Painting by Mr. Siddesh Gautam Painting by Mr. Siddesh Gautam
Opinion

ആനന്ദ് തെല്‍തുംദെ  എന്തുകൊണ്ടാണ് മോഡി സര്‍ക്കാരിന് അപകടകാരിയായി മാറുന്നത്? 

ജിഗ്നേഷ് മേവാനി, മീന കന്ദസ്വാമി

സാമൂഹിക-സാമ്പത്തിക മണ്ഡലങ്ങളില്‍ ഹിന്ദുത്വയ്ക്ക് എതിരെ പോരാടേണ്ടതിന്റെ ആവശ്യകത നിരന്തരം ഉയര്‍ത്തി പിടിക്കുന്ന ബാബാസാഹേബ് അംബേദ്കറിന്റെ അനുയായികളില്‍ ഒരാളാണ് ആനന്ദ് തെല്‍തുംദെ. നിയോലിബറല്‍ ഹിന്ദുത്വക്ക് എതിരെ ജാതി-വിരുദ്ധ സോഷ്യലിസ്റ്റ് ബദല്‍ മുന്നോട്ട് വെച്ച തെല്‍തുംദെയെ അംബേദ്കര്‍ ജയന്തിയുടെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി ശബ്ദം ഉയരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഗുജറാത്തിലെ നിയമസഭാംഗമായ ജിഗ്‌നേഷ് മേവാനിയും, പ്രശസ്ത എഴുത്തുകാരിയായ മീന കന്ദസ്വാമിയും ചേര്‍ന്ന് ‘ദി വയര്‍’ -ല്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ഗോകുല്‍ കെ.എസ് തയ്യാറാക്കിയത്.

കോവിഡ്-19 മഹാവ്യാധിയുടെ ഭീതി കൂടിവരുന്ന സാഹചര്യത്തില്‍ രോഗസംക്രമണത്തിന്റെ പ്രഭവകേന്ദ്രങ്ങളായി ജയിലുകളും തടങ്കല്‍ പാളയങ്ങളും മാറിയേക്കാവുന്ന ഗുരുതരമായ അവസ്ഥയില്‍, വിചാരണ കഴിയാത്തവരെയും കുറ്റവാളികളെയും ഇടക്കാല ജാമ്യം നല്‍കി വിട്ടയക്കണം എന്ന് സുപ്രീം കോടതി ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കിയിരിക്കുമ്പോള്‍, സ്‌കൂള്‍ കെട്ടിടങ്ങളില്‍ ആയിരകണക്കിന് കുടിയേറ്റ തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുമ്പോള്‍, ഒരു വൈറസിനും തടുക്കാന്‍ കഴിയാത്ത ഒരു കാര്യമുണ്ട് ഈ രാജ്യത്തില്‍, ഇന്ത്യയിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിലും ബുദ്ധിജീവികളിലും ഒരാളായ ഡോ. ആനന്ദ് തെല്‍തുംദെയെ ഇന്ത്യന്‍ ഭരണകൂടം വേട്ടയാടുന്നത്.

ഇന്ത്യ ഭരിക്കുന്ന നിയോലിബറല്‍-ഹിന്ദുത്വ ഭരണകൂടം എന്തുകൊണ്ടാണ് തെല്‍തുംദെയെ ഇത്രയും അപകടകാരിയായി കണക്കാക്കുന്നത്?

2018 -ല്‍ ഭീമ കൊറേഗാവില്‍ ആദ്യമായി അക്രമം പൊട്ടിപുറപെട്ടപ്പോള്‍ സാംബാജി ബിടെ, മിലിന്ദ് എക്ബോടെ എന്നീ ഹിന്ദുത്വ ആക്റ്റിവിസ്റ്റുകളെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടന്നത്. എന്നാല്‍ സംഘപരിവാറിന്റെ വലതുപക്ഷ ശക്തികള്‍ വളരെ പെട്ടെന്ന് തന്നെ ഈ ദിശയിലേക്കുള്ള അന്വേഷണത്തില്‍ വീഴ്ച്ചകള്‍ ഉണ്ടെന്ന് ആരോപിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടു. എന്നിട്ട് ആക്രമണത്തിന് പിന്നില്‍ എല്‍ഗര്‍ പരിഷദും അവരുടെ മാവോയിസ്‌റ് ബന്ധങ്ങളുമാണെന്ന വ്യാജാരോപണവുമായി സംഘപരിവാര്‍ രംഗത്ത് വന്നു. ഭീമ കൊറേഗാവില്‍ എല്ലാ വര്‍ഷവും ഒത്തുകൂടുന്നത് പുരോഗമന അംബേദ്ക്കറൈറ്റ് സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ എല്‍ഗര്‍ പരിഷദ് ആണ്.

എല്ലാവര്‍ക്കും പൊതുവില്‍ അറിയുന്ന കാര്യമാണ് മാവോയിസ്റ്റ് സംഘടനകള്‍ ഇന്ത്യയില്‍ നിരോധിക്കെപ്പെട്ടവയാണ് എന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ഒരു അംബേദ്ക്കറൈറ്റ്-ദളിത് കൂട്ടായ്മയുടെ സ്മരണ നിലനിര്‍ത്തുന്ന സമ്മേളനത്തെ മാവോയിസ്റ്റ് പരിപാടിയായി ചിത്രീകരിച്ചത്? ഈ സംഭവത്തിന് ശേഷം അരങ്ങേറിയ സംഭവവികാസങ്ങളും ഉരുത്തിരിഞ്ഞ പുതിയ വ്യാജപ്രചാരണങ്ങളും, രാഷ്ട്രീയ ആഖ്യാനങ്ങളും നിരീക്ഷിച്ചാല്‍ ഏതൊരാള്‍ക്കും വ്യക്തമായി മനസിലാക്കാവുന്നതേയുള്ളു, അംബേദ്ക്കറൈറ്റുകളെയും ദളിതരെയും ലക്ഷ്യമിട്ടു കൊണ്ട് മാത്രമാണ് നിയമ സംവിധാനത്തെ ദുര്‍വിനിയോഗപ്പെടുത്തി ഇത്തരത്തില്‍ ഒരു മാവോയിസ്‌റ് ബന്ധം കെട്ടിച്ചമച്ചത്.

കൂടുതല്‍ ജനപ്രീതി ലഭിക്കാനും, രാജ്യമൊട്ടാകെയുള്ള ആക്ടിവിസ്റ്റുകളുടെ അറസ്റ്റുകളെ ന്യായീകരിക്കാനും അതിന് ജനകീയ സമവായം നേടിയെടുക്കാനും അധികം താമസിയാതെ മാവോയിസ്റ്റ് എന്ന പേരിനു പകരം ഭരണകൂടം 'നഗര നക്‌സലുകള്‍' (urban-naxals) എന്ന പുതിയ പ്രയോഗം പൊതു വ്യവഹാരത്തിലേക്ക് വിന്യസിച്ചു.

ഇങ്ങനെ ഒരു അസാധാരണമായ പ്രയോഗത്തിലൂടെ എതിരഭിപ്രായം പ്രകടിപ്പിക്കുന്ന ബുദ്ധിജീവികളെയോ, ആക്റ്റിവിസ്റ്റുകളെയോ തേടിപ്പിടിച്ച് നിരന്തരം വേട്ടയാടാന്‍ ഭരണകൂടത്തിന് എളുപ്പമായി. ഇടതുപക്ഷ ചായ്‌വ് ഉള്ള ആരെ വേണമെങ്കിലും 'നഗര-നക്‌സലുകള്‍' ആയി മാറ്റാന്‍ സര്‍ക്കാരുകള്‍ക്ക് എളുപ്പം സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കൊലപാതക ശ്രമത്തിനായുള്ള ഗൂഢാലോചന നടക്കുന്നു എന്ന കെട്ടിച്ചമച്ച വാര്‍ത്ത കൂടി ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തതോടെ ഭരണകൂടത്തിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഈ കെട്ടിച്ചമച്ച ഗൂഢാലോചനയെ തുടര്‍ന്ന് നിരവധി പ്രമുഖരായ വ്യക്തികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ ആക്കിയിരുന്നു. അഭിഭാഷകയായ സുധ ഭരദ്വാജ്, ഇംഗ്ലീഷ് പ്രൊഫസറായ ഷോമ സെന്‍, സുരേന്ദ്ര ഗാഡ്ലിംഗ്, വെര്‍ണന്‍ ഗോണ്‍സാല്‍വേസ് എന്നീ അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകനും ഗവേഷകനുമായ മഹേഷ് റൗത്, മാധ്യമപ്രവത്തകനായ അരുണ്‍ ഫെറേയ്റ, എഡിറ്ററായ സുധിര്‍ ധവാലെ, രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റോണാ വില്‍സണ്‍, തെലുഗു കവിയായ വരാവര റാവു എന്നിങ്ങനെ അറസ്റ്റിലായവരുടെ പട്ടിക നീളുന്നു.

ഈ ചാര്‍ജ്ഷീറ്റിലേക്ക് രണ്ട് ആക്ടിവിസ്റ്റുകളുടെ പേരുകള്‍ കൂടി ചേര്‍ക്കപ്പെട്ടു: ആനന്ദ് തെല്‍തുംദെ, മാധ്യമപ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ ഗൗതം നവ്ലാഖ എന്നിവരോട് ഏപ്രില്‍ 14 ചൊവ്വാഴ്ച്ച നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ(എന്‍.ഐ.എ) മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.ഈ കേസിന്റെ സ്വഭാവവും കെട്ടിച്ചമക്കെപ്പെട്ട ഗൂഢാലോചനയും പോലീസിന് ആരെ വേണമെങ്കിലും എവിടെ വെച്ചു വേണമെങ്കിലും വേട്ടയാടാന്‍ ഉള്ള അനുമതി നല്‍കി. ഹൈദരാബാദില്‍ പ്രൊഫസ്സറായ ഡോ. കെ സത്യനാരായണ , ഡല്‍ഹിയില്‍ പ്രൊഫസ്സറായ ഹണി ബാബു എന്നിവരുടെ വീടുകളില്‍ പോലീസ് തിരച്ചിലുകള്‍ നടത്തുന്നു, വിവരങ്ങള്‍ ശേഖരിക്കാന്‍ എന്ന പേരില്‍ അവരുടെ കംപ്യൂട്ടറുകള്‍ പരിശോധിക്കപ്പെടുന്നു. നമ്മള്‍ കാണാന്‍ പോകുന്ന അവസാനത്തെ അറസ്റ്റുകള്‍ ആയിരിക്കില്ല ഇതൊക്കെയും എന്നതാണ് സങ്കടകരമായ യാഥാര്‍ഥ്യം.

എന്തുകൊണ്ടാണ് ആനന്ദ് തെല്‍തുംദെ ഇത്രയും ക്രൂരമായ രീതിയില്‍ വേട്ടയാടപ്പെടുന്നത്? കൊറോണ വൈറസ് മഹാവ്യാധിയെ തടയുന്നതിനായി ജയിലുള്ളവരെ വിട്ടയക്കാന്‍ സുപ്രീം കോടതി പറഞ്ഞിട്ട് കൂടിയും തെല്‍തുംദെയും, നവ്ലാഖയും ജയിലില്‍ പോകണം എന്ന് ഭരണകൂടം തീരുമാനിക്കുന്നത് എന്തുകൊണ്ടാണ്?

ബാബാസാഹേബ് അംബേദ്ക്കറുടെ കൊച്ചുമകനായ പ്രകാശ് അംബേദ്കര്‍ പ്രധാന കാരണങ്ങളില്‍ ഒന്നായി ചൂണ്ടികാണിക്കുന്നത്, തെല്‍തുംദെ ബാബാസാഹേബ്-ന്റെ കുടുംബത്തിലെ ഒരംഗമായത് കൊണ്ടാണ് അദ്ദേഹത്തിനെ ഭരണകൂടം ലക്ഷ്യമിടുന്നത് എന്നാണ്. ബാബാസാഹേബ് അംബേദ്കറിന്റെ പാരമ്പര്യത്തെയും അദ്ദേഹത്തിന്റെ ആശയങ്ങളുടെ തുടര്‍ച്ചയെയും തന്നെയാണ് വലതുപക്ഷ ശക്തികളായ സംഘപരിവാര്‍ ലക്ഷ്യം വെക്കുന്നത്. ബി.ജെ.പി- ആര്‍.എസ്എ.സ് -ന്റെയും രഹസ്യ അജണ്ട മറ്റൊന്നല്ല. ആനന്ദ് തെല്‍തുംദെ ഭീമ കൊറേഗാവില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. അതിന്റെ സംഘടനാ സമിതിയില്‍ അംഗവും ആയിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ വേട്ടയാടുന്നത് എന്തുകൊണ്ടാകാം? അത് മറ്റൊന്നും കൊണ്ടല്ല, അദ്ദേഹം മുന്നോട്ട് വെക്കുന്ന ശക്തമായ രാഷ്ട്രീയം കൊണ്ട് തന്നെയാണ്. നിയോലിബറല്‍-വലതുപക്ഷ ഭരണകൂടം ഭ്രഷ്ട് കല്‍പിച്ച രാഷ്ട്രീയമാണ് അയാള്‍ സദാ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന കാരണം കൊണ്ടാണ് അയാള്‍ സംഘപരിവാറിന്റെ വേട്ടയാടലിനു വിധേയമാകുന്നത്.

സാമൂഹിക-സാമ്പത്തിക മണ്ഡലങ്ങളില്‍ ഹിന്ദുത്വക്ക് എതിരെ പോരാടേണ്ടതിന്റെ ആവശ്യകത നിരന്തരം ഉയര്‍ത്തി പിടിക്കുന്ന ബാബാസാഹേബ് അംബേദ്കറിന്റെ അനുയായികളില്‍ ഒരാളാണ് ആനന്ദ് തെല്‍തുംദെ. ഒരു വശത്ത് അദ്ദേഹം സംഘപരിവാറിന്റെ സാമൂഹികവിരുദ്ധ ബ്രാഹ്മണിക്കല്‍ മുഖമൂടി അഴിച്ചുമാറ്റുകയും, മറുവശത്ത് അദ്ദേഹം നിയോലിബറല്‍ ഹിന്ദുത്വയുടെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളെ നിരന്തരം വിമര്‍ശിക്കുകയും ചെയ്യുന്നു. തെല്‍തുംദെയുടെ അടുത്തിടെ പ്രസിദ്ധീകരിച്ച എഴുത്തുകളുടെ സമാഹാരത്തിന്റെ പേര് 'റിപ്പബ്ലിക്ക് ഓഫ് കാസ്റ്റ്: തിങ്കിങ് ഇക്വാളിറ്റി ഇന്‍ ദി ടൈം ഓഫ് നിയോലിബറല്‍ ഹിന്ദുത്വ' (Republic of Caste: Thinking Equality in the time of Neoliberal Hindutva) എന്നായിരുന്നു. അംബേദ്ക്കറുടെ ആശയങ്ങളായ ജാതി ഉന്മൂലനത്തിലൂടെയും സ്റ്റേറ്റ് സോഷ്യലിസത്തിലൂടെയും ഇന്ത്യയില്‍ സാമൂഹിക സാമ്പത്തിക ജനാധിപധ്യം ഉറപ്പുവരുത്തുക എന്ന അതേ രാഷ്ട്രീയ വീക്ഷണത്തെയാണ് തെല്‍തുംദെയും ഉയര്‍ത്തിക്കാട്ടിയത്.

ബാബാസാഹേബ് അംബേദ്ക്കറുടെ തുറന്ന സോഷ്യലിസ്റ്റ് ദര്‍ശനത്തെ കുറിച്ച് തെല്‍തുംദെ ചൂണ്ടികാണിക്കുന്നു,

'സാമൂഹിക-സാമ്പത്തിക നീതി ഈ രാജ്യത്തുണ്ടാകണം എങ്കില്‍, വ്യവസായവും നിലവും ദേശസാത്കരിക്കപ്പെടണം എങ്കില്‍, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി നടപ്പിലാക്കണം എന്ന് വിശ്വസിക്കുന്ന ഭാവിയിലെ ഏതൊരു ഗവണ്‍മെന്റിനും എങ്ങനെയാണ് സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥ അല്ലാതെ മറ്റൊരു സമ്പദ് വ്യവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുക എന്ന് എത്ര ശ്രമിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല.' (ഡിസംബര്‍ 17, 1946)

കൂടുതല്‍ ജനപ്രീതി ലഭിക്കാനും, രാജ്യമൊട്ടാകെയുള്ള ആക്ടിവിസ്റ്റുകളുടെ അറസ്റ്റുകളെ ന്യായീകരിക്കാനും അതിന് ജനകീയ സമവായം നേടിയെടുക്കാനും അധികം താമസിയാതെ മാവോയിസ്റ്റ് എന്ന പേരിനു പകരം ഭരണകൂടം ‘നഗര നക്‌സലുകള്‍’ (urban-naxals) എന്ന പുതിയ പ്രയോഗം പൊതു വ്യവഹാരത്തിലേക്ക് വിന്യസിച്ചു.

അതേ ലേഖനത്തില്‍ തന്നെ അംബേദ്ക്കറിനെ വീണ്ടും ഉദ്ധരിച്ച് കൊണ്ട് തെല്‍തുംദെ സോഷ്യലിസത്തിന്റെ വിജയത്തിന് ജാതി-വിരുദ്ധ വിപ്ലവം എത്രത്തോളം അനിവാര്യമാണ് എന്ന് ഊന്നിപ്പറയുന്നുണ്ട്. 'വിപ്ലവാനന്തരം ജാതി-മത വിവേചനമില്ലാതെ തങ്ങളെ തുല്യരായി പരിഗണിക്കും എന്ന ഉറപ്പില്ലാതെ ഒരിക്കലും ആളുകള്‍ ഭൂസ്വത്തിന്റെ സമത്വത്തിനു വേണ്ടിയുള്ള വിപ്ലവത്തിന് മുന്നിട്ട് ഇറങ്ങുകയില്ല. വിപ്ലവത്തെ നയിക്കുന്ന സോഷ്യലിസ്റ്റുകള്‍ ജാതിയില്‍ വിശ്വസിക്കുന്നില്ല എന്ന ഉറപ്പ് മാത്രം ഒരിക്കലും മതിയാകില്ല. അതിലും ആഴത്തിലുള്ള അടിത്തട്ടില്‍ നിന്നുള്ള ഉറപ്പാണ് വേണ്ടത്. ആ ഉറപ്പ് എന്ന് പറയുന്നത് ഒന്നിച്ച് നിന്ന് പോരാടുന്ന ഒരേ ആളുകള്‍ തമ്മില്‍ പരസ്പരം പുലര്‍ത്തേണ്ട സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉറപ്പാണ്'

അതിനുപുറമേ, സോഷ്യലിസത്തെ മുറുകെപ്പിടിച്ചു കൊണ്ടുള്ള ജാതിയുടെ ഉന്മൂലനം എന്ന ഈ പദ്ധതി മുന്നോട്ട് വെക്കുന്നത് ദളിത് പശ്ചാത്തലത്തില്‍ നിന്നുള്ള ഒരു പണ്ഡിതന്‍ കൂടിയാകുമ്പോള്‍ ശ്രദ്ധേയമായ ഒരു കാര്യം യഥാര്‍ത്ഥത്തില്‍ ദളിത്-ബഹുജന്‍ വിഭാഗത്തിലെ ആളുകളാണ് ഇന്ത്യയുടെ ഏറ്റവും വലിയ തൊഴിലാളി വര്‍ഗ്ഗം എന്ന വസ്തുതയാണ്. ഇതിന്റെ അര്‍ത്ഥം, ജാതിവ്യവസ്ഥയെ വെല്ലുവിളിക്കുന്നു എന്ന് പറയുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി ഉയരുന്നത് സ്വതന്ത്രമായി മനുഷ്യരെ ചൂഷണം ചെയ്യുന്ന മുതലാളിത്തത്തിന് എതിരെ കൂടിയാണ്.

സമൂഹത്തിലെ ജാതി-വര്‍ഗ്ഗ-ലിംഗ വിവേചനത്തെ കൂട്ടുപിടിക്കുന്ന നിയോലിബറല്‍ ഹിന്ദുത്വയുടെ അജണ്ടയ്ക്ക് നേര്‍വിപരീതമായ ആശയമാണ് ബാബാസാഹേബ് അംബേദ്കര്‍ മുന്നോട്ട് വെക്കുന്ന ജാതി-വിരുദ്ധ സോഷ്യലിസം എന്ന പദ്ധതി. ഇന്ത്യയെ ജാതി-മത വിവേചനത്തിലൂടെ വിഭജിച്ച് വര്‍ഗ്ഗീയതയെ വളര്‍ത്തിക്കൊണ്ട് വന്ന് ജനങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തി തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുന്നതിന്റെ ഭാഗമായിട്ടതാണ് മത ന്യൂനപക്ഷങ്ങളെ വലതുപക്ഷം ലക്ഷ്യം വെക്കുന്നത്.

ആര്‍.എസ്.എസ് അതിന്റെ ആരംഭകാലത്ത് തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുകയും, മനുസ്മൃതി വാദത്തെ ഉയര്‍ത്തി പിടിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഇന്ത്യയുടെ വിഭവങ്ങളെയും ആളുകളെയും നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരുന്ന ബ്രിട്ടീഷ് ഭരണകൂടത്തെ പിന്തുണച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം അതിന്റെ ഉച്ചത്തില്‍ നില്‍ക്കുമ്പോള്‍ ആര്‍.എസ്.എസ്.ന്റെ തലവന്‍ ആയിരുന്ന എം.എസ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്, 'ഹിന്ദുക്കളെ, നിങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടി നിങ്ങളുടെ ഊര്‍ജം കളയേണ്ടതില്ല. മറിച്ച് ആഭ്യന്തര ശത്രുക്കളായ മുസ്ലിങ്ങള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, കമ്മ്യൂണിസ്റ്റുകള്‍ക്കും എതിരെ പോരാടുക' എന്നാണ്.

എന്നാല്‍ ഹിന്ദുക്കള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ ഈ ദേശവിരുദ്ധരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരായി സ്വാതന്ത്ര്യം വരെ പോരാടുകയും ചെയ്തു എന്ന കാര്യം ചരിത്രമാണ്. മറ്റൊരവസരത്തില്‍ മനുവിനെ പുകഴ്ത്തികൊണ്ട് ഗോള്‍വാള്‍ക്കര്‍ എഴുതിയത് ഇങ്ങനെ,

'ലോകത്തിലെ ആദ്യത്തെയും എക്കാലത്തെയും മഹാനിയമജ്ഞനുമായ മനു അദ്ദേഹത്തിന്റെ നിയമസംഹിതയില്‍ എഴുതിയിരിക്കുന്നു, ലോകത്തിലെ എല്ലാ ആളുകളും അവരുടെ കര്‍ത്തവ്യങ്ങളെ കുറിച്ച് പഠിക്കുവാനായി ഇവിടെ വന്നു ഇവിടുത്തെ ആദിജാതരായ മഹാബ്രാഹ്മണരുടെ വിശുദ്ധപാദങ്ങള്‍ തൊട്ടു വന്ദിക്കണം'

പക്ഷേ സംഘപരിവാറിന് ഏറെ നിരാശയുണ്ടാക്കി ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 15 എഴുതപ്പെട്ടു. ആര്‍ട്ടിക്കിള്‍ 15 അനുസരിച്ച് ഈ രാജ്യത്തെ ഒരാളെയും മതത്തിന്റെയോ,വര്‍ണത്തിന്റെയോ, ജാതിയുടയോ, ലിംഗത്തിന്റെയോ, ജനിച്ച സ്ഥലത്തിന്റെ പേരിലോ, വേര്‍തിരിക്കാനോ വിവേചിക്കാനോ കഴിയില്ല.

ആര്‍.എസ്.എസ്-ബി.ജെ.പിയുടെ നിയോലിബറല്‍ ഹിന്ദുത്വയ്ക്കെതിരെ പുരോഗമന ബുദ്ധിജീവി മതിലായി നിലകൊള്ളുന്ന അംബേദ്ക്കറൈറ്റുകളുടെ ഇടയിലാണ് തെല്‍തുംദെയുടെ സ്ഥാനം. ഈ പുരോഗമന ബുദ്ധിജീവി മതിലിനെ ഭേദിക്കുക എന്നുള്ളത് ജനവിരുദ്ധ, ആര്‍.എസ്.എസ് നിയന്ത്രിത കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യകതയാണ്. എന്നാല്‍ മാത്രമേ ജാതി വിവേചനത്തിലും, വര്‍ഗ്ഗവിവേചനത്തിലും, ലിംഗവിവേചനത്തിലും അധിഷ്ഠിതമായ പുരോഗമനത്തെ പിന്നോട്ടടിക്കുന്ന അസമത്വ-ഹിന്ദുത്വ സമൂഹത്തെ സൃഷ്ട്ടിക്കാന്‍ അവര്‍ക്ക് കഴിയൂ. നമ്മളെ ഇരുണ്ട ഭൂതകാലത്തിലേക്ക് തിരിച്ചു കൊണ്ട് പോകുന്ന ഈ സമയയന്ത്രത്തിന്റെ വേഗത്തെ കൂട്ടാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ ലക്ഷ്യത്തോടെയാണ് ഭീമ കൊറേഗാവില്‍ അക്രമം അഴിച്ചു വിട്ട ഹിന്ദുത്വ ശക്തികളെ അവര്‍ സംരക്ഷിച്ചതും, എല്‍ഗര്‍-പരിഷത്തിന് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന കഥ കെട്ടിച്ചമച്ചതും അവരാണ് ആക്രമണത്തിന് പിന്നില്‍ എന്ന് വരുത്തി തീര്‍ത്തതും.

എന്തൊക്കെ തന്നെയായാലും സത്യം പുറത്തു വരിക തന്നെ ചെയ്യും. ഈ കാരണം കൊണ്ട് തന്നെയാണ്, മോഡി-ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് തെല്‍തുംദെ അടക്കം ഉള്ള പുരോഗമന ചിന്തകരെയും സമത്വത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളെയും അംബേദ്ക്കറൈറ്റുകളെയും വേട്ടയാടുന്ന സംഘപരിവാറിന് എതിരെ ഇന്ത്യയിലെ എല്ലാ ജനങ്ങളും പ്രതികരിക്കേണ്ടത്.

അംബേദ്കര്‍ ജയന്തിയുടെ അന്നുതന്നെ കരുതിക്കൂട്ടി തെല്‍തുംദെയെ അറസ്റ്റ് ചെയ്ത നടപടി ഈ രാജ്യത്തിന് തീര്‍ത്താല്‍ തീരാത്ത കളങ്കം ഏല്‍പിച്ചിരിക്കുന്നു. അദ്ദേഹത്തിനെ എത്രയും പെട്ടന്ന് തന്നെ വിട്ടയക്കണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. അതുപോലെ തന്നെ ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ സാമൂഹിക പ്രവര്‍ത്തകരെയും, അഭിഭാഷകരെയും, ചിന്തകരെയും ഉടന്‍ തന്നെ വിട്ടയക്കണം എന്ന് ഞങ്ങള്‍ ആവശ്യപെടുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT