Opinion

അദാനി ഗ്രൂപ്പും പുതിയ വിവാദങ്ങളും

ഹിൻഡൻബർഗ് സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും അദാനി ഗ്രൂപ് കരകയറാൻ ശ്രമിക്കുമ്പോഴാണ് പുതിയ ആരോപണങ്ങൾ അദാനിയെത്തേടി എത്തുന്നത്. ആഗോളതലത്തിലുള്ള പത്രപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജെക്ടസ് (Organised Crime and Corruption Reporting Projects-OCCRP) അദാനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഓഹരികളിൽ കൃത്രിമം കാട്ടിയാണ് അദാനി ഗ്രൂപ് വിപണി മൂല്യം പെരുപ്പിച്ചുകാട്ടിയിരിക്കുന്നത് എന്ന ഹിൻഡൻബർഗ് റിപ്പോർട്ട് ശെരിവെക്കുന്നതാണ് അദാനിക്കെതിരെയുള്ള പുതിയ തെളിവുകൾ. അലൻ പോൾ വർഗീസ് എഴുതുന്നു.

2023 ജനുവരിയിൽ അമേരിക്കൻ ഷോർട്ട് സെല്ലർ കമ്പനിയായ ഹിൻഡൻബെർഗ്ഗ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം അദാനി കുടുംബത്തിലെ അംഗങ്ങളുടെ വിവിധ കമ്പനികൾ ചേർന്ന് ഗൗതം അദാനിയുടെ ഉടമസ്ഥതയിൽ ഉള്ള കമ്പനികളുടെ ഷെയർ മാർക്കറ്റിലെ പ്രൈസ് വർധിപ്പിക്കാൻ ശ്രമിച്ചു. ഇതിനെ തുടർന്ന് അദാനിയുടെ കമ്പനികളുടെ സ്റ്റോക്ക് മാർക്കറ്റിലെ മൂല്യം ഇടിയുകയും ഇന്ത്യൻ പാർലിമെന്റിൽ വലിയ ബഹളങ്ങൾ ഉണ്ടാകുകയും ചെയ്തു. രാജ്യം ഭരിക്കുന്ന നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പിന്തുണ അദാനിയ്ക്ക് ലഭിക്കുന്നുണ്ട് എന്ന് റിപ്പോർട്ട് പറഞ്ഞിരുന്നു. ഈ റിപ്പോർട്ടിന് എതിരെ അദാനി ഗ്രൂപ്പ് 413 പേജ് വരുന്ന ഒരു ബദൽ റിപ്പോർട്ട് ഉണ്ടാക്കുകയും ഇതിന് വീണ്ടും മറുപടിയെന്നോണം ഹിൻഡൻബർഗിന്റെ തലവൻ നഥാൻ ആൻഡേഴ്‌സൺ ഒരു റിപ്പോർട്ട് കൂടി പ്രസദ്ധീകരിച്ചു. വിഷയത്തിൽ സുപ്രീം കോടതി ഒരു വിദഗ്ധ സമിതിയെ കാര്യങ്ങൾ പഠിക്കാനും വിശദമായ റിപ്പോർട്ടുകൾ സമർപ്പിക്കാനും നിയോഗിച്ചു. ഈ വിദഗ്ധ സമിതി മെയ് 6 2023 നു റിപ്പോർട്ട് സമർപ്പിച്ചു. ആഗസ്റ് 25 നു സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ചു ബോർഡ് ഓഫ് ഇന്ത്യ (സെബി) പ്രസ്തുത വിഷയത്തെ കുറിച്ചുള്ള സ്റ്റാറ്റസ് റിപ്പോർട്ട് കൊടുത്തു.

സ്റ്റോക്ക് മാനിപുലേഷൻ കേസിൽ അദാനിയ്ക്ക് ക്ലീൻ ചിറ്റ് കിട്ടി എന്ന് കരുതിയ ശേഷം സ്റ്റോക്ക് മാർക്കറ്റ് കരകയറി ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് ഓർഗനൈസിങ് ക്രൈം ആൻഡ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്റ്റ് ( OCCRP ) ഒരു പുതിയ വെളിപ്പെടുത്തൽ നടത്തുന്നത്. സെപ്റ്റംബർ ഒന്നിന് ഈ സംഘടനയുടെ വെബ്‌സൈറ്റിൽ രവി നായർ, ആനന്ദ് മൻഗനലെ എൻ.ബി.ആർ ആർക്കേഡിയോ എന്നീ മൂന്ന് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകൾ ചേർന്നെഴുതിയ Documents Provide Fresh Insight Into Allegations of Stock Manipulation That Rocked India’s Powerful Adani Group എന്ന റിപ്പോർട്ടിൽ ഹിൻഡൻ ബർഗ്ഗ് റിപ്പോർട്ട് പറയുന്ന സ്റ്റോക്ക് മാനിപുലേഷൻ തെളിയിക്കാൻ ആവശ്യമായ രേഖകൾ ലഭിച്ചതായി പറയുന്നു. പാർലിമെന്റ് പ്രത്യേക സെഷൻ വിളിച്ച സമയത്താണ് ഈ വെളിപ്പെടുത്തൽ എന്നത് യാദൃശ്ചികമായി കാണണോ എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകരുടെ മനസ്സിൽ ഉണ്ട്. ജോർജ് സൊറോസ് എന്ന വിവാദ ബിസിനസ്സ്കാരന്റെ പിന്തുണയും സഹായവുമുള്ള സംഘടനയാണ് ഒ. സി. സി. ആർ. പി. റഷ്യയിലെ പ്രസിദ്ധ സ്വകാര്യ സൈന്യമായ വാഗനെർ ഗ്രൂപ്പിന്റെ കച്ചവട ബന്ധങ്ങളെ കുറിച്ചും ധാരാളം റിപ്പോർട്ടുകൾ ഇവർ പ്രസദ്ധീകരിച്ചിട്ടുണ്ട്. അദാനി വിഷയത്തിലെ ഇവരുടെ കണ്ടെത്തുലുകൾ ശരിയാകാൻ സാധ്യതയുണ്ട് എന്ന് ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയൻ വാർത്ത നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദാനി ഗ്രൂപ്പിന്റെ പരക്കെ അറിയപ്പെടുന്ന അടുപ്പവും രാജ്യത്തിന്റെ വികസനത്തിനുള്ള അദ്ദേഹത്തിന്റെ പദ്ധതിയിലെ പങ്കും" OCCRP റിപ്പോർട്ടിൽ പരാമർശിക്കുന്നു.

എന്തായിരുന്നു ഹിൻഡൻബർഗ്ഗ് റിപ്പോർട്ട് മുന്നോട്ട് വച്ച ആരോപണം ? അദാനി ഗ്രൂപ്പിന്റെ പ്രധാന "പൊതു" നിക്ഷേപകരിൽ ചിലർ യഥാർത്ഥത്തിൽ അദാനി കമ്പനികളുടെ ഇൻസൈഡർമാർ ( ഇൻസൈഡർമാർ എന്ന് പറഞ്ഞാൽ കമ്പനികളിൽ ജോലി ചെയ്യുന്ന അല്ലെങ്കിൽ ബോർഡ് അംഗങ്ങൾ ആയ അല്ലെങ്കിൽ കമ്പനിയുടെ ഷെയറിന്റെ പത്ത് ശതമാനം അവകാശപ്പെടുത്തിയവർ) ആയിരുന്നു, ഇത് സെബി നിയമങ്ങളുടെ ലംഘനമാണ് എന്നതായിരുന്നു ആരോപണങ്ങളുടെ സാരം. ധാരാളം ചെറുതും വലുതുമായ സ്റ്റോക്ക് മാനിപുലേഷൻ കേസുകളുടെ വിധി പകർപ്പുകൾ സെബിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഗൗതം അദാനിയുടെ കമ്പനികളുടെ സ്റ്റോക്ക് മാർക്കറ്റ് മൂല്യം വർധിപ്പിക്കാനും ലാഭമുണ്ടാക്കാനും വേണ്ടി സഹോദരനായ വിനോദ് അദാനിയുടെ കമ്പനികളും ഇരുവരുടെയും കമ്പനികളിൽ ഭാഗമായിരുന്ന രണ്ട് വ്യക്തികൾ ശ്രമിച്ചുവെന്നാണ് ഹിൻഡൻബർഗ്ഗ് റിപ്പോർട്ട് പറയുന്നത്. യു. എ. ഇ ബിസിനസ്സ്ക്കാരൻ ആയ നാസർ അലി ശഹബാൻ അഹ്ലിയും തായ്‌വാനീസ് ബിസിനസ്സ്‌കാരനായ ചാങ് ചുങ് ലിങ്ങും എന്നിവരാണ് പ്രസ്തുത വ്യക്തികൾ.

2010-ൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നടപ്പിലാക്കിയ എംപിഎസ് (മിനിമം പബ്ലിക് ഷെയർഹോൾഡിംഗ്) എന്ന നിയമം അദാനികൾ ലംഘിക്കുന്നതായി OCCRP റിപ്പോർട്ട് പറയുന്നു . ഈ നിയമം അനുസരിച്ച്, ഒരു കമ്പനിയിൽ 75%-ത്തിലധികം ഓഹരിയുള്ള മറ്റു കമ്പനികൾ നിർബന്ധമായും ഇത് പരമാവധി 75% ആയി കുറയ്ക്കുക, ബാക്കിയുള്ളവ പൊതു ഓഹരി ഉടമകളായി തരംതിരിക്കുകയും വേണം . അതായത്, ലിസ്റ്റുചെയ്ത സ്ഥാപനത്തിന്റെ 25% ഓഹരി ഉടമകൾ പൊതു ഓഹരി ഉടമകളായിരിക്കണം. എന്നാൽ ഈ 25 % ഓഹരികളിലും അദാനിയുമായി ബന്ധമുള്ള ഷെൽ കമ്പനികൾ ഉണ്ടെന്നാണ് ഹിൻഡൻബർഗ്ഗ് ആരോപണം. അതോടൊപ്പം ഇല്ലാത്ത ഡിമാൻഡ് ഉണ്ടാക്കി സ്റ്റോക്ക് വിലയിൽ വ്യതിയാനം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന് ആരോപണങ്ങൾ ഉണ്ട്.

പുതിയ OCCRP റിപ്പോർട്ട് എന്ത് പറയുന്നു എന്ന് പരിശോധിക്കാം.

1. അദാനി ഗ്രൂപ്പിന്റെ ബിസിനസിനെക്കുറിച്ചു ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള പൊതു രേഖകൾ ,നേരിട്ട് അറിവുള്ള ആളുകൾ സ്ഥിരീകരിച്ച രേഖകൾ ഉപയോഗിച്ച് ദ്വീപ് രാഷ്ട്രമായ മൗറീഷ്യസ് ആസ്ഥാനമായുള്ള ഒട്ടും സുതാര്യമല്ലാത്ത ( opaque എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന) നിക്ഷേപ ഫണ്ടുകൾ വഴി പബ്‌ളിക്കലി ട്രേഡഡ് ആയ അദാനി സ്റ്റോക്കിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചതെങ്ങനെയെന്ന് കാണിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്ന് മൂന്ന് ജേർണലിസ്റ്റുകളും പറയുന്നു. കുറഞ്ഞത് രണ്ട് കേസുകളിലെങ്കിലും - അദാനി സ്റ്റോക്ക് ഹോൾഡിംഗുകളുടെ മൂല്യം $430 മില്യൺ എത്തിയിരുന്നു. ഈ നിഗൂഢ നിക്ഷേപകർ ഗ്രൂപ്പിന്റെ ഭൂരിഭാഗം ഷെയർഹോൾഡർമാരായ അദാനി കുടുംബവുമായുള്ള ബന്ധം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാസർ അലി ഷബാൻ അഹ്‌ലി, ചാങ് ചുങ്-ലിംഗ് എന്നിവർക്ക് അദാനി കുടുംബവുമായി ദീർഘകാല ബിസിനസ്സ് ബന്ധമുണ്ട്, കൂടാതെ അദാനി ഗ്രൂപ്പ് കമ്പനികളിലും കുടുംബത്തിലെ മുതിർന്ന അംഗങ്ങളിലൊരാളായ വിനോദ് അദാനുമായി ബന്ധപ്പെട്ട കമ്പനികളിലും ഇവർ ഡയറക്ടർമാരും ഷെയർഹോൾഡർമാരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2. മൗറീഷ്യസ് ഫണ്ടുകൾ ഉപയോഗിച്ച് , തങ്ങളുടെ പങ്കാളിത്തം മറച്ചുവച്ച്‌ കൊണ്ട് ഓഫ്‌ഷോർ സ്ട്രക്ച്ചറുകൾ വഴി അവർ വർഷങ്ങളോളം അദാനി സ്റ്റോക്ക് വാങ്ങുകയും വിൽക്കുകയും ചെയ്തുവെന്ന് രേഖകൾ തെളിയിക്കുന്നു . നിക്ഷേപങ്ങളുടെ ചുമതലയുള്ള മാനേജ്‌മെന്റ് കമ്പനി വിനോദ് അദാനിയുടെ ഫിനാൻഷ്യൽ അഡ്വൈസറി കമ്പനിക്ക് തങ്ങളുടെ നിക്ഷേപ കാര്യങ്ങളിൽ ഉപദേശം നൽകാൻ പണം നൽകിയതായും റിപ്പോർട്ട് പറയുന്നു. ഹിൻഡൻബർഗ്ഗ് റിപ്പോർട്ടിൽ മൗറീഷ്യസിൽ നിന്നുള്ള ഫണ്ടുകളുടെ കാര്യം പറയുന്നുണ്ടെങ്കിലും ആരാണ് അതിനെ നിയന്ത്രിച്ചിരുന്നത് എന്ന് പറഞ്ഞിരുന്നില്ല.

3. സുപ്രീം കോടതി ഹിൻഡൻ ബർഗ്ഗ് ആരോപണങ്ങൾ പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിയെ വിളിച്ചുകൂട്ടിയിരുന്നു. ഈ മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച സമിതിയുടെ നിഗമനങ്ങൾ, അദാനി ഗ്രൂപ്പിനെ ഇന്ത്യയുടെ ഫിനാൻഷ്യൽ റെഗുലേറ്ററായ സെബി നേരത്തെ തന്നെ അന്വേഷിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. കമ്മിറ്റി പറയുന്നതനുസരിച്ച്, അദാനി ഗ്രൂപ്പിന്റെ ചില പൊതു ഓഹരിയുടെ ഉടമകൾ യഥാർത്ഥത്തിൽ പബ്ലിക്ക് ഷെയർ ഹോൾഡേഴ്സ് അല്ലെന്നും അവർ അദാനി ഗ്രൂപ്പ് കമ്പനികളുടെ പ്രൊമോട്ടർമാരുടെ കമ്പനികളാകാമെന്നും വർഷങ്ങളായി SEBI സംശയിച്ചിരുന്നു. 2020-ൽ, അദാനിയുടെ സ്റ്റോക്ക് കൈവശമുള്ള 13 വിദേശ സ്ഥാപനങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചുവെങ്കിലും കൃത്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിന് കാരണം സുതാര്യമല്ലാത്ത നിയമങ്ങൾ വഴി കോർപറേറ്റുകളെ സഹായിക്കുന്ന ടാക്സ് ഹെവൻസ് ആയ ചില രാജ്യങ്ങളുടെ നിയമങ്ങൾ ആണ്. എന്നാൽ മൗറീഷ്യസിലെ രണ്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളാണ് ഇതിന് പുറകിൽ എന്ന് റിപ്പോർട്ടർമാർ പറയുന്നു. ( കമ്പനി സ്ഥാപിച്ച അല്ലെങ്കിൽ അതിന്റെ വളർച്ചയിലും വിജയത്തിലും നിർണായകമായ വ്യക്തികളോ സ്ഥാപനങ്ങളോ ആണ് പ്രമോട്ടർമാർ. അവർ സാധാരണയായി കമ്പനിയിലെ ഏറ്റവും വലിയ ഷെയർഹോൾഡർമാരാണ്, കൂടാതെ അതിന്റെ പ്രവർത്തനങ്ങളിലും തീരുമാനങ്ങൾ എടുക്കുന്നതിലും കാര്യമായ പങ്ക് വഹിക്കും )

4. Emerging India Focus Fund (EIFF), EM Resurgent Fund (EMRF) എന്നീ രണ്ട് ഫണ്ടുകൾ മൗറീഷ്യസിൽ ഉണ്ട്. ഇതിലേക്ക് ഏറ്റവും അധികം പണം നിക്ഷേപിച്ചത് ചാങ്ങും അഹ്ലിയുമാണ്. 2013 നും 2018 നുമിടയിൽ ഇവർ അദാനിയുടെ നാല് കമ്പനിയുടെ സ്റ്റോക്കുകളുടെ കച്ചവടം നടത്തിയിരുന്നു. 2017 മാർച്ചിൽ ഒരു ഘട്ടത്തിൽ, അദാനി ഗ്രൂപ്പിന്റെ ഓഹരികളിലെ നിക്ഷേപത്തിന്റെ മൂല്യം 430 മില്യൺ ഡോളറായിരുന്നു. ഈ രണ്ട് നിക്ഷേപ ഫണ്ടുകളിലേക്ക് പണം ഒഴുകിയത് നാല് കമ്പനികളിലൂടെയും ബെർമുഡ എന്ന രാജ്യത്ത് രെജിസ്റ്റർ ചെയ്തിട്ടുള്ള ഗ്ലോബൽ ഓപ്പർച്യുണിറ്റീസ് ഫണ്ട് (ജിഒഎഫ്) എന്ന നിക്ഷേപ ഫണ്ടിലൂടെയുമാണ്. ചാങ്ങിന്റെ ഉടമസ്ഥതയിലുള്ള ലിങ്കോ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് , അഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള ഗൾഫ് അരിജ് ട്രേഡിംഗ് FZE (UAE); അലിയുടെ മുൻ ഉടമസ്ഥതയിലുണ്ടായിരുന്ന മിഡ് ഈസ്റ്റ് ഓഷ്യൻ ട്രേഡ് (മൗറീഷ്യസ്), ഗൾഫ് ഏഷ്യ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് ( ഇതിൽ അഹ്ലി കൻഡ്രോളിങ് പേഴ്സൺ ആയിരുന്നു ) എന്നിങ്ങനെയാണ് ആ മൂന്ന് കമ്പനിയുടെ പേരുകൾ. EIFF ഉം EMRF ഉം അദാനി ഗ്രൂപ്പിന്റെ സ്റ്റോക്കുകളുടെ 8 മുതൽ 14 % വരെയുള്ള സ്റ്റോക്കുകളിൽ ഉടമസ്ഥത നേടിയിരുന്നു. അദാനി പവർ, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ് അദാനി ട്രാൻസ്മിഷൻ എന്നീ കമ്പനികളുടെ സ്റ്റോക്കുകളിൽ ആയിരുന്നു ഉടമസ്ഥത.

5. അദാനി കുടുംബത്തോടുള്ള ഈ രണ്ട് ബിസിനസ്സ്കാരുടെ ബന്ധം നേരത്തെ തന്നെ അന്വേഷിക്കപ്പെട്ടിരുന്നു. രണ്ട് വ്യത്യസ്ത കേസുകളിലായി നടന്ന ഡി .ആർ ഐയുടെ ( Directorate of Revenue Intelligence ) അന്വേഷണത്തിൽ ഈ രണ്ട് പേരെ കുറിച്ചും പരാമർശങ്ങൾ ഉണ്ടായിരുന്നു. 2007 ൽ അനധികൃത വജ്ര വ്യാപാരത്തെ കുറിച്ച് നടന്ന അന്വേഷണത്തിൽ ചാങ് അദാനി ഗ്രൂപ്പിന്റെ മൂന്ന് കമ്പനികളുടെ ഡയറക്ടർ ആയിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇയാൾ സിംഗപ്പൂരിൽ വിനോദ് അദാനിയുമായി ഒരുമിച്ചു താമസിക്കുകയും ആ അഡ്രസ് കമ്പനി ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. ഈ അനധികൃത വ്യാപാരത്തിൽ ഉൾപ്പെട്ട ഒരു കമ്പനിയെ പ്രതിനിധീകരിച്ചത് അഹ്ലിയായിരുന്നു. 2014 ൽ ഡി ആർ ഐ അദാനിയ്ക്ക് എതിരെ മറ്റൊരു അന്വേഷണം നടത്തി. അനധികൃതമായി ഇന്ത്യയിൽ നിന്ന് പണം വിദേശത്തേക്ക് ഒഴുക്കുവാൻ സ്വന്തം വിദേശ ഉപസ്ഥാപനത്തിന് 1 ബില്യൺ ഡോളർ അധികമായി എന്നായിരുന്നു കേസ്. ഇത് കൈകാര്യം ചെയ്ത വിദേശ കമ്പനികളുടെ ഡയററ്റർമാർ ചാങ്ങും അഹ്ലിയുമായിരുന്നു. പിന്നീട് രണ്ട് കമ്പനികളെ വിനോദ് അദാനി സ്വന്തമാക്കി. അദാനിയുമായി ബന്ധമുള്ള ഒരു കമ്പനിയുടെ ഷെയർ ഹോൾഡറോ ഡയററ്ററോ ആയിരുന്ന് ചാങ് എന്ന് ഹിൻഡൻബെർഗ് റിപ്പോർട്ടിൽ പരാമർശം ഉണ്ട്.

6. നേരത്തെ പറഞ്ഞ EIFF , EMRF നും നിക്ഷേപ കാര്യങ്ങളിൽ ഉപദേശം നൽകിയത് എക്സെൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് അഡ്വൈസറി സർവീസസ് എന്ന ഫിനാൻസിൽ അഡ്വൈസറി കമ്പനിയാണ്. യു. എ ഇയിലെ സീക്രടിവ് ഓഫ്‌ഷോർ സോണിലാണ് ഇതിന്റെ രെജിസ്ട്രേഷൻ. അത് കൊണ്ട് തന്നെ ഇതിന്റെ കോർപ്പറേറ്റ് റെക്കോർഡുകൾ ലഭ്യമല്ല. എന്നാൽ ഫിനാൻസിൽ അഡ്വൈസറി നല്കാൻ ഉള്ള എക്സലും കമ്പനികളും തമ്മിലുള്ള കരാറിൽ എക്സൈലിന് വേണ്ടി ഒപ്പ് വച്ചത് വിനോദ് അദാനിയാണ്. Assent Trade & Investment Pvt Ltd. എന്ന കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു എക്സെൽ. 2016-ലെ ഒരു ഇമെയിൽ ഈ കമ്പനിയും വിനോദ് അദാനിയുടെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ളതാണെന്ന് പറയുന്നുണ്ട്. അസെന്റ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് രജിസ്റ്റർ ചെയ്തിരിക്കുന്ന മൗറീഷ്യസിൽ നിന്നുള്ള കോർപ്പറേറ്റ് രേഖകൾ കമ്പനിയുടെ ഉടമസ്ഥത ആരാണെന്ന് കാണിക്കുന്നില്ലെങ്കിലും, വിനോദ് അദാനി അതിന്റെ ഡയറക്ടർ ബോർഡിലുണ്ടെന്ന് കാണിക്കുന്നു. EIFF, EMRF, ബെർമുഡ ആസ്ഥാനമായുള്ള GOF എന്നിവയുടെ മാനേജ്‌മെന്റ് കമ്പനികൾ 2012 ജൂൺ മുതൽ 2014 ആഗസ്റ്റ് വരെ ekseliന് $1.4 മില്യൺ ഡോളറിലധികം "ഉപദേശ" ഇനത്തിൽ ഫീസായി നൽകിയതായി ഇൻവോയ്‌സുകളും ഇടപാട് രേഖകളും കാണിക്കുന്നു.

7. ചാങ്ങിന്റെയും അഹ്‌ലിയുടെയും അദാനി ഗ്രൂപ്പിന്റെ നിക്ഷേപത്തിനുള്ള പണം അദാനി കുടുംബത്തിൽ നിന്നാണെന്നതിന് തെളിവുകളൊന്നുമില്ല. ഫണ്ടിന്റെ ഉറവിടം അജ്ഞാതമാണ്. എന്നാൽ അതേ മൗറീഷ്യസ് ഫണ്ടുകളിലൊന്ന് വിനോദ് അദാനി സ്വന്തം നിക്ഷേപത്തിനായി ഉപയോഗിച്ചതായി ഒസിസിആർപിക്ക് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. 2014-ൽ ഡിആർഐയിൽ നിന്ന് സെബിക്ക് ലഭിച്ച ഒരു കത്ത് റിപ്പോർട്ടർമാർക്ക് ലഭിച്ചു, അതിൽ ഡിആർഐ തങ്ങൾ അന്വേഷിക്കുന്ന ഓവർ ഇൻവോയ്സിംഗ് സ്കീമിൽ നിന്നുള്ള പണം മൗറീഷ്യസിലേക്ക് അയച്ചതിന് തെളിവുണ്ടെന്ന് പറഞ്ഞു. പുറത്തേക്ക് ഒഴുക്കിയ പണം അദാനി ഗ്രൂപ്പിലെ നിക്ഷേപമായും ഓഹരി വിറ്റഴിക്കലുമായി ഇന്ത്യയിലെ ഓഹരി വിപണികളിലേക്ക് തിരിച്ചു ഒഴുക്കിയതായി സൂചനയുണ്ട് എന്ന് അക്കാലത്ത് ഡിആർഐ ഡയറക്ടർ ജനറലായിരുന്നു നജീബ് ഷാ കത്തിൽ എഴുതി. ഡിആർഐ കേസ് അനുസരിച്ച്, വിദേശത്തേക്ക് അനധികൃതമായി ഒഴുക്കിയ പണം എമിറേറ്റിലുള്ള ഇലക്‌ട്രോജൻ ഇൻഫ്രാ എഫ്‌സെഡ്ഇ എന്ന കമ്പനിക്ക് ആണ് അയച്ചത്. ഈ കമ്പനി പിന്നീട് ഏകദേശം 1 ബില്യൺ ഡോളർ മൊറീഷ്യസ് ആസ്ഥാനമായുള്ള വിനോദ് അദാനിയുടെ ഉടമസ്ഥതയിലുള്ള ഒരു ഹോൾഡിംഗ് കമ്പനിക്ക് കൈമാറി.അതിന്റെ പേര് ഇലക്‌ട്രോജൻ ഇൻഫ്രാ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്. 100 മില്യൺ ഡോളറിന്റെ ഒഴുക്ക് കണ്ടെത്താൻ റിപ്പോർട്ടർമാർക്ക് കഴിഞ്ഞു. ഈ മൗറീഷ്യസ് കമ്പനി ഈ പണം വിനോദിന്റെ അസ്സെന്റ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എന്ന കമ്പനിയ്ക്ക് ഏഷ്യൻ ഇക്വിറ്റി മാർക്കറ്റിൽ നിഖക്ഷേപിക്കാൻ വായ്‌പയായി നൽകി. കടം കൊടുത്തതും വാങ്ങിയതും വിനോദ് അദാനി.

ഇതാണ് റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം. ഇത് സത്യമാണ് എങ്കിൽ തത്വത്തിൽ സെബി നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ട്.

അദാനി ഗ്രൂപ്പ് ഈ പുതിയ റിപ്പോർട്ടിനെ തള്ളി പറഞ്ഞിട്ടുണ്ട്. യാതൊരു അടിത്തറയുമില്ലാതെ വന്ന ഹിൻഡൻബർഗ്ഗ് റിപ്പോർട്ടിന് പുതിയ ജീവൻ നല്കാൻ ജോർജ് സൊറോസ് സ്പോൺസർ ചെയ്യുന്ന ഒരു നീക്കവുമാണ് ഇതെന്നും പല വിഷയങ്ങളിലെയും അന്വേഷണത്തിൽ ഡി ആർ ഐ തങ്ങൾക്ക് ക്‌ളീൻ ചിറ്റ് നൽകിയത് ആണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു. എന്തായാലും OCCRP റിപ്പോർട്ട് വന്ന ശേഷം അദാനിയുടെ സ്റ്റോക്കിന്റെ മൂല്യത്തിൽ ചെറിയ ഇടിവുണ്ടായതായി കാണുന്നു.

ചില കൂട്ടിച്ചേർക്കലുകൾ

ഹിൻഡൻബർഗ്ഗ് വിഷയത്തിൽ കോടതിയുടെ അടുത്ത ഹിയറിങ് അടുത്തിരിക്കുന്ന സമയത്താണ് പുതിയ റിപ്പോർട്ട് വരുന്നത്. വിദഗ്ദ്ധ കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷം സെബി തങ്ങളുടെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ടാക്സ് ഹെവനുകളായ ചില രാജ്യങ്ങളിൽ നിന്ന് റിപോർട്ടുകൾ ഇനിയും ലഭിക്കുവാൻ ഉണ്ടെന്നും സെബി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലുകൾ കേസ് വിസ്താരത്തെ സ്വാധീനിക്കുമോ എന്നുള്ളത് നോക്കി കാണാം. എന്നാൽ അദാനിയും സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി പങ്ക് വയ്ക്കുകയാണ്.

ഹിൻഡൻബർഗ്ഗിനും മുൻപേ അദാനി സ്റ്റോക്ക് മാർക്കറ്റിൽ കൃത്രിമ വില വർദ്ധനവ് ഉണ്ടാക്കുന്നുണ്ട് എന്ന് പറഞ്ഞത് പ്രശസ്ത മാധ്യമപ്രവർത്തകയായ സുചേതാ ദലാൽ ആണ്. ഹർഷദ് മേഹ്തയുടെ ഷെയർ മാർക്കറ്റ് തട്ടിപ്പ് പുറത്ത് കൊണ്ട് വന്നു പ്രശസ്തയായ സുചേതാ 2021 ജൂണിൽ പേരെടുത്ത് പറയാതെ അദാനി സ്റ്റോക്ക് പ്രൈസ് മാനിപുലേഷൻ ചെയ്യുന്നതായി ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് അദാനിയുടെ സ്റ്റോക്ക് മാർക്കറ്റ് മൂല്യത്തിൽ ഇടിവുണ്ടായി. സുചേതായും അവരുടെ പങ്കാളി ദേബാശിഷ് ബസുവും നടത്തുന്ന മണിലൈഫ് എന്ന ഓൺലൈൻ ഫിനാൻഷ്യൽ പോർട്ടലിൽ ഇരുവരും എഴുതിയ ലേഖനങ്ങൾ മുന്നോട്ട് വച്ച ചില ചോദ്യങ്ങളും ചില നിരീക്ഷണങ്ങളും പങ്ക് വയ്ക്കേണ്ടത് അനിവാര്യമാണ് എന്ന് തോന്നുന്നു. ഹർഷദ് മെഹ്ത സ്‌കാം പുറത്തു കൊണ്ട് വരാൻ ദേബാശിഷ് ബസുവും വലിയ പങ്ക് വഹിച്ചിരുന്നു.

മെയ് 24 നു ദേബാശിഷ് ബസു ബിസിനസ് സ്റ്റാൻഡേർഡിൽ എഴുതിയ ലേഖനത്തിൽ ഉന്നയിക്കുന്ന ഒരു ചോദ്യം ഉണ്ട്. അതിന്റെ നിരീക്ഷണ പ്രവർത്തനങ്ങളിൽ 'ആഴത്തിൽ സംയോജിപ്പിച്ച സാങ്കേതികവിദ്യ' ഉണ്ടെന്ന് അവകാശപ്പെടുന്നു, ഇത് കൃത്രിമത്വത്തിന്റെ സങ്കീർണ്ണമായ പ്രവർത്തനരീതി കണ്ടെത്തുന്നതിന് സഹായിക്കുന്നു. പ്രതിദിനം ജനറേറ്റുചെയ്യുന്ന 550 കോടിയിലധികം വ്യാപാര സന്ദേശങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് "പാറ്റേൺ തിരിച്ചറിയൽ, ഡാറ്റ അനലിറ്റിക്‌സ് എന്നിവ പോലുള്ള വിവിധ നൂതന സാങ്കേതിക വിദ്യകൾ" ഉപയോഗിക്കുന്നതായി അത് അവകാശപ്പെട്ടു. 2021-22 സെബിയുടെ വാർഷിക റിപ്പോർട്ടിൽ, 'ഡാറ്റ ഡിറ്റക്റ്റീവ്സ്' എന്ന തലക്കെട്ടിലുള്ള ഒരു ബോക്‌സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ഉപയോഗവും 'ശക്തവും ചടുലവും അളക്കാവുന്നതുമായ കഴിവുകൾ'ക്കായി മെഷീൻ ലേണിംഗിനെ പ്രശംസിച്ചു. ദൃശ്യവൽക്കരണം, സമയ ശ്രേണി/മെഷീൻ ലേണിംഗ് അനലിറ്റിക്കൽ കഴിവുകൾ, ഘടനാപരമായ/ ഘടനാരഹിതമായ/സെമി-സ്ട്രക്ചേർഡ് ഡാറ്റകൾ തേടാനും തിരയാനുമുള്ള കഴിവ്, സ്വയം സേവന ബിസിനസ്സ് ഇന്റലിജൻസ് കഴിവുകൾ, എന്നിവ പോലുള്ള സ്വഭാവസവിശേഷതകൾ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒരു 'ഡാറ്റ ലേക്ക്' ആയിരുന്നു മറ്റൊരു അവകാശവാദം. ഡാറ്റയുടെ മെമ്മറി പ്രോസസ്സിംഗ് മുതലായവ.

എന്നിട്ടും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സെബി വിലയും വോളിയം കൃത്രിമത്വവും സംബന്ധിച്ച നിരവധി അന്വേഷണങ്ങൾ പൂർത്തിയാക്കിയെങ്കിലും, അദാനി ഗ്രീൻ സ്റ്റോക്കിന്റെ 5000% വിലക്കയറ്റത്തിൽ എന്ത് കൊണ്ട്ഒ രു തെറ്റും അതിനു കാണാൻ കഴിഞ്ഞില്ല ?

അത് പോലെ തന്നെ അദാനിയുടെ സ്റ്റോക്കിന്റെ പി. ഇ റേഷ്യോ വാല്യൂവിനെ ആസ്പദമാക്കി ബസു മറ്റൊരു ചോദ്യം ചോദിക്കുന്നുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ അദാനി ഗ്രീൻ ഷെയറിന്റെ വില 5000 ശതമാനത്തിലധികം ഉയർന്ന് 55 രൂപയിൽ നിന്ന് 3,000 രൂപയായി; രണ്ട് വർഷത്തിനുള്ളിൽ അദാനി ട്രാൻസ്മിഷൻ 1500% ഉയർന്ന് 250 രൂപയിൽ നിന്ന് 4,000 രൂപയായി; അദാനി ടോട്ടൽ ഗ്യാസ് 2.5 വർഷത്തിനുള്ളിൽ 3800% വളർച്ച നേടി 100 രൂപയിൽ നിന്ന് 3,900 രൂപയായി; അദാനി എന്റർപ്രൈസസ് 2.5 വർഷത്തിനുള്ളിൽ 175 രൂപയിൽ നിന്ന് 4,000 രൂപയായി 2200% ഉയർന്നു.

പി. ഇ റേഷ്യോ എന്നാൽ price to earning ratio . സ്റ്റോക്ക് മാർക്കറ്റിലെ ഒരു കമ്പനിയുടെ ഒരു ഷെയറിന്റെ വിലയും ഓരോ ഷെയറിലും ആ കമ്പനി നേടിയ പൈസയും തമ്മിലുള്ള അനുപാതമാണ് ഇത്. ലേഖനം എഴുതുന്ന സമയത്ത് അദാനി എന്റർപ്രൈസിന്റെ പി.ഇ റേഷ്യോ വാല്യൂ 427 ആയിരുന്നു. അങ്ങനെയെങ്കിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ P/E മൂല്യം 400 ആയിരുന്നെങ്കിൽ, ഇന്നത്തെ അതിന്റെ മാർക്കറ്റ് ക്യാപ് അതിന്റെ 16 ഇരട്ടിയായിരിക്കും, കൂടാതെ മുകേഷ് അംബാനി 1.38 ട്രില്യൺ യുഎസ് ഡോളർ (ട്രില്യൺ) ആസ്തിയുള്ള ലോകത്തിലെ ആദ്യത്തെ ട്രില്ല്യണയർ ആകുമായിരുന്നു! ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ഇൻഫോസിസും സമാനമായ മൂല്യമുണ്ടെങ്കിൽ, ബിഎസ്ഇ സെൻസെക്‌സ് 60,000-ന് പകരം 8-10 മടങ്ങ് ഉയർന്ന് 480,000 മുതൽ 600,000 വരെ ആയിരിക്കും. മറുവശത്ത്, അദാനിയുടെ ഓഹരികൾ ടിസിഎസ് അല്ലെങ്കിൽ റിലയൻസ് ഇൻഡസ്ട്രീസിന്റേത് പോലെ ശരിയായി വിലമതിക്കുകയാണെങ്കിൽ, ഗൗതം അദാനിയുടെ ഏറ്റവും ഉയർന്ന ആസ്തി ഏതാനും ബില്യൺ ഡോളർ മാത്രമായിരിക്കും

ലേഖനത്തിന്റെ ലിങ്ക്

2016 മുതൽ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുന്നുണ്ടെന്ന ആരോപണങ്ങൾ വസ്തുതാപരമായി അടിസ്ഥാനരഹിതമാണെന്ന് സെബി മെയ് 15 2023 നു സുപ്രീം കോടതിയെ അറിയിച്ചു. ഈ ആരോപണം അല്ലെങ്കിൽ വാദഗതി ഉണ്ടാക്കിയത് കേന്ദ്ര സർക്കാർ ആണ്. തൃണമൂൽ എം.പിയായ മഹുവ മൊയ്ത്രയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സർക്കാർ ഇങ്ങനെ പാർലിമെന്റിൽ പറഞ്ഞത്. അദാനി സ്റ്റോക്കുകൾ അന്വേഷിക്കുന്ന തങ്ങളുടെ ജോലി ചെയ്യുന്നതിന്റെ പേരിൽ ‘ആരോപിക്കപ്പെടുന്നത്’ അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് സെബി കരുതുന്നത് എന്തുകൊണ്ട്? മെയ് 20 നു മണിലൈഫിൽ എഴുതിയ ലേഖനത്തിൽ സുചേതാ ദലാൽ മറ്റു ചില കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ ചുറ്റിപ്പറ്റിയും അതുണ്ടാക്കിയ മാർക്കറ്റ് തകർച്ചയിലും അന്വേഷണം പരിമിതപ്പെടുത്താൻ സെബി ആഗ്രഹിക്കുന്നു. സമാനമായ അന്വേഷണങ്ങൾക്കായി മറ്റ് റെഗുലേറ്റർമാർ, പ്രത്യേകിച്ച് യുഎസിലെ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്‌ഇസി) എടുത്ത സമയവുമായി താരതമ്യപ്പെടുത്തി അന്വേഷണം പൂർത്തിയാക്കാൻ അധിക സമയത്തിനായി സെബി ശ്രമിച്ചു. വാർഷിക റിപ്പോർട്ടുകൾ, കരാറുകൾ, പ്രവൃത്തികൾ, വായ്പകൾ, ആസ്തികൾ, കൈമാറ്റങ്ങൾ, കരാറുകൾ, ബോർഡ് മിനിറ്റുകൾ, സ്റ്റേറ്റ്‌മെന്റുകൾ, വിദേശ റെഗുലേറ്റർമാരിൽ നിന്നുള്ള വിവരങ്ങൾ എന്നിവ പോലുള്ള വലിയ ഡാറ്റയും അത് നേടേണ്ടതും പഠിക്കേണ്ടതുമായ വിശദാംശങ്ങളും കോടതിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉണ്ട്.

രണ്ട് പ്രശ്നങ്ങൾ ഒഴിച്ച്‌ ഇതെല്ലാം വളരെ ശ്രദ്ധേയമാണ്. ഒന്നാമതായി, ഇന്ത്യയിലെ അന്വേഷണ ഏജൻസികളും റെഗുലേറ്റർമാരും സാധാരണയായി വളരെ കർശനമായ സമയപരിധിക്കുള്ളിൽ 'നോട്ടീസ്' അല്ലെങ്കിൽ 'കുറ്റവാളിയിൽ' നിന്ന് അവർ ആഗ്രഹിക്കുന്ന കൃത്യമായ ഫോർമാറ്റിൽ ഡാറ്റയും വിവരങ്ങളും ആവശ്യപ്പെടുന്നു. അതിനാൽ ഇത് എളുപ്പത്തിൽ ചെയ്യാം. രണ്ടാമതായി, ഷോർട്ട് സെല്ലർ റിപ്പോർട്ടുകളെത്തുടർന്ന് യുഎസ് എസ്ഇസി 56 അന്വേഷണങ്ങൾ നടത്തി, 13 കേസുകളിൽ മാത്രമാണ് നടപടിയെടുത്തതെന്നും ഈ അന്വേഷണത്തിന് ഒമ്പത് മാസം മുതൽ അഞ്ച് വർഷം വരെ ശരാശരി രണ്ട് വർഷം വരെ എടുത്തെന്നും സെബിയുടെ സത്യവാങ്മൂലം പറയുന്നു.എന്നാൽ ഗുരുതര പ്രശ്നങ്ങളിൽ യു.എസ്. എസ്. ഇ.സി ത്വരിത വേഗത്തിൽ അന്വേഷണം നടത്താറുണ്ട്. എന്നാൽ സെബി ഇതിനു നേരെ വിപരീതമായിട്ടാണ് പ്രവർത്തിക്കുകയെന്നു നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചു കോ ലൊക്കേഷൻ സ്‌കാം വിഷയത്തിൽ തെളിയിച്ചിരുന്നു.

ഹിൻഡൻബർഗ്ഗ് ഉന്നയിക്കുന്ന ഒരു ആരോപണം മിനിമം പബ്ലിക്ക് ഹോൾഡിങ് ഇല്ലാത്തതാണ്. 2014 വരെ, വിദേശ പോർട്ടഫോളിയോ നിക്ഷേപകർക്ക് ഓരോ എഫ്പിഐയിലും ( foreign portfolio investment ) സാമ്പത്തിക താൽപ്പര്യമുള്ള വ്യക്തിയെ വെളിപ്പെടുത്തേണ്ടതുണ്ട്. ഏകദേശം 2017 മുതൽ, ഈ നിയമങ്ങൾ വളരെ ഭാരമേറിയതാണെന്നു പറഞ്ഞു ബഹളം ഉണ്ടായിട്ടുണ്ട്, നിയമങ്ങൾ പരിശോധിക്കാൻ എച്ച്ആർ ഖാന്റെ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഡെപ്യൂട്ടി ഗവർണർ) ഒരു കമ്മിറ്റി രൂപീകരിച്ചു. പൊതുജനാഭിപ്രായത്തിനായി 65 പേജുള്ള ഒരു റിപ്പോർട്ട് ചർച്ച ചെയ്യാനായി അത് പുറത്തിറക്കി. സെൻട്രൽ ബാങ്കിൽ നിന്ന് പ്രത്യേക ഇൻപുട്ടുകൾ തേടുകയും വിവിധ അന്വേഷണ-നികുതി അധികാരികളും അവരുടെ അഭിപ്രായങ്ങളും ചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്തു.

അവസാനമായി, ലളിതവൽക്കരണത്തിന്റെ പേരിൽ നിയമങ്ങൾ മാറ്റിയപ്പോൾ, ഇന്ത്യയിലെ എഫ്‌പിഐ നിക്ഷേപം കൈകാര്യം ചെയ്യുന്നവർക്കു മാത്രമേ ഒരു പ്രത്യേക ക്ലോസ് (opaque structures ’ എന്നതിൽ) ഉപേക്ഷിക്കുന്നതിന്റെ പ്രത്യാഘാതവും അത് സൃഷ്‌ടിച്ച വിടവുകളും മനസ്സിലായത്. നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. 2018-ൽ എഫ്പിഐ നിയമങ്ങൾ മാറ്റുന്നതിനുള്ള പ്രക്രിയ ആരംഭിച്ചത് ആരാണ്, ഒരു ചർച്ചാ പേപ്പറിൽ പ്രക്രിയ ആരംഭിച്ചപ്പോൾ? സർക്കാരിൽ നിന്ന് എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടായിരുന്നോ ?

മണി ലൈഫിലെ ലേഖനത്തിലേക്കുള്ള ലിങ്ക്

ഹിൻഡൻബർഗ്ഗ് വിവാദങ്ങൾ നടക്കുമ്പോൾ അദാനിയുമായി ബന്ധപ്പെട്ട വിക്കിപ്പീഡിയ പേജുകൾ തന്ത്രപൂർവം എഡിറ്റ് ചെയ്യാൻ ഗൗതം അദാനിയുടെ ടീം ശ്രമിച്ചു എന്ന ആരോപണം വിക്കിപീഡിയയുടെ തന്നെ പത്രമായ സൈൻപോസ്റ്റ് ഉന്നയിച്ചിരുന്നു. അതിൽ മലയാളി സോക്ക് പപ്പറ്റുകൾ ( പൈസയ്ക്ക് വേണ്ടി വിക്കിയിൽ എഡിറ്റിംഗ് ചെയ്യുന്നവർ ) ഉണ്ടായിരുന്നു.

ലിങ്ക്

ഹിൻഡൻബർഗിന്റെ റിപ്പോർട്ടിൽ ചുങ്-ലിങ് നാല് തവണ പരാമർശിക്കപ്പെട്ടു, ആദ്യം ഗുഡാമി ഇന്റർനാഷണൽ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരു ഡയറക്ടറായി. 2002-ലെ അദാനി എന്റർപ്രൈസസിന്റെ സ്വന്തം വെളിപ്പെടുത്തൽ ഉദ്ധരിച്ച് ഹിൻഡൻബർഗിന്റെ റിപ്പോർട്ട് അനുസരിച്ച്, ചുങ്-ലിംഗ് ഒരു റിലേറ്റഡ് പേഴ്സൺ ആണ്. എന്തുകൊണ്ടാണ് ഗുഡാമി പ്രധാനമായിരിക്കുന്നത്? അഗസ്റ്റ വെസ്റ്റ്‌ലാൻഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതിയിൽ ഉൾപ്പെട്ട മൂന്ന് സിംഗപ്പൂർ കമ്പനികളിൽ ഒന്നായി ഇത് 2013-ൽ ശ്രദ്ധയിൽപ്പെട്ടു. കൂടാതെ, മോണ്ടെറോസ ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്‌സിന്റെ പല ഫണ്ടുകളിലും ഗുഡാമി ഒരു നിക്ഷേപകനാണ്, ഇത് ഏകദേശം 4.5 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള അദാനി ഗ്രൂപ്പിന്റെ ഒന്നിലധികം സ്ഥാപനങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്. വീണ്ടും, ഹിൻഡൻബർഗ് റിപ്പോർട്ടിൽ, ഗ്രോമോർ ട്രേഡ് ആന്റ് ഇൻവെസ്റ്റ്‌മെന്റുമായുള്ള ബന്ധവുമായി ബന്ധപ്പെട്ട് ചുങ്-ലിംഗിനെ പരാമർശിച്ചിട്ടുണ്ട്, അത് പിന്നീട് 2021-ൽ അദാനി പവറിൽ ലയിച്ചു, 423 മില്യൺ യുഎസ് ഡോളർ ലാഭം നേടി. 'അദാനി കുടുംബത്തിന്റെ അടുത്ത വ്യക്തിയുടെ നിയന്ത്രണത്തിലുള്ള അതാര്യമായ സ്വകാര്യ സ്ഥാപനത്തിന് വൻതോതിലുള്ള നേട്ടം' എന്നാണ് റിപ്പോർട്ട് ഇതിനെ വിശേഷിപ്പിച്ചത്.

ഹിൻഡൻ ബർഗിന് ശേഷം കോൺഗ്രസ് ആരംഭിച്ച ഒരു രാഷ്ട്രീയ ചോദ്യത്തോര പരിപാടിയാണ് Ham Adani Ke Hain Kaun ( HAHK ) . ഒരു ഹിന്ദി സിനിമയെ ഓർമിപ്പിക്കുന്ന ഈ പരിപാടിയുടെ 23 ആം പതിപ്പിൽ അഗസ്റ്റ വെസ്റ്റ്ലാന്റിനെ കുറിച്ച് ജയറാം രമേശ് ചോദ്യം ഉന്നയിക്കുന്നുണ്ട്. " അഗസ്റ്റ വെസ്റ്റ്‌ലാൻഡിന്റെ മാതൃ കമ്പനിയായ ഫിൻമെക്കാനിക്കയ്‌ക്കെതിരെ (പിന്നീട് ലിയോനാർഡോ) യുപിഎ സർക്കാർ സജീവമായ നടപടി സ്വീകരിച്ചു. i 2013 ഫെബ്രുവരി 12-ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചു, 2014 ജനുവരി 1-ന് ഹെലികോപ്റ്റർ കരാർ അവസാനിപ്പിക്കുകയും 2014 ഓഗസ്റ്റ് 26-ന് ഭാവിയിലെ ഇന്ത്യൻ സൈനിക ടെൻഡറുകളിൽ നിന്ന് ലിയോനാർഡോയെ തടയുകയും ചെയ്തു. എന്നിട്ടും 2021 നവംബർ 14-ന് സർക്കാർ അതിന്റെ നിരോധനം നീക്കി. കൈക്കൂലിയും അഴിമതിയും ആരോപിക്കപ്പെടുന്ന ഒരു കമ്പനിയുടെ നിരോധനം നിങ്ങൾ നീക്കിവെച്ചത് എന്തുകൊണ്ടാണ്, കേസ് ? സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്ത് അദാനി ഗ്രൂപ്പിന്റെ പ്രതിരോധ മേഖലയിലെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ നിങ്ങൾ വീണ്ടും ശ്രമിക്കുന്നുണ്ടോ? 2021 ഒക്ടോബർ 29-ന് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുമായുള്ള നിങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ലിയോനാർഡോയുടെ വിലക്ക് നീക്കി. വിജയകരമായ ഒരു മീറ്റിംഗിന് വഴിയൊരുക്കുന്നതിന്, ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയതിന് രണ്ട് ഇറ്റാലിയൻ നാവികർക്കെതിരായ എല്ലാ കുറ്റങ്ങളും നിങ്ങൾ ഒഴിവാക്കി. ഇന്ത്യൻ പ്രതിരോധ ഇടപാടുകളിലെ അഴിമതി അന്വേഷിക്കാനോ ഇന്ത്യൻ പൗരന്മാരോട് നീതി പുലർത്താനോ ഉള്ള നിങ്ങളുടെ ആഗ്രഹത്തേക്കാൾ ശക്തമാണോ വിദേശ നേതാക്കളുടെ അംഗീകാരം എന്ന നിങ്ങളുടെ ആഗ്രഹം? ഇറ്റാലിയൻ പ്രതിരോധ കമ്പനികളുമായി അദാനി ഗ്രൂപ്പ് ഇടപാടുകളിൽ ഏർപ്പെടുന്നത് നമ്മൾ ഇപ്പോൾ കാണുമോ ? "

HAHK യുടെ മുഴുവൻ ചോദ്യങ്ങൾ

നമ്മൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത് മഞ്ഞു മലയുടെ അറ്റം മാത്രമാണ്. ഒരുപാട് സംഭവങ്ങളെ കൂട്ടിവായിച്ചിട്ട് വേണം അനുമാനങ്ങളും അഭിപ്രായങ്ങളും രൂപീകരിക്കാൻ. എന്തായാലും പുതിയ OCCRP റിപ്പോർട്ട് എങ്ങനെ രാഷ്ട്രീയത്തെ സ്വാധീനിക്കും എന്ന് നോക്കാം.

(ലേഖകൻ ഡൽഹി യുണിവേഴ്സിറ്റിയിലെ എം. എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയും എ.ഐ.എസ്.എഫ് കേരള സംസ്ഥാന കമ്മിറ്റി അംഗവുമാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT