Opinion

ഉയർച്ച താഴ്ച്ചകളിലെ ബുദ്ധ

ബുദ്ധ ബാബു എന്ന് ജനം വിളിച്ച ബുദ്ധദേബ് ഭട്ടാചാര്യ ഇനിയില്ല. എക്കാലവും ജനത്തിനൊപ്പം നിന്ന ജ്യോതിബസു ഏറെ മുൻപേ പോയി. അന്ന് പാർട്ടിയുടെ തകർച്ച കണ്ടല്ല ജ്യോതിബസു പോയത്. ബുദ്ധ പോകുമ്പോൾ ബംഗാൾ ത്രിപുരയും തകർന്നടിഞ്ഞതും പാർട്ടിയുടെ തിരിച്ചടിയും കണ്ട് പോകേണ്ടിവന്നു. ഒരു രാഷ്ട്രീയ ചരിത്രം കൂടി ബുദ്ധയിലൂടെ അസ്തമിക്കുന്നു. 

ജ്യോതിബസു സ്ഥാനമൊഴിയുന്ന ഘട്ടത്തിൽ ബംഗാൾ മാർക്സ്റ്റിസ്റ്റ് പാർട്ടിയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തിന് ചേരുന്ന നിരവധി ഓപ്ഷനുകളുണ്ടായിരുന്നു. സുഭാഷ് ചക്രവർത്തി പോലെ സംഘാടന മികവുള്ള നേതാവ്, അനിൽ ബിശ്വാസിനെ പോലെ ദീർഘകാലം സംസ്ഥാന സെക്രട്ടറിയായിരുന്നയാൾ, ബിമൻ ബോസിനെ പോലെ ആളെ കയ്യിലെടുത്ത് സംസാരിക്കാനറിയാവുന്ന നേതാവ്, നിരുപം സെന്നിനെ പോലെ പല വിഷയങ്ങളിൽ ധാരണയുള്ളൊരു ലീഡർ.... പക്ഷേ പാർട്ടി തെരഞ്ഞെടുത്തത് ബുദ്ധയെയാണ്. ബുദ്ധദേബ് ഭട്ടാചാര്യ എന്ന ജ്യോതിബാസു സർക്കാരിനെ ഏറ്റവും നല്ല മന്ത്രിയെ സിപിഐഎം തെരഞ്ഞെടുക്കാൻ ഒരു തടസ്സവുമുണ്ടായില്ല. മുഖ്യമന്ത്രിയായിപ്പോൾ ആദ്യ ഘട്ടത്തിൽ ബംഗാളിന്റെ പ്രതീക്ഷ വാനോളം ഉയരുകയും എതിർപക്ഷത്തെ നേതാക്കൾ അടക്കം ബുദ്ധ അനിഷേധ്യനും അഴിമതിവിരുദ്ധനുമാണ് എന്ന്  പരസ്യമായി പറയുകയും ചെയ്തു. പിന്നീടുണ്ടായത് ചരിത്രത്തിലെ വലിയ യൂടേൺ. ഇന്ത്യൻ മുഖ്യധാരാ മാർക്സിസ്റ്റ് ധാരയുടെ മൊത്തം ആത്മവിശ്വാസത്തെ തന്നെ കെടുത്തിക്കളയും വിധമായി പിന്നീടത് മാറി. പാർട്ടി പിന്തുണയോടെ കൊണ്ടുവന്ന വ്യവസായനയവും ഭൂമി ഏറ്റെടുക്കലും വിവാദങ്ങളും വെടിവെപ്പും മരണവും സംഘർഷങ്ങളും ബംഗാൾ മാർക്സിസ്റ്റ് പാർട്ടിയുടെ അടിവേര് വെട്ടുന്നതിന്റെ ചരിത്രസാക്ഷ്യം കൂടിയായി പിന്നീട് കാലം.

കൊളംബിയൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെ - കപ്പൽചേതം വന്ന നാവികന്റെ കഥ - എന്ന നോവലിന്റെ ബംഗാളി പരിഭാഷകന്റെ പേര് ബുദ്ധദേബ് ഭട്ടാചാര്യയെന്നാണ്. വ്ലാദിമിർ മയക്കോവ്സ്കിയുടെ കവിതകളും ബുദ്ധ പരിഭാഷപ്പെടുത്തി. അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യകാലത്ത് വേഷംമാറി സ്വന്തം നാടായ ചിലിയിലെത്തിയ ചലച്ചിത്രകാരൻ മിഗ്വൽ ലിറ്റിന്റെ അനുഭവം മാർകേസ് നീണ്ട കുറിപ്പായി എഴുതിയപ്പോൾ അതിന്റെ ബംഗാളി പരിഭാഷകനായതും ബുദ്ധ തന്നെ. 80 - 90 കാലഘട്ടങ്ങളിൽ മികച്ച പരിഭാഷകനേയും എഴുത്തുകാരനേയും ബുദ്ധദേബ് ഭട്ടാചാര്യ ബുദ്ധിജീവിയിൽ കാണാം. പക്ഷേ ഒരു എഴുത്തുകാരൻ പോയിട്ട്  താനൊരു നല്ല വായനക്കാരൻ ആണെന്ന ഭാവം പോലും ബുദ്ധ ഒരിക്കലും പ്രകടിപ്പിച്ചില്ല. കമ്യൂണിസ്റ്റ് ചര്യയെന്നോണം നിതാന്തമായ വായന കൊണ്ടുനടന്നു. അതേ ബുദ്ധയെ പിന്നീട് അദ്ദേഹത്തിന്റെ തന്നെ ഇഷ്ടപ്പെട്ട കൃതിയായ മാർകേസിന്റെ ദ ഓട്ടം ഓഫ് ദ പാട്രിയാർക്കിലെ പോലെ രാഷ്ട്രീയ പതനം കാത്തിരുന്നു. നോവലിലെ ജനറലിനെ പോലെ ഏകാധിപതിയായിരുന്നില്ല പക്ഷേ ബുദ്ധ. മുരടൻ സ്വഭാവം കൂടപ്പിറപ്പായിരുന്നെങ്കിലും വ്യക്തിപരമായ സംശുദ്ധിയും കമ്യൂണിസ്റ്റ് ലാളിത്യവും ഉടനീളം ജീവിതത്തിൽ പുലർത്തി. ഒരുപാട് കാലം ഒറ്റമുറി വീട്ടിലും പിന്നീട് ബാലിഗഞ്ചിലെ രണ്ട് മുറി ഫ്ളാറ്റിലുമായി പുസ്തകങ്ങൾക്കൊപ്പം ജീവിച്ചു. മാര്കേസിന്റെ മൂന്ന് പുസ്തകങ്ങളായിരുന്നു പ്രിയപ്പെട്ടത്- ഓട്ടം ഓഫ് ദ പാട്രിയാര്ക്കും വൺ ഹണ്ട്രഡ് ഇയേഴ്സ് ഓഫ് സൊളിറ്റ്യൂഡും ലവ് ഇൻ ദ ടൈം ഓഫ് കൊളെറയും. റഷ്യൻ സാഹിത്യത്തോടും പ്രതിപത്തിയായിരുന്നു. ചെയിൻ സ്മോക്കറായിരുന്ന ബുദ്ധ സിഗരറ്റുകൾ നിർത്താതെ ഒന്നൊന്നായി വലിച്ചുതീർത്ത് ബുദ്ധിജീവി ചർച്ചകളിൽ അഭിരമിച്ചു. നാടകങ്ങൾ കാണാനായി ഇടയ്ക്ക് നന്ദനിൽ പോയി, അതിനേക്കാൾ വലിയ നാടകം രാഷ്ട്രീയജീവിതത്തിൽ പിന്നീട് അരങ്ങേറി, ബുദ്ധ മുഖ്യമന്ത്രിയായപ്പോൾ. 

60 - കളുടെ അവസാനം വിദ്യാർത്ഥി-യുവജന നേതാവായി പാർട്ടിയിലേക്കെത്തി, 80 കളിൽ പാർട്ടി വിദ്യാർത്ഥി-യുവജന സംഘടനാ ചുമതലകൾ. പ്രായം മുതിരും മുന്നേ തന്നെ എംഎൽഎ. ചരിത്രം സൃഷ്ടിച്ച 77 ലെ ജ്യോതിബസു സർക്കാരിൽ തന്നെ മന്ത്രി. ജ്യോതിബസു അനാരോഗ്യത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞപ്പോൾ മുഖ്യമന്ത്രി. ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള പ്രമോഷൻ. ഫസ്റ്റ് ഫേസിൽ ഭരണം മികച്ച അഭിപ്രായമുണ്ടാക്കി. രാജ്യത്തെ മികച്ച മുഖ്യമന്ത്രിയാണ് ബുദ്ധദേബ് എന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ്. അസിം പ്രേംജിയും ടാറ്റയും നേരിട്ടെത്തി കാണുന്നു. വലിയ പദ്ധതി ആശയങ്ങൾ. ബംഗാളിലെ തൊഴിലില്ലായ്മയ്ക്കും വ്യാവസായിക മുരടിപ്പും മാറ്റാനുള്ള തീരുമാനങ്ങളെടുക്കുന്നു. ബുദ്ധദേബ് അർബൻ ഡെവലപ്മെന്റ് മന്ത്രിയായിരിക്കെയാണ് കൊൽക്കത്തയിൽ ഐടി ഹബ്ബുകൾ വന്നത്. ഇത്തരം നിരവധി പദ്ധതികളിലൂടെ ബുദ്ധദേബ് ശ്രദ്ധേയനായി. ബുദ്ധയെന്ന കമ്യൂണിസ്റ്റ് കൊൽക്കത്ത റൈറ്റേഴ്സ് ബ്ലോക്കിലിരുന്ന് നാടിന്റെ മുഖച്ഛായ മാറ്റുകയാണ് എന്ന് മാധ്യമങ്ങളെഴുതി. പാർട്ടി പിന്തുണയോടെ കൂടുതൽ പ്രധാന പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടു. പ്രത്യേക സാമ്പത്തിക മേഖല വന്നു. ബുദ്ധയുടെ പതനം ഭൂമി ഏറ്റെടുക്കലിൽ തുടങ്ങി. സാൾട്ട് ലേക് സ്ഥലമെടുപ്പിൽ ചെറുതായി തുടങ്ങിയ അസ്വാരസ്യം നന്ദിഗ്രാമിലെത്തിയപ്പോൾ ആളിക്കത്തി, കൃഷിക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പോടെ സമ്പൂർണമായി. കീർത്തികേട്ട ബുദ്ധയ്ക്ക് അതോടെ അധികാരം മുൾക്കിരീടമായി. കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും രാഷ്ട്രീയ പതനവും. സാംസ്കാരികമന്ത്രിയായിരുന്ന കാലത്ത് അടുത്ത ബന്ധം പുലർത്തിയ സിനിമാ- സാംസ്കാരിക ലോകവും ബംഗാളി ബുദ്ധീജിവികളുമെല്ലാം ബുദ്ധയെ കൈവെടിഞ്ഞു. 

പാർട്ടി പിന്തുണയോടെ കൊണ്ടുവന്ന വ്യവസായനയവും ഭൂമി ഏറ്റെടുക്കലും അധികാരം ഇല്ലാതാകാൻ കാരണമായി. 34 വർ‌ഷം പാർട്ടിയ്ക്കൊപ്പം മാത്രം നീങ്ങിയ ബംഗാളിലെ ജനത മനസ്സിൽ നിന്നും അധികാരത്തിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടിയെ പുല്ലുപോലെ വലിച്ചെറിഞ്ഞു. സന്നിഗ്ദ്ധ ഘട്ടത്തിൽ ഭരണ തലപ്പത്തിരുന്നത് ബുദ്ധ പേരുദോഷങ്ങളെല്ലാം കേട്ടു. വ്യവസായമന്ത്രിയായിരുന്ന നിരുപം സെന്നിന് അതിന്റെ പത്തിലൊന്ന് വിമര്ശനം കേട്ടില്ല. സത്യത്തിൽ ബംഗാളിന് വ്യാവസായിക വികസനം അനിവാര്യമായിരുന്നു. ബുദ്ധ ഇപ്പോഴാണ് ഭരിച്ചതെങ്കിൽ നന്ദിഗ്രാം സംഭവം എന്നൊന്ന് ഉണ്ടാകുമായിരുന്നില്ല. പക്ഷേ സർക്കാരിനും പാർട്ടിക്കും അടിതെറ്റിയത് മറ്റൊരു കാര്യത്തിലാണ്. ഭൂമിയേറ്റെടുപ്പിൽ തെറ്റിദ്ധാരണയും പ്രചാരണങ്ങളുമുണ്ടായ ഘട്ടത്തിൽ കലഹിച്ച കൃഷിക്കാരോടും മറ്റ് ജനങ്ങളോടും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ നേതാക്കൾക്കോ പാർട്ടിയ്ക്കോ കഴിഞ്ഞില്ല. കർഷകരോടും ഗ്രാമീണരോടും പ്രാദേശിക നേതാക്കൾ അടക്കം കാണിച്ച ധാർ‌ഷ്ട്യം ഗുണ്ടായിസവും പൊലീസ് നടപടികളും ബുദ്ധയെയോ സർക്കാരിനേയോ മാത്രമല്ല ബംഗാൾ സിപിഐഎമ്മിന്റെ അടിവേര് തന്നെ വെട്ടിക്കളഞ്ഞു. തൃണമൂലിന്റെ രണ്ടില പടർന്നു പന്തലിച്ചു. വീണ്ടും മുള പൊട്ടാൻ സിപിഐഎമ്മിനെ സമ്മതിക്കാത്ത തരത്തിൽ. അതേ മണ്ണിൽ താമരയും സമൃദ്ധമായി വിരിയുന്നു.

അങ്ങനെ സിപിഐഎമ്മിലെ ക്രൗഡ് പുള്ളർ നേതാവ് കുത്തക മണ്ഡലമായ ജാദവ്പുരിൽ തോറ്റ് മടങ്ങി, 2011 ലെ തെരഞ്ഞെടുപ്പിൽ. ബുദ്ധയുടെ വീഴ്ച്ച പാരമ്യത്തിലെത്തി. തളർന്ന ബുദ്ധയെ വീട്ടുകാരും അടുത്ത സുഹൃത്തുക്കളും സഖാക്കളും കണ്ടു. പാർ‌ട്ടി പരിപാടികളിൽ കുറച്ചുകാലം ഒരു ചടങ്ങ് പോലെ പങ്കെടുത്തു. പക്ഷേ പാർട്ടി തകർച്ചയും ഭരണത്തിലെ വിമർശനവും മാനസികമായി വേട്ടയാടി. പരിപാടികളിൽ നിന്നും വിട്ടുനിന്നു. രാഷ്ട്രീയ വനവാസം ഏറ്റെടുത്ത പോലെ പെരുമാറി ബുദ്ധ. നന്ദൻ കോംപ്ലക്സിലെ ഒറ്റ മുറിയിൽ ഇടയ്ക്ക് വന്ന് താമസിച്ചു. പാർട്ടി ഫ്ളാറ്റിലിരുന്ന് വായിച്ചു, നാടകങ്ങൾ പരിഭാഷപ്പെടുത്തി, ചൈനീസ് പാർട്ടിയെക്കുറിച്ച് ലേഖനങ്ങളെഴുതി. ഒടുവിൽ ഫിറേ ദേഖാ (തിരിഞ്ഞുനോട്ടം) എന്ന രണ്ട് വാള്യമുള്ള ആത്മകഥയും. അതിലദ്ദേഹം പറയുന്നുണ്ട് തെറ്റുപറ്റിയിരുന്നില്ല എന്ന്. തെറ്റിദ്ധരിക്കപ്പെട്ടതിലെ വേദനയും അതിൽ കാണാം. അലിമുദ്ദീൻ സ്ട്രീറ്റിലെ മുസഫർ ഭവനെന്ന പാർട്ടി ഓഫീസിലേക്ക് പോലും വരാതായ ബുദ്ധയെ പിന്നെ കണ്ടു. ഭാരവാഹിത്വങ്ങളിൽ നിന്ന് ഒഴിയാൻ കത്ത് നൽകി. പക്ഷേ നേതൃത്വം സ്വീകരിച്ചില്ല. മരിച്ചാൽ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കണമെന്ന് എഴുതിവെച്ചു. പിന്നീട് ശാരീരിക അവശത ബോധ്യപ്പെട്ടപ്പോഴാണ് പിബി അംഗത്വമടക്കം നേതൃത്വം ഒഴിവാക്കി നൽകിയത്.

പത്മഭൂഷൻ പുരസ്കാരം അതിനിടെ തേടി വന്നെങ്കിലും ബുദ്ധ നിരസിച്ചു. പുകഴ്ത്തലോ ഉപചാരങ്ങളോ ബുദ്ധദേബിനെ സ്വാധീനിച്ചില്ല ഒരുകാലത്തും. ഒരേസമയം കടുത്ത കമ്യൂണിസ്റ്റും അതേസമയം ഒരു ബംഗാളി ഭദ്രലോകിന്റെ മുരടൻ സ്വഭാവവും ബുദ്ധയ്ക്കുണ്ടെന്ന് ബംഗാളി മാധ്യമപ്രവർത്തകർ പാതി തമാശയായും കാര്യമായും പറയും. ഭരണകാലത്ത് ബുദ്ധദേബിനും വ്യക്തിപരമായി ചിലത് പിഴച്ചു. മാവോയിസ്റ്റ് ഗ്രൂപ്പുകളും തൃണമൂലുമെല്ലാം പാർട്ടിക്കെതിരായ വികാരം കർഷകരിലേക്ക് എത്തിക്കുന്നത് തടയണം, ജനങ്ങളോട് നേരിട്ട് പോയി കാര്യങ്ങൾ പറഞ്ഞ് സങ്കടം കേൾക്കണം- ജ്യോതിബസു പലവട്ടം ഉപദേശിച്ചു ബുദ്ധയോട്. പക്ഷേ അതത് ഘടകത്തിലെ പാർട്ടി നേതാക്കൾ അത് ചെയ്യുന്നുണ്ടെന്ന് ബുദ്ധ വിശ്വസിച്ചു. അവിടെ നടക്കുന്നത് അതൊന്നുമായിരുന്നില്ല എന്നതാണ് സത്യം. പാർട്ടി ലോക്കൽ, ജില്ലാ ഘടകങ്ങളിലെ അഴിമതിയും കമ്മീഷൻ രാജും ഗുണ്ടായിസവും പൊലീസിനെ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതും അക്കാലത്തെ സർക്കാരിനെ വീഴിച്ചു. ഭൂമി ഏറ്റെടുക്കലിലെ നയം സംബന്ധിച്ച് പാർട്ടി തീരുമാനം നടപ്പാക്കുകയാണ് ബുദ്ധദേബ് ചെയ്തത്. അതിലൊരു പങ്ക് ബുദ്ധയ്ക്കായിരുന്നുവെങ്കിൽ മറ്റൊരു പങ്ക് പ്രകാശ് കാരാട്ട് അടക്കമുള്ള അന്നത്തെ അഖിലേന്ത്യാ നേതൃത്വത്തിനുമുണ്ട് എന്നതാണ് സത്യം. പക്ഷേ ക്രൂശിക്കപ്പെട്ട് രാഷ്ട്രീയ അജ്ഞാതവാസത്തിന് പോയത് ബുദ്ധദേബ് എന്ന പഴയ ബുദ്ധിജീവി കമ്യൂണിസ്റ്റ് മാത്രം.  

വ്യക്തിപരമായൊരു കാര്യം കൂടി പറയാം. സിംഗൂർ പ്രക്ഷോഭകാലത്തടക്കം സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങളുടെ വകുപ്പ് മന്ത്രിയായിരുന്ന അബ്ദുറസാഖ് മൊല്ലയെ 2014 ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ബംഗാളിൽ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഇപ്പോൾ ഓർമ്മിക്കാം. ബുദ്ധയോട് ആ ഭൂമിയേറ്റെടുപ്പ് നിർത്തിവെക്കണമെന്നും അവിടത്തെ പ്രശ്നങ്ങൾ ചെന്ന് പരിഹരിച്ച് മറ്റൊരു സ്ഥലം നോക്കാമെന്നും പറഞ്ഞിട്ടും കേട്ടില്ല, പ്രകാശ് കാരാട്ടിന്റെ നേതൃത്വപരമായ മികവില്ലായ്മയും തിരിച്ചടിയായി- മൊല്ല വിമർശിച്ചു. മൊല്ല പിന്നീട് സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു, തൃണമൂലിലെത്തി ഒടുവിൽ. പക്ഷേ ബുദ്ധ- ഫിറേ ദേഖായിൽ പറയുന്ന് നേരെ തിരിച്ചാണ്. ടാറ്റ സിംഗുരിലെ ഭൂമിയ്ക്കായി വാശി പിടിച്ചു. ഖരക്പുരിലോ പശ്ചിമ മേദിനിപുരിലോ ഭൂമി നൽകാമെന്ന് പറഞ്ഞു, ടാറ്റ സമ്മതിച്ചില്ല. വ്യവസായം നഷ്ടമാകേണ്ടല്ലോ എന്ന് കരുതി വഴങ്ങി, എന്നിട്ടും ഇതെല്ലാം സംഭവിച്ചു. 

ഏതായാലും ബുദ്ധ ബാബു എന്ന് ജനം വിളിച്ച ബുദ്ധദേബ് ഭട്ടാചാര്യ ഇനിയില്ല. എക്കാലവും ജനത്തിനൊപ്പം നിന്ന ജ്യോതിബസു ഏറെ മുൻപേ പോയി. അന്ന് പാർട്ടിയുടെ തകർച്ച കണ്ടല്ല ജ്യോതിബാബു പോയത്. ബുദ്ധ പോകുമ്പോൾ ബംഗാൾ ത്രിപുരയും തകർന്നടിഞ്ഞത് കണ്ട് പോകേണ്ടിവന്നു. ഒരു രാഷ്ട്രീയ ചരിത്രം കൂടി ബുദ്ധയിലൂടെ അസ്തമിക്കുന്നു. 

ദീർഘകാലം മാതൃഭൂമിയുടെ പശ്ചിമ ബം​ഗാൾ ലേഖകനായിരുന്നു വി.എസ്. സനോജ്. ഇപ്പോൾ ന്യൂസ് മലയാളം ടെലിവിഷന്റെ അസോസിയേറ്റ് എഡിറ്ററാണ്. ഉത്തരേന്ത്യൻ രാഷ്ട്രീയ-സാമൂഹികാവസ്ഥ പശ്ചാത്തലമാക്കി ഒരു ദേശം, പല ഭൂഖണ്ഡങ്ങൾ എന്ന പുസ്തകത്തിന‍്റെ രചയിതാവുമാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT