സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം ചാനലുകളെ ഭയപ്പെടുത്താനെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ഡി സതീശന്‍. ദ ക്യുവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നേതാക്കളുള്ള പല ചര്‍ച്ചകളിലും പങ്കെടുത്തിട്ടുള്ള ആളാണ് താന്‍. ചര്‍ച്ചകളില്‍ വഴക്കും ബഹളവുമുണ്ടാക്കി കൂടുതല്‍ സമയം അപഹരിക്കുന്നത് സിപിഎം പ്രതിനിധികളാണ്. അവര്‍ക്ക് വേണ്ടപ്പെട്ട ഒന്നുരണ്ട് ചാനലുകളില്‍ ഒഴിച്ച് മറ്റെല്ലായിടത്തും അവര്‍ ഒരേ മനോഭാവമാണ് സ്വീകരിക്കാറ്. ആദ്യം ആങ്കറിനെ ഭീഷണിപ്പെടുത്തും. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രതിനിധിയുമായി ബഹളമുണ്ടാക്കും. മറ്റുള്ളവരുമായും വഴക്കുണ്ടാക്കും. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ സമയം അവര്‍ അപഹരിക്കും. അതോടെ ചര്‍ച്ച, തെരഞ്ഞെടുത്ത വിഷയത്തില്‍ കേന്ദ്രീകരിക്കില്ല. പങ്കെടുക്കുന്നവര്‍ക്കോ അവതാരകര്‍ക്കോ വിഷയത്തിലേക്ക് വരാനുമാകില്ല. സമയം കളയാനുമാകും. ഇത്തരത്തില്‍ പ്രസ്തുത വിഷയം ചര്‍ച്ചചെയ്യപ്പെടാതിരിക്കുക എന്നതാണ് സിപിഎമ്മിന്റെ പ്രധാന അജണ്ട. എന്നാല്‍ ഇത് വിലപ്പോകാത്ത ഘട്ടമെത്തിയപ്പോഴാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ചതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രതിനിധികള്‍ക്ക് പല ചോദ്യങ്ങള്‍ക്കും മറുപടി പറയാനാകുന്നില്ല. അതിനാല്‍ മറുപടി പറഞ്ഞ് വഷളാകുന്നതിലും നല്ലത് ചര്‍ച്ചയ്ക്ക് പോകാതിരിക്കുന്നതാണെന്ന് മനസ്സിലാക്കിയാണ് ബഹിഷ്‌കരണം. ഏഷ്യാനെറ്റ് പോലെ ഒരു ചാനലിനോട് ഈ സമീപനമെടുക്കുന്നത്, നാളെ ഞങ്ങള്‍ ബഹിഷ്‌കരിക്കും എന്ന് മറ്റുള്ള ചാനലുകള്‍ക്കുള്ള ഭീഷണിയാണ്.മുന്‍പ് യുഡിഎഫ് സര്‍ക്കാരിനും അന്നത്തെ മുഖ്യമന്ത്രിക്കും എതിരായി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ വളരെ സംയമനത്തോടെയും ക്ഷമയോടെയും ചര്‍ച്ചകളില്‍ പങ്കെടുത്തവരാണ് ഞങ്ങള്‍. ശാന്തമായും സൗമ്യമായും നിലപാട് വിശദീകരിക്കുകയാണ് ചെയ്തത്. സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ വരുമ്പോള്‍ ചാനലുകള്‍ അവ ഹൈലൈറ്റ് ചെയ്യുന്നതും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതും സ്വാഭാവികമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.ഏഷ്യാനെറ്റ് ബഹിഷ്‌കരണം സിപിഎമ്മിന്റെ അസഹിഷ്ണുതയുടെ തെളിവാണ്. ചര്‍ച്ചകളില്‍ എങ്ങനെയാണ് അവര്‍ പെരുമാറുന്നതെന്ന് ശ്രദ്ധിച്ചുനോക്കൂ.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സ്പ്രിങ്ക്‌ളര്‍ വിവാദ സമയത്തെ ചര്‍ച്ചകള്‍ എടുക്കാം. സിപിഎം കോണ്‍ഗ്രസ് പ്രതിനിധികളുണ്ടാകും, നിഷ്പക്ഷരുമുണ്ടാകും. നിഷ്പക്ഷരെന്ന് പറഞ്ഞ് അവര്‍ കൊടുത്ത ആളുകള്‍ സിപിഎമ്മിനുവേണ്ടി സംസാരിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങളാരും അതില്‍ അസ്വസ്ഥത പ്രകടപ്പിച്ചിട്ടില്ല. അവര്‍ പറയുന്നതിനും മറുപടി നല്‍കുകയാണ് ചെയ്തത്. ആ സഹിഷ്ണുത സിപിഎം പ്രകടിപ്പിക്കാറില്ല. അവര്‍ക്ക് മറുപടി നല്‍കാന്‍ കഴിയാത്ത വിഷയങ്ങളാണ് ഓരോ ദിവസവും വരുന്നത്. അതില്‍ നിന്ന് ഒളിച്ചോടാനാണ് ഇത്തരം നീക്കങ്ങള്‍. ഈ ബഹിഷ്‌കരണം സ്വാതന്ത്ര്യസമരത്തിലെ ബഹിഷ്‌കരണ പ്രക്ഷോഭവുമായി താരതമ്യം ചെയ്യുന്നതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു. സ്വാതന്ത്ര്യ സമരത്തില്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചതും, സിപിഎം നേതാക്കള്‍ക്ക് സംസാരിക്കാനാകാതെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കുന്നതും തമ്മില്‍ ഒരു താരതമ്യവുമില്ല. അത് ഏറ്റവും വലിയ തമാശയാണ്. അത്തരത്തിലുള്ള ന്യായീകരണങ്ങളൊന്നും വിലപ്പോകില്ലെന്നും വിഡി സതീശന്‍ ദ ക്യുവിനോട് പറഞ്ഞു. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പാര്‍ട്ടി പ്രതിനിധികള്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കാന്‍ മതിയായ സമയവും അവസരവും നല്‍കുന്നില്ലെന്നും അവതാരകര്‍ നിരന്തരമായി ഇടപെട്ട് സംസാരം തടസപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് സിപിഎം എഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.