Opinion

പെണ്‍ശരീരം ബോംബല്ല, പൊതിഞ്ഞു സൂക്ഷിക്കാനും പൊട്ടിത്തെറിക്കാനും

കാല് ചേര്‍ത്തു വച്ച് ഇരിക്കുക, മെല്ലെ സംസാരിക്കുക, മുട്ടിനു താഴെ ഇറക്കമുള്ള പാവാട ധരിക്കുക എന്നൊക്കെയാണ് പത്തു വയസ്സു വരെയും ഒരു പെണ്‍കുട്ടി പ്രധാനമായും കേള്‍ക്കുന്ന ഉപദേശം. ദീപ സെയ്‌റ എഴുതുന്നു.

വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായ പ്രമുഖ മാഗസിന്‍ പെണ്കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി പ്രത്യേകം ചിട്ടപ്പെടുത്തിയ ചില ഉപദേശങ്ങളാണ് താഴെ!

'സ്തന വളര്‍ച്ച മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടും മുമ്പ് തന്നെ വേണ്ട വിധത്തില്‍ വസ്ത്രം ധരിപ്പിക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. തുടക്കത്തില്‍ ആവശ്യത്തിന് കോട്ടണ്‍ സ്ലിപ്പുകള്‍ അഥവാ കമിസോളുകള്‍ മതിയാവും. ഡബിള്‍ലയേര്‍ഡ് യോക്ക് ഉള്ള സ്ലിപ്പ് തയ്പ്പിച്ച് ധരിക്കുന്നതും നന്നായിരിക്കും. സ്തന വളര്‍ച്ച മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷക്കുന്ന വിധത്തിലാകുന്ന ഘട്ടത്തില്‍ കപ്പുകളില്ലാത്ത ബ്രാലൈറ്റ് അല്ലെങ്കില്‍ ബിഗ്ഗിനേഴ്‌സ് ബ്രാ ധരിപ്പിക്കണം. ബിഗ്ഗിനേഴ്‌സ് ബ്രാ ഓടുകയും ചാടുകയും ചെയ്യുമ്പോള്‍ സ്തനങ്ങള്‍ ചലിക്കാതെയും വസ്ത്രത്തിന് പുറത്തേക്ക് സ്തനത്തിന്റെ നിപ്പിളുകള്‍ കാണാതെയും സഹായിക്കും'

എനിക്കിത് വായിച്ചപ്പോള്‍ ഓര്‍മ വന്നത് 'ഒരു മറവത്തൂര്‍ കനവ്' എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം നായികയ്ക്ക് കൊടുക്കുന്ന ഉപദേശമാണ്. 'ഒരു പ്രായം കഴിഞ്ഞാല്‍ പെമ്പിള്ളേര് ഉടുപ്പ് കെട്ടിലൊക്കെ നല്ലത് പോലെ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ആണുങ്ങള്‍ക്ക് പ്രലോഭനമുണ്ടാകും. അങ്ങനെയുണ്ടാക്കുമ്പോഴാണ് പെണ് വാണിഭവും സ്ത്രീപീഡനവുമൊക്കെ നടക്കുന്നത്.പെമ്പിള്ളേരുടെ ജീവിതം കോഴിമുട്ട പോലെ ആണ്... സൂക്ഷിച്ചില്ലേല്‍ താഴെ വീണു പൊട്ടും!'

വനിതയില്‍ വന്ന ലേഖനത്തിലെ ചര്‍ച്ചയായ ഭാഗം

ഇതാണ് സമൂഹത്തിലുറച്ച ആണ്‍ബോധം. ഇതിനെ ഊട്ടിയുറപ്പിക്കുന്നതാണ് മുകളില്‍ വനിതകളുടെ സുഹൃത്തായ മാഗസിനില്‍ എഴുതിവെച്ചിരിക്കുന്നത്.

ഇതിനൊപ്പം ഈയടുത്ത് കണ്ടതും കേട്ടതുമായ ചില സംഭവങ്ങള്‍ കൂടെ പറയട്ടെ. കേരളത്തിലെ പാഠ്യപദ്ധതിയില്‍ ലൈംഗികവിദ്യഭ്യാസം കൂടി ഉള്‍പ്പെടുത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നല്ലോ. ആ വാര്‍ത്തയുടെ താഴെ വന്ന കമന്റുകളില്‍ പ്രസവ വാര്‍ഡ് കൂടി തുടങ്ങൂ എന്നും പ്രാക്ടിക്കല്‍ ഉണ്ടോ എന്നും ചോദിക്കുന്ന മലയാളി!

ഷോര്‍ട്സ് ഇട്ടു ഡാന്‍സ് ചെയ്ത പ്രിയപ്പെട്ട സയനോരയോടും കൂട്ടുകരികളോടും സഭ്യമായി വേഷം ധരിച്ചുകൂടെ എന്നാക്രോശിക്കുന്ന മലയാളി!

'അമ്മയ്ക്ക് മാത്രം ആണ് അതിന്റെ ഉത്തരവാദിത്തമെന്നും കൃത്യമായി പറയുന്ന മാഗസിന്‍ 50 കൊല്ലം മുന്‍പത്തെ അതേ നിലവാരം പുലര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്നതില്‍ ഒട്ടും തെറ്റില്ല.

ഇതിനോക്കാളൊക്കെയേറെ വിചിത്രമായ മറ്റൊന്ന് കേട്ടു കഴിഞ്ഞ ദിവസം! കൈയ്യില്ലാത്ത ഫ്രോക്ക് ഇട്ട് പരീക്ഷയ്‌ക്കെത്തിയ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് ഈ വേഷം അനുവദിക്കാനാവില്ലെന്നും, നന്നായി കൈയൊക്കെ പൊതിയുന്ന ഒരു വേഷം ഇപ്പോള്‍ തന്നെ വീട്ടില്‍ നിന്ന് കൊടുത്തു വിടാനും കുട്ടിയുടെ അമ്മയോട് പറഞ്ഞ ടീച്ചര്‍! വീട്ടില്‍ നിന്ന് വസ്ത്രമെത്തിച്ച്, പരീക്ഷാഹാളില്‍ നിന്നിറക്കി കുട്ടിയെ ആ വസ്ത്രം ധരിപ്പിച്ച ശേഷമേ ടീച്ചറുടെയും, സ്‌കൂള്‍ അധികാരിയായ അച്ചന്റെയും സദാചാരബോധം തൃപ്തിപ്പെട്ടുള്ളൂ!

ഇവയെല്ലാം ഒറ്റ നൂലില്‍ കോര്‍ക്കപ്പെടേണ്ടത്താണ്. ഒറ്റ വരിയില്‍ പറഞ്ഞാല്‍ വ്യക്തമായ ലൈംഗികവിദ്യാഭ്യാസം ലഭിക്കാതെ, ഇതുപോലെ മാഗസിനുകളിലെയും ഇക്കിളി പുസ്തകങ്ങളിലെയും വിവരക്കേട് വായിച്ച് മനുഷ്യശരീരത്തെയും ലൈംഗികതയെയും അറിയാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന പാളിച്ചയാണ് മേല്‍ പറഞ്ഞ മറ്റു സംഭവങ്ങളിലെ കമന്റ് ബോക്‌സുകളിലും ടീച്ചറുടെ വിചിത്രമായ സദാചാരബോധത്തിലുമൊക്കെ പ്രതിഫലിക്കുന്നത്. സ്വന്തം ശരീരത്തിലെ ഒരു ഭാഗം പുറത്ത് കണ്ടു എന്നതിന്റെ പേരില്‍ അത്രയുമാളുകള്‍ക്ക് മുന്നില്‍ വെച്ച് അപമാനിക്കപ്പെട്ട കുട്ടിയുടെ മാനസികാവസ്ഥ ഊഹിക്കാന്‍ പോലും കഴിയില്ലെന്നോ സ്ത്രീ കൂടിയായ ആ ടീച്ചര്‍ക്ക്!?

വീണ്ടും മാഗസിനിലേക്ക് വരാം. സ്തനവളര്‍ച്ച മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുന്നതിന് മുന്‍പ് 'വൃത്തിയായി' വേഷം ധരിപ്പിക്കാന്‍ 'അമ്മമാര്‍' ശ്രദ്ധിക്കണമത്രെ. വൃത്തി, സഭ്യത എന്നതൊക്കെ മറ്റുള്ളവരുടെ കണ്ണിലാണെന്നും, 'അമ്മയ്ക്ക് മാത്രം ആണ് അതിന്റെ ഉത്തരവാദിത്തമെന്നും കൃത്യമായി പറയുന്ന മാഗസിന്‍ 50 കൊല്ലം മുന്‍പത്തെ അതേ നിലവാരം പുലര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്നതില്‍ ഒട്ടും തെറ്റില്ല.

കുനിയുമ്പോള്‍ കൈ നെഞ്ചത്ത് വച്ച് ഒന്ന് കരുതാനും, ഷോള്‍ മാറിയാല്‍ നേരെ പിടിച്ചിടാനും, ബോര്‍ഡിലേക്ക് തിരിയുമ്പോള്‍ വയറില്‍ നിന്നല്പം മാറിയ സാരിയില്‍ മുറുകെപിടിക്കാനുമൊക്കെയാണ് കൗമാരത്തില്‍ സ്വന്തം വീട്ടില്‍ നിന്ന് അവളാദ്യം പഠിക്കുന്നത്.

ഒരു ആണ്‍സുഹൃത്തോനോട് മാഗസിനില്‍ വന്ന കാര്യത്തെപ്പറ്റി സംസാരിച്ചപ്പോള്‍, 'ഒരു മാഗസിനില്‍ അത്തരത്തില്‍ അടിച്ചു വന്നതില്‍ വിയോജിപ്പുണ്ട്. പക്ഷെ നമ്മുടെ വീട്ടിലെ പെണ്‍കുട്ടികളോട് നമ്മള്‍ മാന്യമായി വേഷം ധരിക്കണം എന്നുതന്നെയല്ലേ പറഞ്ഞു കൊടുക്കുന്നത്?' എന്നായിരുന്നു മറുചോദ്യം! ഈ മാന്യമായ വേഷധാരണം എന്നത് കൊണ്ടെന്താണ് ഉദ്ദേശിച്ചത് എന്നു തിരിച്ചു ചോദിച്ചപ്പോള്‍ ഇറുകിയ, അവിടെയുമിവിടെയും തള്ളി നില്കുന്ന വസ്ത്രം വേണ്ട എന്നുതന്നെ അദ്ദേഹത്തിന്റെ വീട്ടിലെ സ്ത്രീകളോട് നിര്‍ദ്ദേശിക്കുമെന്നാണ് മറുപടി കിട്ടിയത്. കുറ്റം പറയാന്‍ പറ്റില്ല നമ്മള്‍ കണ്ടിഷന്‍ ചെയ്യപ്പെട്ടിരിക്കുന്നത് അങ്ങനെയാണ്. 'എന്റെ വീട്ടിലെ ഒരു പെണ്ണിന്റെ കൈയ്യോ കാലോ പുറത്ത് കണ്ടാല്‍ ഞാന്‍ നാട്ടുകാരോട് സമാധാനം പറയേണ്ടി വരും. അപ്പോള്‍ പിന്നെ കരുതിയിരിക്കണമല്ലോ' ഇതാണ് പ്രശ്നം.

അത്യാവശ്യം പുരോഗമനചിന്തയുള്ള ഒരു സുഹൃത്തില്‍ നിന്നും ഇത് കേട്ടപ്പോള്‍ ഞാന്‍ ആലോചിച്ചത് അത്ര കണ്ട് ' പുരോഗമിച്ചിട്ടില്ലാത്തവരുടെ' അവസ്ഥയെന്താണെന്നാണ്.

ആണുങ്ങള്‍ക്കുമേല്‍ ഇത്തരം യാതൊരു നിയന്ത്രണങ്ങളുമില്ല എന്നു മാത്രമല്ല, ആണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തണം എന്നതിന് ഒരു രൂപരേഖയും എവിടെയും എഴുതിയോ ചര്‍ച്ച ചെയ്യപ്പെട്ടൊ കണ്ടിട്ടുമില്ല. സദാചാരവും ധാര്‍മ്മികതയും ഏറെ പറയുന്ന മലയാളിയുടെ ഇരട്ടത്താപ്പ് അവിടെ വ്യക്തമാണ്. കാലു ചേര്‍ത്തു വച്ച് ഇരിക്കുക, മെല്ലെ സംസാരിക്കുക, മുട്ടിനു താഴെ ഇറക്കമുള്ള പാവാട ധരിക്കുക എന്നൊക്കെയാണ് പത്തു വയസ്സു വരെയും ഒരു പെണ്‍കുട്ടി പ്രധാനമായും കേള്‍ക്കുന്ന ഉപദേശം. അതിന് ശേഷം കുനിയുമ്പോള്‍ കൈ നെഞ്ചത്ത് വച്ച് ഒന്ന് കരുതാനും, ഷോള്‍ മാറിയാല്‍ നേരെ പിടിച്ചിടാനും, ബോര്‍ഡിലേക്ക് തിരിയുമ്പോള്‍ വയറില്‍ നിന്നല്പം മാറിയ സാരിയില്‍ മുറുകെപിടിക്കാനുമൊക്കെയാണ് കൗമാരത്തില്‍ സ്വന്തം വീട്ടില്‍ നിന്ന് അവളാദ്യം പഠിക്കുന്നത്. വസ്ത്രമെന്തെന്ന് ആലോചിക്കാതെ തല ഉയര്‍ത്തി നിന്ന് ഉറച്ചു സംസാരിക്കൂ എന്ന് എത്ര മാതാപിതാക്കള്‍ മക്കളോട് പറയുന്നുണ്ട്? സ്വയം പൊതിഞ്ഞു വയ്ക്കുന്നത് അവള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനാന്നെന്നും, ചാരിത്ര്യസംരക്ഷണത്തിനാണെന്നും മതപഠനത്തിലൂടെ 'ദൈവീകമായി' കൂടി പറഞ്ഞു പഠിപ്പിക്കുമ്പോള്‍ എല്ലാം പൂര്‍ത്തിയാകും.

ചിന്തിക്കുന്ന പുതിയ തലമുറയെ കഴിഞ്ഞ നൂറ്റാണ്ടിലേക്ക് വീണ്ടും തള്ളിയിടുന്ന രീതിയിലുള്ള ചര്‍ച്ചകളും ലേഖനങ്ങളും നിയമപരമായി തന്നെ തടയേണ്ടതാണ്.
ദീപ സെയ്‌റ

ശരീരമെന്നത് ഒരു ബോംബാണെന്നും ആരുടെയെങ്കിലും കണ്ണുപെട്ടാല്‍ അത് പൊട്ടിത്തെറിക്കുമെന്നുമാണ് ഒടുവില്‍ യൗവനത്തിലേക്കെത്തുന്ന പാവം പെണ്‍കുട്ടി പരോക്ഷമായി മനസിലാക്കി വയ്ക്കുന്നത്. പീഡനങ്ങളുടെയും ചൂഷണത്തിന്റയും കാരണം അവളുടെ സ്വന്തം ശരീരവും അതിന്റെ ഭംഗിയുമാണ് എന്നു ധരിച്ചു വെയ്ക്കുന്ന ഒരു പെണ്‍കുട്ടിക്ക് ആത്മാവിശ്വാസത്തോടെ ഈ സമൂഹത്തെ നേരിടാന്‍ കഴിയാതെയാകുന്നു. അവളുടെ സ്വഭാവത്തെയും ധൈര്യത്തെയുമൊക്കെ വസ്ത്രധാരണവുമായി കൂട്ടിയിണക്കുന്ന സമൂഹത്തിന് മുന്നില്‍ അവള്‍ സ്വയം ഒതുങ്ങിപ്പോകുന്നു. ഇന്റര്‍വ്യൂവിന് പോയപ്പോള്‍ സല്‍വാറിന്റെ ഷോള്‍ എടുക്കാന്‍ മറന്ന് പോയ ഒരു കൂട്ടുകാരിയെ ഓര്‍ക്കുന്നു. തിരികെപ്പോയി എടുക്കാന്‍ സമയമില്ലാതെയായിപ്പോയി. ഷോള്‍ ഇട്ടു മറച്ചു ശീലിച്ചവയെ മറയ്ക്കാന്‍ കഴിയുന്നില്ല എന്ന സമ്മര്‍ദ്ദം കൊണ്ടു മാത്രം അവള്‍ ആണുങ്ങള്‍ കൂടി ഉള്‍പ്പെട്ട ഇന്റര്‍വ്യൂ പാനലിനു മുന്നിലിരുന്നു വിയര്‍ത്തു, പരാജയപ്പെട്ടു മറച്ചില്ലെങ്കില്‍ മുന്നിലിരിക്കുന്ന ആണുങ്ങള്‍ തന്നെപ്പറ്റി മോശമായി ചിന്തിച്ചാലോ, അവരെല്ലാവരും ചേര്‍ന്ന് മോശം കമന്റ് പറഞ്ഞാലോ എന്നു തുടങ്ങി ആ പെണ്‍കുട്ടിയെ അന്നു തളര്‍ത്തിയ ഒരു നൂറുചിന്തകള്‍ക്ക് വീണ്ടും വീണ്ടും വളമിടുകയാണ് മേല്‍പ്പറഞ്ഞത് പോലെയുള്ള ലേഖനങ്ങള്‍!

എങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ട്. കൗമാരത്തിലേക്കെത്തിയ എന്റെ മകനോട് പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെപ്പറ്റി അവന്റെ അഭിപ്രായം സത്യസന്ധമായി പറയാന്‍ പറഞ്ഞപ്പോള്‍; 'അതില്‍ ഞാന്‍ എന്തിന് കമന്റ് ചെയ്യണം, എന്റെ വസ്ത്രം ഞാന്‍ അവരുടെ അഭിപ്രായം അനുസരിച്ച് ധരിക്കാത്തിടത്തോളം, അവരുടെ വസ്ത്രധാരണവും അവരുടെ ചോയ്‌സ് മാത്രമാണ്. അത് കാണുമ്പോള്‍ ഞങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ എന്തു തോന്നുന്നു എന്നവര്‍ ചിന്തിക്കേണ്ട കാര്യവുമില്ല', എന്നാണ് മറുപടി നല്‍കിയത്. അടുത്ത തലമുറയില്‍ നിന്ന് ഇങ്ങനെ കേള്‍ക്കുമ്പോള്‍ ഒരു ആശ്വാസമുണ്ട്. ഇങ്ങനെ ചിന്തിക്കുന്ന പുതിയ തലമുറയെ കഴിഞ്ഞ നൂറ്റാണ്ടിലേക്ക് വീണ്ടും തള്ളിയിടുന്ന രീതിയിലുള്ള ചര്‍ച്ചകളും ലേഖനങ്ങളും നിയമപരമായി തന്നെ തടയേണ്ടതാണ്.

1.വളര്‍ന്നു വരുന്ന കുട്ടികള്‍, അത് ആണായാലും പെണ്ണായാലും, ആദ്യം മനുഷ്യശരീരത്തെയും ഒരോ പ്രായത്തിലും ശരീരത്തില്‍ വരുന്ന മാറ്റങ്ങളെയും മനസിലാക്കുകയും, അതിന് ശേഷം മാത്രം ലൈംഗികതയെ കുറിച്ച് അറിവ് നേടുകയും ചെയ്യണം.

2. ഈ അറിവ് നേടുന്നത് ഒരിക്കലും കൂട്ടുകാരില്‍ നിന്നോ മാര്‍ക്കറ്റില്‍ കിട്ടുന്ന പുസ്തകങ്ങളില്‍ നിന്നോ ആകരുത്. ഉറപ്പായും അത് പറഞ്ഞു കൊടുക്കാന്‍ ഏറ്റവുമുചിതര്‍ മാതാപിതാക്കള്‍ തന്നെയാണ്. സ്‌കൂളുകളില്‍ കൃത്യമായി അറിവ് നേടിയ അധ്യാപകരില്‍ നിന്നോ, കൗണ്‍സലിംഗ് സൈക്കോളജിസ്റ്റില്‍ നിന്നോ ആവണം അവര്‍ ലൈംഗികതയുടെ ശാസ്ത്രീയവും മാനസികവുമായ തലങ്ങള്‍ അറിയാന്‍.

3. ലൈംഗികതയെ സംബന്ധിച്ച അവരുടെ സംശയങ്ങളില്‍ നിന്ന് മാതാപിതാക്കളും അധ്യാപകരും ഒളിച്ചോടരുത്. അങ്ങനെ ചെയ്യുമ്പോള്‍ അവരുടെ കൗതുകവും ജിജ്ഞാസയും കൂടുകയെ ഉള്ളു. ആധികാരികമായി അറിവ് ലഭിക്കാന്‍ സാധ്യതയില്ലാത്ത ഉറവിടങ്ങളിലേക്കവര്‍ എത്തിയേക്കാം. ആവരുടെ സംശയങ്ങള്‍ക്ക് അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞുകൊടുക്കുകയോ വായിച്ചു മനസിലാക്കാന്‍ കൃത്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആര്‍ട്ടിക്കിളുകളോ നല്‍കാം.

4. എന്റെ ശരീരം എന്റെ അവകാശമാണ് പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം ഓരോരുത്തരുടെയും ശരീരം അവനവന്റെ അവകാശമാണെന്നത് ആണ്കുട്ടിയെയും പഠിപ്പിക്കണം. ഒളിഞ്ഞു നോക്കാനും, രഹസ്യമായി സംസാരിക്കാനും പെണ്‍ശരീരം മോശപ്പെട്ടതോ അപകടകരമോ ആയ ഒരു വസ്തുവല്ല എന്ന ബോധ്യം ആണിനും പെണ്ണിനും ഒരുപോലെയുണ്ടാകണം

പെണ്ണുങ്ങളേ, രാഷ്ട്രീയ-സാമൂഹ്യശാസ്ത്ര മേഖലകളില്‍ നേട്ടങ്ങളുണ്ടാക്കാനും, എത്തിപ്പിടിക്കുവാനും, അറിയുവാനും നിങ്ങള്‍ക്ക് ഒരുപാടേറേയുള്ളപ്പോള്‍ ബ്രായുടെ വള്ളി പുറത്തു കാണുന്നതും, മാറിടത്തിന്റെ വലിപ്പം ശ്രദ്ധയാകര്‍ഷിക്കുമോ എന്നതും, സാരി പൊക്കിളിനു താഴെയാണോ എന്നതും നിങ്ങള്‍ക്ക് ഒരു വിഷയമേ ആകരുത്. ഓര്‍ക്കുക. നിങ്ങള്‍ക്കതൊരു വിഷയമേ ആകാതിരുന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ സമൂഹത്തിന്റെ വായടയൂ.
Representative Image

5. വസ്ത്ര സ്വാതന്ത്ര്യം ചെറുപ്പത്തിലേ മനസിലാക്കുക. സഭ്യമായി, മാന്യമായി വസ്ത്രം ധരിക്കുക എന്നാല്‍ അടച്ചുവയ്ക്കലല്ല. ആത്മവിശ്വാസത്തോടെ തങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്ന, അവസരത്തിനിണങ്ങുന്ന വസ്ത്രം ധരിക്കുക എന്നതാണ്. ഒരു പാര്‍ട്ടിക്ക് പോകുമ്പോള്‍ ഇടുന്ന വസ്ത്രമല്ല ജോലിക്കായുള്ള ഇന്റര്‍വ്യൂ പോലെ ഗൗരവമുള്ള ഒരു സാഹചര്യത്തിനിണങ്ങുക. കല്യാണത്തിനും മരണത്തിനും ഒരേ നിറങ്ങള്‍ അല്ല ഇണങ്ങുക. ഈ ഒരു 'sense of dressing' ആണ് വേണ്ടത്. അല്ലാതെ സദാചാരബോധമല്ല വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ നമുക്ക് വേണ്ടത്.

6. അടിവസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ നമ്മുടെ കംഫര്‍ട്ട് മാത്രം ശ്രദ്ധിക്കുക. ആരോഗ്യകരമായി, സ്വന്തം ത്വക്കിനിണങ്ങുന്ന തുണിയുപയോഗിച്ച് നിര്‍മിച്ച അടിവസ്ത്രങ്ങള്‍ വാങ്ങുക. അത്രയധികം ശ്രദ്ധയോടെ സൂക്ഷിക്കേണ്ട ഭാഗങ്ങള്‍ വൃത്തിയായും വെടിപ്പായും സൂക്ഷിക്കാനാണ് അടിവസ്ത്രണങ്ങള്‍ എന്നു മനസിലാക്കുക. അല്ലാതെ ആ ഭാഗങ്ങള്‍ പുറത്തു കാണുന്നത് തടയുക എന്നതാവരുത് അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം.

7. ശരീരം മറയ്ക്കാന്‍ ഉപദേശിക്കുന്നവര്‍, അത് മതാധ്യാപകരായാലും, നാട്ടുകാരായാലും അവര്‍ക്ക് ചിരിച്ചു കൊണ്ട് മറുപടി നല്‍കുക. 'എന്റെ ശരീരം എങ്ങനെ സൂക്ഷിക്കണമെന്ന് എനിക്കറിയാം' എന്നെങ്കിലും തിരിച്ചു പറയുക. സ്തനത്തെ പറ്റിയോ മറ്റേതെങ്കിലും ശരീരഭാഗത്തെ പറ്റിയോ മോശം കമന്റ് പറയുന്നവന്റെ മുന്നില്‍ ചൂളുകയല്ല വേണ്ടത്. അവന്‍ പറയുന്ന അശ്ലീലം അവന്റെ കണ്ണിലാണ്, അതവന്റെ കുഴപ്പമാണ്, എത്രയും വേഗം ചികിത്സതേടാന്‍ പറയുക അവളെ തളര്‍ത്താന്‍ അവളുടെ ശരീരത്തെ ഉപയോഗിക്കാനാവില്ല എന്നു മനസ്സിലാക്കുമ്പോള്‍ ആ അനാവശ്യ 'ജിജ്ഞാസ'യങ്ങ് ഒതുങ്ങിക്കോളും. മാനം പോകും, നാട്ടുകാര്‍ എന്ത് പറയും തുടങ്ങിയ പുലമ്പലുകള്‍ക്ക് ചെവി കൊടുക്കാതെ നിങ്ങളുടെ ആത്മാവിശ്വാസത്തിന് മാത്രം മുന്‍തൂക്കം നല്‍കുക.

പെണ്ണുങ്ങളേ, രാഷ്ട്രീയ-സാമൂഹ്യശാസ്ത്ര മേഖലകളില്‍ നേട്ടങ്ങളുണ്ടാക്കാനും, എത്തിപ്പിടിക്കുവാനും, അറിയുവാനും നിങ്ങള്‍ക്ക് ഒരുപാടേറേയുള്ളപ്പോള്‍ ബ്രായുടെ വള്ളി പുറത്തു കാണുന്നതും, മാറിടത്തിന്റെ വലിപ്പം ശ്രദ്ധയാകര്‍ഷിക്കുമോ എന്നതും, സാരി പൊക്കിളിനു താഴെയാണോ എന്നതും നിങ്ങള്‍ക്ക് ഒരു വിഷയമേ ആകരുത്. ഓര്‍ക്കുക. നിങ്ങള്‍ക്കതൊരു വിഷയമേ ആകാതിരുന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ സമൂഹത്തിന്റെ വായടയൂ.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT