കൊവിഡ് 19 മഹാമാരിക്ക് മുന്നില്‍ ലോകം ഒന്നാകെ സ്തംഭിച്ചിരിക്കുമ്പോള്‍, പ്രതിരോധ സജ്ജീകരണങ്ങളിലെയും കോറോണയെ നേരിടുന്നതിലെയും രാഷ്ട്രീയ മാനങ്ങള്‍ വിലയിരുത്തുകയാണ് ഐ.ഐ.ടി മദ്രാസില്‍ അന്താരാഷ്ട്ര-പഠന വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ഗോകുല്‍ കെ എസ്.
ലോകം അസാധാരണമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ചൈനയിലെ ഹുബെയ് (Hubei) പ്രവിശ്യയിലെ വുഹാനില്‍ (Wuhan) ഉത്ഭവിച്ചു എന്ന് കരുതപ്പെടുന്ന കോവിഡ്-19 (Covid-19) എന്ന കൊറോണ വൈറസ് (Coronavirus)മഹാമാരിയായി മാറിയിരിക്കുന്നു. രോഗം പിടിപെട്ടു മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി ക്രമാതീതമായി ഉയരുകയാണ്. ലോകവ്യാപകമായി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് ഇതാദ്യമായിട്ടല്ല എങ്കിലും, ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഭൂരിഭാഗം ആളുകളുടെയും ജീവിതകാലത്തെ ഏറ്റവും വലിയ ദുരന്തമായി കൊറോണ മാറുകയാണ്. കൊറോണ സൃഷ്ടിക്കാന്‍ പോകുന്ന നഷ്ടങ്ങളുടെ വ്യാപ്തി എത്രയാണ് എന്നത് പ്രവചനങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അതീതമാണ്. സാമൂഹിക-സാമ്പത്തിക മണ്ഡലങ്ങളില്‍ ചെറുതല്ലാത്ത തിരിച്ചടികള്‍ ഇതിനോടകം തന്നെ ഉണ്ടായിരിക്കുന്നു. ഇതോടൊപ്പം തന്നെ പകര്‍ച്ചവ്യാധിക്ക് എതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ വാര്‍ത്തകളാണ് ഓരോ ദിനവും നമ്മള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നത്. പരസ്പരം അകലം പാലിച്ചും, സ്വയം-ഒറ്റപ്പെടുത്തിയും, വീടുകളില്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞും, രാജ്യത്തു സമ്പൂര്‍ണ ലോക്ഡോണ്‍ പ്രഖ്യാപിച്ചും എല്ലാം നമ്മള്‍ ഈ മഹാമാരിയെ നേരിടുകയാണ്.
ചരിത്രത്തില്‍ ഇതിനു മുന്‍പ് സമാനമായ ഒരു സാഹചര്യം ഉണ്ടായത് ഒരു നൂറ്റാണ്ടു മുന്‍പ് സ്പാനിഷ് ജ്വരം (Spanish Flu) ലോകവ്യാപകമായി പടര്‍ന്നപ്പോഴാണ്. രണ്ടാം ലോകത്തെ മഹായുദ്ധ കാലത്തെ ഈ H1N1 ഇന്‍ഫ്‌ലുന്‍സ പകര്‍ച്ചവ്യാധി (H1N1 Influenza) ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായിരുന്നു. ഇതുവരെയും അത്തരത്തില്‍ ഗുരുതരമായ മരണനിരക്ക് കൊറോണ വൈറസ് മൂലം ഉണ്ടായിട്ടില്ല എങ്കിലും ഏറെ ആശങ്കപ്പെടുത്തുന്നതാണ് ഈ പകര്‍ച്ചവ്യാധിയുടെ ഗതി. 1918 -ലെ മഹാമാരിയെ സ്പാനിഷ് ഫ്‌ലൂ എന്ന് വിളിക്കാമെങ്കില്‍ കോവിഡ്-19 -നെ, അതിന്റെ പ്രഭവകേന്ദ്രം വുഹാന്‍ ആണ് എന്ന് സ്ഥിതീകരിക്കുകയാണെങ്കില്‍, ചൈനീസ് വൈറസ് എന്നോ വുഹാന്‍ വൈറസ് എന്നോ വിളിക്കുന്നതില്‍ തെറ്റില്ല.
പലരും ഉള്‍വലിയാന്‍ ശ്രമിക്കുമ്പോഴും അപ്രിയ്യമായ കുറേയധികം യാഥാര്‍ഥ്യങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്നുണ്ട് കൊറോണ കാലത്തെ പ്രതിസന്ധികള്‍. നമ്മള്‍ ശരിയെന്നു കരുതിയിരുന്ന, അല്ലെങ്കില്‍ നമ്മളെ ശരിയെന്നു ധരിപ്പിച്ചിരുന്ന ഈ വ്യവസ്ഥിതിയുടെ പല തത്വങ്ങളും കടപുഴകി ഒഴുകുകയാണ്. പകര്‍ച്ചവ്യാധിയുടെ നടുക്കത്തിനിടയിലും രാഷ്ട്രീയം പറയുക എന്നതിനപ്പുറം, ഈ ഘട്ടത്തില്‍ നിശ്ചയമായും ചര്‍ച്ചചെയ്യപ്പെടേണ്ട കുറേയധികം കാര്യങ്ങളുണ്ട്. ഈ ലേഖനത്തില്‍, നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥിതിയെ (oscio-economic system) പ്രതികൂട്ടില്‍ നിര്‍ത്തിക്കൊണ്ട്, കൊറോണ വൈറസിന്റെ രാഷ്ട്രീയമാനങ്ങള്‍ വിശകലനം ചെയ്യാനാണ് ശ്രമിക്കുന്നത്. എങ്ങനെയാണ് കൊറോണ പകര്‍ച്ചവ്യാധിക്ക് വര്‍ഗ്ഗസ്വഭാവം (class character) കൈവരുന്നത് എന്നും, നമ്മുടെ രാജ്യത്തടക്കം അടിയന്ത്രിയമായി വരുത്തേണ്ട ഘടനാപരമായ പരിഷ്‌കാരങ്ങള്‍ എന്താണെന്നും, നിയോലിബറല്‍ സിദ്ധാന്തങ്ങള്‍ മുന്‍പ് പലപ്പോഴും എന്നപോലെ ഈ ഘട്ടത്തിലും എങ്ങനെയാണ് പരാജയപ്പെടുന്നത് എന്നും വിലയിരുത്തുന്നുണ്ട്.
ഓക്‌സ്ഫാമിന്റെ (Oxfam) ഈ വര്‍ഷം പുറത്തിറങ്ങിയ 'ടൈം ടു കെയര്‍' (Time to Care) എന്ന റിപ്പോര്‍ട്ടില്‍ നിന്ന് ആലോചിച്ചു തുടങ്ങാം. റിപ്പോര്‍ട്ടിലെ ചില പ്രധാന കണ്ടെത്തലുകള്‍ ചുവടെ ചേര്‍ക്കുന്നു,
ലോകജനസംഖ്യയുടെ മുകള്‍ത്തട്ടിലുള്ള സമ്പന്നരായ 1 % ആളുകള്‍ക്ക് ലോകത്തെ 6.9 ബില്യണ്‍ ആളുകളുടെ ആകെ സമ്പത്തിന്റെ ഇരട്ടിയിലും അധികം സമ്പത്താണ് ഉള്ളത്.
ലോകത്തിലെ 2153 ശതകോടീശ്വരര്‍ക്കു ലോകജനസംഖ്യയുടെ അറുപത് ശതമാനത്തോളം വരുന്ന 4 .6 ബില്യണ്‍ ആളുകളേക്കാള്‍ സമ്പത്തുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പണക്കാരുടെ പട്ടികയിലുള്ള ആദ്യ 22 പേരുടെ സമ്പത്ത്, ആഫ്രിക്കയിലെ എല്ലാ സ്ത്രീകളുടെ ആകെമൊത്തം സമ്പത്തിനും മുകളിലാണ്.
ഇന്ത്യന്‍ ജനസംഖ്യയുടെ താഴെക്കിടയിലുള്ള 70 % ആളുകളുടെ ആകെയുള്ള സമ്പത്തിനേക്കാള്‍ നാലിരട്ടി സമ്പത്താണ് മുകളിലുള്ള 1 % സമ്പന്നര്‍ കൈവശം വച്ചിരിക്കുന്നത്.
ഇന്ത്യയിലെ 63 ശതകോടീശ്വരരുടെ മൊത്തം സമ്പത്ത് കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിന്റെ (Union Budget) മൊത്തം തുകയേക്കാള്‍ (24,42,200 കോടി രൂപ) കൂടുതലാണ്.
ലോകത്തിലെ കുറച്ചു ആളുകള്‍ ചേര്‍ന്ന് ഭൂരിഭാഗം വരുന്ന ആളുകളോടും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്ന ഒരു വലിയ കള്ളം നമ്മള്‍ ജീവിക്കുന്ന ഈ ലോകത്ത് സാമ്പത്തിക അസമത്വം (economic inequality) ഇല്ല എന്നും, അതെല്ലാം കുറെ ഇത്തിള്‍കണ്ണികളായ മാര്‍ക്‌സിസ്റ്റുകളുടെ ജല്പനങ്ങള്‍ ആണെന്നും, കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ക്കിടയില്‍ ലോകം ഏറെ വികസിച്ചിരിക്കുന്നു എന്നൊക്കെയാണ്. ചിലപ്പോള്‍ പറയുന്നത് പട്ടിണിയും ദാരിദ്ര്യവും എപ്പോഴും നിലനില്‍ക്കുമെന്നും, സാമ്പത്തിക-സാമൂഹിക-ലിംഗ അസമത്വം തുടരേണ്ടത് 'നിര്‍ഭാഗ്യവശാല്‍' ലോകത്തിന്റെ പുരോഗതിക്കു ആവശ്യമാണ് എന്നൊക്കെയാണ്. പക്ഷേ പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ മാര്‍ക്‌സ് പറഞ്ഞത് പോലെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും സാമ്പത്തില്ലാത്തവര്‍ കൂടുതല്‍ ദരിദ്രരാകുകയും (Rich gets richer, poor gets poorer) ചെയ്യുന്ന വ്യവസ്ഥിതിക്ക് കീഴിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇന്നിപ്പോള്‍ ഈ സംവിധാനം കുറെ കൂടി മാറിയിരിക്കുന്നു, ശതകോടീശ്വരരുടെ എണ്ണം കഴിഞ്ഞ നാല്പത് വര്‍ഷങ്ങള്‍ക്കു ഇടയില്‍ കൂടുകയും, പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നവരുടെ എണ്ണം അതിന്റെയും ഇരട്ടിയായി ഉയര്‍ന്നിരിക്കുന്നു. ലോകത്തെ ഏതു രാജ്യത്തും, അവിടത്തെ മുകള്‍ത്തട്ടിലെ 1 % ആളുകളുടെ കൈയിലാണ് ആ രാജ്യത്തെ പകുതിയിലേറെ സമ്പത്തുമുള്ളത്. ഇത്തരത്തില്‍ മൂലധനം ചില കേന്ദ്രങ്ങളില്‍ മാത്രം സംഭരിക്കപ്പെടുന്ന (accumulation of capital) വ്യവസ്ഥിതിക്ക് സൈദ്ധാന്തികമായ അടിത്തറ പാകിയത് നിയോലിബറല്‍ മുതലാളിത്ത (neoliberal capitalism) സിദ്ധാന്തങ്ങളാണ്. മുന്‍പ് ഇത് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് മാര്‍ക്‌സിസ്റ്റുകള്‍ മാത്രമായിരുന്നു എങ്കില്‍, ഇപ്പോള്‍ ലോകമെമ്പാടും തെരുവുകളില്‍ സമരം ചെയ്യുന്ന ലക്ഷകണക്കിന് സാധാരണ മനുഷ്യര്‍ ഇതെല്ലം ഉറക്കെ വിളിച്ചു പറയുകയാണ്.
ഇങ്ങനെ ഇരിക്കുന്ന ലോകത്തേക്കാണ് കോവിഡ്-19 എത്തിയത്. ലോകം സാങ്കേതികമായും, വാണിജ്യ-വ്യാപാര ബന്ധങ്ങളാലും, മനുഷ്യരുടെ നിരന്തരമായ യാത്രകള്‍ കൊണ്ടും, ദേശ-രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ തലങ്ങും വിലങ്ങും മുറിച്ചു കടന്നു തികച്ചും ആഗോളവത്കൃതമായിരിക്കുകയായിരുന്നു. ലോകത്തിന്റെ ഒരുഭാഗത്ത് ഉണ്ടാകുന്ന പാര്‍ച്ചവ്യാധി നിയന്ത്രണാതീതമായില്ല എങ്കില്‍ അത് ലോകമെങ്ങും എത്താന്‍ എത്ര ദിവസങ്ങള്‍ വേണം എന്ന് നമ്മള്‍ കണ്ടു കഴിഞ്ഞു. ലോകം സാമ്പത്തികമായി ഒരു വ്യവസ്ഥിതിയ്ക്കുള്ളിലാണ് പ്രവര്‍ത്തിക്കുന്നത് എന്നുള്ളതുകൊണ്ട് തന്നെ പ്രധാന കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ ലോകത്താകമാനം പ്രകമ്പനം സൃഷ്ട്ടിക്കും. ഇത് 2008 -ല്‍ നമ്മള്‍ കണ്ടതാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പത്ത് വ്യവസ്ഥയായ ചൈനയില്‍, മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിന് (Cultural Revolution) ശേഷം ആദ്യമായി വളര്‍ച്ചാ നിരക്ക് ചുരുങ്ങും (contraction) എന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. അങ്ങനെ എങ്കില്‍ അത് ലോക സമ്പത്ത് വ്യവസ്ഥയെ കാര്യമായി തന്നെ ബാധിക്കും. 2008 -ലെ മാന്ദ്യവും, യൂറോസോണ്‍ പ്രതിസന്ധിയും (Eurozone Crisis), ഇപ്പോള്‍ കോവിഡ്-19 -ന്റെ അനന്തരഫലങ്ങളും കൂടെ ആകുമ്പോള്‍ പ്രവചനങ്ങള്‍ക്കും അതീതമാണ് തകര്‍ച്ചയുടെ പ്രതിഫലനങ്ങള്‍. എന്നാല്‍ കൂടുതല്‍ അതിനെ പറ്റി ആധികാരമായി പറയാന്‍ ഇപ്പോള്‍ കഴിയില്ല. കാരണം കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ഇതുവരെയും ലോകത്തിനു കഴിഞ്ഞിട്ടില്ല.
എല്ലാ കുറ്റവും നിയോലിബറല്‍ വ്യവസ്ഥിതിയുടെ മുകളിലാണ് എന്ന് സ്ഥാപിക്കുകയല്ല, മറിച്ച് അതിനെ പ്രതികൂട്ടില്‍ നിര്‍ത്തിക്കൊണ്ട് ഈ സാഹചര്യത്തെ വിലയിരുത്തേണ്ടതായിട്ടുണ്ട്. കൊറോണവൈറസിനെതിരെയുള്ള ചെറുത്തുനില്പില്‍ എല്ലാ രാജ്യങ്ങളിലും മുന്‍പില്‍ നില്‍ക്കുന്നത് അവിടത്തെ ഭരണകൂടങ്ങള്‍ തന്നെയാണ്. സര്‍ക്കാരിന് എന്ത് ചെയ്യാന്‍ ആകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിയോലിബറല്‍ വ്യവസ്ഥിതിയെ പിന്‍തുണച്ചവരും പറയുന്നത് ഗവണ്‍മെന്റ് മുന്നിട്ടു നിന്ന് ഈ പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് മനുഷ്യരെ കരകയറ്റണം എന്നാണ്. സോഷ്യലിസം എന്ന പേര് പറയാതെ എല്ലാ ഭരണകൂടങ്ങളും ചെയ്യുന്ന പലതും മാര്‍ക്‌സ് മുതല്‍ ഇങ്ങോട്ട് ഒരുപാട് ആളുകള്‍ ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണ്. ഈ ബോധ്യങ്ങള്‍ നമ്മള്‍ക്കു ആവശ്യമാണ്. നമ്മുക്കു ചുറ്റുമുള്ള സമൂഹത്തിനും വരും കാലത്തെ മനുഷ്യരാശിക്കൊന്നാകെയും, ഈ ഭൂമിയുടെ നിലനില്‍പ്പിനായും ഈ വ്യവസ്ഥിതിയുടെ അടിത്തറ മുതലുള്ള പരിണാമം ആവശ്യമാണെന്ന ബോധ്യം എല്ലാവരിലും എത്തണം.
ഇനി ഇന്ത്യയിലേക്ക്
ജനസംഖ്യയിലും, ജനസാന്ദ്രതയിലും, പട്ടിണി മൂലം മരിക്കുന്ന ആളുകളുടെ എണ്ണത്തിലും, സാമ്പത്തിക അസമത്വത്തിലും ലോകത്തു മുന്‍പിലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്ന യാഥാര്‍ഥ്യത്തില്‍ നിന്ന് തുടങ്ങാം. ഇതോടൊപ്പം ഓര്‍ക്കേണ്ട മറ്റൊരു വസ്തുത പകര്‍ച്ചവ്യാധികളും മറ്റു രോഗങ്ങളും മൂലം ഓരോ വര്‍ഷവും മരിക്കുന്ന ആളുകളുടെ എണ്ണവും ഇന്ത്യയില്‍ വളരെ കൂടുതലാണ് എന്നതാണ്. ഈ അടുത്തിടക്ക് മെഡിക്കല്‍ മേഖലയില്‍ നിന്ന് പുറത്തുവന്ന ഒരു പഠനത്തെ ഉദ്ധരിച്ചു കൊണ്ട് കാരവന്‍ (Caravan) റിപ്പോര്‍ട്ട് ചെയ്യുന്ന കണക്കുകള്‍ പ്രകാരം ഓരോ ഒരു ലക്ഷം ആളുകള്‍ക്കും ഇന്ത്യയില്‍ 2.3 ഐ.സി.യു ബെഡുകള്‍ (ICU) മാത്രമാണുള്ളത്. അത് പോലെ തന്നെ ഓരോ ആയിരം ആളുകള്‍ക്കും ഒന്നില്‍ താഴെ അലോപ്പതിക് ഡോക്ടര്‍മാര്‍ മാത്രമേയുള്ളു. ഇത് ആഗോള ശരാശരിക്കും വളരെ താഴെയാണ്. ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത് ആരോഗ്യമേഖലയുടെ ഭൂരിഭാഗവും സ്വകാര്യമേഖലയാണ് (Private Healthcare Sector) എന്നതാണ്.. പൊതു ആരോഗ്യ മേഖല (Public Healthcare System) എന്നത് ഇന്ത്യയില്‍ അപ്രത്യക്ഷമായികൊണ്ട് ഇരിക്കുകയാണ്.
2020 -21 യൂണിയന്‍ ബഡ്ജറ്റിലെ നിര്‍ദേശങ്ങളില്‍ ഒന്ന് ടിയര്‍-II , ടിയര്‍-III നഗരങ്ങളില്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (Private-Public Partnership) ആശുപത്രികള്‍ നിര്‍മ്മിക്കാനാണ്. ഇതോടു കൂടി പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ജില്ലാ ആശുപത്രികളും സ്വകാര്യ മേഖലയുടെ കൈയിലേക്ക് പോകും. ഇതോടൊപ്പം തന്നെ നീതി-ആയോഗിന്റെ (NITI Aayog) റിപ്പോര്‍ട്ടിലെ ഒരു നിര്‍ദേശം, സ്വകാര്യ ആശുപത്രികള്‍ക്കും, ക്ലിനിക്കുകള്‍ക്കും, ലാബുകള്‍ക്കും 'സ്വയം-നിയന്ത്രണ' -ത്തിനുള്ള (self-regulation) അധികാരം നല്‍കുക എന്നതാണ്. ഇതിന്റെ ചുവടു പിടിച്ചാണ് പാര്‍ലമെന്റ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ് (രജിസ്ട്രേഷന്‍ & റെഗുലേഷന്‍) ആക്ട് (Clinical Establishments (Registration & Regulation) Act) പാസാക്കുന്നത്. എന്നാല്‍ പകുതിയോളം സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഈ നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ല.
2019 ഒക്ടോബറില്‍ പുറത്തു വന്ന ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ജി ഡി പി -യുടെ 1.28 ശതമാനം മാത്രമാണ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ചിലവഴിച്ചിട്ടുള്ളത്. ഇതിനു ശേഷമുള്ള റിപോര്‍ട്ടുകള്‍ ഇതുവരെ വെളിച്ചം കണ്ടിട്ടുമില്ല. കേന്ദ്രസര്‍ക്കാരുകള്‍ ആരോഗ്യമേഖലയോട് കാട്ടുന്ന അവഗണന മനസിലാക്കണം എങ്കില്‍ കേന്ദ്രബജറ്റ് നോക്കിയാല്‍ മതിയാകും. 2019-20 ബഡ്ജറ്റില്‍ ആരോഗ്യമേഖലയ്ക്കായി വകയിരുത്തിയത് 65,000 കോടി രൂപയാണ് (ജി ഡി പി -യുടെ 2.3 %). എന്നാല്‍ അതേ ബഡ്ജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് (Defense Sector) വേണ്ടി മാറ്റി വെച്ചത് 4,31,000 കോടി രൂപയാണ്. ദേശീയ സുരക്ഷയുടെ (National Security) പേരിലാണ് വകയിരുത്തുന്നത് എങ്കിലും, കോടികളുടെ കച്ചവടമാണ് പ്രധിരോധ മേഖലയില്‍ നടക്കുന്നത്. ആയുധ വ്യാപാരത്തിന്റെ കണക്കുകള്‍ പലതും നമ്മള്‍ക്കു ലഭ്യമല്ല. റോസാ ലക്സംബര്‍ഗ് പറഞ്ഞത് പോലെ മുതലാളിത്തത്തിന് തഴച്ചുവളരാന്‍ പറ്റിയ ഇടം മിലിറ്ററിസം (militarism) നല്‍കുന്ന അഭയമാണ്. ഇതേ ബഡ്ജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവെച്ചത് 95,000 കോടി രൂപയാണ് (ജി ഡി പി യുടെ 3.4 %). ആരോഗ്യമേഖലയും വിദ്യാഭ്യാസമേഖലയും ചേര്‍ത്താല്‍ പോലും ആയുധങ്ങള്‍ വാങ്ങിക്കാന്‍ ചിലവഴിക്കുന്ന തുകയോളം വരുന്നില്ല. എന്തിനാണ് നമ്മളുടെ സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കുന്നത് എന്നത് കണക്കുകളില്‍ തന്നെ വ്യക്തം.
2020 -ല്‍ പ്രഖ്യാപിച്ച അടുത്ത വര്‍ഷത്തേക്കുള്ള ബഡ്ജറ്റില്‍ പ്രതിരോധ മേഖലയ്ക്കുള്ള വകയിരുത്തലില്‍ 9.37 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത് (4,71,378 കോടി രൂപ). ആരോഗ്യമേഖലക്കും (69,000 കോടി രൂപ) വിദ്യാഭ്യാസമേഖലക്കുമുള്ള (99,300 കോടി രൂപ) വകയിരുത്തലുകളില്‍ നേരിയ വര്‍ദ്ധന മാത്രമാണ് കാണാന്‍ കഴിയുക. ഇതിന്റെ അര്‍ത്ഥം ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ചിലവഴിക്കുന്നതിന് പകരം സര്‍ക്കാര്‍ എല്ലാ പണവും ആയുധവ്യാപാരത്തിനു ഉപയോഗിക്കുന്നു എന്നല്ല. പക്ഷേ ചോദിക്കേണ്ട ചോദ്യം, ആയുധങ്ങള്‍ വാങ്ങാന്‍ ഇത്രയും പണം ചിലവഴിക്കുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് അടിസ്ഥാന വികസനമായ വിദ്യാഭ്യാസത്തിലും ആരോഗ്യസുരക്ഷയ്ക്കും അതിന്റെ പകുതി പോലും ചിലവഴിക്കാത്തത് എന്നാണ്. അതുപോലെ ദേശസുരക്ഷാ എന്നാല്‍ ഇവിടെ ജീവിക്കുന്നവരുടെ മനുഷ്യരുടെ ജീവനേക്കാള്‍ വലുതാണോ? തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനും, തീവ്ര-ദേശീയത പറയാനും, ആയുധ കച്ചവട കരാറുകള്‍ വഴി കോടികളുടെ അഴിമതി നടത്താനുമാണ് ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്ന ഈ പ്രതിരോധ-വകയിരുത്തലുകള്‍ ആവശ്യമാകുന്നത്. ഇതുകൊണ്ട് എന്ത് നേട്ടമാണ് ഇന്ത്യയ്ക്ക് ഉണ്ടാകുന്നത് എന്ന് നമ്മള്‍ പുനര്‍വിചിന്തനം നടത്തണം. ഈ ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടത്ത് വോട്ടിടുന്ന ഈ രാജ്യത്തെ പൗരന്മാരാണ് (സമീപകാലത്തെ സാഹചര്യം കണക്കിലെടുത്താല്‍ വോട്ട് ഇടാന്‍ ഭരണകൂടം അനുവദിക്കാത്തവരും ഉണ്ടെന്ന കാര്യം അവിസ്മരിക്കുന്നില്ല).
കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നികുതിയിളവ് 1.45 ലക്ഷം കോടി രൂപയാണ്. കിട്ടാക്കടം എന്ന പേരില്‍ എഴുതിത്തള്ളിയത് പല ചങ്ങാത്ത-മുതലാളിമാര്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത 7.78 ലക്ഷം കോടി രൂപയുടെ വായ്പകളാണ്. കര്‍ഷകര്‍ എടുത്ത വായ്പകള്‍ ഇപ്പോഴും മനുഷ്യ ജീവനുകള്‍ എടുത്തു കൊണ്ടിരിക്കുന്നു. ഇത്രയും ഒക്കെ എഴുതി തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ കൊറോണ പാക്കേജ് ആയിട്ടു പ്രഖ്യാപിച്ചത് 1.75 ലക്ഷം കോടി രൂപയാണ്. പ്രായമായ വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആയിരം രൂപ വീതം. ഓരോ കര്‍ഷകര്‍ക്കും രണ്ടായിരം രൂപ നല്‍കും എന്ന് പറയുന്നു. ഇത് തന്നെ അല്ലെ പ്രധാനമന്ത്രി കിസാന്‍ യോജന -യുടെ ഭാഗമായി ആദ്യ ഗഡുവായി നല്‍കാം എന്ന് പറഞ്ഞത്? സ്ത്രീകള്‍ക്ക് അവരുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് അഞ്ഞൂറ് രൂപ നല്‍കും. ഈ തുക എത്രയോ കുറവാണ്? രാജ്യമൊട്ടാകെ അടഞ്ഞുകിടക്കുമ്പോഴാണ് എന്ന് കൂടി ഓര്‍ക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്ത് സുരക്ഷയാണ് നല്‍കുന്നത്?
1978 -ല്‍ വേള്‍ഡ് ഹെല്‍ത്ത് അസ്സംബ്ലിയില്‍ (World Health Assembly) അല്‍മ അറ്റ ഡിക്ലറേഷന്‍ -ല്‍ (Alma Ata Declaration) ഇന്ത്യ ഒപ്പുവെച്ചിരുന്നു. ഇതേ തുടര്‍ന്ന് 1983 -ല്‍ ആദ്യമായി ഒരു ഔദ്യോഗിക ആരോഗ്യ നയം (India's Health Policy 1983) നിലവില്‍വന്നു. ഇരുപതാം നൂറ്റാണ്ടു അവസാനിക്കുമ്പോഴേക്കും 'എല്ലാവര്‍ക്കും ആരോഗ്യം' (Health for All) നല്‍കുന്നതിനുള്ള തീരുമാനം ആയിരുന്നു ഇതിന്റെ ഒക്കെ പ്രഥമലക്ഷ്യം. പക്ഷേ അതുണ്ടായില്ല എന്ന് മാത്രമല്ല പിന്നീടുള്ള പതിറ്റാണ്ടുകളിലെ ആരോഗ്യമേഖലയുടെ സ്വകാര്യവത്ക്കരണം (privatisation) അതിവേഗത്തില്‍ ആയിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്കായി ഭൂമി വിലയില്‍ ഇളവുകളും, പല തരത്തിലെ സബ്സിഡികളും, നികുതി ഇളവുകളും (tax rebate) സര്‍ക്കാരുകള്‍ നല്‍കിയതാണ് ഈ വളര്‍ച്ചയുടെ പ്രധാന കാരണം. ഇന്ത്യയിലെ നികുതിദായകരുടെ പണം കൊണ്ടാണല്ലോ പല ഇളവുകളും സര്‍ക്കാരുകള്‍ നല്‍കുന്നത്. ഈ സ്വകാര്യ ആശുപത്രികളാകട്ടെ യാതൊരു നിയന്ത്രവുമില്ലാതെ ആരോഗ്യ സേവനത്തിന്റെ ഫീസ് തീരുമാനിക്കുന്നു. സാധാരണക്കാരായ മനുഷ്യര്‍ക്ക് ഈ സ്വകാര്യ ആശുപത്രികള്‍ പേടിസ്വപ്നം ആകുന്നു. ഇന്ത്യയില്‍ കൂടുതല്‍ ആളുകളെയും പട്ടിണിയിലേക്ക് തള്ളി വിടുന്നതിനു സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ബില്ലുകളും അതടച്ചു തീര്‍ക്കാന്‍ വാങ്ങിയ കടങ്ങളും കാരണമാകുന്നു. ഇന്‍ഡ്യയില്‍ ഓരോ വര്‍ഷവും ട്യൂബെര്‍ക്കുലോസിസ് (Tuberculosis) വന്നു മരിക്കുന്നവരുടെ എണ്ണം ഇപ്പോഴും നാലക്കത്തിലാണ്. പ്രമേഹരോഗ ബാധിതര്‍ (പ്രായപൂര്‍ത്തിയവരില്‍ പത്തില്‍ ഒരാള്‍ക്ക്), ന്യൂമോണിയ ഉള്ളവര്‍, ശരിയായ പോഷകാഹാരം കിട്ടാത്തവര്‍, അര്‍ബുദരോഗം പിടിപെട്ടവര്‍, അങ്ങനെ പല ആളുകളും ഈ രാജ്യത്തു അനുഭവിക്കുന്ന യാതനകള്‍ക്കും ദുരിതങ്ങള്‍ക്കും പല സര്‍ക്കാരുകള്‍ കാട്ടിയ അവഗണന തന്നെയാണ് പ്രധാന കാരണം.
ഇന്ത്യയുടെ ആരോഗ്യ മേഖലക്ക് അത് അര്‍ഹിക്കുന്ന പരിഗണന നല്‍കിയാലേ മതിയാകുള്ളൂ എന്നത് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അമേരിക്കയിലും, യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ളപോലെ ഒരു പ്രതിസന്ധി ഇവിടെ ഉണ്ടാകുകയാണ് എങ്കില്‍ അതിനെ നേരിടാന്‍ ഇന്ത്യക്ക് ഏറെ പ്രയാസപ്പെടേണ്ടി വരും. സ്‌പെയിന്‍ സ്വീകരിച്ചത് പോലെ സ്വകാര്യ ആരോഗ്യ മേഖലയെ ദേശസാത്കരിക്കാന്‍ (nationalization) പെട്ടന്ന് കഴിയില്ല എങ്കിലും, ആരോഗ്യ മേഖലയില്‍ സര്‍ക്കാരിന്റെ നേതൃത്വവും നിയന്ത്രണവും നിയമങ്ങളും അനിവാര്യമാണ്. കൊറോണ പോലെയുള്ള സാഹചര്യങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ എല്ലാം സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കണം. പൊതു ആരോഗ്യ മേഖല ശക്തിപ്പെടുത്തുകയും, സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മിച്ചപ്പെടുത്തുകയും, കൂടുതല്‍ ഗവണ്‍മെന്റ് ആശുപത്രികള്‍ നിര്‍മ്മിക്കുകയും ചെയ്യണം. സ്വകാര്യ ആശുപത്രികളായാലും ആരോഗ്യ സേവനത്തിനു ഈടാക്കുന്ന ഫീസ് സര്‍ക്കാര്‍ തന്നെ തീരുമാനിക്കണം. സ്വകാര്യ ആശുപത്രികള്‍ അനിയന്ത്രിതമായി പണം സംഭരിക്കാനുള്ള കച്ചവടസ്ഥാപനങ്ങള്‍ ആകുന്നത് സര്‍ക്കാര്‍ തടയണം. ആരോഗ്യ മേഖലയില്‍ കോടികണക്കിന് ആളുകള്‍ ആശ്രയിക്കുന്നത് പൊതുമേഖലാ ആരോഗ്യ സംവിധാനങ്ങനെയാണ് എന്നതുകൊണ്ട് തന്നെ, ആരോഗ്യമേഖലയുടെ വികസനം സര്‍ക്കാരിന്റെ കൈകളില്‍ തന്നെയാണ്.
ക്രെഡിറ്റ് സുസെ -ന്റെ (Credit Suisse) 2019 -ലെ ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് നോക്കുകയാണെങ്കില്‍, ഇന്ത്യയുടെ 45 ശതമാനം സമ്പത്തും കൈവശം വച്ചിരിക്കുന്നത് മൊത്തം ജനസംഖ്യയുടെ മുകള്‍ത്തട്ടിലുള്ള 1 ശതമാനം ആളുകളാണ്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇത് 38 ശതമാനം ആയിരുന്നു. സാമ്പത്തിക അസമത്വത്തിന്റെ അന്തരം ഇന്ത്യയില്‍ എത്രത്തോളം വലുതാണ് എന്നത് ഓര്‍മ്മപ്പെടുത്തുന്ന കണക്കുകളില്‍ ഒന്ന് മാത്രമാണ് ഇത്. ഇന്ത്യ ഇപ്പോള്‍ ഘടനാപരമായ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ (structural crisis) കടന്നു പോകുകയാണ്. തൊഴിലില്ലായ്മ കഴിഞ്ഞ അര-നൂറ്റാണ്ടിലെ ഉയര്‍ന്ന നിരക്കിലാണ്. ജി.ഡി.പി വളര്‍ച്ച നിരക്ക് അഞ്ചു ശതമാനത്തിനും താഴെയാണ്. വളര്‍ച്ച പതിനൊന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. ഇതൊക്കെയും ബാധിക്കുന്നത് സമൂഹത്തിന്റെ അടിത്തട്ടില്‍ ഉള്ളവരെയാണ്. അതുപോലെ തൊഴിലാളികളെയും, ദിവസക്കൂലിക്കാരെയും, തൊഴിലില്ലാത്തവരെയും ഒക്കെ വരാനിരിക്കുന്ന സാമ്പത്തിക തകര്‍ച്ച സാരമായി ബാധിക്കും.
കോവിഡ് ഇന്ത്യയിലേക്ക് എത്തിയത് മറ്റു രാജ്യങ്ങളില്‍ നിന്ന് വന്നവരോ, ഇവിടെ നിന്ന് പോയി മടങ്ങിവന്നവരോ, പ്രവാസികളായ ഇന്ത്യക്കാരോ ഒക്കെ വഴിയാണ്. ഇങ്ങനെ വിമാനയാത്രകള്‍ ഒക്കെ നടത്താന്‍ കഴിയുന്ന ആളുകള്‍ കൊണ്ട് വന്നു എന്ന് ഒരു അര്‍ത്ഥത്തില്‍ പറയാം. പക്ഷേ ഈ അസുഖം പകരുന്നത് എല്ലാവര്‍ക്കുമാണ്. തെരുവുകളില്‍ ഉറങ്ങുന്ന കോടിക്കണക്കിനാളുകള്‍, കുടിയേറ്റ തൊഴിലാളികള്‍ (migrant laboureres), വീടും സ്ഥലവും ഇല്ലാത്തവര്‍ (homeless), അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും കഴിയുന്നവര്‍, ജയിലില്‍ കഴിയുന്നവര്‍, താല്‍കാലിക തടങ്കല്‍ പാളയങ്ങളില്‍ (detention centre) കഴിയുന്നവര്‍, അങ്ങനെ നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന ആളുകളെ സംബന്ധിച്ചു കൊറോണയും തുടര്‍ന്നുള്ള ലോക്ഡോണും സാമ്പത്തിക പ്രതിസന്ധിയും എല്ലാം ചേര്‍ന്ന് ഏല്പിക്കുന്ന ആഘാതം ഊഹിക്കാവുന്നതിനും വിലയിരുത്താവുന്നതിനും അപ്പുറത്താണ്. സുരക്ഷയ്ക്കും വിശപ്പിനും ഇടയിലാണ് അവരുടെ കൊറോണ കാലം കടന്നു പോകുന്നത്. അവര്‍ ഇത് രണ്ടിലേതു തിരഞ്ഞെടുക്കും? ഇരുപതിനായിരം കോടി ചിലവഴിച്ചു ഡല്‍ഹിയിലെ രാജ്പത് വികാസനിപ്പിക്കാനും, ഇസ്രയേലുമായി കോടികളുടെ ആയുധവ്യാപാര കരാറില്‍ ഒപ്പിടാനും വെമ്പല്‍ കൊള്ളുന്ന കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വം മറക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ -ന്റെ (ILO) റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ അധ്വാനസമൂഹത്തിലെ (workforce) 90 % -ആളുകളും ജോലി ചെയ്യുന്നത് ഇന്‍ഫോര്‍മല്‍ സെക്ടറിലാണ് (informal sector). ഇതില്‍ സുരക്ഷാ ജീവനക്കാര്‍, ക്ലീനേഴ്സ്, തെരുവുകളില്‍ വഴിയരികില്‍ കച്ചവടം ചെയ്യുന്നവര്‍, വീട്ടു ജോലിക്ക് നില്‍ക്കുന്നവര്‍, വേസ്റ്റ് ശേഖരിക്കുന്നവര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍ എന്നിങ്ങനെ തുടങ്ങി ഒരുപാട് ആളുകള്‍ ഉണ്ട്. ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ഡോണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഇവര്‍ എന്ത് ചെയ്യും എന്നാണ് ഇന്ത്യ ഓര്‍ക്കേണ്ടത്. അതേപോലെ പല സംസ്ഥാങ്ങളിലായി കുടിയേറി ജോലി ചെയ്യുന്ന താല്‍കാലിക തൊഴിലാളികള്‍, ദിവസവേദനത്തെ ആശ്രയിച്ചു കഴിയുന്നവര്‍ എല്ലാം കടുത്ത ദാരിദ്ര്യത്തിലേക്കാണ് വീണുപോകുന്നത്. പല സംസ്ഥാനങ്ങളിലും കാല്‍നടയായി നടന്നു പോകുന്ന കുടിയേറ്റ തൊഴിലാളികളുടെ ചിത്രങ്ങള്‍ നമ്മള്‍ മാധ്യമങ്ങളിലൂടെ കാണുന്നുമുണ്ട്. ഗ്രാമീണ മേഖലയില്‍ ഉള്ളവരും, ചേരികളില്‍ കഴിയുന്നവരും, നഗരഭ്രാന്ത പ്രദേശങ്ങളില്‍ കഴിയുന്നവരും, ഒരു ഇടവും ഇല്ലാത്തവരും എങ്ങനെ ഈ മഹാമാരിയെയും ലോക്ടൗണിനയെയും അതിജീവിക്കും എന്ന് സര്‍ക്കാര്‍ ഓര്‍ക്കണം..
കുറഞ്ഞ പക്ഷം ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലേക്കു (ഇല്ലാത്തവര്‍ക് നേരിട്ടോ) 5000 രൂപയെങ്കിലും അടുത്ത മൂന്നുമാസത്തേക്ക് നല്‍കണം. ഇപ്പോള്‍ പ്രഖ്യാപിച്ച പാക്കേജിലെ തുക ഇതിലും വളരെ കുറവാണ്. ഇതുകൂടാതെ ഒരു മാസത്തെ റേഷന്‍ സൗജന്യമായി ഉടനടി തന്നെ പൊതു വിതരണ സംവിധാനങ്ങള്‍ (PDS) വഴി എത്തിക്കണം. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ -യുടെ (FCI) ഗോഡൗണുകളിലെ ഏഴര കോടി ടണ്ണോളം (7.5 crore tonnes) വരുന്ന സ്റ്റോക്ക് ഇതിനായി ഉപയോഗിക്കണം. കര്‍ഷകരുടെ വായ്പകള്‍ ഒറ്റത്തവനായി എഴുതി തള്ളണം. കുടിയേറ്റ തൊഴിലാളികള്‍ക്കായി ക്യാമ്പുകള്‍ തുറക്കണം. ഈ സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന അവശ്യസാധനങ്ങളുടെ വിലകയറ്റം തടയണം. ഭക്ഷ്യ-ധാന്യങ്ങള്‍ക്കു മിനിമം താങ്ങുവില നല്‍കി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണം. ((സീതാറാം യെച്ചൂരി സാമ്പത്തികകാര്യ മന്ത്രിക്കു എഴുതിയ കത്തില്‍ നിന്ന് ഉദ്ധരിച്ചത്).
പീപ്പിള്‍സ് ഡെമോക്രസി -ല്‍ (People's Democracy) എഴുതിയ ലേഖനത്തില്‍ സാമ്പത്തിക വിദഗ്ദ്ധനായ പ്രഭാത് പട്നായിക് (Prabhat Patnaik) അഭിപ്രായപ്പെടുന്നത്, ഇനിയുള്ള നാളുകളില്‍ പ്രധാനമായും രണ്ടു കാര്യങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടം ഗൗരവമായ ശ്രദ്ധ ചെലുത്തണം എന്നാണ്. പൊതു ആരോഗ്യപരിരക്ഷ സംവിധാനം (Public Healthcare System) ആണ് ഇതില്‍ ആദ്യത്തേത്. ഈ സംവിധാനം രാജ്യത്തെ എല്ലാ ആളുകളെയും ഉള്‍കൊള്ളുന്നതാകണം. അതോടൊപ്പം സമൂഹത്തിന്റെ താഴെ തട്ടിലുള്ള എല്ലാവര്‍ക്കും ആദ്യ ഘട്ടം എന്നോണം ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കണം. ആരോഗ്യസേവനം എന്നത് പൊതുമേഖലയുടെ കീഴില്‍ വരണം. സൗജന്യമായി ഒന്നും തന്നെ സ്വകാര്യ ആശുപത്രികളില്‍ ഇല്ല. പകര്‍ച്ചവ്യാധികളുടെ ചികിത്സ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ എല്ലാം സ്വകാര്യ ആശുപത്രികളില്‍ സൗജന്യ സേവനം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയണം. അതിനായിട്ടുള്ള നിയമങ്ങള്‍ ഉണ്ടാകണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ അതിന്റെ പ്രവര്‍ത്തന മേഖലകളില്‍ ആരോഗ്യസുരക്ഷക്ക് മുന്‍പന്തിയില്‍ ഉണ്ടാകണം. എല്ലാ സംസ്ഥാനങ്ങളിലും എയിംസ് (AIMS) മാതൃകയില്‍ ആശുപത്രികളും മെഡിക്കല്‍ പഠന കേന്ദ്രങ്ങളും ഉണ്ടാകണം. കൂടുതല്‍ മികച്ച വൈറോളജി ഇന്‍സ്റ്റിട്യൂട്ടുകള്‍ സ്ഥാപിക്കണം. ഇതിനോടൊപ്പം തന്നെ ഇന്ത്യയിലെ വലിയ കച്ചവട കേന്ദ്രങ്ങളായ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരണം. അത് പോലെ ആരോഗ്യ മേഖലയിലെ ഗവേഷണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം.
രണ്ടാമതായി പട്നായിക് പറയുന്നത് പൊതുവിതരണ സംവിധാനത്തെ (Pubic Distribution System) കുറിച്ചാണ്. ഇപ്പോഴുള്ള പോലത്തെ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമല്ല പൊതുവിതരണ കേന്ദ്രങ്ങള്‍ ആവശ്യമായി വരുന്നത്. നമ്മുടെ രാജ്യത്തെ കോടി കണക്കിനാളുകളാണ് ഈ സംവിധാനത്തെ ആശ്രയിച്ചു കഴിയുന്നത്. അവശ്യസാധനങ്ങള്‍ എല്ലാം തന്നെ ഈ കടകളിലൂടെ ലഭ്യമാക്കണം. ഇപ്പോഴുള്ളത് പോലെ ലോക്ഡോണ്‍ ഒക്കെ വരുമ്പോള്‍ അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു, പലയിടത്തും അവശ്യ സാധനങ്ങള്‍
കിട്ടാതെയും വരുന്നു. പലരും സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നതും ഒരു കാരണമാണ്. മറ്റൊരു പ്രധാന കാര്യം, താഴെക്കിടയില്‍ ഉള്ള എല്ലാവരും ഈ പൊതു സംവിധാനത്തില്‍ വരുന്നില്ല എന്നതും, അതേപോലെ എല്ലാ അവശ്യ സാധനങ്ങളും ഈ കടകളിലൂടെ വിതരണം ചെയ്യുന്നില്ല എന്നതുമാണ്. കൊറോണ പോലെയുള്ള മഹാമാരികള്‍ സാമ്പത്തികമായി നേരിട്ട് ബാധിക്കുന്നത് സാധാരണക്കാരെയും താഴെക്കിടയില്‍ ഉള്ള മനുഷ്യരേയുമാണ്. അവരെ സംബന്ധിച്ച് പൊതുവിതരണ സംവിധാനം ജീവന്‍ തന്നെ നിലനിര്‍ത്തുന്നതിനുള്ള പ്രതീക്ഷയാണ്. ഇന്ത്യയില്‍ ഏറെ കാലമായി പ്രവര്‍ത്തിക്കുന്നു എങ്കിലും ഇനിയും ഒരുപാട് മിച്ചപ്പെടാനുണ്ട് ഈ സംവിധാനം.
1990 -കല്‍ മുതല്‍ ഇങ്ങോട്ടു ഈ രണ്ട് സംവിധാനത്തെയും സ്വകാര്യമേഖലയോട് ചേര്‍ത്ത് വെക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യുന്നത്. ഇന്ത്യ എന്നല്ല, ലോകത്തെ ഏതു രാജ്യങ്ങളെ സംബന്ധിച്ചും ഈ രണ്ട് കാര്യങ്ങള്‍ അത്യന്താപേക്ഷികമാണ്. നിയോലിബറല്‍ വ്യവസ്ഥിതിയുടെ സ്ഥാപനവല്‍കൃത രൂപമായ ലോക വ്യാപാര സംഘടന (World Trade Organisation) അതുണ്ടായ കാലം മുതല്‍ ശ്രമിക്കുന്നത് ഇതിനെയെല്ലാം സ്വകാര്യവല്‍ക്കരിക്കാന്‍ ആണ്. ഇതില്‍ കൂടുതല്‍ ശക്തിയോടെ ശ്രമിക്കുന്നത് വിദ്യാഭ്യാസം, ആരോഗ്യം പോലെയുള്ള അവശ്യ സേവനങ്ങളെ സ്വകാര്യവത്കരിക്കുന്നതും, അതേപോലെ ഭക്ഷ്യ-ധാന്യ വിപണിയില്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളെ (MNCs) പ്രവേശിപ്പിക്കുന്നതും ആണെന്ന് പ്രഭാത് പട്നായിക് ചൂണ്ടികാണിക്കുന്നു. ഇന്ത്യയോട് ഡബ്‌ള്യു ടി ഓ (WTO) കൂടുതല്‍ ശക്തമായി ആവശ്യപ്പെടുന്നത് കാര്‍ഷിക മേഖലയില്‍ നല്‍കുന്ന സബ്സിഡികള്‍ എടുത്തു കളയാനും പൊതു വിതരണ സംവിധാനങ്ങള്‍ നിര്‍ത്തലാക്കാനുമാണ്. പൊതുമേഖലയിലെ ഓരോന്നായി വിറ്റുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഇത് കൂടെ ചെയ്താല്‍ പിന്നെ താഴെക്കിടയില്‍ ഉള്ളവരും, തൊഴിലാളികളും, ദിവസക്കൂലിക്കാരും, പട്ടിണികുടുംബങ്ങളും, കര്‍ഷകരും എല്ലാം അവരുടെ അതിജീവനത്തിന്റെ പോരാട്ടത്തില്‍ സ്വയം മൃത്യു വരിക്കേണ്ടി വരും. ആരുടെയാണ് ഇന്ത്യ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ കാല്‍നടയായി വീടുകളിലേക്കു കൂട്ടപലായനം ചെയ്യുന്ന താഴെക്കിടയിലുള്ള മനുഷ്യരുടെയാണ് എന്ന പറയണം. അല്ലാതെ ദലാല്‍ സ്ട്രീറ്റിലെ ഊഹക്കച്ചവടക്കാരുടെയോ കോടികളുടെ വായ്പകള്‍ എടുത്തു തിരിച്ചടയ്ക്കാതെ മുങ്ങുന്നവരുടെയോ അധീശവര്‍ഗ്ഗത്തിന്റെയോ മാത്രമല്ല ഇന്ത്യ.
ഓരോ സാഹചര്യവും തുറന്നുകാട്ടുന്നത് നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ പോരായ്മകളെയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെവിടെയും സമാനമായ സാഹചര്യമാണുള്ളത്. ഇന്ത്യയിലാണെങ്കിലും നമ്മള്‍ ഈ ലോകത്തില്‍ നിന്നുകൊണ്ടാണ് ചിന്തിക്കേണ്ടത്. എന്റെ രാജ്യം എന്റെ മണ്ണ് എന്നൊക്കെ പറഞ്ഞു അഭിമാനം കൊള്ളാനും 'ആളെക്കൊല്ലാനും' ഒക്കെ മനുഷ്യര്‍ ബാക്കി ഉണ്ടാകണമല്ലോ.
പ്രതിക്കൂട്ടിലാകുന്ന നവലിബറല്‍ മുതലാളിത്തം
അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി നടക്കുന്ന പ്രൈമറികളില്‍ ഇത്തവണ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനേഷന് വേണ്ടി വെര്‍മോണ്ടിലെ സെനറ്ററായ ബെര്‍ണി സാന്‍ഡേഴ്സ് (Bernie Sanders) മുന്നില്‍ ഉണ്ടായിരിന്നു. ഡെമോക്രാറ്റിക് സോഷ്യലിസം (Democratic Socialism) എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം പ്രചാരണം നടത്തിയത്. അദ്ദേഹത്തെ അമേരിക്കയിലെ ലിബറലുകളും വലതുപക്ഷവും സോഷ്യലിസ്റ്റ് വിരുദ്ധരും ഒക്കെ നടക്കാത്ത ആശയങ്ങളുടെ വിപ്ലവകാരി എന്നാണ് വിമര്‍ശിച്ചത്. പ്രസംഗിച്ച ഓരോ വേദികളിലും സാന്‍ഡേഴ്സ് മൂന്ന് കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടാണ് വോട്ട് ചോദിച്ചത്. ആ മൂന്ന് കാര്യങ്ങളെ 'റാഡിക്കല്‍' എന്നും ഒരിക്കലും സാധിക്കാത്തത് എന്നുമൊക്കെ പറഞ്ഞു പലരും തള്ളിക്കളഞ്ഞു. ആ ആശയങ്ങള്‍ ഇതായിരുന്നു,
അമേരിക്കയിലെ എല്ലാവരുടെയും ആരോഗ്യ സുരക്ഷ അമേരിക്കന്‍ ഭരണകൂടം ഉറപ്പാക്കണം. 'മേടിക്കയര്‍ ഫോര്‍ ഓള്‍' (Medicare for All) എന്ന മുദ്രാവാക്യമാണ് സാന്‍ഡേഴ്സ് ഉയര്‍ത്തിയത്.
എല്ലാ പൊതു കലാലയങ്ങളും സര്‍വകലാശാലകളും സൗജന്യ വിദ്യാഭ്യാസം നല്‍കണം. അതോടൊപ്പം എല്ലാ വിദ്യാര്‍ഥി-വായ്പകളും വാള്‍സ്ട്രീറ്റിലെ മുതലാളിമാരുടെ അധികവരുമാനത്തില്‍ നികുതി ചുമത്തുന്നത് വഴി എഴുതി തള്ളണം. ഒരു മണിക്കൂറില്‍ ജോലി ചെയ്യുന്നതിന്റെ മിനിമം വേതനം പതിനഞ്ചു യു എസ് ഡോളറായി (US Dollar) ഉയര്‍ത്തണം.
ലോകത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയ്ക്ക് സാധിക്കാത്ത കാര്യമല്ല ഇത് മൂന്നും. അതുപോലെ തന്നെ ഇതില്‍ എന്താണ് 'റാഡിക്കല്‍' എന്നും സാന്‍ഡേഴ്സ് ചോദിക്കുന്നുമുണ്ട്. ഇപ്പോള്‍ കൊറോണ ആഞ്ഞടിക്കുമ്പോള്‍ സാന്‍ഡേഴ്‌സിനെ വിമര്‍ശിച്ച പലരും തിരുത്തി പറയുകയാണ്. ഈ മൂന്ന് കാര്യങ്ങള്‍ ലോകത്തെ മിക്ക ഭരണകൂടങ്ങള്‍ക്കും നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ സുഖത്തില്‍ അഭിരമിക്കുന്നവര്‍ക്ക്കും അവര്‍ പറഞ്ഞു പറ്റിക്കുന്ന ജനങ്ങള്‍ക്കും നടക്കാത്ത എന്തോ ആണ്. അല്ലെങ്കില്‍ പറയും കുറെ സോഷ്യലിസ്റ്റുകളുടെയോ മാര്‍ക്‌സിസ്റ്റുകളുടെയോ ഉട്ടോപ്യന്‍ സ്വപ്നങ്ങള്‍ മാത്രമാണ് ഈ ആശയങ്ങള്‍ എന്ന്. ഇന്ന് കൊറോണ ലോകത്താകമാനം ആഞ്ഞടിക്കുമ്പോള്‍ ഈ ആവശ്യങ്ങള്‍ ലോകത്തെ വലിയൊരു വിഭാഗം ജനങ്ങളും അവരുടെ ഭരണകൂടങ്ങളോട് അവശ്യപെടുകയാണ്.
ഈ ആശയങ്ങളുടെ പിതൃത്വമോ മാതൃത്വമോ ഒന്നും മാര്‍ക്‌സിസ്റ്റുകളോ സോഷ്യലിസ്റ്റുകളോ ആവശ്യപ്പെടുന്നില്ല. മാര്‍ക്‌സ് മുതല്‍ ഇങ്ങോട്ടുള്ള മനുഷ്യര്‍ നിരന്തരം വ്യവസ്ഥിതിയോട് കലഹിച്ചിരുന്നത് പല ആവശ്യങ്ങള്‍ക്കിടയിലും ഇതൊക്കെ ഉന്നയിച്ചു കൊണ്ടാണ്. മനുഷ്യന്റെ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി വിദ്യാഭ്യാസവും ആരോഗ്യവും മിച്ചപ്പെടുത്താന്‍ എന്തുകൊണ്ടാണ് ഭരണകൂടങ്ങള്‍ തയ്യാറാകാത്തത്? എന്ത് കൊണ്ടാണ് ഇവ രണ്ടും ഇപ്പോഴും സ്വകാര്യമേഖലയ്ക്ക് തീറെഴുതി കൊടുക്കുന്നത്? ഇന്ന് കോവിഡ്-19 -ന്റെ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാ രാജ്യത്തെയും ഭരണകൂടങ്ങള്‍ അവരുടെ ഇക്കാലമാത്രേയുമുള്ള ആരോഗ്യമേഖലയിലെ നയങ്ങളെ പരിഷ്‌ക്കരിക്കാന്‍ ഒരുങ്ങുകയാണ്.
കോവിഡ് സ്റ്റിമുലസ് ബില്‍ (Corona Stimulus Bill) എന്നും റിലീഫ് ബില്‍ എന്നുമൊക്കെ പറഞ്ഞു പല പേരുകളില്‍ കോടികണക്കിന് പണം ഭരണകൂടങ്ങള്‍ അവരുടെ സമ്പത്ത് വ്യവസ്ഥയിലേക്ക് ഇറക്കുകയാണ്. ശക്തമായ മത്സരവേദി ഒരുക്കി തന്ന് അത് സംരക്ഷിച്ചാല്‍ മാത്രം മതി, ബാക്കി മാര്‍ക്കറ്റ് നോക്കിക്കോളും, അല്ലെങ്കില്‍ ഞങ്ങള്‍ മുതലാളിമാര്‍ ഉണ്ടല്ലോ എന്നാണ് നിയോലിബറല്‍ സിദ്ധാന്തങ്ങളുടെ വക്താക്കള്‍ പറഞ്ഞു കൊണ്ടിരുന്നത്. അതായത് ശക്തമായ ഗവണ്‍മെന്റ് എന്നത് സ്വകാര്യ മുതലാളിമാരുടെ സുഗമമായിട്ടുള്ള ചൂഷണത്തിനും ലാഭക്കൊയ്ത്തിനും മൂലധന സംഭരണത്തിനും കാവല്‍ നിക്കണം എന്ന അര്‍ത്ഥത്തില്‍ മാത്രം. ഈ ഭരണകൂടം എന്നത് തന്നെ ഒട്ടുമിക്ക രാജ്യങ്ങളിലും ഗ്രാംഷി പറയുന്നത് പോലെ അധികാര-അധീശ വര്‍ഗ്ഗവും (dominant class) കോര്‍പ്പറേറ്റ് വര്‍ഗ്ഗവും ചേര്‍ന്ന സങ്കരമാണ്. ഇവര്‍ ഏതു വഴി സ്വീകരിച്ചും അവരുടെ ലക്ഷ്യങ്ങള്‍ സാധിച്ചെടുത്തു കൊണ്ടിരിക്കുന്നു. ഈ കൊറോണയുടെ സാഹചര്യത്തില്‍ ഇത് കെട്ടടങ്ങുമ്പോള്‍ എങ്ങനെ കരുക്കള്‍ നീക്കണം എന്ന് ഇപ്പോള്‍ തന്നെ നിശ്ചയിച്ചിട്ടുണ്ടാകണം. നിയോലിബറല്‍ വ്യവസ്ഥിതി എന്തൊക്കെ പ്രതിസന്ധികള്‍ വന്നാലും പല പേരിലും രൂപത്തിലും പഴയ വീഞ്ഞായി തന്നെ നിലനിക്കുന്നത് ഓരോ തവണയും നമ്മുടെ സമ്മതോടെ തന്നെയാണ്. ഈ സമ്മതം എങ്ങനെ നേടുന്നു എന്നതിലാണ് ചെറുത്തുനില്പുകള്‍ പോലും നിരര്‍ത്ഥമാകുന്നത്.
ഇതിനൊക്കെ കൂട്ടുനിക്കുന്നത് വേള്‍ഡ് ബാങ്ക്, ഐ എം എഫ്, ലോക വ്യാപാര സംഘടന തുടങ്ങി കുറേ സ്ഥാപനങ്ങളാണ്. കൂട്ടുനില്‍ക്കുന്നത് എന്നയിടത്ത് നിന്ന് നിയോലിബറല്‍ മുതലാളിത്തത്തിന്റെ പ്രവാചകരായി ഇപ്പോള്‍ ഈ സ്ഥാപനങ്ങള്‍ ഒക്കെ മാറിയിരിക്കുന്നു. പല രാജ്യങ്ങളും അസാധാരണമായ കടക്കെണിയില്‍ വീഴുമ്പോള്‍ (അല്ലെങ്കില്‍ വീഴ്ത്തുമ്പോള്‍) ആ രാജ്യങ്ങളെ രക്ഷിക്കാന്‍ വായ്പകളുമായി ഐ.എം.എഫ് എത്തും. പക്ഷേ വായ്പകള്‍ ലഭിക്കണം എങ്കില്‍ മൂന്ന് നിര്‍ദേശങ്ങള്‍ പ്രധാനമായും അനുസരിക്കണം. പൊതുമേഖലയില്‍ സര്‍ക്കാര്‍ പണം ചിലവഴിക്കുന്നത് കുറയ്ക്കണം (pubic expenditure cuts), പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കണം, ഉദാരവല്‍ക്കരണം (liberalisation) എന്ന പേരില്‍ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന തൊഴില്‍സുരക്ഷകള്‍ ഓരോന്നായി കുറയ്ക്കണം എന്നീ മൂന്ന് പ്രധാന ആവശ്യങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ വായ്പ ലഭിക്കും. ഇങ്ങനെയാണ് ഓരോ രാജ്യങ്ങളെ ഈ വ്യവസ്ഥിതിയുടെ കീഴില്‍ കൊണ്ട് വന്നത്, വന്നുകൊണ്ടിരിക്കുന്നത്. വരാത്ത രാജ്യങ്ങളെ ഏതു മാര്‍ഗം ഉപയോഗിച്ചും കൊണ്ട് വരാന്‍ ശ്രമിക്കും.
കോവിഡ്-19 അമേരിക്കയില്‍ വ്യാപിക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത് 'നമ്മള്‍ക്കു എല്ലാവര്‍ക്കും ജോലികളിലേക്ക് തിരിച്ചു വരാം' ('let's get back to work) എന്നാണ്. മുതലാളിമാരുടെ ലാഭത്തിനും മനുഷ്യന്റെ ജീവനും ഇടയില്‍ ട്രംപ് തിരഞ്ഞെടുത്തത് ആദ്യത്തേതാണ്. 'എപ്പോഴത്തെയും പോലെ വ്യാപാരം നടക്കട്ടെ' ('business as usual'), 'ഈസ്റ്ററിനു എല്ലാവരും പള്ളികളികളില്‍ വന്നു നിറയട്ടെ', 'ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കട്ടെ', 'അതിര്‍ത്തികളുടെ പ്രാധാന്യം ഇതാണ്', 'വിദേശ വൈറസ്' എന്നീ വാചകങ്ങളാണ് ട്രംപ് ആവര്‍ത്തിച്ച് പറയുന്നത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തികള്‍. കുടിയേറ്റ-വിരുദ്ധ, തൊഴിലാളി-വിരുദ്ധ, വംശീയവിദ്വെഷ ചുവകലര്‍ന്ന ഇത്തരം വാചകങ്ങള്‍ മാത്രം പറയുന്ന മുതലാളിയായ പ്രസിഡന്റ് ആണ് അമേരിക്കയ്ക്കുള്ളത്. ആയിരകണക്കിന് ആളുകളുടെ ജീവനേക്കാള്‍ വലുതാണോ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ലാഭം? മെക്‌സിക്കന്‍ അതിര്‍ത്തിയിലെ തടങ്കല്‍ പാളയങ്ങളിലും, അമേരിക്കയിലെ ജയിലുകളിലും എല്ലാം കഴിയുന്നവരുടെ സ്ഥിതി എന്താകും എന്ന ആശങ്കകള്‍ ബാക്കി നില്‍ക്കുകയാണ്.
ആഗോള സമ്പത്ത് വ്യവസ്ഥയയെ പല രീതിയില്‍ കൊറോണ ബാധിക്കുകയാണ്. ആഗോള സപ്ലൈ ചെയിനുകള്‍ (global supply chain) എല്ലാം താത്കാലികമായി വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. വിമാനക്കമ്പനികള്‍ നഷ്ടത്തിലേക്ക് നീങ്ങുന്നു. യാത്രകള്‍ നിലച്ചതോടെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി ഏറ്റിരിക്കുന്നു. ടൂറിസത്തോട് അനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍ എന്നിങ്ങനെ തുടങ്ങി ടാക്‌സി ഡ്രൈവര്‍മാറും ചെറുകടകള്‍ നടത്തിയിരുന്നവരും വരെ കടുത്ത പ്രതിസന്ധിയില്‍ അകപെട്ടിരിക്കുകയാണ്. പല തരത്തിലുള്ള കയറ്റുമതികളും ഇറക്കുമതികളും ഒക്കെ തടസ്സപ്പെട്ടിരിക്കുന്നു. ഇത് ആഗോള സമ്പത്ത് വ്യവസ്ഥയെ എങ്ങനെയാണ് ബാധിക്കുക എന്നത് കണ്ട് തന്നെയറിയണം. യുദ്ധങ്ങളും ആഭ്യന്തരകലാപങ്ങളും നടന്നുകൊണ്ടിരുന്ന രാജ്യങ്ങളെ ആരോഗ്യസേവനത്തിന്റെ അഭാവത്തില്‍ എങ്ങനെയാണ് കൊറോണ ബാധിക്കുക എന്നത് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല. ലോകത്തിന്റെ വിവിധ അതിര്‍ത്തികളിലായി പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍, അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തിങ്ങിക്കൂടി കഴിയുന്നവര്‍, പട്ടിണിയും ദാരിദ്ര്യവും മൂലം ഒന്നും കിട്ടാതെ വലയുന്നവര്‍, ഇവരെയൊക്കെ ഈ വ്യവസ്ഥിതി കൂടുതല്‍ ശക്തമായി വേട്ടയാടും. ഭരണകൂടങ്ങളുടെ വളരെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായില്ല എങ്കില്‍ ലോക വ്യാപകമായി തൊഴിലില്ലായ്മ വര്‍ദ്ധിക്കും. ആരോഗ്യമേഖല തന്നെ അപ്പാടെ തകിടം മറിഞ്ഞു കിടക്കുന്ന പല രാജ്യങ്ങളിലും കൊറോണ നിയന്ത്രണാതീതമാകും. ഇത് ചുറ്റുമുള്ള രാജ്യങ്ങളെയും ബാധിക്കും. ഇങ്ങനെ പല തരത്തിലെ വിലയിരുത്തലുകള്‍ ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
കോവിഡ്-19 വന്നപ്പോള്‍ തന്നെ പലരും മുന്‍കൂറായി ഒരു ജാമ്യം എടുത്തിട്ടുണ്ട്. വൈറസിന് ദേശമോ, അതിര്‍ത്തിയെ, ജാതിയോ, മതമോ, ദൈവമോ, നിറമോ, കുലമോ ഒന്നുമില്ല എന്ന്. ഇതൊക്കെ ശരിയായിരിക്കാം. പക്ഷേ ഈ പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് വര്‍ഗ്ഗസ്വഭാവം ('class character') ഇല്ല എന്ന് പറയുന്നതിനോട് ശക്തമായി വിയോജിക്കേണ്ടതുണ്ട്. നാല്‍പത് വര്‍ഷത്തെ നിയോലിബറല്‍ പരിഷ്‌കാരങ്ങള്‍ കൊറോണ പോലെയുള്ള ആരോഗ്യപ്രതിസന്ധികളെ നേരിടാന്‍ കഴിയാത്തവണ്ണം യൂറോപ്പിനെയും അമേരിക്കയെയും നിസ്സഹായരാക്കിയിരിക്കുന്നു എന്ന് പ്രൊഫസര്‍ ഡേവിഡ് ഹാര്‍വി അടക്കം ഉള്ളവര്‍ ചൂണ്ടികാണിക്കുന്നു. 'കോവിഡ്-19 -ന്റെ കാലത്തേ മുതലാളിവിരുദ്ധ രാഷ്ട്രീയം' ('Anti-Capitalist Politics in the time of Covid-19') എന്ന ലേഖനത്തില്‍ ഡേവിഡ് ഹാര്‍വി (David Harvey) നടത്തുന്ന പ്രധാനപ്പെട്ട ചില നിരീക്ഷണങ്ങള്‍ ഈ ചര്‍ച്ചയില്‍ കൊണ്ടുവരേണ്ടതുണ്ട്. കൊറോണ പോലെയുള്ള ആരോഗ്യ പ്രതിസന്ധികള്‍ വരുമ്പോള്‍ അത് തൊഴില്‍ വ്യവസ്ഥയില്‍ (labour system) 'തടസ്സം' (disruption) സൃഷ്ടിക്കുന്നു. ഇതിന്റെ ഭാഗമായി ഒരു പുതിയ തൊഴിലാളി വര്‍ഗ്ഗം ('new working class') ഉയര്‍ന്നു വരുന്നു. അസുഖം ബാധിച്ചവരുടെ കാര്യങ്ങള്‍ നോക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ മുതല്‍ ഈ സാഹചര്യത്തിന് ആവശ്യമായി വരുന്ന പല ജോലിക്കാരും അടങ്ങുന്ന ഒരു വര്‍ഗ്ഗം. ഇവര്‍ക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ് എന്ന് മാത്രമല്ല ഇവരുടെ പ്രവര്‍ത്തനമാണ് മൊത്തം സമൂഹനത്തിന്റെ സുരക്ഷക്കും നിലനില്‍പ്പിനും നിര്‍ണായകമാകുക. ഈ തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി സര്‍ക്കാരുകള്‍ എന്ത് ചെയ്യുന്നു എന്ന ചോദ്യം ഒരു ഭാഗത്തുണ്ട്. ഇതോടൊപ്പം തന്നെ ICAN -ന്റെ (International Civil Society Action Network) സ്ഥാപകയായ സനം നരഗി ആന്‍ഡെര്‍ലിനി (Sanam Naraghi Anderlini) ഒരു ലേഖനത്തില്‍ (LSE Blog) സൂച്ചിപ്പിക്കുന്നത്, 'ആഗോള തലത്തില്‍ ഈ ആരോഗ്യപ്രതിസന്ധിക്കെതിരെ പോരാടുന്ന അധ്വാനസമൂഹത്തിന്റെ എഴുപത് ശതമാനവും സ്ത്രീകളാണ്' എന്ന കാര്യം ആണ്. അപ്പോള്‍ ഹാര്‍വി പറയുന്ന ഈ പുതിയ തൊഴിലാളി വര്‍ഗ്ഗത്തിന്റെ നല്ലൊരു ഭാഗവും സ്ത്രീകളാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ തൊഴിലാളി വര്‍ഗ്ഗത്തിന് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യുമ്പോള്‍ സര്‍ക്കാരുകള്‍ പലപ്പോഴും ഈ കാര്യം മറക്കും. അങ്ങനെ മറക്കരുത്. ഈ പ്രതിസന്ധിയുടെ വര്‍ഗ സ്വഭാവത്തിലെ ഒരു ഘടകം മാത്രമാണ് ഇത്.
രണ്ടാമതായി ഹാര്‍വി പറയുന്നത് ഈ സാഹചര്യത്തില്‍ ഉണ്ടാകുന്ന സാമൂഹിക വിഭജനത്തെ ('oscietal divide') കുറിച്ചാണ്. വീട്ടിലിരുന്നു ജോലി ചെയ്യണം ('work from home') എന്ന് പറയുമ്പോള്‍, ആര്‍ക്കൊക്കെയാണ് ജോലി ചെയ്യാന്‍ പറ്റുന്നത് എന്നും ആര്‍ക്കൊക്കെയാണ് അത് സാധിക്കാതെ പോകുന്നത് എന്നത് ഒരു ഭാഗത്ത്. വീട്ടിലിരിക്കണം എന്ന് പറയുമ്പോള്‍ ശമ്പളമോ വേതനമോ ലഭിക്കും എന്നുറപ്പുള്ളത് കൊണ്ട് വീട്ടില്‍ കഴിയുന്നതും ആ ഉറപ്പില്ലാതെ വീട്ടില്‍ കഴിയേണ്ടി വരുന്നവരും തമ്മില്‍ തീര്‍ച്ചയായും അന്തരമുണ്ട്. സ്ഥിരം വരുമാനം ഉള്ളവര്‍ക്കു ഇത് കഴിഞ്ഞു ജോലിയില്‍ തിരിച്ചു വരാം, പക്ഷേ അതില്ലാത്തവര്‍ക്കോ? ഭരണകൂടങ്ങള്‍ ഇടപെട്ടാല്ലേ മതിയാകൂ.
എല്ലാ ഭരണകൂടത്തിനും മുന്നിലുള്ള ചില ചോദ്യങ്ങള്‍: സാമ്പത്തിക വിപണിയിലേക്ക് ഗവണ്‍മെന്റ് പണം ഇറക്കണമോ? പ്രതിസന്ധിയിലാകുന്ന വ്യാപാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജാമ്യം നില്‍ക്കണമോ? തൊഴിലാളികള്‍ക്ക് നഷ്ടപെട്ട വരുമാനം സര്‍ക്കാര്‍ നല്‍കണമോ?. ആഴ്ച്ചകളോളം അടച്ചു കിടക്കുന്ന സ്ഥാപനങ്ങളും, കടകളും, ഫാക്ടറികളും, മറ്റു തൊഴിലിടങ്ങളും സൂചിപ്പിക്കുന്നത് ഉടമകള്‍ക്ക് ഈ കൊറോണ കാലത്ത് ഉണ്ടാകുന്ന നഷ്ടങ്ങളുടെ ഭാരം ചുമക്കാന്‍ പോകുന്നത് തൊഴിലാളികളാണ് എന്നതാണ്. പല ഇടങ്ങളിലും തൊഴിലാളികളെ താല്‍കാലികമായി പിരിച്ചുവിടുന്നത് ആരംഭിച്ച് കഴിഞ്ഞു. നെതെര്‍ലാന്‍ഡ്സില്‍ അവിടത്തെ സര്‍ക്കാര്‍ പകര്‍ച്ചവ്യാധി ശക്തമായി ബാധിച്ച കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ വേതനത്തിന്റെ 90 % വരെ നല്‍കും എന്നാണ് പറഞ്ഞിരിക്കുന്നത്. ഡെന്മാര്‍ക്കില്‍, ജോലിക്കാരെ പിരിച്ചുവിട്ടിട്ടില്ല എങ്കില്‍ അവരുടെ 75 മുതല്‍ 90 % വരെ ശമ്പളം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കും എന്ന് പ്രഖ്യാപിച്ച കഴിഞ്ഞു. നിയോലിബറല്‍ കാലത്തെ സുഖവാസം അവസാനിപ്പിച്ചു ഭരണകൂടങ്ങള്‍ കളത്തിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു.
ഡേവിഡ് ഹാര്‍വി തന്റെ ലേഖനത്തില്‍ പറഞ്ഞവസാനിപ്പിക്കുന്ന നിരീക്ഷണം വളരെ പ്രാധാന്യമുള്ളതാണ്. അദ്ദേഹം പറയുന്നു,
'ലോകത്തെമ്പാടുള്ള അധ്വാനസമൂഹത്തെ നല്ല നിയോലിബറല്‍ പ്രജകളായി പെരുമാറാന്‍ ആണ് സാമൂഹികമായി പഠിപ്പിച്ചിരിക്കുന്നത് (ഇതിന്റെ അര്‍ത്ഥം എന്ത് സംഭവിച്ചാലും സ്വയം കുറ്റപ്പെടുത്തുകയോ അല്ലെങ്കില്‍ ദൈവത്തിനെ കുറ്റപ്പെടുത്തുകയോ ചെയ്യണം, അല്ലാത്തപക്ഷം ഒരിക്കലും മുതലാളിത്തത്തിനാണ് കുറ്റം എന്ന് സൂചിപ്പിക്കുക പോലും ചെയ്യരുത് എന്നാണ്). പക്ഷേ ഈ നല്ല പ്രജകള്‍ക്ക് പോലും ഭരണകൂടങ്ങള്‍ ഈ മഹാമാരിയോട് പ്രതികരിക്കുന്നതില്‍ എന്തോ കുഴപ്പം ഉണ്ടല്ലോ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ .'
ഹാര്‍വി ഈ കാരണങ്ങള്‍ ഒക്കെ കൊണ്ട് തന്നെയാണ് കൊറോണ പകര്‍ച്ചവ്യാധിയെ ഒരു 'വര്‍ഗ്ഗ-മഹാമാരി' ('class-pandemic') എന്ന് വിളിക്കുന്നത്. ഈ മഹാമാരി ഇപ്പോള്‍ കടന്നു വന്നിരിക്കുന്നത് ശാന്തി നിറഞ്ഞ ലോകത്തേക്ക് അല്ല. നിയോലിബറല്‍ വ്യവസ്ഥിതിക്ക് എതിരെ പലരൂപത്തില്‍ ലോകത്താകമാനം തെരുവുകളില്‍ ആളുകള്‍ സമരം ചെയ്തുകൊണ്ട് ഇരിക്കുമ്പോഴാണ് കോവിഡ്-19 എത്തുന്നത്. ഇതുകൂടിയാകുമ്പോള്‍ ലോകത്തെ ഭൂരിഭാഗം വരുന്ന ജനതക്കും ഒരു പ്രയോജനവും ചെയ്യാത്ത വ്യവസ്ഥിതിക്ക് എതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
പോയ വര്‍ഷം വെറുതെയങ്ങ് അവസാനിക്കുക ആയിരുന്നില്ല. 2019 ഓര്‍മ്മിക്കപ്പെടുക നിലനില്‍ക്കുന്ന വ്യവസ്ഥിതിക്ക് എതിരെ പ്രതിഷേധസ്വരം ഉയര്‍ത്തി ലോകത്തിന്റെ തെരുവുകളില്‍ മനുഷ്യര്‍ പ്രതിരോധം തീര്‍ത്ത വര്‍ഷം ആയിട്ടു കൂടിയാകും. കൊളംബിയ, ഇറാന്‍, അള്‍ജീരിയ, ബൊളീവിയ, ചിലി, ഇക്വഡോര്‍, ഫ്രാന്‍സ്, ഈജിപ്ത്, ജര്‍മ്മനി, ഗിനിയ, ഹെയ്തി, ഹോണ്ടുറാസ്, ഹോംഗ് കോങ്ങ്, ഇന്ത്യ, ഇന്തോനേഷ്യ, ഇറാക്ക്, ലെബനന്‍, സ്‌പെയിന്‍, സുഡാന്‍, സിംബാബ്വേ, യു.കെ, നെതര്‍ലന്‍ഡ്സ് എന്നിങ്ങനെ ലോകത്തിന്റെ എല്ലാ ഭാഗത്തും പ്രതിഷേധക്കാര്‍ തെരുവുകളില്‍ ഇറങ്ങിയ വര്‍ഷം ആയിരുന്നു 2019. ഈ പ്രതിഷേധങ്ങള്‍ എല്ലാം പല ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു. പല തരത്തിലെ അസമത്വത്തിനോടും അനീതിയോടും പ്രതികരിച്ചു കൊണ്ട് മനുഷ്യര്‍ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിലൊന്നും വലിയ കാര്യമില്ല എന്ന് പറയുന്നവര്‍ ഉണ്ടാകും. പക്ഷേ എല്ലാം തുടങ്ങുന്നത് ഇതുപോലെ ചെറുക്കനലുകള്‍ ചേര്‍ന്ന് ആളിക്കത്തുമ്പോഴാണല്ലോ.
ചിലിയെ പറ്റി ഇവിടെ പറയാം. അതിനു കാരണവുമുണ്ട്. ഷിക്കാഗോ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ (Chicago School of Economics) കുറച്ചു 'വിദഗ്ദ്ധരും' അമേരിക്കയുടെ ചാരസംഘടനയും (CIA) ചേര്‍ന്ന് നിയോലിബറല്‍ വ്യവസ്ഥിതി ആദ്യം പരീക്ഷിക്കുന്നത് ചിലിയില്‍ അഗസ്റ്റോ പിനോഷെ (Augusto Pinochet) എന്ന ഏകാധിപതിയുടെ കാലത്താണ്. ലിബറല്‍ ഡെമോക്രസി (Liberal Democracy) നിലനില്‍ക്കുന്ന രാജ്യത്തു തിരഞ്ഞെടുപ്പിലൂടെ വിജയിച്ചു വന്ന മാര്‍ക്‌സിസ്റ്റുകാരനായ നേതാവ് സാല്‍വദോര്‍ അയേന്‍ഡെയെ (Salvador Allende) പട്ടാള അട്ടിമറി നടത്തിയാണ് അമേരിക്ക പുറത്താക്കിയത് എന്നത് ഓര്‍മ്മയില്‍ ഉണ്ടാകണം. ഇപ്പോള്‍ ചിലിയുടെ പ്രസിഡണ്ട് വലതുപക്ഷകാരനായ ഒരു ശതകോടീശ്വരനാണ്. നാഷണല്‍ റിന്യൂവല്‍ പാര്‍ട്ടിയുടെ (National Renewal Party) സെബാസ്റ്റ്യന്‍ പിനേര (Sebastian Pinera). കടുത്ത സാമ്പത്തിക പ്രതിസന്ധിയും, സാമ്പത്തിക അസമത്വവും കൊണ്ട് വീര്‍പ്പു മുട്ടിയിരുന്ന രാജ്യത്ത് മൂന്ന് ശതമാനം വര്‍ദ്ധനവ് മെട്രോ നിരക്കില്‍ വരുത്തിയതാണ് പ്രതിഷേധങ്ങള്‍ക്ക് ആരംഭം കുറിക്കുന്നത്. കുറഞ്ഞ വേതനവും, നീണ്ട മണിക്കൂറികളില്‍ ജോലിയും, കടങ്ങളും, മുതലാളി വര്‍ഗ്ഗത്തിന്റെ ചൂഷണവും കൊണ്ട് വീര്‍പ്പു മുട്ടിയിരുന്ന ആളുകള്‍ക്ക് പിനേര സര്‍ക്കാരിന്റെ ഈ നടപടി കടുത്ത പ്രഹരമാണ് ഏല്‍പിച്ചത്. ഈ മെട്രോ നിരക്കിലെ വര്‍ധന മിനിമം വേതനം വാങ്ങുന്ന ഒരാളുടെ വേതനത്തിന്റെ 21 % ആണ്.
ഐ.എം.എഫ് -ന്റെ വായ്പ എടുത്തതിനെ തുടര്‍ന്ന് എടുത്ത നടപടികള്‍ കാരണം മൂന്ന് വര്‍ഷം കൊണ്ട് ഈജിപ്തിലെ പണപ്പെരുപ്പം 60 % ഉയര്‍ന്നിരിക്കുകയാണ്. ലക്ഷങ്ങളെയാണ് ഇത് ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത്. ഐ.എം.എഫ് -നേ പ്രീതിപ്പെടുത്താനായി എണ്ണവില കൂട്ടിയപ്പോള്‍ യോവേനല്‍ മോയസിനു (Jovenel Moisse) എതിരെ ഹെയ്തിയിലെ ആളുകള്‍ സമരത്തിന് ഇറങ്ങിയതും, ഇന്ധനത്തിന്റെയും ഗോതമ്പിന്റെയും സബ്സിഡികള്‍ വെട്ടികുറച്ചപ്പോള്‍ ഒമര്‍ അല്‍-ബാഷര്‍ -നു എതിരെ സുഡാനിലെ ആളുകള്‍ തെരുവില്‍ ഇറങ്ങിയതും കഴിഞ്ഞ വര്‍ഷം ആയിരുന്നു. എക്വഡോറില്‍ ആകട്ടെ, പ്രസിഡന്റ് ലെനിന്‍ മൊറേനോ (Lenin Moreno) 4.2 ബില്യണ്‍ന്റെ വായ്പ്പ ഐ എം എഫ് -ല്‍ നിന്ന് എടുത്തതിനെ തുടര്‍ന്ന് പൊതുമേഖലയിലെ വേതനവും, ഇന്ധന സബ്സിഡിയും കുറച്ചത് ഡീസല്‍ വില ഇരട്ടിയാക്കാന്‍ കാരണമാവുകയും തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളിലേക്ക് നയിക്കുകയും ചെയ്തു. വിദേശത്ത് നിന്ന് കടമെടുക്കാന്‍ തീരുമാനിച്ച ലെബനനിലെ സാദ് അല്‍-ഹരീരി (Saad al-Hariri) സര്‍ക്കാര്‍ മുതലാളിമാര്‍ ആവശ്യപ്പെട്ടത് പോലെ പുതിയ കോണ്‍സുമെര്‍ നികുതികള്‍ പ്രാബല്യത്തില്‍ കൊണ്ട് വന്നു. ഇന്ധനത്തിനും ടൊബാക്കോയ്ക്കും വാട്ട്‌സ്ആപ് കോളുകള്‍ക്കും അടക്കം നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധം ഹരീരി -യുടെ രാജിയില്‍ എത്തി നില്‍ക്കുന്നു. ജര്‍മനിയിലും, ഫ്രാന്‍സിലും, നെതര്‍ലന്‍ഡ്‌സിലും കര്‍ഷകര്‍ ഹൈവേ നിരത്തുകളില്‍ ഇറങ്ങി സമരം ചെയ്യുന്നത് നമ്മള്‍ കണ്ടു. ഹോംഗ് കോങ്ങിലെ പ്രതിഷേധത്തിന്റെ തീ ഇതുവരെയും അണഞ്ഞിട്ടില്ല. ഇന്ത്യയുടെ തെരുവുകളില്‍ എന്‍.ആര്‍.സി-സി.എ.എ (NRC-CAA) എന്നിവയ്ക്ക് എതിരെ നടന്ന സമരങ്ങളും ഇക്കൂട്ടത്തിലുണ്ട്. അടിച്ചമര്‍ത്തപെട്ടു എങ്കിലും കോറോണയുടെ കാലത്തു ഷി ജിന്‍പിങ്ങിന്റെ (Xi Jinping) ഏകാധിപത്യ ഭരണത്തിനെതിരെ ചൈനയില്‍ മുഴങ്ങി കേട്ട ശബ്ദങ്ങളും പ്രതീക്ഷയാണ്.
ലോകവ്യാപകമായി നടക്കുന്ന ഈ പ്രതിഷേധങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളോ, പ്രഹസനങ്ങളോ അല്ല. വരാനിരിക്കുന്ന കാലത്തു ഈ വ്യവസ്ഥിതിയെ അപ്പാടെ പറിച്ചുമാറ്റാന്‍ കെല്‍പുള്ള വിപ്ലവങ്ങളുടെ തുടക്കം ആണ്. ഗ്രാംഷി പറഞ്ഞത് പോലെ, 'പഴയ ലോകം മരിക്കുകയാണ്, പുതിയ ലോകം പിറക്കാന്‍ പൊരുതുകയാണ്; ഈ സമയം എന്നത് ഭീകരജീവികളുടേതാക്കുന്നു'.