Interview

നിയമവും സദാചാരവും ഏറ്റുമുട്ടി; വിജയിക്കേണ്ടത് അനുപമയാണ്

കേരള സമൂഹത്തിന്റെ ആണ്‍കേന്ദ്രീകൃത വ്യവസ്ഥയോടും, സദാചാര ബോധത്തോടുമെല്ലാമാണ് വിശാല അര്‍ത്ഥത്തില്‍ അനുപമയുടെ സമരം. അവരുടെ സമരത്തെ കേരളം ചരിത്രത്തില്‍ എങ്ങനെയായിരിക്കും വരും കാലങ്ങളില്‍ അടയാളപ്പെടുത്തുക?

അധികാര കേന്ദ്രീകൃതമായിട്ടുള്ള ആണധികാരത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ഒരു സമരമാണ് അനുപമയുടേത്. ഒന്ന് കുടുംബം, രണ്ട് സ്റ്റേറ്റ്, മൂന്ന് പാര്‍ട്ടി, ഇവയെല്ലാം ഒരുപോലെ ആണധികാരത്തെ മുറുകെപിടിച്ചു. അതോടൊപ്പം ജാതിയും ഇവിടെ വലിയ പ്രശ്‌നമായി. ജാതിയുടെ ഹൈറാര്‍ക്കി നിലനിര്‍ത്തികൊണ്ടാണ് ഈ സ്ഥാപനങ്ങളൊക്കെ നിലനില്‍ക്കുന്നത്.

കേരളത്തില്‍ പ്രണയവിവാഹങ്ങളില്‍ അല്ലാതെ ജാതി പരിഗണിക്കാതെ നടക്കുന്ന വിവാഹങ്ങള്‍ ഒരു ശതമാനം പോലും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ജനനം, മരണം, വിവാഹം തുടങ്ങി ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലെല്ലാം വലിയ പ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തില്‍ ജാതി പ്രകടമായി ദൃശ്യമാകും. നമ്മുടെ എല്ലാ തെരഞ്ഞെടുപ്പുകളിലും ജാതിയുണ്ട്.

പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ താമസിക്കാന്‍ സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ ജോലി തെരഞ്ഞെടുക്കുമ്പോള്‍ ഒക്കെ ജാതിയുണ്ട്. അത്തരം കാര്യങ്ങളെ പൊളിക്കുന്ന, കേരളത്തിന്റെ പുരോഗമന പുറംപൂച്ച് പൊട്ടിച്ചു കളഞ്ഞ ഒരു സമരം കൂടിയായിരുന്നു അനുപമയുടേത്.

കുടുംബം എന്ന് പറയുന്നത് കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള ഒരു സംവിധാനം കൂടിയാണ്. സെക്‌സ് മാത്രം മതിയെങ്കില്‍ രണ്ട് വ്യക്തികള്‍ സ്ഥിരമായി ഒരുമിച്ച് താമസിക്കണമെന്നില്ല.

നമ്മുടെ വംശം നിലനിര്‍ത്തുന്നതിനുള്ള ഒരു സംവിധാനം കൂടിയാണ് കുടുംബം. കുട്ടികളെ വളര്‍ത്താനാണ് നമ്മള്‍ വീടുണ്ടാക്കുന്നത്. നമ്മള്‍ തന്നെ ശരിക്കും ഉള്ളിലേക്ക് വേണ്ടത്ര നോക്കിയിട്ടില്ലാത്തതും, ശ്രദ്ധാപൂര്‍വ്വം മറച്ചുപിടിച്ചതുമായ കുറേ കാര്യങ്ങളുണ്ട്. അതൊക്കെ മറനീക്കി പുറത്തുവന്നിട്ടുള്ള ഒരു സമരമാണിത്.

ഇവിടെ അച്ഛന്‍ ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് സ്വാധീനം ഉപയോഗിച്ചാണ്. എല്ലാ സ്ഥാപനങ്ങളെയും അച്ഛന്‍ ഉപയോഗിച്ചു.

കുഞ്ഞുങ്ങളുടെ അവകാശം നീതിപൂര്‍വ്വം നടപ്പിലാക്കേണ്ട സ്ഥാപനങ്ങള്‍ മര്‍ദ്ദകനായിട്ടുള്ള അച്ഛന് വേണ്ടി നിലകൊള്ളുകയായിരുന്നു. അവിടെ കുഞ്ഞിന്റെ അമ്മയായ അനുപമയ്ക്ക് കുഞ്ഞിനു വേണ്ടി സംസാരിക്കാന്‍ അവസരം കിട്ടുന്നില്ല.

കുഞ്ഞിന് എതിരായ, സദാചാരമൂല്യങ്ങള്‍ സംരക്ഷിക്കുന്ന, മനുഷ്യത്വത്തിന് എതിരായി സംസാരിക്കുന്ന, സാമ്പ്രദായിക സംവിധാനങ്ങളുടെ ശക്തിയാണ് അവിടെ അനുപമയെ മാറ്റി നിര്‍ത്തുന്നത്. അനുപമ കുഞ്ഞിനൊപ്പം നിന്നു.

കേരള സമൂഹം സമീപകാലങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത സമരമായിരുന്നു അനുപമയുടേത്. പക്ഷേ യുവജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ പോലും പിന്തുണ അനുപമയ്ക്ക് ലഭിച്ചതായി കണ്ടില്ല. എന്തുകൊണ്ടായിരിക്കാം അത്?

നമ്മുടെ വിവാഹത്തെക്കുറിച്ചും പങ്കാളിയെ കണ്ടെത്തി ഒരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ചുമുള്ള സങ്കല്‍പം എപ്പോഴും പത്താം ക്ലാസ് കഴിഞ്ഞാല്‍ പ്ലസ്ടു, അതുകഴിഞ്ഞാല്‍ ഡിഗ്രി എന്ന പോലെ ഇത്ര വയസില്‍ കല്യാണം, ഇത്ര വയസില്‍ കുട്ടി എന്ന നിലയ്ക്കാണ് പോകുന്നത്.

ഓര്‍ഗാനിക് ആയിട്ടല്ല നമ്മുടെ ബന്ധങ്ങള്‍ രൂപപ്പെട്ട് വരുന്നത്. പാരന്റല്‍ വയലന്‍സിനെ അപ്രൂവ് ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്. അച്ഛനും അമ്മയും പറഞ്ഞാലെന്താണ്? എന്നുള്ള ചോദ്യമാണ് നമ്മുടെ മുന്നില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്.

കുട്ടികള്‍ എന്നു പറയുന്നത് നമ്മുടെ അധികാരവും അവകാശവും പ്രതീക്ഷയും കാണിക്കാനുള്ള ഒന്നല്ല. നമ്മുടെ യുവതയുടെ കാര്യം പറയുകയാണെങ്കിലും സ്വതന്ത്രരായവര്‍ വളരെ കുറവാണ്. അതിസങ്കീര്‍ണമായ കാര്യമായതുകൊണ്ട് അവര്‍ ഇതില്‍ ഇടപെടാന്‍ ധൈര്യം കാണിക്കില്ല.

രണ്ടാമത്തേത് ഒരു സംഘം യുവാക്കള്‍ സംഘടിത പ്രസ്ഥാനങ്ങളോട് വിധേയത്വമുള്ളവരാണ്. മറ്റൊന്ന് നമ്മള്‍ എപ്പോഴും മാതൃകയായി നോക്കുന്ന എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെ ഇതില്‍ കുറച്ചേ ഇടപെട്ടുള്ളു.അപ്പോള്‍ ആ രീതിയില്‍ സ്വാധീനിക്കപ്പെട്ട് യുവത വരാനുള്ള സാധ്യതയും കുറഞ്ഞു.

ഇതിന്റെ മറുപക്ഷത്ത് നോക്കൂ, ധാരാളം പ്രചരണങ്ങള്‍ ഉണ്ടായി. ഇതൊരു ചീത്ത ആളുകളുടെ സമരമാണ്, ചീത്ത അച്ഛന്‍, ചീത്ത അമ്മ അങ്ങനെ തുടങ്ങി പല പ്രചരണങ്ങളും നടന്നു. നിയമവും സദാചാരവും തമ്മില്‍ ഏറ്റുമുട്ടി അവസാനം സദാചാരം നിയമത്തെ കീഴ്‌പ്പെടുത്തി.

എപ്പോഴും ആളുകള്‍ നിയമത്തെയും സദാചാരത്തെയും കൂട്ടിക്കുഴച്ച് സദാചാരത്തിന്റെ ശരിയെ മുകളില്‍ പിടിക്കും. അതായത് നിയമമൊക്കെ അങ്ങനെയുണ്ടാകും, പക്ഷേ നിങ്ങള്‍ അച്ഛനേയും അമ്മയേയും കേള്‍ക്കണ്ടേ എന്ന ചോദ്യമെടുത്തിടും. അടുത്ത ചോദ്യം നിങ്ങളുടെ മകള്‍ ആണെങ്കിലോ എന്നതാണ്? അതിന് മറുപടി പറയാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. പക്ഷേ നമ്മുക്ക് അതിന് മറുപടിയുണ്ട്.

അനുപമയ്ക്ക് അവളുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ കൃത്യമായി എന്തായിരുന്നു എന്ന് വ്യക്തമാക്കാനും അതെന്താകണമായിരുന്നു എന്ന് പറയാനുമുള്ള ബോധ്യമുണ്ടായിരുന്നു. അവള്‍ വിഷമിച്ചിരുന്നത് വീട്ടുകാരെ ഓര്‍ത്തല്ല, പാര്‍ട്ടി എന്ന സാമൂഹിക സ്ഥാപനം എങ്ങനെയാണ് തന്നില്‍ തെറ്റ് കണ്ടുപിടിക്കുന്നത് എന്നോര്‍ത്തായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്

സമൂഹത്തിന്റെ സദാചാര വ്യവസ്ഥിതികള്‍ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും ഭീതിയും ചെറുപ്പക്കാരെ പോലും ബാധിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ചില ഒറ്റപ്പെട്ട അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. ഞങ്ങളവിടെ നോട്ടീസ് കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ ഒരു പയ്യന്‍ വന്ന് '' ഇത് ആ ചേച്ചി കുഞ്ഞിന് വേണ്ടി നടത്തുന്ന സമരമല്ലേ, പിന്തുണയുണ്ട് കേട്ടോ,'' എന്ന് പറഞ്ഞു. അങ്ങനെ പറയുന്നവരെയും കണ്ടിട്ടുണ്ട്.

വ്യവസ്ഥാപിത സങ്കല്‍പങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള ഒരു അമ്മയുടെ പോരാട്ടത്തില്‍ തുടക്കം മുതല്‍ നിന്നയാളാണ് താങ്കള്‍. അനുപമ പതറിയപ്പോയ ഏതെങ്കിലും സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നോ?

അനുപമയ്ക്ക് അവളുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ കൃത്യമായി എന്തായിരുന്നു എന്ന് വ്യക്തമാക്കാനും അതെന്താകണമായിരുന്നു എന്ന് പറയാനുമുള്ള ബോധ്യമുണ്ടായിരുന്നു. അവള്‍ വിഷമിച്ചിരുന്നത് വീട്ടുകാരെ ഓര്‍ത്തല്ല, പാര്‍ട്ടി എന്ന സാമൂഹിക സ്ഥാപനം എങ്ങനെയാണ് തന്നില്‍ തെറ്റ് കണ്ടുപിടിക്കുന്നത് എന്നോര്‍ത്തായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തിരുവനന്തപുരത്ത് കുഞ്ഞെത്തിയിട്ടും കാണാന്‍ അനുവാദം ലഭിക്കാതിരുന്നപ്പോള്‍ അവള്‍ക്ക് വലിയ വിഷമമുണ്ടായിരുന്നു.നിയമം അനുവദിക്കുന്നില്ല എന്നാണ് അവര്‍ പറയുന്നത്. നിയമം അനുവദിക്കായ്കയല്ല. ഒരുതരം പ്രതികാരം പോലെയാണ് അത് അനുഭവപ്പെട്ടത്.

സമൂഹത്തിന്റെ ഉള്ളിലേക്ക് വീണ്ടും വീണ്ടും ചുഴിഞ്ഞു നോക്കുമ്പോള്‍ ജാതി മാറിയുള്ള കല്യാണം തന്നെ നോക്കൂ. അത്തരത്തില്‍ എത്ര വിവാഹം കേരളത്തില്‍ നടക്കുന്നുണ്ട്. വലിയ ഫെമിനിസ്റ്റുകള്‍ പോലും എഴുതിയത് കല്യാണം കഴിക്കേണ്ടത്, പ്രസവിക്കേണ്ടത് ഒക്കെ സ്വന്തം കാലില്‍ നിന്നിട്ടാണ് എന്നാണ്. പക്ഷേ സ്വന്തം കാലില്‍ നില്‍ക്കുന്നതിന് മുമ്പ് ഒരാള്‍ക്ക് അടുപ്പമുണ്ടായി, ഗര്‍ഭം ധരിച്ചു പ്രസവിച്ചു എന്നതിനെ നമുക്ക് കുറ്റപ്പെടുത്താന്‍ സാധിക്കുമോ? കേരളത്തില്‍ പൊതുവേ തന്നെ പ്രായപൂര്‍ത്തിയായാലും വ്യക്തികളെ നിയന്ത്രിക്കുന്നത് കൂടുതലാണ്. അത് ആണായാലും പെണ്ണായാലും.

എല്ലാപ്രായത്തിലും ഓരോ നിയന്ത്രണങ്ങള്‍ നമ്മള്‍ വെക്കും. അത് ഒരു തരത്തില്‍ ഇവരുടെ ക്രിയേറ്റീവായിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ വാതില്‍ അടയ്ക്കുന്നതു കൂടിയാണ്. പങ്കാളിയെ തെരഞ്ഞെടുക്കുന്നത്, എപ്പോള്‍ ഗര്‍ഭിണിയാകണം, എപ്പോള്‍ പ്രസവിക്കണം, അബോര്‍ഷന്‍ വേണോ എന്നതൊക്കെ ഒരു തെരഞ്ഞെടുപ്പാണ്.

നിങ്ങള്‍ വ്യവസ്ഥാപിതമായി വിവാഹം കഴിച്ച്, സാമൂഹിക സമ്മിതി തേടി എന്നിട്ട് രണ്ടു വീട്ടുകാരുടെയും സമ്മതത്തോട് കൂടിയാണ് ഗര്‍ഭിണിയാകേണ്ടതും പ്രസവിക്കേണ്ടതുമൊക്കെ എന്നാണ് ഇവിടെ പഠിപ്പിക്കുന്നത്. അതല്ലാ എങ്കില്‍ നമുക്ക് ആ കുട്ടിയെ വേണ്ട, ആ ഗര്‍ഭവും വേണ്ട.

വിവാഹം എന്ന് പറയുന്ന സാമൂഹ്യ നിര്‍മ്മിതിയിലേക്ക് ചെല്ലാന്‍ കുറച്ചു ചട്ടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ജീവിത സുരക്ഷയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മാര്‍ഗനിര്‍ദേശങ്ങളും മറികടക്കുകയോ, അതല്ലെങ്കില്‍ അതിനെ ബോധപൂര്‍വ്വം ധിക്കരിക്കുകയോ ചെയ്യുമ്പോള്‍ സമൂഹം ചില ഷോക്കുകള്‍ നമുക്ക് തരും.

അനുപമ ഭരണ സംവിധാനങ്ങളില്‍ നിന്ന് നേരിട്ട വയലന്‍സിനപ്പുറം ഈ സമരത്തില്‍ ഉടനീളം ചര്‍ച്ചയായത് സമൂഹത്തിന്റെ സദാചാര താത്പര്യങ്ങളും കപട ധാര്‍മ്മികതയുമാണ്. ഒരു സ്ത്രീയുടെ തെരഞ്ഞെടുപ്പ് അവിടെ അപ്രസക്തമാകുകയായിരുന്നില്ലേ?

സമൂഹത്തില്‍ പെട്ടെന്ന് എല്ലാവരും അച്ഛന്മാരായി എന്നതാണ് നമ്മള്‍ ഈ സമരത്തോടൊപ്പം കണ്ടത്. എല്ലാവരും അനുപമയുടെ അച്ഛനായി നോക്കുകയാണ്. കുട്ടിയെ ഒരു വ്യക്തിയായി കണാന്‍ പഠിക്കണം. വയലന്‍സാണ് ഇവിടെ നടന്നിരിക്കുന്നത്.

എല്ലാ സ്ഥാപനങ്ങളും അനുപമയ്ക്ക് എതിരെ നില്‍ക്കുകയാണ്. അനുപമയുടെ അച്ഛന്റെ ഇഷ്ടത്തിന് അനുസരിച്ചാണോ കേരളത്തിലെ ശിശുക്ഷേമ സമിതി പ്രവര്‍ത്തിക്കേണ്ടത്. അനുപമയുടെ അച്ഛന്റെ ഇഷ്ടത്തിന് അനുസരിച്ചാണോ സിഡബ്ല്യുസി പ്രവര്‍ത്തിക്കേണ്ടത്. കുറേ സൈബര്‍ ആക്രണണവും നേരിടേണ്ടി വന്നു.

അച്ഛന്റെ തെറ്റ് തിരുത്തേണ്ടിയിരുന്ന സ്ഥാപനങ്ങള്‍, സ്ഥാപനങ്ങളുടെ തെറ്റ് തിരുത്തേണ്ടിയിരുന്ന പൊതുസമൂഹം ഒക്കെ ചുരുണ്ടുകൂടി സദാചാരത്തിന്റെ വലയില്‍ കുരുങ്ങി കിടക്കുകയായിരുന്നു. ഒരു സ്ഥാപനത്തിന് ചിലപ്പോള്‍ തെറ്റിപോകാം അപ്പോള്‍ തിരുത്തേണ്ടത് പൊതുസമൂഹമാണ്. ഇന്നും സി.ഡബ്ല്യു.സി പിരിച്ചുവിടണമെന്ന് ഒരാളും പറയുന്നില്ല.

കേരളത്തില്‍ വളരെ നല്ല കീഴ്വഴക്കങ്ങളുള്ളതാണ്. കൊട്ടിയൂര്‍ കേസ് വന്നപ്പോള്‍ സി.ഡബ്ല്യു.സി പിരിച്ചുവിട്ടിട്ടുണ്ട്. അത്തരത്തില്‍ സൂക്ഷ്മത ആവശ്യമാണ്. കുട്ടികള്‍ക്ക് വേണ്ടിയിട്ടുള്ള സ്ഥാപനങ്ങള്‍ ഒരിക്കലും വഴിതിരിഞ്ഞു പോകാന്‍ പാടില്ല. കുട്ടികള്‍ക്ക് നേരെ വന്ന് എനിക്ക് ഇന്ന രക്ഷ വേണമെന്ന് പറയാന്‍ കഴിയില്ലല്ലോ. അവര്‍ കുട്ടികളല്ലേ. ആ സ്ഥാപനങ്ങളെല്ലാം ഇങ്ങനെ നിന്നതുകൊണ്ടാണ് ഇത് ആസൂത്രിതമായ കുറ്റകൃത്യമായി മാറിയത്.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT