ഭാവന

 
Opinion

ഭാവന സംസാരിക്കുന്നു, എല്ലാ ആൺമാരുടെയും ലോകങ്ങളെ മൂർത്തമായി മാറ്റിപ്പണിയാൻ നിർബന്ധിച്ചു കൊണ്ട്

ഭാവനയുടെ എഴുത്തും വാക്കുകളും നിൽപ്പും, അവയുടെ രാഷ്ട്രീയ വ്യക്തത, അവയുടെ ആത്മവിശ്വാസം, പൊരുതി നിർമിച്ച ധാര്മികസ്വാഭാവികത ചരിത്രത്തിലെ സാമൂഹികമാറ്റത്തിന്റെ ഒരു ധാരയിലെ ഏറ്റവും അടുത്തുള്ള, ഏറ്റവും പ്രാദേശികമായ, ഏറ്റവും കാലികമായ പ്രകാശനം കൂടിയാണെന്ന് ഞാൻ വിചാരിക്കുന്നു

എന്‍.പി ആഷ്‌ലി എഴുതിയത്

പടിഞ്ഞാറൻ ലോകത്തിന്റെ ലോകക്രമത്തെ ആദ്യം പിടിച്ചു കുലുക്കിയത് നാടകനടികൾ ആണ്. പതിനേഴാം നൂറ്റാണ്ടിലാണ്, അവിടുത്തെ പുതുതായി രൂപം കൊണ്ട മധ്യവർഗ്ഗത്തിൽ വീടും തെരുവും വേർതിരിച്ചുള്ള ഒരു അണു കുടുംബക്രമീകരണം ഉണ്ടായിവരുന്നത്. സ്ത്രീകൾ വീടുനോക്കുന്നവരാണെന്നും (home maker) ആവണമെന്നും വീട് വിട്ട സ്ത്രീകൾ തെരുവ് നടത്തക്കാർ (1590 കൾ മുതലാണ് വേശ്യക്ക് street walker എന്ന പദം ഉപയോഗിക്കപ്പെട്ടു തുടങ്ങുന്നത്) ആണെന്നും വീടല്ലെങ്കിൽ വേശ്യാലയം എന്ന ഒരു ഓപ്ഷൻ മാത്രമേ സ്ത്രീകൾക്കുള്ളു എന്നും ഉള്ള ബോധത്തെ ഒരു ലോകക്രമമാക്കി മാറുകയായിരുന്നു.

ഇംഗ്ലണ്ടിൽ 1660 വരെ ആൺകുട്ടികളാണ് സ്ത്രീകളുടെ വേഷങ്ങൾ ചെയ്തിരുന്നത് എന്നതിനാൽ, ആണുങ്ങൾ എഴുതി ആണുങ്ങൾ അഭിനയിച്ചു ആണുങ്ങളുടെ കാഴ്ചക്ക് വേണ്ടി അവതരിപ്പിച്ച പെണ്ണുങ്ങൾ ഒട്ടുമില്ലാത്ത ഒരു രംഗത്തിൽ സ്ത്രീ എന്നൊരു പ്രശ്നമേ ഉണ്ടായിരുന്നില്ല.

എന്നാൽ പ്യൂരിറ്റൻ ഭരണകാലത്തു അടച്ചിട്ട നാടകശാലകൾ അത് കഴിഞ്ഞു 1660 ൽ തുറന്നപ്പോൾ ഉണ്ടായ ഒരു പ്രത്യേകത ആദ്യമായി നടികൾ രംഗത്തെത്തി എന്നതാണ്. ഈ നടികളുടെ സാന്നിധ്യം തന്നെ home maker- street walker ദ്വന്ദ്വത്തെ വെല്ലുവിളിച്ചു. വീട്ടമ്മയല്ലെങ്കിൽ വേശ്യ എന്ന മധ്യവർഗ, യൂറോപ്യൻ, വെള്ളക്കാരുടെ സമവാക്യത്തിൽ ഇവർക്ക് ഇടമുണ്ടായിരുന്നില്ല. ആ ക്രമീകരണ യുക്തിയെത്തന്നെ തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു ഇവരുടെ നിൽപ്. മൂടിവെക്കുന്ന അദൃശ്യവൽക്കരണത്തിനു പകരം വസ്തുവൽക്കരണത്തിലൂടെ, ലൈംഗികവൽക്കരണത്തിലൂടെ ആണ് ആണധികാരം തങ്ങളുടെ ഈ പ്രതിസന്ധിയെ മറികടന്നത്. ഇക്കാലത്തെ നാടകങ്ങളിൽ സ്ത്രീശരീരങ്ങളുടെ അശ്രദ്ധവും ക്രൂരവും ഒഴിയാബാധ പോലുള്ളതുമായ ആൺ ഉപഭോഗം പ്രത്യയശാസ്ത്രപരമായ ഈ കൈകാര്യത്തിന്റെ ഭാഗമാണ്.

ഭാവന

പതുക്കെപ്പതുക്കെ നാടകം മധ്യവർഗ്ഗവീടുകളിലെ സ്വീകരണമുറികളിൽ നടക്കുന്ന കഥകളായി ചുരുങ്ങി. അവരുടെ കഥകൾ, അവരുടെ ഇടങ്ങൾ, കാണികളും അവർ- അപ്പോൾ സ്ത്രീശരീരങ്ങളുടെ ലൈംഗികാവൽക്കരണം അരങ്ങത്തു കുറഞ്ഞെങ്കിലും അഭിനയിക്കുന്ന സ്ത്രീകളെപ്പറ്റി അവർ കാഴ്ചകൊണ്ട് ആൺകൂട്ടങ്ങളുടെ സ്വത്താണെന്ന കാര്യത്തിൽ മാറ്റമൊന്നും വന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ "ജോലി ചെയ്യുന്ന സ്ത്രീകൾ എന്ന നിലക്ക് നടികളുടെ ജീവിതം" പഠിച്ച ട്രേസി ഡേവിസ് അവർ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ചു പറയുന്നുണ്ട്. നടികളെ പൊതുശരീരമായിക്കണ്ടു, അവർക്ക്‌ ചുറ്റും ആൺതൃഷ്ണകളെ വളർത്തി ലാഭമുണ്ടാക്കുന്ന രീതി ഇന്നും തുടരുകയും ആണല്ലോ.

പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങുന്നതും പരിഹാരങ്ങളുടെ തുടക്കവും അഭിനയത്തിൽ നിന്ന് തന്നെ. സ്വന്തം ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു ഇബ്സന്റെ "പാവക്കൂടിലെ" നോറ ഇറങ്ങിപ്പോകുമ്പോൾ അവർ ഇറങ്ങിപ്പോവുന്നത് ആ വീട്ടിൽ നിന്ന് മാത്രമല്ല, സ്ത്രീകളെ കൂട്ടിലിടാൻ ഉപയോഗിച്ച ആ നാടക സംവിധാനത്തിൽ നിന്ന് കൂടിയാണ്. ആ നാടകം ഇത്രയും വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയത് വീട് വിട്ടു ഒരു സ്ത്രീക്കു ഒരു കുടുംബ പിന്തുണയുമില്ലാതെ സ്വന്തമായി നിൽക്കാവുന്ന ഇടം സമൂഹത്തിൽ ലഭ്യമായിരുന്നില്ല എന്നത് കൊണ്ടാണ്. അങ്ങിനെ ഒരു നിൽപ്പ് ഒരു സംവിധാനത്തെത്തന്നെ അസാധുവാക്കുമെന്നു ആണുങ്ങൾ പേടിച്ചു. വ്യവസ്ഥയുടെ മേൽ സ്വന്തം നിയന്ത്രണം നഷ്ടമാവുമെന്നാവുമ്പോൾ അതിന്റെ ഗുണഭോക്താക്കളുടെ ആദ്യ പ്രതികരണം ഹിംസ - ശാരീരികമായാലും ഭാഷാപരമായാലും- ഉപയോഗിക്കുക എന്നതാണ്. അത് തന്നെ ആണ് അന്നത്തെ ആണുങ്ങളും ചെയ്തത്.

പി കെ റോസി

കേരളത്തിലും സ്ത്രീകളുടെ അഭിനയം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒരുപാട് അക്രമങ്ങൾ നേരിട്ട പി കെ റോസി, താൻ നാടകത്തിൽ അഭിനയിച്ചു എന്നത് കൊണ്ട് സ്റ്റേജിലേക്ക് അക്രമികൾ വെടിവെക്കുന്നത് വരെ സഹിക്കേണ്ടി വന്ന നിലമ്പൂർ ആയിഷ തുടങ്ങി സ്വന്തം മേഖലയിലും പുറത്തും നിന്ദകൾക്കും ചൂഷണങ്ങൾക്കും അപഹാസങ്ങൾക്കും വൈകൃതങ്ങൾക്കും അദൃശ്യവൽക്കരണത്തിനും പാത്രമായിട്ടുണ്ട്. അപ്പോഴും അവർ പൊരുതി നിൽക്കുകയും സ്വന്തം ഇടങ്ങളുണ്ടാക്കുകയും ധാര്മികതയുടേതായ മാറ്റങ്ങൾ പല നിലക്കും കൊണ്ട് വരികയും ചെയ്യുന്നുണ്ട്. അതിന്റെ ഒരു വല്ലാത്ത ഉച്ചസ്ഥായിയിലാണ് നാം ഇന്ന് എത്തി നിൽക്കുന്നത് എന്ന് തോന്നുന്നു.

ഭാവനയുടെ എഴുത്തും വാക്കുകളും നിൽപ്പും, അവയുടെ രാഷ്ട്രീയ വ്യക്തത, അവയുടെ ആത്മവിശ്വാസം, പൊരുതി നിർമിച്ച ധാര്മികസ്വാഭാവികത ചരിത്രത്തിലെ സാമൂഹികമാറ്റത്തിന്റെ ഒരു ധാരയിലെ ഏറ്റവും അടുത്തുള്ള, ഏറ്റവും പ്രാദേശികമായ, ഏറ്റവും കാലികമായ പ്രകാശനം കൂടിയാണെന്ന് ഞാൻ വിചാരിക്കുന്നു....

ഭാവന സംസാരിക്കുന്നു.

കാലഹരണപ്പെട്ടതും ചൂഷകർക്കു സഹായമേകുന്നതുമായ പുരുഷാധിപത്യത്തിന്റെ കൊട്ടകകളിലെ കല്ലുകളെ ഉലച്ചു കൊണ്ട്...ആൺ എന്ന പദവിയുടെ ആനുകൂല്യങ്ങൾ കൊണ്ട് ശരിതെറ്റുകളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമുള്ള സങ്കൽപ്പങ്ങൾ തന്നെ കൈമോശം വരികയോ ചുരുങ്ങുകയോ ഇല്ലാതിരിക്കുകയോ ചെയ്തിട്ടുള്ള, ഈഗോക്കും ഇമേജിനും സ്വാർത്ഥതക്കും ഇടയിൽ സ്വയം നഷ്ടപ്പെടുന്ന ഞാൻ അടക്കമുള്ള എല്ലാ ആൺമാരുടെയും ലോകങ്ങളെയും മൂർത്തമായി മാറ്റിപ്പണിയാൻ നിർബന്ധിച്ചു കൊണ്ട്...

രാഷ്ട്രീയത്തിലും സംസ്കാരത്തിലും വിശ്വാസത്തിലും സ്വയംഅടയാളപ്പെടുത്തി നമ്മെ കൂടുതൽ വികസ്വരമായ സാധ്യതകളിലേക്ക്, ആഴമുള്ള ജീവിതങ്ങളിലേക്കു, അതിന്റെ സത്യത്തിലേക്ക്, സ്വാതന്ത്ര്യത്തിലേക്കു കൊണ്ട് പോവുന്ന എല്ലാ രംഗത്തുമുള്ള സ്ത്രീകളെ കൃതജ്ഞതയോടെ അഭിവാദ്യം ചെയ്യുന്നു...!

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT