Opinion

ഹലാല്‍ ലവ് സ്റ്റോറിക്ക് സ്റ്റാനിസ്‌ളാവിസ്‌കിയെ ഉപേക്ഷിക്കേണ്ടിവന്നതെവിടെ?

ഹലാല്‍ ലവ് സ്റ്റോറി എന്ന സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും സാമൂഹിക നിലപാടുകളെക്കുറിച്ചും ആഷ്‌ലി.എന്‍.പിയുടെ വായന

'ഹലാല്‍ ലവ് സ്റ്റോറി' (halal love story) എന്ന സിനിമയിലെ ഹീറോ റഷ്യന്‍ നാടകാചാര്യന്‍ കോണ്‍സ്റ്റാനിന്‍ സ്റ്റാനിസ്‌ളാവ്‌സ്‌കി ആണ്. സ്റ്റാനിസ്‌ളാവിസ്‌കിയുടെ An Actor Prepares നാട്ടിലെ ലൈബ്രറിയില്‍ നിന്ന് എടുത്തു വായിക്കുന്ന സുഹ്റ (ഗ്രേസ് ആന്റണി), സ്റ്റാനിസ്‌ളാവിസ്‌കിയന്‍ സങ്കേതമുപയോഗിച്ചു അഭിനയപരിശീലനം നടത്തുന്ന ഹസീന (പാര്‍വതി)യുടെ ക്ലാസില്‍ വെച്ച് തന്റെ അബോധമണ്ഡലത്തില്‍ മറഞ്ഞു കിടന്നിരുന്ന ഭര്‍ത്താവ് ഷെരീഫ് (ഇന്ദ്രജിത്ത്) ചെയ്ത ഒരു നെറികേടിനെപ്പറ്റി ഓര്‍ത്തെടുത്തു പറഞ്ഞു പോവുന്നിടത്താണ് കഥയില്‍ നാടകീയത ഉള്ളത്.

അഭിനയം പുറത്തുകാണുന്നവരോട് പറയുന്നത് മാത്രമല്ല; ഓരോ നീക്കത്തിലും സ്വന്തത്തോട് ഉദ്ദേശ്യങ്ങള്‍ ഉണ്ടാക്കി നല്‍കി ഉപപാഠങ്ങളിലൂടെ ഉണ്ടാക്കുന്നതാണെന്നതാണ് സ്റ്റാനിസ്‌ളാവിസ്‌കിയുടെ മാനസിക യഥാതഥ്യത്തിന്റെ (സൈക്കോളജിക്കല്‍ റിയലിസം) അടിസ്ഥാന ആശയം. കാണികളോട് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ഒരു കഥ വേണം, അങ്ങിനെയാണ് ദൃശ്യപരമായ സത്യം (scenic truth), അതിന്റെ ഒരു വ്യവസ്ഥ (system) ഉണ്ടാവുന്നത് എന്നതാണ് ആശയം.

സിനിമയ്ക്കുള്ളിലെ സിനിമക്ക് 'മൂന്നാമതും ഉമ്മ' എന്നൊരു കളിയാക്കപ്പെടുന്ന പേരും സന്ദേശവുമല്ലാതെ വേറെ കഥയൊന്നും വ്യക്തമല്ല. സിനിമ ചെയ്യുക എന്നതല്ലാതെ സിനിമയിലൂടെ എന്ത് പറയണം എന്ന് റഹീം സാഹിബോ ( നാസര്‍ കറുത്തേനി) തൗഫീഖോ (ഷറഫുദ്ധീന്‍) സിറാജ് പോലുമോ (ജോജു ജോര്‍ജ്) കാര്യമായി ആലോചിച്ചിട്ടുണ്ട് എന്നതിന് സിനിമയില്‍ തെളിവുകളൊന്നുമില്ല. ചില കാര്യങ്ങള്‍ പറയാന്‍ വേണ്ടിയുള്ള സീനുകള്‍ മാത്രമേയുള്ളൂ സിനിമയ്ക്കകത്തെ സിനിമയില്‍.

ഒരു പ്രാസ്ഥാനിക കഥയില്ലായ്മ

സിനിമക്കുള്ളിലെ സിനിമക്ക് ഒരു കഥയുണ്ടാവണമെങ്കില്‍ ആ കഥ പറയാന്‍ ശ്രമിക്കുന്ന എന്തെങ്കിലും ഒരു കാര്യം വേണം. അല്ലെങ്കില്‍ രേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഒരു വശം വേണം. 'ഹറാമായ കാര്യങ്ങള്‍ മാത്രം കാണാന്‍ വിധിക്കപ്പെട്ട' നാട്ടുകാര്‍ക്ക് വേണ്ടി 'ഹലാലായ' സിനിമയുണ്ടാക്കാം പക്ഷെ അതില്‍ എന്താണ് കാണിക്കാന്‍ ഉള്ളത് എന്നൊരു ചോദ്യം ഉത്തരമാവശ്യപ്പെടുന്നുണ്ട്.

'ജംഇയ്യത്തുല്‍ ഇഖ്വാന്‍ അല്‍വത്തന്‍, കേരള' (ദേശീയ ഭ്രാതൃസംഘടന എന്ന് ഏകദേശ പരിഭാഷ) എന്ന പ്രസ്ഥാനത്തിന്റെ ഓഫീസ് ആദ്യഭാഗത്തു പാട്ടില്‍ മാത്രമേ കാണിക്കുന്നുള്ളുവെങ്കിലും ചിത്രത്തില്‍ നിറഞ്ഞ സാന്നിധ്യമാണ്. ഈ 'പ്രസ്ഥാനം' ഏതാണെന്നു സൂചന നല്‍കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസഷന്‍ (SIO) യുടെ ബാനര്‍ സഹായിക്കുന്നുണ്ട്.

സിനിമ മനസ്സിലാക്കണമെങ്കില്‍ പല വിവരങ്ങളും കാണികള്‍ പുറത്തു നിന്ന് കൊണ്ടുവരണം. ആ പരാമര്‍ശങ്ങള്‍ മനസ്സിലാവാതെ പോയാല്‍ സിനിമ ഏതോ നാട്ടിലെ വിചിത്ര മനുഷ്യരെക്കുറിച്ചാണ് എന്നാണ് തോന്നുക. ആ അര്‍ത്ഥത്തില്‍ സിനിമയുടെ മനോമണ്ഡലം ഒട്ടും പൂര്‍ണമല്ല.
ആഷ്‌ലി.എന്‍.പി
ഹലാല്‍ ലൗ സ്റ്റോറി

സിനിമ മനസ്സിലാക്കണമെങ്കില്‍ പല വിവരങ്ങളും കാണികള്‍ പുറത്തു നിന്ന് കൊണ്ടുവരണം. ആ പരാമര്‍ശങ്ങള്‍ മനസ്സിലാവാതെ പോയാല്‍ സിനിമ ഏതോ നാട്ടിലെ വിചിത്ര മനുഷ്യരെക്കുറിച്ചാണ് എന്നാണ് തോന്നുക. ആ അര്‍ത്ഥത്തില്‍ സിനിമയുടെ മനോമണ്ഡലം ഒട്ടും പൂര്‍ണമല്ല. പല രാഷ്ട്രീയവിഷയങ്ങളെയും കൈകാര്യം ചെയ്തിട്ടും സക്കറിയയുടെ ആദ്യ ചിത്രം 'സുഡാനി ഫ്രം നൈജീരിയ' അനുഭവത്തോടും കഥാപാത്രങ്ങളോടും പുലര്‍ത്തിയ നിഷ്‌കര്‍ഷയാണ് മലയാളത്തിലെ തന്നെ എണ്ണം പറഞ്ഞ ചിത്രങ്ങളില്‍ ഒന്നായി ആ സിനിമയെ മാറ്റിയത്. അക്കാര്യത്തില്‍ സ്റ്റാനിസ്‌ളാവിസ്‌കി ഇവിടെ ഉപേക്ഷിക്കപ്പെട്ടതായാണ് കാണുന്നത്.

പ്രസ്ഥാനത്തെ പരിഹസിക്കുന്ന ഒരു പാട് രംഗങ്ങള്‍ സിനിമയിലുണ്ട്: 'പൊതു'വായ ആളെ സംവിധായകനായി വിളിക്കുമ്പോള്‍ 'ഷാജിയും, ജോഷിയും, തമ്പി കണ്ണന്താനവും' പറ്റുമെങ്കിലും മുസ്ലിം ആയതു കൊണ്ട് ഫാസിലിനെ 'പൊതു' ആക്കാത്ത കപടവും, ആത്മവിശ്വാസമില്ലാത്തതുമായ പ്രാസ്ഥാനിക പി.ആര്‍ സ്റ്റണ്ടുകള്‍, കള്ളുകുടിയനും,പുകവലിക്കാരനുമായത് കൊണ്ട് മുസ്ലിം ആയ സംവിധായകന്‍ 'പൊതു' ആവുന്നു എന്ന വാദത്തെ കൈയടിച്ചു പാസാക്കുന്ന പ്രാസ്ഥാനിക പ്രാദേശികനേതാക്കള്‍, തൗഫീഖിനു anxiety attack നല്‍കാന്‍ പാകത്തിന് പലതരം സമ്മര്‍ദ്ദവുമായെത്തുന്ന, പടച്ചോനേക്കാള്‍ പേടിയ്‌ക്കേണ്ടി വരുന്ന പടപ്പുകളായ പ്രസ്ഥാനക്കാര്‍, ആഗോളമുതലാളിത്തം വലിച്ചെറിയുക എന്ന് പറയുമ്പോഴും ലോക്കല്‍ മുതലാളിമാരെ കൂടെ കൂട്ടുന്നതിന് തത്വശാസ്ത്രം ചമയ്ക്കേണ്ടി വരല്‍ , 'ആര്‍ക്കും പ്രശ്‌നമില്ലാത്ത സിനിമ എടുക്കുക' എന്നതൊരു രാഷ്ട്രീയ നിലപാടായി അവതരിപ്പിക്കുന്ന തൗഫീഖ് (അമേരിക്കന്‍ പ്രസിഡന്റിനെതിരെ തെരുവുനാടകം നടത്തിയാല്‍ പ്രത്യേകിച്ച് ആര്‍ക്കും കുഴപ്പമൊന്നും ഉണ്ടാവാനില്ലല്ലോ), ഏകപക്ഷീയമായി തന്റെ ചുമതലകള്‍ നിര്‍വഹിച്ചു കഴിഞ്ഞു എന്ന് തീരുമാനിച്ചു പ്രസ്ഥാനം കൊടുത്ത എല്ലാ ബോക്‌സുകളിലും ശരിയിടുന്ന ശരീഫ് തുടങ്ങി പ്രസ്ഥാനത്തിന് പ്രശ്‌നമാവുമെങ്കില്‍ കെട്ടിപ്പിടിക്കേണ്ട എന്ന് വെച്ച് വേണ്ട എന്ന് വെച്ചിട്ടും അയല്പക്കക്കാരുടെയും അന്യസ്ത്രീപുരുഷന്മാരുടെയും മുന്നില്‍ വെച്ച് കെട്ടിപ്പിടിച്ചു പോവുന്ന ദമ്പതികള്‍ വരെ പ്രാസ്ഥാനിക പരിഹാസത്തിന്റെ ഉദാഹരണങ്ങളാണ്. സിനിമയും സിനിമയ്ക്കുള്ളിലെ സിനിമയും മാത്രമല്ല ഈ സിനിമ എടുക്കുന്നവരെയും കൂടി (സക്കറിയയെയും, ഇന്ദ്രജിത്തിനെയും, ഗ്രേസ് ആന്റണിയെയും) കാണാന്‍ തീരുമാനിച്ചാല്‍ ഈ പരിഹാസം വര്‍ധിക്കുകയും ചെയ്യും.

എങ്കിലും സിനിമ ഉണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ ഒരു നിലക്കും മാറ്റുകയോ വളര്‍ത്തുകയോ ചെയ്യാതെയാണ് 'ഒരു ഹലാല്‍ ലവ് സ്റ്റോറി' അവസാനിക്കുന്നത്.

സിനിമയിലെ ഏറ്റവും വലിയ സാന്നിധ്യം പ്രസ്ഥാനമായതുകൊണ്ടാണ് എന്താണ് സിനിമയ്ക്കുള്ളിലെ സിനിമക്ക് പറയാനുള്ളത് എന്ന ചോദ്യം എന്താണ് പ്രസ്ഥാനത്തിന് പറയാനുള്ളത് എന്ന ചോദ്യമായി മാറിപ്പോവുന്നു. അങ്ങിനെയുള്ള പറയാനില്ലായ്മയാണ് ഇവിടെ കഥയില്ലായ്മ ആയി മാറുന്നത്.
ഹലാല്‍ ലൗ സ്റ്റോറി

കാരിക്കേച്ചര്‍ ചെയ്യുമ്പോള്‍ പോലും ഏറ്റവും മാനസികമായ സത്യസന്ധത നടന്‍/നടി പുലര്‍ത്തുകയും അതിന്റെ ആവിഷ്‌കാരം കാണുമ്പോള്‍ കാണികള്‍ക്കുണ്ടാവുന്ന അനുഭൂതിയാവണം കാരിക്കേച്ചര്‍ എന്ന സ്റ്റാനിസ്‌ളാവിസ്‌കിയുടെ ആശയം നാസര്‍ കറുത്തേനിയും ഷറഫുദ്ധീനും നന്നായി ചെയ്തതില്‍ നിന്നാണ് കഥാപാത്രങ്ങളെപ്പറ്റിയും സിനിമയെപ്പറ്റിയുമുള്ള സംശയങ്ങള്‍ ഉണ്ടാവുന്നത്. ഇത് സിനിമയുടെയും നടന്മാരുടെയും വിജയം തന്നെയാണ്.

സിനിമയില്‍ പ്രസ്ഥാനത്തിലുള്ളവര്‍ക്കു എപ്പോഴും പേടിയാണ്. അധികാരം ഏറ്റവും രൂക്ഷമാവുക അതിന്റെ അദൃശ്യതയിലാണ് എന്ന് പറയാറുള്ളത് അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്. പ്രസ്ഥാനത്തിന്റെ ഏറ്റവും മുതിര്‍ന്ന തലത്തിലുള്ളവരെ കാണിക്കുന്നതേ ഇല്ല. പ്രസ്ഥാനത്തെ സദാചാരപരമായി പേടിക്കുന്ന അനുയായികളും മാറി നിന്ന് കാലഹരണപ്പെട്ടതെന്നു പരിഹസിക്കുന്ന സിനിമയും മാത്രമാണ് ബാക്കിയുള്ളത്.

സിനിമയിലെ ഏറ്റവും വലിയ സാന്നിധ്യം പ്രസ്ഥാനമായതുകൊണ്ടാണ് എന്താണ് സിനിമയ്ക്കുള്ളിലെ സിനിമക്ക് പറയാനുള്ളത് എന്ന ചോദ്യം എന്താണ് പ്രസ്ഥാനത്തിന് പറയാനുള്ളത് എന്ന ചോദ്യമായി മാറിപ്പോവുന്നു. അങ്ങിനെയുള്ള പറയാനില്ലായ്മയാണ് ഇവിടെ കഥയില്ലായ്മ ആയി മാറുന്നത്.

മുസ്ലിം ലീഗ് കേരളത്തില്‍ സ്ഥാപിക്കപ്പെട്ട 1948 ഇല്‍ തന്നെ സ്ഥാപിക്കപ്പെട്ടെങ്കിലും ഇന്നും കേരളത്തിലെ ഏറ്റവും ശുഷ്‌കമായ പ്രവര്‍ത്തകരും അണികളും ഉള്ള മുസ്ലിം സംഘടനയാണ് ജമാഅത്തെ ഇസ്ലാമി (പഴയ നക്സലൈറ്റ്കാരെപ്പോലെ ചര്‍ച്ചകളില്‍ സജീവമായത് കൊണ്ട് കാണാനുണ്ടാവുമെങ്കിലും). 1975ല്‍ അടിയന്തിരാവസ്ഥയില്‍ ആര്‍.എസ്.എസിനൊപ്പം ഇന്ദിരാഗാന്ധി നിരോധിക്കുന്നത് വരെ ഇസ്ലാമിക രാഷ്ട്രം ഉണ്ടാവാന്‍ പ്രവര്‍ത്തിക്കുക മുസ്ലിങ്ങളുടെ വിശ്വാസപരമായ ബാധ്യത ആണെന്നും സര്‍ക്കാര്‍ വിദ്യാഭ്യാസങ്ങളില്‍ പഠിക്കുകയും സര്‍ക്കാര്‍ ജോലികള്‍ ചെയ്യുകയും ചെയ്യുന്നത് ഹറാമാണെന്നുമുള്ള ജമാഅത്തെ ഇസ്ലാമി സ്ഥാപകന്‍ മൗലാനാ മൗദൂദിയുടെ സിദ്ധാന്തങ്ങള്‍ ഉണ്ടായിരുന്ന കൂട്ടരായിരുന്നു . രാഷ്ട്രീയമോ സാമൂഹികവികസനമോ നിഷിദ്ധം ആയിരുന്നത് കൊണ്ട് പൊതുസമൂഹവും മുസ്ലിംസംഘടനകളും മുസ്ലിം ജനസാമാന്യവും ഇവരെ മാറ്റി നിര്‍ത്തി.

1977 ഇല്‍ മതേതര ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു എന്ന് നിലപാട് മാറ്റി നിരോധനത്തില്‍ നിന്ന് വിടുതല്‍ നേടിയ ജമാഅത്തെ ഇസ്ലാമിക്കാര്‍ പക്ഷെ, മൗലാന മൗദൂദിയുടെ മുസ്ലിം ഭൂരിപക്ഷതാ വാദത്തെ തള്ളിപ്പറയാനും ഇസ്ലാമിക രാഷ്ട്രം എന്ന ആശയത്തെ നിഷേധിക്കാനും തയാറായില്ല. പകരം ഗാന്ധിയുടെ രാമരാജ്യം പോലെയാണ് തങ്ങളുടെ ഇസ്ലാമിക രാഷ്ട്രം എന്നൊക്കെ സിദ്ധാന്തം രചിക്കാനാണു ശ്രമിച്ചത്. അതേസമയം പാകിസ്താനിലും ബംഗ്ലാദേശിലും മുസ്ലിം ഗോള്‍വാള്‍ക്കറിസം ആയാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തിച്ചത്. അങ്ങിനെ അവരുടെ രാഷ്ട്രീയ ദര്‍ശനം എന്താണെന്നു അവര്‍ക്കു തന്നെ നിശ്ചയമില്ലാതായി.

പഴയകാല ജമാഅത്തെ ഇസ്ലാമിയുടെ പുസ്തക പ്രസിദ്ധീകരണശാലയായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിനെക്കുറിച്ചു പറഞ്ഞു കേള്‍ക്കുന്ന ഒരു തമാശയുണ്ട്: IPH എല്ലാ പുസ്തകവും 3000 കോപ്പി അടിക്കും. ആ പുസ്തകങ്ങളുടെ കോപ്പി ആദ്യ ആഴ്ച തന്നെ വിറ്റു തീരും. പിന്നെ ആ പുസ്തകം അച്ചടിക്കില്ല. കാരണം ആ മൂവായിരം പേരല്ലാതെ ആരും അത് വാങ്ങില്ല. ഇങ്ങനെ പുസ്തകം വായിച്ചു ഇസ്ലാമിക രാഷ്ട്രം കൊണ്ട് വരണം എന്ന് വിചാരിക്കുന്നവരെ പരിഹസിച്ചു 'സാത്വിക ജമാഅത്തുകാര്‍' എന്ന് വിളിച്ചു കേട്ടിട്ടുണ്ട്. അത്രയും അന്തര്‍മുഖമായിരുന്നു പ്രസ്ഥാനം എന്നര്‍ത്ഥം.

1989 ഇല്‍ മാധ്യമം പത്രം തുടങ്ങി ജമാഅത്തെ ഇസ്ലാമി പൊതുസമൂഹവുമായി സംവദിക്കാന്‍ ആരംഭിച്ചതോടെ സാമ്രാജ്യത്വ വിരോധപ്രകടനങ്ങള്‍, പരിസ്ഥിതി സമരം, ആദിവാസി സമരങ്ങള്‍ എന്നിവയില്‍ ഇവര്‍ പങ്കുകാരായി. രാഷ്ട്രീയമായി അന്നൊന്നും മുസ്ലിം ലീഗ് അടുപ്പിക്കാത്തതിനാല്‍ എപ്പോഴും ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കേണ്ട അവസ്ഥയായി. പ്രദര്‍ശിപ്പിക്കുന്ന കാര്യങ്ങള്‍ക്കു ഒരു ഉപപാഠം (subtext) വേണമെന്ന സ്റ്റാനിസ്ലാവിസ്‌കിയന്‍ സിദ്ധാന്തത്തിന്റെ പാരഡി ആയി പിന്നെയുള്ള ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ജീവിതം: പ്രസ്ഥാനക്കാര്‍ക്കു ഒന്നും, പുറം ലോകത്തിനു വേറൊന്നും. ഇവ പരസ്പരം ഉപപാഠം അല്ല വിരുദ്ധപാഠം ആയിരുന്നു എന്ന് മാത്രം.

കേരളത്തിലെ ജമാഅത്തെ ഇസ്ലാമി സാമ്രാജ്യത്വ വിരുദ്ധരാവുമ്പോള്‍, കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ടു ചെയ്തുകൊണ്ടിരുന്നപ്പോള്‍ തങ്ങള്‍ ഇനിയും തള്ളിപ്പറഞ്ഞിട്ടില്ലാത്ത സ്ഥാപകന്‍ മൗലാനാ മൗദൂദി പട്ടാള സ്വേച്ഛാധിപതി സിയ ഉല്‍ ഹഖിനും അമേരിക്കക്കുമൊപ്പം ചേര്‍ന്ന് യു. എസ്. എസ്. ആറിന്റെ അഫ്ഘാന്‍ അധിനിവേശത്തിനെ വിശ്വാസികള്‍ക്കെതിരെയുള്ള കമ്മ്യൂണിസ്റ്റുകളുടെ അക്രമമായി പരിഭാഷപ്പെടുത്തി യുദ്ധം നടത്തുവാന്‍ രാഷ്ട്രീയ ഇസ്ലാമിന്റെ ചട്ടക്കൂട് നല്‍കിയ ആളാണെന്നതിനെപ്പറ്റി അവര്‍ക്കു മൗനം പാലിക്കേണ്ടി വന്നു. ഇന്ത്യയില്‍ ഹിന്ദുത്വത്തിനെതിരെ എന്ന് പറയുമ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിഭജനശേഷമുണ്ടായ ആദ്യ വര്‍ഗീയകലാപമായ അഹമ്മദി വിരുദ്ധ കലാപത്തില്‍ പാകിസ്ഥാന്‍ കോടതി ശിക്ഷിച്ച ഒരാളെ മുമ്പില്‍ വെച്ച് കൊണ്ടാണ് അവര്‍ക്കു മതേതരത്വം പറയേണ്ടി വന്നത്. സ്ത്രീകളെ വീട്ടില്‍ അടക്കി നിര്‍ത്തണം എന്ന് പറയുന്ന 'പര്‍ദ്ദ' എന്ന പുസ്തകമിരിക്കെത്തന്നെ പുറത്തിറങ്ങിയ പെണ്ണുങ്ങള്‍ക്ക് ഇടം നല്‍കേണ്ട ആവശ്യകതയും അവര്‍ക്കു വന്നു. ഇസ്ലാം മതം ഒരു രാഷ്ട്രമാണെന്നും അതിനാല്‍ മതത്തെ പരിത്യജിക്കുന്നവര്‍ രാജ്യത്തെ തള്ളിപ്പറയുന്ന രാജ്യദ്രോഹികളാണെന്നും അതിനാല്‍ മതപരിത്യാഗിയെ കൊല്ലണം എന്നുമുള്ള യൂറോപ്യന്‍ റിഫോര്‍മേഷന്‍ കാലത്തു കേട്ടിരുന്ന രീതിയെ അപ്പാടെ പകര്‍ത്തി എഴുതിയ 'മുര്‍തദ്ദ് കി സസാ ഇസ്ലാമി കാനൂന്‍ മേം' (മതപരിത്യാഗിക്കു ഇസ്ലാമിക നിയമത്തില്‍ ഉള്ള ശിക്ഷ) എന്ന പുസ്തകം മാത്രം മലയാളത്തിലേക്ക് ഒരിക്കലും അവര്‍ക്കു പരിഭാഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ദളിത്-ആദിവാസി സമരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കുമ്പോഴും 'ലോകം ഒരിക്കല്‍ തങ്ങള്‍ ഭരിച്ചിരുന്നു, ഇനിയും ഞങ്ങള്‍ക്ക് തന്നെ ഭരണം വേണം' എന്ന തത്വവുമായി നടക്കുന്ന മേല്‍ജാതി കോംപ്ലക്‌സ് കൊണ്ട് നടന്നിരുന്ന ഒരാളെ സ്ഥാപകനായി കൊണ്ട് നടക്കുക! അങ്ങിനെ പ്രകടന വൈരുധ്യങ്ങളുടെ (performative contradictions) ഒരു ഘോഷയാത്ര. സ്റ്റാനിസ്‌ളാവിസ്‌കിയുടെ സൈക്കോളജിക്കല്‍ റിയലിസം, അതിന്റെ സ്വന്തത്തിലേക്കു ആഴ്ന്നിറങ്ങാനുള്ള ആവശ്യം ഈ പ്രസ്ഥാനക്കാര്‍ക്കു ഒരു ദുരന്തമായിരിക്കും. അത് കൊണ്ട് സിനിമയിലെയും സിനിമയ്ക്കുള്ളിലെ സിനിമയിലെയും പ്രശ്‌നം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ധാരണയുടെതാക്കി പരിഭാഷപ്പെടുത്തുകയല്ലാതെ വേറെ വഴിയില്ല. ഈ ശൂന്യതയും ആശയക്കുഴപ്പവും എടങ്ങേറും സിനിമ ഒപ്പിയെടുക്കുന്നുണ്ട്. പക്ഷേ അതിന്റെ 'എന്ത് കൊണ്ട്' എന്ന ഭാഗത്തേക്ക് കടക്കാനുള്ള വൈകാരിക സത്യസന്ധതയോ കലാപരമായ ധീരതയോ സംവിധായകനില്‍ നിന്നുണ്ടാവുന്നില്ല. അങ്ങിനെ ഒരു ഭാഗത്തു മൗനവും മറുഭാഗത്ത് കാരിക്കേച്ചറും ചേര്‍ത്ത് ഒരു ഹലാലിന്റെ അവിലും കഞ്ഞി ആയി സിനിമ.

ജമാഅത്തെ ഇസ്ലാമിക്ക് മുമ്പില്‍ രണ്ടു വഴികള്‍ ഉണ്ടായിരുന്നു: ഒന്ന്, ഇന്ത്യയുടെ ഭരണഘടനയിലും മതേതരത്വത്തിലും സാമൂഹ്യ വികസനത്തിലും വിശ്വസിച്ചു കൊണ്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ചെയ്ത പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുക. അപ്പോള്‍ അന്നോളം ലീഗിനെപ്പറഞ്ഞ കുറ്റവും ചീത്തയും പിന്‍വലിക്കുകയും മൗലാനാ മൗദൂദിയെ പൂര്‍ണമായും തള്ളിക്കളയുകയും വേണ്ടി വരും. രണ്ടാമത്തെ വഴി ആത്മഹത്യാപരവും അപകടകരവും ആണ്. തങ്ങളുടെ സ്ഥാപകന്റെ ആശയം മുറുകെപ്പിടിച്ചു മുന്നോട്ടു പോവുക. ഇവ രണ്ടും വിരുദ്ധ ചേരികളിലാണ്. രണ്ടും കൂടി ഒരുമിച്ചു കൊണ്ട് പോവാന്‍ നോക്കിയാല്‍ എത്തിപ്പെടുന്ന ആശയപരമായ അന്ധാളിപ്പിലാണ് ഇന്നാ പ്രസ്ഥാനം നില്‍ക്കുന്നത്. അവിടെയാണ് സിനിമയ്ക്കുള്ളിലെ സിനിമക്ക് കഥ തന്നെ ഇല്ലാതായിപ്പോയതും.

ആഷ്‌ലി.എന്‍.പി.

ഈ ചിത്രത്തില്‍ മൂന്ന് സ്ഥലത്ത് മാത്രമേ മറ്റു മുസ്ലിം വിഭാഗങ്ങളെ വ്യക്തമായി കാണിക്കുന്നുള്ളു. റഹീം സാഹിബ് പാലം കടക്കുമ്പോള്‍ കാണുന്ന വെളുത്ത തലപ്പാവും വെള്ളത്തുണിയുമുടുത്ത കൊച്ചു മൊയ്‌ല്യാരുകുട്ടികള്‍ ( വേഷം ഇവര്‍ സുന്നി വിഭാഗക്കാരാണ്), അഭിനയിക്കുമോ എന്ന് ചോദിച്ചു ചെന്നതിനു ചീത്തപറഞ്ഞു ഇറക്കിവിടുന്ന പ്രസ്ഥാനക്കാരന്റെ 'പ്രസ്ഥാനക്കാരിയല്ലാത്ത' വീട്ടുകാരി, റഹീം സാഹിബും തൗഫീഖും ബൈക്കില്‍ കയറി പോകുന്ന ബസ് സ്റ്റോപ്പില്‍ ഒട്ടിച്ചു വെച്ച മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ MSF ഇന്റെ പോസ്റ്ററുകള്‍ (ബസ് സ്റ്റോപ്പില്‍ രണ്ടു വയസായ ആള്‍ക്കാരുണ്ട് താനും- പ്രസ്ഥാനത്തിന് ബൈക്ക് എങ്കിലും കിട്ടി, ബസ് ഇനിയും കാത്തു നില്‍ക്കുന്ന ലീഗുകാര്‍ എന്ന ധ്വനി ഉണ്ടോ എന്ന് സംശയം തോന്നാം). ഇവരെയൊക്കെ കാണിച്ചു ആ നാട്ടിലെ വിശ്വാസ-സംഘടനാ വൈവിധ്യത്തെ സൂചിപ്പിക്കുമ്പോഴും അവര്‍ക്കും പറയാനുള്ളത് എന്ത് എന്ന ആലോചന പോലും കണ്ടില്ല. ജമാഅത്തുകാരല്ലാത്തവര്‍ക്കു (കേരളീയാനുഭവം കൊണ്ട് അവര്‍ ജമാഅത്തു വിരുദ്ധരും ആയിരുന്നു) സിനിമയെടുപ്പിനോട് എന്താണ് പറയാനുള്ളത് എന്നതു സിനിമയുടെ വിഷയമേയല്ല എന്നുള്ള കഥയുടെ തലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പും ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പാണ്.

ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു 'സുഡാനി ഫ്രം നൈജീരിയ'. അവിടെ മജീദിന്റെ ഉമ്മയും കൂട്ടുകാരിയും വ്യക്തമായും സുന്നികള്‍ ആയിരുന്നു. അവര്‍ മമ്പുറം ജാറത്തില്‍ പോയി സാമുവലിനു വേണ്ടി ദുആ ചെയ്യുന്നത് കാണിക്കുന്നുണ്ട്- അതിനവര്‍ സുന്നി തന്നെയാവണം. മുജാഹിദിനും ജമാഅത്തിനും അത് ഹറാം ആണല്ലോ. മജീദിനെ കെട്ടാന്‍ താല്പര്യമില്ല എന്ന് പറഞ്ഞു സ്വയം assert ചെയ്യുന്ന യുവതി ഏതു സംഘടനയുടെ ഭാഗമാണെന്നു മനസ്സിലാവില്ല. 'ഒരു ഹലാല്‍ സ്റ്റോറി'യുടെ ഗ്രാമത്തില്‍ വിവിധ തരം മുസ്ലിംകള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കാണിക്കുന്നതേ ഇല്ല.

പ്രസ്ഥാനക്കാര്‍ക്കും 'പൊതു'ക്കാര്‍ക്കും ഇടയില്‍ മുഖ്യധാരാ മുസ്ലിങ്ങളെ സിനിമ കാണാതെയാക്കുന്നുണ്ട്.

ഞാന്‍ ആലോചിച്ചു: 1954 ഇല്‍ നീലക്കുയില്‍ എന്ന പേരില്‍ ഒരു സിനിമ നിര്‍മിച്ചത് ടി കെ പരീക്കുട്ടി എന്നൊരു മുസ്ലിം. 1965 ഇല്‍ ചെമ്മീന്‍ എന്ന ഒരു പക്ഷെ മലയാളത്തിലെ ഏറ്റവും വലിയ സിനിമ നിര്‍മിച്ചത് ബാബു ഇസ്മായില്‍ സേട്ട് എന്നൊരാള്‍. മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായി എണ്ണപ്പെടുന്ന 'ഓളവും തീരവും' 1970 ഇല്‍ നിര്‍മിച്ച പി.എ ബക്കര്‍ എന്നയാളുടെ ബാപ്പയുടെ പേര് അഹമ്മദ് മുസ്ലിയാര്‍ എന്ന്!

ഇനി ഇതൊക്കെപ്പോട്ടെ, കേരളീയ മുസ്ലിം രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനകീയ നേതാവായ സി എച്ച് മുഹമ്മദ് കോയ 1960 കളില്‍ നാടകത്തെപ്പറ്റിയും സിനിമയെപ്പറ്റിയും പറയുകയും എഴുതുകയും ചെയ്യുന്നുണ്ട്. (മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിന്റെയും തുടക്കം സി എച്ചില്‍ നിന്ന് തന്നെയാണ്).

കാണിയുടെ സാമൂഹ്യഓര്‍മ, ചരിത്രത്തിന്റെ ഉപബോധം

ഈ സിനിമ കേള്‍ക്കേണ്ട ഒരു ചോദ്യം ഇതേ സിനിമ ദിലീഷ് പോത്തനോ, അഞ്ജലി മേനോനോ, ജീത്തു ജോസഫോ എടുത്തിരുന്നെങ്കില്‍ അതിനോടുള്ള പ്രാസ്ഥാനിക ബന്ധുക്കളുടെ പ്രതികരണം എന്താകും എന്നാണ്. ലക്ഷണമൊത്ത ഇസ്ലാമോഫോബിക് സിനിമ എന്ന പേര് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ കിട്ടിയേനെ. സിനിമ സംഘടനയെ മാത്രമാണ് കളിയാക്കുന്നതെങ്കിലും കേരളത്തിലെ ചര്‍ച്ചകളില്‍ സമുദായം മാത്രമാണല്ലോ കേള്‍ക്കാനുണ്ടാവുക. 'നാസി സ്വസ്തിക'യുടെ ചിത്രമുള്ള ടീ ഷര്‍ട്ടിട്ടു അതൊരു വെറും ചിത്രമല്ലേ എന്ന് ചോദിച്ചിട്ടു കാര്യമില്ലല്ലോ. കാണിയുടെ സാമൂഹ്യമായ ഓര്‍മയെക്കുറിച്ചുള്ള അശ്രദ്ധയാണ് ഇവിടെ കാണുന്നത്.

സിനിമ എടുത്തു വിനിയോഗിക്കുന്ന പലതും ഇപ്പറയുന്ന പ്രസ്ഥാനം വിമര്ശിച്ചിട്ടുള്ളതും എതിര്‍ത്തിട്ടുമുള്ളതുമാണ്. 'സുന്ദരനായവനെ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ സുന്നി വീടുകളിലെ മൗലൂദിന്റെ വരികളുടെയോ മാതൃകയിലുള്ളതോ സൂഫി പാരമ്പര്യത്തിന്റെയോ ആണ്. മൗലൂദ് വിശ്വാസപരമായി ഹറാം ആണ് എന്ന് വിചാരിക്കുന്ന കൂട്ടരാണ് ജമാഅത്തുകാര്‍.

അത് പോലെ 1953 ഇല്‍ ഇ കെ അയമു എഴുതിയ 'ഇജ്ജ് നല്ല മനുസനാകാന്‍ നോക്ക്' എന്ന പുരോഗമനനാടകത്തില്‍ അഭിനയിച്ച നിലമ്പൂര്‍ ആയിഷ എന്ന പതിനാറുകാരിയെയും മുസ്ലിം സാമൂഹ്യപരിഷ്‌കരണത്തിലെയും ഇടതുപക്ഷ നാടക പാരമ്പര്യത്തിലെയും ഒരു പ്രധാന സാന്നിധ്യമായിരുന്ന സീനത്തിന്റെയും മലബാര്‍ മുസ്ലിംസ്വത്വത്തിന്റെ സ്റ്റീരിയോടൈപ്പ് ആയി ഒരു കാലത്ത് കാണിക്കപ്പെട്ടിരിക്കുന്ന മാമുക്കോയ എന്ന നടനെയും അഭിനയിപ്പിച്ചത് അവരെ താരശരീരങ്ങള്‍ എന്ന നിലക്കാണ് ഉപയോഗപ്പെടുന്നത്. ഇവരെയൊക്കെ യാതൊരു ഉള്ളും ഇല്ലാത്ത അതിഥി നടീ-നടന്മാരായി ഉപയോഗിച്ചിടത്താണ് ഇത്തരം ഒരു പ്രശ്‌നം ഉണ്ടാവുന്നത്. ചില വിനിയോഗങ്ങളിലൂടെ സമൂഹമനസ്സിന്റെ ഉപബോധത്തെത്തന്നെ മാറ്റാനാണ് ഇവിടങ്ങളില്‍ ആഖ്യാനം ശ്രമിക്കുന്നത്. ഇത് സിനിമയിലൂടെ ആളുകളുടെ മനസ്സിനെ എഞ്ചിനിയര്‍ ചെയ്യാം എന്ന ലഘുയുക്തിയുടെ പ്രകാശനം ആണ്. അവിടെ സൈക്കോളജിക്കല്‍ റിയലിസം പാടെ കയ്യൊഴിക്കപ്പെടുന്നു.

ആ അര്‍ത്ഥത്തില്‍ ചിത്രം ആരോടെങ്കിലും തെറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് കേരളത്തിലെ മുസ്ലിംകളോടാണ്- അവരുടെ കലാചരിത്രത്തോടും.
ഹലാല്‍ ലൗ സ്റ്റോറി

ഇപ്പറയുന്നതൊക്കെ ജമാത്തുകാര്‍ക്കു പുതുമയാവാം. യാഥാസ്ഥികര്‍ എന്ന് ഇവര്‍ പരിഹസിക്കുന്ന സുന്നി കുടുംബങ്ങളില്‍ നിന്ന് വരുന്ന സിനിമക്കാര്‍ക്കോ മുജാഹിദായ സി എച്ചിനോ അരനൂറ്റാണ്ടു മുമ്പിലധികം മുമ്പുണ്ടായിരുന്ന വീക്ഷണത്തിലേക്കു ഇപ്പോഴാണ് ജമാഅത്തെ ഇസ്ലാമി എത്തുന്നത് എന്നാണ് സിനിമയും സമൂഹവും ഒരുമിച്ചു വായിക്കുമ്പോള്‍ തോന്നുക (സുന്നികളോ മുജാഹിദുകളോ മുസ്ലിം ലീഗുകാരോ സിനിമ നിര്‍മ്മിച്ചുവെന്നല്ല; എന്തിനും പ്രാസ്ഥാനികനേതാക്കളുടെ അനുവാദം വാങ്ങേണ്ട ബുദ്ധിമുട്ടു അവര്‍ക്കാര്‍ക്കും ഉണ്ടായിരുന്നില്ല എന്ന് മാത്രം. അതിനു പുറത്തു നൂറു കണക്കിന് മുസ്ലിംകള്‍ മലയാള സിനിമയില്‍ ഏഴു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നു എന്ന് മാത്രം). പക്ഷെ സിനിമ മാത്രം കണ്ടാല്‍ മറിച്ചാണ് തോന്നുക. സംവിധായകനു സ്വന്തം അനുഭവങ്ങള്‍ക്കപ്പുറം സാമൂഹ്യ അനുഭവങ്ങളെ മനസ്സിലാക്കുന്നതില്‍ നേരിട്ട പാളിച്ച! ആ അര്‍ത്ഥത്തില്‍ ചിത്രം ആരോടെങ്കിലും തെറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് കേരളത്തിലെ മുസ്ലിംകളോടാണ്- അവരുടെ കലാചരിത്രത്തോടും.

അങ്ങിനെ സുഹ്‌റയുടെയും ശരീഫിന്റെയും ജീവിതത്തിലെ മാറ്റത്തിന്റെ സ്രോതസ്സായ സ്റ്റാനിസ്ലാവിസ്‌കിയെ ഉപേക്ഷിക്കാന്‍ റഹീം സാഹിബും തൗഫീഖും നിര്ബന്ധിതരായി!

ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ആഷ്‌ലി.എന്‍.പി

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT