Opinion

ഇളംകാറ്റില്‍ വീഴുന്ന വന്മരങ്ങള്‍: മലയാള സിനിമയിലെ സ്ത്രീമുന്നേറ്റം

1917 മാര്‍ച്ച് എട്ടിന് റഷ്യയിലെ തൊഴിലാളി സ്ത്രീകള്‍ ഭക്ഷണവും സമാധാനവും ആവശ്യപ്പെട്ട് പണിശാലകളില്‍ നിന്ന് തെരുവിലിറങ്ങി പ്രകടനം നടത്തി. പിന്നീട് പുരുഷന്മാരായ തൊഴിലാളികളും, പട്ടാളക്കാരും അവര്‍ക്കൊപ്പം ചേര്‍ന്നതോടെ നിര്‍മ്മിക്കപ്പെട്ടത് പുതിയൊരു ചരിത്രമാണ്. വലിയൊരു രാഷ്ട്രീയ പരീക്ഷണത്തിലേക്ക്, അന്നോളം പരിചിതമല്ലാത്ത പുതിയൊരു ഭരണ വ്യവസ്ഥിതിയിലേക്ക് നയിച്ച റഷ്യന്‍ വിപ്ലവത്തിന്റെ തുടക്കം മാറ്റത്തിനായി നിലകൊണ്ട ഏതാനും സ്ത്രീകളില്‍ നിന്നായിരുന്നു. വോട്ടവകാശത്തിനായുള്ള സ്ത്രീകളുടെ സമരങ്ങള്‍ സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശത്തിലേക്ക് നയിച്ചതും, ഫെമിനിസ്റ്റ് മൂവ്‌മെന്റിന്റെ വളര്‍ച്ച ക്വിയര്‍ വ്യക്തികളുടെ പ്രശ്‌നങ്ങളെ വെളിച്ചത്ത് കൊണ്ടുവന്നതുമെല്ലാം ഇതിനോട് ചേര്‍ത്ത് വായിക്കാം. അത്തരത്തിലുള്ള ഒരു മുന്നേറ്റമാണ് മലയാളം സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. അംഗസംഖ്യയില്‍ വളരെ കുറവെങ്കിലും അനീതിയെ എതിര്‍ത്ത് മുന്നോട്ടുവന്ന സ്ത്രീകള്‍ A.M.M.A എന്ന ആണധികാര ഭരണ വ്യവസ്ഥയുടെ കടപുഴക്കിയതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.

2017ല്‍ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്ന നടിയെ ആക്രമിച്ച സംഭവമാണ് മലയാള സിനിമയിലെ ലിംഗവിവേചനത്തെയും ലൈംഗിക ചൂഷണത്തെയും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്. ഈ സംഭവത്തെത്തുടര്‍ന്ന് അതേവര്‍ഷം തന്നെ സിനിമ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരുമായ സ്ത്രീകള്‍ ആരംഭിച്ച സംഘടനയോട് മുഖം തിരിക്കുകയാണ് മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ A.M.M.A ചെയ്തത്. മാത്രമല്ല കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ പിന്തുണക്കുകയും ചെയ്തു. WCC സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായി ഒരു മൂന്നംഗ കമ്മിറ്റിയെ പിണറായി വിജയന്‍ നയിച്ച അന്നത്തെ സര്‍ക്കാര്‍ നിയോഗിച്ചു. കമ്മിറ്റി 2019ല്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും ഈ മാസം 19ന് മാത്രമാണ് അത് പുറത്തുവിട്ടത്. തുടര്‍ന്ന് ധാരാളം സ്ത്രീകള്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് വരികയും പലതിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന സംവിധായകന്‍ രഞ്ജിത്തിന് സ്ഥാനമൊഴിയേണ്ടി വരികയും A.M.M.Aയുടെ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഒന്നടങ്കം രാജിവെക്കേണ്ടി വരികയും ചെയ്തു.

'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റി 2024

ഈ മാറ്റങ്ങള്‍ക്കെല്ലാം തുടക്കമിട്ടത് ആക്രമിക്കപ്പെട്ട നടി സ്വീകരിച്ച ധീരമായ നിലപാടാണ്. ലൈംഗിക ആക്രമണത്തില്‍ അപമാനിതയാവേണ്ടത് ഇരയല്ല എന്ന ഉത്തമ ബോധ്യത്തോടെ അവര്‍ കേസുമായി മുന്നോട്ടുപോവുക മാത്രമല്ല WCCക്കൊപ്പം സജീവമായി നില്‍ക്കുകയും ചെയ്തു. അത് കേരള സമൂഹത്തിലെ സ്ത്രീകള്‍ക്ക് മുന്നില്‍ മുന്‍പില്ലാത്ത ഒരു മാതൃക സൃഷ്ടിക്കുകയായിരുന്നു. താന്‍ കടന്നുപോന്ന ജീവിതത്തിലെ ഏറ്റവും ഇരുണ്ട മുഹൂര്‍ത്തങ്ങളെ പുറംലോകത്തിനു മുന്നില്‍ തുറന്നുവെക്കല്‍ ഒട്ടുമേ എളുപ്പമല്ല. പക്ഷേ അവരതിന് തയ്യാറായതിന് പിന്നില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൂടാ എന്ന ഉദ്ദേശം കൂടിയുണ്ടായിരുന്നു. അതിജീവിതക്കൊപ്പം നിന്ന അഭിനേതാക്കളായ സ്ത്രീകള്‍ സിനിമയില്‍ നിന്നുള്ള മാറ്റിനിര്‍ത്തലിന് പുറമേ കടുത്ത സൈബര്‍ ആക്രമണവും നേരിട്ടു. എന്നിട്ടും അവരില്‍ മിക്കവരും പഴയ നിലപാടില്‍ തന്നെ ധീരമായി നിലകൊണ്ടു. ആരോപിതനായ നടന്‍ ദിലീപിന്റെ സിനിമകള്‍ക്ക് പില്‍ക്കാലത്ത് സംഭവിച്ച വന്‍ പരാജയങ്ങള്‍ കേരള സമൂഹം ഭാഗികമായെങ്കിലും അവര്‍ക്കൊപ്പം നിന്നു എന്നതിന്റെ സൂചനയായി കാണാം.

ലൈംഗിക ആക്രമണത്തിന് പിന്നാലെ സമൂഹത്തിന്റെ വെര്‍ബല്‍ റേപ്പും മാറ്റിനിര്‍ത്തലും അനുഭവിക്കുന്ന നിരവധി സ്ത്രീകളുള്ള സമൂഹമാണിത്. പലര്‍ക്കും ആത്മഹത്യയില്‍ അഭയം തേടേണ്ടി വരുന്നു. പീഡകനെ വിവാഹം കഴിക്കാന്‍ നിയമസംവിധാനങ്ങള്‍ തന്നെ നിര്‍ബന്ധിക്കുന്ന കാലവും. അങ്ങനെയിരിക്കെ പിന്‍ തലമുറയിലെ പെണ്കുട്ടികള്‍ക്ക് ധീരതയുടെ ഒരു മാതൃക അവര്‍ നിര്‍മ്മിച്ചു. ലോകമെമ്പാടും ചലനമുണ്ടാക്കിയ മീ ടൂ മൂവ്‌മെന്റിന്റെ തുടര്‍ച്ചയായിക്കൂടി ഇതിനെ കാണേണ്ടതുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളെ സ്വാനുഭവം സമൂഹത്തിന് മുന്നില്‍ തുറന്നുപറയാന്‍ പ്രാപ്തരാക്കുകയും അതുവഴി സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ 2006ല്‍ ആക്റ്റിവിസ്റ്റായ തരാനാ ബുര്‍ക്കെയാണ് മീ ടൂ കാമ്പയിന്‍ ആദ്യമായി ആരംഭിച്ചത്. ഹോളിവുഡ് നടിയായ അലീസ മിലാനോ ഏറ്റെടുത്തതോടെ സിനിമ മേഖല മുതല്‍ നിയമനിര്‍മ്മാണ സഭകളെ വരെ പിടിച്ചുകുലുക്കിയ സ്ത്രീപക്ഷ സോഷ്യല്‍ മീഡിയാ മുന്നേറ്റത്തിന് തുടക്കമായി. മീ ടൂ കാംപയ്ന്‍ അന്നോളം രഹസ്യമാക്കിവെച്ച ചില പീഡാനുഭവങ്ങളെ തുറന്നുപറയാന്‍ സ്ത്രീകള്‍ക്ക് ധൈര്യം പകരുക മാത്രമല്ല ചെയ്യുന്നത്, ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ വേദനാജനകമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയ സ്ത്രീകള്‍ക്ക് പരസ്പരം ചേര്‍ത്തുപിടിക്കാനുള്ള അവസരമൊരുക്കുക കൂടിയാണ്. സഹാനുഭൂതിയുടെയും പിന്തുണയുടെയും ഒരു പെണ്‍ലോകത്തെ അത് നിര്‍മ്മിച്ചെടുക്കുന്നു. അന്നേവരെ അടക്കിവെച്ച വേദന നിറഞ്ഞ രഹസ്യങ്ങളെ ഒഴുക്കിക്കളഞ്ഞ് പുതിയൊരു വെളിച്ചത്തിലേക്ക് നടന്നു കയറാന്‍ പഠിപ്പിക്കുന്നു. പുരുഷനാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ പെണ്ണിന്റെ അവസ്ഥ എത്രമാത്രം അരക്ഷിതമാണെന്ന് പുരുഷന്മാരടക്കമുള്ള സമൂഹത്തെ ഓര്‍മ്മിപ്പിക്കുകയും പെണ്ണിന് കൂടി ജീവിതയോഗ്യമാകും വിധം ഈ സാമൂഹ്യക്രമത്തെ മാറ്റി മറിക്കേണ്ടതുണ്ട് എന്നോര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. മീ ടൂവിനെ പിന്തുടര്‍ന്ന് നിരവധി വെളിപ്പെടുത്തലുകള്‍ കേരളത്തിലും സാഹിത്യ, സിനിമ രംഗങ്ങളില്‍ നിന്നുണ്ടായി.

ജസ്റ്റിസ് ഹേമ കമ്മിറ്റി വിശദമായ ചോദ്യാവലി തയ്യാറാക്കി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളോടും പുരുഷന്മാരോടും എല്ലാ സംഘടനകളുടെയും പ്രതിനിധികളുമായും പബ്ലിക് നോട്ടീസ് വഴിയും ചര്‍ച്ച നടത്തിയും പരാതികള്‍ സ്വീകരിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പതിനേഴ് തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക ചൂഷണത്തിന് പുറമേ സെറ്റുകളില്‍ ടോയ്‌ലറ്റുകളും, വസ്ത്രം മാറാനുള്ള മുറികളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, താമസസ്ഥലത്തും യാത്രയിലുമുള്ള സുരക്ഷയില്ലായ്മ, പ്രതികരിക്കുന്നവരെ നിശബ്ദരാക്കാന്‍ നിയമപരമല്ലാത്ത വിലക്കുകള്‍, ലിംഗവിവേചനം, പുരുഷാധിപത്യം, സെറ്റുകളിലെ മദ്യപാനവും മോശം പെരുമാറ്റവും, അശ്ലീല സംഭാഷണങ്ങള്‍, കോണ്‍ട്രാക്റ്റ് ലംഘനങ്ങള്‍, വേതനം നല്‍കാത്ത അവസ്ഥ, വേതനത്തിലെ ഭീമമായ സ്ത്രീപുരുഷ അന്തരം, സാങ്കേതിക മേഖലയില്‍ സ്ത്രീകള്‍ക്കുള്ള അവസര നിഷേധങ്ങള്‍, സൈബര്‍ ആക്രമണം, പോഷ് ആക്ട് പ്രകാരമുള്ള പരാതി പരിഹാര സംവിധാനങ്ങളുടെ അഭാവം എന്നിവയെല്ലാം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ലൈംഗിക ആരോപണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മാത്രമാണ് ഏറെക്കുറെ മാധ്യമങ്ങളും പൊതുസമൂഹവും താല്പര്യം കാണിക്കുന്നത്.

കാസ്റ്റിംഗ് കൗച്ച് ലോകമെമ്പാടും സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നമാണ്. പക്ഷേ ചര്‍ച്ചകള്‍ അതില്‍ മാത്രം ഒതുങ്ങിക്കൂടാ. തൊഴിലിടം എന്ന നിലയ്ക്ക് സിനിമയിലും സ്ത്രീകള്‍ക്ക് സുരക്ഷ, വേതനം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയിലൊക്കെ നിയമം അനുശാസിക്കുന്ന തുല്യത ഉറപ്പാക്കേണ്ടതുണ്ട്. തൊഴിലിടങ്ങളിലെ നിയമപ്രകാരമുള്ള പരാതി പരിഹാര സംവിധാനങ്ങള്‍ ഉണ്ടാവുകയും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കുകയും വേണം. അതിനുള്ള സമ്മര്‍ദ്ദമാണ് പൊതുസമൂഹത്തില്‍ നിന്ന് ഉണ്ടാകേണ്ടത്. ഒപ്പം സിനിമ മേഖലയിലെ സംഘടനകളില്‍ പുരുഷമേധാവിത്വത്തിന്റെ കാലാളുകളായി പ്രവര്‍ത്തിക്കാത്ത സ്ത്രീകള്‍ നേതൃത്വത്തിലേക്ക് എത്തേണ്ടതുണ്ട്. അഭിപ്രായം പറയുന്ന സ്ത്രീകളെ കമ്മിറ്റികളില്‍ നിന്ന് പുറത്തു നിര്‍ത്തുക എന്നതാണ് എല്ലാ മേഖലകളിലും പൊതുവേയുള്ള രീതി. ഇതിനും മാറ്റം വന്നേ മതിയാവൂ. തീരുമാനമെടുക്കുന്ന സ്ഥാനങ്ങളില്‍ സ്വതന്ത്രമായ അഭിപ്രായമുള്ള സ്ത്രീകള്‍ എത്തുമ്പോഴേ ഏത് സംവിധാനവും ലിംഗനീതി പിന്തുടരുന്നതാവൂ. സിനിമയിലെ ചൂഷണങ്ങള്‍ സ്ത്രീകളില്‍ മാത്രം ഒതുങ്ങുന്നതുമല്ല. ട്രാന്‍സ് വ്യക്തികള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ പുരുഷന്മാര്‍ തുടങ്ങിയവരും വിവേചനത്തിന് ഇരയാണ്. വ്യക്തി എന്ന നിലയ്ക്കുള്ള അന്തസ്സിനും തൊഴില്‍പരമായ നീതിക്കും ഓരോരുത്തര്‍ക്കും അവകാശമുണ്ട്. യഥാര്‍ഥ പ്രശ്‌നം സിനിമയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന ഒട്ടും ആധുനികമല്ലാത്ത ഫ്യൂഡല്‍ പ്രവണതകളാണ്. ഇത് കേരളം പോലെ ഒരു സമൂഹത്തിന് ചേര്‍ന്നതല്ല. അധികാരം ഏതാനും വ്യക്തികളിലേക്ക് കേന്ദ്രീകരിക്കുന്ന ഏത് വ്യവസ്ഥിതിയും ജീര്‍ണ്ണതയെ അഭിമുഖീകരിക്കുന്നതാണ്. സിനിമയിലെ മാത്രമല്ല സമൂഹത്തിലെ ആകെത്തന്നെ ലിംഗനീതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാനുള്ള അവസരമാണിത്. വനിതാസംഘടനകളും പുരോഗമന പക്ഷത്ത് നില്‍ക്കുന്നവരും അത് ഉപയോഗിച്ചേ മതിയാവൂ.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ മറ്റൊരു സിനിമാ ഇന്‍ഡസ്ട്രിയുമായും സമാനതകള്‍ ഇല്ലാത്തതാണ്. ഇതിന് വഴി തെളിച്ചത് അതിജീവിതയും അവര്‍ക്കൊപ്പം നിന്ന ഏതാനും സ്ത്രീകളുമാണ്. കോടതികള്‍ തന്നെ പീഡകനെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുന്ന കാലത്ത് സ്ത്രീകളുടെ ആവശ്യം പരിഗണിച്ച് കമ്മിറ്റിയെ നിയോഗിച്ച സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. അതേസമയം ഇരകളുടെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ചുകൊണ്ട് തന്നെ ആരോപിതര്‍ക്കെതിരെ നിയമ നടപടികള്‍ ഉറപ്പാക്കേണ്ടതുണ്ട്. അത്തരക്കാരെ ഔദ്യോഗിക സ്ഥാനങ്ങളില്‍ തുടരാനും അനുവദിച്ചൂടാ. ഏതാനും പെണ്ണുങ്ങള്‍ തുടങ്ങിവെച്ച പോരാട്ടത്തിന്റെ അലയൊലികള്‍ നമ്മുടെ സമൂഹത്തെ കുറച്ചുകൂടി ലിംഗനിരപേക്ഷമാക്കട്ടെ.

മികച്ച പ്രതികരണങ്ങളും ബുക്കിം​ഗുമായി ടൊവിനോയുടെ ARM, മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാള സിനിമയിലെ 3D വിസ്മയം

എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്? One Nation One Election Explained

'ആ സിനിമയിൽ എനിക്ക് വേണ്ടി പത്മരാജൻ സാർ ഒരു വേഷം കരുതി വച്ചു, പക്ഷേ ആ സ്നേഹം അനുഭവിക്കാൻ എനിക്ക് സാധിച്ചില്ല'; ജ​ഗദീഷ്

മാതാപിതാക്കളുടെ വിയോഗത്തിന്റെ വേദനയില്‍ നിന്ന് തിരികെ കൊണ്ടുവന്നത് ആ മണിരത്നം സിനിമ: അരവിന്ദ് സ്വാമി

Explainer:ടീന്‍ അക്കൗണ്ട്; ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ അപ്‌ഡേറ്റ്, പ്രായപൂര്‍ത്തിയാകാത്തവരെ ഇത് സംരക്ഷിക്കുന്നത് എങ്ങനെ?

SCROLL FOR NEXT