Opinion

ജെഎന്‍യു: സംഘപരിവാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രതിരോധം

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല (ജെ.എന്‍.യു) ഇന്ത്യയുടെ രാജ്യതലസ്ഥാനത്ത് നില കൊള്ളുന്ന കേന്ദ്ര സര്‍വ്വകലാശാല എന്ന നിലയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ എത്തുന്ന ഒരിടമാണ്.

ഒരര്‍ത്ഥത്തില്‍ രാജ്യത്തിന്റെ ഒരു നടുമുറി തന്നെയാണ് ജെ.എന്‍.യു എന്ന് പറയാം. ചരിത്രപരമായ അതിന്റെ സവിശേഷതകള്‍ മൂലം തികച്ചും ജനാധിപത്യപരമായ മൂല്യങ്ങള്‍ക്ക് പ്രാധാന്യം ലഭിച്ച ഒരു സ്ഥാപനം കൂടിയാണ് ജെ.എന്‍.യു. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ തികച്ചും ജനാധിപത്യ വിരുദ്ധമായ ഒരു രാഷ്ട്രീയ സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ സംഘപരിവാറും അനുബന്ധസംഘടനകളും ശ്രമിക്കുമ്പോള്‍ ജെ.എന്‍.യുവിന്റെ ജനാധിപത്യസ്വഭാവവും സംസ്‌കാരവും തകര്‍ക്കുക എന്നതു അവരുടെ അജണ്ടയില്‍ വരുന്നത് സ്വാഭാവികമാണ്.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഒരു സവിശേഷ സ്വഭാവമായി എനിക്ക് തോന്നിയിട്ടുള്ളത് വ്യത്യസ്തമായ അഭിപ്രായങ്ങളോട് സംഘടനകള്‍ പൊതുവില്‍ പുലര്‍ത്തുന്ന ജനാധിപത്യപരമായ സഹവര്‍ത്തിത്വം ആണ്.

മുഖ്യധാര രാഷ്ട്രീയകക്ഷികളുടെ പോഷക സംഘടനകളായ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് മാത്രമല്ല, രാഷ്ട്രീയമായി വലിയ ശക്തിയൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത, തീവ്രനിലപാടുകള്‍ ഉള്ള സംഘടനകള്‍ക്കു പോലും തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ഒട്ടൊക്കെ ആര്‍ജ്ജവത്തോടെ പ്രകാശിപ്പിക്കാന്‍ കഴിയുന്ന ഒരിടം ആ കാമ്പസ് ഒരുക്കിയിരുന്നു.

കേരളത്തിലെ കാമ്പസ്സുകളില്‍ മറ്റു വിദ്യാര്‍ത്ഥി രാഷ്ട്രീയസംഘടനകളോട് തികഞ്ഞ അസഹിഷ്ണുത പുലര്‍ത്തുന്ന വിദ്യാര്‍ത്ഥി സംഘടനകളില്‍ പ്രവര്‍ത്തിച്ചു വന്ന പലരും ഈ പുതിയ രാഷ്ട്രീയ സംസ്‌കാരത്തിലേക്ക് വേഗം കൂട് മാറുന്നത് ജെ.എന്‍.യു കാമ്പസ്സില്‍ കാണാന്‍ കഴിയും.

സംഘപരിവാരത്തിലെ പ്രമുഖ സംഘടനകള്‍ ഒന്നായ എ.ബി.വി.പി പോലും ഏതാണ്ട് 2016 വരെയെങ്കിലും ഇത്തരം ഒരു രാഷ്ട്രീയസംസ്‌കാരത്തെ ബഹുമാനിച്ചു കൊണ്ടാണ് പ്രവര്‍ത്തിച്ചു പോന്നിട്ടുള്ളത്.

എന്നാല്‍ 2016നു ശേഷം സംഘപരിവാര്‍ കുറെ കൂടി ആക്രമണോത്സുകമായ നിലപാടുകള്‍ സ്വീകരിക്കുന്നത് കാണാന്‍ കഴിയും. ഒരുവശത്ത് എ.ബി.വി.പി പോലുള്ള സംഘടനകളിലൂടെ കാമ്പസ്സില്‍ സംഘര്‍ഷങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കുക, മറു ഭാഗത്ത് സര്‍ക്കാര്‍ തന്നെ നേരിട്ട് ഇടപെട്ടു കൊണ്ട് കാമ്പസ്സില്‍ ഭയപ്പാടിന്റെ ഒരു അവസ്ഥ രൂപപ്പെടുത്തുകയും ചെയ്യുക. 2016ല്‍ നടന്ന സംഘര്‍ഷങ്ങളുടെ പൊതുസ്വഭാവം ഇതായിരുന്നു എന്ന് കാണാം.

ജെ.എന്‍.യു കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ 'രാജ്യദ്രോഹി'കള്‍ ആണെന്ന രീതിയിലുള്ള പ്രചാരണത്തിന് നേതൃത്വം കൊടുത്തത് രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രമുഖ നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങിയായിരുന്നു. എന്നാല്‍ ഈ പ്രചാരണതന്ത്രം കാര്യമായി ഏറ്റില്ല എന്ന് വൈകാതെ അവര്‍ മനസ്സിലാക്കി.

വിദ്യാര്‍ത്ഥികളുടെ ഒരുമയെ തകര്‍ക്കാനോ അവരില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനോ അതിനു കഴിഞ്ഞില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. എന്ന് മാത്രമല്ല, രാജ്യമെമ്പാടും ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി രാഷ്ട്രീയനേതാക്കളും, സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്മാരും അടക്കം മുന്നോട്ടു വന്ന് പിന്തുണ നല്‍കുന്ന സാഹചര്യം കൂടിയുണ്ടായി.

ഥാപ്പറെ പോലെ ഒരു മികച്ച അക്കാദമിക് വ്യക്തിത്വത്തെ അപഹസിക്കാന്‍ വേണ്ടി സ്വയം ചെറുതാകാനും മടിയില്ല എന്ന് സമ്മതിക്കുകയായിരുന്നു ഭരണസംവിധാനം.

സംഘപരിവാര്‍ എത്ര തന്നെ ശ്രമിച്ചാലും തകര്‍ക്കാന്‍ കഴിയാത്ത അക്കാദമികമായ അടിത്തറ ഉള്ള ഒരു ക്യാംപസാണ് ജെ.എന്‍.യുവിന്റേത്. അധ്യാപകരില്‍ പലരും അന്താരാഷ്ട്രതലത്തില്‍ തന്നെ ആദരിക്കപ്പെടുന്ന ധിഷണാപരമായ കഴിവുകള്‍ ഉള്ളവരാണ്.

പ്രമുഖ ചരിത്രകാരിയും ജെ.എന്‍.യുവിലെ എമെരിറ്റസ് പ്രൊഫസര്‍മാരില്‍ ഒരാളുമായ റോമില ഥാപ്പറോട്, തലസ്ഥാനത്ത് തുടരണമെങ്കില്‍ 'കരിക്കുലം വിറ്റെ' അയച്ചുകൊടുക്കണം എന്ന് ജെ.എന്‍.യു ഭരണസംവിധാനം ആവശ്യപ്പെട്ടത് 2019ലാണ്.

ഥാപ്പറെ പോലെ ഒരു മികച്ച അക്കാദമിക് വ്യക്തിത്വത്തെ അപഹസിക്കാന്‍ വേണ്ടി സ്വയം ചെറുതാകാനും മടിയില്ല എന്ന് സമ്മതിക്കുകയായിരുന്നു ഭരണസംവിധാനം. ജെ.എന്‍.യു വൈസ് ചാന്‍സലര്‍ സ്ഥാനം അടക്കം വേണ്ടെന്നു വച്ചിട്ടുള്ള, അധികാരപദവിയെക്കാള്‍ ഒരു മികച്ച അക്കാദമിക് എന്ന പദവിയ്ക്ക് പ്രാമുഖ്യം നല്‍കുന്ന റോമില ഥാപ്പര്‍ അതിനോട് എങ്ങനെ പ്രതികരിച്ചിരിക്കാം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊന്നും വിദ്യാര്‍ത്ഥികളില്‍ തങ്ങള്‍ക്ക് അനുകൂലമായ പ്രതികരണങ്ങള്‍ ഉളവാക്കാന്‍ കഴിയുന്നില്ല എന്നതില്‍ നിന്നാവണം കൂടുതല്‍ ആക്രമണ സ്വഭാവമുള്ള രീതികള്‍ സ്വീകരിക്കാന്‍ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമെന്ന നിലയിലാണ് 2020 ജനുവരിയില്‍ മുഖം മറച്ച ഒരാള്‍ക്കൂട്ടം കയ്യില്‍ വടിയും അത് പോലുള്ള വസ്തുക്കളും ഉപയോഗിച്ച് സബര്‍മതി ഹോസ്റ്റലില്‍ കയറി അക്രമം അഴിച്ചു വിട്ടത്. ഇതില്‍ തങ്ങള്‍ക്കു പങ്കൊന്നുമില്ലെന്ന് എ.ബി.വി.പി പറഞ്ഞെങ്കിലും പിന്നീട് ആ സംഘടനയിലുള്ള ഒരു വിദ്യാര്‍ത്ഥി തന്നെ ആക്രമണത്തില്‍ പങ്കെടുത്ത ചിലര്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ ആണെന്ന് സമ്മതിക്കുകയുണ്ടായി.

സംഘട്ടനം തടയാന്‍ ശ്രമിച്ച ചില അധ്യാപകര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും മറ്റു സാമൂഹ്യപ്രശ്നങ്ങള്‍ ഉന്നയിച്ചു കൊണ്ടും അവര്‍ സമരങ്ങളില്‍ ഇറങ്ങുന്നത് തടയുക എന്ന തന്ത്രത്തിന്റെ ഭാഗം കൂടിയായിരുന്നു ഇത്തരം ആക്രമണ പരമ്പരകള്‍.

തങ്ങളുടെ അജണ്ടകള്‍ ക്ഷമാപൂര്‍വ്വം, നിരന്തരം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറില്‍ നിന്ന് ഇനിയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും, രാഷ്ട്രീയാധികാരം അടക്കം തങ്ങളോടൊപ്പം നിലനില്‍ക്കുന്ന സമകാലിക സാഹചര്യം അതിനായി അവര്‍ ഫലപ്രദമായി ഉപയോഗിക്കുമെന്നും നിസ്സംശയം പറയാം.

ഈ ആക്രമണ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണം എന്ന് പറയാവുന്നതാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 10 ഞായറാഴ്ച കാമ്പസ്സില്‍ നടന്ന ആക്രമണം. രാമനവമി ദിവസം ഹോസ്റ്റല്‍ മെസ്സില്‍ സസ്യേതര ഭക്ഷണം വിളമ്പാന്‍ പാടില്ല എന്ന് പറഞ്ഞു കൊണ്ട് ഹോസ്റ്റലില്‍ ചിക്കന്‍ വിതരണം ചെയ്യുന്ന വാഹനം തടയുകയും അതിനെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നു സംഘപരിവാര്‍ അനുകൂലവിഭാഗങ്ങള്‍.

ഭക്ഷണപരമായ പൗരാവകാശത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ ഏകപക്ഷീയമായ ആക്രമണം അഴിച്ചു വിട്ടതിനുശേഷം അതിലേയ്ക്ക് മതപരമായകാര്യങ്ങളെ വലിച്ചിഴച്ചു കൊണ്ട് വരികയാണ് അവര്‍ ചെയ്തത്. ഉത്തരേന്ത്യയില്‍ എമ്പാടും ഇതേ സമയത്ത് നടന്ന സംഘടിതമായ ആക്രമണങ്ങളുമായി ഇതിനു കൃത്യമായ ബന്ധമുണ്ടെന്നു വ്യക്തമായി കാണാന്‍ കഴിയും. എന്നാല്‍ ഇതിന്റെ ഏകപക്ഷീയ സ്വഭാവം മറച്ചു പിടിച്ചു കൊണ്ട് ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘപരിവാര്‍ അനുകൂല സംഘടനകളുടെ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു എന്ന രീതിയിലുള്ള ഒരു ആഖ്യാനം വികസിപ്പിക്കുകയാണ് പരിവാര്‍ ചെയ്യുന്നത്.

ഡല്‍ഹിയിലെ അധ്യാപക സുഹൃത്തുക്കളില്‍ പലരും ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം ചിന്താശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ ഒരു സര്‍വ്വകലാശാല എന്ന നിലയിലുള്ള ജെ.എന്‍.യുവിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നതാണ്. സാമൂഹ്യശാസ്ത്ര, മാനവിക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രസ്തുത സര്‍വ്വകലാശാലയുടെ സമീപനം മാറ്റുകയും, അക്കാദമികമായ കാര്യങ്ങളില്‍ അടക്കം അതിന്റെ മൗലികത ശോഷിപ്പിക്കുകയും ചെയ്യുന്ന രീതി വൈകാതെ ഒരു മികവിന്റെ കേന്ദ്രം ജെ.എന്‍.യുവിന്റെ അനന്യത ഇല്ലാതാക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു.

ഒരു പക്ഷെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് മുന്നില്‍ പതറാതെ അവശേഷിക്കുന്ന ഒരു പ്രതിരോധം ചിന്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഒരുമയാണ് എന്ന് കാണാന്‍ കഴിയും. അത്തരത്തിലുള്ള വിദ്യാര്‍ത്ഥിക്കൂട്ടായ്മയെ വിഭാഗീയമായ അജണ്ടകള്‍ ഉപയോഗിച്ച് നിസ്തേജരാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എങ്കിലും തങ്ങളുടെ അജണ്ടകള്‍ ക്ഷമാപൂര്‍വ്വം, നിരന്തരം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറില്‍ നിന്ന് ഇനിയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും, രാഷ്ട്രീയാധികാരം അടക്കം തങ്ങളോടൊപ്പം നിലനില്‍ക്കുന്ന സമകാലിക സാഹചര്യം അതിനായി അവര്‍ ഫലപ്രദമായി ഉപയോഗിക്കുമെന്നും നിസ്സംശയം പറയാം.

ജെ.എന്‍.യു എന്ന ഇടത്തിന്റെ ജനാധിപത്യസ്വഭാവം നിലനിര്‍ത്താന്‍ വേണ്ടി വരും ദിനങ്ങളില്‍ ആ കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്ക് തീര്‍ക്കേണ്ടി വരുന്ന പ്രതിരോധം ചെറുതായിരിക്കില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT