കേരളത്തിലെ മഹത്തായ പൊതുജനാരോഗ്യ സംവിധാനത്തിന്റെ നിലനില്പ് തന്നെ സാമൂഹികതയിലധിഷ്ഠിതമാണ്. അതേ സാമൂഹിക ബോധം തുടരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ, ഈ മഹാമാരിയെ ഇപ്പോഴെന്നതു പോലെ അപ്പോഴും നമുക്ക് തടഞ്ഞു നിര്‍ത്താനാവൂ. എന്നാല്‍ അതുകൊണ്ടുമായില്ല. കോവിഡാനന്തരകാലത്തും നാം സാമൂഹികതയെ മുറുകെ പിടിക്കേണ്ടതുണ്ട്. നിരൂപകനും എഴുത്തുകാരനുമായ ജി.പി രാമചന്ദ്രന്‍ എഴുതുന്നു
വൈറസ് സാമൂഹികതയെയോ, സമൂഹത്തെയോ മാനവികത എന്ന സാമൂഹികതയുടെ ചരിത്രത്തെയോ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി അവതരിച്ചതല്ല. അതു മനസ്സിലാക്കിയതു കൊണ്ടാകണം, കൊറോണ എന്ന വൈറസിനെയും കോവിഡ് 19 എന്ന മഹാമാരിയെയും പ്രതിരോധിക്കുന്നതില്‍ അത്യുന്നതമായ ലോകമാതൃക സൃഷ്ടിച്ച കേരളസര്‍ക്കാര്‍; ഭാഷയുടെ ഉപയോഗത്തിലും സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടതുണ്ടെന്ന മഹത്തായ സന്ദേശം മുന്നോട്ടുവെച്ചത്. വൈറസിനെ നേരിടുന്നതില്‍ മനുഷ്യര്‍ സ്ഥിരമായി പാലിക്കേണ്ട സാമൂഹിക അകലം (സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്) എന്ന പെരുമാറ്റനിര്‍ബന്ധത്തെ; ശാരീരിക അകലം എന്ന് കൃത്യമാക്കുകയും അതോടൊപ്പം സാമൂഹിക ഒരുമ എന്ന ചരിത്രപരമായി മഹത്തരമായ ആശയത്തെ ചേര്‍ത്തുവെച്ചോര്‍മ്മപ്പെടുത്തുകയും ചെയ്യാന്‍ കേരള സര്‍ക്കാര്‍ മുതിര്‍ന്നത് അതുകൊണ്ടാണ്. അന്തര്‍സംസ്ഥാനത്തൊഴിലാളികളോട്, മര്യാദയോടെയും അനുഭാവത്തോടെയും പെരുമാറേണ്ടതുണ്ടെന്ന് മലയാളികളോട് ഓര്‍മ്മപ്പെടുത്താനായി അവരെ അതിഥിത്തൊഴിലാളികള്‍ എന്ന് ആദരവോടെ വിളിക്കാനാരംഭിച്ചപ്പോള്‍ അതിന്റെ സെമാന്റിക്‌സ് ഇഴ കീറി ചര്‍ച്ച ചെയ്തവര്‍, ശാരീരിക അകലം & സാമൂഹിക ഒരുമ എന്ന ആശയദ്വന്ദ്വാവതരണത്തെ കണ്ടില്ലെന്നു നടിച്ചു.
ഇതില്‍ നിന്നു മനസ്സിലാക്കേണ്ട ഒരു പ്രാഥമിക യാഥാര്‍ത്ഥ്യമെന്താണെന്നു വെച്ചാല്‍; വൈറസിനെ തുരത്തുകയോ വൈറസിന്റെ ആക്രമണത്തില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിച്ചെടുക്കുകയോ ചെയ്യണമെങ്കില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ യാന്ത്രികമായ പ്രയോഗാനുകരണങ്ങള്‍ കൊണ്ടു മാത്രം കഴിയില്ല എന്നും, മാനവികത എന്ന സാമൂഹികതയുടെ ചരിത്രത്തെ ചേര്‍ത്തുപിടിക്കേണ്ടതുണ്ടെന്നും തന്നെയാണ്. അത്തരമൊരു സാമൂഹികബോധത്തിന്റെ ചരിത്രത്തുടര്‍ച്ചയാണ് കേരളത്തെ ആദ്യഘട്ടത്തില്‍ രക്ഷിച്ചെടുത്തത്. കേരളത്തിലെ മഹത്തായ പൊതുജനാരോഗ്യ സംവിധാനത്തിന്റെ നിലനില്പ് തന്നെ സാമൂഹികതയിലധിഷ്ഠിതമാണ്. അതേ സാമൂഹിക ബോധം; വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നമ്മുടെ സഹോദരങ്ങളുടെയും മക്കളുടെയും സുഹൃത്തുക്കളുടെയും തിരിച്ചുവരവു വേളയിലും നാം തുടരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ, ഈ മഹാമാരിയെ ഇപ്പോഴെന്നതു പോലെ അപ്പോഴും നമുക്ക് തടഞ്ഞു നിര്‍ത്താനാവൂ. എന്നാല്‍ അതുകൊണ്ടുമായില്ല. കോവിഡാനന്തരകാലത്തും നാം സാമൂഹികതയെ മുറുകെ പിടിക്കേണ്ടതുണ്ട്.
പ്രമേഹം മൂര്‍ച്ഛിച്ച ഒരു രോഗിയുടെ കാല്‍ മുറിച്ചു മാറ്റുകയാണെങ്കില്‍ അതിന്റെ അര്‍ത്ഥം, എല്ലാ മനുഷ്യരുടെയും കാലുകള്‍ മുറിച്ചുമാറ്റുന്നതാണ് ആത്യന്തികമായി നല്ലത് എന്നല്ല. ആ കാലിനെ ബാധിച്ച പഴുപ്പ് ശരീരമാകെ പടരാതെ തടയുക എന്നു മാത്രമാണ് വൈദ്യശാസ്ത്രം ഉദ്ദേശിക്കുന്നത്. അതു പോലെ; താല്ക്കാലികമായി മനുഷ്യര്‍ വീട്ടിനകത്ത് അടച്ചിരിക്കുകയും അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുകയും അപ്പോള്‍ അര്‍ദ്ധമുഖമറ ധരിക്കുകയും കൈയുറ ധരിക്കുകയും എല്ലാവരും തമ്മില്‍ പരസ്പരം ഒരു മീറ്റര്‍ അകലം സൂക്ഷിക്കുകയും സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് എല്ലായ്‌പോഴും കൈകള്‍ കഴുകുകയും ചെയ്യുന്നത്; മനുഷ്യര്‍ നൂറ്റാണ്ടുകള്‍ കൊണ്ട് നിര്‍മ്മിച്ചെടുത്ത പരിഷ്‌ക്കാരങ്ങളുടെയും നാഗരികതകളുടെയും ചരിത്രങ്ങളെയും അംശങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയല്ല.
ഇത് മനസ്സിലാവാതെ; ഇപ്പോഴത്തെ രീതിയായ, സര്‍വതലസ്പര്‍ശിയായ സാമൂഹിക-വൈയക്തിക നിര്‍ബന്ധങ്ങളെയും പരിമിതികളെയും നിബന്ധനകളെയും ആദര്‍ശവത്ക്കരിക്കാനും ശാശ്വതവത്ക്കരിക്കാനുമുന്നമിട്ട്, ചില കോണുകളില്‍ നിന്നുണ്ടായിട്ടുള്ള പരിശ്രമങ്ങളെ സൂക്ഷ്മ വിമര്‍ശനത്തോടെയല്ലാതെ പരിശോധിക്കുക വയ്യ. പകര്‍ച്ചവ്യാധിയായ മഹാമാരിയില്‍ നിന്ന് മനുഷ്യരാശിയെ എന്നെന്നേക്കുമായി സംരക്ഷിച്ചു നിര്‍ത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. അതി മുതലാളിത്ത വികസിത രാജ്യങ്ങള്‍; പ്രകടമായ കാരണങ്ങളാല്‍ തന്നെ കോവിഡിനെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ആ കാരണങ്ങള്‍ ഇവിടെ വിശദീകരിച്ചു നിരത്താന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ എല്ലാത്തിനും മേലെ ലാഭം എന്ന മനുഷ്യത്വവിരുദ്ധമായ പരികല്പന സാമ്പത്തിക സംസ്‌ക്കാരത്തിന്റെ അന്തസ്സത്തയായി പ്രതിഷ്ഠിച്ചതു കൊണ്ടാണ് അവര്‍ക്കീ പരാജയമുണ്ടായതെന്ന് പ്രാഥമികമായി തന്നെ മനസ്സിലാക്കാം. അതിനാല്‍, നാളെ മുതല്‍ ലോകമാകെ സോഷ്യലിസമാകുമെന്നൊന്നും നാം വ്യാമോഹപ്പെടുന്നില്ല.
ഒഴിവാക്കല്‍ (എക്‌സെപ്ഷന്‍) എന്ന മനോഭാവവും പ്രക്രിയയും ഒരു ഭരണക്രമം തന്നെയായ കാലഘട്ടമാണ് ലോക്ക് ഡൗണിന്റേത്. അതായത്, കാര്യങ്ങളാകെ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. മഹാമാരി പടരുകയും അപ്രഖ്യാപിത ആരോഗ്യ അടിയന്തിരാവസ്ഥ നിലവില്‍ വരുകയും ചെയ്തതോടെ, മുമ്പ് നാം ചെയ്തിരുന്ന മിക്കവാറും ശരികളെല്ലാം തെറ്റുകളായി മാറിയിരിക്കുന്നു. ഉദാഹരണത്തിന്; പരസ്പരം പരിചയക്കാരെ കാണുകയോ പുതിയ ഒരാളെ പരിചയപ്പെടുകയോ ചെയ്യുമ്പോള്‍ പരസ്പരം ഹസ്തദാനം ചെയ്യുക എന്നത് ഇന്നലെ വരെ, അംഗീകരിക്കപ്പെട്ടതും അഭിലഷണീയവുമായ പെരുമാറ്റമര്യാദയായിരുന്നുവെങ്കില്‍, ഇന്ന് വൈറസ് പടരുമെന്നതിനാല്‍ വെറുക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായി മാറിയിരിക്കുന്നു. ആലിംഗനത്തിന്റെ കാര്യവും ഇതു പോലെ തന്നെ. മനുഷ്യര്‍ക്കു തമ്മില്‍ തോന്നിയിരുന്ന ലൈംഗികമായ ശാരീരികാകര്‍ഷണം പോലും പകര്‍ച്ചവ്യാധിക്കാലത്ത് മരവിപ്പിക്കപ്പെടുകയോ, മാറ്റിവെക്കപ്പെടുകയോ ചെയ്‌തേക്കും.
അതേ സമയം, രോഗത്തിന്റെ വ്യാപനത്തെ പിടിച്ചുകെട്ടുകയും സമൂഹത്തെ സാമ്പത്തിക വിനാശത്തിലേക്ക് തള്ളിവിടാതിരിക്കുകയും ചെയ്യുക എന്നത് ഓരോ സര്‍ക്കാരിന്റെയും പ്രാഥമിക ഉത്തരവാദിത്തമാണ്. അതിന് വേണ്ടി പരിശ്രമിക്കുന്നവരും അല്ലാത്തവരുമായി ലോകത്തെ സര്‍ക്കാരുകള്‍ രണ്ടായി പിളര്‍ന്നിരിക്കുന്നതും നമുക്ക് ദര്‍ശനീയമായ കാര്യമാണ്. എന്നാല്‍, പൗരന്മാര്‍ക്കു മേല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഭരണകൂടങ്ങള്‍ ഇതൊരവസരമായി എടുക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതുമില്ല. മഹാമാരികളും പകര്‍ച്ചവ്യാധികളും; ചിന്തകരെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും അടക്കം വേട്ടയാടുമെന്നതിനാല്‍ അവരുടെ അഭിപ്രായങ്ങള്‍ക്കും തല്ക്കാലം വിലയുണ്ടാകണമെന്നില്ല. 'ഒരേയൊരാള്‍ക്കായിരിക്കും ആകെ മൊത്തത്തില്‍ എന്നെ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടാവുക; പക്ഷെ, അയാള്‍ക്കു പോലും എന്നെ മനസ്സിലായിട്ടുണ്ടാവില്ല' എന്ന് സ്വയം വിലയിരുത്തിയ മഹാനായ തത്വചിന്തകന്‍ ഹെഗല്‍, 1831ല്‍ കോളറ ബാധിച്ചാണ് മരിച്ചത്. ഇക്കാര്യത്തില്‍ പോലും, കേരളം വ്യത്യസ്തമായ രീതി സ്വീകരിക്കാന്‍ ആദ്യം മുതലേ ശ്രമിക്കുന്നുണ്ടായിരുന്നു. മുംബൈയിലടക്കം, വിദേശത്തു നിന്നെത്തിയവരെ സമ്പര്‍ക്ക നിരോധനത്തിലേക്ക് അടച്ചിട്ടപ്പോള്‍ അവരുടെ കൈകളിന്മേലും മറ്റും ചാപ്പ കുത്തിയാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തയച്ചത്. എന്നാലാ രീതി കേരളത്തില്‍ സ്വീകരിക്കുകയുണ്ടായില്ല. എന്നിട്ടും, പലരെയും വേട്ടയാടുന്ന രീതിയിലുള്ള സമീപനം ചിലര്‍ സ്വീകരിച്ചുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. അതായത്; അച്ചടക്കം പ്രധാനമാണ്, ജനാധിപത്യം പരമപ്രധാനമാണ് എന്ന സമീപനം കേരളത്തില്‍ ഒരു പരിധി വരെ നമുക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ചിട്ടുണ്ടെന്നു ചുരുക്കം. ചെന്നൈയില്‍ കോവിഡ് ബാധിച്ചു മരണപ്പെട്ട ഡോക്ടറുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ശ്മശാനത്തിലെത്തിയവരെ അടിച്ചോടിച്ച ദാരുണവാര്‍ത്തയും ഇന്ന് പുറത്തു വന്നിട്ടുണ്ട്. കേരളത്തിന്റെ മാതൃകകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇത്തരമേതു കാര്യത്തിലും നാം കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ടെന്നാണിതും കാണിക്കുന്നത്.
ഗുരുതരമായേക്കാവുന്ന തൊഴില്‍ നഷ്ടങ്ങളും, അതോടൊപ്പം അതികഠിനമായ അസ്വാതന്ത്ര്യങ്ങളും ചേര്‍ന്ന് നമ്മെ ഒരു നഷ്ടപ്പെട്ട തലമുറ(ലോസ്റ്റ് ജനറേഷന്‍)യാക്കി മാറ്റി എന്നെന്നേക്കും ഉപേക്ഷിക്കപ്പെടാതിരിക്കേണ്ടതുണ്ട്. കുഷ്ഠരോഗം നിയന്ത്രിക്കുന്നതിന് ചില രാജ്യങ്ങളില്‍ നടപ്പിലാക്കപ്പെട്ട നിയമമനുസരിച്ച് കുഷ്ഠരോഗികളെ കുറ്റവാളികളെന്ന നിലയിലാണ് പരിഗണിച്ചിരുന്നത്. അവരെ സാനിറ്റോറിയങ്ങളില്‍ അടച്ചിടാന്‍ ഈ നിയമങ്ങള്‍ മൂലം സാധ്യമായി. ഇപ്പോള്‍; വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന്, രോഗികളെന്നോ അല്ലാത്തവരെന്നോ വേര്‍തിരിക്കാതെ തന്നെ എല്ലാവരെയും നിയന്ത്രിക്കാനും അടച്ചിടാനും അവരുടെ സഞ്ചാരസ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കാനും ഭരണകൂടങ്ങള്‍ക്ക് സാധ്യമായിരിക്കുന്നു. ഈ ഘട്ടത്തില്‍ ഇത് അത്യാവശ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, അതിനെ ആദര്‍ശവത്ക്കരിക്കുകയും ശാശ്വതവത്ക്കരിക്കുകയും ചെയ്യുന്നത്; സ്ഥിരവും സമ്പൂര്‍ണവുമായ സര്‍വൈലന്‍സ് സമൂഹങ്ങളായി എല്ലാ രാഷ്ട്രങ്ങളെയും മാറ്റിത്തീര്‍ത്തേക്കും. മാനവരാശിയുടെ മുന്നേറ്റത്തിലൂടെയാണ് ലോകം വിമോചിപ്പിക്കപ്പെടേണ്ടതെന്ന അടിസ്ഥാനപരമായ കാഴ്ചപ്പാട് പിന്തുടരുന്ന എല്ലാ ദര്‍ശനങ്ങളെയും നിരാകരിക്കുന്ന ഒരു നീക്കവുമാവുമത്. പ്രത്യേകമായ തടവറകളോ നിയമങ്ങളോ ആവശ്യമില്ലാത്ത വിധത്തില്‍; ലോകമാകെ ഒരു തുറന്ന (അടഞ്ഞ) തടവറയായി മാറുകയും അടച്ചിടലിന്റെയും ജീവിത നിഷേധത്തിന്റെയും നിബന്ധനകള്‍ സാമൂഹ്യക്രമമായി മാറുകയും ചെയ്യുന്ന അവസ്ഥ സംജാതമായേക്കാം.
ദരിദ്ര ജനതയെ ഭൂമുഖത്തു നിന്ന് സ്ഥിരമായി നിര്‍മ്മാര്‍ജ്ജനം ചെയ്‌തേക്കാവുന്ന സ്ഥിതിയും ഇതുമൂലമുണ്ടാവും. വൈറസിനെ സമ്പൂര്‍ണമായി തുടച്ചു നീക്കുന്നതോടൊപ്പം, കോടിക്കണക്കിന് മനുഷ്യരുടെയും ജീവിതങ്ങളില്ലാതാവും. ഇറ്റലിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ വൃദ്ധരും ഗുരുതര രോഗികളും ചികിത്സയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. സാമാന്യ/പൊതുജനാരോഗ്യ സംവിധാനത്തിന്റെ (യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍) അഭാവത്തില്‍ അമേരിക്കയിലും സമാനമായ സംഗതികളാണ് നടക്കുന്നത്. ഇന്ത്യയില്‍ തെരുവിലും ചേരിയിലും ജീവിക്കുന്ന പത്തു കോടിയിലധികം അസംഘടിത തൊഴിലാളികള്‍, ജീവിതത്തിന്റെ വഴി മുട്ടി അനാഥത്വത്തിലേക്കും സ്ഥിരമായ വിനാശത്തിലേക്കും തള്ളിവിടപ്പെട്ടിരിക്കുകയാണ്. ദരിദ്രരുടെയും ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും നേര്‍ക്കുള്ള അവജ്ഞയും അസഹിഷ്ണുതയും അവരെ സമ്പൂര്‍ണവിനാശത്തിലെത്തിച്ചേക്കാം. ഇക്കാര്യത്തിലും വ്യത്യസ്തമായ രീതി കേരളത്തിലാണ് സ്വീകരിച്ചത്. അന്തര്‍ സംസ്ഥാനത്തൊഴിലാളികള്‍ക്കായി രാജ്യത്താകെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇരുപത്തയ്യായിരത്തിലധികം ക്യാമ്പുകളില്‍, പത്തൊമ്പതിനായിരവും കേരളത്തിലാണുള്ളത്. ഇവരെ എത്രയും പെട്ടെന്ന് അവരവരുടെ നാട്ടിലേക്കു തന്നെ തിരിച്ചയക്കണമെന്ന്; പുരകത്തുമ്പോള്‍ വാഴ വെട്ടുന്ന രീതിയില്‍ യാന്ത്രിക/വരട്ടു തത്വവാദികള്‍ ക്ലാസെടുക്കാനുമാരംഭിച്ചിട്ടുണ്ട്. കേരളത്തെ കേരളമാക്കി തന്നെ തുടര്‍ന്നും നിലനിര്‍ത്താന്‍ പലതരം ജനാധിപത്യവിരുദ്ധ ശക്തികളോട് നമുക്ക് പോരാടേണ്ടി വരും എന്നാണിതൊക്കെ കാണിക്കുന്നത്.
സമ്പൂര്‍ണ നിരീക്ഷണ (സര്‍വൈലന്‍സ്)ത്തിലൂടെയും നിയന്ത്രണത്തിലൂടെയും ഉറപ്പിക്കപ്പെടുകയും അടച്ചിടപ്പെടുകയും ചെയ്യുന്ന ഒരു ജനാധിപത്യാനന്തര സമൂഹം മാത്രമായിരിക്കില്ല, മഹാമാരിക്കുശേഷം ഒരു പക്ഷെ രൂപപ്പെടുക. ചൂഷണവും വിവേചനവും സര്‍വസാധാരണവും നടപ്പുരീതിയുമായി മാറിയേക്കും. വൃദ്ധര്‍, രോഗികള്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, ദരിദ്രര്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍, തൊഴില്‍ രഹിതര്‍ എന്നിവരൊക്കെയും വേണ്ടാത്തവരായി മാറുന്ന ഒരു ക്ലീന്‍ സ്ലേറ്റ് സമൂഹം കെട്ടിപ്പടുക്കാനായിരിക്കരുത് ഇന്നത്തെ ഈ കഠിനത്തടവുകള്‍.
Reference: 1. The Philosopher's epidemic - Marco D'eramo (New Left Review - Mar/Apr 2020)
ദ ക്യു യൂട്യൂബ് ചാനലിലേക്കും ഇന്‍സ്റ്റഗ്രാം പേജിലേക്കും ഈ ലിങ്കുകളില്‍ നിന്ന് പോകാം