Opinion

പതിനാറു വയസ്സുള്ള അനിഖയുടെ മറുപടി ഒരു പ്രതീക്ഷയാണ്

'ബ്രാ എന്നോ പാന്റി എന്നോ കേള്‍ക്കുമ്പോള്‍ 'അയ്യേ' എന്നു പറഞ്ഞു ചൂളേണ്ടവരല്ല നിങ്ങള്‍..നിന്റെ ശരീരം നിന്റെ അഭിമാനമാണ്. അതിനെ മാനം, ചാരിത്ര്യമെന്നൊക്കെയുള്ള കടുകട്ടി വാക്കുകളില്‍ പൂട്ടിയിരിക്കുന്നത് മനുസ്മൃതിയുടെ വക്താക്കളാണ്'. സോഷ്യല്‍ മീഡിയ ലൈവില്‍ അടിവസ്ത്രത്തിന്റെ അളവ് ചോദിച്ച് കമന്റിട്ടയാള്‍ക്ക് നടി അനിഖ നല്‍കിയ മറുപടി ചര്‍ച്ചയായിരുന്നു. പെണ്‍കുട്ടികള്‍ കടന്നു പോകുന്ന ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് ദീപ സൈറ എഴുതുന്നു.

പതിനാറ് വയസ്സുള്ള അനിഖയുടെ മറുപടി ഒരു പ്രതീക്ഷയാണ്. സോഷ്യല്‍ മീഡിയയില്‍ തന്റെ ബ്രായെകുറിച്ച് ഉപദേശം ചോദിച്ചവനോട് അവള്‍ ചൂടായില്ല, അസ്വസ്ഥയുമായില്ല. പകരം, അവളുപയോഗിക്കുന്ന കോട്ടണ്‍ ബ്രായെകുറിച്ചും, അത് കാഴ്ചയ്ക്ക് അത്ര നല്ലതല്ലാത്തതിനാല്‍ ഓണ്‍ലൈനിലാണ് വാങ്ങിക്കുന്നതെന്നും, വാങ്ങുന്ന സൈറ്റും കൂടി പറഞ്ഞുകൊടുത്തു. ചോദിച്ചവന്‍ നല്ലതുപോലെ വിളറികാണണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അത്തരമൊരു ചോദ്യത്തില്‍ വിളറിവെളുത്തു നിന്ന പതിനാറുകാരിയായ എന്നെ എനിക്കോര്‍മയുണ്ട്. ഇന്ന് അനിഖയുടെ മറുപടി കേള്‍ക്കുമ്പോള്‍ എന്നിലെ അന്നത്തെ പതിനാറുകാരിക്ക് വലിയ ആത്മസംതൃപ്തിയാണുള്ളത്.

പ്രീഡിഗ്രി ഒന്നാം വര്‍ഷം തേവര കോളേജില്‍ പഠിക്കുമ്പോള്‍ ആണ് കോളേജ് ഗേറ്റിനടത്തു വെച്ച് സംഭവമുണ്ടാകുന്നത്. 'ബ്രായുടെ സൈസ് എത്രയാ മോളേ' എന്ന സീനിയര്‍ പയ്യന്റെ ചോദ്യത്തില്‍ ഞാന്‍ ആകെയുലഞ്ഞു. വിയര്‍ത്തു കുളിച്ചു നിന്ന എന്നെ നോക്കി ഒരു വഷളന്‍ ചിരിയും ചിരിച്ച് അയാള്‍ പോയി. പിന്നീട് പലപ്പോഴും റാഗ് ചെയ്ത ബാക്കി സീനിയേഴ്‌സ് എല്ലാവരോടും കൂട്ടായപ്പോഴും ഈ മനുഷ്യനെ കാണുമ്പോള്‍ ഞാനാകെ ഉരുകുമായിരുന്നു. എന്റെ സ്ത്രീത്വത്തിന് ഏറ്റ അപമാനമായി ഞാന്‍ അതിനെ കണക്കാക്കി. എന്റെ ശരീരത്തെ അപമാനിച്ചുവെന്ന തോന്നലായിരുന്നു. അത് എന്റെ ആത്മവിശ്വാസത്തെ തന്നെ തകര്‍ത്തു.

'ബ്രായുടെ സൈസ് എത്രയാ മോളേ' എന്ന സീനിയര്‍ പയ്യന്റെ ചോദ്യത്തില്‍ ഞാന്‍ ആകെയുലഞ്ഞു. വിയര്‍ത്തു കുളിച്ചു നിന്ന എന്നെ നോക്കി ഒരു വഷളന്‍ ചിരിയും ചിരിച്ച് അയാള്‍ പോയി.

ബസില്‍ നില്‍ക്കുമ്പോള്‍ സേഫ്റ്റി പിന്‍ ഇല്ലാതെ യാത്ര ചെയ്യാന്‍ സാധിക്കാത്ത സ്ത്രീകളുണ്ട് നമ്മുടെ നാട്ടില്‍. സാരിയ്ക്കിടയിലൂടെ കാണുന്ന വയറും ബ്ലൗസിന്റെ വട്ടവും നോക്കി വെള്ളമിറക്കുന്നവര്‍. തടിച്ച മാറിടവും ശരീരവുമാണെങ്കില്‍ ' എന്നാ ചരക്കാ ടാ' എന്ന് പരസ്പരം പറഞ്ഞ് കളിയാക്കുന്നവര്‍, എന്തിന് അധ്യാപികമാരെ പോലും വെറുതെ വിടാത്ത വിദ്യാര്‍ത്ഥികളുണ്ട്. ലൈംഗിക വിദ്യാഭ്യാസക്കുറവ് എങ്ങനെ ആളുകളെ മോശം വ്യക്തികളാക്കുന്നുവെന്നതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് അനിഖയ്ക്കുണ്ടായ അനുഭവം.

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് കാരണം അവരുടെ വസ്ത്രം, അവരുടെ ജോലി, പുറത്തിറങ്ങുന്ന സമയം, സൗഹൃദങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണെന്ന ആണ്‍ബോധം നിലനില്‍ക്കുന്ന നാട്ടില്‍ ഇത്തരം മാനസികവും ശാരീരികവുമായ ആക്രമണങ്ങള്‍ക്ക് മറുപടി പോലും പറയാനാകാതെ വിയര്‍ത്തുനില്‍ക്കുന്നവര്‍ എത്രയായിരിക്കും. അതുകൊണ്ടാണ് അനിഖ ഒരു പ്രതീക്ഷയാണെന്ന് പറഞ്ഞത്.

എങ്ങനെയാണ് ഒരു ആണ്‍കുട്ടിക്ക് സ്ത്രീ ശരീരം തന്നെയാണ് അവള്‍ക്കെതിരെയുള്ള ആയുധമെന്ന് തോന്നുന്നത്?

എങ്ങനെയാണ് ഒരു പെണ്‍കുട്ടിക്ക് അത്തരമൊരു തോന്നലുണ്ടാകുന്നത്? അല്ലെങ്കില്‍ എങ്ങനെയാണ് ഒരു ആണ്‍കുട്ടിക്ക് സ്ത്രീ ശരീരം തന്നെയാണ് അവള്‍ക്കെതിരെയുള്ള ആയുധമെന്ന് തോന്നുന്നത്?

കൗമാരത്തിലേക്ക് കടക്കുന്ന ആണ്‍കുട്ടികള്‍ക്ക് സ്വഭാവികമായി ഉണ്ടാകുന്ന ചില കൗതുകങ്ങളെയും സംശയങ്ങളെയും ആരോഗ്യപരമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്തിടത്താണ് ഇതിന്റെയെല്ലാം തുടക്കം. ആര്‍ത്തവമെന്താണെന്നും, പെണ്‍ ശരീരത്തിന്റെ പ്രത്യേതയെന്താണെന്നും സ്‌കൂള്‍ തലത്തിലോ, വീട്ടില്‍ മാതാപിതാക്കളില്‍ നിന്നോ കൃത്യമായ വിവരം ഇവര്‍ക്കൊന്നും ലഭിക്കുന്നില്ല.

അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാതാപിതാക്കള്‍ ഒളിച്ചുകളിക്കുകയും, അധ്യാപകര്‍ വഴക്കുപറയുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഒളിഞ്ഞുനോട്ടവും, ദ്വയാര്‍ത്ഥപ്രയോഗങ്ങളും ആണ്‍കുട്ടികള്‍ ശീലമാക്കുന്നു. ഒരു തലമുറ തന്നെ ആ സ്വഭാവം പഠിച്ചു വെയ്ക്കുന്നു. പെണ്ണിന്റെ ശരീരവും അത് മറയ്ക്കുന്ന അടിവസ്ത്രവും അവന് എന്തോ അപ്രാപ്യമായ കൗതുകമായി മാറുന്നു.

ഒരാണും പെണ്ണും കൈകോര്‍ത്തു പിടിച്ചു കണ്ടാല്‍ ഉടനെ സ്റ്റാഫ്റൂമിലേക്ക് വിളിപ്പിച്ച് നിര്‍ത്തിപ്പൊരിക്കുന്ന ടീച്ചര്‍മാരൊന്നും ഇന്നും അന്യം നിന്നുപോയിട്ടില്ല.

ഒരു എട്ട് വയസ്സു മുതലെങ്കിലും സ്വന്തം ശരീരത്തെ ഭയപ്പെടാന്‍ ഒരു പെണ്‍കുട്ടി ശീലിച്ചു തുടങ്ങിയിട്ടുണ്ടാകും. 'പെമ്പിള്ളേരിങ്ങനെ കാലും കാണിച്ച് നടക്കുവോ? 'കുര്‍ത്ത കൊള്ളാം, പക്ഷെ ഷോള്‍ എവിടെ?' ഇങ്ങനെ നൂറു ചോദ്യങ്ങളായിരിക്കും പെണ്‍കുട്ടിക്ക് കേള്‍ക്കേണ്ടി വരുന്നത്. ഇങ്ങനെ കേള്‍ക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിക്ക് അവളുടെ ശരീരം മറയ്ക്കപ്പെടേണ്ടതാണ് എന്ന് മാത്രമല്ല, പുറത്തു കണ്ടാല്‍ അതില്‍പ്പരമൊരു നാണക്കേടില്ല എന്നുകൂടിയാണ് മനസില്‍ പതിയുക.

ഇനി സ്‌കൂളില്‍ ചെന്നാലോ? ബ്രായുടെ വള്ളി പുറത്തു കാണുമ്പോള്‍ ആണുകുട്ടികളുടെ കമന്റിനേക്കാള്‍ അവളെ വിഷമിപ്പിക്കുക കൂട്ടുകാരികളുടെ കണ്ണും കലാശവും കാണിച്ചുള്ള അടക്കിച്ചിരിയാവും. ഒരാണും പെണ്ണും കൈകോര്‍ത്തു പിടിച്ചു കണ്ടാല്‍ ഉടനെ സ്റ്റാഫ്റൂമിലേക്ക് വിളിപ്പിച്ച് നിര്‍ത്തിപ്പൊരിക്കുന്ന ടീച്ചര്‍മാരൊന്നും ഇന്നും അന്യം നിന്നുപോയിട്ടില്ല.

സ്‌കൂളില്‍ പോലും സാര്‍, മാഡം വിളി വേണ്ടാത്ത ഫിന്‍ലന്‍ഡ്, വിവേചനപരമായ പെരുമാറ്റം ഒരു കുറ്റകൃത്യമാണ് ഇവിടെകുത്തിവയ്ക്കപ്പെടുന്ന അതിതീവ്ര സദാചാരബോധമുണ്ടാക്കുന്ന ജിജ്ഞാസയും ഭീതിയും വളര്‍ത്തിയെടുക്കുന്നത് ലൈംഗിക അരാജകത്വവും വൈകൃതങ്ങളും നിറഞ്ഞ കുറെ മനുഷ്യരെയാണ് എന്നതാണ് വസ്തുത. പക്ഷെ ഇനിയുള്ള ഒരു തലമുറയെ എങ്കിലും ഇത്തരത്തില്‍ വാര്‍ത്തെടുക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ പ്രധാന പങ്കുവഹിക്കേണ്ടത് മാതാപിതാക്കളും ഗുരുക്കന്മാരുമാണ്. അപ്പോഴും കുട്ടിക്ക് എങ്ങനെ ഇത് പറഞ്ഞു കൊടുക്കണമെന്നത് എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്.

അമ്മയുടെ ശരീരം തന്നെയാണ് എല്ലാ പെണ്ണുങ്ങള്‍ക്കും. അതില്‍ അമിതമായി ജിജ്ഞാസപ്പെടാന്‍ ഒന്നുമില്ല എന്നാണ് ടീനേജിലെത്തിയ എന്റെ മൂത്ത മകനോട് ഞാന്‍ പറഞ്ഞുകൊടുത്തത്.

എത്തി നോക്കാനോ, തൊട്ടു നോക്കാനോ ഉള്ള ഒന്നും പുതുതായി ഒരു പെണ്ണിന്റെയും ശരീരത്തില്‍ ഇല്ല. സ്ത്രീകളും സ്ത്രീനിയമങ്ങളും ഇപ്പോള്‍ അതിശക്തമാണ്. മോശമായ നോട്ടവും വാക്കും പ്രവൃത്തിയും നിനക്ക് നേടിത്തരുന്നത് കഠിനമായ നിയമനടപടികളാവും. അങ്ങനെയൊന്ന് സംഭവിച്ചാല്‍ അച്ഛനും അമ്മയ്ക്കും നിന്നെ ഒരു തരത്തിലും പിന്തുണയ്ക്കാന്‍ കഴിയില്ല എന്നും മകനോട് വിശദമാക്കി നല്‍കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.

മറ്റൊരാളുടെ സ്വകാര്യതയെ മാനിക്കുക. ഒരാള്‍ നിന്നില്‍ നിന്ന് മറച്ചുപിടിക്കുന്ന ഒന്നിലേക്ക് എത്തിനോക്കാതിരിക്കുക. അത് മറ്റൊരാളുടെ ജീവിതത്തിലേക്കായാലും ശരി, ശരീരത്തിലേക്കായാലും ശരി എന്ന് മക്കളെ, പ്രത്യേകിച്ച് ആണ്‍മക്കളെ ബോധ്യപ്പെടുത്താനാകണം.

ആര്‍ത്തവവും സ്ത്രീശരിരത്തില്‍ കൗമാരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും അടക്കം കൃത്യമായ ബയോളജിക്കല്‍ പ്രോസസ് സഹിതം പറഞ്ഞു കൊടുക്കാം. അവനുള്ളിലുണ്ടാകുന്നത് പോലെ അവളിലെയും ഓരോ മാറ്റവും തികച്ചും സ്വാഭാവികമായ ഒന്നാണ് എന്നു മാത്രം പറഞ്ഞുകൊടുക്കുക.

'മാനം പോയി, ചാരിത്ര്യം നഷ്ടപ്പെട്ടു' തുടങ്ങിയ വിഡ്ഢിവാക്കുകളില്‍ വിശ്വസിക്കാതെ ഇരിക്കേണ്ടത് അത്യാവശ്യമാണ്. മാലിന്യവും,ശുദ്ധിയും മനസ്സിനാണ്, ശരീരത്തിനല്ല എന്നു നല്ലവണ്ണം മനസിലാക്കാനും സാധിക്കണം.

ഇതൊക്കെ ശരിയായ രീതിയില്‍ മനസിലാക്കികൊടുക്കണമെങ്കില്‍ മാതാപിതാക്കളും കുട്ടികളും തമ്മില്‍ തുറന്നു സംസാരിക്കാനുള്ള ഇടവും സ്വാതന്ത്ര്യവും വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്വന്തം ശരീരം തനിക്കെതിരെ ആയുധമാക്കപ്പെടുന്നത് തടയാന്‍ പെണ്കുട്ടികളോടും ചിലത് പറഞ്ഞൂ കൊടുക്കേണ്ടതുണ്ട്.

മറ്റൊരാള്‍ അവളുടെ ശരീരത്തെ വേദനിപ്പിക്കുകയോ, സ്വകാര്യതയെ പകര്‍ത്തുകയോ, ശരീരത്തെ കുറിച്ച് മോശമായ വാക്കുകള്‍ പറയുകയോ ചെയ്താല്‍, സ്വയം വെറുക്കാതിരിക്കാനാണ് ആദ്യം പഠിപ്പിക്കേണ്ടത്. വെറുക്കപ്പെടേണ്ടവനും ചൂളേണ്ടവനും ശിക്ഷിക്കപ്പെടേണ്ടവനും അവളെ ഉപദ്രവിച്ചയാള്‍ മാത്രമാണെന്ന മനസിലാക്കിക്കൊടുക്കേണ്ടതുണ്ട്.

'മാനം പോയി, ചാരിത്ര്യം നഷ്ടപ്പെട്ടു' തുടങ്ങിയ വിഡ്ഢിവാക്കുകളില്‍ വിശ്വസിക്കാതെ ഇരിക്കേണ്ടത് അത്യാവശ്യമാണ്. മാലിന്യവും,ശുദ്ധിയും മനസ്സിനാണ്, ശരീരത്തിനല്ല എന്നു നല്ലവണ്ണം മനസിലാക്കാനും സാധിക്കണം. സ്ത്രീകളെ ഉപദ്രവിക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടു വരാന്‍ ഉറച്ച് നില്‍ക്കാന്‍ സാധിക്കണം. അതിന് മാതാപിതാക്കളുടെ പിന്തുണയും ഉണ്ടായിരിക്കണം.

ഒരുത്തന്‍ വാക്ക് കൊണ്ടോ പ്രവൃത്തികൊണ്ടോ ഇത്തിരി ചെളി തെറിപ്പിച്ചാല്‍ ഞാനത് നല്ല സോപ്പിട്ടങ്ങു കഴുകിക്കളയും, അത്ര തന്നെ' എന്നു പറയാനും അപ്പോള്‍ അവര്‍ക്ക് കഴിയും.

വസ്ത്ര സ്വാതന്ത്ര്യം നല്‍കി പെണ്മക്കളെ വളര്‍ത്തണമെന്ന് ഇനിയുള്ള മാതാപിതാക്കളെങ്കിലും ചിന്തിക്കേണ്ട കാലമാണിത്. പുതച്ചു മൂടി നടക്കുന്നതല്ല, പകരം വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതും നല്ല പെരുമാറ്റം കാഴ്ച വെയ്ക്കുന്നതുമാണ് 'സഭ്യത' എന്ന വാക്കിന്റെ അര്‍ത്ഥമെന്ന് പറഞ്ഞു മനസിലാക്കാനാകണം. ഒരു പെണ്‍കുട്ടിക്ക് ഇഷ്ടപ്പെടാത്ത നോട്ടമോ പെരുമാറ്റമോ ഒരാളില്‍ നിന്നുണ്ടായാല്‍ നിയമ സഹായം എവിടെ നിന്ന് എങ്ങനെ ലഭിക്കുമെന്ന് കൂടി കൃത്യമായി പറഞ്ഞു കൊടുക്കേണ്ടതുണ്ട്.

ബ്രായുടെ സൈസ് ചോദിച്ചപ്പോള്‍ ചൂളി നിന്ന എന്നിലെ ആ പതിനാറുവയസ്സുകാരിയില്‍ നിന്ന് രൂക്ഷമായി ഒരൊറ്റ നോട്ടത്തില്‍ ചോദിക്കുന്നവന്റെ തല കുനിപ്പിക്കാന്‍ കഴിയുന്നവളായി അവള്‍ വളര്‍ന്നുകൊള്ളും. 'അറിഞ്ഞിട്ടെന്തിനാടാ' എന്നു തിരിച്ചു ചോദിക്കാനും, അത്ര ബുദ്ധിമുട്ടുള്ളവര്‍ക്ക് ആ സൈസ് കൂളായി പറഞ്ഞു കൊടുക്കാനും, 'എന്റെ ശരീരം എന്റെ അഭിമാനമാണ്, ഒരുത്തന്‍ വാക്ക് കൊണ്ടോ പ്രവൃത്തികൊണ്ടോ ഇത്തിരി ചെളി തെറിപ്പിച്ചാല്‍ ഞാനത് നല്ല സോപ്പിട്ടങ്ങു കഴുകിക്കളയും, അത്ര തന്നെ' എന്നു പറയാനും അപ്പോള്‍ അവര്‍ക്ക് കഴിയും.

എന്റെ പെണ്‍കുട്ടികളെ, ഒരു നോട്ടത്തിലോ വഷളന്‍ ചോദ്യത്തിലോ ഇല്ലാതാവുന്നവരല്ല നിങ്ങള്‍! നമ്മുടെ അടിവസ്ത്രങ്ങളോ ശരീരഭാഗങ്ങളോ സംസാരിക്കാനും ചര്‍ച്ച ചെയ്യാനും കൊള്ളാത്തവയല്ല...ബ്രാ എന്നോ പാന്റി എന്നോ കേള്‍ക്കുമ്പോള്‍ 'അയ്യേ' എന്നു പറഞ്ഞു ചൂളേണ്ടവരല്ല നിങ്ങള്‍..നിന്റെ ശരീരം നിന്റെ അഭിമാനമാണ്... അതിനെ മാനം, ചാരിത്ര്യമെന്നൊക്കെയുള്ള കടുകട്ടി വാക്കുകളില്‍ പൂട്ടിയിരിക്കുന്നത് മനുസ്മൃതിയുടെ വക്താക്കളാണ്. ആ കാലം കഴിഞ്ഞെന്ന് തിരുത്തിക്കൊടുക്കുക. ആ കാലത്തിലേക്ക് ഇനി തിരികെയില്ലെന്ന് മനസിലാക്കിക്കൊടുക്കുക, അനിഖയെപ്പോലെ.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT