നിങ്ങൾക്ക് സുഹൃത്തുക്കളെ മാറ്റിയെടുക്കാം പക്ഷേ അയൽക്കാരെ മാറ്റിയെടുക്കാൻ കഴിയില്ല. രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പാകിസ്താനോട് ഉപദേശിച്ചതാണ് ഒരർത്ഥത്തിൽ യുക്രൈയിൻ പ്രസിഡൻറ് വ്ളോഡിമർ സെലൻസ്കിയോട് റഷ്യൻ പ്രസിഡൻറ് ആവർത്തിച്ചു കൊണ്ടേയിരുന്നത്. പക്ഷേ സെലൻസ്കി വിശ്വസിച്ചത് നാറ്റോയുടെ കരുത്തിലൂടെ സംരക്ഷിക്കപ്പെടുന്ന പരമാധികാരത്തിലും യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക സഹകരണത്തിലുമാണ്.
2014ൽ യൂറോപ്യൻ യൂണിയനുമായി അസോസിയേഷൻ എഗ്രിമെന്റ് ഒപ്പുവയ്ക്കാൻ റഷ്യയുടെ സമ്മർദ്ദത്താൽ വിസമ്മതിച്ച യാനുകോവിച്ചിനെ പുറത്താക്കി റഷ്യൻ വിരുദ്ധ വിമത സഖ്യം പെട്രോ പൊറോ ഷെങ്കോവിൻ്റെ സർക്കാർ രൂപീകരിച്ചതു മുതൽ രൂപപ്പെട്ട കാർമേഘമാണിപ്പോൾ രൂക്ഷമായ യുദ്ധമായി ആയുധവർഷമായി പെയ്യുന്നത്.
മനുഷ്യകവചമൊരുക്കി റഷ്യയെ നേരിടുന്ന സെലൻസ്കിയുടെ പരാജയപ്പെട്ട നയചാതുരിക്ക് മേൽ പാശ്ചാത്യ മാധ്യമ സഖ്യം ഹീറോയിക് ഇമേജറികളെ പ്രതിഷ്ഠിക്കും. നീളുന്ന യുദ്ധം സൃഷ്ടിക്കുന്ന പ്രൊപ്പഗാൻഡ വാറിൽ റഷ്യയ്ക്ക് മേൽ നാറ്റോയും ഉക്രയിനും നേടുന്ന മേൽക്കൈ നാറ്റോയുടെ അധിനിവേശ ചരിത്രത്തെ ലെജിറ്റിമൈസ് ചെയ്യും.
ഈ കുറിപ്പെഴുതുമ്പോൾ ബെലാറസിൽ നയതന്ത്രമേശ ഒരുങ്ങുകയാണന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബെലാറസ് പ്രസിഡൻ്റമായി ചർച്ച നടത്തി സെലൻസ്കിയും ചർച്ചയ്ക്ക് സന്നദ്ധതയറിച്ചിരിക്കുകയാണ്. യുദ്ധം ഇനിയും തുടർന്നേക്കാം എന്നും കരുതിയിരിക്കണം എന്നും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവേൽ മക്രോൺ മുന്നറിയിപ്പ് നൽകുന്നു.
യുദ്ധം നീളുകയാണ് എങ്കിൽ അരക്കോടി അഭയാർത്ഥികളുടെ പലായനം കോവിഡാനാന്തര യൂറോപ്പിനെ വീണ്ടും വരിഞ്ഞുമുറുക്കും. ബാൾട്ടിക് കടലിനടിയിലൂടെ ജർമ്മനിയിലേക്ക് യൂറോപ്പിനാവശ്യമായ 40 ശതമാനം പ്രകൃതി വാതകം പ്രതിവർഷം 110 ബില്യൻ ക്യുബിക് മീറ്റർ എന്ന നിരക്കിൽ എത്തിക്കാൻ നിർമ്മിച്ച നോർഡ് സ്ട്രീം 2 പൈപ്പ് ലൈൻ അനാഥമായാൽ അതു വീണ്ടും യൂറോപ്പിനെ രണ്ടിരട്ടി അധിക ചിലവിൽ അമേരിക്കൻ ഷെൽ ഗ്യാസിനെ ആശ്രയിക്കാൻ നിർബന്ധിതരാക്കും.
പതിമൂന്ന് ബില്യൻ യൂറോയുടെ മൂലധന നിക്ഷേപത്തിൻ വലിയ മുടക്കുള്ള ഗ്യാസ് പ്രോം എന്ന റഷ്യൻ കമ്പനിയാണ് ആദ്യം കൂപ്പുകുത്തുക. ഒപ്പം ജർമ്മനിയും. ഇതിനേക്കാൾ ഭയപ്പെടുത്തുന്നത് നാറ്റോ രാജ്യങ്ങൾ എത്തിക്കുന്ന ആയുധമേന്തി നിൽക്കുന്ന അസോവ് ബറ്റാലിയൻ അടക്കമുള്ള നവ നാസിസ്റ്റ് ആഭിമുഖ്യമുള്ള സിവിലിയൻമാരാണ്. കീവും ഖർകീവും ഒഡേസയും പ്രതിരോധിച്ച് നിൽക്കുന്ന ജനത മറ്റൊരു ആഭ്യന്തര കലാപത്തിന്റെ നിക്ഷേപമാണ്. നാറ്റോ ആയുധമണിയിച്ച ഒരൊറ്റ രാജ്യവും അഭ്യന്തര കലാപത്തിൽ നിന്ന് ഒഴിഞ്ഞു നിന്നിട്ടില്ല എന്നതാണ് ചരിത്രം.
യുദ്ധം നീളുകയാണ് എങ്കിൽ അതിന്റെ ഒരേയൊരു നേട്ടം അമേരിക്കയുടെ ആയുധപന്തിക്കും (മിലിട്ടറി ഇൻഡസ്ട്രിയൽ കോംപ്ലക്‌സിനും) ഷെൽ ഒയിൽ കമ്പനി നിക്ഷേപകർക്കുമായിരിക്കും. മനുഷ്യകവചമൊരുക്കി റഷ്യയെ നേരിടുന്ന സെലൻസ്കിയുടെ പരാജയപ്പെട്ട നയചാതുരിക്ക് മേൽ പാശ്ചാത്യ മാധ്യമ സഖ്യം ഹീറോയിക് ഇമേജറികളെ പ്രതിഷ്ഠിക്കും. നീളുന്ന യുദ്ധം സൃഷ്ടിക്കുന്ന പ്രൊപ്പഗാൻഡ വാറിൽ റഷ്യയ്ക്ക് മേൽ നാറ്റോയും ഉക്രയിനും നേടുന്ന മേൽക്കൈ നാറ്റോയുടെ അധിനിവേശ ചരിത്രത്തെ ലെജിറ്റിമൈസ് ചെയ്യും.
സിവിലിയൻ പ്രതിരോധത്തിനു മേൽ റഷ്യ ഏൽപ്പിക്കുന്ന ഓരോ പ്രഹരവും പുട്ടിൻ്റെ പ്രതിച്ഛായയെയും ഉക്രയിനിൽ നടത്തിയ മുൻകരുതൽ അധിനിവേശത്തിന് അവശേഷിച്ച ന്യായീകരണത്തെയും റദ്ദുചെയ്യും. ഒപ്പം അന്തർദേശീയ സാമ്പത്തിക ക്രയവിക്രയ സംവിധാനം സ്വിഫ്റ്റിൽ നിന്ന് റഷ്യയുടെ കരുത്തരായ ബാങ്കുകളെ പുറത്താക്കിയത് നീളുന്ന യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യയെ തളർത്തും എന്നതും ഒരു എക്സിറ്റ് പ്ലാനിലേക്ക് റഷ്യയെ എത്തിക്കുകയാണ്.
ഇതിനോടകം നാലു ലക്ഷം അഭയാർത്ഥികളാണ് അനാഥരായത്. കെ.ജി.ബിയുടെ കളരിയിൽ പയറ്റിതെളിഞ്ഞ അതിതീവ്ര ദേശീയതയുടെ ഏകാധിപതിക്ക് അഭയാർത്ഥികൾ രാജ്യ സുരക്ഷയുടെ ചില്ലറ പാർശ്വഫലങ്ങൾ മാത്രമാണ്.
നാറ്റോയുടെ വ്യാപനത്തിനെ തടയാൻ റഷ്യ കുരുതി കൊടുത്തത് യുക്രൈയിനെയാണ്. ഈ സാമ്പത്തിക-പ്രതിരോധ നീക്കത്തിന് ഇംപീരീയലിസ്റ്റ് മോഹങ്ങളിൽ ആഴമിട്ട് അമേരിക്കയും നാറ്റോയും കുരുതി കൊടുത്തതും അതേ യുക്രൈയിനെയാണ്. മക്രോൺ ബ്രെയിൻഡത്ത് വിധിച്ച നാറ്റോ എട്ട് വർഷത്തിനു ശേഷം ലോക രാഷ്ട്രീയത്തെ നിർണ്ണയിക്കാനുള്ള അവകാശത്തിനായി നടത്തുന്ന ഉയിർത്തെഴുനേൽപ്പ് ഉദ്യമം പൂർത്തിയാക്കുകയാണ്, അതും മിനിമം പരുക്കുകളോടെ.
ഏറ്റവും ഒടുവിൽ റഷ്യ പുറപ്പെടുവിച്ച ആണവായുധ ആക്രമണ ജാഗ്രത ചില സൂചനകൾ കൂടിയാണ്. ഏറെക്കുറെ അസംഭവ്യമെങ്കിലും ആണവക്കരുത്ത് ഏഴരപ്പതിറ്റാണ്ട് കാലത്തിനു ശേഷം യുദ്ധമുഖത്തെത്തിയാൽ എന്ത് എന്നതിന്ന് സമ്പൂർണ്ണ നരകം എന്നതിനപ്പുറം ഒരുത്തരവും ഇപ്പോഴില്ല.