സദാചാരം എന്നത് ഒരു അലിഖിത നിയമമായി തന്നെ കേരള പൊതുസമൂഹം കാലങ്ങളായി അംഗീകരിച്ചു കൊടുത്തിട്ടുള്ള ഒന്നാണ്. കേരള പൊലീസ് അടങ്ങുന്ന ഇവിടുത്തെ ഭരണസംവിധാനങ്ങളുടെയടക്കം മനോനില മറ്റൊന്നല്ലതാനും. മനുഷ്യരുടെ സ്വകാര്യതകളെ അവർക്കിടയിൽ കയറി ചെന്ന് റദ്ധ് ചെയ്യാനുള്ള അലിഖിത നിയമമായി തന്നെ അത് തുടരുന്നു.
2018ൽ കണ്ണൂർ നിഫ്റ്റ് കോളേജിലെ വിദ്യാർത്ഥികൾക്ക് പ്രദേശവാസികളുടെ നിരന്തര സദാചാര അക്രമണങ്ങൾ നേരിടേണ്ടി വരികയും വിദ്യാർത്ഥിനികളുടെ ശരീരത്തിന് വില പറയുന്ന തരത്തിൽ കാര്യങ്ങളെത്തുകയും ചെയ്തതോടെയാണ് വിദ്യാർത്ഥികൾ സംഘടിക്കുകയും അതിനെതിരെ തെരുവിലിറങ്ങുകയും ചെയ്യിതിട്ടുള്ളത്.
അന്ന് ആ സമരത്തെ പോലും കേട്ടാൽ അറക്കുന്ന തെറിവിളികൾ കൊണ്ടാണ് ഇവിടുത്തെ ഭൂരിപക്ഷ പൊതു സമൂഹം സോഷ്യൽ മീഡിയ അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ എതിരിട്ടത്.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് പോലും പറയാൻ പറ്റാത്ത അത്രയും ജീർണിച്ചു പോയ ഭൂരിപക്ഷ സമൂഹത്തെ അടിമുടി ഉടച്ച് വാർക്കുകയെന്നത് നിരന്തര ഇടപെടലുകളിലൂടെ മാത്രം സാധ്യമാവുന്ന രാഷ്ട്രീയ പ്രവർത്തനമാണ്.
ആ നിലക്ക് നോക്കി കാണുമ്പോൾ ചേർന്നിരിക്കാതിരിക്കാൻ അറുത്തു മാറ്റിയ അകലങ്ങൾക്കിടയിൽ തന്നെ കൂടുതൽ ചേർന്നിരുന്ന് സി.ഇ.ടി കോളേജിലെ വിദ്യാർത്ഥികൾ മുന്നോട്ട് വച്ചത് ഒരു ഗംഭീര രാഷ്ട്രീയമാണ്.
അതിനെയും ഭൂരിപക്ഷ സദാചാര സമൂഹം തെറി വിളികൾ കൊണ്ട് തന്നെയാണ് എതിരിടുന്നത് എന്നതിന് പുറമേ എല്ലാ കാലത്തെയും പോലെ സ്ത്രീവിരുദ്ധതയിൽ ഊന്നി തന്നെയാണ് അവർ ആക്രോശിക്കുന്നതും.
നമ്മുടെ വിദ്യാഭ്യാസ രീതി തന്നെ പൂർണമായും സദാചാര ചിന്തകളിൽ കുരുങ്ങി കിടന്നുളളതാണ്. വസ്ത്രധാരണത്തിൽ അടക്കം തുടർന്നു പോരുന്ന മലീമസമായ സദാചാര ചിന്തയുടെ ഭാഗമായിട്ടാണ് അടുത്ത കാലങ്ങളിൽ ജെന്റെർ ന്യൂട്രൽ യൂണിഫോം എന്ന ആശയം നടപ്പിലാക്കിപ്പോൾ ഉണ്ടായ കോലാഹലങ്ങൾ.
ഹാഫ് പാന്റ് ധരിച്ച് ക്ലാസ് മുറിയിലെത്തിയ ക്വിയർ പേർസണായ ഒരു കോളേജ് വിദ്യാർത്ഥിയോട് അവിടുത്തെ അധ്യാപകരുടെ വേദനിപ്പിക്കുന്ന സദാചാര മനോഭാവങ്ങൾ സമീപകാലത്ത് നാം വായിച്ചും കേട്ടും അറിഞ്ഞതാണ്.
സദാചാര സമൂഹം തെളിച്ച വഴിയിലുടെ സഞ്ചരിക്കാതെ പുതിയ വഴി വെട്ടുന്ന സി.ഇ.ടി കോളെജിലെ പോലെ സമാനരായ വിദ്യാർത്ഥി സമൂഹത്തിന്റെ കൂടെ തന്നെയാണ് നാം നിലയുറപ്പിക്കേണ്ടത്, അവരുടെ രാഷ്ട്രീയത്തിന്റെ കൂടെ തന്നയാണ് സഞ്ചരിക്കെണ്ടതും, വെളിച്ചം കാണാതിരിക്കില്ലാ.
എല്ലാ അർത്ഥത്തിലും ആൺ കൂട്ടങ്ങൾ നയിക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒരു നാൾ ഇവിടുത്തെ വിദ്യാർത്ഥികളാൽ തന്നെ തിരുത്തപ്പെടുകയും അവരുടെ സദാചാര ചിന്തകൾ തീർത്തും ഉപേക്ഷികപ്പെടുകയും ചെയ്യും. പൊതു സമൂഹത്തിലെ സദാചാര കൂട്ടങ്ങൾ ഒരു നാൾ തിരുത്തപ്പെടുകയും ചേർന്നിരിക്കുകയും ചെയ്യും.