മികവില്‍ നിന്നും കൂടുതല്‍ മികവിലേയ്ക്ക് പോകാന്‍ കേരളത്തെ പിന്തുണയ്ക്കുന്നതിനു പകരം ആ മുന്നേറ്റത്തിനു തടസ്സങ്ങള്‍ സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രളയങ്ങളുടേയും മഹാമാരിയുടേയും ഘട്ടങ്ങളില്‍ അര്‍ഹമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനു പകരം ആവശ്യങ്ങളോട് മുഖം തിരിക്കുക മാത്രമല്ല, അവയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഹൃദയശൂന്യതയോടുള്ള പ്രതിഷേധം കൂടിയാണ് സമരം.
കേരളത്തെ കേന്ദ്രം സാമ്പത്തികമായി അവഗണിക്കുന്നെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും ഇടത് എം.പി.മാരും എം.എൽ.എ.മാരും നടത്തുന്ന സമരം ഇന്ന് ഡൽഹിയിൽ. പ്രതിഷേധ സമരം നടത്തേണ്ടിവന്ന സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളം ഡല്‍ഹിയില്‍ സവിശേഷമായ ഒരു സമരം നടത്തുകയാണ്. സംസ്ഥാനത്തിന്‍റെ മന്ത്രിസഭാംഗങ്ങളും നിയമസഭാംഗങ്ങളും പാര്‍ലമെന്‍റംഗങ്ങളും ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കും. കേരളത്തിന്‍റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ്, ചരിത്രത്തില്‍ അധികം കീഴ് വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിന്‍റെ മാര്‍ഗം തെരെഞ്ഞെടുക്കേണ്ടിവന്നത്. കേരളത്തിന്‍റെ മാത്രമല്ല, പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്.
ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. തോറ്റ് പിന്‍മാറുന്നതിന് പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. രാജ്യമാകെ ഈ സമരത്തിന് പിന്തുണയുമായി കേരളത്തോടൊപ്പം നിലകൊള്ളുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതിനെ കക്ഷി രാഷ്ട്രീയ നിറം നല്‍കി കാണാന്‍ ശ്രമിക്കരുത്. സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദര്‍ശമാണ്. ഈ ആശയത്തിന്‍റെ അന്ത:സത്ത അടുത്ത കാലത്തെ ചില കേന്ദ്ര നടപടികളിലൂടെ ചോര്‍ന്നുപോയിരിക്കുന്നു.
രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി നേരിട്ടോ ബിജെപിയുടെ പങ്കാളിത്തത്തോടെയോ ഭരണമുള്ളത്. ഈ സംസ്ഥാനങ്ങളോടുള്ളതല്ല എന്‍ഡിഎ ഇതര ഭരണമുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര ഗവര്‍മെന്‍റ് സ്വീകരിക്കുന്ന നിലപാട്. 17 ഇടത്ത് ലാളനയും മറ്റിടങ്ങളില്‍ പീഡനവും എന്നതാണ് സമീപനം. അത്തരം നടപടികള്‍ക്കെതിരെയാണ് പ്രതീകാത്മകമായ പ്രതിരോധം ഉയര്‍ത്തുന്നത്. ഇതിന് വ്യാപകമായ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് മുന്നോട്ട് വയ്ക്കുന്ന പ്രധാന പ്രശ്നങ്ങള്‍ ചുരുക്കി പറയാം.
ധനകാര്യ അച്ചടക്കത്തിലെ ഭരണഘടനാ വിരുദ്ധ സമീപനം.
കേരളം ധന ഉത്തരവാദിത്വ നിയമം പാസ്സാക്കിയ സംസ്ഥാനമാണ്. 2019 -20, 2020 -21 സാമ്പത്തിക വര്‍ഷങ്ങളില്‍ ധനക്കമ്മി ഈ നിയമത്തില്‍ നിഷ്കര്‍ഷിച്ച പരിധിക്കുള്ളില്‍ കേരളം നിലനിര്‍ത്തിയിട്ടുണ്ട്. 2020-21ല്‍ കോവിഡ് 19 ന്‍റെ അസാധാരണ സാഹചര്യത്തില്‍ ധനക്കമ്മിയുടെ പരിധി രാജ്യമാകെ ആഭ്യന്തര വരുമാനത്തിന്‍റെ 3% ത്തില്‍ നിന്നും 5% മായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.
നിയമപ്രകാരം തന്നെ സംസ്ഥാനത്തിനുള്ള അവകാശങ്ങള്‍ നിലനില്‍ക്കേയാണ് കേന്ദ്ര ധനമന്ത്രാലയം ചില പുതിയ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചത്. 2022 മാര്‍ച്ച് 31 ന് കേന്ദ്രധനമന്ത്രാലയം ഇത് സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ അയച്ചു. സംസ്ഥാന സര്‍ക്കാര്‍ നികുതിയുടെ നിശ്ചിത വിഹിതം നല്‍കുന്ന സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകള്‍ ആകെ സംസ്ഥാന സര്‍ക്കാരിന്‍റെ വായ്പകളായി കണക്കാക്കുമെന്നാണ് അതിലെ ഉള്ളടക്കം. തത്തുല്യമായ തുക സംസ്ഥാനത്തിന്‍റെ കമ്പോള വായ്പാപരിധിയില്‍ നിന്നും വെട്ടിക്കുറയ്ക്കുമെന്നും അതില്‍ വ്യക്തമാക്കി. ഇത് 15-ാം ധനകാര്യ കമ്മിഷന്‍റെ ശുപാര്‍ശകളില്‍ ഇല്ലാത്ത ഒന്നാണ്. 15-ാം ധനകാര്യ കമ്മിഷന്‍റെ ശുപാര്‍ശകള്‍ ബഹു: രാഷ്ട്രപതി അംഗീകരിച്ച് ഭരണഘടനയുടെ അനുച്ഛേദം 281 പ്രകാരം പാര്‍ലമെന്‍റിന്‍റെ ഇരു സഭകളുടെയും മേശപ്പുറത്ത് വച്ച് അംഗീകരിച്ചതാണ്. അതിനെയാണ് ഒരു എക്സിക്യുട്ടീവ് തീരുമാനത്തിലൂടെ അട്ടിമറിച്ചത്. ഇത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. ഈ നടപടി വഴി കിഫ്ബി, കെ എസ് എസ് പി എല്‍ (പെന്‍ഷന്‍ കമ്പനി) തുടങ്ങിയ സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ എടുത്ത വായ്പകളെ കൂടി സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ മുന്‍കാല പ്രാബല്യത്തോടെ ഉള്‍പ്പെടുത്തുകയാണ്.
കിഫ്ബി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കമ്പനിയുടെ വായ്പകള്‍ എന്നിവയുടെയെല്ലാം പേരില്‍ വായ്പാ പരിധിയില്‍ വന്‍തോതില്‍ വെട്ടിക്കുറവ് വരുത്തി. 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 12,000 ത്തോളം കോടി രൂപയാണ് വെട്ടിക്കുറച്ചത്. അടുത്ത സാമ്പത്തിക വര്‍ഷങ്ങളിലും ഈ വെട്ടിക്കുറവ് തുടരുകയാണ്. നടപ്പുവര്‍ഷത്തില്‍ 7000 കോടി രൂപയുടെ വെട്ടിക്കുറക്കലാണ് ഉണ്ടായത്.
സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയില്‍ പബ്ലിക് അക്കൗണ്ടില്‍ നിന്നുള്ള തുകകളെ കൂടി ഉള്‍പ്പെടുത്തി വെട്ടിച്ചുരുക്കലുകള്‍ 2017 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കികേന്ദ്രം നടപ്പിലാക്കി വരികയുമാണ്.
ഇതില്‍ തന്നെ പബ്ലിക് അക്കൌണ്ടിലെ അവസാന വര്‍ഷത്തെ കണക്കെടുത്താല്‍ തുകയില്‍ കുറവുവരുമെന്നു കണ്ടതുകൊണ്ട് 3 വര്‍ഷത്തെ കണക്കിന്‍റെ ശരാശരി എടുത്താണ് കണക്കാക്കിയിട്ടുള്ളത്. ഇത് വായ്പയുടെ വലിപ്പം വര്‍ദ്ധിപ്പിച്ച് കടമെടുപ്പ് പരിധി കുറയ്ക്കുന്നതിനു വേണ്ടിയാണ് ചെയ്തത്. ഏതുവിധേനയും കേരളത്തെ ബുദ്ധിമുട്ടിച്ചുകളയാം എന്ന നിര്‍ബന്ധബുദ്ധിയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.
ഈ വിധം പബ്ലിക് അക്കൌണ്ടിലുള്ള പണം പൊതുകടത്തില്‍ പെടുത്തിയതുമൂലം 12,000 കോടി രൂപയാണ് സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ നിന്നും വെട്ടിക്കുറച്ചത്.
സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്ര സര്‍ക്കാരിന് ഇല്ല. ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിച്ചാണ് ഭരണഘടനാവിരുദ്ധവും ധനകമ്മീഷന്‍റെ നിപാടിന് വിരുദ്ധവുമായ ഈ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്.
അടിസ്ഥാന സൗകര്യവികസനത്തിന് ആക്കം കൂട്ടാനും ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങിയ പൗരന്മാരുടെ മൗലിക അവകാശങ്ങള്‍ കാര്യക്ഷമമായി സംരക്ഷിക്കാനും ആവശ്യമായ നിക്ഷേപം കൊണ്ടുവരുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോര്‍ഡ് (കിഫ്ബി)യെ ശാക്തീകരിക്കുന്നത്. 84,454 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കിഫ്ബി ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കിഫ്ബി ലാഭകരമല്ലാത്ത നിക്ഷേപങ്ങള്‍ നടത്തുന്നു എന്ന നിലപാടാണ് എടുക്കുന്നത്. കൊച്ചിബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയും ഗിഫ്റ്റ് സിറ്റിയും തുടങ്ങി സംസ്ഥാനത്ത് വലിയ വികസനം സാധ്യമാക്കുന്ന പദ്ധതികളുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലിനായി 16,108 കോടി രൂപ ചെലവാക്കുന്നതും ഇതേ കിഫ്ബി മുഖേനയാണ്. കൊച്ചി വാട്ടര്‍ മെട്രോ, കെഫോണ്‍ തുടങ്ങിയ വന്‍കിട പദ്ധതികളിലെല്ലാം കിഫ്ബിയുടെ നിക്ഷേപമുണ്ട്. കൊച്ചി വാട്ടര്‍ മെട്രോ വിജയകരമായി കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ നടത്തുകയാണ്. ദീര്‍ഘകാല ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കിഫ്ബിയ്ക്കെതിരെ ഇക്കാര്യങ്ങള്‍ മറച്ചു വച്ചാണ് വലിയ കുപ്രചരണം നടത്തുന്നത്.
2016ല്‍ എല്‍. ഡി. എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ 600 രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 1600 രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന അഞ്ചിനം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇനങ്ങളിലായി 60 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം കൈത്താങ്ങായ സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ വിതരണം മുടങ്ങാതെ നടപ്പാക്കുന്നതിനായി രൂപീകരിച്ച പെന്‍ഷന്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിനായെടുക്കുന്ന വായ്പയും സംസ്ഥാന സര്‍ക്കാരിന്‍റെ കടപരിധിയില്‍ ഉള്‍പ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ നയം അവരുടെ ജനവിരുദ്ധതയുടെ മറ്റൊരു ഉദാഹരണമാണ്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്വയംഭരണാവകാശത്തിേډലുള്ള ഹീനമായ കൈകടത്തലാണിത്. ഭരണഘടനയിലൂടെ വിഭാവനം ചെയ്യപ്പെട്ട സാമ്പത്തിക ഫെഡറലിസത്തെ തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടയുന്ന യൂണിയന്‍ സര്‍ക്കാരിന്‍റെ വിവേചനപരമായ നീക്കം ഭരണഘടനയുടെ 14-ാം അനുഛേദത്തിന്‍റെ ലംഘനമാണ്.
കേന്ദ്ര സര്‍ക്കാരിന്‍റെ ഭരണഘടനാ വിരുദ്ധ സമീപനങ്ങള്‍ സൃഷ്ടിക്കുന്ന പണ ഞെരുക്കം സംസ്ഥാനത്തിന്‍റെ സാമൂഹ്യക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നു. ഈ വിഷയം കേരളം ബഹു. സുപ്രീം കോടതി മുന്‍പാകെ ഉന്നയിച്ചിട്ടുണ്ട്. ഈ തെറ്റായ സമീപനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നാണ് കേരളം ഒന്നാമതായി ആവശ്യപ്പെടുന്നത്.
ഗ്രാന്‍റുകളും കേന്ദ്രാവിഷ്കൃത പദ്ധതികളും
കേന്ദ്രസംസ്ഥാന ധനകാര്യ ബന്ധങ്ങളിലെ പ്രധാന ഘടകമാണ് ഗ്രാന്‍റുകള്‍. ധന കമ്മിഷന്‍ ശുപാര്‍ശ പ്രകാരം വീതം വയ്ക്കപ്പെടുന്ന നികുതി വിഹിതത്തിന് പുറമെയാണ് ഇവ. ഗ്രാന്‍റുകളില്‍ കേന്ദ്രാവിഷ്കൃതപദ്ധതികളിലെ ഗ്രാന്‍റ് സുപ്രധാനമാണ്. സംസ്ഥാന വിഷയങ്ങളിലാണ് മിക്ക കേന്ദ്രാവിഷ്കൃത പദ്ധതികളും നടപ്പിലാക്കപ്പെടുന്നത്. പക്ഷേ ഈ പദ്ധതികളുടെ സൂക്ഷ്മ ഘടന വരെ തീരുമാനിക്കുന്നത് ഡല്‍ഹിയിലെ മന്ത്രാലയങ്ങളാണ്. ഇത് തന്നെ ഫെഡറലിസത്തിന് കടകവിരുദ്ധമാണ്. ഇപ്പോള്‍ അടിച്ചേല്‍പ്പിക്കുന്ന ബ്രാന്‍ഡിംഗ് ജനാധിപത്യവ്യവസ്ഥയോടുള്ള വെല്ലുവിളി കൂടിയാണ്. സംസ്ഥാന സര്‍ക്കാര്‍ ഗണ്യമായ അധിക വിഹിതം നല്‍കിയാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്.
ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഇക്കൊല്ലം ജനുവരി 22വരെ 3,71,934 വീടുകള്‍ നിര്‍മ്മിച്ചപ്പോള്‍ 32,751 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്‍റെ 72,000 രൂപ വീതമുള്ള സഹായം ലഭിച്ചത്. പി.എം.എ.വൈ അര്‍ബന്‍റെ ഭാഗമായി 80,259 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നല്‍കി. ഈ രണ്ടു പദ്ധതികളിലെയും ഗുണഭോക്താക്കള്‍ക്ക് ബാക്കി സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാം ചേര്‍ത്താലും ആകെ 1,13,010 വീടുകള്‍ക്ക് (30.38%) മാത്രമാണ് നാമമാത്രമായ കേന്ദ്രസഹായം ലഭിച്ചത്. ബാക്കി 2,58,924 വീടുകളും പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിര്‍മ്മിച്ചത്. ലൈഫ് മിഷന് വേണ്ടി ഇതിനകം ആകെ ചിലവിട്ടത് 17,104.87 കോടി രൂപയാണ്. അതില്‍ കേന്ദ്രം നല്‍കിയത് 2081 കോടി രൂപ. അതായത് വെറും 12.17 ശതമാനം. ബാക്കി 87.83 ശതമാനം തുക നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഒരു ബ്രാന്‍ഡിംഗിനും തയ്യാറല്ല. കാരണം ഒരോരുത്തരുടെയും വീട് ആരുടെയും ഔദാര്യമല്ല അവകാശമാണ് എന്നാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍ ലൈഫ് പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന ഈ വീടുകളില്‍ കേന്ദ്ര പദ്ധതിയുടെ ബോര്‍ഡ് വെക്കണം അല്ലെങ്കില്‍ കേന്ദ്രം നല്‍കുന്ന ചെറിയ വിഹിതം പോലും അനുവദിക്കുകയില്ലെന്നാണ് കേന്ദ്ര ധന മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്.
സംസ്ഥാനങ്ങള്‍ കുറഞ്ഞത് 40 ശതമാനം ചെലവഴിക്കുകയും നടത്തിപ്പിന്‍റെ മേല്‍നോട്ടം വഹിക്കുക്കുകയും ചെയ്യുന്ന പദ്ധതികളുടെ നേട്ടങ്ങളില്‍ നിന്നും സംസ്ഥാനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ്. അവ കേന്ദ്ര പദ്ധതികളായി ബ്രാന്‍ഡു ചെയ്യണമെന്നാണ് നിര്‍ബന്ധം. ഇല്ലെങ്കില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുമെന്ന് നിലപാടെടുക്കുന്നു. ഈ സമീപനം നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണ്. ഇതിന്‍റെ പേരില്‍ കേരളത്തിന് 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ മൂലധന ചെലവിനായുള്ള വായ്പാ സഹായമായി ലഭിക്കാനുള്ള 3000 കോടി രൂപയും നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെ ഭാഗമായ 600 കോടി രൂപയും തടഞ്ഞുവച്ചിരിക്കുന്നു. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് യു.ജി.സി. ശമ്പള പരിഷ്കരണം നടപ്പാക്കിയതിനുള്ള 750 കോടി രൂപ ഗ്രാന്‍റുകള്‍ തടഞ്ഞുവെച്ചു. കേന്ദ്ര നിര്‍ദ്ദേശപ്രകാരം ശമ്പളപരിഷ്ക്കരണം നടപ്പാക്കി കൊടുത്തുതീര്‍ത്ത പണമാണ് ഇങ്ങനെ മുടക്ക് ന്യായം പറഞ്ഞ് തടഞ്ഞത്.
നികുതി വിഹിതത്തിലെ കുറവ് :
ഗ്രാന്‍റുകളും മറ്റും ധനകാര്യ കമ്മീഷന്‍റെ ധനസഹായത്തിന്‍റെ 20 ശതമാനത്തില്‍ താഴെ മാത്രമേ വരൂ. 80 ശതമാനവും നികുതി വിഹിതമാണ്. 10-ാം ധനകാര്യ കമ്മീഷന്‍റെ കാലത്ത് അത് ഡിവിസിബിള്‍ പൂളിന്‍റെ 3.8 ശതമാനമായിരുന്നത് 14-ാം ധനകാര്യ കമ്മീഷന്‍ കാലത്ത് 2.5 ശതമാനമായി കുറഞ്ഞു. 15-ാം ധനകാര്യ കമ്മീഷന്‍റെ കാലത്തത് വീണ്ടും കുറഞ്ഞ് 1.9 ശതമാനമായി.
സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രതിശീര്‍ഷ വരുമാനത്തിലുള്‍പ്പെടെ വലിയ അന്തരം നിലനില്‍ക്കുന്നുണ്ട്. ജനസംഖ്യാവര്‍ദ്ധനയുടെ കാര്യത്തിലും ഇതുണ്ട്. വലിയ സാമ്പത്തിക ചെലവ് സഹിച്ച് കേരളമടക്കം നേടിയ നേട്ടങ്ങള്‍ ഇന്ന് നികുതി വിഹിതത്തില്‍ തിരിച്ചടിക്ക് കാരണമാകുന്ന ദുരവസ്ഥയാണ്.
പ്രതിശീര്‍ഷ വരുമാനം കുറഞ്ഞതും, അധിക ജനസംഖ്യയുള്ളതുമായ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കണം. ജനസംഖ്യാ നിയന്ത്രണം സാധ്യമാക്കിയ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തെ ക്രമാതീതമായ കുറവില്‍ നിന്നും സംരക്ഷിക്കുകയും വേണം. ഇതുവഴിമാത്രമേ കേരളത്തിന് പുതുതലമുറ വികസന പ്രശ്നങ്ങളെ നേരിടാന്‍ കഴിയുകയുള്ളു. അതല്ലെങ്കില്‍ സംസ്ഥാനത്തിന് ഇതുവരെ നേടിയ നേട്ടങ്ങള്‍ ശിക്ഷയായി മാറും. ഇതുമനസിലാക്കിയുള്ള സമീപനം കേന്ദ്രസര്‍ക്കാരിന്‍റെയും ധനകാര്യ കമ്മിഷനുകളുടെയും ഭാഗത്ത് നിന്നും ഉണ്ടാകണം. ഈ ആവശ്യം കേരളം ശക്തിയായി ഉന്നയിക്കുകയാണ്.
ധനകാര്യ കമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് നീതി ഉറപ്പാക്കേണ്ടതുണ്ട്. അത് ഭരണഘടനാപരമായ ബാധ്യതയാണ്. എന്നാല്‍ ഇതില്‍ നിന്നും അവരെ തടയുന്ന ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുകയാണ്. കമ്മീഷന്‍റെ പരിഗണനാവിഷയങ്ങള്‍ വിപുലീകരിച്ചും ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയുമുള്ള ഇടപെടലുകള്‍ ഉദാഹരണം. ഇത് ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പതിനഞ്ചാം ധനകാര്യ കമീഷന്‍റെ പരിഗണനാ വിഷയങ്ങളിലും മാനദണ്ഡങ്ങളിലും കൈകടത്തി, കേരളത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട തുക നിഷേധിക്കുന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ സമീപനം. ബിജെപി സര്‍ക്കാര്‍ വന്ന ശേഷം 2011 ലെ ജനസംഖ്യ മാനദണ്ഡമാക്കാന്‍ (നേരത്തെ 1971ലെ സെന്‍സസ്സായിരുന്നു മാനദണ്ഡം.) ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടതു കാരണം നികുതി വിഹിതത്തിന്‍റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു. കൈവരിച്ച നേട്ടങ്ങള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയായി.
ഇതിനുപുറമേ, കേന്ദ്രവരുമാനത്തിന്‍റെ മൂന്നിലൊന്നും സെസ്സുകളും സര്‍ചാര്‍ജുകളും ആക്കുക വഴി സംസ്ഥാനങ്ങളുടെ വയറ്റത്തടിക്കുക കൂടി ചെയ്യുകയാണ് കേന്ദ്രം.
സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതം 41 ശതമാനമായി 15 ആം ധനകമീഷന്‍ നിശ്ചയിക്കുകയുണ്ടായി. എന്നാല്‍, കേന്ദ്രവരുമാനത്തിന്‍റെ മുന്നിലൊന്ന് (കഴിഞ്ഞ വര്‍ഷം 28.1 ശതമാനം) സെസും സര്‍ചാര്‍ജുമായി മാറ്റി. 2014-15 ല്‍ ഇത് വെറും 10 ശതമാനം മാത്രമായിരുന്നു. ഈ സെസ്സും സര്‍ചാര്‍ജും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ടതില്ല. അതിനാല്‍ തന്നെ, സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു കൊടുക്കേണ്ട തുകയില്‍ വലിയ കുറവ് വരുത്തി.
ജി.എസ്.ടി. നഷ്ടപരിഹാരം:
ജിഎസ്ടി നടപ്പാക്കുമ്പോള്‍, സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ നികുതി അവകാശങ്ങളുടെ 44 ശതമാനമാണ് അടിയറവ് വെക്കേണ്ടിവന്നത്. എന്നാല്‍ കേന്ദ്രത്തിന് നഷ്ടമായത് 28 ശതമാനം നികുതി അവകാശം മാത്രമാണ്. എന്നാല്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ വരുമാനത്തിന്‍റെ 50 ശതമാനം കേന്ദ്രത്തിനും 50 ശതമാനം സംസ്ഥാനത്തിനും എന്ന രീതിയില്‍ പങ്ക് വെക്കപ്പെട്ടു. ഇതിലൂടെ സംസ്ഥാനത്തിന് അടിയറവ് പറയേണ്ടി വന്ന നികുതി വരുമാനത്തേക്കാള്‍ കുറഞ്ഞവരുമാനമാണ് ലഭ്യമായിത്തുടങ്ങിയത്. അതായത്, ജിഎസ്ടി വന്നപ്പോള്‍ ഉണ്ടായ നികുതി നഷ്ടത്തേക്കാള്‍ കുറവാണ് ജിഎസ്ടി മൂലം ഉണ്ടായ വരുമാനം.
ഈ നികുതി അവകാശ നഷ്ടം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ജിഎസ്ടിയില്‍ 14 ശതമാനം വാര്‍ഷിക നികുതി വളര്‍ച്ചാ നിരക്ക് ഉറപ്പാക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍, ജിഎസ്ടി സമ്പ്രദായം നടപ്പാക്കിയതിലെ പോരായ്മകളും പ്രകൃതി ദുരന്തങ്ങളും കോവിഡുംമൂലം ഈ വളര്‍ച്ചാ നിരക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ഇതിന് പരിഹാരമായാണ് ജിഎസ്ടി നഷ്ടപരിഹാരം നിര്‍ദ്ദേശിക്കപ്പെട്ടത്.
2017 ജൂലൈ 1 മുതല്‍ 5 വര്‍ഷക്കാലത്തേക്കാണ് ജി.എസ്.ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കി വന്നത്. എന്നാല്‍, അനവധി കാരണങ്ങളാല്‍ ജി.എസ്.ടി.യുടെ ആദ്യ അഞ്ചു വര്‍ഷങ്ങള്‍ അനിശ്ചിതത്വം നിറഞ്ഞവയായിരുന്നു. ഇതില്‍ ആര്‍ക്കും രണ്ടഭിപ്രായം ഉണ്ടാകാനിടയില്ല. വാറ്റ് നികുതി കാലത്ത് സംസ്ഥാനങ്ങള്‍ക്ക് മിക്ക ചരക്കു വില്‍പനകള്‍ക്ക് മേലും ചുമത്തിയിരുന്ന 14.5 % നികുതിനിരക്ക് ജി.എസ്.ടി.യില്‍ 9% മായും ചിലതില്‍ 6% മായും കുറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ജി.എസ്.ടി. നിരക്കുകള്‍ 40 : 60 എന്ന അനുപാതത്തില്‍ പങ്കിടണമെന്ന അഭിപ്രായത്തിന്ന് വിദഗ്ധരുടെ ഇടയില്‍ പ്രാമുഖ്യമുണ്ടായിരുന്നു. കേരളം ഈ ആവശ്യം ശക്തിയായി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇത് തിരസ്കരിക്കപ്പെട്ടു. ജി.എസ്.ടി. നിരക്ക് പങ്ക് വെയ്ക്കലിലെ അസന്തുലിതാവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ആദ്യ 5 വര്‍ഷത്തിനൊടുവില്‍ നഷ്ടപരിഹാരം നിര്‍ത്തിയത്. ഇത് കേന്ദ്രസംസ്ഥാന നികുതി അസന്തുലിതാവസ്ഥയുടെ ആക്കം വര്‍ദ്ധിപ്പിച്ചു. സംസ്ഥാനങ്ങള്‍ക്ക് കുറച്ചുകൂടി ബ്രീത്തിങ്ങ് ടൈം നല്‍കേണ്ട ബാധ്യത ജിഎസ്ടി നിയമം നടപ്പിലാക്കാന്‍ തിടുക്കം കൂട്ടിയ കേന്ദ്രത്തിനുണ്ട് എന്നത് അവര്‍ മറന്നുപോവുകയാണ്.
റവന്യു കമ്മി ഗ്രാന്‍റ്:
മേല്‍ സൂചിപിച്ചതുപോലെ നമ്മുടെ കേന്ദ്രനികുതി വിഹിതം കുത്തനെ കുറഞ്ഞിരിക്കുകയാണ്. പൂര്‍ണ്ണമല്ലെങ്കിലും ചെറിയ ആശ്വാസമായിരുന്നു 2020 -21 മുതല്‍ 2023 -24 വരെ ലഭിച്ച റവന്യൂ കമ്മി ഗ്രാന്‍റുകള്‍. അതും ഇല്ലാതാകുകയാണ്.
15-ാം ധനകാര്യ കമ്മീഷനെ നിയമിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ പരിഗണനാ വിഷയങ്ങളില്‍ (ടേംസ് ഓഫ് റഫറന്‍സില്‍) പ്രത്യേകം എടുത്തു പറഞ്ഞ ഒരു കാര്യം റവന്യുക്കമ്മി നേരിടുന്ന സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക ഗ്രാന്‍റ് നല്‍കേണ്ടതില്ല എന്നായിരുന്നു. ഇതിനെ കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളും എതിര്‍ക്കുകയായിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ തികച്ചും വിവേചനപരമായ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ സമ്മേളനമുള്‍പ്പെടെ കേരളം വിളിച്ചു കൂട്ടി. ഒടുവില്‍ സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പിനു കമ്മീഷന് വഴങ്ങേണ്ടി വരികയായിരുന്നു. അങ്ങനെയാണ് ഈ കാലയളവില്‍ റവന്യു കമ്മി ഗ്രാന്‍റ് കേരളത്തിന് കിട്ടിയത്.
ഈ റവന്യു കമ്മി ഗ്രാന്‍റ് ഔദാര്യമായിരുന്നില്ല, മറിച്ച് അത് സംസ്ഥാനത്തിന്‍റെ അവകാശമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഏകപക്ഷീയമായി റവന്യു കമ്മി ഗ്രാന്‍റ് വെട്ടിക്കുറക്കുകയാണ് കേന്ദ്രം ചെയ്തത്. ഈ ഇനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8400 കോടി രൂപയാണ് ഈ വര്‍ഷം കേരളത്തിന് കുറവുവരുന്നത്. ഇതോടെ വായ്പാ നിയന്ത്രണം, ഗ്രാന്‍റുകള്‍ തടഞ്ഞുവയ്ക്കല്‍ എന്നിവയുടെ ആഘാതം ഒന്നു കൂടി വര്‍ദ്ധിക്കുകയാണ്. റവന്യു കമ്മി ഗ്രാന്‍റില്‍ ഉണ്ടായ ഇടിവാണ് നിലവിലെ ധനപ്രശ്നങ്ങളുടെ ഒരു പ്രധാന കാരണം.
മറ്റു വിഷയങ്ങള്‍:
കേരളം എല്ലാ മേഖലയിലും അവഗണിക്കപ്പെടുകയാണ്. പുതിയ പദ്ധതികള്‍ അനുവദിക്കുന്നില്ല. ഈ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കേരളത്തിന്‍റെ പേര് പരാമര്‍ശിക്കുന്നത് പോലും പരിമിതമാകുന്ന ദുരവസ്ഥയിലേക്ക് അവഗണന വളര്‍ന്നിരിക്കുന്നു. സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല ആവശ്യമായ എയിംസിന് ഒരു പരിഗണനയും കിട്ടിയിട്ടില്ല. എല്ലാ യോഗ്യതയുമുണ്ടായിട്ടും, ഭൂമിയുടെ രേഖകളും അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമെല്ലാം കേന്ദ്രത്തിന് കൈമാറിയിട്ടും കേന്ദ്രബഡ്ജറ്റില്‍ ഇത്തവണയും പരിഗണിച്ചില്ല.
ദേശീയ തലത്തില്‍ എയര്‍പോര്‍ട്ടുകള്‍ ലേലത്തില്‍ വച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം എയര്‍ പോര്‍ട്ടിന്‍റെ നടത്തിപ്പ് സംസ്ഥാനത്തിന് കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലേലത്തില്‍ ക്വാട്ട് ചെയ്ത ഉയര്‍ന്ന തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ ഇതവഗണിച്ച് വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് തീറെഴുതി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താനുള്ള പോയിന്‍റ് ഓഫ് കോള്‍ അംഗീകാരം ലഭ്യമാക്കാന്‍ അനുഭാവപൂര്‍ണമായ സമീപനം കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
കോഴിക്കോട് വിമാനത്താവളത്തില്‍ ഭൂമിയേറ്റെടുത്തിട്ടും നിര്‍മ്മാണത്തിനാവശ്യമായ ടെണ്ടര്‍ വിളിക്കുന്നതിലുണ്ടാകുന്ന കാലതാമസവും അവഗണനയുടെ മറ്റുചില ഉദാഹരണങ്ങളാണ്.
പുതിയ ട്രെയിനുകള്‍, പുതിയ പാതകള്‍, പാത ഇരട്ടിപ്പിക്കല്‍, നിലവിലെ പാതകളുടെ നവീകരണം, റെയില്‍വേ സ്റ്റേഷനുകളുടെ ആധുനിക വല്‍ക്കരണം തുടങ്ങി റെയില്‍വേ വികസനത്തിന്‍റെ സമസ്ത മേഖലകളിലും കേരളത്തിനെ അവഗണിക്കുന്ന നിലപാട് കേന്ദ്രം തുടരുകയാണ്.
സെമി ഹൈ സ്പീഡ് റെയില്‍ കോറിഡോറായ കെ റെയിലിന് (സില്‍വര്‍ലൈന്‍) സമാനമായ പദ്ധതികളെ രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് മാത്രം കടുത്ത വിവേചനം കാട്ടുകയാണ്.
കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി മാറ്റിയില്ലെങ്കില്‍ കേന്ദ്രസഹായം നിഷേധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം, സാമൂഹ്യാരോഗ്യ കേന്ദ്രം, താലൂക്ക് ആശൂപത്രി, ജില്ലാ ആശുപത്രി തുടങ്ങിയവയുടെ പേരാണ് മാറ്റേണ്ടത്. സമീപകാലത്ത് ആര്‍ദ്രംമിഷന്‍റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ഇതോടെ ഇവിടെ കൂടുതല്‍ ഡോക്ടര്‍മാരെയും നേഴ്സുമാരെയും നിയോഗിച്ച് കാലത്തും വൈകിട്ടും ഒപിയാക്കി. ഫാര്‍മസി അടക്കമുള്ള കെട്ടിടസൗകര്യങ്ങള്‍ വിപുലീകരിച്ചു. ലാബ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും കൂടുതല്‍ മരുന്നുകള്‍ ലഭ്യമാക്കുകയും ചെയ്തു. ഇവയുടെ ചെലവിന്‍റെ 95% വഹിച്ചതു സംസ്ഥാന സര്‍ക്കാരാണ്. ഓരോന്നിനും ഒരുകോടി രൂപ വരെ ആസ്തിയുണ്ട്. ഈ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആയുഷ്മാന്‍ ഭാരതില്‍ നിന്നും അഞ്ചുലക്ഷം രൂപ വീതമാണ് ഉപയോഗിച്ചത്. ഈ വര്‍ഷം അവസാനിക്കുംമുമ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും കേന്ദ്ര സര്‍ക്കാരിന്‍റെ പേര് പ്രദര്‍ശിപ്പിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഇതിനുവേണ്ടി 3000 രൂപ വീതം കേന്ദ്രം അനുവദിച്ചിരിക്കുകയാണ്. ഒരു കോടി രൂപയോളം മുടക്കുന്ന കേരള ഗവണ്മെന്‍റിന്‍റെ ബ്രാന്‍റിംഗ് ഒന്നും തന്നെ ഇല്ലാത്തപ്പോഴാണ് അഞ്ചുലക്ഷം രൂപ മാത്രം മുടക്കുകയും പേര് എഴുതാന്‍ 3000 വീതം നല്‍കുകയും ചെയ്ത് ബ്രാന്‍റിങ്ങിനായി കേന്ദ്രം ശ്രമിക്കുന്നത്.
കേരളത്തില്‍ നിലവിലുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കു കേരളം ഒരുവര്‍ഷം ചെലവാക്കുന്നത് 1200 കോടി രൂപയാണ്. ഇതിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് വെറും 130 കോടി രൂപ മാത്രമാണ്. അതായത് 10 ശതമാനം മാത്രം. കേന്ദ്രസഹായമുള്ള ഗുണഭോക്താക്കളുടെ എണ്ണം 22 ലക്ഷം മാത്രമാണ്. അവര്‍ക്ക് ശരാശരി 600 രൂപ വീതമാണു നല്‍കുന്നത്. എന്നാല്‍ കേരള സര്‍ക്കാര്‍ 42 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് നല്‍കുന്നുണ്ട്. ശരാശരി ചെലവാക്കുന്നത് 2800 രൂപ വീതം. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ڇആയുഷ്മാന്‍ ഭാരത് കാരുണ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ڈ എന്ന പേര് പോലും പറ്റില്ല എന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. പേരില്‍ നിന്നും څകാരുണ്യچ എന്ന വാക്ക് നീക്കം ചെയ്യണം എന്നാണ് പിടിവാശി. സംസ്ഥാന സര്‍ക്കാര്‍ വലിയ പങ്ക് വഹിച്ച് നടപ്പാക്കുന്ന പദ്ധതികളെ കേന്ദ്രസര്‍ക്കാരിന്‍റെ സ്വാര്‍ത്ഥലക്ഷ്യത്തോടെയുള്ള പ്രചാരത്തിന്‍റെ ഉപാധിയാക്കാനുള്ള നിര്‍ബന്ധമാണ് ഉണ്ടാകുന്നത്.
കേന്ദ്ര സര്‍ക്കാര്‍ വില്പനയ്ക്ക് വെച്ച പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയാണ് സംസ്ഥാന ഗവണ്‍മെന്‍റ് ലേലത്തില്‍ പങ്കെടുത്ത് വിലയ്ക്ക് വാങ്ങി കേരള പേപ്പര്‍ പ്രോഡക്റ്റ്സ് ലിമിറ്റഡ് (കെപിപിഎല്‍) എന്ന പേരില്‍ വിജയകരമായി കോട്ടയം വെള്ളൂരില്‍ ഇപ്പോള്‍ നടത്തിവരുന്നത്. അതോടൊപ്പം, കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്ക്കരിക്കുവാന്‍ തീരുമാനിച്ച, സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന, സംയുക്ത സംരംഭമായിരുന്ന ഭെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍ ലിമിറ്റഡിന്‍റെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും കെ.ഇ.എല്‍- ഇ.എം.എല്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.
കേന്ദ്ര ഇറക്കുമതി നയംകാരണം ഉള്‍പ്പടെ ബുദ്ധിമുട്ടിലായ റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്ന ഒരു നടപടിയും ഉണ്ടാകുന്നില്ല. ഇങ്ങനെ അവഗണനയും ധനഞെരുക്കവും കേരളത്തെ സമരപാതയിലിറങ്ങാന്‍ നിര്‍ബന്ധിതമാക്കുകയാണ്.
മറ്റൊരു പ്രധാന വിഷയം ഗവര്‍ണര്‍ പദവിയുമായി ബന്ധപ്പെട്ടതാണ്. ഗവര്‍ണര്‍മാര്‍ എങ്ങനെ പ്രവര്‍ത്തിക്കരുത് എന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാന നിയമസഭകളെ നോക്കുകുത്തികളാക്കുന്ന സാമ്രാജ്യത്വ കാലത്തെ റസിഡന്‍റ്മാരെപോലെ പോലെ പെരുമാറുകയാണ്. ഇതുമൂലം ഫെഡറലിസത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ നിയമപോരാട്ടങ്ങളും ജനകീയ പോരാട്ടങ്ങളും വേണ്ടി വരുന്നു. നിയമസഭ അംഗീകരിച്ച ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെയും വഴിയില്‍ കുത്തിയിരുപ്പ് നടത്തിയുമുള്ള ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളം വേദിയാകുന്നത്. ചാന്‍സിലര്‍ പദവി ഉപയോഗിച്ച് സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം പോലും അട്ടിമിറക്കുന്നു. ഭരണഘടനാ മൂല്യങ്ങളുടെ നിരാസമായി ഇത് മാറുകയാണ്. അടിയന്തരാവസ്ഥയുടെ അനുഭവമൊഴിച്ചാല്‍ ഇത്രയും ഗൗരവമേറിയ വെല്ലുവിളികള്‍ ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങള്‍ നേരിട്ട ചരിത്രമില്ല.
അവഗണനയുടെ അനേകം അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും ബദല്‍ മാര്‍ഗങ്ങള്‍ ഉയര്‍ത്തി അതിജീവനത്തിന് കേരളം ശ്രമിക്കുകയാണ്. എന്നാല്‍ അത്തരം അതിജീവനം പോലും പൊറുപ്പിക്കില്ല എന്ന വാശിയോടെ കേന്ദ്രം പ്രതികാര മനോഭാവം തുടരുന്നു. ഈ സാഹചര്യത്തില്‍, സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ രാജ്യത്തിന്‍റെയാകെ ശ്രദ്ധയില്‍ കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാരിനെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്താനാണ് സംസ്ഥാനത്തിന് ഇത്തരമൊരു മാര്‍ഗം സ്വീകരിക്കേണ്ടിവരുന്നത്.
പ്രളയങ്ങളും മഹാമാരികളും ആഞ്ഞടിച്ചപ്പോഴും ഉലയാതെ നിന്നു പൊരുതിയ ചരിത്രമാണ് കേരളത്തിന്‍റേത്. മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച് ഒറ്റക്കെട്ടായി ഓരോ പ്രതിസന്ധിയും ഞങ്ങള്‍ മറികടന്നു. രാജ്യത്തിനു തന്നെ അഭിമാനകരമായ അനവധി നേട്ടങ്ങള്‍ സ്വന്തമാക്കി.
നീതി ആയോഗിന്‍റെ ദേശീയ മള്‍ട്ടി ഡയമെന്‍ഷണല്‍ ദാരിദ്ര സൂചികയില്‍ കുറവ് ദാരിദ്രമുള്ള സംസ്ഥാനം, നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികള്‍ പ്രകാരം രാജ്യത്തൊന്നാമത്തെ സംസ്ഥാനം, 2021ലെ പബ്ലിക് അഫയേര്‍സ് ഇന്‍ഡെക്സില്‍ ഒന്നാം സ്ഥാനം , കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ മികവിന്‍റെ സൂചികയില്‍ ഒന്നാം സ്ഥാനം, നീതി ആയോഗിന്‍റെ ആരോഗ്യ സൂചികയില്‍ ഒന്നാം സ്ഥാനം, ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ആരോഗ്യ മന്ഥന്‍ പുരസ്കാരം, ഇന്ത്യ ടുഡേ നടത്തിയ ഹാപ്പിനെസ്സ് ഇന്‍ഡക്സ് സര്‍വേയില്‍ ഒന്നാം സ്ഥാനം തുടങ്ങി അസഖ്യം നേട്ടങ്ങള്‍ കേരളം കഴിഞ്ഞ 8 വര്‍ഷക്കാലയളവില്‍ സ്വന്തമാക്കി.
എന്നാല്‍ മികവില്‍ നിന്നും കൂടുതല്‍ മികവിലേയ്ക്ക് പോകാന്‍ കേരളത്തെ പിന്തുണയ്ക്കുന്നതിനു പകരം ആ മുന്നേറ്റത്തിനു തടസ്സങ്ങള്‍ സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രളയങ്ങളുടേയും മഹാമാരിയുടേയും ഘട്ടങ്ങളില്‍ അര്‍ഹമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനു പകരം ആവശ്യങ്ങളോട് മുഖം തിരിക്കുക മാത്രമല്ല, അവയ്ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഹൃദയശൂന്യതയോടുള്ള പ്രതിഷേധം കൂടിയാണ് നടക്കുന്ന സമരം.
ഇന്ത്യയുടെ ഐക്യവും ഭദ്രതയും കാത്തുസൂക്ഷിക്കാന്‍ ശക്തമായ കേന്ദ്രവും ശാക്തീകരിക്കപ്പെട്ട സംസ്ഥാനങ്ങളും അനിവാര്യമാണ്. ഈ വലിയ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള സുപ്രധാന ചുവടുവെപ്പാണ് ഡല്‍ഹിയില്‍ കേരളം സംഘടിപ്പിക്കുന്ന പരിപാടി. ഇതിന് ജനാധിപത്യവിശ്വാസികളായ എല്ലാവരുടെയും അകമഴിഞ്ഞ സഹായവും സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിക്കുകയാണ്.