Opinion

ശ്രീരാമ ഉപമ നിലനില്‍ക്കും, ശിവശങ്കറിനെതിരെ അന്ന് അപവാദം മാത്രം, പുതിയ കണ്ടെത്തലുകള്‍ വിശ്വാസവഞ്ചനയുടെ തെളിവ് : എന്‍എന്‍ കൃഷ്ണദാസ്

എം ശിവശങ്കറിനെ പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തിയതിനെ ശ്രീരാമന്‍ സീതാദേവിയെ ഉപേക്ഷിച്ചതിനോട് ഉപമിച്ചത് തിരുത്തേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ്. മന്ത്രിമാരടക്കം സിപിഎം നേതാക്കള്‍ എം ശിവശങ്കറിനെ വിശ്വാസ വഞ്ചകനെന്ന് വിലയിരുത്തുന്ന സാഹചര്യത്തില്‍ ആ ഉപമ തിരുത്തുമോയെന്ന് ദ ക്യു ആരാഞ്ഞപ്പോഴായിരുന്നു പ്രതികരണം. സ്വഭാവശുദ്ധിയില്‍ സംശയമില്ലാതിരുന്നിട്ടും ലോകാപവാദം ഭയന്നാണ് രാമന്‍ സീതയെ ഉപേക്ഷിച്ചതെന്നും സമാന രീതിയിലാണ് മുഖ്യമന്ത്രി ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐടി സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയതെന്നുമായിരുന്നു എന്‍എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശം. അതിലൂടെ പൊളിറ്റിക്കല്‍ ഇന്റഗ്രിറ്റി തെളിയിക്കുകയുമായിരുന്നു സര്‍ക്കാരെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. മനോരമ ന്യൂസിന്റെ ചര്‍ച്ചയില്‍, കുറ്റക്കാരനല്ലെങ്കില്‍ ശിവശങ്കറിനെ മാറ്റിയത് എന്തിനെന്ന ചോദ്യത്തിനായിരുന്നു അന്നത്തെ പ്രതികരണം.

'ആ ഉപമ തിരുത്തേണ്ട കാര്യമില്ല'

സീതാദേവിയെയല്ല ഉദ്ദേശിച്ചത്. അതിലേക്ക് പോകണ്ടതില്ല.ശ്രീരാമനോടാണ് ഉപമിച്ചത്, ശ്രീരാമന്‍ സംശയാതീതനായിരിക്കണം. അതുപോലെ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയാതീതമായിരിക്കണം എന്നാണ് പറഞ്ഞത്. അത് തിരുത്തേണ്ട കാര്യമില്ല. ശ്രീരാമന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആ വ്യക്തിയെയല്ല. അതൊരു രാഷ്ട്രസങ്കല്‍പ്പവും ആദര്‍ശവുമാണല്ലോ. മുഖ്യമന്ത്രിയുടെ ഓഫീസ് കരിനിഴലിലാകാന്‍ പാടില്ല. ആ നിലപാടില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. അതിനാല്‍ ആ ഉപമ നിലനില്‍ക്കും. ഞാന്‍ അങ്ങനെ പറയുമ്പോള്‍ ശിവശങ്കറിനെതിരെ അപവാദങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് അന്വേഷണം വരുന്നതും അദ്ദേഹത്തില്‍ നിന്ന് വഴിവിട്ട നടപടികള്‍ ഉണ്ടായെന്ന കണ്ടെത്തലുകള്‍ പുറത്തുവരുന്നതും. അന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്നും ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തിയിട്ടേയുള്ളൂ. ഇദ്ദേഹത്തിന്റെ പേരില്‍ മറ്റ് കുറ്റങ്ങളൊന്നുമില്ലെങ്കില്‍ പിന്നെ ചുമതലകളില്‍ നിന്ന് നീക്കിയത് എന്തിനെന്നായിരുന്നു ചോദ്യം. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയമുക്തമാകണം എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. ഇപ്പോഴും അത് അങ്ങനെത്തന്നെയാണെന്നും എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.

കരാര്‍ നിയമനങ്ങളില്‍ അനധികൃതമായി ഇടപെട്ടു, സുപ്രധാന പദവിയിലിരുന്ന് അധികാര ദുര്‍വിനിയോഗം നടത്തി, എന്നിങ്ങനെയുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചീഫ് സെക്രട്ടറിയും ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും അന്വേഷിച്ച് അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതിനും ശേഷം വീണ്ടും കുറേ കാര്യങ്ങള്‍ കൂടി വന്നു. എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും എന്‍ഐഎയും ഇദ്ദേഹത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ അറിവോടുകൂടിയാണ് ഒരു ലോക്കറില്‍ ഒരു കോടി രൂപയും സ്വര്‍ണവും സൂക്ഷിച്ചുവെച്ചതെന്ന് പുറത്തുവന്നിരിക്കുന്നു. ഇതുവരെ അദ്ദേഹം അത് നിഷേധിച്ചിട്ടുമില്ല. കള്ളക്കടത്തില്‍ അദ്ദേഹത്തിന് പങ്കുണ്ടോ ഇല്ലയോ എന്നതൊക്കെ ഇനി പുറത്തുവരാനിരിക്കുന്ന കാര്യങ്ങളാണ്. ഇതുവരെ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പദവി ദുരുപയോഗം ചെയ്‌തെന്ന് വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിമാരും എല്‍ഡിഎഫ് കണ്‍വീനറും അദ്ദേഹം വിശ്വാസ വഞ്ചന കാട്ടി എന്ന് പ്രസ്താവിച്ചത്. നിരവധി ഐഎഎസ്സുകാരില്‍ നിന്ന് ഒരാളെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സെക്രട്ടറിയായി നിയോഗിക്കുന്നത് അത്രമേല്‍ വിശ്വാസം ഉള്ളതുകൊണ്ടാണ്. അതിനോട് അദ്ദേഹം കൂറുകാണിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. അത് വിശ്വാസ വഞ്ചനയാണെന്നതില്‍ ഒരു സംശയവുമില്ല.വഞ്ചകന്‍ എന്നല്ലാതെ പിന്നെന്താണ് വിളിക്കുക. വ്യക്തിയുടെ പൂര്‍വകാല പ്രവൃത്തികളുടെ സ്വഭാവം പരിശോധിച്ചാണല്ലോ നിയമിക്കുക. പക്ഷേ ഇങ്ങനെയോരോന്ന് വരുമ്പോഴാണ് ശരിക്കും വ്യക്തമാവുക. ഏതെങ്കിലും ആളുകള്‍ വഴി മുഖ്യമന്ത്രിയുടെ ഓഫീസ് കരിനിഴലിലാകുമെങ്കില്‍ അയാളെ ഒഴിവാക്കുക തന്നെ ചെയ്യും. അതിന്റെ പരിണിത ഫലങ്ങള്‍ അവര്‍ തന്നെ അനുഭവിക്കുകയും വേണം. ചക്കയാണെങ്കില്‍ ചൂഴ്ന്നുനോക്കാം. മനുഷ്യനെ എന്തുചെയ്യാന്‍ പറ്റും. നേരത്തേ അദ്ദേഹത്തെ വിശ്വസിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പിന്നെയൊരു ഘട്ടത്തില്‍ ചെമ്പ് പുറത്തുവരുമ്പോഴാണ്‌ യാഥാര്‍ത്ഥ്യം തിരിച്ചറിയാനാവുക.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അപകര്‍ഷത തോന്നേണ്ട കാര്യമില്ല'

ശിവശങ്കറിന്റെ വഴിവിട്ട ഇടപാടുകള്‍ സര്‍ക്കാരിന്റെ ജനപിന്‍തുണയ്ക്ക് മങ്ങലേല്‍പ്പിച്ചില്ലേയെന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി. രാഷ്ട്രീയവും ബ്യൂറോക്രസിയും രണ്ടാണ്. സ്വര്‍ണക്കടത്ത് കേസില്‍ 19 പേര്‍ അറസ്റ്റിലായിട്ടും ഒരാള്‍ പോലും സിപിഎമ്മുമായോ ഇടതുപക്ഷവുമായോ വിദൂര ബന്ധം പോലും ഉള്ളവരല്ല. പാര്‍ട്ടി അണികള്‍ക്കോ നേതൃത്വത്തിനോ ഇതില്‍ പങ്കില്ലെന്ന ഉറച്ചവിശ്വാസമുണ്ട്. നിര്‍ഭാഗ്യവശാല്‍ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ക്ക് പ്രധാന പ്രതിയുമായി വഴിവിട്ട ഇടപാടുകള്‍ ഉണ്ടായി. അതിന് എന്തുചെയ്യാനാകും. മുഖ്യമന്ത്രിക്കോ രാഷ്ട്രീയ നേതൃത്വത്തിലെ ആര്‍ക്കേങ്കിലുമോ നേരിട്ട് ബന്ധമുണ്ടെങ്കില്‍ ജനവിശ്വാസത്തില്‍ ഇടിവ് സംഭവിക്കുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ രാഷ്ട്രീയ നേതൃത്വം പരാജയപ്പെടും. എന്നാല്‍ അങ്ങനെയൊരു കാര്യം ഇവിടെയുണ്ടായിട്ടില്ല. അതിനാല്‍ സര്‍ക്കാരിനുള്ള ജനാംഗീകാരത്തില്‍ ഇടിവുണ്ടാകുന്നില്ല. രണ്ടാമതായി, കള്ളക്കടത്ത് അന്വേഷണം സംസ്ഥാനവുമായി ബന്ധപ്പെട്ടതല്ല, ഫെമ, ഫെറ നിയമങ്ങള്‍, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ്, സംവിധാനങ്ങള്‍ രാജ്യദ്രോഹപരമായ കാര്യങ്ങള്‍ എന്നിവയുമായി ചേര്‍ന്നുകിടക്കുന്നതാണ്. ഇവയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലുള്ളതാണ്. അതിനാലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് കേന്ദ്രത്തിന് കത്ത് നല്‍കിയത്. ശരിയായ അന്വേഷണം വേണമെന്നും എല്ലാ പിന്‍തുണയും ലഭ്യമാക്കുമെന്നും തന്റെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെങ്കില്‍ അതുമാവാമെന്നും തുറന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ സര്‍ക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകുമായിരുന്നില്ല. കാരണം അതെല്ലാം രാഷ്ട്രീയ നിയമനമാണല്ലോ. ഈ വിഷയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റേത് ബ്യൂറോക്രാറ്റിക് നിയമനമാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ സര്‍ക്കാരിന് മങ്ങലേല്‍പ്പിച്ചെന്ന് അപകര്‍ഷതാബോധം തോന്നേണ്ട കാര്യമില്ല. അത് ജനങ്ങള്‍ക്കുമറിയാം. തന്നിലര്‍പ്പിതമായ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലും പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാതിരുന്നതിലും പരാജയപ്പെട്ടതിനാല്‍ എല്ലാവരെയും പോലെ ശിവശങ്കറിനോട് സഹതപിക്കുകയെന്ന ബാധ്യതയേ പാര്‍ട്ടിക്കുള്ളൂവെന്നും എന്‍ എന്‍ കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

SCROLL FOR NEXT