കാരുണ്യ പദ്ധതിയിലെ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകളും ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ പ്രതികരണവും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വീടുകളില്‍ കിടന്ന് ചികിത്സ തുടരുന്നവര്‍ക്ക് ഇനി മുതല്‍ പദ്ധതിയുടെ പരിരക്ഷ ലഭിക്കില്ല എന്ന മനോരമ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് മന്ത്രി രംഗത്ത് വരികയും ചെയ്തു. 'സര്‍ക്കാരിനു ബമ്പര്‍, പാവങ്ങളോട് പിശുക്ക്' എന്ന കേരള കൗമുദി തലക്കെട്ടിനേക്കുറിച്ച് നടത്തിയ പരാമര്‍ശം (‘കാരുണ്യയെക്കുറിച്ച് മനോരമ പറ കൊട്ടുമ്പോള്‍ തങ്ങള്‍ പാട്ടയെങ്കിലും കൊട്ടണ്ടേ എന്നാണ് കൌമുദിക്കാരുടെ നോട്ടം’) തോമസ് ഐസക്കിന് പിന്‍വലിക്കേണ്ടി വന്നു. മാധ്യമങ്ങള്‍ കാരുണ്യ പദ്ധതിയേക്കുറിച്ച് ജനങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെന്നാണ് മന്ത്രിയുടെ ആക്ഷേപം. കാരുണ്യ ചികിത്സാ സഹായ പദ്ധതിയെ കാല്‍പനികവല്‍ക്കരിക്കരുതെന്നും എല്ലാവര്‍ക്കും വാരിക്കോരി കൊടുക്കുന്ന ഒന്നാണ് കാരുണ്യ ചികിത്സാ സഹായമെന്ന തരത്തില്‍ പ്രചാരണം നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും തോമസ് ഐസക് പറയുന്നു. പരാതികളും പ്രശ്‌നങ്ങളും പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുകൊണ്ടുപോകുമെന്നും ധനമന്ത്രി ഉറപ്പ് നല്‍കുന്നുണ്ട്. ടി എം തോമസ് ഐസക് 'ദ ക്യൂ'വിന് നല്‍കിയ അഭിമുഖം.
വീട്ടില്‍ കിടന്ന് ചികിത്സ തേടുന്ന രോഗികള്‍ക്ക് ഇനി കാരുണ്യാ സഹായം ലഭിക്കാതിരിക്കുമോ?
നേരത്തെ കിട്ടിക്കൊണ്ടിരുന്നവരാണെങ്കില്‍ കാരുണ്യയില്‍ നിന്ന് സഹായം കിട്ടും. കാരുണ്യയില്‍ ലഭിച്ചിരുന്നത് കാരുണ്യ പ്ലസ് പോലെ കൊടുക്കും. എല്ലാവര്‍ക്കും കാരുണ്യയില്‍ നിന്ന് ആനുകൂല്യം കിട്ടില്ല. നിങ്ങള്‍ക്ക് ഒപിയില്‍ കാരുണ്യ കിട്ടില്ല. കൃത്യമായി നിര്‍വചിച്ച കാറ്റസ്‌ട്രോഫിക് ഡിസീസുകള്‍ (കാന്‍സര്‍, ഹീമോഫീലിയ, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, മറ്റ് ഗുരുതര അസുഖങ്ങള്‍) ബാധിച്ചവര്‍ക്ക് മാത്രമേ ലഭിക്കൂ. രോഗനിര്‍ണ്ണയത്തിനുള്ള പണവും ശസ്ത്രക്രിയക്ക് ശേഷമുള്ള ചികിത്സയ്ക്കുമെല്ലാം പണം ലഭിക്കും. രണ്ട് ലക്ഷം രൂപയാണ് കിട്ടുക. അവയവം മാറ്റിവെയ്ക്കല്‍ ആണെങ്കില്‍ മൂന്ന് ലക്ഷം. രണ്ട് ലക്ഷം രൂപയുടെ ആനുകൂല്യമേ കിട്ടുന്നുള്ളൂ. അതും ആയുഷ്‌കാലത്തില്‍ ഒരിക്കല്‍ മാത്രം. ആയുഷ്‌കാലത്ത് ഒരു കുടുംബത്തിനാണ് രണ്ട് ലക്ഷം രൂപ. കാരുണ്യയെന്ന് പറഞ്ഞാല്‍ എന്തുചികിത്സയും കിട്ടും എപ്പോള്‍ ചെന്നാലും കിട്ടും എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ആകെ 300-350 കോടി രൂപയാണ് ഒരു വര്‍ഷത്തേക്കുള്ള കാരുണ്യ ഫണ്ട്. കാരുണ്യയില്‍ കൊടുത്തിരുന്ന രീതിപ്രകാരം അവിടെ കിടക്കേണ്ടതില്ല. ഉദാഹരണത്തിന് ഡയാലിസിസ്. ഡയാലിസിസിന് ആനുകൂല്യം നല്‍കുന്നത് തുടരും. അതിന് ആശുപത്രിക്ക് പ്രത്യേകം പണം കൊടുത്താല്‍ പോരേ.
നിലവില്‍ എത്ര പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്?
കാരുണ്യയില്‍ ആകെ ഒരു വര്‍ഷം കൊടുക്കുന്നത് 30,000 പേര്‍ക്കാണ്. അത്രയുമേ ഉള്ളൂ. കേരളത്തിലെ ജനസംഖ്യയില്‍ 30,000 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ആനുകൂല്യം കൊടുത്തിട്ടുള്ളത്. അത് വളരെ സ്ട്രിക്ടാണ്. എന്ത് കിടത്തി ചികിത്സയ്ക്കും എന്ത് വന്ന് വീട്ടില്‍ കിടന്നാലും ആനുകൂല്യം കിട്ടില്ല. ചില പ്രത്യേക രോഗങ്ങള്‍ക്കാണ് അതില്‍ കൊടുക്കുന്നത്. ആ രോഗങ്ങള്‍ വ്യത്യസ്തമാണെങ്കില്‍ സഹായമില്ല. നിങ്ങള്‍ ആയുഷ്മാന്‍ ഭാരതില്‍ ഇല്ലെങ്കിലും ആ രോഗങ്ങള്‍ക്ക് സര്‍ക്കാര്‍ തുടര്‍ന്നും സഹായം നല്‍കും. അങ്ങിനെ തുടര്‍ന്ന് നല്‍കുന്നതിനുള്ള സംവിധാനമുണ്ടാക്കണം. രണ്ടും കൂടി തുടരാന്‍ കഴിയില്ല. എന്താണെന്നുവെച്ചാല്‍ ആശുപത്രികളൊന്നും ഈ രോഗങ്ങളിലേക്ക് വരില്ല. ആശുപത്രികള്‍ക്കെല്ലാം വരുമാനമിരിക്കുന്നത് ഗുരുതര രോഗ ചികിത്സയിലാണ്. അല്ലാതെ ഒപിയില്‍ മരുന്നു കൊടുക്കുന്നതില്‍ അല്ല. ഗുരുതരരോഗങ്ങള്‍ ബാധിച്ച എല്ലാവര്‍ക്കും തുടര്‍ന്നും ആനുകൂല്യം ലഭിക്കും.
കാരുണ്യാ പദ്ധതി കൈകാര്യം ചെയ്യുമ്പോള്‍ ആശുപത്രികള്‍ക്ക് നിരുത്തരവാദപരമായ സമീപനമുണ്ടോ?
ആശുപത്രികളെല്ലാം ഇത് സൗകര്യമായി എടുക്കും ഞങ്ങള്‍ കാരുണ്യ സ്‌കീമില്‍ ഉള്ള കേസുകളേ എടുക്കുകയുള്ളൂ എന്ന് പറയും. ഏതാണ്ട് 500 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം കിട്ടുന്ന പരിപാടിയല്ലേ. ആര്‍എസ്ബിവൈയില്‍ ഉണ്ടായിരുന്ന എല്ലാവരും തിരിച്ചുവരും. രണ്ടും കൂടി നിര്‍ത്തിയാല്‍ ഇവരൊന്നും വരില്ല. കാരുണ്യയ്ക്ക് കണക്കൊന്നും സൂക്ഷിക്കേണ്ട. വളരെ ഉദാരമാണ്. രണ്ട് ലക്ഷം രൂപയേ ഉള്ളൂ. ആ രണ്ട് ലക്ഷം രൂപ എങ്ങിനെ വേണമെങ്കിലും എഴുതിയെടുക്കാം. സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ് ഏറ്റവും മോശം. അവര്‍ സര്‍ക്കാര്‍ ആണെന്ന് പറഞ്ഞിട്ട് ഇത്രയും രൂപ ചെലവായെന്ന് പറഞ്ഞാല്‍ അതിന്റെ കണക്കൊന്നും ബോധിപ്പിക്കാറില്ല. ഇന്‍ഷുറന്‍സ് വരുമ്പോള്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ണമായിരിക്കണം. ആശുപത്രികള്‍ അതിലേക്ക് പോകാന്‍ തയ്യാറല്ല. അതാണ് കാര്യം. ഇത് മാറ്റത്തിന്റെ ഒരു സമയമായതിനാല്‍ ചില പ്രശ്നങ്ങളുണ്ടാകും. അത് ധൈര്യത്തോടെ കൈകാര്യം ചെയ്ത് തന്നെ മുന്നോട്ട് പോകണം.
മൂന്ന് മാസം കൊടുത്തു. കാരുണ്യയില്‍ നിന്നും ആയുഷ്മാന്‍ ഭാരതില്‍ നിന്നും. ആയുഷ്മാന്‍ ഭാരതില്‍ നിന്ന് 80 കോടി രൂപ. സമാന്തരമായി അത് കൊണ്ടുപോകാന്‍ കഴിയില്ല. പുറത്തേ ചെയ്യാന്‍ കഴിയൂ. നേരത്തേ ധനവകുപ്പാണ് നടന്നുകൊണ്ടിരുന്നത്. ഞങ്ങള്‍ അതിപ്പോള്‍ ആരോഗ്യവകുപ്പിന് കൈമാറി. ധനവകുപ്പിന്റെ പണി ഇതൊന്നും അല്ല. എനിക്ക് ഇത് കൈകാര്യം ചെയ്യാന്‍ താല്‍പര്യമില്ല. നേരത്തെ ആരോഗ്യ വകുപ്പ് പണവും മറ്റുകാര്യങ്ങളും ഒന്നും നോക്കിയിരുന്നില്ല. ധനവകുപ്പിലേക്ക് വെറുതെ ബില്ല് അയച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ അവര് ശ്രദ്ധ പുലര്‍ത്തണം. അത് അവരുടെ പണിയല്ലേ.
ഒരു ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടല്ലോ, താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റും വാര്‍ത്തകളും വായിക്കുമ്പോള്‍?
വാര്‍ത്തകള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. അത് കണ്ട് ബേജാറാകേണ്ട കാര്യമില്ല. കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ് വേണ്ടത്. കലങ്ങിത്തെളിയാന്‍ സമയം കൊടുക്കണം. ചിലപ്പോള്‍ ഒന്നോ രണ്ടോ ആഴ്ച്ച സമയമെടുക്കും. ചിലപ്പോള്‍ ഒരു മാസമെടുക്കും. നമ്മള്‍ ഇങ്ങനെ ഇങ്ങനെയൊക്കെ പ്രശ്നങ്ങള്‍ കാണുമ്പോള്‍ അതിനൊക്കെ പ്രതിവിധി കണ്ടെത്തി മുന്നോട്ടുപോകും.
എല്ലാ കാര്യങ്ങളും വിശദീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങുമോ?
ഉത്തരവ് നാളെയോ മറ്റന്നാളോ ഇറങ്ങും. കാരുണ്യയുടെ വ്യവസ്ഥകളില്‍ ഉള്‍പെടുത്താതതും എന്നാല്‍ കാരുണ്യയില്‍ കൊടുത്തുകൊണ്ടിരുന്നതുമായിട്ടുള്ള ചില രോഗങ്ങളും നടപടിക്രമങ്ങളുമുണ്ട്. ഉദാഹരണത്തിന് ഡയാലിസിസ്, അത് വീട്ടിലിരുന്നാല്‍ ഇപ്പോള്‍ കിട്ടുകയില്ല, ആയുഷ്മാന്‍ ആയതുകൊണ്ട്. അത് കാരുണ്യ പ്ലസ് ആയിട്ട് കൊടുക്കണം.
കാരുണ്യയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് കാരുണ്യ പ്ലസ് സ്‌കീമില്‍ നിന്ന് സഹായം ലഭിക്കുമോ?
കാരുണ്യയില്‍ ഉണ്ടായിരുന്നതും എന്നാല്‍ ആയുഷ്മാന്‍ ഭാരതില്‍ ഉള്‍പ്പെടുത്താത്തതുമായവര്‍ക്ക് ആയുഷ്മാന്‍ ഭാരതിന് പുറത്ത് കാരുണ്യ പ്ലസ് എന്ന പേരില്‍ ആനുകൂല്യം നല്‍കും. ആയുഷ്മാന്‍ ഭാരത് പദ്ധതിയെ അങ്ങനെയല്ല കാരുണ്യ എന്ന് തന്നെയാണ് വിളിക്കുന്നത്. അത് ആരോഗ്യവകുപ്പ് തന്നെ നോക്കി ചെയ്യട്ടെ.
വീട്ടില്‍ കിടപ്പു രോഗികളായി കഴിയുന്നവര്‍ക്ക് സഹായം ലഭിക്കുന്നതും കാരുണ്യ പദ്ധതിയുമായും ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ തെറ്റിദ്ധാരണയുണ്ടോ?
വെറുതേയുള്ള തെറ്റിദ്ധാരണകളാണ്. ചില കാര്യങ്ങളുണ്ട്. രണ്ട് ലക്ഷം രൂപ കാസ്പ് ആണ്. ഇതൊക്കെ ഇവര്‍ എങ്ങനെയൊക്കെയാണ് പറഞ്ഞുണ്ടാക്കുന്നത്. രണ്ട് ലക്ഷം രൂപ കഴിഞ്ഞാല്‍ പിന്നെ കിട്ടില്ല. ഇത്തവണത്തെയാണ് ഏറ്റവും കൂടുതല്‍. സാധാരണ 20,000നും 30,000നും ഇടയിലുള്ള ആള്‍ക്കാര്‍ക്കാണ് കൊടുക്കാറ്. ഇത്തവണയാണ് 30,000 പേര്‍ക്ക് ലഭിച്ചത്. മാധ്യമങ്ങള്‍ കാരുണ്യ പദ്ധതിയെ വെറുതെ കാല്‍പനികവല്‍ക്കരിക്കുകയാണ്. എന്തിനും കിട്ടും, എന്തൊരെളുപ്പത്തില്‍ എന്ന മട്ടില്‍. അത് അത്ര എളുപ്പമല്ല. ഇതിന്റെ സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാന്‍ ഞാനാണ്. ഞങ്ങള്‍ യോഗം ചേരാറുണ്ട്. കൊടുക്കണോ കൊടുക്കേണ്ടയോ എന്നതിന്റെ വിവേചനാധികാരം എനിക്കാണ്. നടപടിക്രമത്തില്‍ എന്തെങ്കിലും വ്യതിയാനമുണ്ടെങ്കില്‍ എന്ന സമീപിക്കേണ്ടി വരും. ആയുഷ്മാന്‍ ഭാരത് കാര്‍ഡുമായി ചെല്ലുന്നവര്‍ക്ക് ആശുപത്രിയില്‍ നിന്ന് ചികിത്സ ലഭിക്കും. അതില്ലാത്ത വരുമാനം കുറവുള്ള ആള്‍ക്കും ആനുകൂല്യം ലഭിക്കും. വരുമാനം കുറവാണെന്ന് സാക്ഷ്യപ്പെടുത്തുന്ന കത്തുമായി ചെന്നാല്‍ ചികിത്സ ലഭിക്കും. മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഏതൊരാള്‍ പോയാലും കിട്ടും. കാരുണ്യയില്‍ കിട്ടിക്കൊണ്ടിരുന്ന അത്ര സഹായം തന്നെ ലഭിക്കും. കാര്‍ഡ് വേണമെന്ന് നിര്‍ബന്ധമില്ല.