വിദ്യാർത്ഥികൾക്ക് താല്പര്യമില്ലാത്ത വിഷയങ്ങൾ, അല്ലെങ്കിൽ മാർക്കറ്റിന് താല്പര്യമില്ലാത്ത വിഷയങ്ങൾ പഠിപ്പിക്കാതിരിക്കുക എന്ന താങ്കളുടെ ആലോചന സാമൂഹികാർത്ഥത്തിൽ അപകടകരമല്ലേ? ഫിസിസിസ്റ്റുകളും മാത്തമാറ്റിഷ്യൻസും ഇല്ലാത്ത ഒരു സമൂഹം ഒന്നോ രണ്ടോ പതിറ്റാണ്ട് കഴിയുമ്പോൾ എന്താകും? കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയായിരുന്ന ചരിത്രവും സോഷ്യൽ സയൻസും കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളുടെ അശ്രദ്ധ കൊണ്ട് എത്ര ദുർബലമായിക്കഴിഞ്ഞു എന്ന് നമ്മൾ കാണുന്നതാണല്ലോ. മുരളി തുമ്മാരക്കുടിക്ക് എൻ പി ആഷ്‌ലിയുടെ തുറന്ന കത്ത്.
കേരളത്തിലെ കോളേജുകളിൽ മുപ്പതു ശതമാനവും അടുത്ത ഏഴു വർഷങ്ങൾക്കുള്ളിൽ പൂട്ടിപ്പോവും എന്നഭിപ്രായപ്പെട്ടുകൊണ്ട് താങ്കൾ എഴുതിയ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ. ഈ രംഗത്ത് പ്രവർത്തിക്കുകയോ നിരീക്ഷിക്കുകയോ ചെയ്യുന്ന ആർക്കും മനസ്സിലാവുന്നതെങ്കിലും നമ്മുടെ 24 മണിക്കൂർ വമ്പൻ ചാനലുകളോ എന്തിനു ഓൺലൈൻ മീഡിയകളോ ഒരു ചർച്ചക്കു പോലും വെക്കാൻ തയാറാവാത്ത വരാൻ പോവുന്ന ഒരു വലിയ പ്രതിസന്ധി ജനശ്രദ്ധയിലേക്കു കൊണ്ടുവന്നതിന് താങ്കളോടുള്ള കൃതജ്ഞത ആദ്യമേ പറയട്ടെ.
കഴിഞ്ഞ രണ്ടു വർഷമായി അപേക്ഷകരുടെ എണ്ണത്തിൽ വരുന്ന കുറവും ഒഴിഞ്ഞു കിടക്കുന്ന ആർട്സ്, സയൻസ് കോളേജുകളിലെ സീറ്റുകളും നോക്കുന്ന ആർക്കും കേരളത്തിലെ ഈ പ്രവണത വ്യക്തമാണ്. നമ്മുടെ നാല് സർവകലാശാലകളിലും കൂടി ഏതാണ്ട് 900 ന്റെ അടുത്ത് അഫിലിയേറ്റഡ് കോളേജുകളുണ്ട് എന്നാണ് ഇന്റർനെറ്റിലെ ഒരു പ്രാഥമിക തിരച്ചിലിൽ തന്നെ മനസ്സിലാവുന്നത്. ഇത്രയും കോളേജുകളുടെ ആവശ്യം ഈ നാട്ടിലുണ്ടോ എന്നത് തന്നെ പഠിക്കേണ്ടതുണ്ട്. കോളേജുകൾ എങ്ങിനെ നിലനിർത്തിക്കൊണ്ടു പോവണം എന്നതല്ലല്ലോ ചോദ്യം, എങ്ങിനെ കഴിവും കാഴ്ചപ്പാടും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തി എടുക്കുന്നതിൽ നമ്മുടെ സ്ഥാപനങ്ങൾക്ക് എന്ത് ചെയ്യാനുണ്ട് എന്നതാണല്ലോ!
തെറിയെപ്പറ്റി എം.എൻ വിജയൻ മാഷ് പറഞ്ഞിട്ടുണ്ട്, 'തെറി അറിയാത്തവരില്ല, പറയുന്നവരും പറയാത്തവരും മാത്രമേ ഉള്ളു' എന്ന്. അത് പോലെ, കൈക്കൂലി കൊടുക്കാൻ ഉള്ളവരും ഇല്ലാത്തവരും എന്ന് രണ്ട് വിഭാഗമേയുള്ളു രക്ഷിതാക്കളിലും ഉദ്യോഗാർത്ഥികളിലും എന്ന്പറയാവുന്ന മട്ടിൽ അഴിമതിയുടെ ഒരു ആവാസവ്യവസ്ഥ തന്നെ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ ഇത്രയും വലിയ ഒരു സാമൂഹ്യവിപത്തിനെതിരെ കൂട്ടായ ശബ്ദം എവിടെ നിന്നും ഉയർന്നു വരാത്തതിന് കാരണമെന്ത്?
മുമ്പ് സർക്കാർ സ്കൂളുകൾക്ക് സംഭവിച്ചത് തന്നെ കോളേജുകൾക്കും സംഭവിക്കാം എന്ന താങ്കളുടെ നിരീക്ഷണവും ശരിയാണെന്നു എയ്ഡഡ് കോളേജുകളിൽ കൂടി ഒഴിഞ്ഞു വരുന്ന സീറ്റുകൾ വ്യക്തമാക്കുന്നു (ഈ വര്ഷം എറണാകുളത്തെ മൂന്നു പ്രമുഖ കോളേജുകളിലും 25% അപേക്ഷകരിൽ കുറവുണ്ടായി എന്നതും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്കുള്ള അപേക്ഷകരിൽ രണ്ടു വര്ഷം മുമ്പുള്ളതിനെ അപേക്ഷിച്ചു മുപ്പതു ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്). മുമ്പ് സർക്കാർ സ്കൂളുകളെ അപേക്ഷിച്ചു ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്ക് ഇൻഫ്രാസ്ട്രക്ച്ചറോ സൗകര്യങ്ങളോ ഫാഷനോ എന്തെങ്കിലുമൊക്കെ ഉണ്ടായിരുന്നു എങ്കിൽ അത് പോലെയല്ല അൺ എയ്ഡഡ് കോളേജുകളുടെ സ്ഥിതി. അത് കൊണ്ട് തന്നെ താങ്കൾ പറഞ്ഞപോലെ എയ്ഡഡ് കോളേജുകൾ പൂട്ടിപ്പോവുകയാണെങ്കിൽ അതിനു മുമ്പേ പൂട്ടേണ്ടി വരും അൺ എയ്ഡഡ് കോളേജുകൾ. അതുണ്ടാക്കുന്ന സാമൂഹ്യ, വൈജ്ഞാനിക, സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു നാം ആലോചിക്കേണ്ട സമയമായിരിക്കുന്നു.
"യാതൊരു തൊഴിൽ സാധ്യതയും ഇല്ലാത്ത കോഴ്സുകൾ, വിഷയത്തിൽ പ്രത്യേക താല്പര്യം ഒന്നുമില്ലെങ്കിലും പഠിക്കാനെത്തുന്ന കുറച്ചു കുട്ടികൾ, അവരെ പഠിപ്പിക്കുന്നതിൽ പ്രത്യേക താല്പര്യം ഒന്നുമില്ലാത്ത അധ്യാപകർ, പാർട്ടി രാഷ്ട്രീയം നിയന്ത്രിക്കുന്ന കോളേജുകൾ, വിദ്യാർത്ഥികളുടെ വർത്തമാനത്തിലോ ഭാവിയിലോ വലിയ താല്പര്യം കാണിക്കാത്ത യൂണിവേഴ്സിറ്റികൾ, യുവാക്കളെ 'കുട്ടികൾ' ആയിക്കാണുന്ന മാതാപിതാക്കൾ, പുതിയ തലമുറയുടെ നേരെ സദാചാര ലെൻസും ആയി നടക്കുന്ന സമൂഹവും സർക്കാർ സംവിധാനങ്ങളും"- ഇത്രയുമാണ് ഇന്നത്തെ കേരളത്തിലെ കോളേജുകളുടെ അവസ്ഥക്ക് കാരണമായി താങ്കൾ പറഞ്ഞു കാണുന്നത്.
തൊഴിൽ ചൂഷണം കൊണ്ടോ കുറഞ്ഞ വേതനം കൊണ്ടോ അഴിമതി കൊണ്ടോ രാഷ്ട്രീയനേതൃത്വങ്ങളോടുള്ള വിധേയത്വം കൊണ്ടോ ക്ലാർക്ക് വൽക്കരണം കൊണ്ടോ ധാർമികശക്തി നിസ്തേജമാക്കപ്പെട്ട അധ്യാപകരെയാണ് നമ്മുടെ കോളേജുകളിൽ ഭൂരിഭാഗവും നാം ബാക്കിയാക്കിയിട്ടുള്ളത്.
കോഴ്സുകൾ തൊഴിലധിഷ്ഠിതമല്ല എന്നതാണ് പ്രശ്നം എന്നെനിക്കു തോന്നുന്നില്ല. ഇംഗ്ലീഷ് എം എ കഴിഞ്ഞ ആൾക്ക് പോലും തെറ്റാതെ ഇംഗ്ലീഷ് എഴുതാനോ പറയാനോ കഴിയാത്ത അവസ്ഥ, ബി ടെക് കഴിഞ്ഞവർക്ക് കോഡിങ് അറിയില്ല, ബി കോമുകാർക്കു പ്രായോഗികമായി ഒന്നും ചെയ്യാനറിയില്ല- അതറിയും എന്നുറപ്പാക്കുന്ന ഒന്നും നമ്മുടെ യൂണിവേഴ്സിറ്റിയുടെ റെഗുലേഷൻസിൽ ഇല്ല. ഇന്നും തെറ്റുകൂടാതെ ഇംഗ്ലീഷ് പറയാനും എഴുതാനും കഴിയുന്നവർക്ക്, നന്നായി പ്രോഗ്രാമിങ് അറിയുന്നവർക്ക്, അക്കൗണ്ടിങ്ങും കോമേഴ്സും അറിയുന്നവർക്ക്, സയൻസ് പഠിപ്പിക്കാൻ അറിയുന്നവർക്ക് ജോലി ഉണ്ട്. നല്ല ആളുകളെ കിട്ടാനേ ഇല്ലെന്നു സ്ഥാപനങ്ങൾ നടത്തുന്ന ആരോട് ചോദിച്ചാലും പറയും. പഠിച്ച കോഴ്സുകൊണ്ടുണ്ടാവേണ്ട സ്കില്ലുകളോ ലോകബോധമോ ഇല്ലാത്തതാണ് പ്രശ്നം. അതാണ് മാറ്റേണ്ടതും.
ഇപ്പോൾ ഈ പ്രതിസന്ധി ഇങ്ങനെ മറനീക്കി പുറത്തുവരാൻ കാരണം കൊറോണക്കാലത്തെ പഠനവും സാങ്കേതികതയുടെ സാധ്യതകൾ എല്ലാവരും പെട്ടെന്ന് ഉപയോഗിക്കേണ്ടി വന്നതും കൂടി ആണെന്ന് തോന്നുന്നു. മുമ്പത്തെക്കാലത്ത് വിവരമുള്ള, കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ അറിവുണ്ടായിരുന്ന അധ്യാപകർ സുപ്രധാനമായിരുന്നു. ഇന്ന് അത്തരം അറിവിന് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ല. അതൊക്കെ ഓൺലൈനിൽ നേരിട്ട് അവർക്കു ലഭ്യമാണ്. പഠിപ്പിക്കുന്ന അധ്യാപകർക്ക് ആകെ ചെയ്യാനുള്ളത് ഒരു വിഷയത്തിലൂടെ ലോകത്തെ എങ്ങിനെ നോക്കിക്കാണാം എന്ന കാഴ്ചപ്പാട് ഉണ്ടാക്കിക്കൊടുക്കുകയാണ്, അതിനു പരിശീലനം കൊടുക്കുകയാണ്. ഓൺലൈൻ മെറ്റീരിയലുകളിൽ നിന്നും സ്രോതസ്സുകളിൽ നിന്നും അധ്യാപകർക്കുള്ള ഏറ്റവും പ്രധാന വ്യത്യാസം വിദ്യാർഥിനികൾക്ക് എന്ത് പറയാനുണ്ട്, അതവർ എങ്ങിനെ പറയുന്നു എന്നീ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു എന്നത് മാത്രമാണ്. അങ്ങിനെ ഒരു മാറ്റത്തെ മനസ്സിലാക്കി പ്രവർത്തിക്കാൻ, അത്തരം പരിശീലനം അധ്യാപകർക്ക് നൽകാൻ എന്തെങ്കിലും ശ്രമം നടക്കുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്.
ക്ലാസ്സിൽ അപമര്യാദയായി പെരുമാറിയ കുട്ടിയോട് ഇറങ്ങിപ്പോവാൻ പറഞ്ഞപ്പോൾ താൻ അമ്പതിനായിരം രൂപ കൊടുത്താണ് അഡ്മിഷൻ വാങ്ങിച്ചതെന്നും അത് കൊണ്ട് ഇറങ്ങിപ്പോവില്ലെന്നും ഒരു വിദ്യാർത്ഥി പറഞ്ഞത്രേ. അധ്യാപകന്റെ മറുപടി: 'അതൊന്നും പറയണ്ട, ഞാൻ അമ്പതു ലക്ഷം കൊടുത്താണ് വന്നത്'. അതാണ് ഒരു കൈക്കൂലി വ്യവസ്ഥയിൽ അധ്യാപകരും വിദ്യാർത്ഥികളും ആയുള്ള ബന്ധം!
തലമുറകളുടെ ഒരു സംഘട്ടനം ദേശീയാടിസ്ഥാനത്തിൽ നടക്കുന്നുണ്ട് എന്ന് പറയേണ്ടി വരും, രക്ഷിതാക്കളും അധ്യാപകരും കണ്ടു വളർന്ന ലോകത്തിലേ അല്ല ചെറുപ്പക്കാർ വളരുന്നത്. മാത്രമല്ല, സാമ്പത്തികമായി തീർത്തും ആഗോളവൽകൃതവും രാഷ്ട്രീയമായി പുരോഗമന വാചാടോപപരവും ആവുമ്പോൾ തന്നെ സാമൂഹികമായി തീർത്തും യാഥാസ്ഥിതികമായ ഒരു കൂട്ടരാണ് നമ്മൾ മലയാളികൾ. ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാനും കൂടി ആണ് എങ്ങിനെയെങ്കിലും പുറത്തേക്ക് പോവണമെന്ന കാഴ്ചപ്പാടിലേക്ക് യുവാക്കൾ എത്തുന്നത്. പല രക്ഷിതാക്കളും ഈ പ്രതിസന്ധി മനസ്സിലാക്കുന്നു എങ്കിലും എന്താണ് ചെയ്യേണ്ടതെന്ന് അവർക്കും വ്യക്തത ഉണ്ടോ എന്നതിൽ സംശയമുണ്ട്.
ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം കേരളത്തിലെ കോളേജ് വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധി ഇപ്പോൾ തുടങ്ങിയതല്ല എന്നതാണ്. ദശാബ്ദങ്ങളായി നടന്നു വരുന്ന എയ്ഡഡ് അഴിമതി ആണ് ഇവിടുത്തെ ഒന്നാമത്തെ കുറ്റവാളി. മൂന്നും നാലും ലക്ഷം കോഴ കൊടുത്തു വാങ്ങുന്ന അഡ്മിഷനും അമ്പതും അറുപതും ലക്ഷം കൊടുത്തു വാങ്ങുന്ന അപ്പോയ്ന്റ്മെന്റും കൂടി കള്ളപ്പണത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രമാക്കി കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെ മാറ്റിയിട്ടുണ്ട്.
തെറിയെപ്പറ്റി എം.എൻ വിജയൻ മാഷ് പറഞ്ഞിട്ടുണ്ട്, 'തെറി അറിയാത്തവരില്ല, പറയുന്നവരും പറയാത്തവരും മാത്രമേ ഉള്ളു' എന്ന്. അത് പോലെ, കൈക്കൂലി കൊടുക്കാൻ ഉള്ളവരും ഇല്ലാത്തവരും എന്ന് രണ്ട് വിഭാഗമേയുള്ളു രക്ഷിതാക്കളിലും ഉദ്യോഗാർത്ഥികളിലും എന്ന്പറയാവുന്ന മട്ടിൽ അഴിമതിയുടെ ഒരു ആവാസവ്യവസ്ഥ തന്നെ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ ഇത്രയും വലിയ ഒരു സാമൂഹ്യവിപത്തിനെതിരെ കൂട്ടായ ശബ്ദം എവിടെ നിന്നും ഉയർന്നു വരാത്തതിന് കാരണമെന്ത്? പതിനെട്ടു വയസ്സ് തികയും മുമ്പ് ഒരു കൗമാരക്കാരൻ/കൗമാരക്കാരി ജീവിതം തുടങ്ങുന്നത് തന്റെ പ്രവേശനത്തിന് വേണ്ടി രക്ഷിതാക്കൾ കൊടുത്ത കൈക്കൂലിയുടെ അറിവുമായിട്ടാണ്!
ക്ലാസ്സിൽ അപമര്യാദയായി പെരുമാറിയ കുട്ടിയോട് ഇറങ്ങിപ്പോവാൻ പറഞ്ഞപ്പോൾ താൻ അമ്പതിനായിരം രൂപ കൊടുത്താണ് അഡ്മിഷൻ വാങ്ങിച്ചതെന്നും അത് കൊണ്ട് ഇറങ്ങിപ്പോവില്ലെന്നും ഒരു വിദ്യാർത്ഥി പറഞ്ഞത്രേ. അധ്യാപകന്റെ മറുപടി: 'അതൊന്നും പറയണ്ട, ഞാൻ അമ്പതു ലക്ഷം കൊടുത്താണ് വന്നത്'. അതാണ് ഒരു കൈക്കൂലി വ്യവസ്ഥയിൽ അധ്യാപകരും വിദ്യാർത്ഥികളും ആയുള്ള ബന്ധം!
ഇത് ചില മാനേജ്‌മന്റ് എയ്ഡഡ് കോളേജുകളുടെ മാത്രം കാര്യമല്ലേ എന്ന് ചോദിച്ചാൽ അല്ല. വിദ്യാർത്ഥികളെയും അധ്യാപകരെയും അങ്ങേയറ്റം അപമാനിക്കുകയും കഷ്ടത്തിലാക്കുകയും ചെയ്യുന്ന രീതിയിലാണ് നമ്മുടെ പല സർവ്വകലാശാലകളുടെയും കലണ്ടറും, തോന്നുമ്പോൾ നടത്തുന്ന പരീക്ഷാനടത്തിപ്പും, പേപ്പർനോട്ട ക്യാമ്പുകളും. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി സ്വയം ഭരണാധികാരം (AUTONOMY) നേടലാണ് എന്നതാണ് ഉണ്ടാക്കി വെച്ചിട്ടുള്ള ഒരു കഥ! സത്യത്തിൽ ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന ഓട്ടോണോമി പൊതു സ്ഥാപനങ്ങളുടെ പേരുപയോഗിച്ച് പണക്കാരും സമുദായ നേതൃത്വങ്ങളും സാമ്പത്തിക-സാമൂഹിക ശക്തി നേടുന്ന ഒരു സമ്പ്രദായമാണ്. ഇതിനു പകരം സർവ്വകലാശാലകൾക്ക് അടിസ്ഥാനകാര്യങ്ങൾ സമയത്ത് നടത്തിയാൽ പോരെ എന്നാരും ചോദിക്കുക പോലുമില്ല. സർക്കാർ കോളേജുകളിലും അൺഎയ്ഡഡ് കോളേജുകളിലും പഠിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഇങ്ങനെ യാതന അനുഭവിക്കുന്നത് ചിലരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് എന്ന് സാരം. ഈ വശം താങ്കളുടെ കുറിപ്പ് പരാമർശിക്കുന്നതേ ഇല്ല.
മിക്കവാറും സ്ഥാപനങ്ങൾ കൈവശം വെച്ചിരിക്കുന്ന കേരളത്തിലെ അധീശ സമുദായങ്ങളായ ഈഴവ, മുസ്ലിം, നായർ, ക്രിസ്ത്യൻ സമുദായ നേതൃത്വങ്ങളുടെയോ അല്ലെങ്കിൽ പണക്കാരുടെയോ താല്പര്യങ്ങൾക്കു പ്രയാസമുണ്ടാക്കുന്ന ഒന്നും ഒരു ചാനലും ഒരു പാർട്ടിയും ചെയ്യാനും പോവുന്നില്ല.
ഇത്രയും വിലക്കയറ്റവും രൂപയുടെ മൂല്യശോഷണവുമുണ്ടായിട്ടും കേരളത്തിലെ സർവ്വകലാശാലകൾ അൺഎയ്ഡഡ് കോളേജുകളിലെ ഫീസ് കൂട്ടാറില്ല. മാനേജ്മെന്റുകൾ ഇക്കാര്യം മാനേജ് ചെയ്യുന്നത് തീരെക്കുറഞ്ഞ ശമ്പളം നൽകിക്കൊണ്ടാണ്. മാസങ്ങൾ കഴിഞ്ഞ് ശമ്പളം കിട്ടുന്ന എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകരാണ് വല്ലാതെ ചൂഷണം ചെയ്യപ്പെടുന്ന മറ്റൊരു വിഭാഗം. ക്ലാസ്സിൽ പഠിപ്പിക്കുന്നതിന് യാതൊരു പ്രാധാന്യവും നൽകാത്ത നാക് പോലുള്ള അക്രഡിറ്റേഷൻ സംവിധാനങ്ങൾ മറ്റൊരു രീതിയിൽ അധ്യാപകരെ ക്ലാർക്കുമാരാക്കി മാറ്റിക്കൊണ്ടും ഇരിക്കുന്നു. തൊഴിൽ ചൂഷണം കൊണ്ടോ കുറഞ്ഞ വേതനം കൊണ്ടോ അഴിമതി കൊണ്ടോ രാഷ്ട്രീയനേതൃത്വങ്ങളോടുള്ള വിധേയത്വം കൊണ്ടോ ക്ലാർക്ക് വൽക്കരണം കൊണ്ടോ ധാർമികശക്തി നിസ്തേജമാക്കപ്പെട്ട അധ്യാപകരെയാണ് നമ്മുടെ കോളേജുകളിൽ ഭൂരിഭാഗവും നാം ബാക്കിയാക്കിയിട്ടുള്ളത്. വിദ്യാർത്ഥികളെ ഒന്നുകിൽ ഉപഭോക്താക്കളോ അല്ലെങ്കിൽ അടിമകളോ ആക്കി മാത്രം കാണുന്ന അവസ്ഥയുടെ അടിസ്ഥാനം, വിദ്യാർത്ഥികളും അധ്യാപകരുമായുള്ള അകലത്തിനും കമ്മ്യൂണിക്കേഷൻ ഗ്യാപ്പിനും കാരണം ഈ planned ദുർബലപ്പെടുത്തൽ ആണ്. ഇതിന്റെ ഇരകളാണ് അധ്യാപകരും വിദ്യാർത്ഥികളും എല്ലാം.
ഈ വ്യവസ്ഥ എങ്ങിനെ വിദ്യാർത്ഥികളുടെ ഭാവിയെപ്പറ്റി ശ്രദ്ധയോ അവരിൽ വിശ്വാസമോ പഠിപ്പിക്കുന്ന വിഷയത്തിൽ താല്പര്യമോ ഇല്ലാത്ത അവസ്ഥയിൽ എത്തിക്കുന്നു എന്നതിന് ഫിസിക്സ് എന്ന വിഷയം കേരളത്തിൽ നേരിടുന്ന അവസ്ഥ നല്ല ഒരു ഉദാഹരണമാണ്.
ലോകചരിത്രത്തെ തന്നെ ഏറ്റവും കാര്യമായി സ്വാധീനിച്ച വിഷയമേതെന്നു ചോദിച്ചാൽ അത് ഫിസിക്സ് ആണ്- ടോളമിയുടെ ലോകം, ന്യൂട്ടന്റെ ലോകം, ഐൻസ്റ്റെയ്‌നിന്റെ ലോകം അങ്ങിനെ പറയാമല്ലോ. പുതിയ സാങ്കേതികവിദ്യ പഠിക്കാൻ ഏറ്റവും നല്ലത് ഫിസിക്സ് ആണെന്നാണ് സ്വയം ഒരു ഫിസിക്സ് വിദ്യാർത്ഥി ആയ എലോൺ മസ്‌ക് പറയുന്നത്.
ഇന്ത്യയിലും കേരളത്തിലും എന്നും നിരവധി ആവശ്യക്കാരുണ്ടായിരുന്ന ഫിസിക്സിന് കേരളത്തിലെ മിക്ക എയ്ഡഡ്-അൺഎയ്ഡഡ് കോളേജുകളിലും കഴിഞ്ഞ രണ്ടു വർഷമായി കാര്യമായ താൽപര്യക്കുറവ് അനുഭവപ്പെടുന്നു. ഫിസിക്സിന്റെ ഭാഷ മാത്തമാറ്റിക്സ് ആണ്. മാത്തമാറ്റിക്സ് എന്നും പ്രയാസമുള്ള വിഷയവും ആണ്. അന്നൊന്നും ആളുകൾ ഫിസിക്സ് പഠിക്കാതിരുന്നിട്ടില്ല. പിന്നെ ഇപ്പോൾ എന്ത് പറ്റി?
കേൾക്കുന്നത് ഫിസിക്സ് ബുദ്ധിമുട്ടാണെന്നു പറയുന്ന എത്രയോ ഫിസിക്സ് അധ്യാപകർ തന്നെ പ്ലസ് ടു സ്കൂളുകളിൽ ഉണ്ടെന്നാണ്. സയൻസ് അധ്യാപകരാവാൻ ബോട്ടണിയോ സുവോളജിയോ പഠിച്ചാലും മതിയല്ലോ എന്നാണ് അവരുടെ ന്യായം. പഠിപ്പിക്കുന്ന വിഷയത്തിൽ വിദ്യാർഥികൾക്ക് താല്പര്യമുണ്ടാക്കുക ആണല്ലോ അധ്യാപകരുടെ പ്രാഥമികമായ ദൗത്യം. അത് ചെയ്യാൻ പോലും തോന്നാത്ത വിധം ഇത്ര മോശമായ ഒരു മനോഭാവം, കുട്ടികൾക്ക് എളുപ്പവഴി പറഞ്ഞു കൊടുക്കുകയാണ് നല്ലത് എന്ന് വിചാരിക്കുന്ന ദൗർബല്യവും അലസതയും എങ്ങിനെ അധ്യാപകർക്ക് വരുന്നു എന്ന് ചോദിച്ചു ചെന്നാൽ ഇന്നത്തെ അധ്യാപകരിൽ ഒരു പാട് പേർ ആവാസവ്യവസ്ഥയുടെ ഭാഗമായ അധ്യാപകരുടെ വിദ്യാർത്ഥികളാണ് എന്ന് കൂടി പറയേണ്ടി വരും. ഇവിടുത്തെ കുറ്റവാളി സമൂഹമാണ്.
വിദ്യാർത്ഥികൾക്ക് താല്പര്യമില്ലാത്ത വിഷയങ്ങൾ അല്ലെങ്കിൽ മാർക്കറ്റിനു താല്പര്യമില്ലാത്ത വിഷയങ്ങൾ പഠിപ്പിക്കാതിരിക്കുക എന്ന താങ്കളുടെ ആലോചന സാമൂഹികാർത്ഥത്തിൽ അപകടകരമല്ലേ? ഫിസിസിസ്റ്റുകളും മാതെമാറ്റിഷ്യന്സും ഇല്ലാത്ത ഒരു സമൂഹം ഒന്നോ രണ്ടോ പതിറ്റാണ്ടു കഴിയുമ്പോൾ എന്താകും? കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയായിരുന്ന ചരിത്രവും സോഷ്യൽ സയൻസും കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളുടെ അശ്രദ്ധ കൊണ്ട് എത്ര ദുര്ബലമായിക്കഴിഞ്ഞു എന്ന് നമ്മൾ കാണുന്നതാണല്ലോ. ഇത്തരം ആലോചനകൾ നടത്താനും ആശയങ്ങൾ പങ്കുവെക്കാനും ആധികൾ പ്രകാശിപ്പിക്കാനും ഒരു പൊതുമണ്ഡലം തന്നെ നമുക്കില്ലാതായിക്കഴിഞ്ഞു. ബൗദ്ധികവും ധാർമികവും ആയ ഒരു തരം ശൂന്യത നമ്മെ കാർന്നുതിന്നുകൊണ്ടിരുന്നതിന്റെ അവസാനഘട്ടത്തിൽ എവിടെയോ ആണ് നാം എന്ന പ്രശ്നം തിരിച്ചറിയേണ്ടത് പരിഹാരത്തിനു ശ്രമിച്ചു തുടങ്ങാൻ തന്നെ അത്യാവശ്യമാണ്.
ഈ പ്രശ്നങ്ങളൊന്നും ഇപ്പോൾ കേരളത്തിന്റേത് മാത്രമല്ല. ഇന്ത്യയാകെ വൈകാതെ വരും. താങ്കളുടെ കുറിപ്പിൽ സൂചിപ്പിക്കുന്നത് കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിൽ എന്തൊക്കെയോ സാധ്യതകൾ ഉണ്ടെന്നാണ്. അതിന്റെ അപകടങ്ങളും അബദ്ധങ്ങളും ദിവസവും അനുഭവിക്കുന്ന ഒരാളെന്ന നിലക്ക് ഒന്ന് പറയാം- പൊതു സർവകലാശാലകളുടെയും കോളേജുകളുടെയും നോട്ടുറദ്ദാക്കൽ (demonetisation) ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് എന്നാണ് എന്റെ വിലയിരുത്തൽ. NEP കോളേജുകളെ കാണുന്നത് തന്നെ ഒരു അക്കാദമിക് മാൾ എന്ന നിലക്കാണ്. കോഴ്സുകളുടെ ഘടനയും എണ്ണവും ഉള്ളടക്കവും സമ്പ്രദായവും കോളേജ് എന്ന അക്കാഡമിക് കമ്മ്യൂണിറ്റിയെ ഇല്ലാതാക്കാൻ ആണ് കാരണമാവുക. ഫാൻസി വാചകങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് അതിലെ ആഴത്തിലുള്ള തകരാറുകൾ ചർച്ച ചെയ്യപ്പെടുന്നെ ഇല്ല എന്ന് മാത്രം.
കോഴ്സുകളിൽ പലതും കാലഹരണപ്പെട്ടിരിക്കാം. അവയെ മാറ്റുകയോ പഴയ രീതി ആണെന്ന് പറഞ്ഞു കാണിച്ചു കൊടുക്കുകയോ ചെയ്യാം. തീർച്ചയായും പുതിയത് പലതും ഉൾപ്പെടുത്തേണ്ടതുണ്ട്. വിജ്ഞാന ശാഖകളെത്തന്നെ പുതുതായി കൂട്ടി ചേർക്കേണ്ടിയും വരാം. ഇതൊക്കെ ചലനാത്മകമായ ഏതു കോളേജും സർവകലാശാലയും ചെയ്തു കൊണ്ടിരിക്കുന്നത് തന്നെ. അതിനു പകരം ഈ വ്യവസ്ഥയെ അപ്പാടെ തള്ളിക്കളയുന്നത് കുളിപ്പിച്ച വെള്ളത്തിനൊപ്പം കുട്ടിയെക്കൂടി എറിഞ്ഞു കളയുന്ന പോലെയാവും എന്ന് ഞാൻ പേടിക്കുന്നു!
അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന ഒരു വലിയ വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല, ഒരു സമൂഹത്തിന്റേതു തന്നെ ആണ് നാം തിരിച്ചറിഞ്ഞു തുടങ്ങുന്ന ഈ പ്രതിസന്ധി. താങ്കളുടെ വിശകലനത്തോടും പരിഹാരങ്ങളോടും യോജിക്കാത്തപ്പോൾ തന്നെ ഈ ഓർമ്മപ്പെടുത്തൽ പ്രധാനമാണെന്നു ഞാൻ വിചാരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസരംഗത്തിന്റെ ശക്തികളെയും ദൗർബല്യങ്ങളെയും കുറിച്ച് ഒരു സത്യസന്ധമായ വിലയിരുത്തലിന് നാം തയാറാണെങ്കിൽ ഈ മരണമുനമ്പിൽ നിന്ന് മുന്നോട്ടും ഒരു വഴി നമുക്ക് നിർമിച്ചെടുക്കാനാവും എന്ന് തന്നെ ഞാൻ വിചാരിക്കുന്നു.
കൃതജ്ഞതയോടെ,
എൻ പി ആഷ്‌ലി