'കൂടെ'യ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വണ്ടര്‍ വുമണ്‍. നദിയ മൊയ്തു, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, പത്മപ്രിയ, അര്‍ച്ചന പത്മിനി, സയനോര, അമൃത സുഭാഷ് തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പറയുന്നത് അമ്മയാകാന്‍ തയ്യാറെടുക്കുന്ന കുറച്ച് സ്ത്രീകളുടെയും അവര്‍ക്കിടയിലെ ബോണ്ടിങ്ങിനെയും കുറിച്ചാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അഞ്ജലി മേനോനൊപ്പം ഒരു സിനിമ ആഗ്രഹമായിരുന്നുവെന്ന് നടി നദിയ മൊയ്തു പറയുന്നു. സ്ത്രീകള്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കഥാപാത്രങ്ങളെ എഴുതുന്നതില്‍ വ്യത്യാസമുണ്ട്. കാരണം അതിന്റെ സെന്‍സിറ്റിവിറ്റി ഒന്ന് വേറെയായിരിക്കും. ഇപ്പോള്‍ ഒരുപാട് ശക്തയായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്ത് കൊണ്ട് തന്നെ നമ്മള്‍ അഭിനയിക്കുമ്പോള്‍ അത് അറിയാതെ തന്നെ വരും. അത്തരം കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി വണ്ടര്‍ വുമണില്‍ കുറച്ച് കൂടി സോഫ്റ്റ്‌നസ് കൊണ്ടുവരേണ്ടി വന്നിരുന്നുവെന്നും. അതുകൊണ്ട് തന്നെ തന്റെ ചിന്താഗതിയും ബോഡി ലാങ്ക്വേജും എല്ലാം കുറച്ച് മാറ്റേണ്ടി വന്നുവെന്നും നദിയ മൊയ്തു പറയുന്നു. വണ്ടര്‍വുമണിനെക്കുറിച്ചും സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് വന്ന് മാറ്റങ്ങളെക്കുറിച്ചുമെല്ലാം നദിയ മൊയ്തു ദ ക്യുവിനോട്...
അഞ്ജലിക്കൊപ്പം ഒരു സിനിമ ആഗ്രഹമായിരുന്നു
ഞാന്‍ ഒരു തെലുങ്ക് സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് എനിക്ക് അഞ്ജലിയുടെ ഫോണ്‍ വരുന്നത്. എന്താണ് സിനിമയുടെ വിഷയം എന്ന് ഫോണിലൂടെ സംസാരിച്ചതിന് ശേഷം അഞ്ജലി എന്നെ കാണാന്‍ മുംബൈയിലേക്ക് വന്നു. അങ്ങനെ എനിക്ക് കഥ പറഞ്ഞു തന്നു. എനിക്ക് കേട്ടപ്പോള്‍ സിനിമ പറയുന്ന വിഷയം ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ അഞ്ജലിയുടെ ഒരു സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹവും എനിക്ക് ഉണ്ടായിരുന്നു. അങ്ങനെ എല്ലാം ഒത്ത് വന്നപ്പോള്‍ ഞാന്‍ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല.
സ്ത്രീകള്‍ സ്ത്രീ കഥാപാത്രമെഴുതുമ്പോള്‍ അതില്‍ വ്യത്യാസമുണ്ട്
എന്റെ ഈ പ്രായത്തില്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളാണെങ്കിലും ശക്തയായ സ്ത്രീകളെ തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ശക്തയാണ് എന്ന് പറയുമ്പോള്‍ അതില്‍ ഒരു സോഫ്റ്റനസും ഉണ്ടാകുമല്ലോ. അതാണ് അഞ്ജലി എനിക്ക് വണ്ടര്‍ വുമണില്‍ തന്നിട്ടുള്ളത്. സാധാരണ ആളുകള്‍ നമുക്ക് സ്റ്റീരിയോടിപ്പിക്കലായ റോളുകളാണ് തരുന്നത്. അത് നമ്മുടെ ഈ പ്രായത്തില്‍ അത് മതി എന്ന് അവര്‍ ചിന്തിക്കുന്നത് കൊണ്ട് കൂടിയാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ അഞ്ജലി ഈ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ എനിക്കതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് 'she is a woman of her own' എന്നതാണ്. അവര്‍ക്ക് വേറെ ആരുടെയും ഐഡന്റിറ്റിയുടെ ആവശ്യമില്ല. സ്വന്തമായി തന്നെ നില്‍ക്കുന്ന ഒരു സ്ത്രീയാണ്. പിന്നെ ഇത്രയും അധികം സ്ത്രീകളെ ഒരുമിച്ച് കൊണ്ടുവരാന്‍ ഒരു തൂണ്‍ പോലെ നില്‍ക്കുന്ന കഥാപാത്രമാണ് എന്റേത്. ഒരു വശത്തുനിന്ന് നോക്കിയാല്‍ ഈ സ്ത്രീ വളരെ ശക്തയാണ്. മറ്റൊരു വശത്തിലൂടെ നോക്കുമ്പോള്‍ അവര്‍ക്ക് പ്രായത്തിന്റെ അറിവും മറ്റുള്ളവരോട് ഒരു അനുകമ്പയും എല്ലാം ഉണ്ട്. പിന്നെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയ്ക്ക് വേണ്ടി എഴുതുന്ന കഥാപാത്രം എന്ന് പറയുമ്പോള്‍ അതിന് ഒരു പ്രത്യേകതയുണ്ട്. കാരണം അതിന്റെ സെന്‍സിറ്റിവിറ്റി ഒന്ന് വേറെയായിരിക്കും.
സ്ത്രീകള്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കഥാപാത്രങ്ങളെ എഴുതുന്നതില്‍ വ്യത്യാസമുണ്ട്. കാരണം ഞാന്‍ ഇപ്പോള്‍ ഒരുപാട് ശക്തയായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്ത് കൊണ്ട് തന്നെ നമ്മള്‍ അഭിനയിക്കുമ്പോള്‍ അത് അറിയാതെ തന്നെ വരും. അത്തരം കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി വണ്ടര്‍ വുമണില്‍ എനിക്ക് കുറച്ച് കൂടി സോഫ്റ്റ്‌നസ് കൊണ്ടുവരേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് എന്റെ ചിന്താഗതിയും ബോഡി ലാങ്ക്വേജും എല്ലാം കുറച്ച് മാറ്റേണ്ടി വന്നു.
പിന്നെ അഞ്ജലിയുടെ കയ്യില്‍ ഒരു തിരക്കഥ ഉണ്ടാകും. പക്ഷെ അഞ്ജലി എന്താണ് ആ സന്ദര്‍ഭത്തില്‍ അവര്‍ക്ക് വേണ്ടത് എന്ന് പറയും , എന്നിട്ട് നമ്മുടെ രീതിയില്‍ അത് ചെയ്യാന്‍ പറയുകയാണ് ചെയ്യാറ്. ആ പ്രൊസസ് എനിക്ക് ഒട്ടും ശീലമില്ലാത്ത സംഗതിയാണ്. കാരണം നമുക്ക് നമ്മുടെ ഡയലോഗ് തന്ന് അത് പഠിച്ച് പറയുകയാണല്ലോ പതിവ്. പക്ഷെ അത് നമ്മള്‍ തന്നെ സ്വന്തമായി പറയണം എന്ന് പറയുമ്പോള്‍ എനിക്ക് അത് പുതിയ അനുഭവമായിരുന്നു. കാരണം ഞാന്‍ ഒരു ട്രെയിന്‍ഡ് ആക്ടര്‍ അല്ല. ഇതുവരെ എനിക്ക് ഉണ്ടായിരുന്ന അനുഭവം വേറെയായിരുന്നു. വണ്ടര്‍ വുമണ്‍ എനിക്കൊരു ചലഞ്ച് കൂടിയായിരുന്നു.
വണ്ടര്‍ വുമണിന്റെ ഷൂട്ട് നല്ലൊരു അനുഭവമായിരുന്നു
വണ്ടര്‍ വുമണിന്റെ സെറ്റിലെ ഷൂട്ടിംഗ് സമയം നല്ലൊരു അനുഭവമായിരുന്നു. കൂടെ അഭിനയിച്ചവരെല്ലാം മികച്ച ആര്‍ട്ടിസ്റ്റുകളാണ്. പിന്നെ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് അഭിനയിക്കുമ്പോള്‍ അറിയാതെ തന്നെ മറ്റ് കഥാപാത്രങ്ങളിലേക്ക് മുഴുകി പോകും. ചില സമയത്ത് ഞങ്ങള്‍ ഒരു സെറ്റിലാണെന്നും അഭിനയിക്കുകയാണെന്നുമെല്ലാം മറന്ന് പോകും. കാരണം അവര്‍ പറയുന്നത് നമ്മള്‍ അങ്ങ് ശ്രദ്ധിച്ച് പോകും. ഈ സ്ത്രീകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു പ്രിവിലേജ് ആയാണ് ഞാന്‍ കാണുന്നത്.
ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ അതിന് അര്‍ത്ഥം അവള്‍ ദുര്‍ബലയാണെന്നല്ല
എന്റെ കഥാപാത്രം നന്ദിതയ്ക്ക് ചെറിയൊരു ബാക്ക് സ്റ്റോറിയുണ്ട്. അതുകൊണ്ടാണ് മറ്റ് സ്ത്രീകള്‍ എന്ത് അവസ്ഥയിലൂടെയാണ് പോകുന്നതെന്ന് അവര്‍ക്ക് മനസിലാകുന്നത്. ഈ പ്രഗ്നെന്‍സി എന്ന് പറയുന്നത് ഒരാളുടെ മാത്രം യാത്രയല്ല. അത് നമ്മുടെ കുടുംബത്തിലുള്ള എല്ലാവരുടെയും യാത്രയാണ്. നമ്മള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് പ്രസവിക്കുന്നത് വരെയും അതിന് ശേഷവും ആ കുടുംബം ഒരുമിച്ചാണ് അതിലൂടെ കടന്ന് പോകുന്നത്. ചില ആളുകള്‍ക്ക് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ചിലര്‍ വളരെ ബുദ്ധിമുട്ടിയായിരിക്കും ഗര്‍ഭിണിയാകുന്നത്. സിനിമയില്‍ ഓരോ കഥാപാത്രങ്ങള്‍ക്കും അവരുടേതായ യാത്രയുണ്ട്. ഇവര്‍ എല്ലാവരും ഒരുമിച്ച് കൂടുമ്പോള്‍ ഉണ്ടാകുന്നത് ഒരു വുമണ്‍ ബോണ്ടിംഗാണ്.
പിന്നെ ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ അതിന് അര്‍ത്ഥം അവര്‍ ദുര്‍ബലയാണെന്നല്ല. ഒരു കുഞ്ഞിനെ പ്രസവിക്കുക എന്നത് ഒരു ജീവന്‍ കൊടുക്കുന്ന പോലെയാണ്. അപ്പോള്‍ അതില്‍ സ്ത്രീകള്‍ കുറച്ച് കൂടി എംപവര്‍ ആകണം.
ഇന്നത്തെ സ്ത്രീകള്‍ മാറി, ആ മാറ്റം സിനിമയിലും ഉണ്ടാകണം
നമ്മള്‍ തുടര്‍ച്ചയായി ഒരേപോലത്തെ കഥാപാത്രങ്ങള്‍ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അത് നമുക്ക് തന്നെയൊരു മടുപ്പാണ്. അങ്ങനെയൊരു മടുപ്പ് എനിക്ക് വന്ന സമയത്താണ് അഞ്ജലി എന്നെ വിളിക്കുന്നത്. പിന്നെ ഇന്ന് ഒടിടിയിലൊക്കെയാണ് വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങള്‍ കൂടുതലായും വരുന്നത്. ഹിന്ദി സിനിമകളില്‍ പിന്നെയും അതിനൊരു മാറ്റമുണ്ട്. തിരക്കഥ എഴുതുന്ന രീതിയിലാണ് മാറ്റമുണ്ടാകേണ്ടത്.
ഉദാഹരണത്തിന് എന്റെ പ്രായത്തിലുള്ള സ്ത്രീകള്‍. ഞാന്‍ ജീവിക്കുന്നത് നിര്‍ത്തിയിട്ടൊന്നുമില്ല. എനിക്ക് പറ്റാവുന്ന അത്രയും ഞാന്‍ ജീവിക്കും. അത്തരം സ്ത്രീ കഥാപാത്രങ്ങളും വരണം. അതിന് ആള്‍ക്കാര്‍ അത്തരത്തിലുള്ള തിരക്കഥകള്‍ എഴുതണം.നദിയ മൊയ്തു
പിന്നെ എനിക്ക് തോന്നിയിട്ടുള്ളത്, പണ്ട് മുതലെ സിനിമ എപ്പോഴും ഒരു ട്രെന്റാണ് ഫോളോ ചെയ്യുന്നത്. ആ ട്രെന്റ് പ്രേക്ഷകര്‍ക്കിടയില്‍ വര്‍ക്ക് ആവാതെ വരുമ്പോള്‍ മാത്രമാണ് മാറി ചിന്തിക്കാന്‍ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് വേണ്ടി നല്ല തിരക്കഥകള്‍ ഉണ്ടാകേണ്ടതുണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ പറയുന്നത് എല്ലാ സിനിമയും സ്ത്രീ കേന്ദ്രീകൃതമാക്കണം എന്നല്ല. പക്ഷെ സിനിമയില്‍ ഉള്ള സ്ത്രീ ഒരു നല്ല കഥാപാത്രമായിരിക്കണം. ഇന്നത്തെ സ്ത്രീകള്‍ മാറി. ആ മാറ്റം സിനിമയിലും ഉണ്ടാകണം. എന്നാല്‍ മാത്രമെ അഭിനേതാക്കള്‍ക്കും സിനിമ ചെയ്യാന്‍ താത്പര്യം ഉണ്ടാവുകയുള്ളു.
ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ട്
ഡബ്ല്യു.സി.സി മലയാള സിനിമയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം തന്നെ വളരെ നല്ലതാണ്. ഇപ്പോള്‍ സെറ്റില്‍ സ്ത്രീകള്‍ക്ക് ടോയിലറ്റ് വേണം എന്നത് പോലുള്ള വളരെ ബെയിസിക്കായ കാര്യങ്ങള്‍ പോലും ചോദിക്കേണ്ടി വരുന്നത് സങ്കടകരമാണ്. കളക്റ്റീവ് അത്തരം കാര്യങ്ങളില്‍ പോലും ഇടപെട്ട് മാറ്റം കൊണ്ട് വരാന്‍ ശ്രമിക്കുകയും അതിന് വേണ്ടി അവരുടെ സമയം മാറ്റി വെക്കുകയും എല്ലാം ചെയ്യുന്നത് വലിയ കാര്യമാണ്. ഇത്തരം കാര്യങ്ങളിലെല്ലാം തന്നെ ശബ്ദം ഉയര്‍ത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ അവരില്‍ എനിക്ക് അഭിമാനമുണ്ട്.
ഓരോ സിനിമയില്‍ നിന്നും എന്തെങ്കിലും പുതിയത് പഠിക്കാനുണ്ടാകും
കൊവിഡ് സമയത്ത് എനിക്ക് നല്ല തിരക്കുണ്ടായിരുന്നു. ഒരുപാട് പടം ചെയ്തു. അങ്ങനെ നല്ല തിരക്കിലായ സമയത്താണ് എനിക്ക് ഞാന്‍ ഒരേ പോലത്തെ കഥാപാത്രങ്ങളാണോ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് തോന്നിയത്. അതിന് ഒരു മാറ്റം വേണം എന്ന് തോന്നിയപ്പോഴാണ് വണ്ടര്‍ വുമണിലേക്ക് അഞ്ജലി വിളിക്കുന്നത്. പിന്നെ എനിക്ക് ഞാന്‍ ചെയ്തതില്‍ എടുത്ത് പറയാനുള്ളത് മധുമിത ആമസോണിന് വേണ്ടി സംവിധാനം ചെയ്ത പുത്തും പുതു കാലൈ വിരിയാത ആണ്. അതൊരു നിശബ്ദ ചിത്രമാണ്. അതും എനിക്ക് പുതിയൊരു അനുഭവമായിരുന്നു. അതുപോലെ തന്നെയാണ് ഭീഷ്മപര്‍വ്വവും. എനിക്ക് അമലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ സാധിച്ചു. പിന്നെ എനിക്ക് പുതിയ തലമുറയിലെ അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കാനും സാധിച്ചു. അങ്ങനെ എന്തെങ്കിലും ഓരോ സിനിമയില്‍ നിന്നും പഠിക്കാന്‍ ഉണ്ടാകും. നമുക്ക് എത്ര സിനിമകള്‍ ചെയ്ത് അനുഭവ പരിചയമുണ്ടെങ്കിലും പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിന്റെ സന്തോഷം ഒന്ന് വേറെയാണ്.