Opinion

കാബൂളിവാലകളുടെ ഈ കൂട്ടക്കുരുതി ലോകം കാണുന്നില്ല?

കാബൂളിവാലകളെ ലോകഭീകരരായ താലാബാൻ്റെ കൈകളിൽ ഏല്പിച്ച് സുരക്ഷിതരായി മുങ്ങിയിരിക്കയാണ് ഐക്യരാഷ്ട്രസഭയും അമേരിക്കൻ അടിമ രാഷ്ട്രങ്ങളും എല്ലാം

[ കഠിനം ഈ നിശബ്ദത ]

ടാഗോർ കഥകളുടെ കാലം മുതൽ കാബൂളിവാലകളെ നമുക്കറിയാം. നാമവരെ സ്നേഹിച്ചിട്ടുണ്ട്. എന്നാൽ കൺമുന്നിൽ കാബൂളും കാബൂളിവാലകളും അഫ്ഗാനിസ്ഥാനും അതിഭീകരമായ ഒരു വിപത്തിലേക്ക് എടുത്തെറിയപ്പിട്ടിരിക്കുമ്പോൾ ലോകം നിശ്ചലമായി നിൽക്കുകയാണ്. എന്തൊരു ഗൂഢാലോചനയാണ് ഇത് ? കഠിനം കുടിലമീ അപ്പം.

കാബൂൾ വിമാനത്താവളത്തിൽ നിന്നും പറന്നു പൊങ്ങുന്ന വിമാനത്തിൻ്റെ ചക്രത്തിൽ പിടിച്ചു തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു പേർ ആകാശത്ത് നിന്നും നിലത്തേക്ക് വീഴുന്ന കാഴ്ചയാണ് ' ലോകം ഈ നിമിഷം തൽസമയം കണ്ടു കൊണ്ടിരിക്കുന്നത്. കാബൂൾ വിമാനത്താവളം ഒരു സോംബി സിനിമയെപ്പോലെ ഭീകരമായ അവസ്ഥയിലൂടെ കടന്നു പോകുന്നത് ലോകം കാഴ്ചക്കാരായി കണ്ടു കൊണ്ടിരിക്കുന്നു. എല്ലാം ഒരു ഒ.ടി.ടി. സിനിമ പോലെ വിദൂരമായ കാഴ്ചാനുഭവം.

കാബൂളിവാലകളെ ലോകഭീകരരായ താലാബാൻ്റെ കൈകളിൽ ഏല്പിച്ച് സുരക്ഷിതരായി മുങ്ങിയിരിക്കയാണ് ഐക്യരാഷ്ട്രസഭയും അമേരിക്കൻ അടിമ രാഷ്ട്രങ്ങളും എല്ലാം . ഐക്യരാഷ്ട്രസഭയാണ് പൂർണ്ണമായും ഇല്ലാതായത് . ഇക്കാലമത്രയും ലോകത്തെ പറഞ്ഞു പേടിപ്പിച്ച് യുദ്ധമുനമ്പിൽ നിർത്തിയ താലിബാൻ പേടി വെറും ഒരു കടംകഥയാക്കിയ നിമിഷം.

അക്ഷരാർത്ഥത്തിൽ ആയുധമാഫിയയുടെ ദല്ലാൾ ശക്തികളായി ആഗോള അധികാരസംവിധാനങ്ങൾ ഒന്നടങ്കം നിഷ്ക്രിയമായിരിക്കുകയാണ്. നിരുത്തരവാദിത്വപരമായി സ്വന്തം ജനതയെ അഫ്ഗാൻ തെരുവിലുപേക്ഷിച്ച് കടന്നുകളഞ്ഞ ലോകരാഷ്ട്രങ്ങൾ ഭയാനകമായ അവസ്ഥയാണ് ഉണ്ടാക്കിയത് . സ്വന്തം അധികാര പ്രമത്തത നിലനിർത്താൻ മറുപുറത്ത് എല്ലാവർക്കും വേണം 1984 മാതൃകയിലുള്ള ഒരു ഓർവെല്ലിയൻ താലിബാൻ . അത്തരമൊരു ദുരന്ത യാഥാർത്യത്തിലേക്കാണ് ജനതയെ കൈയൊഴിഞ്ഞുള്ള അധികാരശക്തികളുടെ ഈ പിന്മാറ്റം വിരൾചൂണ്ടുന്നത് . ഭരണകൂടങ്ങളുടെ താലിബാൻ വിരുദ്ധത പോലും ഒരു നാട്യമായി മാറുന്നു. സോവിയറ്റ് പതനത്തിന് ശേഷം ഭൂപടത്തിൽ പണിയെടുത്ത ഏറ്റവും വലിയ ദുരന്തമാണ് കടുത്ത സ്ത്രീവിരുദ്ധരും മതഭ്രാന്തരും മതഭീകരരുമായ സോഷ്യോപാത്തുകൾ എന്ന് തെളിയിച്ച താലിബാനെ പിൻവാതിലിലൂടെ അധികാരത്തിലേറ്റിയ ഈ ആഗോള ഗൂഢാലോചന .അടുത്ത ബാച്ച് ആയുധങ്ങൾ ഇതോടെ ലോകവിപണിയിലേക്കിറങ്ങും. പഴയത് വിറ്റ് തീർത്തിരിക്കും. ( ഉണ്ടാക്കി വച്ച ആയുധങ്ങൾ വിൽക്കാൻ യുദ്ധങ്ങൾ നിർമ്മിക്കപ്പെടാത്തതിലും വലിയ നഷ്ടമെന്താണ് ആയുധ മാഫിയകൾക്ക് ! പാർലമെൻ്റിൽ പോലും വയ്ക്കേണ്ട പ്രതിരോധ ബജറ്റ് എവിടെയും ) നല്ലൊരു ക്ഷാമം ആരാണ് ആഗ്രഹിക്കാത്തത് എന്ന് പണ്ട് സായിനാഥ് പറഞ്ഞത് പോലെ സ്വന്തം അധികാരം ഊട്ടിയുറപ്പിക്കാൻ നല്ലൊരു താലിബാനെ ആരാണ് ആഗ്രഹിക്കാത്തത് ! ?അതൊരു ചേരുവയാണ്, അധികാരത്തിൻ്റെ

താലിബാന്‍ ഞങ്ങളെ കൊല്ലും, കാബൂളില്‍ നിന്ന് ഡല്‍ഹിയിലെത്തിയ അഫ്ഗാന്‍ വനിത

കാബൂളിൻ്റെ വീഴ്ച ലോകത്തെ പ്രകമ്പനം കൊള്ളിച്ചിട്ടില്ല ഇതുവരെയും , നിഷ്ക്കളങ്കരായ കാബൂളിവാലാളെ ഒഴിച്ച് . താലിബാൻ്റെ തിരിച്ചുവരവിനായി ലോകം മുഴുവനും ഗൂഢാലോചന നടത്തി എന്നതാണ് യാഥാർത്യം . ഒരു രാജ്യത്തെ യുദ്ധക്കുറ്റവാളികളുടെ പരീക്ഷണ വേദിയാക്കാൻ പഴയ സോവിയറ്റ് യൂണിയൻ മുതൽ പഴയ അമേരിക്ക വരെ തുടങ്ങിയ യുദ്ധക്കുറ്റങ്ങൾ ഇന്നും തുടരുന്നു. റഷ്യയുടെയും അമേരിക്കയുടെയും പിന്മാറ്റങ്ങൾ അവരെന്തിനാണ് കടന്നുകയറിയത് എന്ന് പോലും മറന്നുള്ള യുദ്ധാഭ്യാസങ്ങൾ മാത്രമായിരുന്നു എന്നു കാണാം. ബിൻ ലാദനെ സംരക്ഷിച്ച പാകിസ്ഥാനെ ആയുധമണിയിച്ച അമേരിക്ക തങ്ങൾക്ക് യുദ്ധം ചെയ്യാനുള്ള താലിബാനെ തന്നെയാണ് അതുവഴി എന്നും ആയുധമണിയിച്ചത്. ഐക്യരാഷ്ട്ര സഭ പോലെ ഒരു ചത്ത കുതിരവേറെയില്ല. ചത്തൊടുങ്ങിയതും ഇല്ലാതായതും കാബൂളിവാലകൾ . താലിബാൻ എന്ന മതഭീകരശക്തി അമേരിക്കൻ ആയുധക്കച്ചവടക്കാരുടെ സൃഷ്ടിയാണ് എന്നത് വാസ്തവമാകാം. അവർക്ക് പതിറ്റാണ്ടുകളായി ആയുധ വില്പനയും യുദ്ധവും കളിക്കാൻ അത് അവസരം നൽകി. അതിനിയും തുടരും . സഹ്റാ കരിമി , അഫ്ഗാൻ ചലച്ചിത്ര സംഘടനയിലെ ആദ്യ വനിതാ അധ്യക്ഷ , ഏക പി.എച്ച്.ഡി.ക്കാരിയുടെ അപേക്ഷ ലോകം കേട്ടതേയില്ല. താലിബാൻ വന്നാൽ തുറന്നു കിട്ടുന്ന പുതിയ യുദ്ധ വിപണിയുടെ സാധ്യതകളിൽ ലോക രാഷ്ട്രങ്ങൾ യുദ്ധം നുണയുകയാകയാവാം. അഫ്ഗാനിസ്ഥാനിൽ അത്യപൂർവ്വമായ വനിതാ സംവിധായിക വംശത്തിലെ അംഗമായ സഹ്റാ കരിമി എഴുതിയ കത്ത് അത്യന്തം വേദനയുണ്ടാക്കുന്നതായിരുന്നു. അത് കാലഹരണപ്പെട്ടു കഴിഞ്ഞു.

കാബൂളിൻ്റ വീഴ്ചയിൽ അഫ്ഗാനിസ്ഥാനിൽ നടന്നു വന്ന യുദ്ധം അഭ്യന്തര യുദ്ധമല്ലെന്നും അത് താലിബാനും അമേരിക്കയും തമ്മിലുള്ള ധാരണയനുസരിച്ച് നടന്ന ഒരു നിഴൽ യുദ്ധം മാത്രമാണെന്നും സംവിധായിക ചൂണ്ടിക്കാട്ടുന്നുണ്ട്. അഫ്ഗാനെ കുട്ടിച്ചോറാക്കി മാറ്റിയ അമേരിക്കൻ യുദ്ധക്കുറ്റവാളികൾക്ക് തന്ത്രപരമായി പിന്മാറാനുള്ള അവസരം നൽകി അധികാരം താലിബാന് തിരിച്ചു പിടിയ്ക്കാൻ അവസരം നൽകുന്ന നിഴൽ നാടകം. അതാണിപ്പോൾ വിജയിച്ചത്. ലോകം ഇനിയും താലാബാനെ മുൻനിർത്തി ഇതേ നിഴൽ നാടകം തുടരും.

സഹ്റാ കരിമിയുടെ കത്ത് ഒന്നുകൂടി വായിക്കാം.

" ലോകത്തിലെ എല്ലാ ചലച്ചിത്ര സമൂഹങ്ങൾക്കും, സിനിമയും സിനിമയെ ഇഷ്ടപ്പെടുന്നവർക്കും! എന്റെ പേര് സഹ്റാ കരിമി, ഒരു ചലച്ചിത്ര സംവിധായകയും, 1968 ൽ സ്ഥാപിതമായ ഒരേയൊരു State-Owned ചലച്ചിത്ര കമ്പനിയായ അഫ്ഗാൻ ഫിലിമിന്റെ ഇപ്പോഴത്തെ ജനറൽ ഡയറക്ടറുമാണ്. തകർന്ന ഹൃദയത്തോടെയും എന്റെ സുന്ദരമായ രാജ്യത്തെ താലിബാനിൽ നിന്നും സംരക്ഷിക്കുന്നതിൽ നിങ്ങളും ചേരുമെന്ന അഗാധമായ പ്രതീക്ഷയോടെയുമാണ് ഞാൻ ഇതെഴുതുന്നത്. കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ താലിബാൻ നിരവധി പ്രവിശ്യകളുടെ നിയന്ത്രണം നേടി. അവർ ഞങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്തു, അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി, പെൺകുട്ടികളെ അവരുടെ വധുക്കളാക്കി (Child bride) അവർ വിറ്റു, വസ്ത്രധാരണത്തിന്റെ പേരിൽ അവർ ഒരു സ്ത്രീയെ കൊലപ്പെടുത്തി, അവർ ഞങ്ങളുടെ പ്രിയപ്പെട്ട ഹാസ്യനടന്മാരിൽ ഒരാളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു, അവർ ഒരു ചരിത്രാതീത കവിയെ കൊന്നു, അവർ സർക്കാരുമായി ബന്ധമുള്ള ആളുകളെ കൊല്ലുന്നു, ഞങ്ങളുടെ ചില പുരുഷന്മാരെ പരസ്യമായി തൂക്കിക്കൊന്നു, അവർ ലക്ഷക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഈ പ്രവിശ്യകളിൽ നിന്ന് പലായനം ചെയ്ത ശേഷം കുടുംബങ്ങൾ കാബൂളിലെ ക്യാമ്പുകളിലാണ്, അവർ വൃത്തിഹീനമായ അവസ്ഥയിലാണ്. ക്യാമ്പുകളിൽ കവർച്ചയും കുഞ്ഞുങ്ങൾക്ക് പാൽ കിട്ടാത്തതിനാൽ മരിക്കുന്ന അവസ്ഥയിലുമാണ്. ഇതൊരു മാനുഷിക പ്രതിസന്ധിയാണ്, എന്നിട്ടും ലോകം നിശബ്ദമാണ്. ഈ നിശബ്ദത ഞങ്ങൾ ശീലിച്ചു, പക്ഷേ അത് ന്യായമല്ലെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ ആളുകളെ ഉപേക്ഷിക്കാനുള്ള ഈ തീരുമാനം തെറ്റാണെന്ന് ഞങ്ങൾക്കറിയാം, ഞങ്ങൾക്ക് നിങ്ങളുടെ ശബ്ദം ആവശ്യമാണ്. എന്റെ രാജ്യത്ത് ഒരു ചലച്ചിത്രകാരിയെന്ന നിലയിൽ ഞാൻ കഠിനാധ്വാനം ചെയ്തതെല്ലാം വീഴാനുള്ള സാധ്യതയുണ്ട്. താലിബാൻ ഏറ്റെടുത്താൽ അവർ എല്ലാ കലയും നിരോധിക്കും. ഞാനും മറ്റ് സിനിമാക്കാരും അവരുടെ ഹിറ്റ് ലിസ്റ്റിൽ അടുത്തതായിരിക്കാം. അവർ സ്ത്രീകളുടെ അവകാശങ്ങൾ വലിച്ചെറിയും, ഞങ്ങളുടെ വീടുകളുടെയും ഞങ്ങളുടെ ശബ്ദങ്ങളുടെയും നിഴലിലേക്ക് ഞങ്ങൾ തള്ളപ്പെടും, ഞങ്ങളുടെ ആവിഷ്കാരം നിശബ്ദതയിലേക്ക് അടിച്ചമർത്തപ്പെടും. താലിബാൻ അധികാരത്തിലിരുന്നപ്പോൾ സ്കൂളിൽ പോകുന്ന പെൺകുട്ടികളുടെ എണ്ണം പൂജ്യം ആയിരുന്നു. അതിനുശേഷം 9 ദശലക്ഷത്തിലധികം അഫ്ഗാൻ പെൺകുട്ടികൾ സ്കൂളിൽ ഉണ്ട്. താലിബാൻ കീഴടക്കിയ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്ത്, അതിന്റെ സർവകലാശാലയിൽ 50% സ്ത്രീകളായിരുന്നു. ഇത് ലോകത്തിന് അറിയാത്ത അവിശ്വസനീയമായ നേട്ടങ്ങളാണ്. ഈ ഏതാനും ആഴ്ചകൾക്കുള്ളിൽ, താലിബാൻ നിരവധി സ്കൂളുകൾ നശിപ്പിക്കുകയും 2 ദശലക്ഷം പെൺകുട്ടികൾ വീണ്ടും സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. എനിക്ക് ഈ ലോകം മനസ്സിലാകുന്നില്ല.

Sahraa Karimi

ഈ നിശബ്ദത എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ എന്റെ രാജ്യത്തിനുവേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്യും, പക്ഷേ എനിക്ക് അത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല. എനിക്ക് നിങ്ങളെപ്പോലുള്ള സഖ്യകക്ഷികളെ വേണം. ഞങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഈ ലോകം ശ്രദ്ധിക്കാൻ ഞങ്ങളെ സഹായിക്കൂ. അഫ്ഗാനിസ്ഥാനിൽ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളുടെ രാജ്യങ്ങളിലെ പ്രധാനപ്പെട്ട മാധ്യമങ്ങളെ അറിയിച്ച് ഞങ്ങളെ സഹായിക്കൂ. അഫ്ഗാനിസ്ഥാന് പുറത്ത് ഞങ്ങളുടെ ശബ്ദമാകുക. താലിബാൻ കാബൂൾ ഏറ്റെടുക്കുകയാണെങ്കിൽ, ഞങ്ങൾക്ക് ഇന്റർനെറ്റ് അല്ലെങ്കിൽ ഏതെങ്കിലും ആശയവിനിമയ ഉപകരണം ലഭ്യമാകണമെന്നില്ല. ദയവായി നിങ്ങളുടെ ചലച്ചിത്രകാരന്മാരെയും കലാകാരന്മാരെയും ഞങ്ങളുടെ ശബ്ദമായി പിന്തുണയ്ക്കുക, ഈ വസ്തുത നിങ്ങളുടെ മാധ്യമങ്ങളുമായി പങ്കുവയ്ക്കുക, നിങ്ങളുടെ സോഷ്യൽ മീഡിയയിൽ ഞങ്ങളെക്കുറിച്ച് എഴുതുക. ലോകം ഞങ്ങളോട് തിരിയരുത്.

അഫ്ഗാൻ സ്ത്രീകൾ, കുട്ടികൾ, കലാകാരന്മാർ, ചലച്ചിത്ര പ്രവർത്തകർ എന്നിവരുടെ പേരിൽ ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണയും ശബ്ദവും ആവശ്യമാണ്. ഞങ്ങൾക്ക് ഇപ്പോൾ വേണ്ട ഏറ്റവും വലിയ സഹായം ഇതാണ്. ഈ ലോകം അഫ്ഗാനിസ്ഥാനികളെ ഉപേക്ഷിക്കാതിരിക്കാൻ ദയവായി ഞങ്ങളെ സഹായിക്കൂ. കാബൂൾ താലിബാൻ ഏറ്റെടുക്കുന്നതിന് മുമ്പ് ഞങ്ങളെ സഹായിക്കൂ. ഞങ്ങൾക്ക് കുറച്ച് സമയമേയുള്ളൂ, ഒരുപക്ഷേ ദിവസങ്ങൾ. വളരെ നന്ദി. നിങ്ങളുടെ ശുദ്ധമായ ഹൃദയത്തെ ഞാൻ അങ്ങേയറ്റം വിലമതിക്കുന്നു.

" With regard, Sahraa Karimi

#SUPPORT #Afghanistan #അഫ്‌ഗാനിസ്ഥാൻ

അഫ്ഗാനിലെ കാബുള്‍ എയര്‍പോട്ടിലെ നടുക്കുന്ന കാഴ്ച ബിബിസിയില്‍ നിന്ന്

സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട കത്തിൽ ഒഴിവാക്കപ്പെട്ട ഭാഗം അവസാനം നടന്ന യുദ്ധം അമേരിക്കയും താലിബാനും ഒത്തുചേർന്ന് നടത്തിയ ഒരു " പ്രോക്സി വാർ " ആണ് എന്ന സംവിധായിക സഹ്റാ കരിമിയുടെ നിരീക്ഷണങ്ങളാണ്. പിന്നിട്ട 20 വർഷം അഫ്ഗാനിസ്ഥാനിൽ നടന്ന നിഴൽ യുദ്ധത്തിൻ്റെ ചരിത്രം പുനരാലോചിക്കാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു. അത് ആയുധ നിർമ്മാതാക്കളുടെ തിരക്കഥയായിരുന്നോ ? ന്യായമായും സംശയിക്കാം. എന്തിന് , താലിബാൻ നടത്തിയത് എന്ന് കരുതപ്പെടുന്ന അമേരിക്കൻ ട്രേഡ് സെൻ്റർ ആക്രമണം പോലും മുൻകൂട്ടി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥ അനുസരിച്ചായിരുന്നോ? അത്തരമൊരു തിയറി പണ്ടേ പ്രചാരത്തിലുണ്ട്. യുദ്ധങ്ങൾ എങ്ങിനെ നടക്കുന്നു എന്ന ഭരണകൂട സിദ്ധാന്തങ്ങൾ കണ്ണുമടച്ച് വിശ്വസിക്കുന്നവക്കേ ഇതൊക്കെ കണ്ണും പൂട്ടി വിഴുങ്ങാനാവൂ. കാബൂളിവാലകളെ താലിബാൻ്റെ കുരുതിക്കളത്തിലേക്ക് എറിഞ്ഞു കൊടുത്ത ആഗോള അജണ്ട എന്തായാലും ഭീകരമായിപ്പോയി. കണ്മുന്നിൽ കണ്ട ഒരു ചതിയുടെ കഥ. കഠിനം , ഈ നിശബ്ദത.

മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്ററും ചലച്ചിത്രനിരൂപകനും എഴുത്തുകാരനുമാണ് പ്രേംചന്ദ്. നിരൂപകരുടെ രാജ്യാന്തര സംഘടന ഫിപ്രസ്‌കി അംഗവുമാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT