തൃശൂര്‍ പൂരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ ജിയോ ബേബി.
ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശം വലിയ വൃത്തികേട് തന്നെയാണ്. പക്ഷേ അതിനേക്കാള്‍ ഭയപ്പെടുത്തുന്നത് ഈ വൃത്തികേടിന് കയ്യടിക്കാന്‍ ഒരുപാട് ആളുകള്‍ ഉണ്ട് എന്ന് അറിയുന്നതാണ്. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള കടന്ന് കയറ്റമാണെന്നും പീഡനമാണെന്നുമൊക്കെ മനസിലാക്കാന്‍ പറ്റുന്ന തരം മനുഷ്യരാണ് ഇവിടെയുണ്ടാകേണ്ടത്.
ബോബി ചെമ്മണ്ണൂര്‍ വളരെ പ്രശ്‌നവത്കൃതമായ ഒരു പരാമര്‍ശം നടത്തുമ്പോള്‍ നമ്മുടെ ആണ്‍സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലും അതിന് കയ്യടിക്കുകയും അത് ഇഷ്ടപ്പെട്ടുവെന്നും പറയുകയും ലൈക്ക് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു സമൂഹം ഉണ്ടാകാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നാണ് ആലോചിക്കേണ്ടത്.
ബോബി ചെമ്മണ്ണൂരിനെ തെറിവിളിക്കുന്നവര്‍ വിളിക്കട്ടെ. ഞാന്‍ അയാളോടൊന്നും പറയുന്നില്ല. പറഞ്ഞിട്ട് ഒരു കാര്യവുമില്ല, പി.സി ജോര്‍ജിനെ പോലുള്ളയാളാണ്. ഇവരെയൊന്നും മാറ്റാന്‍ പറ്റില്ല. അങ്ങനെയൊരു ജനറേഷന്‍ തന്നെയുണ്ട് ഇവിടെ. പക്ഷേ ഇനി വരുന്ന ജനറേഷന്‍ ഇങ്ങനെയാകരുത്. അതിന് വേണ്ടിയുള്ള ശ്രമം സ്‌കൂളുകളില്‍ നിന്ന് തന്നെ തുടങ്ങണം, കൃത്യമായ വിദ്യാഭ്യാസം നല്‍കണം.
ഇപ്പോള്‍ ഇത്തരം ലൈംഗികാധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് കയ്യടിക്കുന്നവരെയും ബോബി ചെമ്മണ്ണൂരിനെ സപ്പോര്‍ട്ട് ചെയ്യുന്നവരെയുമൊക്കെ മാറ്റാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ച് പേരൊക്കെ കാലങ്ങള്‍ കൊണ്ടും അനുഭവം കൊണ്ടും മാറുമായിരിക്കാം. അല്ലാത്തൊരു ജനസമൂഹം ഇവിടെ ഉണ്ടായി വരുന്നുണ്ട്. എന്റെ മകന് അഞ്ചു വയസുണ്ട്. അവന്‍ ഇരുപത് വര്‍ഷമാകുമ്പോള്‍ ഇങ്ങനെ കയ്യടിക്കാതിരിക്കാന്‍ എന്ത് ചെയ്യാനാകും എന്നാണ് ആലോചിക്കേണ്ടത്.
എന്റെയൊക്ക ടീനേജ് കാലത്ത് ചിലപ്പോള്‍ ബോബി ചെമ്മണ്ണൂരിന്റെ വാര്‍ത്തയ്ക്ക് ലൈക്ക് ചെയ്യുന്ന ഒരാള്‍ തന്നെയാരിക്കാം ഞാനും. അങ്ങനെയാവാത്ത തലമുറയെ എങ്ങനെയുണ്ടാക്കി എടുക്കാം എന്നായിരിക്കണം ചിന്തിക്കേണ്ടത്. ഇതുപോലുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കയ്യടിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും. സ്‌കൂളിലെന്ത് ചെയ്യാന്‍ പറ്റും. വര്‍ക്ക് പ്ലേസില്‍ എന്ത് ചെയ്യാന്‍ പറ്റും. വീടിനുള്ളില്‍ എന്ത് ചെയ്യാന്‍ പറ്റും എന്നതിനെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്.
സര്‍ക്കാര്‍ സ്ത്രീവിരുദ്ധമായ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെയും പ്രതികരണങ്ങള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണം. തൃശൂര്‍ പൂരത്തെ പുരുഷാരം എന്നാണ് പറയുന്നത്. അവിടെ ഇപ്പോള്‍ കുറച്ച് സ്ത്രീകള്‍ പോയി അവരുടെ പ്രാതിനിധ്യം അറിയിക്കുന്നുണ്ട്. ഇവിടെയുള്ള അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങളിലും പെരുന്നാളിനുമൊക്കെ എത്ര സ്ത്രീകള്‍ പങ്കെടുക്കുന്നുണ്ട് എന്ന് നോക്കൂ. പ്രാതിനിധ്യം നന്നേ കുറവായിരിക്കും.
പകുതിയോളം സ്ത്രീകള്‍ നിന്ന് ആഘോഷിക്കുന്ന തൃശൂര്‍ പൂരം എന്ന് കാണാന്‍ പറ്റും. അതിന് ഈ പറഞ്ഞ ലൈംഗിക വിദ്യാഭ്യാസമൊക്കെ വേണം. വരുംകാലങ്ങളില്‍ തൃശൂര്‍ പൂരമുണ്ടെങ്കില്‍ പകുതിയോളം സ്ത്രീകള്‍ നിറഞ്ഞു നില്‍ക്കുന്ന പൂരമായിരിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. മതപരമായ ഒരു പരിപാടിയോടും എനിക്ക് വ്യക്തിപരമായ താത്പര്യമില്ല. പക്ഷേ തൃശൂര്‍ പൂരം നടക്കുന്നുണ്ടെങ്കില്‍ സ്ത്രീകളുടെ പങ്കാളിത്തത്തോട് കൂടി തന്നെ നടക്കണം. എന്റെ ഇടവകയിലെ പള്ളിപ്പെരുന്നാളും അങ്ങനെ തന്നെ നടക്കണം. എന്റെ നാട്ടിലെ അമ്പലത്തിലെ ഉത്സവവും അങ്ങനെ തന്നെയായിരിക്കണം. ഇങ്ങനെയൊരു അഭിപ്രായം പറയുമ്പോള്‍ നമ്മളെ പാവാട എന്ന് വിളിക്കുന്നവരുടെ എണ്ണമായിരിക്കും കൂടുതല്‍.
ബോബി ചെമ്മണ്ണൂര്‍ ഒരു സാമൂഹിക ദുരന്തമാണ്. അയാളെ പിന്തുണക്കുന്ന തരത്തിലുള്ള മനുഷ്യരാണ് ഇവിടെ കൂടുതലുള്ളത്. അങ്ങനെയുള്ളവരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ പറ്റും. സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവര്‍ക്ക് എന്തെല്ലാം ഇടപെടല്‍ നടത്താന്‍ പറ്റും എന്നതാണ് പരിശോധിക്കേണ്ടത്. മാധ്യമങ്ങളും ഇക്കാര്യം ചിന്തിക്കേണ്ടതുണ്ട്. തേക്കിന്‍കാട് മൈതാനത്തില്‍ പകുതിയോളം സ്ത്രീകളും ആണുങ്ങളും നിറഞ്ഞുള്ള പൂരമുണ്ടാകട്ടെ, അപ്പോള്‍ ഞാനും പോയ് നില്‍ക്കാം. അല്ലാതെ ഞാനൊന്നും പൂരത്തിന് പോകുന്നില്ല.