Opinion

അരുന്ധതി റോയി,വാക്കുകൾ കൊണ്ടുള്ള ചുറ്റിക പ്രയോഗങ്ങൾ

ലോകത്തെപ്പറ്റിയും അവർ ആശങ്കാകുലയാണ്. സാങ്കേതിക വിദ്യ വരുത്തിവെച്ച മാറ്റങ്ങളെപ്പറ്റി അവരെഴുതുന്നുണ്ട്. അത് വിഷലിപ്തമായ പാനപാത്രമാണ്. ആരാണ് അതിനെ നിയന്ത്രിക്കുന്നത്? അവർ ലോകത്തെയും നിയന്ത്രിക്കും. നമ്മുടെ മുന്നിലെ വിവരം ആരാണ് ഉൽപ്പാദിപ്പിക്കുന്നത്? എന്താണ് വിവരം ? ഇത്തരം പുതിയ കാല ചോദ്യങ്ങളെല്ലാം ഈ എഴുത്തുകാരി മുന്നോട്ടു വെക്കുന്നുണ്ട്.

അചഞ്ചലവും ധീരവുമായ എഴുത്തിന് അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം ലഭിച്ച സാഹചര്യത്തിൽ സാഹിത്യനിരൂപകനും എഴുത്തുകാരനുമായ എൻ.ഇ.സുധീർ എഴുതുന്നു

അരുന്ധതി റോയി വീണ്ടും ലോകമാധ്യമങ്ങളിലെ വാർത്തയിൽ നിറയുന്നു. ഈ വർഷത്തെ (2024ലെ) പെൻ - പിൻ്റർ പുരസ്കാരത്തിനായ് അവരെ തെരഞ്ഞെടുത്തിരിക്കുന്നു. നോബൽ സമ്മാനം നേടിയ ബ്രട്ടീഷ് നാടകകൃത്തും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ഹറോൾഡ് പിൻ്ററിൻ്റെ സ്മരാണർത്ഥം കൊടുത്തു വരുന്ന വാർഷിക പുരസ്കാരമാണ് പെൻ- പിൻ്റർ പുരസ്കാരം. സൽമാൻ റുഷ്ദിക്കും ടോം സ്റ്റൊപ്പാർഡിനും മാർഗരറ്റ് അറ്റ് വുഡിനുമൊക്കെയാണ് മുൻ വർഷങ്ങളിൽ ഇത് ലഭിച്ചിട്ടുള്ളത്. പാരിസ്ഥിതിക, മനുഷ്യാവകാശ സംബന്ധിയായ നിലപാടുകൾ ഉയർത്തിക്കാട്ടുന്നവർക്കുള്ളതാണ് ഈ പുരസ്കാരം. സ്വാതന്ത്ര്യത്തിൻ്റെയും നീതിയുടെയും ഉജ്ജ്വലമായ ശബ്ദമാണ് അരുന്ധതിയെന്ന് ജൂറി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിലും അരുന്ധതി വാർത്തയിൽ നിറഞ്ഞിരുന്നു. 2010 ൽ അവർ നടത്തിയ ഒരു പരാമർശത്തെ കണക്കിലെടുത്ത് അവർക്കെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യുവാൻ ഡൽഹി ലെഫ്. ഗവർണർ അനുമതി നൽകിയതായിരുന്നു ആ വാർത്ത. ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ അത് ചർച്ചയായി. പുതിയ മോദി സർക്കാർ അവരുടെ വിമർശകർക്ക് നൽകുന്ന സൂചനയാണ് ഇതെന്ന് അവരൊക്കെ വിശകലനം ചെയ്തു.

ധീരമായ തുറന്നു പറച്ചിലിന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടുമ്പോൾ സ്വന്തം രാജ്യത്ത് അതേ കാരണത്താൽ അവർ രാജ്യദ്രോഹ കുറ്റത്തിന് വിചാരണ നേരിടാൻ പോവുകയാണ്. ഈ വൈരുധ്യം ഇന്നത്തെ വാർത്തയിലെല്ലാം നിഴലിച്ചിരുന്നു. അരുന്ധതിക്ക് ഇതു പുതുമയുള്ള കാര്യമല്ല. രാജ്യദ്രോഹ ആരോപണങ്ങൾ അവർക്കെതിരെ മുമ്പും ഉണ്ടായിട്ടുണ്ട്. കോടതിയലക്ഷ്യത്തിൻ്റെ പേരിൽ ഒരിക്കലവരെ തടവിലടയ്ക്കുക പോലും ചെയ്തിട്ടുണ്ട്. ഇതുകൊണ്ടൊന്നും അവരെ നിശ്ശബ്ദയാക്കാൻ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് വെല്ലുവിളി നേരിടുമ്പോൾ അവർ ശക്തമായ ഭാഷയിൽ സംസാരിക്കും. അവരുടെ ശബ്ദം അതിർത്തികളില്ലാതെ വിശാലമായ ലോകത്ത് മുഴങ്ങിക്കൊണ്ടിരിക്കുന്നു.

വ്യത്യസ്തമായ കാഴ്ചപ്പാടുകൾ മുന്നോട്ടു വെക്കുന്നവയാണ് അവരുടെ ലേഖനങ്ങൾ.ആദ്യത്തെ ലേഖനമായ ‘The End of Imagination’ 1998-ലെ ആണവപരീക്ഷണവുമായി ബന്ധപ്പെട്ട് എഴുതിയതാണ്. നർമ്മദാ നദിയാൽ സർദാർ സരോവർ ഡാം കെട്ടുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം സുപ്രീകോടതി പിൻവലിച്ചപ്പോഴാണ് രണ്ടാമത്തെ ലേഖനമായ ‘Greater Common Good’ അവരെഴുതിയത്. തുടർന്നവർ ധാരാളം ലേഖനങ്ങളെഴുതി. ഓരോന്നും ലോകം ശ്രദ്ധയോടെ വായിച്ചു. ലേഖന സമാഹാരങ്ങൾ പലതും പ്രസിദ്ധീകരിക്കപ്പെട്ടു. അവയെല്ലാം ലോകമെമ്പാടും ബെസ്റ്റ് സെല്ലറുകളായി. The Algebra of infinite Justice, An Ordinary Person's Guide to Empire, Listening to Grasshoppers, The Doctor and the Saint, Broken Republic, The Shape of the Beast, Azadi തുടങ്ങിയവയാണ് പ്രധാന ലേഖന സമാഹാരങ്ങൾ. ഇതിലെല്ലാം അവർ നീതിയെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും സംസാരിച്ചു. അനീതിക്കെതിരെ, അസമത്വത്തിനെതിരെ കടുത്ത ഭാഷയിൽ രൂക്ഷമായി വിമർശിച്ചു. ഇതിനു പുറമെ അവരെഴുതിയത് പ്രസിദ്ധമായ രണ്ടു നോവലുകളാണ്. 1997-ൽ ബുക്കർ പുരസ്കാരം നേടിയ ‘The God of Small Things, 2017ൽ പുറത്തു വന്ന The Ministry of Utmost Happiness. നോവലിലൂടെ വിശാലമായ ഒരു പ്രപഞ്ചം സൃഷ്ടിച്ച് വായനക്കാരെ അതിലൂടെ സഞ്ചരിക്കാനായി ഞാൻ ക്ഷണിക്കുകയാണ് ചെയ്യുന്നത് എന്നാണ് അവർ വ്യക്തമാക്കിയത്.

നോവലെഴുത്തിനേക്കാൾ അവരെ പ്രചോദിപ്പിച്ചത് ലേഖനമെഴുത്താണ്. വിശാദാംശങ്ങൾ നിറച്ചതും ദീർഘമായതും സുന്ദരമായതുമായ ലേഖനങ്ങളാണ് അവർ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നത്. നോവലിസ്റ്റ് എന്ന നിലയിൽ നേടിയെടുത്ത അടിത്തറയിലൂടെയാണ് അരുന്ധതി ലേഖനങ്ങളിലേക്ക് കടന്നത്. പിന്നീടിങ്ങോട്ട് അവർ കൂടുതൽ പ്രശസ്തയായത് ലേഖന സമാഹാരങ്ങളിലൂടെയാണ് എന്നു വിലയിരുത്തിയാലും തെറ്റില്ല. അത്രമാത്രം ശ്രദ്ധയാണ് ലേഖനങ്ങൾക്ക് ലഭിച്ചത്. സാഹിത്യകാരി, ആക്ടിവിസ്റ്റ് എന്നീ രണ്ടു നിലകളിൽ അവർ അറിയപ്പെട്ടു തുടങ്ങിയെങ്കിലും രണ്ടും ഒരു പോലെ പ്രധാനമാണെന്ന് അവർ ഉറച്ചു വിശ്വസിച്ചു. നമ്മൾ താമസിക്കുന്ന സമൂഹം എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാതെ എങ്ങനെ നമ്മളെഴുതും എന്നാണ് അവർ ചോദിച്ചത്. എഴുത്തുകാരിയും ആക്ടിവിസ്റ്റും തമ്മിൽ വേർതിരിവ് ആവശ്യമില്ലെന്നും എഴുത്തുകാരി ആകണമെങ്കിൽ സമൂഹം എങ്ങനെ ചലിക്കുന്നു എന്ന വ്യക്തമായ ബോധ്യം വേണമെന്നും അരുന്ധതി വിശ്വസിക്കുന്നു. എഴുത്തുകാരി എന്ന നിലയിൽ “‘I am not an entertainer’’ എന്നു പറയുവാൻ അവർക്ക് തെല്ലും മടിയില്ല. ലേഖനങ്ങളിലൂടെ അവർ ലോകത്തിലെ ശ്രദ്ധേയമായ വിമത ശബ്ദങ്ങളിലൊന്നായി അംഗീകാരം നേടുകയും ചെയതു.

എഴുതുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒത്തുപോകണമെന്ന് അരുന്ധതിക്ക് വലിയ നിർബന്ധമുണ്ട്. അതുകൊണ്ടാണ് പ്രശസ്തമായ പല സാഹിത്യോത്സവങ്ങളിലും അരുന്ധതിയെ കാണാത്തത്. “അവിടെയൊക്കെ ഫണ്ടിങ്ങ് ചെയ്യുന്നത് ലോക നാശത്തിന് പോലും കാരണക്കാരായ ചില കോർപ്പറേറ്റുകളോ ഫണ്ടിങ് ഏജൻസികളോ ആയിരിക്കും. അത് എന്നെ സംബന്ധിച്ചേടത്തോളം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും വിഷമകരവുമാണ്. ഈ ഫണ്ടിങ്ങ് ഏജൻസികൾ പുരോഗമനാശയങ്ങളെ സ്നേഹിക്കുന്ന കലാകാരൻമാർക്ക് സാമ്പത്തിക സഹായം നൽകും. ഇവർ തന്നെ ഛത്തിസ്ഗഡിൽ പാവപ്പെട്ട ജനങ്ങളെ കുടിയിറക്കുകയും ചെയ്യും. അങ്ങനെ വരുമ്പോൾ എങ്ങനെയാണ് ഇത്തരക്കാർക്കൊപ്പം നിൽക്കുക? എല്ലാ അർത്ഥത്തിലും പരിശുദ്ധയാവാനൊന്നും കഴിയില്ല . എന്നു വെച്ച് എല്ലാ തോന്ന്യാസങ്ങൾക്കും ഒപ്പം നിൽക്കാനാവില്ല - എനിക്കത് സുഖകരമായി തോന്നുന്നില്ല. തിരഞ്ഞെടുപ്പ് എൻ്റേതാണ് - എപ്പോഴും “

എഴുത്തുകാരെ നിയന്ത്രണത്തിലാക്കാൻ, അവരുടെ വായടപ്പിക്കാൻ അധികാരശക്തികൾ പല വഴികൾ കണ്ടെത്തിയെന്നു വരും. പാവപ്പെട്ട മനുഷ്യരുടെ സ്വപ്നങ്ങളെ ഉന്മൂലനം ചെയ്യാനായി അവർ പല ബന്ധങ്ങളും സ്ഥാപിച്ചെന്നു വരും. അതിലൊന്നാണ് പാവപ്പെട്ടവൻ്റെ കൂടെ നിൽക്കുന്ന എഴുത്തുകാരുടെയും കലാകാരന്മാരുടെയും വായടപ്പിക്കുക എന്നത്. വലിയ സമ്മാനങ്ങൾ, അധികാരസ്ഥനങ്ങളിലേക്കുള്ള പ്രവേശനം എന്നിവയൊക്കെ എഴുത്തുകാരെ മൗനിയാക്കാനായി ഉപയോഗിക്കുന്ന അധികാരികളുടെ മാർഗങ്ങളാണ്. അനുബന്ധ പ്രശസ്തിയും എഴുത്തുകാരെ പ്രലോഭിപ്പിക്കുന്നു. ഈ നിലപാടിനെതിരെ നിൽക്കുന്നവർക്കുള്ള സമ്മാനമാണ് പെൻ- പിൻ്റർ പുരസ്കാരം. അതാണ് അരുന്ധതിയെ തേടിയെത്തിയിരിക്കുന്നത്. ബുക്കർ പുരസ്കാരം നേടിയതുകൊണ്ടുള്ള പ്രയോജനം എന്താണെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ ഉത്തരം ഇതായിരുന്നു:

“That is the only way I can thrash it. ഞങ്ങളെക്കൊണ്ടും ഇതു നേടാൻ പറ്റും എന്ന് തെളിയിച്ചു കൊടുക്കാൻ സാധിച്ചു. അല്ലാതെ അതൊരു വലിയ കാര്യമൊന്നുമല്ല.”

തിഹാർ ജയിലിൽ ഒരു ദിവസം കഴിഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോൾ അവർ പറഞ്ഞത് കൂട്ട നരഹത്യ ചെയ്തവരും വലിയ അഴിമതിക്കാരും പുറത്തു വിലസുമ്പോൾ ചെറിയ കുറ്റം ചെയ്തവരും അല്ലാത്തവരും അകത്തു കഴിയേണ്ടി വരുന്ന അവസ്ഥയാണല്ലോ ഇന്ത്യയിൽ . ജയിലിലേക്കാൾ ക്രിമിനലുകൾ പുറത്തുണ്ടല്ലോ - ജനാധിപത്യത്തിൻ്റെ അപചയമാണിത് എന്നാണ്. ഒന്നിനും തളർത്താനാവാത്ത ബൗദ്ധിക ധീരത അരുന്ധതിയ്ക്കുണ്ട്. അതുകൊണ്ടാണ് താനൊരു ദേശഭക്തയല്ല എന്നവർ തുറന്നു പറഞ്ഞത്. ദേശഭക്തി എന്നത് നമുക്ക് താത്പര്യമില്ലാത്ത സമുദായങ്ങളെ അടക്കി നിർത്താനുള്ള ഒരു വിദ്യ മാത്രമാണ്. അസമത്വം, വെറുപ്പ് തുടങ്ങിയ ഹീനമായ കാര്യങ്ങൾ വളർത്തിയെടുത്തിട്ട് അതിനു മുകളിൽ പതാക നാട്ടുകയാണ് ചെയ്യുന്നത്.

ജനാധിപത്യത്തെക്കുറിച്ചുള്ള അരുന്ധതിയുടെ വിമർശനങ്ങളും പ്രസിദ്ധമാണ്. “ഇവിടെയുള്ളത് കോർപ്പറേറ്റുകൾക്കും പണക്കാർക്കും മാത്രമുള്ള ജനാധിപത്യമാണ്. പാവപ്പെട്ടവരെയും സാധാരണക്കാരെയും സംബന്ധിച്ചിടത്തോളം ഇതു ജനാധിപത്യമാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല. തെരഞ്ഞെടുപ്പുകൾ ഇപ്പോൾ ഒരു പ്രഷർകുക്കറിൻ്റെ സുരക്ഷാ വാൽവ് പോലെയാണ്. അത് ജനകീയ രോഷങ്ങളെ ശമിപ്പിക്കുന്നു. അതേ സമയം വ്യവസ്ഥയ്ക്ക് കാര്യമായ ഒരു കോട്ടവും സംഭവിക്കുന്നുമില്ല. ആർക്കു വോട്ടു ചെയ്താലും അധികാരത്തെ നിയന്ത്രിക്കുന്നത് വലതുപക്ഷ നിലപാടുകൾ തന്നെയാവും. ഒന്നും മുലധനത്തെയും വിപണിയേയും ബാധിക്കുന്നില്ല.”

വർത്തമാനകാല ഇന്ത്യയിലെ പ്രതിസന്ധിയെപ്പറ്റിയാണ് അവർ അടുത്ത കാലത്തായി എഴുതിയിട്ടുള്ളത്. Azadi എന്ന പുസ്തകത്തിലെ ലേഖനങ്ങളെല്ലാം ഇന്ത്യനവസ്ഥയെ വിശകലനം ചെയ്യുന്നവയാണ്. അതിലെ ശ്മശാനത്തിൻ്റെ മറുചോദ്യങ്ങൾ എന്ന ലേഖനം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ അന്തർധാരകളെ തുറന്നു കാട്ടാനുള്ള ശ്രമമാണ്. “നമ്മുടെ രാഷ്ട്രത്തിന് അതിൻ്റെ ധാർമ്മിക ദിശാബോധം നഷ്ടമായിരിക്കുന്നു. സമ്പത്തിൻ്റെ കേന്ദ്രീകരണം ഏതാനും പേരിലേക്ക് ചുരുങ്ങിച്ചുരുങ്ങിവരുന്നു; അധികാര സ്വരൂപണത്തിനായി പാവങ്ങൾക്ക് അപ്പക്കഷണങ്ങൾ എറിഞ്ഞു കൊടുക്കുന്നു. അതവരെ കൂടുതൽ ദരിദ്രരാക്കി മാറ്റുന്നു.” ഇതിനെയാണ് അരുന്ധതി ‘കനിവോടെയുള്ള കൊല’ എന്ന് വിശേഷിപ്പിച്ചത്.

ലോകത്തെപ്പറ്റിയും അവർ ആശങ്കാകുലയാണ്. സാങ്കേതിക വിദ്യ വരുത്തിവെച്ച മാറ്റങ്ങളെപ്പറ്റി അവരെഴുതുന്നുണ്ട്. അത് വിഷലിപ്തമായ പാനപാത്രമാണ്. ആരാണ് അതിനെ നിയന്ത്രിക്കുന്നത്? അവർ ലോകത്തെയും നിയന്ത്രിക്കും. നമ്മുടെ മുന്നിലെ വിവരം ആരാണ് ഉൽപ്പാദിപ്പിക്കുന്നത്? എന്താണ് വിവരം ? ഇത്തരം പുതിയ കാല ചോദ്യങ്ങളെല്ലാം ഈ എഴുത്തുകാരി മുന്നോട്ടു വെക്കുന്നുണ്ട്.

ഭ്രാന്തമായി മുന്നേറുന്ന ലോകത്തിൻ്റെ മുന്നിലെ വെള്ളി വെളിച്ചമാണ് അരുന്ധതി റോയ് എന്ന എഴുത്തുകാരി, അവരുടെ ബൗദ്ധിക സത്യസന്ധത അംഗീകാരം നേടുന്നത് അവരുടെ ആശയങ്ങൾക്ക് പ്രചാരം ലഭിക്കാൻ വഴിയൊരുക്കും. വായനക്കാരെ ചിന്തിപ്പിക്കാനും പ്രകോപിപ്പിക്കാനുമുള്ള ശക്തി ആ വാക്കുകൾക്കുണ്ട്. അതു കൊണ്ടു തന്നെയാണ് ഫാസിസ്റ്റു ഭരണകൂടങ്ങൾ അവരെ ജയിലിലടയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും. വാക്കുകൾ കൊണ്ടുള്ള ചുറ്റിക പ്രയോഗങ്ങൾ ഫാസിസ്റ്റു ഭരണാധികാരികളെപ്പോലും അസ്വസ്ഥരാക്കുന്നുണ്ട്. നിലപാടുകളുള്ള എഴുത്തുകാരുടെ ശക്തിയാണ് അരുന്ധതിയിലൂടെ ലോകം കണ്ടു കൊണ്ടിരിക്കുന്നത്.

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

തൃശൂർപൂരത്തിനൊരുങ്ങി ദുബായ്,'മ്മടെ തൃശൂർ പൂരം' ഡിസംബർ രണ്ടിന് എത്തിസലാത്ത് അക്കാദമിയില്‍

SCROLL FOR NEXT