Opinion

ഞാന്‍ നല്ല അസ്സല്‍ നായരാണ് എന്ന് അഭിമാനത്തോടെ ക്ലാസില്‍ പറഞ്ഞ അധ്യാപികയെ എനിക്കറിയാം

കഴിഞ്ഞ ദിവസമാണ് വാട്ട്സ്ആപ്പില്‍ ഒരു ഫോര്‍ഫേര്‍ഡ് മെസേജ് കാണുന്നത്. പന്ത്രണ്ടാം ക്ലാസ് വിജയിച്ച ഒരു വിദ്യാര്‍ത്ഥി തന്റെ പഴയ ട്യൂഷന്‍ ടീച്ചര്‍ക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശം എന്ന പേരിലായിരുന്നു ആ വോയ്സ് നോട്ട് പ്രചരിച്ചത്. ഉള്ളടക്കം ഇതായിരുന്നു.

ഹലോ മാഡം, ഞാന്‍ പത്താം ക്ലാസ് 2019-2020 ബാച്ചിലെ നിങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു. ഈ സന്ദേശം അയയ്ക്കുന്നത് ഞാന്‍ വിജയിക്കില്ലെന്ന് നിങ്ങള്‍ എന്നോട് പറഞ്ഞതിനാലാണ്, ഞാന്‍ സ്‌കൂള്‍ പാസാകില്ലെന്നും, ഇഷ്ടം പോലെ എന്തെങ്കിലും ചെയ്തോ എന്നും നിങ്ങള്‍ എന്നോട് പറഞ്ഞു. സാധ്യമായ എല്ലാ തലങ്ങളും നിങ്ങള്‍ എന്നെ തരംതാഴ്ത്തി. ഇന്ന് ഞാന്‍ എന്റെ 12-ാം ക്ലാസ്സ് നല്ല മാര്‍ക്കോടെ പാസായി, ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്ന യൂണിവേഴ്സിറ്റിയില്‍ എനിക്ക് അഡ്മിഷന്‍ ലഭിച്ചു. ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ച കോഴ്സും ചെയ്യുന്നു. ഇതൊരു നന്ദി സന്ദേശമല്ല, ഞാന്‍ നേടിയത് എന്താണെന്ന് നിങ്ങളെ അറിയിക്കാനാണ് ഈ സന്ദേശം. പ്രത്യേകിച്ച് നിങ്ങളുടെ സഹായം തേടുന്ന വിദ്യാര്‍ത്ഥികളോട് ദയ കാണിക്കാനെങ്കിലും ഇത് ഓര്‍ക്കുമല്ലോ.

താന്‍ ഒരിക്കലും വിജയിക്കില്ല എന്ന് പറഞ്ഞ് തന്നെ കളിയാക്കിയ അധ്യാപിയ്ക്ക് താന്‍ വിജയിച്ചത് കാണിച്ചു കൊടുക്കാന്‍ ആ പൂര്‍വ വിദ്യാര്‍ത്ഥിയ്ക്ക് തോന്നി എന്നിടത്ത് അയാളനുഭവിച്ച മാനസിക സംഘര്‍ഷത്തിന്റേയും ട്രോമയുടേയും ആഴമുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവം ആകാന്‍ ഇടയില്ലെന്നാണ് നമ്മുടെയെല്ലാം സ്‌കൂള്‍ ഓര്‍മ്മകളും പലരും പറഞ്ഞ് അറിഞ്ഞ അനുഭവങ്ങളും വ്യക്തമാക്കുന്നത്.

എനിക്കെന്തോ ഇത് കണ്ടപ്പോള്‍ നേരത്തെ ഗായിക സയനോര ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യമാണ് ഓര്‍മ്മ വന്നത്. കറുത്ത നിറമായിപ്പോയി എന്ന കാരണത്താല്‍ തന്നെ ഡാന്‍സ് ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കിയ അധ്യാപികയെക്കുറിച്ചായിരുന്നു അത്. അത് പില്‍ക്കാലത്ത് തന്നെ എത്രത്തോളം ബാധിച്ചുവെന്നും സയനോര തുറന്ന് പറയുന്നുണ്ട്.

നിറത്തിന്റ പേരിലും ഒരു പ്രത്യേക വിഷയത്തിലെ താല്‍പര്യക്കുറവിന്റെ പേരിലുമൊക്കെ വിദ്യാര്‍ത്ഥികളുടെ കഴിവിനെ അളക്കുന്നവരുടെ ചിന്താശേഷിയെക്കുറിച്ച് ആലോചിച്ചു നോക്കൂ.

എത്ര തന്നെ വിദ്യ അഭ്യസിച്ചു എന്ന് പറഞ്ഞാലും വ്യക്തി എന്ന നിലയിലുള്ള മൂല്യങ്ങളില്ലെങ്കില്‍ പിന്നെ അവരുടെ ആ തൊഴിലിനു തന്നെ എന്ത് അര്‍ത്ഥമുണ്ട്. പ്രത്യേകിച്ച് നമ്മുടെ സമൂഹത്തില്‍ പലപ്പോഴും അധ്യാപകര്‍ ഇന്‍ഫ്ളുവന്‍സേഴ്സ് കൂടിയാകാറുണ്ട് എന്നൊരു യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുണ്ട്.

കുടുംബത്തില്‍ നിന്നും സമൂഹത്തിലേക്ക് ഇറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ആദ്യ കാഴ്ചകളിലൊന്നാണ് അധ്യാപകരും സഹപാഠികളുമൊക്കെ. അവിടെ വാക്കുകളിലൂടെയും പ്രവര്‍ത്തകളിലൂടെയുമൊക്കെ വിദ്യാര്‍ത്ഥികളില്‍ ജാതി, ജെന്‍ഡര്‍, സെല്‍ഫ് റെസ്പക്ട് എന്നിവയുണ്ടാക്കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. എന്നാല്‍ ഇത് എത്രത്തോളം നമ്മുടെ സ്‌കൂളുകളില്‍ പ്രാവര്‍ത്തികമാകുന്നുണ്ട് എന്നത് പഠന വിധേയമാക്കേണ്ടതും കൃത്യമായി മോണിറ്റര്‍ ചെയ്യപ്പെടേണ്ടതുമാണ്.

വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഒരു പോലെ അല്ലെന്നും അവര്‍ വ്യക്തികളാണെന്നും, അവരുടെ താത്പര്യവും ഇഷ്ടവും ഇഷ്ടമില്ലായ്മയുമൊക്കെ വ്യത്യസ്തമായിരിക്കുമെന്നും അധ്യാപകര്‍ മനസിലാക്കേണ്ടതുണ്ട്.

ഏത് അളവുകോല്‍ വെച്ചളന്നാലും ഒരിക്കലും ഒരു കുട്ടിയെയും നമുക്ക് തിട്ടപ്പെടുത്താനാവില്ല. അധ്യാപനം എന്നത് എല്ലാക്കാലത്തും പ്രിവിലേജ്ഡ് ആയ മഹത്വവത്കരിക്കപ്പെട്ട ഒരു തൊഴിലായാണ് തോന്നിയിട്ടുള്ളത്.

അധ്യാപകര്‍ കാരണം ശാരീരികവും മാനസികവുമായ ട്രോമകള്‍ അനുഭവിക്കേണ്ടി വന്ന മനുഷ്യരുടെ തുറന്നു പറച്ചിലുകള്‍ വന്നു കൊണ്ടേയിരിക്കുന്ന കാലമാണിത്.

ഇപ്പോഴും മാതാപിതാക്കള്‍ അധ്യാപകര്‍ക്ക് സ്വന്തം മക്കളെ 'നന്നാകാന്‍' വേണ്ടി ശിക്ഷിക്കാന്‍ അധികാരം കൊടുക്കാറുണ്ട്. നന്നാക്കല്‍ എന്ന പേരില്‍ ശാരീരികമായി ഉപദ്രവിക്കുന്ന തലത്തിലേക്ക് വരെ ആ അധികാരപ്രയോഗങ്ങള്‍ എത്താറുണ്ട്. യഥാര്‍ത്ഥത്തില്‍ അവരെങ്ങനെയാണ് ഒരു കുഞ്ഞിനെ ശിക്ഷിക്കാനുള്ള വര്‍ഗമാവുന്നത്.

ഇങ്ങനെ രക്ഷിതാക്കളും സമൂഹവും കൊടുക്കുന്ന പ്രിവിലേജില്‍ നിന്നു കൊണ്ട് മാനസികമായി കുഞ്ഞുങ്ങളെ തകര്‍ത്തു കളയുന്ന ഒരുപാട് അധ്യാപകരുണ്ട്. ജാതീയമായ ചിന്തകളും റേസിസവും സെക്സിസവും ഒക്കെ തെറ്റായ രീതിയില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പല അധ്യാപകരും ശ്രമിക്കുന്നുണ്ട്. തന്റെ മുന്നിലിരിക്കുന്ന കുട്ടിയുടെ നിറം വെച്ച് തമാശകള്‍ പറയുന്ന, ജാതിപ്പേര് വിളിച്ചു അധിക്ഷേപിക്കുന്ന, റിസര്‍വേഷനെ പുച്ഛത്തോടെ കാണുന്ന, ആണ്‍ പെണ്‍ വേര്‍തിരിവുകളും സദാചാരവും മാത്രം കൊണ്ട് നടക്കുന്ന ധാരാളം ആളുകളുണ്ട്.

തന്റെ ആട്ടിന്‍പറ്റത്തിലെ നൂറ് ആട്ടിന്‍ കുട്ടികളില്‍ ഒരാള്‍ വഴി തെറ്റിയാല്‍ ബാക്കി തൊണ്ണൂറ്റി ഒന്‍പതിനേയും ഉപേക്ഷിച്ചു ഒന്നിന് പുറകെ പോകണമെന്ന വചനത്തെപ്പോലെ എത്ര അധ്യാപകര്‍ പഠനത്തില്‍ പുറകോട്ടുള്ള മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിക്കാറുണ്ട്?

നീ ഒരിക്കലും നന്നാകില്ലെന്നോ നീ മോശം വിദ്യാര്‍ത്ഥി ആണെന്നോ പരസ്യമായി പരിഹസിച്ച് കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന എത്രയോ പേര്‍ നമുക്കിടയിലുണ്ട്. പണ്ട് സ്‌കൂളില്‍ വര്‍ത്തമാനം പറയുന്ന ആണ്‍കുട്ടികള്‍ക്കുള്ള ശിക്ഷ അവനെ പെണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തുക എന്നതാണ്.

സത്യത്തില്‍ അവിടെ നിന്നും തുടങ്ങുന്നു ആണെന്നും പെണ്ണെന്നുമുള്ള വേര്‍തിരിവുകള്‍. ഭംഗിയായി ഒരുങ്ങി വന്നാല്‍ നീ പഠിക്കാനാണോ കോളേജില്‍/സ്‌ക്കൂളില്‍ വരുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ കേട്ട് പഴകിച്ചതാണ്. ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ സദാചാരം പൊട്ടിയൊലിക്കുന്ന,സ്വന്തം സ്വത്വം തിരിച്ചറിയുന്ന വിദ്യാര്‍ത്ഥികളെ കണക്കറ്റു പരിഹസിക്കുന്നവരുടെ കൂട്ടത്തില്‍ അധ്യാപകര്‍ ഇന്നും മുന്‍പന്തിയില്‍ തന്നെയാണ്.

ഞാന്‍ നല്ല അസ്സല് നായരാണ് എന്ന ക്ളാസില്‍ അഭിമാനത്തോടെ പറഞ്ഞ അധ്യാപികയെ എനിക്കറിയാം. സ്വന്തം ചിന്തകള്‍, നിലപാടുകള്‍, വിശ്വാസങ്ങള്‍ ഇതൊക്കെ കുഞ്ഞു മനസ്സുകളിലേക്ക് കുത്തി വെയ്ക്കാനുള്ള ഇടമായാണ് പലരും വിദ്യാലയങ്ങളെ കാണുന്നത്. അങ്ങനെയല്ല , മറിച്ച് ചിന്തിക്കാനുള്ള മൂല്യങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള സ്പേസ് ആയി അതിനെ പരിവര്‍ത്തനപ്പെടുത്തുകയാണ് ഓരോ അധ്യാപകരും ചെയ്യേണ്ടത്.

ചെറിയ പ്രായത്തില്‍ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന ദുരനുഭവങ്ങള്‍ ഒന്നും തന്നെ അവരെ വിട്ടൊഴിഞ്ഞു പോകില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. അത് അധ്യാപകരില്‍ നിന്നും ഒരു ക്ളാസിനെ മുഴുവന്‍ സാക്ഷിയാക്കി കിട്ടുന്ന മുറിവ് കൂടിയാകുമ്പോള്‍ ഭാവി തന്നെ ഇല്ലാതാകും വിധം ഒരുപക്ഷേ അതവരെ തളര്‍ത്തിക്കളഞ്ഞേക്കും. അതു പോലെത്തന്നെ ഒരു വിദ്യാര്‍ത്ഥി എന്ന നിലയിലുള്ള കൗതുകം ഏറ്റവുമധികം അവര്‍ പ്രകടപ്പിക്കുന്നത് ചോദ്യങ്ങളിലൂടെയാണ്. പക്ഷേ ചോദ്യം ചോദിക്കുന്നത് വലിയ പാതകമായിക്കാണുന്ന നിരവധി അധ്യാപകരുണ്ട്. ഒരു തരത്തിലും അത്തരം കാര്യങ്ങളെ പോത്സാഹിപ്പിക്കാതെ അവരതിന്റെ മുനയൊടിച്ചു കളയും. ബഹുമാനം എന്നത് ഒരിക്കലും പ്രായത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. തീര്‍ച്ചയായും കുഞ്ഞുങ്ങളും ബഹുമാനം അര്‍ഹിക്കുന്നുണ്ട്

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT