Opinion

ഗവർണ്ണർ നടത്തുന്നത് മൗണ്ട് ബാറ്റന്റെ പ്രേതത്തെ പുനർജീവിപ്പിക്കാനുള്ള ശ്രമങ്ങൾ: ജോൺ ബ്രിട്ടാസ് എം.പി

അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റന്റെ പ്രേതത്തെ പുനര്‍ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്. ഗവര്‍ണ്ണര്‍ക്ക് കാര്യമായി എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട്. അദ്ദേഹം സ്വബോധത്തില്‍ കാര്യങ്ങള്‍ പഠിക്കാന്‍ തയാറാകണം.

സഹകരണാത്മക ഫെഡറലിസത്തെ കുറിച്ച് ഏറ്റവും കൂടുതല്‍ സംസാരിക്കാറുള്ളത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. എന്നാല്‍ അദ്ദേഹം സംസ്ഥാനങ്ങളിലേക്ക് അയച്ചിരിക്കുന്ന ഗവര്‍ണ്ണര്‍മാര്‍ ആ സഹകരണം നല്‍കുന്നില്ല എന്ന് മാത്രമല്ല, ഒരു സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തെ ഇകഴ്ത്തിക്കാട്ടാനും ഭരണ നിര്‍വ്വഹണത്തെ താറുമാറാക്കാനുമാണ് ശ്രമിക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന ഏത് സംസ്ഥാനം എടുത്താലും ഇത്തരത്തിലുള്ള ഇടപെടലുകള്‍ കാണാം.

ആരിഫ് മുഹമ്മദ് ഖാന്റെ വിവാദ ട്വീറ്റ് അദ്ദേഹം ഉള്‍പ്പെട്ട പാര്‍ട്ടിയിലെ അംഗങ്ങള്‍ പോലും വലിയ തമാശയായിട്ടാണ് കാണുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒട്ടേറെ പ്രകോപനങ്ങള്‍ സൃഷ്ടിച്ച വിവാദ ഗവര്‍ണ്ണര്‍മാര്‍ ഉണ്ടായിരുന്നു. സംസ്ഥാന ഗവണ്‍മെന്റുകളെ പിരിച്ചുവിടാന്‍ ഭരണഘടനയുടെ 356-ാം വകുപ്പ് പ്രയോഗിക്കുന്നതിന് ചാലക ശക്തിയായി നിലകൊണ്ട ഗവര്‍ണ്ണര്‍മാരും ഇന്ത്യയിലുണ്ട്. പക്ഷേ അവരെയൊക്കെ പിന്നിലാക്കി സ്വയം പരിഹാസ്യനാകാനുള്ള ദൗത്യവുമായാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇറങ്ങിത്തിരിച്ചത് എന്നാണ് അദ്ദേഹത്തിന്റെ ഇന്നലത്തെ ട്വീറ്റില്‍ നിന്ന് മനസിലാകുന്നത്.

മന്ത്രിസഭയും മന്ത്രിസഭാ അംഗങ്ങളും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, ആരുടെ പ്രീതിയിലാണ് അവര്‍ തങ്ങളുടെ അധികാരത്തില്‍ തുടരുന്നത് എന്നതിന്റെയൊന്നും പശ്ചാത്തലം മനസിലാക്കാനുള്ള വിവേക ബുദ്ധി പോലും അദ്ദേഹം കാണിച്ചില്ല എന്നതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തില്‍ ഭരണഘടന അനുശാസിക്കുന്ന ഒരു ഭരണ നിര്‍വ്വഹണ രീതിയുണ്ട്. അത് പ്രകാരം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരാണ് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നത്. ജനങ്ങളുടെ ഇംഗിതത്തിന് അനുസരിച്ചാണ് സ്വാഭാവികമായും ഒരു സംസ്ഥാന ഗവണ്‍മെന്റ് മുന്നോട്ട് പോകേണ്ടത്. ഗവര്‍ണ്ണര്‍ അവിടെ പേരിനുള്ള ഒരു തലവന്‍ മാത്രമാണ്.

പല കാര്യങ്ങളും ഗവര്‍ണ്ണറുടെ പേരിലാണ് നടത്തപ്പെടുന്നത്. ഇത് തന്നെയാണ് കേന്ദ്രത്തില്‍ ഉള്ളതും. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനങ്ങളില്‍ പലതും പുറത്തേക്ക് വരുമ്പോള്‍ അതിനടിയില്‍ പ്രസിഡന്റിന്റെ ഒപ്പോട് കൂടിയോ വിജ്ഞാപനത്തോട് കൂടിയോ ആയിരിക്കും വരിക. അതിനര്‍ഥം ആ തീരുമാനങ്ങള്‍ എല്ലാം കൈക്കൊണ്ടത് പ്രസിഡന്റാണ് എന്നല്ല. ഇത് തന്നെയാണ് ഒരു സംസ്ഥാനത്തിന്റെ കാര്യത്തിലും ബാധകമായത്.

എങ്കിലും പലപ്പോഴും ഗവര്‍ണ്ണര്‍മാര്‍ പ്രകോപനപരമായി പെരുമാറിയപ്പോഴൊക്കെ ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീംകോടതി ഇത് സംബന്ധിച്ച് വ്യക്തതത വരുത്തിയിട്ടുണ്ട്. ഗവര്‍ണ്ണറുടെ അധികാരം സംബന്ധിച്ച് എണ്ണമറ്റ കോടതി വിധികളുണ്ട്. 'ഷംഷേര്‍ സിംഗ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ്' എന്ന കേസില്‍ 1974 ഓഗസ്റ്റ് 23 ന് സുപ്രീംകോടതിയിലെ എട്ടംഗ ബെഞ്ച് ഗവര്‍ണ്ണറുടെ അധികാരം സംബന്ധിച്ച സമഗ്രമായ വിധിന്യായം പുറപ്പെടുവിച്ചിരുന്നു. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കുക എന്ന ദൗത്യം മാത്രമേ ഗവര്‍ണ്ണറില്‍ നിക്ഷിപ്തമായിട്ടുള്ളൂ എന്നാണ് അന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്.

ഇതുപോലുള്ള നിരവധി വിധിന്യായങ്ങളുണ്ട്. അരുണാചല്‍ പ്രദേശില്‍ ഒരു ഭരണ പ്രതിസന്ധിയുണ്ടായ സമയത്ത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരണഘടനാ ബെഞ്ച് മറ്റൊരു വിധി പ്രസ്താവിച്ചിരുന്നു. അങ്ങനെ ഭരണഘടനയുടെ 163, 164 പോലുള്ള ഗവര്‍ണ്ണറുമായി ബന്ധപ്പെട്ട വകുപ്പുകളുടെ മുകളില്‍ സുപ്രീംകോടതിയുടെ തീര്‍പ്പ് ഉണ്ടായിരുന്നു. ഇതുകൂടാതെ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം അദ്ദേഹത്തിന്റെ, അദ്ദേഹം ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന ദേശീയ ജനാധിപത്യ സഖ്യമായ, എന്‍.ഡി.എ സഖ്യം 2000ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് നിയമിച്ച ഒരു കമ്മിഷനുണ്ട്. ആ കമ്മിഷന്റെ പേര് 'നാഷണല്‍ കമ്മിഷന്‍ ടു റിവ്യൂ ദി വര്‍ക്കിംഗ് ഓഫ് കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നാണ്'.

ബി.ജെ.പി യുടെ ആശയത്തിന് അനുസരിച്ചുള്ള ഒരു കമ്മിഷനായാണ് ഇതിനെ കാണുന്നത്. ആ കമ്മിഷന്‍ കൃത്യമായി ഗവര്‍ണ്ണറുടെ അധികാരങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിച്ചിരുന്നു. ഒരു ബില്ല് തടഞ്ഞുവെക്കാനുള്ള ഗവര്‍ണ്ണറുടെ അധികാരം പോലും ക്ലിപ്തപ്പെടുത്തണമെന്നായിരുന്നു എന്‍.ഡി.എ സര്‍ക്കാര്‍ നിയമിച്ച ആ കമ്മിഷന്‍ പറഞ്ഞത്. നാല് മാസത്തിനപ്പുറം നിയമസഭ പാസാക്കിയ ബില്ല് വെക്കാന്‍ പാടില്ല എന്നും പറഞ്ഞിട്ടുണ്ട്.

അത് മാത്രമല്ല, ഈ കമ്മിഷന്റെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി 2007ല്‍ കോണ്‍ഗ്രസ് നയിച്ച യു.പി.എ ഗവണ്‍മെന്റ് മുന്‍ ചീഫ് ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചിയെ തലവനാക്കി പൂഞ്ചി കമ്മിഷനെ നിയമിച്ചിരുന്നു. ആ കമ്മിഷന്‍ 2010ല്‍ തങ്ങളുടെ സമഗ്രമായ റിപ്പോര്‍ട്ട് അന്നത്തെ മന്ത്രി പി. ചിദംബരത്തിന് സമര്‍പ്പിക്കുകയുണ്ടായി. ആ കമ്മിഷനും ഗവര്‍ണ്ണറുടെ അധികാരങ്ങള്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്.

നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ ഒരുപക്ഷേ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നോ, ഹൈക്കോടതിയുടെ വികാരത്തെ ബാധിക്കുന്നതാണെന്നോ കണ്ടെത്തിയാല്‍ വേണമെങ്കില്‍ ഒരു ബില്ല് രാഷ്ട്രപതിയുടെ അനുമതിക്ക് വേണ്ടി അയക്കാം. അങ്ങനെ അയക്കുന്ന ബില്ലില്‍ പോലും ആറ് മാസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് പൂഞ്ചി കമ്മിഷന്‍ വിധിയെഴുതിയിരിക്കുന്നത്. അതുമാത്രമല്ല, എപ്പോഴും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ അനുമതിയോട് കൂടി മാത്രമേ ആ സംസ്ഥാനത്ത് നിയമിക്കാന്‍ പാടുള്ളൂ എന്ന് പൂഞ്ചി കമ്മിഷന്‍ വ്യക്തമായി പറയുന്നുണ്ട്.

പൂഞ്ചി കമ്മീഷന്‍ റിപ്പോർട്ട് അനുസരിച്ച്, നിയമസഭ ഒരു പ്രമേയം പാസാക്കിയാല്‍ ഗവര്‍ണ്ണറെ നീക്കാം. അതായത് കേരള നിയമസഭ ഒരു പ്രമേയം പാസാക്കിയാല്‍ ആരിഫ് മുഹമ്മദ് ഖാന് അധികാരത്തില്‍ തുടരാന്‍ കഴിയില്ല എന്ന ശുപാര്‍ശയാണ് പൂഞ്ചി കമ്മിഷന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

ഈ കമ്മിഷന്റെ തന്നെ മറ്റൊരു പ്രധാനപ്പെട്ട ശുപാര്‍ശയുണ്ട്. ഇന്നത്തെ കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ അത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. അതായത് ഗവര്‍ണ്ണര്‍മാരെ ചാന്‍സലറാക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതൊന്നും ഇടത് പക്ഷ സര്‍ക്കാരിന്റെയോ സി.പി.എമ്മിന്റെയോ ശുപാര്‍ശകളല്ല. ഇതെല്ലാം എന്‍.ഡി.എ യുടെയും കോണ്‍ഗ്രസ് നയിച്ച യു.പി.എ യുടെയും കാലത്ത് നിയമിക്കപ്പെട്ട കമ്മിഷനുകളുടെ ശുപാര്‍ശകളാണ്.

കഴിഞ്ഞ ദിവസം ഗുജറാത്തില്‍ വലിയൊരു വിവാദമുണ്ടായി. മഹാത്മാഗാന്ധി സ്ഥാപിച്ച ഒരു വിശ്വവിദ്യാലയത്തിന്റെ യൂണിവേഴ്‌സിറ്റി ചാന്‍സലറായിട്ട് ഗുജറാത്ത് ഗവര്‍ണ്ണറെ നിയമിച്ച നടപടിയില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയുടെ ട്രസ്റ്റികളില്‍ പലരും രാജിവെച്ചു. അവര്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഗവര്‍ണ്ണര്‍ക്ക് ഈ യൂണിവേഴ്‌സിറ്റിയുടെ വിഷയത്തില്‍ കാര്യമില്ല. അദ്ദേഹത്തെ ചാന്‍സലര്‍ ആക്കരുത്. മഹാത്മാഗാന്ധിയുടെ ആശയം ഉള്‍ക്കൊള്ളുന്ന ഈ സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് പശ്ചാത്തലമുള്ള ഒരു വ്യക്തിയെ ചാന്‍സലറാക്കുന്നത് മഹാത്മാഗാന്ധിയോട് കാണിക്കുന്ന അനാദരവാകും എന്നാണ് രാജിക്കത്തില്‍ അവര്‍ പറഞ്ഞത്.

ഇനി ആരിഫ് മുഹമ്മദ് ഖാന്റെ പരിവേതനം എന്താണെന്ന് നോക്കാം. അദ്ദേഹത്തിന് കേരളത്തിലെ സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍മാരെ നിയമിക്കണം. ഒരു സംസ്ഥാനം ജനവിധിയിലൂടെ അധികാരത്തിലേറ്റിയ ഗവണ്‍മെന്റും, ആ ജനവിധിയിലൂടെ വന്ന നിയമസഭയുമൊക്കെ നിയന്ത്രിക്കേണ്ട കേരളത്തിലെ സര്‍വകലാശാലകളില്‍ തനിക്ക് ഇഷ്ടപ്പെട്ട ആളുകളെ എവിടെ നിന്നെങ്കിലും കൊണ്ടുവന്ന് വൈസ്ചാന്‍സലറാക്കാന്‍ അദ്ദേഹത്തിന് അനുമതി വേണമെന്നാണ് അദ്ദേഹം പറയുന്നത്.

കേരളത്തിന്റെ ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്, ഒരു രാഷ്ട്രീയ തത്വശാസ്ത്രമുണ്ട്, ദര്‍ശനമുണ്ട്, കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടിന് വിരുദ്ധമായി ഇന്ന് ദേശീയ തലത്തില്‍ നടക്കുന്ന ഹിന്ദുത്വവല്‍കരണത്തിന്റെ ബാക്കിപത്രമാക്കാന്‍ വേണ്ടിയാണ് അദ്ദേഹം യത്‌നിക്കുന്നത്. ഇന്ന് പല കേന്ദ്ര സര്‍വകലാശാലകളുടെയും തലപ്പത്ത് ഇരിക്കുന്ന ആളുകള്‍ ആര്‍.എസ്.എസ് പ്രചാരകരാണ്. അപ്പോള്‍ അങ്ങനെയുള്ള ആര്‍.എസ്.എസ് പ്രചാരകരെ കേരളത്തിലെ സര്‍വകലാശാലകളുടെ തലപ്പത്ത് കൊണ്ടുവന്ന് പ്രതിഷ്ഠിക്കണം.

ഏറ്റവും രസകരമായ ഒരു കാര്യം ഇന്ത്യ ആദരിക്കുന്ന, ലോകം ആദരിക്കുന്ന ഒരു ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്നും ക്രിമിനല്‍ എന്നും വിളിക്കുന്നു. മറ്റൊന്ന്, കണ്ണൂര്‍ വി.സിയായ ഗോപിനാഥ് രവീന്ദ്രന്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്ന് പോസ്റ്റ് ഡോക്ടറേറ്റ് എടുത്ത്, യു.പി.എ ഭരണകാലത്ത് ഐ.സി.എച്ച്.ആറിന്റെ മെമ്പര്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച രാജ്യം ബഹുമാനിക്കുന്ന ഒരു ചരിത്രകാരനാണ്. അങ്ങനൊരാളെ രണ്ടാമതും വി.സി ആക്കാന്‍ കഴിയുമോ എന്ന ഒരു തര്‍ക്ക വിഷയമാണ് ഉള്ളത്. ആ തര്‍ക്ക വിഷയത്തെ മാത്രം മുന്നില്‍ വെച്ച് വൈസ്ചാന്‍സലര്‍മാരെല്ലാം ഗുണമില്ലാത്തവരാണ് എന്നാണ് ഗവര്‍ണ്ണര്‍ പറയുന്നത്.

ഗവര്‍ണ്ണര്‍ പറയുന്നത് ഏറ്റുപറയാന്‍ വേണ്ടി കേരളത്തില്‍ യു.ഡി.എഫ് മുന്നോട്ട് വരുന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം.

ഇടതുപക്ഷ സര്‍ക്കാരുകള്‍ നിയമിച്ചിട്ടുള്ള വൈസ്ചാന്‍സലര്‍മാരുടെ പാണ്ഡിത്യവും അവരുടെ നിലവാരവും അളക്കുകയാണെങ്കില്‍ രാജ്യത്തിന് മാതൃകകളാണ് അവരെല്ലാം. ഇനി യു.ഡി.എഫ് കാലത്ത് നിയമിക്കപ്പെട്ട രണ്ട് വൈസ്ചാന്‍സലര്‍മാരുണ്ട്. ഒന്ന് കോഴിക്കോട് വൈസ്ചാന്‍സലറായി നിയമിച്ച അബ്ദുല്‍ സലാമും അതുപോലെ കെ.എസ്. രാധാകൃഷ്ണനും. ഇവര്‍ യഥാര്‍ത്ഥത്തില്‍ ബി.ജെ.പിക്ക് കോണ്‍ഗ്രസ് സംഭാവന ചെയ്ത രണ്ട് വൈസ്ചാന്‍സലര്‍മാരാണ്.

ഇനി അങ്ങനെ പരോക്ഷമായി സംഭാവന ചെയ്യണ്ട, നേരിട്ട് തന്നെ ബി.ജെ.പിക്ക് സംഭാവന ചെയ്യുന്നവരെ കണ്ടെത്തുക എന്നതാണ് ആരിഫ് മുഹമ്മദ് ഖാന്റെ ദൗത്യം. അപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഏതെങ്കിലും തരത്തില്‍ യു.ഡി.എഫിന്റെ ഭാഗത്ത് നിന്ന് സര്‍വകലാശാലകളുടെ സ്വയംഭരണത്തെ മുന്‍നിര്‍ത്തി ശബ്ദം ഉയരുക എന്നുപറഞ്ഞാല്‍ ആരിഫ് മുഹമ്മദ് ഖാന്റെ വര്‍ഗീയ ഹിന്ദുത്വ അജണ്ടയ്ക്ക് കുടപിടിക്കുന്നതിന് തുല്യമായിരിക്കും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

ഗവര്‍ണ്ണര്‍മാരുടെ റോളിനെ സംബന്ധിച്ച് ഭരണഘടന രൂപീകരിക്കുന്ന വേളയില്‍ വിശദമായിട്ടുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. അന്ന് അംബേദ്കര്‍ പറഞ്ഞ കാര്യങ്ങള്‍ വായിച്ചിരുന്നെങ്കില്‍ ഗവര്‍ണ്ണര്‍ക്ക് ഈ ആശയക്കുഴപ്പമുണ്ടാകില്ലായിരുന്നു. ഗവര്‍ണ്ണറെ തെരഞ്ഞെടുക്കണമോ എന്ന കാര്യം ചോദിച്ചപ്പോള്‍ അംബേദ്കര്‍ പറഞ്ഞത്, ഏയ് തെരഞ്ഞെടുക്കേണ്ട, തെരഞ്ഞെടുത്താല്‍ കുറച്ച് അധികാരം കൊടുക്കേണ്ടി വരില്ലേ എന്നായിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഗവര്‍ണ്ണര്‍ ആണെങ്കില്‍ അദ്ദേഹത്തിന് അല്‍പം അധികാരം കൊടുക്കണം. അങ്ങനെയൊരു ഗവര്‍ണ്ണറെയല്ല നമുക്ക് ആവശ്യം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

1983ല്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ പരിശോധിക്കാന്‍ നിയമിക്കപ്പെട്ട സര്‍ക്കാരിയ കമ്മിഷനും ഗവര്‍ണ്ണറുടെ അധികാരത്തെ പറ്റി കൃത്യമായി പറയുന്നുണ്ട്. ആരാണ് ഗവര്‍ണ്ണറെ നിയമിക്കേണ്ടത്. മുഖ്യമന്ത്രിയും ഉപരാഷ്ട്രപതിയും ലോകസഭാ സ്പീക്കറും ചേര്‍ന്ന സമിതിയായിരിക്കണം ഗവര്‍ണ്ണറെ നിയമിക്കുന്നത് എന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. അപ്പോള്‍ ഈ പറയുന്ന സുപ്രീംകോടതി വിധിന്യായങ്ങളും ഭരണഘടനയും ഭരണഘടനാ ശില്‍പികളുടെ വാക്കുകളും പിന്നീട് വന്ന കമ്മിഷന്‍ റിപ്പോര്‍ട്ടുകളുമൊക്കെ എവിടെയാണ് ഗവര്‍ണ്ണര്‍ ഇരിക്കേണ്ടത്, എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നതൊക്കെ അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം പറഞ്ഞിട്ടുണ്ട്.

കേരളം പോലൊരു പുരോഗമന സംസ്ഥാനത്തിന് മേല്‍ ഇങ്ങനൊരു പെപ്പിടി കാണിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് കഴിയുന്നു എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം. എന്നെ ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം, ഒരു ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അപമാനിക്കുന്ന ഗവര്‍ണ്ണര്‍ക്ക് വേണ്ടിപോലും നമ്മുടെ ചില മാധ്യമങ്ങള്‍ എഴുതുന്നു പറയുന്നു എന്നതാണ്. അത് യഥാര്‍ത്ഥത്തില്‍ ഫാഷിസത്തെ പിന്തുണക്കുന്ന സമീപനമാണ്. ലോകത്തിന്റെ ഒരു ഭാഗത്തും അങ്ങനെ ഒരു ജനാധിപത്യ സംവിധാനത്തെ ഇകഴ്ത്തിക്കാട്ടുന്ന ഒരു ഏജന്റിനെ കുറിച്ച് ആരും നല്ലത് പറയില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT