ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണിയ്ക്ക് നേരെ വീണ്ടും അക്രമം നടന്നത് ജനുവരി അഞ്ചിന് വൈകീട്ട് കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വെച്ചാണ്. തുടരെയുണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ പൊലീസും നിയമസംവിധാനവും സര്‍ക്കാരും കാഴ്ചക്കാരാകുന്നെന്ന് ദളിത് ആക്ടിവിസ്റ്റ് മൃദുല ദേവി ദ ക്യുവിനോട്.
കേരളത്തിനകത്ത് നവോത്ഥാന വനിതാ മതില്‍ സൃഷ്ടിച്ച കേരള സര്‍ക്കാരിന്റെ ഭരണ സമയത്താണ് ബിന്ദു അമ്മിണിയെ പോലെയുള്ള ഒരു ആക്ടിവിസ്റ്റിന് നേരെ തുടരെ തുടരെയുള്ള ആക്രമണങ്ങള്‍ ഉണ്ടാവുന്നത്. ലജ്ജാകരമായ സംഭവമാണ് ബിന്ദുവിനെതിരെ കഴിഞ്ഞദിവസം ഉണ്ടായിരിക്കുന്നത്. ബിന്ദു രണ്ട് വര്‍ഷമായി നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ശബരിമല കയറി എന്ന ഒറ്റക്കാരണം കൊണ്ട് തന്നെയാണ് ഈ ആക്രമണങ്ങള്‍ ഉണ്ടാവുന്നത്. അതായത് ശബരിമല വിഷയത്തിന്റെ മറപറ്റി നിസാര വിഷയങ്ങള്‍ പറഞ്ഞ് ആക്രമിക്കുന്ന സ്ഥിതിയാണ്. ഈ ആക്രമിക്കുന്നവരുടെ ചരിത്രം എടുത്ത് നോക്കിക്കഴിഞ്ഞാല്‍, ഇവരൊക്കെയും ആര്‍.എസ്.എസ്, സംഘപരിവാര്‍ പ്രവര്‍ത്തകരുമാണെന്ന് കാണാം.
വലിയ കഷ്ടത അനുഭവിച്ച, ദളിത് സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന ബിന്ദു അമ്മിണി ഇവിടെ സൃഷ്ടിച്ചത് ഒരു ചരിത്രമാണ്. അതിനെ നവോത്ഥാനമായി കണക്കാക്കാതെ ജാതി ശരീരമായി മാത്രം കണ്ട് അറപ്പോടെ തല്ലുകയാണ് ചെയ്യുന്നത്. നാളെ ബിന്ദുവിന് എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാല്‍ ഇതേ നവോത്ഥാന നായകര്‍ റീത്തുമായി എത്തുകയും ചെയ്യും.
വിശ്വാസ സമൂഹമെന്ന് പേര് പറഞ്ഞ് കൊടും ക്രിമിനലുകള്‍ കേരളത്തില്‍ അഴിഞ്ഞാടുകയാണ്. അത് ബിന്ദുവിനെതിരെ മാത്രം ആകുകയും ചെയ്യുന്നു. ബിന്ദുവിനെ ആക്രമിച്ചാല്‍ അതിനെതിരെ പ്രതികരിക്കുന്ന ഒരു പ്രത്യയശാസ്ത്ര സംവിധാനവും ഇല്ലാ എന്നത് തന്നെയാണ് ഇത് വര്‍ധിക്കാനുള്ള കാരണവും. ആക്രമിച്ചവനെ പിടിച്ച് തടവിലിടാന്‍ പറ്റിയ ഒരു സംവിധാനവും നിലവില്‍ ഇല്ല. പലപ്പോഴും ഇതിലെ കാരണം ജാതിതയതായി മാറുകയും ചെയ്യുന്നു.
വലിയ കഷ്ടത അനുഭവിച്ച, ദളിത് സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന ബിന്ദു അമ്മിണി ഇവിടെ സൃഷ്ടിച്ചത് ഒരു ചരിത്രമാണ്. അതിനെ നവോത്ഥാനമായി കണക്കാക്കാതെ ജാതി ശരീരമായി മാത്രം കണ്ട് അറപ്പോടെ തല്ലുകയാണ് ചെയ്യുന്നത്. നാളെ ബിന്ദുവിന് എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാല്‍ ഇതേ നവോത്ഥാന നായകര്‍ റീത്തുമായി എത്തുകയും ചെയ്യും.
ബിന്ദുവിനെതിരെ ആക്രമണം നടത്തിയ ഒരാളുടെ പേരിലും കൃത്യമായ ശിക്ഷാനടപടി ഉണ്ടാകുന്നില്ല.
കേരളത്തിലെ സ്ത്രീകള്‍ക്ക് രണ്ട് തരത്തിലുള്ള നീതിയാണ് കിട്ടുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസകാലത്ത് ക്ലാസെടുത്ത അധ്യാപികയുടെ സ്ത്രീ ശരീരത്തെയും മറ്റും ആക്രമിച്ച് കമന്റിട്ട സൈബര്‍ തൊഴിലാളികള്‍ക്കെതിരെ അതിശക്തമായ ശബ്ദമായി കേരളത്തിലെ മുഖ്യമന്ത്രി രംഗത്ത് വന്നു. പെട്ടെന്ന് തന്നെ അത് തടയിടാനും സാധിച്ചു. അതുപോലെ, കേരളത്തെ കൃത്യമായ നിയമസംവിധാനം ഉപയോഗിച്ച്, ആരോഗ്യ സംവിധാനം ഉപയോഗിച്ച് കേരളത്തെ മുഴുവന്‍ മാസ്‌ക് ധരിപ്പിക്കാന്‍ നമുക്ക് സാധിച്ചു. അപ്പോള്‍ വേണമെങ്കില്‍ സാധിക്കുമെന്നതിന്റെ തെളിവ് കൂടിയാണ് ഇതെല്ലാം. പക്ഷെ ഒരു ജാതി ശരീരത്തോട് ഇങ്ങനെ തന്നെയേ പെരുമാറുകയുള്ളു എന്ന സര്‍ക്കാരിന്റെ അലംഭാവമാണ് ഇതിന് ആക്കം കൂട്ടുന്നത്. ആ അര്‍ത്ഥത്തില്‍ സര്‍ക്കാരാണ് ആദ്യം പ്രതിപ്പട്ടികയില്‍ വരുന്നത്.
ബിന്ദുവിനെതിരെ ആക്രമണം നടത്തിയ ഒരാളുടെ പേരിലും കൃത്യമായ ശിക്ഷാനടപടി ഉണ്ടാകുന്നില്ല. ഒന്നുകില്‍ ഈ പ്രതികളെ പൊലീസ് താക്കീത് നല്‍കി വിട്ടയക്കുകയോ ഏത് പാര്‍ട്ടിയുടെ ഭാഗമാണോ അവര്‍ വിചാരിച്ചാല്‍ ഊരി പോരാവുന്ന തരത്തിലുള്ള കേസുകളുമാണ് ഇവര്‍ക്കെതിരെ ഉണ്ടാകുന്നത്.
പൊലീസിന്റെ യാതൊരു തരത്തിലുള്ള സാഹയവും ഉണ്ടാകുന്നില്ല. കഴിഞ്ഞദിവസം ബിന്ദുവിനെതിരെ ഉണ്ടായ ആക്രമണത്തില്‍ തന്നെ പൊലീസ് എത്തിയത് അക്രമിയെ സംരക്ഷിക്കാനാണ് എന്ന മട്ടിലാണ്. പ്രതിയാണ് ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്നത്.
ഇന്നലെ ഞങ്ങള്‍ കുറച്ചുപേര്‍ നടത്തിയ ഗൂഗിള്‍ മീറ്റില്‍ ബിന്ദുവും ഉണ്ടായിരുന്നു. ബിന്ദു പറയുന്നത്; 'എന്നെ ഇവിടെ സഹായിക്കാന്‍ നിയമസംവിധാനങ്ങളോ, പൊലീസോ ഇല്ല എന്ന് തിരിച്ചറിഞ്ഞു. ഞാന്‍ എന്റെ സാമൂഹിക ഇടപെടലുകള്‍ നടത്തി ജീവിക്കും. എനിക്കതെിരെ ഒരുപാട് അക്രമങ്ങള്‍ ഉണ്ടാകും. എന്നെ സഹായിക്കാന്‍ ആരും ഇല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പിന്തുണ പ്രഖ്യാപിക്കാന്‍ വളരെ കുറിച്ച് ആളുകളേ കാണൂ എന്നും തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു അസുഖം വന്ന് അഡ്മിറ്റ് ആയാല്‍ എന്റെ കൂടെ നില്‍ക്കാന്‍ പോലും ഒരാള്‍ പോലും ഇല്ല. അത്തരത്തില്‍ ഒരു അവസ്ഥയിലാണ് ഞാന്‍ കേരളത്തില്‍ ജീവിക്കുന്നത്' എന്നാണ്.
ഏത് ശരീരത്തോടും അറപ്പുളവാക്കുന്ന വിധം കാണിക്കുന്ന വിവേചനം തൊട്ടുകൂടായ്മതന്നെയാണ്. അത് ഇന്നത്തെ കാലത്ത് പല രീതിയില്‍ വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്.
ഒരു ദളിത് സ്ത്രീയ്ക്ക് സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നില്ല, നിയമസംവിധാനങ്ങള്‍ തുണയ്ക്കുന്നില്ല, പൊലീസിന്റെ സഹായം ലഭിക്കുന്നില്ലെന്ന് പറയേണ്ടി വരുന്നത് അവരുടെ ജാതി കൊണ്ടാണ്. ജാതീയതയും വംശീയതയും കലര്‍ന്ന തരത്തിലുള്ള ലൈംഗിക അധിക്ഷേപ ശബ്ദങ്ങളാണ് നവമാധ്യമങ്ങള്‍ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്നത്. സ്ലട്ട് ഷെയ്മിംഗ്, ബോഡി ഷെയ്മിംഗ്, ലൈംഗിക അധിക്ഷേപങ്ങള്‍ എന്നിവ വെച്ചാണ് ബിന്ദുവിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇത് ചെയ്യാന്‍ സൈബര്‍ സമൂഹത്തിന് യാതൊരു ഭയവുമില്ല.
എന്ത് വൃത്തികേടും കാണിക്കാനൊരു സമൂഹത്തെ ഒരു സ്ഥലത്തുകൂടെ അഴിച്ച് വിട്ടിട്ട്, മറ്റൊരു ഇടത്ത് സൈബര്‍ നിയമങ്ങള്‍, സ്ത്രീ സുരക്ഷയ്ക്കായി ഉണ്ട് എന്ന് പറയുന്നതുകൊണ്ട് എന്താണ് കാര്യം എന്നതാണ് വസ്തുത.
'ചെത്തുകാരന്‍ കോരന്റെ മകന് കേരളം ഭരിക്കാന്‍ എന്ത് അര്‍ഹത' എന്ന് ചോദിക്കുമ്പോള്‍ മാത്രം ഉണരേണ്ടതല്ല പൗരബോധം. അപ്പോള്‍ മാത്രം ഉയരുന്നതായിരിക്കരുത് ജാതിക്കെതിരെയുള്ള ശബ്ദങ്ങള്‍. ഏത് ശരീരത്തോടും അറപ്പുളവാക്കുന്ന വിധം കാണിക്കുന്ന വിവേചനം തൊട്ടുകൂടായ്മതന്നെയാണ്. അത് ഇന്നത്തെ കാലത്ത് പല രീതിയില്‍ വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്.
ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ ചരിത്രപരമായി മുന്നോട്ട് വരുമ്പോള്‍ അവരെ അറപ്പുളവാക്കും വിധം പൊതുവഴിയിലിട്ട് ആക്രമിക്കുന്നതാണ് ജാതി മറ്റൊരു രൂപത്തില്‍ വീണ്ടും വരുന്നത്. അത് ജാതിയാണെന്ന് തിരിച്ചറിയാന്‍ പറ്റാത്തത് എന്തുകൊണ്ടാണ്. കുരങ്ങനും മീനിനും വരെ തീറ്റകൊടുക്കണമെന്ന് ആകുലപ്പെട്ട ഭരണകര്‍ത്താവ് നമുക്കുണ്ട്. രണ്ട് വര്‍ഷമായി ആക്രമിക്കപ്പെടുന്ന സ്ത്രീയാണ് ബിന്ദു. എന്തുകൊണ്ടാണ് അവര്‍ക്ക് ഈ നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തത്. കഴിഞ്ഞ ദിവസം ഒരു ദളിത് സ്ത്രീ ആക്രമിക്കപ്പെട്ടിട്ടും സര്‍ക്കാരിന് സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് പ്രശ്‌നം. ഈ സാമൂഹിക അവസ്ഥയെ തന്നെയാണ് നമ്മള്‍ പ്രതിനിധീകരിക്കേണ്ടത്.