക്കും എതിരായി സംഘടിതമായ അക്രമണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. എന്‍കൗണ്ടര്‍ അറ്റാക്കുകള്‍ നടക്കുന്നു. ആളുകള്‍ മരിക്കുന്നു. കുറ്റവാളികളെ കൈകാര്യം ചെയ്യേണ്ട രീതി എങ്ങനെയാണെന്ന് നമ്മുടെ രാജ്യത്തെ ഭരണഘടന പറയുന്നുണ്ട്. ഭരണഘടനയെ അടിസ്ഥാനമാക്കി ഭരണം നടക്കുന്ന രാജ്യത്താണ് ഇന്നോളം കേട്ട് കേള്‍വിയില്ലാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. ജനാധിപത്യവും മതേതരത്തവുമൊന്നും നിലനില്‍ക്കാത്ത രാജ്യങ്ങളെന്ന് പറയുന്ന ആഫ്രിക്കന്‍ നാടുകളില്‍ പോലും നടക്കാത്ത രീതികളാണ് ഇവിടെ നടക്കുന്നത്. ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാനുള്ള സംഘടിതമായ നീക്കങ്ങള്‍ നടന്നത് വിസ്മരിക്കാവതല്ല. ബാബരി മസ്ജിദോടു കൂടി പ്രശ്നങ്ങള്‍ അവസാനിച്ചു എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ബാബ്രി മസ്ജിദ് തകര്‍ത്തു എന്ന് മാത്രമല്ല അത് നിന്ന സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാണം പുരോഗമിക്കവെയാണ് വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ്, മധുരയിലെ ഈദ് ഗാഹ് മസ്ജിദ്, ടിപ്പു സുല്‍ത്താന്‍ മൈസൂരില്‍ നിര്‍മ്മിച്ച പള്ളി എന്നിങ്ങനെയുള്ള ചിരപുരാതന ആരാധനാലയങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും കൈയേറാന്‍ ആസൂത്രിത നീക്കങ്ങള്‍ അരങ്ങേറുന്നു. താജ്മഹല്‍ പൊളിക്കണമെന്ന് വരെ ബി.ജെ.പിയുടെ ഒരു നേതാവ് പ്രസ്താവന ഇറക്കിയത് നാം കണ്ടു. അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതി. ലോകാത്ഭുതങ്ങളിലൊന്നും ഇന്ത്യയുടെ അഭിമാനവുമാണ് താജ് മഹല്‍. ഇവിടെ ഭരിച്ച മുസ്ലിം ഭരണാധികാരികള്‍ ഇന്ത്യക്കാരായി മാറുകയും ഇന്ത്യക്കാരായി മരിക്കുകയും ഇന്ത്യയില്‍ തന്നെ മറമാടപ്പെടുകയും ചെയ്തവരാണ്. ഇന്ത്യയുടെ സ്വത്ത് അവര്‍ ഒരു നാട്ടിലേക്കും കടത്തി കൊണ്ടു പോയിട്ടില്ല. ജനങ്ങളെ കൊള്ളയടിച്ചിട്ടില്ല. നികുതിയായി പിരിച്ചത് രാജ്യത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കുകയാണ് ചെയ്തത്. അങ്ങനെയുള്ള മുഗള്‍ രാജാക്കന്‍മാരുടെ ചരിത്രാവശിഷ്ടങ്ങള്‍ വരെ ഇല്ലാതാക്കണമെന്ന് പറയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ബി.ജെ.പിയോട് എങ്ങനെയാണ് മുസ്ലിം സമൂഹം അടുപ്പം കാണിക്കുക? എങ്ങനെയാണ് അവരെ ഉള്‍ക്കൊള്ളുക?

ക്രൈസ്തവ സമൂഹത്തിലേക്ക് കടന്നു കയറിയത് പോലെ മുസ്ലിം സമുദായത്തിലേക്ക് എത്തിപ്പെടാന്‍ കഴിയുമെന്ന് ബി.ജെ.പി കരുതുന്നത് മൗഢ്യമാണ്. ബി.ജെ.പിയുടെ നേതാക്കള്‍ തൃശൂരിലെ ക്രൈസ്തവ പുരോഹിതനെ സന്ദര്‍ശിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. തനി വര്‍ഗ്ഗീയതയാണ് അവര്‍ പറയുന്നത്. നേരത്തെ തൃശൂരില്‍ കച്ചവടക്കാരായി ഉണ്ടായിരുന്നത് ക്രൈസ്തവരും ഹിന്ദുക്കളുമായിരുന്നുവെന്നും ഇപ്പോള്‍ മുസ്ലിം വ്യാപാരികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നത് ക്രൈസ്തവ സമൂഹത്തെ അലട്ടുന്നില്ലേയെന്നുമാണ്ണ് ബി.ജെ.പി നേതാക്കള്‍ ചോദിച്ചത്. തനി വര്‍ഗ്ഗീയതയും വിഭാഗീയതയും ഉദ്ദേശിച്ചാണ് പല പ്രസ്താവനകളും നടത്തുന്നത്. ഇങ്ങിനെ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്ക് എങ്ങനെയാണ് മുസ്ലിം വീടുകളിലേക്ക് പോകാന്‍ കഴിയുക?. മുസ്ലിം കച്ചവടക്കാര്‍ കൂടുന്നത് ക്രൈസ്തവ സമൂഹത്തിന് ഭീഷണിയാണെന്ന് നിങ്ങള്‍ പറഞ്ഞത് എന്തുദ്ദേശിച്ചാണെന്ന് അവര്‍ തിരിച്ച് ചോദിച്ചാല്‍ എന്താകും ബി.ജെ.പിക്കാരുടെ മറുപടി? ഈ രാജ്യത്ത് ഒരു വിഭാഗവും മറ്റൊരു വിഭാഗത്തിന് ഭീഷണിയല്ല. ലോകത്ത് എത്ര കോടി മനുഷ്യരുണ്ടോ അത്ര കോടി അവസരങ്ങളുമുണ്ട്. ആ അവസരങ്ങള്‍ കണ്ടെത്തുകയെന്നതാണ് പ്രധാനം. മുസ്ലിം സമൂഹം ഒരു വ്യാപാര സമൂഹമാണ് (ഠൃമറല ഇീാാൗിശ്യേ). ഇന്ത്യയിലെ ഇതര സമൂഹങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ മുസ്ലിം സമുദായം പരമ്പരാഗത കാര്‍ഷിക തൊഴിലില്‍ നിന്നും വിമുക്തരായി കച്ചവടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചവരാണ്. അറബി കച്ചവടക്കാരുടെ പൈതൃകം അവര്‍ക്ക് ലഭിച്ചു. അങ്ങനെയാണ് അവര്‍ കച്ചവട വ്യാപാര രംഗത്ത് നിലയുറപ്പിച്ചത്. ലോകത്തിന്റെ എവിടെയൊക്കെ അവര്‍ എത്തിപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം ജോലിക്കാര്‍ എന്നതിലുപരി കച്ചവടക്കാരായി മാറാനാണ് അവര്‍ താല്‍പര്യപ്പെട്ടത്. കേരളത്തില്‍ നിന്നും എല്ലാ സമുദായത്തില്‍പ്പെട്ടവരും വിദേശത്തേക്ക് പോയിട്ടുണ്ട്. മുസ്ലിങ്ങള്‍ വിദേശ രാജ്യങ്ങളില്‍ പോയി അവിടുത്തെ രാഷ്ട്രീയ അധികാര സ്ഥാനത്ത് എത്തിയവരുടെ പട്ടികയില്‍ ദുര്‍ലഭമാകും. ടെക്നോക്രാറ്റുകളായി പ്രശസ്തി നേടിയവരും കുറവാകും. കച്ചവടക്കാരായി വലിയ സ്ഥാനത്തെത്തിപ്പെട്ടവരാണ് നല്ലൊരു ശതമാനം. എം.എ യൂസഫലിയും ഗള്‍ഫാര്‍ മുഹമ്മദലിയും ആസാദ് മൂപ്പനും എല്ലാം ആ ഗണത്തില്‍ പെടുന്നവരാണ്. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സഹജമായ ഈ സ്വഭാവത്തെയാണ് ബി.ജെ.പി വര്‍ഗ്ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നത്. ഇതെല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്ന കേരളത്തിലെ മുസ്ലിങ്ങള്‍ എങ്ങനെയാണ് ബി.ജെ.പിയെ വിശ്വാസത്തിലെടുക്കുക?

ബി.ജെ.പി ഇന്നോളം ചെയ്ത ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഖേദം പ്രകടിപ്പിച്ചതിന് ശേഷം മാത്രമേ അവര്‍ക്ക് ചെവി കൊടുക്കാന്‍ പോലും മുസ്ലിം കമ്യൂണിറ്റി തയ്യാറാകുകയുള്ളൂ. ബാബ്റി മസ്ജിദിന്റെ തകര്‍ച്ചയില്‍ സംഘ് പരിവാരങ്ങള്‍ ഇന്നോളം ഖേദം പ്രകടിപ്പിച്ചിട്ടില്ല. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജാറാത്ത് വംശഹത്യ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ പശ്ചാതാപമോ ക്ഷമാപണമോ ഇന്നോളം അതിനുത്തരവാദികളായവര്‍ നടത്തിയിട്ടില്ല. അതൊക്കെ സുചിന്തിത ആലോചനയുടെ അടിസ്ഥാനത്തില്‍ നടന്നതാണന്ന മട്ടിലല്ലേ അവര്‍ മുന്നോട്ട് പോകുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രി ഇതില്‍ ഖേദം പ്രകടിപ്പിച്ചതായി കേട്ടിട്ടുണ്ടോ?

ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്ന് ദില്ലിയില്‍ സിഖുകാര്‍ക്കെതിരെ വലിയ കലാപം നടന്നു. സോണിയാഗാന്ധി തന്നെ സിഖ് സമൂഹത്തിനോട് ക്ഷമാപണം നടത്തിയില്ലേ അതിന് ശേഷമല്ലേ പഞ്ചാബിലേക്ക് അവര്‍ക്ക് കടന്നു ചെന്നത്. ഇതുപോലെയുള്ള ക്ഷമാപണത്തിനോ പുനര്‍വിചിന്തനത്തിനോ ഖേദപ്രകടനങ്ങള്‍ക്കോ തയ്യാറാകാത്ത ബി.ജെ.പിയെ കേള്‍ക്കാനോ അവരുടെ നേരെ കണ്ണുകൊടുക്കാനോ മുസ്ലിം സമൂഹം തയ്യാറാകില്ലെന്ന് ഉറപ്പാണ്.

കഴിഞ്ഞ ദിവസം എ.പി. അബ്ദുള്ളക്കുട്ടിയുമായി നടത്തിയ അഭിമുഖത്തില്‍ കേരളത്തിലെ മുസ്ലിം മതപണ്ഡിതരും നേതാക്കളും ബി.ജെ.പിയില്‍ ചേരാനുള്ള തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് പറയുകയും പിന്തുണ അറിയിക്കുകയും ചെയ്തതായി അവകാശപ്പെടുന്നുണ്ട്. ബിഷപ്പുമാര്‍ മോദിയേയും ബി.ജെ.പിയേയും പിന്തുണയ്ക്കുന്നത് പോലെ നാളെ ഈ പണ്ഡിതരും നേതാക്കളും ഒപ്പം നില്‍ക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും പറയുന്നു. അത്തരമൊരു സാധ്യത വിദൂര ഭാവിയിലെങ്കിലും ഉണ്ടോ?

ഇതില്‍ സത്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏത് മുസ്ലിം നേതാവാണ്, പുരോഹിതനാണ് എ.പി.അബ്ദുള്ളക്കുട്ടിയോട് അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹം തുറന്ന് പറയട്ടെ. പേര് വെളിപ്പെടുത്താത്ത കാലത്തോളം അത് മുഖവിലക്കെടുക്കാനാവില്ല. ആര്‍ക്കും എന്തും പറയാമല്ലോ. പറയുന്നത് സത്യമാണെങ്കില്‍ അതാരാണെന്ന് വെളിപ്പെടുത്തട്ടെ. അല്ലാത്തിടത്തോളം ''പുളു പറച്ചില്‍' മാത്രമായേ ജനങ്ങള്‍ അതിനെ കാണൂ. മാത്രമല്ല അബ്ദുള്ളക്കുട്ടിക്ക് ഗാഢമായ ബന്ധം മുസ്ലിം നേതാക്കളോടും പുരോഹിതരോടും ഉണ്ടെന്ന് കരുതാനാകില്ല. അങ്ങനെയൊരു പശ്ചാത്തലം കേട്ടതായി അറിവില്ല. അദ്ദേഹം മുസ്ലിം സമുദായ സംഘടനകളുടെ പരിപാടികളില്‍ ക്ഷണിക്കപ്പെടുന്നതായും അപൂര്‍വ്വമായേ കണ്ടിട്ടുള്ളൂ. ഹജ്ജിന്റെയും വഖഫ് ബോര്‍ഡിന്റെയും ചെയര്‍മാന്‍ സ്ഥാനം മറ്റൊരു സമുദായാംഗത്തിന് കൊടുക്കാന്‍ പറ്റാത്തത് കൊണ്ടാണ് അബ്ദുള്ളക്കുട്ടിയെ ചെയര്‍മാനാക്കിയത്. അല്ലായിരുന്നെങ്കില്‍ അതിനും ബി.ജെ.പി അബ്ദുള്ളക്കുട്ടിയെ തെരഞ്ഞെടുക്കുമായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കും വരെ ബി.ജെ.പി അനുകൂല നിലപാടുണ്ടാകും എന്ന അഭിപ്രായക്കാരനല്ല ഞാന്‍. അബ്ദുള്ളക്കുട്ടി ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംവിധാനം ഇന്ത്യയിലെ മുസ്ലിം ജനവിഭാഗത്തിനോട് അത്രയേറെ ക്രൂരതയും അനീതിയും കാണിച്ചിട്ടുണ്ട്.

രാജ്യം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പി എല്ലാ ജനങ്ങളെയും ഒന്നായി കാണണം. എല്ലാ മത ജനവിഭാഗങ്ങളുടെയും വിശ്വാസം ആര്‍ജ്ജിക്കണം. അവര്‍ക്ക് എതിരായിട്ടുള്ള അന്യായവും അനീതിയും അവസാനിപ്പിക്കണം. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതി വരുത്തണം. സ്ഥല നാമങ്ങള്‍ മാറ്റുന്നതിന് നിര്‍ത്തണം. മുഗള്‍ ചരിത്ര പഠനത്തെയും മുസ്ലിം ഭരണ കാലത്തെയും വെട്ടിമാറ്റാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിയണം. ഇന്ത്യന്‍ ചരിത്രത്തെയും മുസ്ലിം ഭരണകാലത്തെയും വികൃതമായി ചിത്രീകരിക്കുന്ന സംഘി രീതിയില്‍ നിന്നും മാറി ചിന്തിക്കണം. വസ്തുതകളല്ല അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. സത്യത്തിന്റെ കുപ്പായമിട്ട് അവര്‍ അവതരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. ഇങ്ങനെയെല്ലാം ചെയ്ത് കൊണ്ടിരിക്കുന്നവരെ എങ്ങനെയാണ് രാജ്യത്തെ മുസ്ലിങ്ങള്‍ ചങ്ങാതിമാരായി കാണുക. ഒരുകാലത്തും ഇത്തരം ശക്തികളോട് അനുരഞ്ജനപ്പെട്ട ചരിത്രമല്ല മര്‍ദ്ദിതര്‍ക്കുള്ളത്. അടിച്ചമര്‍ത്താന്‍ വരുന്നവര്‍ക്ക് മുന്നില്‍ അവര്‍ കീഴടങ്ങാറില്ല.

ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ ഒരുഘട്ടത്തിലും സന്ധി ചെയ്യാതെ പട പൊരുതാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന ജനവിഭാഗമാണ് മുസ്ലിങ്ങള്‍. ഒരുപക്ഷെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയവരില്‍ നല്ലൊരു ശതമാനം മുസ്ലിം പേരുള്ള പോരാളികളാകും. അങ്ങനെയൊരു ജനവിഭാഗത്തെ ബി.ജെ.പിക്കെന്നല്ല ഒരാള്‍ക്കും വിലക്കെടുക്കാനാകില്ല.

ചത്തീസ്ഗഡിലും കര്‍ണാടകയിലും ക്രൈസ്തവര്‍ക്കെതിരെയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിങ്ങള്‍ക്കെതിരെയും നടുക്കുന്ന അക്രമ സംഭവങ്ങളില്‍ ബി.ജെ.പി പ്രതിസ്ഥാനത്താണ്. എന്നാല്‍ കേരളത്തില്‍ അവര്‍ ഈ ഘട്ടത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയല്ലേ. ലോക്സഭ തെരഞ്ഞെടുപ്പല്ലേ ലക്ഷ്യം. അത് വിജയിക്കാന്‍ സാധ്യതയുള്ള രാഷ്ട്രീയ നീക്കമാണോ?

ഒരിക്കലുമില്ല. ന്യൂനപക്ഷങ്ങള്‍ താമരയ്ക്ക് വോട്ട് ചെയ്യില്ല. കേരളത്തിലെ മത-സാമുദായിക സമവാക്യത്തെ അടിസ്ഥാനമാക്കിയാണ് ബി.ജെ.പി ഇത്തരമൊരു നീക്കം നടത്തുന്നത്. ഇതുപോലെയുള്ള മത-സാമുദായിക സമവാക്യമുള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല. ഇവിടെ ഇടതുപക്ഷ പ്രസ്ഥാനം ശക്തമാണ്. ഹിന്ദു-മുസ്സിം മത വിശ്വാസികള്‍ മതേതര ധാരയ്ക്കൊപ്പമാണ്. മുസ്ലിങ്ങള്‍ക്കിടയില്‍ തീവ്ര മത ചിന്തകള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ച സംഘടനകള്‍ക്കൊന്നും മുസ്ലിം കേന്ദ്രങ്ങളില്‍ ഒരു വേരോട്ടവും കിട്ടിയിട്ടില്ല. നോട്ടയുടെ അത്രയും വോട്ടെങ്കിലും ഒരു നിയമസഭ മണ്ഡലത്തില്‍ എസ്.ഡി.പി.ഐയോ വെല്‍ഫെയര്‍ പാര്‍ട്ടിയോ കരസ്ഥമാക്കിയിട്ടില്ല. കേരളത്തിലെ സെക്കുലര്‍ പാര്‍ട്ടികളിലാണ് 99 ശതമാനം മുസ്ലിങ്ങളും അണിചേര്‍ന്നിരിക്കുന്നത്. തീവ്ര ചിന്തയുള്ള സംഘടനകളോട് വിയോജിച്ചും പൊരുതിയുമാണ് മുസ്ലിം സമുദായം നിന്നിട്ടുള്ളത്. ഒരുഘട്ടത്തിലും അവരോട് യോജിച്ചിട്ടില്ല. ഹിന്ദു മത വിശ്വാസികളും അങ്ങനെത്തന്നെയാണ്. ബി.ജെ.പിക്ക് ഹിന്ദുക്കളുടെ എത്ര വോട്ടാണ് കേരളത്തില്‍ കിട്ടറുള്ളതെന്ന് നോക്കൂ. രാജ്യം ഭരിക്കുന്നവരായത് കൊണ്ട് നാമമാത്ര വോട്ടുകള്‍ കിട്ടിയേക്കാം. മഹാഭൂരിപക്ഷം ഹിന്ദു മതവിശ്വാസികളും ബി.ജെ.പിയെ പുല്‍കാന്‍ തയ്യാറല്ല. ക്രൈസ്തവ വിശ്വാസികളും സെക്കുലര്‍ പാര്‍ട്ടികള്‍ക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ മതനിരപേക്ഷ ചിന്ത ശക്തമായി നില്‍ക്കുന്നത് കൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായ നിലപാട് ബി.ജെ.പി ഇവിടെ സ്വീകരിക്കുന്നത്. അവര്‍ ഇത്തരം നിലപാട് സ്വീകരിക്കേണ്ടത് കേരളത്തിലല്ല. യു.പിയിലും കര്‍ണാടകയിലും ഗുജറാത്തിലും അസ്സമിലുമൊക്കെയാണ്. പെരുന്നാള്‍ ദിവസം അവിടങ്ങളിലെ മുസ്ലിം വീടുകളിലാണ് ആദ്യം ബി.ജെ.പിക്കാര്‍ പോകേണ്ടത്. ഗുജറാത്തിലെ തെരുവുകളിലെ മുസ്ലിം വീടുകളില്‍ പോയി കലാപത്തെ തള്ളിപ്പറയുന്നുവെന്നും ദുഃഖമുണ്ടെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറയാന്‍ ബി.ജെ.പി തയ്യാറാകുമോ? ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്നുവെന്നും മേലില്‍ വിവേചനമുണ്ടാകില്ലെന്നും അവര്‍ പറയുമോ? കര്‍ണാടകയില്‍ നാല് ശതമാനം മുസ്ലിം സംവരണം എടുത്ത് കളഞ്ഞവരാണ് ബി.ജെ.പിക്കാര്‍.

മുസ്ലിങ്ങളെ ഇന്ത്യന്‍ പൗരന്‍മാരായി പോലും അംഗീകരിക്കാത്ത തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വത്തെ അംഗീകരിച്ച് അവര്‍ക്ക് കീഴൊതുങ്ങി ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വിശിഷ്യാ മുസ്ലിങ്ങള്‍ നില്‍ക്കട്ടെയെന്ന് പറയുന്ന ഗോള്‍വാള്‍ക്കാറുടെ വിചാരധാരയിലെ ആശയം പ്രാവര്‍ത്തികമാക്കി കൊണ്ടിരിക്കുകയാണ്.

ക്രിസ്ത്യന്‍ വീടുകളും അരമനകളും സന്ദര്‍ശിക്കുന്നതിനൊപ്പം വിചാരധാരയേയും കേരളത്തിലെ ചില ബി.ജെ.പി നേതാക്കള്‍ തള്ളിപ്പറഞ്ഞു. മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്തുമെന്ന് കൂടി പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ തീരുമാനത്തില്‍ ആര്‍.എസ്.എസ് വിയോജിപ്പ് പ്രകടിപ്പിച്ചുവെന്ന് വാര്‍ത്തയുണ്ട്. ആര്‍.എസ്.എസിന് മറികടന്ന് ബി.ജെ.പിക്ക് മുന്നോട്ട് പോകാന്‍ കഴിയുമോ?

മുസ്ലിം വിരുദ്ധത പറഞ്ഞ് ക്രൈസ്തവ- ഹിന്ദു വിഭാഗങ്ങളെ കൂടെ നിര്‍ത്താമെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം കരുതുന്നത്. മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ആ വിഭാഗത്തിന്റെ വോട്ട് നഷ്ടപ്പെടുമെന്ന് കരുതുന്ന നേതാക്കളുണ്ട് ബി.ജെ.പിയില്‍. ആളുകളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന ശീലമാണ് സംഘപരിവാര്‍ ശക്തികള്‍ അനുവര്‍ത്തിക്കുന്നത്. ക്രൈസ്തവ സമുദായം ആത്മഹത്യാപരമായ നിലപാടിലേക്ക് നീങ്ങരുത്. കോഴിയെ സംരക്ഷിക്കാന്‍ കുറുക്കനെ വിളിക്കുന്നത് പോലെയാണ് ക്രൈസ്തവ സമുദായത്തെ സംരക്ഷിക്കാന്‍ ബി.ജെ.പിയെ വിളിക്കുന്നത്. വിശക്കുന്ന സമയത്തേക്ക് നീക്കി വെക്കുന്ന ഒരു ഇര മാത്രമാണ് ഫാഷിസ്റ്റുകള്‍ക്ക് ക്രൈസ്തവര്‍ എന്ന് മനസിലാക്കണം. നാളെ ഈ കുറുക്കന് ഇരയാകേണ്ടവരാണന്ന ബോധ്യമുള്ള ആരും ബി.ജെ.പിയുമായി ചങ്ങാത്തത്തിന് പോകില്ല.

ഗോള്‍വാള്‍ക്കാറുടെ വിചാരധാരയെ തള്ളിപ്പറയാന്‍ ആഖജ നേതൃത്വം തയ്യാറാകുമോ?. ഇത്രകാലം കൊണ്ടു നടന്ന മുസ്ലിം-ക്രിസ്ത്യന്‍ വിരുദ്ധ നിലപാട് തെറ്റായിരുന്നുവെന്ന് സമ്മതിക്കാന്‍ അവര്‍ക്കാകുമോ? ഇന്ത്യയില്‍ ഇനി ന്യുനപക്ഷങ്ങള്‍ ആക്രമിക്കപ്പെടില്ലെന്നും അങ്ങനെ ചെയ്യുന്നവരെ കണിശമായി നേരിടുമെന്നും പറയാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് കഴിയുമോ? ഗുജറാത്തിലെ ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെവിട്ടപ്പോള്‍ അവര്‍ക്ക് സ്വീകരണം കൊടുത്തവര്‍ക്ക് മുസ്ലിങ്ങള്‍ മാപ്പ് കൊടുക്കില്ല. കത്വയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരോടുള്ള ബി.ജെ.പി സമീപനം എന്തായിരുന്നുവെന്ന് നമ്മള്‍ കണ്ടതാണ്. ഏതെങ്കിലും ക്രിമിനലുകളാണ് തെറ്റു ചെയ്യുന്നതെന്നാണ് ബി.ജെ.പിയുടെ വാദമെങ്കില്‍ ആ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അവരുടെ ഭരണകൂടങ്ങള്‍ തയ്യാറാവത്തത് എന്തുകൊണ്ടാണ്? ഇത്തരമൊരു സാഹചര്യത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രൈസ്തവരും ബി.ജെ.പിയെ വിശ്വസിക്കരുത്. ഇവിടെ സമാധാനവും ശാന്തിയുമാണ് വേണ്ടത്. അതില്ലാതാക്കാനാണ് അവരുടെ സംഘടിത നീക്കം. രാജ്യത്തെ ജനങ്ങള്‍ നികുതി കൊടുക്കുന്നത് ജീവനും സ്വത്തിനും സംരക്ഷണം കിട്ടുമെന്ന ഉറപ്പിലാണ്. അതില്ലെങ്കില്‍ പിന്നെ എന്ത് പ്രാധാന്യവും പ്രസക്തിയുമാണ് നമ്മുടെ ഭരണസംവിധാനങ്ങള്‍ക്കും ഭരണഘടനയ്ക്കും ഉള്ളത്.

ഞാന്‍ ലീഗില്‍ തന്നെ നിന്നിരുന്നെങ്കില്‍ ഇത്തരമൊരു വിളി കേള്‍ക്കേണ്ടി വരുമായിരുന്നില്ല. ഇടതുപക്ഷ സഹയാത്രികനായത് കൊണ്ടാണ് ഈ വിളി കേള്‍ക്കേണ്ടി വരുന്നത്. സമദാനിക്ക് ഇപ്പോഴും അത്തരമൊരു വിളി നേരിടേണ്ടി വരുന്നില്ല. തന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തി ഇടതുപക്ഷത്തോട് യോജിച്ച് നില്‍ക്കാന്‍ സമദാനി തീരുമാനിച്ചാല്‍ ആ നിമിഷം മുതല്‍ എന്നെക്കുറിച്ച് എന്താണോ പറയുന്നത് അത് സമദാനിയെക്കുറിച്ചും പറയും.

ന്യൂനപക്ഷത്തോട് അടുക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി ഇടതുപക്ഷത്തെ, പ്രത്യേകിച്ചും സി.പി.എമ്മിലെ മുസ്ലിം നേതാക്കള്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. താങ്കള്‍ക്കെതിരെയും മന്ത്രി മുഹമ്മദ് റിയാസിനെതിരെയും തീവ്ര മുസ്ലിം സംഘടനയോട് ബന്ധമുള്ളവരെന്നാണ് പ്രചരിപ്പിക്കുന്നത്. എന്ത് രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്?

മുസ്ലീം ജനവിഭാഗം സെക്കുലറായി നില്‍ക്കുന്നതില്‍ സംഘപരിവാര്‍ വളരെ അസ്വസ്ഥരാണ്. അവര്‍ക്ക് മുസ്ലിങ്ങളെ വര്‍ഗ്ഗീയവാദികളും തീവ്രവാദികളും ഭീകരവാദികളുമെല്ലാമാക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് കമ്യൂണിസ്റ്റ് ചേരിയില്‍ നില്‍ക്കുന്ന മുസ്ലിം പേരുള്ളവരെ. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുസ്ലിം പേരുകാര്‍ മാത്രം നേരിടുന്ന ആക്ഷേപമാണിത്. എന്നാല്‍ കമ്യൂണിസ്റ്റ് പക്ഷത്ത് നില്‍ക്കുന്ന പ്രാക്ടീസിംഗ് മുസ്ലിം പോലുമല്ലാത്തവര്‍ പോലും ഇത്തരം വിളികള്‍ കേള്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഞാനത് ഇപ്പോള്‍ ശ്രദ്ധിക്കാറില്ല. ഞാന്‍ ആരാണെന്നും എന്താണെന്നും ഇവിടുത്തെ നാട്ടുകാര്‍ക്ക് അറിയാം. ബി.ജെ.പി പറയുന്നതില്‍ ഒരു ശതമാനം സത്യം പോലുമില്ലെന്ന് അവര്‍ക്ക് തന്നെ ഉറപ്പുള്ളത് കൊണ്ടാണല്ലോ പറച്ചിലില്‍ പരിമിതപ്പെടുത്തുന്നത്. അല്ലെങ്കില്‍ അത്തരം പശ്ചാത്തലമുള്ളവരെ കൈകാര്യം ചെയ്യുന്നത് പോലെ അവര്‍ ബന്ധപ്പെട്ടവരെ കൈകാര്യം ചെയ്യില്ലെ? കേരളത്തിലെ മുസ്ലിം ജനവിഭാഗം നേരിടുന്ന വലിയ പ്രശ്നമാണിത്. സെക്കുലര്‍ ബ്ലോക്കില്‍ പോലും അവര്‍ക്ക് നില്‍ക്കാന്‍ കഴിയുന്നില്ല. അവരെ തള്ളിത്തള്ളി തീവ്രവാദ ബ്ലോക്കില്‍ എത്തിക്കും. എങ്കില്‍ മാത്രമേ അത് പറഞ്ഞ് ബി.ജെ.പിക്ക് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് ഹൈന്ദവ ജനവിഭാത്തിലെ ഒരു ന്യൂനപക്ഷത്തെ അവരുടെ പക്ഷത്ത് നിര്‍ത്താനാകൂ.

പഴയ സിമിക്കാരനെന്നാണ് എന്നെക്കുറിച്ച് പറയുന്നത്. എന്നേക്കാള്‍ വലിയ സിമിക്കാരനായിരുന്നു മലപ്പുറം എം.പിയായ ലീഗ് ദേശീയ സെക്രട്ടറി അബ്ദുള്‍ സമദ് സമദാനി. അദ്ദേഹം ഫറൂഖ് കോളേജിലെ ചെയര്‍മാനായത് സിമിയുടെ ബാനറിലാണ്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ഞാന്‍ ചെയര്‍മാനായത് എം.എസ്.എഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ്. സിമി നിരോധിക്കപ്പെടുന്നതിന് മുമ്പാണ് സമദാനിയും ഞാനും അതില്‍ പ്രവര്‍ത്തിച്ചത്. ആശയ തലത്തില്‍ വിയോജിപ്പുണ്ടായപ്പോള്‍ ഞങ്ങളിരുവരും സിമി വിട്ട് സെക്കുലര്‍ ബ്ലോക്കിലേക്ക് വന്നു. ഞങ്ങള്‍ രണ്ടുപേരും ആ സംഘടനയില്‍ നിന്നും രാജിവെച്ചു. രരണ്ടാളും ലീഗായി. ഞാന്‍ ലീഗിലുള്ളപ്പോള്‍ ഈ ആക്ഷേപം കേള്‍ക്കേണ്ടി വന്നിട്ടില്ല. യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ഞാന്‍. 20 വയസ്സ് മുതല്‍ 39 വയസ്സ് വരെ ആരും എന്നെ തീവ്രവാദിയെന്നോ ഭീകരവാദിയെന്നോ വിളിച്ചിട്ടില്ല. ഞാന്‍ ലീഗില്‍ തന്നെ നിന്നിരുന്നെങ്കില്‍ ഇത്തരമൊരു വിളി കേള്‍ക്കേണ്ടി വരുമായിരുന്നില്ല. ഇടതുപക്ഷ സഹയാത്രികനായത് കൊണ്ടാണ് ഈ വിളി കേള്‍ക്കേണ്ടി വരുന്നത്. സമദാനിക്ക് ഇപ്പോഴും അത്തരമൊരു വിളി നേരിടേണ്ടി വരുന്നില്ല. തന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തി ഇടതുപക്ഷത്തോട് യോജിച്ച് നില്‍ക്കാന്‍ സമദാനി തീരുമാനിച്ചാല്‍ ആ നിമിഷം മുതല്‍ എന്നെക്കുറിച്ച് എന്താണോ പറയുന്നത് അത് സമദാനിയെക്കുറിച്ചും പറയും. പ്രാക്ടീസിംഗ് മുസ്ലിമാണെങ്കില്‍ ലീഗിനൊപ്പമാണ് നില്‍ക്കേണ്ടതെന്നാണ് മാധ്യമങ്ങളുടെ ഒരു പൊതു നിലപാട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജാഥയില്‍ എങ്ങനെയാണ് അങ്ങനെയൊരാളെ അംഗമാക്കുകയെന്നും വിശ്വാസിയായ ഒരാളെ എങ്ങനെയാണ് ആ പ്രസ്ഥാനം ഉള്‍ക്കൊള്ളുകയെന്നുമാണ് അവരുടെ ചോദ്യം. വിശ്വാസിയാണങ്കില്‍ മുസ്ലിലീഗിനൊപ്പവും അല്ലെങ്കില്‍ കോണ്‍ഗ്രസിനൊപ്പവും പ്രവര്‍ത്തിച്ചാല്‍ പ്രശ്നമില്ല. മുസ്ലിം പേരുള്ള റഹീമും റിയാസും പോലും ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നുണ്ട്. സെക്കുലര്‍ ഹിന്ദുവും സെക്കുലര്‍ മുസ്ലിമും ഒന്നിച്ചു നില്‍ക്കുന്നതിനാലാണ് സംഘപരിവാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടുന്നത്. സെക്കുലര്‍ മുസ്ലിങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അകറ്റി ബി.ജെ.പി ഉദ്ദേശിക്കുന്ന പക്ഷത്തേക്ക് എത്തിക്കാനുള്ള നീക്കമായി മാത്രമേ ഇത്തരം തീവ്രവാദി, ഭീകരവാദി വിളികളെ കാണാനാകൂ. അതുകൊണ്ട് ഞാന്‍ ഇത്തരം വിളികള്‍ക്ക് ചെവി കൊടുക്കാറില്ല. ഭീഷണിപ്പെടുത്തി മുസ്ലിങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും കൂടെ നിര്‍ത്താമെന്ന് സംഘപരിവാര്‍ ശക്തികള്‍ കരുതേണ്ട. കാരണം അങ്ങനെ അടിച്ചൊതുക്കിയാല്‍ ഒതുങ്ങുന്നവരല്ല അവര്‍. അടിച്ചമര്‍ത്തലിനെതിരെ നിലയുറപ്പിച്ച പാരമ്പര്യമാണ് സാമ്രാജ്യത്വ വിരുദ്ധ പോരാളികള്‍ക്കുള്ളത്. ബ്രിട്ടീഷുകാര്‍ ഏറ്റവും കൂടുതല്‍ തൂക്കിലേറ്റിയത് ആരെയാണെന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ഇന്ത്യാഗേറ്റില്‍ എഴുതി വച്ച പേരുകളില്‍ തൊണ്ണൂറ് ശതമാനം പേരുകളും ആരുടേതാണെന്ന് ബി.ജെ.പി പരിശോധിക്കട്ടെ. എല്ലാ കാലത്തും അടിമത്തത്തെയും രണ്ടാതരം പൗരത്വത്തെയും പ്രതിരോധിച്ച ജനസമൂഹത്തെ പ്രലോഭനങ്ങള്‍ കൊണ്ടും അടിച്ചമര്‍ത്തല്‍ കൊണ്ടും വശപ്പെടുത്താന്‍ കഴിയുമെന്ന് ആരും കരുതേണ്ട. അവരെ സ്നേഹത്തിലൂടെ മാത്രമേ കീഴ്പ്പെടുത്താന്‍ കഴിയുകയുള്ളു. ജനാധിപത്യ രൂപത്തിലും മതനിരപേക്ഷ വഴിയിലൂടെയും മാത്രമേ മെരുക്കാനാകൂ. ആയുധവും അധികാര ദണ്ഡും മര്‍ദ്ദന മുറകളും കൊണ്ട് അവരെ ഒരു പക്ഷത്തേക്കും കൊണ്ടുപോകാനാവില്ല. ഈ പരമമായ സത്യമാണ് ബി.ജെ.പി മനസ്സിലാക്കേണ്ടത്.

ആദ്യ ചിത്രത്തിന് ശേഷം ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നു, സുകുമാറാണ് ജീവിതത്തെ മാറ്റി മറിച്ചത്, ആര്യ ഇല്ലെങ്കിൽ ഞാനില്ല: അല്ലു അർജുൻ

ഫ്യൂഡൽ നായകന്മാരെ ഇപ്പോഴും ജനങ്ങൾക്കിഷ്ടമാണ്, ലൂസിഫർ പോലും അങ്ങനെയുള്ള ഒരു സിനിമയാണ്: ഷാജി കൈലാസ്

വേണ്ടടാ, എനിക്ക് കവര്‍ ഡ്രൈവ്; സ്റ്റീവ് വോയുടെ കെണിയില്‍ വീഴാത്ത സച്ചിന്റെ 241 നോട്ട് ഔട്ട്

അച്ഛന്റെ മരണം വിഷാദത്തിലാക്കി, രക്ഷപ്പെടാൻ സഹായിച്ചത് സിനിമ, സദസ്സിലെ അഭിനന്ദനങ്ങളും കയ്യടികളുമായിരുന്നു തെറാപ്പി: ശിവകാർത്തികേയൻ

ടെസ്റ്റിലെ 30-ാം സെഞ്ചുറി, ഓസ്‌ട്രേലിയന്‍ മണ്ണിലെ 7-ാമത്തേത്, പിന്നിലായത് ബ്രാഡ്മാനും സച്ചിനും; കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ

SCROLL FOR NEXT