bharat jodo yatra 
Opinion

ഇടതുപക്ഷം ചുവപ്പുപരവതാനിയോടെ സ്വീകരിക്കേണ്ട യാത്ര, തിരുത്താന്‍ ഇനിയും സമയമുണ്ട്

2022ല്‍ സ്വാതന്ത്യം നേടിയതിന്റെ 75ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ നമ്മുടെ രാജ്യം പല നിലക്കും പിന്നോട്ട് പോയിട്ടുണ്ടെന്നതാണ് സങ്കടകരമായ യാഥാര്‍ത്ഥ്യം. ലോകത്തിന് മാതൃകയായ ജനാധിപത്യ ആശയത്തിന് വിള്ളലുണ്ടായിട്ടുണ്ട്. വെറുപ്പും വിദ്വേഷവും സാധാരണവല്‍ക്കരിച്ചുകൊണ്ട് നാം ഇതുവരെ നേടിയതെല്ലാം, ഇതുവരെ ആര്‍ജിച്ച ചരിത്ര പാഠങ്ങള്‍ എല്ലാം തെറ്റാണെന്ന രാഷ്ട്രീയ വ്യാഖ്യാനമാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും നടത്തുന്നത്. . ഇന്ത്യയുടെ സ്വാതന്ത്ര്യം കപടമാണെന്നും ഏതാനും വര്‍ഷങ്ങള്‍ക്കകം നാട്ടുരാജ്യങ്ങളായി ഈ സ്വതന്ത്ര റിപ്പബ്ലിക് ചിന്നി ചിതറുമെന്നും പ്രഖ്യാപിച്ചപവരെ വെല്ലുവിളിച്ചാണ് നാം സാമൂഹികയും സാമ്പത്തികമായും സാംസ്‌കാരികമായും വലിയ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കി മുന്നേറിയത്. നിരന്തരമായ രാഷ്ട്രീയ സമരങ്ങളിലൂടെയും പ്രതിരോധങ്ങളിലൂടെയും നാം പടുത്തുയര്‍ത്തിയ, ശ്രേഷ്ഠമായ ഭരണഘടനയുടെ അന്തസ്സത്തയെ വരെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം എത്തിച്ചേര്‍ന്നിരിക്കുന്നു. ഗാന്ധി ഘാതകര്‍ ആഘോഷിക്കപ്പെടുന്ന കാഴ്ചയ്ക്ക് ഈ രാജ്യത്തെ ജനതയ്ക്ക് സാക്ഷിയാകേണ്ടിവരുന്നു. ഒപ്പം സ്വതന്ത്ര ചിന്തകള്‍ക്കും ചിന്തകള്‍ക്കും വിലങ്ങും തുറുങ്കും തീര്‍ക്കുന്നവരായി ഭരണകൂടം മാറുന്നു. 'ആസാദ് കി അമൃത് മഹോല്‍സവം' എന്നാണ് സ്വാതന്ത്ര്യ ജൂബിലി ആഘോഷങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിളിപ്പേര്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ശ്രമിക്കുന്നത് ബഹുസ്വരതയെ അട്ടിമറിച്ച് ഇന്ത്യ എന്നാല്‍ ഒരു 'ഏകശിലാവിഗ്രഹം' എന്ന രാഷ്ട്രീയം സ്ഥാപിക്കാനാണ്.

ലോകത്തിലെ ഏറ്റവും അസമത്വം ഉള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ പിന്നോട്ടടിച്ചതും ബിജെപി ഭരണകാലയളവിലാണ്. ഒരുകൂട്ടം കോര്‍പറേറ്റ് ഭീമന്‍മാര്‍ എല്ലാം നേടിക്കൊണ്ട് തേരോട്ടം തുടരുന്നു. മറുവശത്ത് പാവപ്പെട്ടവന്‍ അതിദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് പതിക്കുന്നു. എല്ലാതരം രാഷ്ട്രീയ വിയോജിപ്പുകളെയും നിശബ്ദമാക്കിയും ചെറുപ്രതിരോധങ്ങളെ പോലും അടിച്ചമര്‍ത്തിയും എതിര്‍ധ്രുവത്തിലുള്ള രാഷ്ട്രീയ കക്ഷികളെയും പ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിയും ജനാധിപത്യമെന്ന മഹത്തായ ആശയത്തെയും ഭരണഘടനാ അവകാശങ്ങളെയും മോദി ഭരണകൂടം കശാപ്പ് ചെയ്യുന്നത് തുടരുകയാണ്.

സ്വാതന്ത്ര്യത്തിന്റെ ഈ 75 വാര്‍ഷികത്തില്‍ ഉണ്ടായിട്ടുള്ള വലിയ വിള്ളലുകള്‍ നികത്താനാണ് 'ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവാക്യത്തോടുകൂടി ഭാരത് ജോഡോ യാത്ര കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ചിരിക്കുന്നത്. ജാതീയതയും അസമത്വവും വിളയാടിയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീനാരായണ ഗുരുദേവന്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ തന്നെ നടത്തിയത്. അന്ന് ശിവനെ പ്രതിഷ്ഠിക്കാന്‍ എന്തധികാരം എന്ന് ഗുരുവിനോട് ചോദിച്ചവരോട് 'നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണല്ലോ' എന്ന പ്രസിദ്ധമായ ആ മറുപടിയാണ് ഗുരു നല്‍കിയത്. ''സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം'' എന്ന ഗുരു വിശേഷിപ്പിച്ചത് സാഹോദര്യം എന്ന അടിസ്ഥാന മൂല്യത്തിലൂന്നിയാണ്. ഭാരത് ജോഡോ യാത്രയുടെ പ്രധാന മുദ്രാവാക്യവും ഒരുതരത്തില്‍ നോക്കിയാല്‍ ഗുരുദേവന്‍ മുന്നോട്ട് വച്ച 'സോദരത്വേന' എന്ന ആശയം തന്നെയാണ്

വ്യക്തമായി പറയട്ടെ, ഭാരത് ജോഡോ യാത്ര, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒരു രാഷ്ട്രീയ പദയാത്രയല്ല. മറിച്ച് ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത, ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തിയ രാഷ്ട്രീയ പ്രസ്ഥാനം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാലം ആവശ്യപ്പെട്ട ഒരു മുദ്രാവാക്യത്തെ ഈ രാജ്യത്തിന്റെ പൊതുമണ്ഡലത്തില്‍ വെക്കുകയാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം സമാന ആശയമുള്ള രാഷ്ട്രീയ-രാഷ്ട്രീയതര സംഘടനകളും ഈ യാത്രയില്‍ അണി ചേര്‍ന്നിരിക്കുന്നത്. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ വേരുകള്‍ ഉള്ള പ്രസ്ഥാനം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ആണ് എന്ന ശക്തമായ ബോധ്യത്തിലൂന്നി കൂടിയാണ് ഈ യാത്ര. ത്രിവര്‍ണ പതാകയേന്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ 'സാഹോദര്യം' എന്ന സമാനതകളില്ലാത്ത ആശയവുമായി എത്തുമ്പോള്‍, താഴേത്തട്ടിലേക്ക് പടരുമ്പോള്‍ അത് സംഘടനയ്ക്ക് നല്‍കുന്ന ശക്തി ചെറുതല്ല. പാര്‍ട്ടിക്ക് ശക്തി കുറഞ്ഞ പ്രദേശങ്ങളില്‍ പോലും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഈ യാത്രക്ക് സാധിക്കും.

സെപ്റ്റംബര്‍ 7ന് കന്യാകുമാരിയില്‍ ആരംഭിച്ച ജാഥ 156 ദിവസം കൊണ്ട്, ദിനംപ്രതി 25 സാ താണ്ടി 3700 പരം കിലോമീറ്റര്‍ നടന്നു കൊണ്ട് കാശ്മീരില്‍ അവസാനിക്കും. കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപി മുഴുവന്‍ സമയവും ഈ യാത്രയോടൊപ്പമുണ്ട്. ഈ നാടിന്റെ വൈവിധ്യങ്ങളെ സ്പര്‍ശിച്ചുകൊണ്ടാണ് ഈ ജാഥ ഓരോ ചുവടും മുന്നേറുന്നത്. കേരളത്തില്‍ ജോലി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളിയും, തമിഴ്‌നാട്ടിലെ നെയ്ത്തുകാരനും കര്‍ണാടകത്തിലെ നാടക പ്രവര്‍ത്തകരും രാജസ്ഥാനിലെ മണലാരണ്യത്തില്‍ ജീവിക്കുന്നവരും എല്ലാവരും ഇന്ത്യക്കാര്‍ ആണെന്ന, ആ സാംസ്‌കാരിക വൈജാത്യമാണ് ഇന്ത്യയുടെ ആത്മാവ് എന്നുള്ളതും ഈ യാത്ര നമ്മെ ഓര്‍മ്മിപ്പിക്കും. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിലൂന്നിയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ നിരയെ കൂടിയാണ് ഈ യാത്ര ശക്തിപ്പെടുത്തുക.

കേരളത്തിലേക്ക് ജാഥ കടന്നുചെന്ന ദിവസം മുതല്‍ക്ക് തന്നെ അവിശ്വസനീയമായിട്ടുള്ള സ്വീകരണമാണ് ലഭിക്കുന്നത്. പാവപ്പെട്ട തൊഴിലാളികള്‍ മുതല്‍ തിരുവനന്തപുരം നഗരവാസികളായവരെ വരെ, മുതിര്‍ന്നവരും, പുതുതലമുറയിലുള്ളവരുമെല്ലാം യാത്രയെ വീക്ഷിക്കുവാനും, രാഹുല്‍ ഗാന്ധി എന്ന ജനനായകനെ കാണുവാനും ഇമചിമ്മാതെ കാത്തിരിക്കുന്നതിന് ഞാന്‍ സാക്ഷിയാണ്. ഈ യാത്രയോട് ബിജെപിക്കുള്ള അസഹിഷ്ണുത നമ്മുക്ക് മനസ്സിലാക്കാം, അവര്‍ വെറുക്കുന്ന വാക്കുകളായ സാഹോദര്യവും, സമത്വവും അന്തരീക്ഷത്തില്‍ അത്യുച്ചത്തില്‍ മുഴങ്ങിക്കേള്‍ക്കുമ്പോള്‍ ഈ യാത്രയെയും അത് മുന്നോട്ട് വെക്കുന്ന ആശയത്തെയും വക്രീകരിക്കുവാനുള്ള എല്ലാ ശ്രമങ്ങളും ബിജെപി നടത്തിക്കൊണ്ടേയിരിക്കും. തങ്ങളുടെ അധീനതയിലുള്ള മാധ്യമങ്ങളേയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളെയും ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമവും തുടരും. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷം ഭാരത് ജോഡോ യാത്രയോട് കാണിക്കുന്ന അസഹിഷ്ണുത മനസ്സിലാകുന്നേയില്ല. ഇടതുപക്ഷം പറയാന്‍ മറന്നു പോയ പല ഇടതുപക്ഷ ചിന്തകളും ഈ ജാഥയുടെ ഭാഗമായി ഞങ്ങള്‍ ജനങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. വിശക്കുന്നവനെയും, വേദനിക്കുന്നവരെയും കര്‍ഷകരെയും തൊഴിലാളിയെയും അടക്കം സമൂഹത്തിന്റെ വിവിധ ശ്രേണിയിലുള്ള മനുഷ്യരെ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ നേരില്‍ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാനും ശ്രമിക്കുകയാണ്. അതേസമയം സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ അടക്കം ഭാരത് ജോഡോ യാത്രയെ കുറിച്ച് കല്ലുവെച്ച നുണകള്‍ പ്രചരിപ്പിക്കുകയാണ്. ശ്രീനാരായണ ഗുരുദേവന്‍ കേരളത്തെ പഠിപ്പിച്ച 'സോദരത്വേന' എന്ന ആശയം ആഘോഷിക്കപ്പെടുന്ന, യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പരിശ്രമത്തെ കേരളത്തിലെ ഇടതുപക്ഷം വക്രീകരിക്കുന്നത് കടുത്ത വഞ്ചനയാണ്.

രാജ്യത്തിന്റെ സമകാലീന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ജാഥയെ സങ്കുചിത രാഷ്ട്രീയ മനോഭാവവും രാഷ്ട്രീയ വിരോധവും കാരണം ഇടതുപക്ഷം തിരസ്‌കരിക്കുമ്പോള്‍ അവര്‍ മനസിലാക്കാതെ പോകുന്നത് നരേന്ദ്രമോദി ചിറകരിഞ്ഞ ഇടതുപക്ഷ ചിന്തകള്‍ക്ക് കൂടി വേണ്ടിയാണ്

ഈ യാത്രയെന്ന കാര്യമാണ്. ഈ ചരിത്ര ദൗത്യത്തിന്റെ പ്രാധാന്യം എ.കെ.ജി സെന്ററിലെ നേതാക്കള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ അവര്‍ ചുവപ്പ് പരവതാനി വിരിച്ച് രാഹുല്‍ ഗാന്ധിയെയും കൂട്ടരെയും കേരളത്തില്‍ സ്വീകരിക്കുമായിരുന്നു. അങ്ങനെ അതു ചെയ്തിരുന്നെങ്കില്‍ ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള പ്രതിരോധമായി, രാഷ്ട്രീയശരിയുടെ കേരള മോഡലായി ആ പങ്കാളിത്തം മാറിയേനെ. തെറ്റ് തിരുത്താന്‍ ഇടതുപക്ഷത്തിന് ഇനിയും സമയമുണ്ട്, സാഹോദര്യം എന്ന ആശയത്തിനായി നമുക്കൊരുമിക്കാം.

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

തൃശൂർപൂരത്തിനൊരുങ്ങി ദുബായ്,'മ്മടെ തൃശൂർ പൂരം' ഡിസംബർ രണ്ടിന് എത്തിസലാത്ത് അക്കാദമിയില്‍

SCROLL FOR NEXT