ഹത്രാസില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച സിപിഎം സംഘത്തിലുണ്ടായിരുന്ന എ ആര്‍ സിന്ധു അവിടുത്തെ സ്ഥിതി ദ ക്യുവിനോട് വിവരിക്കുന്നു.
ഹത്രാസില്‍ ഭയപ്പെടുത്തുന്ന അന്തരീക്ഷമാണ് ഉള്ളത്.പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വണ്ടികള്‍ പൊലീസ് കടത്തിവിടുന്നില്ല. ഒന്നര കിലോമീറ്ററോളം നടന്നാണ് ഞങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പോകുന്ന വഴിയിലുള്ള ആളുകള്‍ ഭയന്നിരിക്കുന്നത് വ്യക്തമാണ്. ആരും ആരോടും മിണ്ടുന്നുണ്ടായിരുന്നില്ല. സാധാരണ ഇത്ര വലിയ സംഭവമുണ്ടായ പ്രദേശത്തെ നാട്ടുകാര്‍ അവരുടെ അഭിപ്രായം പറയാറുണ്ട്. ഇവിടെ ആരും മിണ്ടാത്ത സ്ഥിതിയാണ്.
ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കഴിഞ്ഞിരുന്നു. എന്നിട്ടും പ്രത്യേക അന്വേഷണസംഘം വീട്ടുകാരുടെ മൊഴി എടുക്കാനെത്തിയിട്ടുണ്ട്. മൂന്നാല് മണിക്കൂര്‍ ആ മൊഴിയെടുക്കല്‍ നീണ്ടു. ഞങ്ങള്‍ അത്ര സമയം അവിടെ കാത്തിരിക്കുന്ന സ്ഥിതിയായിരുന്നു. മൊഴിയെടുക്കുന്ന സമയത്ത് മറ്റുള്ളവരെ കടത്തി വിടാതെയുള്ള ക്രമീകരണം പൊലീസ് നടത്തേണ്ടതാണ്. അത് അവിടെയില്ലായിരുന്നു.
സിബിഐ അന്വേഷണത്തിലും വിശ്വാസമില്ലെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ഞങ്ങളോട് പറഞ്ഞത്. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കുടുംബം നിരന്തരം ഭീഷണി നേരിടുന്നുണ്ട്. മകന്റെ ഭാര്യയുടെ അച്ഛനെ മര്‍ദ്ദിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ചുവെന്നാണ് വാര്‍ത്ത പുറത്ത് വന്നത്. കുടുംബത്തെ ഭയപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാണ്. കോളനി പോലെ തൊട്ടതൊട്ട് വീടുകളുണ്ട്. വീട്ടുകാരെ പൊലീസും ഠാക്കൂര്‍മാരും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് അയല്‍വാസികളും പറഞ്ഞു. ഠാക്കൂര്‍മാര്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. തുറന്ന് പറയാന്‍ പോലും ഇവര്‍ മടിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകളാണ് കുറച്ചെങ്കിലും ധൈര്യം സംഭരിച്ച് സംസാരിക്കുന്നത്.
സ്വന്തമായി കൃഷിഭൂമിയില്ലാത്ത തൊഴിലാളികളാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍. സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് ലഭിച്ചിരിക്കുന്നത്. സഹോദരന്‍മാര്‍ക്കും സ്ഥിരം ജോലിയോ വരുമാനമോ ഇല്ല. കര്‍ഷകതൊഴിലാളികളായ അവര്‍ക്ക് 200 രൂപയാണ് കൂലി ലഭിക്കുന്നത്. പെണ്‍കുട്ടിക്കൊപ്പം അമ്മയും വയലില്‍ പുല്ലരിയുന്നുണ്ടായിരുന്നു. സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെ, അമ്മ പുല്ലരിഞ്ഞ് മുന്നോട്ട് പോയപ്പോഴാണ് ദുപ്പട്ട പുറകില്‍ നിന്നും വലിച്ച് വായ മൂടി കെട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. അതിന്റെ ആഘാതത്തിലാണ് അമ്മ ഇപ്പോഴുമുള്ളത്. മൃതദേഹം കൊണ്ടു പോകുമ്പോള്‍ വീട്ടുകാരെ ആരെയും വണ്ടിയില്‍ കയറ്റിയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. മറ്റൊരു വണ്ടിയിലായിരുന്നു പോയിരുന്നത്. മൃതദേഹം ഒരുനോക്ക് കാണാന്‍ പോലും അനുവദിക്കാതെയാണ് കത്തിച്ച് കളഞ്ഞതെന്നും ആ അമ്മ പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ മാധ്യമങ്ങളെ പോലും അനുവദിക്കാതിരുന്ന സമയത്താണ് ഠാക്കൂര്‍മാരും ബ്രാഹ്മണരും യോജിച്ച് യോഗങ്ങള്‍ വിളിച്ചതും കാപ്പ് പഞ്ചായത്തുകള്‍ റെസലൂഷന്‍ പാസാക്കിയതും. പെണ്‍കുട്ടിയുമായി പ്രണയമായിരുന്നുവെന്നും സഹോദരനാണ് ഇതിന് പിന്നിലെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുമുണ്ട്. വ്യാജ വാട്‌സ്ആപ്പ് മെസേജുകളും അയക്കുന്നുണ്ട്.
അഭിഭാഷകനെ കാണാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അനുവദിച്ചിരുന്നില്ല. ഡല്‍ഹി നിര്‍ഭയ കേസിലെ അഭിഭാഷക സീമ കുശ് വാഹ ഹാജരാകുന്നതെന്ന റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വിഷയത്തില്‍ ആദ്യം ഇടപെട്ടിരുന്നില്ല. രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗന്ധിയും സന്ദര്‍ശിക്കാന്‍ തയ്യാറെടുത്തതോടെയാണ് പ്രസ്താവന ഇറക്കിയത്. അതേ പോലെ തന്നെയായിരുന്നു സമാജ് വാദി പാര്‍ട്ടിയും. ആദ്യത്തെ രണ്ട് ദിവസം അവര്‍ മിണ്ടിയിരുന്നില്ല. പിന്നീടാണ് പ്രതിഷേധിക്കാനും വീട് സന്ദര്‍ശിക്കാനും തയ്യാറായത്. മായാവതി പോലും കാര്യമായി വന്നിട്ടില്ല. ഈ പാര്‍ട്ടികളൊന്നും ഇത്തരം വിഷയങ്ങളില്‍ നിലപാടെടുക്കാറില്ല. അത് തന്നെയാണ് ഇവിടെയും കാണുന്നത്. ബീഹാര്‍ ഇലക്ഷനില്‍ നേട്ടമുണ്ടാക്കുകയെന്നത് ഇപ്പോള്‍ ഇവരുടെ ആവശ്യമാണ്.
ഏറ്റവും ഭീകരമായിട്ടുള്ളത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്യുന്നതാണ്.ക്രിമിനല്‍ മൈന്‍ഡ് സെറ്റോടെയാണ് കേസില്‍ ഇടപെടുന്നത്. ഉന്നാവ് മുതല്‍ ഇത്തരം എല്ലാ കേസുകളിലും ഇതാണ് കാണുന്നത്.ഠാക്കൂര്‍മാരുടെ ഗ്രാമത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. ആ അധികാരം ഭൂവുടമകള്‍ ദളിതര്‍ക്ക് നേരെ വല്ലാതെ പ്രയോഗിക്കുന്നുണ്ട്. ബിജെപിയുടെ വോട്ടുബാങ്കാണ് ഈ ഭൂവുടമകള്‍. പൊലീസ് കണ്ണുമടച്ച് അവരെ സഹായിക്കുകയാണ്. തെളിവുകള്‍ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും പെണ്‍കുട്ടികളുടെ കുടുംബത്തെ ക്രിമനലാക്കാനുള്ള നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന ഭീകര സ്ഥിതിയുണ്ട്. കേരളത്തിലിരുന്ന് നമുക്ക് സങ്കല്‍പ്പിക്കാവുന്നതിന് അപ്പുറത്താണിത്.