Opinion

കൊറോണ: അമേരിക്കയില്‍ വീണ `അണു’ബോംബ്

ടി.അരുണ്‍കുമാര്‍

കൊറോണവൈറസ് എന്ന അണു അമേരിക്കയെ ഒരു അണുബോംബിന് തുല്യം കടന്നാക്രമിക്കുകയാണ്. മരണസംഖ്യയും, രോഗബാധിതരുടെ എണ്ണവും ദിനംപ്രതി ഉയരുന്ന അമേരിക്കയോട് കൊറോണ വൈറസ് ചെയ്യുന്നതെന്താണ്?. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ടി.അരുണ്‍കുമാര്‍ എഴുതുന്നു.

സമീപകാല ചരിത്രത്തില്‍ ഇല്ലാത്ത വണ്ണം അമേരിക്കയെ ഒരു ബാഹ്യശക്തി കടന്നാക്രമിക്കുകയാണ്. ഒരു അണുബോംബിന് തുല്യം,അല്ലെങ്കില്‍ അതൊരു അണുബോംബ് തന്നെയാണ്. കൊറോണാ വൈറസ് എന്ന അണു അത്രമേല്‍ അമേരിക്കയെ ശിഥിലമാക്കി കഴിഞ്ഞു. മുമ്പെങ്ങുമില്ലാത്തവിധം അമേരിക്കയെന്ന ലോകത്തിലെ ഏറ്റവും സമ്പന്നവും, ശക്തവുമായ രാജ്യം ഇന്ന് ഭീതിയെ അനുഭവിക്കുന്നു. അനിശ്ചിതത്വമെന്നത് എന്തെന്നറിയുന്നു. ഭീതി ഭക്ഷിച്ച് ഭീതിയിലുറങ്ങി ഭീതിയിലുണരുന്ന അമേരിക്ക ഒരു പുതിയ ചരിത്രാനുഭവമാണ്. ലോകത്തിനും അമേരിക്കന്‍ പൗരന്‍മാര്‍ക്കും. അണുവിനെ പിളര്‍ത്തിയ വലിയ ഊര്‍ജ്ജം കൊണ്ട് ലോകത്തെ വിറപ്പിച്ച അമേരിക്കന്‍ സൈനികയശക്തിയും സാമ്പത്തികശക്തിയും മറ്റൊരണുവിന് മുന്നില്‍ കഷ്ടിച്ച് പ്രതിരോധം പണിയുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ലോകം കൊറോണ ബാധിതമായിട്ട് നാല് മാസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുമ്പോള്‍ അമേരിക്ക നല്‍കുന്ന സമഗ്രചിത്രമെന്താണ്?.നമുക്ക് പരിശോധിക്കാം. ഇതെഴുതുമ്പോള്‍ ഏഴ് ലക്ഷത്തി, മുപ്പത്തിരണ്ടായിരത്തി,ഒരുന്നൂറ്റി, തൊണ്ണുറ്റിയേഴ് ( 7,32,797 ) സ്ഥിരീകരിക്കപ്പെട്ട കൊറോണ രോഗികള്‍ അമേരിക്കന്‍ ഐക്യനാടുകളിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറുകളില്‍ മാത്രം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയൊന്ന് (1,891) പേര്‍ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. മൊത്തം മരണസംഖ്യയാകട്ടെ, മുപ്പത്തിയെട്ടായിരത്തി,അറുന്നൂറ്റി,അറുപത്തിനാല് (38,664 )ആണ്.ചുരുക്കത്തില്‍ ലോകത്തില്‍ ഏറ്റവുമധികം കൊറോണബാധിതരുള്ള ഇടം ഇപ്പോള്‍ അമേരിക്കയാണ്. മറ്റൊന്ന് കൊറോണബാധിച്ച് ഏറ്റവുമധികം പേര്‍ മരണത്തിന് കീഴടങ്ങിയ ഇടവും അമേരിക്കയാണ്. എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് ?

ചൈനയിലേക്കുള്ള വഴികള്‍

ഏറ്റവുമധികം ആവര്‍ത്തിച്ച നിരീക്ഷണങ്ങള്‍ സമര്‍ത്ഥിക്കുന്നത് ചൈനയില്‍ നിന്നുള്ള കൊറോണാ വ്യാപനത്തിന്റെ പിന്നിലെ അടിസ്ഥാന കാരണം ചൈനീസ് സര്‍ക്കാരിന്റെ പ്രതിച്ഛായാഭയത്തില്‍ നിന്നുണ്ടായ കെടുകാര്യസ്ഥതയും അലസതയുമാണെന്നാണ്. കൊറോണ വൈറസ് വിമാനയാത്രകളിലൂടെയും, അന്താരാഷ്ട്ര യാത്രികരിലൂടെയുമാണ് ലോകമെമ്പാടും പറന്നെത്തിയതെന്ന കാര്യത്തിലും സംശയമില്ല. ചൈനയില്‍ കൊറോണ കണ്ടെത്തിയതിന് ശേഷം പലകാരണങ്ങളാല്‍, ചൈനീസ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയ 'നിര്‍ണായകസമയത്തെപ്പറ്റി' ഒരു പക്ഷേ ലോകം പിന്നീട് ചര്‍ച്ച ചെയ്യുമെന്നത് ഉറപ്പാണ്. എന്നാല്‍ ഈ ഇടവേളയില്‍ നാലരലക്ഷത്തിലധികം പേരാണ് ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് ഒഴുകിയെത്തിയത്. ഇവരില്‍ ഏറെയും അമേരിക്കന്‍ പൗരന്‍മാരാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. ആശയപരമായി രണ്ട് ധ്രുവങ്ങളിലാണെന്നും, എതിരാളികളാണെന്നും ഭാവിക്കുമ്പോഴും ഏറ്റവുമധികം അടുത്തിടപഴകുന്ന രണ്ട് സമ്പദ് വ്യവസ്ഥകളാണ് അമേരിക്കയുടേതും ചൈനയുടേതും. അതുകൊണ്ട് ദിനം പ്രതി അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രക്കാരുടെ ഒഴുക്ക് വളരെ വലുതായിരുന്നു താനും.

എന്നാല്‍ അമേരിക്കയിലെ കൊറോണാബാധിതരുടെ എണ്ണത്തിലുള്ള വര്‍ധനവ് ഒരു ശുഭസൂചനയായി കരുതുന്നവരും ഉണ്ട്. ദക്ഷിണകൊറിയന്‍ മാതൃകയായ ' പരമാവധി ടെസ്റ്റുകള്‍ സമം പരമാവധി പ്രതിരോധം ' എന്നത് അമേരിക്ക വൈകിയെങ്കിലും ശക്തമാക്കി നടപ്പിലാക്കിയതിന്റെ സ്വാഭാവികപ്രതിഫലനം മാത്രമാണ് ഈ സംഖ്യകള്‍ എന്ന് കരുതുന്നവരാണ് ഈ വിഭാഗം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അമേരിക്കയ്ക്ക് ഇത് സഹായകരമാവുമെന്നാണ് ഇവര്‍ വാദിക്കുന്നത്. അതേ സമയം സ്വാതന്ത്ര്യദാഹികളായ അമേരിക്കന്‍ ജനത ലോക്ക് ഡൗണിനോട് പല സംസ്ഥാനങ്ങളിലും പുലര്‍ത്തുന്ന നിഷേധാത്മക സമീപനത്തിന്റെ ഫലമാണ് ഇതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

രോഗത്തിന്റെ പ്രാരംഭദശയില്‍ പുലര്‍ത്തിയ അലസത ഇറ്റലിയെന്നപോലെ അമേരിക്കയുടെയും പ്രതിരോധത്തിന്റെ അടിത്തറ തകര്‍ത്തതായി വിദഗ്ധര്‍ നിരീക്ഷിക്കുന്നുണ്ട്. അമേരിക്കയിലെ പടിഞ്ഞാറന്‍ പ്രവിശ്യകളായ വാഷിംഗ്ടണിലും കാലിഫോര്‍ണിയയിലുമാണ് കൊറോണ ആദ്യം പിടിമുറിക്കിയത്. എന്നാല്‍ ഇവിടെ കോണ്‍ടാക്ട് ട്രേസുകള്‍ ഫലവത്തായി നടന്നില്ല. അക്കാര്യത്തില്‍ പുലര്‍ത്തിയ അലംഭാവത്തിന് അമേരിക്ക പിന്നീട് കൊടുക്കേണ്ടി വന്നത് കനത്ത വിലയായിരുന്നു. ഒപ്പം, സവിശേഷസാഹചര്യങ്ങള്‍ സവിശേഷസമീപനം ആവശ്യപ്പെടുന്നു എന്ന സംഗതിയും അമേരിക്കന്‍ ഭരണകൂടത്തിന് ബോധ്യമായില്ല. ആരോഗ്യനിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് തുടക്കത്തില്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് സംസ്ഥാനാടിസ്ഥാനത്തില്‍ പരിശോധനാകിറ്റുകള്‍ തയ്യാറാക്കിയെടുക്കുന്നതിനും പ്രതിരോധതന്ത്രങ്ങള്‍ മെനയുന്നതിനുമുള്ള വലിയ അവസരം നഷ്ടപ്പെടുകയും ചെയ്തു. അമേരിക്കയില്‍ ആദ്യത്തെ കൊറോണാ സ്ഥിരീകരണം നടന്ന് ഒരുമാസത്തോളം കഴിഞ്ഞാണ് അവിടെ ആദ്യത്തെ കൊവിഡ് മരണം നടക്കുന്നതെന്ന് നാമോര്‍ക്കണം. ഫെബ്രുവരി 29 നാണ് അത് സംഭവിക്കുന്നത്. അത് കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോള്‍ അമേരിക്ക കൊവിഡ് കേസുകളാലുള്ള മരണങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുകയാണ്.

ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി എമര്‍ജന്‍സി മെഡിസിനിലെ വിദഗ്ധനായ ഡോ: ഗബോര്‍കീലന്റെ വാക്കുകള്‍ അമേരിക്കയ്ക്ക് പിഴച്ചതെവിടെയെന്ന് കാട്ടിത്തരുന്നുണ്ട് : 'നമ്മള്‍ കോണ്‍ടാക്ട് ട്രേസിംഗുകള്‍ കൃത്യമായി നടത്തിയിരുന്നെങ്കില്‍ നമുക്ക് വളരെയെളുപ്പത്തിലും വേഗത്തിലും ഒരുപാട് കേസുകള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാന്‍ കഴിയുമായിരുന്നു. ഒപ്പം രോഗത്തിന്റെ ഹോട്ട്സ്പോട്ടുകള്‍ ആവാനിടയുള്ള സ്ഥലങ്ങള്‍ അടച്ചിടാനും അതുവഴി രോഗവ്യാപനം കുറയ്ക്കാനും കഴിയുമായിരുന്നു '

ജനനിബിഢമായ ന്യൂയോര്‍ക്ക് അതിവേഗമാണ് അമേരിക്കയുടെ കൊവിഡ് കേന്ദ്രമായി ഉയര്‍ന്നുവന്നത്. അമേരിക്കയിലെ മൊത്തം രോഗബാധിതരില്‍ പകുതിയോളം ന്യൂയോര്‍ക്കിലാണ് എന്നറിയുമ്പോള്‍ ഇതിന്റെ ഗൗരവം മനസ്സിലാവും. ന്യൂയോര്‍ക്കിന്റെ തൊട്ടടുത്തുള്ള ന്യൂജഴ്സി, കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍, മിച്ചിഗണ്‍, ഇല്ലിനോസ് എന്നീ സ്ഥലങ്ങളാണ് തൊട്ടുപിന്നില്‍ വരുന്നത്. അമ്പത് സംസ്ഥാനങ്ങളിലെ വ്യത്യസ്ത ഭരണകൂടങ്ങള്‍, ഗവര്‍ണര്‍മാര്‍, പൊതുജനാരോഗ്യസംവിധാനങ്ങള്‍ എന്നിവയുമായി ഫെഡറല്‍ സര്‍ക്കാരിന് എത്രകണ്ട് ഫലപ്രദമായി കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ചോദ്യവും ചില വിമര്‍ശകര്‍ ഉയര്‍ത്തുന്നുണ്ട്.

കറുപ്പും വെളുപ്പും : കൊറോണയിലെ വംശീയത

രണ്ട് കാര്യങ്ങളെയാണ് കൊറോണയെ കൈകാര്യം ചെയ്യാന്‍ അമേരിക്കന്‍ ഭരണകൂടം ആധാരമാക്കുന്നത്.

ഒന്ന് : രോഗത്തിന്റെ കെട്ടുപൊട്ടിച്ചുള്ള വ്യാപനം

രണ്ട് : അതുണ്ടാക്കുന്ന സാമ്പത്തികതകര്‍ച്ച.

സാമ്പത്തികതകര്‍ച്ചയുടെ ഭാവിസൂചകമായി ഏതാണ്ട് 17മില്യണ്‍ ആളുകള്‍ തൊഴിലില്ലായ്മാ സഹായങ്ങള്‍ക്കായി അപേക്ഷിച്ചതാണ് അമേരിക്കന്‍ സര്‍ക്കാര്‍ കണക്കിലെടുത്തത്. തുടര്‍ന്ന് ഇത് രണ്ടിനെയും ഒരുമിച്ച് പ്രതിരോധിക്കാനായി ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക ഉത്തേജക പാക്കേജ് (രണ്ട് ട്രില്യണ്‍ യു.എസ് ഡോളറിന്റെ ) അമേരിക്ക പ്രഖ്യാപിച്ചെങ്കിലും അത് എത്രകണ്ട് ഫലവത്താകുമെന്നത് ഇനിയും വിലയിരുത്തപ്പെടാനിരിക്കുന്നതേയുള്ളൂ.

ഇതിനിടയില്‍ പുറത്ത് വരുന്ന മറ്റ് വിവരങ്ങളും ഭരണകൂടത്തിന് തലവേദന ഉണ്ടാക്കുന്നതാണ്. വെള്ളക്കാരെ അപേക്ഷിച്ച് കറുത്തവര്‍ഗക്കാരും ഹിസ്പാനിക്കുകളും മരണസംഖ്യയില്‍ ഇരട്ടിയാണ് എന്നതാണ് അതിലൊന്ന്. ഇത് ന്യൂയോര്‍ക്കില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല എന്ന വിവരങ്ങളും തുടര്‍ന്ന് പുറത്തുവന്നു. ഷിക്കാഗോയില്‍ വെളുത്തവരെ അപേക്ഷിച്ച് അഞ്ചിരട്ടിയാണ് കറുത്തവരിലെ മരണനിരക്ക്.നിലവില്‍ ഇത് അമേരിക്കയില്‍ വലിയ ചര്‍ച്ചയ്ക്ക് തിരികൊളിത്തിക്കിഞ്ഞു. എന്ത് കൊണ്ട് അമേരിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരേക്കാള്‍ ആഫ്രോ-അമേരിക്കന്‍ വംശജര്‍ കൂടുതലായി മരിക്കുന്നു എന്നതാണ് ചോദ്യം.

ആരോഗ്യപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പരമ്പരാഗതമായി കറുത്ത വര്‍ഗക്കാര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പഞ്ചസാരയുമെല്ലാം ഉള്ളവരാണെന്നും ഇത് കൊറോണയെ അതിജീവിക്കാന്‍ തടസ്സമാകുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ജിവിതനിലവാരത്തിലുള്ള വ്യതിയാനമാണ് അതിന് കാരണമെന്നും, ഇത് അമേരിക്കന്‍ സമൂഹത്തില്‍ ഗൂഢമായി പ്രവര്‍ത്തിക്കുന്ന വംശീയതയുടെ അനന്തരഫലമാണെന്നും രാഷ്ട്രീയ-സാമൂഹികവിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സാമ്പത്തിന്റെയും സമൂഹവികസനത്തിന്റെയും വിതരണത്തില്‍ നിലനില്‍ക്കുന്ന വലിയ അസമത്വങ്ങളാണ് ഇതിന് കാരണമെന്നാണ് ഇവര്‍ വാദിക്കുന്നത്. കറുത്തവരിലും ഹിസ്പാനിക്കുകളിലും പലരും ദരിദ്രരാണ്. പലര്‍ക്കും ആരോഗ്യഇന്‍ഷുറന്‍സ് അക്കാരണം കൊണ്ടുതന്നെ ഇല്ല. ഇവര്‍ക്കിടയില്‍ ഫലവത്തായി പരിശോധനകള്‍ നടക്കുന്നില്ല. സ്വകാര്യഇടങ്ങളും പലര്‍ക്കും കുറവാണ്. അതുകൊണ്ട് തന്നെ രോഗം അവര്‍ക്കിടയില്‍ അതിവേഗം പടര്‍ന്ന് പിടിക്കുന്നു. അമേരിക്കന്‍ മാതൃക പുതുക്കിപ്പണിയേണ്ടതാണെന്ന വാദത്തിന് ശക്തിപകരുന്നതാണ് ഈ കണക്കുകളെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

നോട്ടുകളുടെ ചീട്ടുകൊട്ടാരം

ലാഭകേന്ദ്രീകൃതവും മത്സരാധിഷ്ഠിതവുമായ അമേരിക്കന്‍ സാമ്പത്തിക മാതൃകയുടെ സാമൂഹിക പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നതെന്ന് ചൂണ്ടിക്കാട്ടി നോംചോംസ്‌കിയെപ്പോലുള്ള ഇടത്ബുദ്ധിജീവികളും രംഗത്തെത്തിക്കഴിഞ്ഞു. മുതലാളിത്ത മാതൃക പൊതുജനാരോഗ്യത്തെ പരിഗണിക്കുന്നില്ലെന്നും അത് ലാഭകേന്ദ്രീകൃതസംവിധാനമായി നിലനില്‍ക്കുന്നിടത്തോളം ഇത്തരം സാമൂഹികപ്രശ്നങ്ങളെ ക്രിയാത്മകമായും ഫലവത്തായും നേരിടാന്‍ പരാജയമാണെന്നും ചൂണ്ടിക്കാട്ടി ലോകമെമ്പാടുമുള്ള അമേരിക്കന്‍ -മുതലാളിത്ത വിമര്‍ശകരും സജീവമായിക്കഴിഞ്ഞു. ഇതോടൊപ്പം തൊഴില്‍രംഗത്തും കൊറോണ പിടിമുറുക്കുന്നത് അമേരിക്കയെ വലയ്്ക്കുന്നു. നിലവില്‍ 16.4 ശതമാനം പേര്‍ക്ക് വൈറസ് കാരണം തൊഴില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കാത്ത ഇരുപത് ശതമാനം അമേരിക്കക്കാരില്‍ നാല്‍പത് ശതമാനത്തിനും ഇതിനകം തൊഴില്‍ നഷ്ടമായിക്കഴിഞ്ഞു. അമേരിക്കന്‍ ജി.ഡി.പിയുടെ എഴുപത് ശതമാനവും ഉപഭോഗവുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്നാണെന്നത് കൊണ്ട് സമ്പദ് വ്യവസ്ഥ താറുമാറുകെമെന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. നിര്‍മ്മാണ-നിക്ഷേപമേഖലകളില്‍ കൊറോണാനന്തരകാലത്ത് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന വിലയിരുത്തലും വന്നതോടെ അമേരിക്കയില്‍ മാന്ദ്യഭീതി കനത്തു കഴിഞ്ഞു. എന്നാല്‍ ഇത് മറ്റൊരു തരത്തില്‍ സഹായകരമാവുമെന്ന് 'ദുരന്തത്തിലെ സാധ്യതാവാദികള്‍' പറയുന്നു. മാന്ദ്യത്തെ മുന്നില്‍ക്കണ്ട് എടുക്കുന്ന മുന്‍കരുതലുകളും പുതിയ തന്ത്രങ്ങളും അമേരിക്കയുടെ ഭാവിയുടെ നാഴികക്കല്ലുകളാവാം എന്നാണ് ഇവര്‍ പ്രത്യാശിക്കുന്നത്.

ട്രംപ്: രക്ഷകനായും കോമാളിയായും

ആരോഗ്യരക്ഷാഉപകരണങ്ങളായ മാസ്‌കുകള്‍, കൈയ്യുറകള്‍, വസ്ത്രങ്ങള്‍, വെന്റിലേറ്ററുകള്‍ എന്നിവയിലെ വിതരണത്തിലെ കുറവാണ് അമേരിക്കയെ തളര്‍ത്തിയ മറ്റൊരു ഘടകം. ഇതേത്തുടര്‍ന്ന് ട്രംപ് പരമാവധി വിതരണം സാധ്യമാക്കുന്നതിനായി അറ്റകൈ പ്രയോഗിക്കുന്നതും ലോകം കണ്ടു. ജനറല്‍മോട്ടോഴ്സിനെ ഭീഷണിപ്പെടുത്തിയാണ് വെന്റിലേറ്റര്‍ നിര്‍മ്മാണത്തിന് പ്രേരിപ്പിച്ചതെന്നും വിമര്‍ശനമുണ്ടായി.വ്യാപകമായി കൊറോണടെസ്റ്റുകള്‍ താമസിപ്പിച്ചതാണ് അമേരിക്കയുടെ മറ്റൊരു പിഴവായി ലോകം നോക്കിക്കാണുന്നത്. പിന്നീട് ദക്ഷിണകൊറിയയില്‍ നിന്നുള്‍പ്പെടെ വന്‍തോതില്‍ ടെസ്റ്റിങ്ങ് കിറ്റുകള്‍ ഇറക്കുമതി ചെയ്ത് പരിശോധനകള്‍ ആരംഭിച്ചെങ്കിലും വൈകിപ്പോയിരുന്നു. നേരത്തേ ചൂണ്ടിക്കാട്ടിയത് പോലെ സാമൂഹികഅകലം പാലിക്കുന്നതില്‍ അമേരിക്കക്കാര്‍ പുലര്‍ത്തിയ വൈമുഖ്യവും ശക്തമായ തിരിച്ചടിയായി.

ഇതിനിടയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്് ഭരണതലത്തിലും നയതന്ത്രതലത്തിലും നടത്തുന്ന പക്വതയില്ലാത്ത ഇടപെടലുകളും അമേരിക്കയ്ക്ക് കൂനിന്‍മേല്‍ കുരുവായിത്തീരുകയാണ്. ലോകാരോഗ്യസംഘടനയുമായുണ്ടായ ഉരസലുകളും, ഫ്ളൂ വന്ന് അമേരിക്കയില്‍ ഇതിലുംകൂടുതല്‍പേര്‍ മരിക്കുന്നുവെന്ന പ്രസ്താവനയുമൊക്കെ ട്രംപിന്റെ പാകതയില്ലായ്മയെ അന്താരാഷ്ട്രരംഗത്ത് തുറന്ന് കാട്ടുന്നവയായി. ഒപ്പം മറ്റ് രാജ്യങ്ങളുമായി പ്രഖ്യാപിച്ച ആയുധക്കരാറുകള്‍ പരിഹസിക്കപ്പെട്ടതും ട്രമ്പിന് തിരിച്ചടിയായി. മാന്ദ്യം മുന്നില്‍ക്കണ്ടുള്ള ധനസമാഹരണത്തിനായി വേണ്ടാത്ത സാധനങ്ങള്‍ വിറ്റൊഴിവാക്കുകയാണ് ട്രമ്പെന്ന് വിമര്‍ശനം ശക്തമായി. അമേരിക്കന്‍ താല്‍പര്യങ്ങളെ ശരിയായ വിധത്തില്‍ അന്താരാഷ്ട്രതലത്തില്‍ പ്രതിഫലിപ്പിക്കാന്‍ ട്രമ്പിന് കഴിയുന്നില്ല എന്ന വാദം അമേരിക്കയില്‍ തന്നെ കനത്ത പ്രചാരം നേടി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഈ പ്രതിസന്ധിക്കള്‍ക്കിടയിലും വലിയ തോതിലുള്ള സഹായ ഹസ്തമാണ് അമേരിക്ക നീട്ടിയത്. എന്നാല്‍ അത് ലോകം കാണാതെ പോകുന്നതാവും ഇത്തരം പാകതിയില്ലായ്മയുടെ അനന്തരഫലമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഒരര്‍ത്ഥത്തില്‍ അത് ശരിയാണെന്ന് നമുക്ക് കാണാം.

ലോകമെമ്പാടുമുള്ള 64 രാജ്യങ്ങള്‍ക്കായി 174 മില്യണ്‍ ഡോളറിന്റെ ധനസഹായമാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഇതില്‍ ഇന്ത്യയ്ക്ക് മാത്രമായി 2.9 മില്യണ്‍ ഡോളറിന്റെ ധനസഹായമാണ് ലഭിച്ചത്. എന്നിട്ടും ഹൈഡ്രോക്സിക്ളോറോക്വിന്നിന്റെ കാര്യത്തില്‍ ഭാവനാത്മകമായൊരു സമീപനം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല എന്ന് വിമര്‍ശനവും ഉണ്ടായി. ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച 100 മില്യണ്‍ ഡോളറിന് പുറമേയാണ് ഈ 174 മില്യണ്‍ അമേരിക്ക പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രം ശ്രീലങ്ക-1.3 , നേപ്പാള്‍-1.8, ബ്ംഗ്ളാദേശ്-3.4, അഫ്ഗാനിസ്ഥാന്‍-5 എന്നിങ്ങനെ മില്യണ്‍ഡോളറിലാണ് അമേരിക്കന്‍ ധനസഹായം എത്തിയത്.

വരുന്നത് അമേരിക്കന്‍ മാന്ത്രിക മരുന്ന് ?

ഈ പ്രതിസന്ധികളുടെ നടുവില്‍ നില്‍ക്കെ തന്നെ വാക്സിന്‍ ഗവേഷണരംഗത്ത് അമേരിക്ക ബഹുദൂരം മുന്നേറിക്കഴിഞ്ഞു. മനുഷ്യരില്‍ ഉള്ള വാക്സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കി അതിന്റെ ഫലം കാത്തിരിക്കുകയാണ് അമേരിക്ക. ഒപ്പം ലോകത്തെങ്ങുമുള്ള മനുഷ്യസമൂഹങ്ങള്‍ക്കായി, നേരിട്ട് സ്വന്തം ശരീരത്തിലേക്ക് വാക്സിന്‍ ഏറ്റുവാങ്ങാന്‍ തയ്യാറായ ജെന്നിഫര്‍ ഹാലര്‍ മാനവികതയുടെ ജ്വലിക്കുന്ന അമേരിക്കന്‍ മാതൃകയാണെന്നും അമേരിക്കനനുകൂലികള്‍ ശക്തമായി വാദിക്കുന്നു. ഒപ്പം റെംഡിസിവിയര്‍ എന്ന അമേരിക്കയുടെ മരുന്ന് പരീക്ഷണവിജയവും അവര്‍ എടുത്തുകാട്ടുന്നു. കൊറോണയ്ക്ക് ലോകം കാത്തിരിക്കുന്ന മാന്ത്രികമരുന്നായി റെംഡിസിവിയര്‍ മാറുമെന്നും അമേരിക്കന്‍ മൂലധനത്തിന്റെ കൂടി അനന്തരഫലമായ റെംഡിസിവിയര്‍ ലോകത്തിന് ആശ്വാസമായി മാറുമെന്നാണ് ഇവര്‍ പറയുന്നത്.

എന്താണീ റെംഡിസിവിയര്‍ ? നമുക്ക് നോക്കാം.

കൊറോണയ്ക്ക് ഫലവത്താകുന്ന മരുന്നുകളില്‍ ഏറ്റവുമധികം വിജയകരമായ പരീക്ഷണഘട്ടങ്ങള്‍ താണ്ടിയ ഔഷധമാണെന്നതാണ് റെഡിസിവിയറിനെ ശ്രദ്ധേയമാക്കുന്ന ഘടകം. നിലവില്‍ മൂന്നാംഘട്ടപരീക്ഷണത്തിലാണ് ഈ മരുന്ന് ഉള്ളത്. യൂണിവേഴ്സിറ്റ് ഓഫ് ഷിക്കാഗോയില്‍ നിന്നും ആദ്യം പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് ഈ മരുന്ന് കോവിഡിന് അങ്ങേയറ്റം ഫലപ്രദമാണ്. 125 രോഗികളിലാണ് റെംഡിസിവിയര്‍ പരീക്ഷിച്ചാണ് ക്ളിനിക്കല്‍ ട്രയല്‍ തുടങ്ങിയത്. അതില്‍ 113 ഗുരുതരരോഗികള്‍ ഉണ്ടായിരുന്നു. ഇവരില്‍ രണ്ടുപേരിലൊഴികെ മറ്റെല്ലാവരിലും രോഗം ഭേദമാക്കാന്‍ റെംഡിസിവിയറിന് കഴിഞ്ഞു എന്നതാണ് മരുന്നിന്റെ മാന്ത്രികഘടകം. ലോകത്തിന്റെ പലഭാഗങ്ങളിലുമായി 2500 ഓളം രോഗികളില്‍ ഇത് പരീക്ഷണത്തില്‍ വീണ്ടുമിരിക്കുന്നു. ഈ ഫലം കൂടി പുറത്തുവരുമ്പോള്‍ റെംഡിസിവിയര്‍ ചിലപ്പോള്‍ അമേരിക്ക ലോകത്തിന് നല്‍കുന്ന ചരിത്രപരമായ നേട്ടമായി മാറാം.

എന്തായാലും അമേരിക്ക നിലവിലൊരു അണുബോംബിന്റെ മധ്യത്തിലാണ്. അതൊരു സൈനികബോംബോ, രാഷ്ട്രീയബോംബോ അല്ലെന്ന് മാത്രം. അത് അക്ഷരാര്‍ത്ഥത്തില്‍ ഒരു അണുവിന്റെ പൊട്ടിത്തെറിക്കലും തുടര്‍ന്നുള്ള മരണത്തിന്റെ പ്രസരണവുമാണ്. മരണത്തിന്റെ ഈ സാമൂഹിക-സാമ്പത്തികശൈത്യത്തെ അമേരിക്ക എങ്ങനെ മറികടക്കുമെന്നാണ് ലോകമിപ്പോള്‍ ഉറ്റുനോക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT