ശരീരങ്ങള്‍ തമ്മിലുള്ള ഇടകലരലുകളെ കൃത്യമായി നിയന്ത്രിച്ചും നിരോധിച്ചും തന്നെയാണ് മിക്ക ചൂഷണവ്യവസ്ഥകളും പ്രവര്‍ത്തിക്കുന്നത്. ജാതിയുടെ കാര്യമെടുക്കാം, ശരീരങ്ങള്‍ക്കിടയില്‍ പരമാവധി അകലം സൂക്ഷിക്കാനാണ് ജാതി നമ്മെ പഠിപ്പിച്ചത്. ശരീരങ്ങളെ വക തിരിച്ച് തീണ്ടാപ്പാടകാലത്തേക്ക് മാറ്റിനിര്‍ത്തുന്നതിലൂടെ ജാതിവ്യവസ്ഥ ശരീരങ്ങള്‍ തമ്മിലുള്ള സ്വതന്ത്രമായ ഇടകലരലുകളെ അപ്പാടെ നിഷേധിക്കുകയാണ് ചെയ്യുന്നത്.
പുരുഷാധിപത്യവും ഏറെക്കുറെ ഇതേ തന്ത്രമാണ് പയറ്റുന്നത്. ശരീരത്തെ കൃത്യമായി ആണെന്നും പെണ്ണെന്നും വക തിരിച്ചാണ് പുരുഷാധിപത്യം പ്രവര്‍ത്തിക്കുന്നത്. ശരീരത്തെ ആണ്‍-പെണ്‍ ദ്വന്ദ്വത്തിലേക്ക് ഉള്‍ച്ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നത് ആധുനികതയോടെയാണ്. ആണെന്നും പെണ്ണെന്നും ശരീരങ്ങളെ തരം തിരിച്ചതിനൊപ്പം ആണിനും പെണ്ണിനും പ്രത്യേകം ചുമതലകളും പുരുഷാധിപത്യം ഏര്‍പ്പെടുത്തിയിരുന്നു.
കന്യകാത്വം, ചാരിത്ര്യം തുടങ്ങിയ മൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ് സ്ത്രീശരീരത്തിന്റെ മേലുള്ള അതിരുകളെ പാട്രിയാര്‍ക്കി നിര്‍ണ്ണയിച്ചത്. ഭിന്നവര്‍ഗ്ഗ ലൈംഗികവത്കരിക്കപ്പെട്ട ഈ സദാചാര ശീലങ്ങളും പെരുമാറ്റ സംഹിതകളുമാണ് വലിയ ഇളക്കമൊന്നുമില്ലാതെ നമ്മള്‍ ഇന്നും പരിപാലിച്ചുപോരുന്നത്. ആണുങ്ങളാല്‍ അശുദ്ധമായേക്കാവുന്ന, നശിച്ചേക്കാവുന്ന ഒന്നായാണ് സ്ത്രീ ശരീരത്തെ സങ്കല്പിച്ചിരിക്കുന്നത്. സ്ത്രീ ശരീരത്തിന്റെ വസ്തുവത്കരണം, ശരീരങ്ങളുടെ ഭിന്നവര്‍ഗ്ഗ ലൈംഗികവത്ക്കരണം തുടങ്ങിയവയെല്ലാം ഈ പൊതുബോധത്തെ നിയന്ത്രിക്കുന്ന പ്രധാന ചേരുവകളാണ്.
അതുകൊണ്ട്, ശരീരങ്ങളുടെ സ്വതന്ത്രമായ ചലനങ്ങളും ആവിഷ്‌കാരങ്ങളും ഇടകലരലുകളുമെല്ലാം എപ്പോഴും ഈ വ്യവസ്ഥയെ അസ്വസ്ഥപ്പെടുത്തുന്നതാണ്.
ഗാര്‍ഗിയുടെ ഹോമോഫോബിയ എന്ന ഒരു കവിതയുണ്ട് ;
''രണ്ടു സ്ത്രീകള്‍ ചേരുമ്പോള്‍
അവരെന്താണ് ചെയ്യുന്നത്?
പലരും ചോദിക്കാറുണ്ട്.
രണ്ടു മനുഷ്യര്‍ ചേര്‍ന്നാല്‍
അവര്‍ക്കെന്താണ്
ചെയ്തുകൂടാത്തത്? '
കവിതയിലെ ചോദ്യം പ്രസക്തമാണ്. രണ്ട് മനുഷ്യര്‍ ചേരുമ്പോള്‍ അവര്‍ക്കെന്താണ് ചെയ്തുകൂടാത്തത് ? അവര്‍ക്ക് സംസാരിക്കാനെന്തെല്ലാം വിഷയങ്ങളുണ്ട് ഭൂമിയ്ക്ക് താഴെ.
പക്ഷെ, അതൊന്നും നമ്മള്‍ക്ക് തിരിയില്ല.
രണ്ട് പേര്‍-ആണുങ്ങള്‍,പെണ്ണുങ്ങള്‍, ട്രാന്‍സ് മനുഷ്യര്‍- ചേരുമ്പോള്‍ തീയും പുകയുമൊക്കെയെന്നും അവരെ കെട്ടഴിച്ചുവിട്ടേക്കുവാണെന്നും നമ്മള്‍ തീര്‍പ്പിക്കുന്നു.
ക്വിയര്‍ വിഷയത്തെ മുന്‍നിര്‍ത്തി സംസാരിക്കാന്‍ മുതിരുമ്പോഴെല്ലാം ആണും പെണ്ണും തമ്മിലുള്ള പ്രേമത്തെയും ചേര്‍ന്നിരുപ്പിനെയും പോലും അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന മനുഷ്യരോടാണല്ലോ ആണും-ആണും, പെണ്ണും-പെണ്ണും പ്രേമിക്കുന്നതിനെ കുറിച്ച് പറയുന്നതെന്ന് ഞാനെപ്പോഴും പ്രത്യേകം മനസ്സില്‍ കരുതാറുണ്ട്.
രണ്ട് വര്‍ഷം മുന്നേ മറൈന്‍ ഡ്രൈവില്‍ കൂട്ടുകാരോടൊപ്പം ഇരിക്കുമ്പോള്‍ ഇടയിലേക്ക് കേറി വന്ന് 'മര്യാദയ്ക്ക് ഇവിടുന്ന് പൊക്കോ, പോലീസിനെ വിളിച്ച് അടിച്ചോടിക്കും'എന്ന് ആക്രോശിച്ച ഒരു അപരിചിതനെ ഓര്‍ക്കുന്നു. എന്താണ് അയാളെ ചൊടിപ്പിച്ചതെന്ന് എനിക്ക് അന്ന് തെല്ലും മനസിലായിരുന്നില്ല. എറണാകുളത്ത് വെച്ച് ചില പോലീസുകാരില്‍ നിന്നും സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതായത്, ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് മാത്രമല്ല പ്രശ്‌നം, ആണും-ആണും പെണ്ണും-പെണ്ണും ഒരുമിച്ചിരിക്കുന്നതും പ്രശ്‌നം തന്നെയാണ്.
കഴിഞ്ഞ ദിവസം തന്നെ, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മറയിട്ട് ക്ലാസ്സെടുത്ത സംഭവം വലിയ വാര്‍ത്തയായിരുന്നു. ആണിനും പെണ്ണിനും കുറുകെയുള്ള അദൃശ്യമായ ഈ മറ കുറേ കാലങ്ങളായുള്ളതാണ്,അത് ഇപ്പോഴും പല രീതിയില്‍ തുടരുന്നുവെന്നേയുള്ളൂ. നമ്മുടെ ക്ലാസ്സ് മുറിയിലെ സീറ്റിങ് ക്രമീകരണം നോക്കൂ, ആണിനേയും പെണ്ണിനേയും വിരുദ്ധ ചേരികളിലായാണ് ഇരുത്തിയിരിക്കുന്നത്. വികൃതി കാണിക്കുന്ന ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തിയാണ് അധ്യാപകര്‍ 'ശിക്ഷിക്കുന്നത്'. ഇതിന്റെയെല്ലാം തുടര്‍ച്ചയില്‍ വേണം, സി.ഇ.ടി.യിലെ വിദ്യാര്‍ത്ഥികളുന്നയിച്ച പ്രശ്‌നത്തെയും മനസ്സിലാക്കേണ്ടത്.
'അടുത്തിരുന്നാലല്ലേ പ്രശ്‌നം, മടിയിലിരുന്നാലോ'- എന്ന ചോദ്യം ആണും പെണ്ണും തമ്മിലുള്ള ഇടകലരലുകളെയെല്ലാം ലൈംഗികമായി മാത്രം നിര്‍വചിക്കുന്ന ഒരു സിസ്റ്റത്തിന് നേരെയാണ് ഉയരുന്നത്. ശരീരങ്ങളെ ആണെന്നും പെണ്ണെന്നും വിഭജിച്ച്, ഭിന്നവര്‍ഗ്ഗലൈംഗിക മൂശയാല്‍ വാര്‍ക്കുന്ന സിസ്റ്റമാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ശരീരം, മാന്യത, ലൈംഗികത തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ള വിശദമായ സംവാദങ്ങളിലേക്ക് നയിക്കാന്‍ തീര്‍ച്ചയായും ഈ ചോദ്യത്തിനായേക്കും.
അതുകൊണ്ട്, രണ്ട് മനുഷ്യര്‍ ഒരുമിക്കുമ്പോള്‍ അവര്‍ക്കെന്താണ് ചെയ്തുകൂടാത്തത്?
അവര്‍ ന്യായമായും ഈ കെട്ട വ്യവസ്ഥയ്‌ക്കെതിരെ സമരം ചെയ്യട്ടെ,എഴുതട്ടെ,ചിത്രം വരയ്ക്കട്ടെ...