പ്ലാനിംഗ് ബോര്‍ഡ് അംഗവും ജനകീയ ആരോഗ്യപ്രവര്‍ത്തകനുമായ ഡോ. ബി ഇക്ബാല്‍ എഴുതുന്നു, ജില്ലാ ആശുപത്രികള്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളാക്കി മാറ്റണമെന്ന നീതി ആയോഗ് നിര്‍ദ്ദേശം വൈദ്യവിദ്യാഭ്യാസ മേഖലയെ സ്വകാര്യമേഖലക്ക് തീറെഴുതികൊടുക്കാന്‍
രാജ്യത്ത് അവശ്യാനുസരണം ഡോക്ടര്‍മാര്‍ പരിശീലിപ്പിക്കപെടുന്നില്ല എന്ന് വാദിച്ച് കൊണ്ട് ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ജില്ലാ ആശുപത്രികള്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളാക്കി മാറ്റണമെന്ന നിര്‍ദ്ദേശം നീതി ആയോഗ് മുന്നോട്ട് വച്ചിരിക്കയാണ്. നേരത്തെ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലും വിദ്യാഭ്യാസ നയരേഖയിലും ഇതേ ആശയം ഉള്‍പ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളേജാക്കി മാറ്റുന്ന ജില്ലാ ആശുപത്രികളുടെ നടത്തിപ്പും വികസനവും സ്വകാര്യ പൊതു പങ്കാളിത്തത്തോടെ നടത്തുന്നതിനുള്ള ശുപാര്‍ശയാണ് നീതി ആയോഗ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിലേക്കായി ബന്ധപ്പെട്ടവരുടെ യോഗം ജനുവരി 21 നു വിളിച്ചിരിക്കുകയാണ്.
സ്വകാര്യ ഏജന്‍സികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്ന ധാരണയാണ് സ്വകാര്യ ഏജന്‍സികളെ മെഡിക്കല്‍ വിദ്യാഭ്യാസം നടത്താനുള്ള ചുമതല ഏല്പിക്കാനുള്ള ഒരു പ്രധാന കാരണമായി മുന്നോട്ട് വെക്കുന്ന വാദം. എന്നാല്‍ സ്വാശ്രയ മെഡിക്കള്‍ കോളേജുകള്‍ വന്‍ തോതില്‍ ആരംഭിച്ച ശേഷമുള്ള അനുവഭവം എന്താണ്? സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഗുണനിലവാരം കുറഞ്ഞ മെഡിക്കല്‍ വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികളുടെ മേല്‍ ചുമത്തപ്പെടുന്ന അമിതമായ ഫീസുമാണ് മെഡിക്കല്‍ വിദ്യാഭ്യാസം ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധി. ഏത് മാനദണ്ഡം പരിശോധിച്ചാലും വെല്ലൂര്‍ മെഡിക്കല്‍ കോളേജുകള്‍ പോലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വരവിനു മുന്‍പ് സ്ഥാപിച്ച ചുരുക്കം ചില സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഒഴിച്ചാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളാണ് മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക്ക് നിലവാരത്തിലും സാമൂഹ്യ നീതിയിലും മുന്‍ പന്തിയില്‍ നില്‍ക്കുന്നവയെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ത്രിതല ചികിത്സ ലഭിക്കാന്‍ സാമൂഹ്യ പിന്നാക്കാവസ്ഥയിലുള്ളവര്‍ക്കുള്ള ഏക ആശ്രയവും സര്‍ക്കാര്‍ മെഡിക്കള്‍ കോളേജുകളാണ്.
കേന്ദ്രസര്‍ക്കാര്‍ ദേശീയ വരുമാനത്തിന്റെ കേവലം 1.1% മാത്രമാണ് ആരോഗ്യത്തിനായി ചെലവിടുന്നത്. ആരോഗ്യത്തിനായി ആരോഗ്യവിഹിതം 3 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ നയത്തിലും ബി ജെ പി പ്രകടന പത്രികയിലും വാഗ്ദാനം ചെയ്തിട്ടുള്ളത് നടപ്പിലാക്കിയാല്‍ ഇന്ത്യന്‍ ജനതയ്ക്കാവശ്യമായ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും പരിശീലിപ്പിക്കുന്നതിനുള്ള വൈദ്യ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും.
പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുന്നതിന് കര്‍ശനമായ നിബന്ധനകളാണ് മെഡിക്കല്‍ കൗണ്‍സിലും മെഡിക്കല്‍ സര്‍വ്വകലാശാലകളും പിന്തടര്‍ന്ന് വരുന്നത്. ഇവയില്‍ പലപ്പോഴും സ്വകാര്യ ലോബിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി വെള്ളം ചേര്‍ക്കുന്നതിന്റെ ഫലമായി യാതൊരു അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല അവശ്യാനുസരണം അധ്യാപകരും രോഗികള്‍ പോലുമില്ലാത്ത സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ എണ്ണം ആപല്‍ക്കരമായി വര്‍ധിച്ച് വരികയാണ്. ഇത്തരം മെഡിക്കല്‍ കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന പാതി വെന്ത ഡോക്ടര്‍മാര്‍ ആരോഗ്യ മേഖലയില്‍ വരും കാലങ്ങളില്‍ വലിയ ദുരന്തങ്ങള്‍ക്ക് കാരണമാവുമെന്ന ഭീതി പടര്‍ന്നിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ ദിവസമാണ് . രോഗികളും അധ്യാപകരുമില്ലാത്ത ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ തുടര്‍ പഠനത്തിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതെന്നോര്‍ക്കണം.
മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കികൊണ്ടുള്ള വ്യവസ്ഥകളാണ് മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്ലില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ല. പകരം അപേക്ഷകര്‍ക്ക് മെഡിക്കള്‍ കോളേജുകള്‍ തുടങ്ങുന്നതിനുള്ള സാമ്പത്തിക ശേഷിയുണ്ടോയെന്ന് മാത്രം പരിശോധിച്ചാല്‍ മതി. കുറവുകളുണ്ടെങ്കില്‍ ആറുമാസത്തെ നോട്ടീസ് നല്‍കുക, പിഴയീടാക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കും. പിഴ എത്രയെന്ന് സൂചിപ്പിക്കുന്നില്ല. മെഡിക്കല്‍ കോളേജുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പുറമേ സ്വകാര്യ ഏജന്‍സികളെ നിയോഗിക്കാം എന്നെല്ലാമുള്ള വളരെ ഉദാരവും സ്വകാര്യമേഖലയെ വഴിവിട്ട് സഹായിക്കുന്നതുമായ നിബന്ധനകളാണ് ബില്ലില്‍ ചേര്‍ത്തിരിക്കുന്നത്. ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകളാക്കുമ്പോള്‍ വൈദ്യവിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നിബന്ധനകള്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും.
പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനുള്ള ധനശേഷി സര്‍ക്കാരിന് ഇല്ലെന്നതാണ് വൈദ്യവിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തെ ന്യായീകരിക്കുന്നതിനായി മുന്നോട്ട് വെക്കുന്ന മറ്റൊരു വാദം;. എന്നാല്‍ സത്യമെന്താണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ വരുമാനത്തിന്റെ കേവലം 1.1% മാത്രമാണ് ആരോഗ്യത്തിനായി ചെലവിടുന്നത്. ആരോഗ്യത്തിനായി ആരോഗ്യവിഹിതം 3 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ നയത്തിലും ബി ജെ പി പ്രകടന പത്രികയിലും വാഗ്ദാനം ചെയ്തിട്ടുള്ളത് നടപ്പിലാക്കിയാല്‍ ഇന്ത്യന്‍ ജനതയ്ക്കാവശ്യമായ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും പരിശീലിപ്പിക്കുന്നതിനുള്ള വൈദ്യ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും. അതിനുള്ള രാഷ്ടീയ ഇച്ഛാശക്തിയില്ലായ്മക്ക് മറയിട്ടുകൊണ്ടാണ് വൈദ്യവിദ്യാഭ്യാസ മേഖലയെ സ്വകാര്യമേഖലക്ക് തീറെഴുതികൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇതെല്ലാം പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകളാരംഭിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് വിട്ട് കൊടുക്കുന്നതിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗതി കൂടുതല്‍ ഗുരുതരമാക്കപ്പെടുമെന്നും പാവപ്പെട്ടവര്‍ക്ക് ഏക ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ട് അവര്‍ക്ക് അപ്രാപ്യമാവുകയും ചെയ്യുമെന്നും ഉറപ്പാണ്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം