Opinion

‘തിരശ്ചീന സംവരണം’,‘ജാതി ഉന്മൂലനം’, ‘ക്വിയർ വിമോചനം’

ട്രാൻസ് മനുഷ്യരുടെ വ്യത്യസ്ത ജാതി പശ്ചാത്തലങ്ങളെ പരിഗണിച്ചുകൊണ്ട് തിരശ്ചീന സംവരണത്തിനായുള്ള ആവശ്യം അംഗീകരിക്കപ്പെടേണ്ടത് അനിവാര്യമാണ്. ജാതിഉന്മൂലനം സാധ്യമാകാതെ ക്വിയർ വിമോചനം സാധ്യമല്ല. ക്വീർ ആക്ടിവിസ്റ്റ് ആദി എഴുതുന്നു

തിരശ്ചീന(Horizontal) സംവരണത്തിനായുള്ള ട്രാൻസ് മനുഷ്യരുടെ പോരാട്ടം തെരുവുകളിൽ തുടരുകയാണ്. കഴിഞ്ഞ ആഴ്ച്ചയിലാണ്,ദളിത് ട്രാൻസ് ആക്ടിവിസ്റ്റായ ഗ്രേസ് ബാനു സ്ഥാപിച്ച ‘ട്രാൻസ് റൈറ്റ്‌സ് നൗ’എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെന്നൈയിലെ കലൈഞ്ജർ കരുണാനിധി സ്മാരകത്തിന് സമീപം സമാധാനപരമായ പ്രതിഷേധം നടത്തിയ പതിനഞ്ചോളം ട്രാൻസ്‌മനുഷ്യരെ ചെന്നൈ പോലീസ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിലും കഴിഞ്ഞ ആഴ്ചയിൽ സമാനമായ സമരങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.

2014-ൽ ട്രാൻസ്ജെൻഡർ മനുഷ്യരെ ‘സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരായി’ പരിഗണിക്കണമെന്നും സംവരണം ഉൾപ്പെടെയുള്ള നിയമപരിരക്ഷകൾ ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. പക്ഷേ, ഗുണപരമായ നീക്കങ്ങളൊന്നും ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (അവകാശ സംരക്ഷണം) നിയമമാകട്ടെ സംവരണവിഷയത്തിൽ മൗനം പാലിക്കുകയും ട്രാൻസ് വിരുദ്ധമായ ആശയങ്ങളെ നിയമവത്കരിക്കുകയും ചെയ്തു.

തിരശ്ചീന സംവരണം നമ്മുടെ ചർച്ചകളിൽ ഇടം പിടിക്കാത്തത് എന്തുകൊണ്ടാണ് ? എന്തുകൊണ്ടാവും സംവരണത്തെ ചുറ്റിയുള്ള ചർച്ച നമ്മുക്ക് അത്ര സ്വീകാര്യമാകാത്തത് ? തിരശ്ചീനമായ സംവരണത്തിനായുള്ള ട്രാൻസ് മനുഷ്യരുടെ സമരങ്ങളുടെ സന്ദർഭത്തിൽ പ്രസ്തുത വിഷയത്തെ സാമാന്യമായി പരിചയപ്പെടുത്താനാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

‘സുപ്രീംകോടതി’‘പുരോഗമനം’‘പുറന്തള്ളൽ’

സുപ്രധാനമായ ചില വിധികളിലൂടെ സുപ്രീംകോടതിയുടെ പ്രോഗ്രസീവ്നെസ്സ് വലിയ ചർച്ചയായിരുന്നു. 2018-ൽ ശബരിമല സ്ത്രീ പ്രവേശനം, ഐ.പി.സി.377 ഭാഗികമായി റദ്ദാക്കൽ,വിവാഹേതര ലൈംഗികബന്ധങ്ങൾ കുറ്റകരമല്ലാതാക്കൽ തുടങ്ങിയ വിധികൾ പൊതുവെ പുരോഗമനപരമായ നീക്കങ്ങളായാണ് മനസ്സിലാക്കുന്നത്. ‘ക്വിയർ’വിഷയങ്ങളിലെ സുപ്രീംകോടതിയുടെ ഉദാരമായ നിലപാടുകളും നിരീക്ഷണങ്ങളും പരക്കെ കൈയ്യടി നേടിയിട്ടുണ്ട്. ഐ.പി.സി.377 ഭാഗികമായി റദ്ദ് ചെയ്ത സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ നിരീക്ഷണങ്ങളെല്ലാം വാർത്താതലക്കെട്ടുകളായിരുന്നു. നവ്തേജ്സിങ് ജോഹർ,മേനക ഗുരുസ്വാമി, അരുന്ധതി കട്ജു തുടങ്ങിയ പേരുകളെല്ലാം ക്വിയർ മുന്നേറ്റത്തിന്റെ ചരിത്രത്തിൽ എളുപ്പം ഇടം പിടിക്കുകയും ചെയ്തു. അതേ സമയം 1990-കൾ മുതൽ എയ്ഡ്സ് രോഗികളുടെയും ലൈംഗികതൊഴിൽ ചെയ്യുന്ന മനുഷ്യരുടെയും ട്രാൻസ്മനുഷ്യരുടെയും നേതൃത്വത്തിൽ ഉയർന്നുവന്ന ചെറുത്തുനില്പുകളുടെയും പോരാട്ടങ്ങളുടേതുമായ ചരിത്രമാണ് മായ്ച്ചുകളയപ്പെട്ടത്. ‘നവ്തേജ്സിങ് ജോഹർ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ’ വിമോചനത്തിന്റെ അവസാന വാക്കാകുകയും ‘അമാന്യതയുടേതായ’ ചരിത്രങ്ങളെല്ലാം മുഖ്യധാരയിലേക്ക് ലയിക്കാൻ തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

നിലവിൽ സുപ്രീംകോടതിയിൽ വിവാഹതുല്യതയ്ക്കായുള്ള നിയമ പോരാട്ടം നടക്കുകയാണ്. വലിയ ചർച്ചകളും വാർത്താമൂല്യവും ഈ പോരാട്ടത്തിന് കിട്ടുന്നുണ്ട്. അതേ സമയം തിരശ്ചീന സംവരണത്തോട് സുപ്രീംകോടതി മുഖം തിരിക്കുകയുണ്ടായി. എന്തുകൊണ്ടാണ് സുപ്രീംകോടതി സെലക്ടീവായി പുരോഗമന മുഖം അണിയുന്നത്? ഇന്ത്യയൊട്ടാകെ ട്രാൻസ് മനുഷ്യർ തെരുവുകളിൽ സംവരണത്തിനായി സമരം ചെയ്യുന്നു,പോലീസിനാൽ ഈ സമരങ്ങൾ അമർച്ച ചെയ്യപ്പെടുന്നു. എന്തുകൊണ്ടാണ് തിരശ്ചീനസംവരണത്തിനായുള്ള സമരത്തിനോട് ഐക്യപ്പെടാൻ കഴിയാത്തത് ?

Supreme court

‘ട്രാൻസ്ജെൻഡർ’ ഏകശിലാത്മകമായ തന്മയല്ല!

ട്രാൻസ് മനുഷ്യർ ഒരു ഹോമോജീനിസ് കാറ്റഗറി അല്ല,ക്വിയർ ഒരു ജാതി-വർഗ്ഗ രഹിത കാറ്റഗറിയുമല്ല. ‘ട്രാൻസ്ജെൻഡർ’മനുഷ്യർക്കിടയിൽ ധാരാളം വ്യത്യസ്തതകളുണ്ട്. ഒരു അടഞ്ഞ കാറ്റഗറിയായി ട്രാൻസ്ജെൻഡറിനെ പരിമിതപ്പെടുത്തുന്നതിൽ നിരവധി പ്രശ്നങ്ങളുണ്ട്. ജാതീയവും വർഗ്ഗപരവും മതപരവുമായ നിരവധി സ്വാധീനങ്ങൾ ഈ തന്മയ്ക്ക് ചുറ്റുമുണ്ട്. എല്ലാ ട്രാൻസ്‌ജെൻഡർ വ്യക്തികളെയും പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ,ട്രാൻസ് സമൂഹത്തിനുള്ളിൽ നിലനിൽക്കുന്ന വ്യത്യസ്തതകൾ അവഗണിക്കപ്പെടുകയാണ്.

ഇന്ത്യയിൽ വളരെ രേഖീയമായ മട്ടിലാണ് നിലവിൽ ക്വിയർ മുന്നേറ്റങ്ങളേറെയും സഞ്ചരിക്കുന്നത്. കേരളത്തിന്റെ ചെറിയ ദേശഭൂപടത്തിനുള്ളിൽ ഏറെക്കുറെ സത്താവാദത്തോട് (Essentialism) ചേർന്നുനിൽക്കുന്ന നിലപാടുകളാണ് ക്വിയർ രാഷ്ട്രീയം സ്വീകരിച്ചുപോരുന്നത്. ജീവശാസ്ത്രപരമായ സത്താവാദത്തോട് ചേർന്നുനിൽക്കാൻ നിർബന്ധിതമായതിനാൽ തന്നെ ശരീര സംബന്ധിയായ ചർച്ചകളിൽ ‛ജാതി'പോലുള്ളവയുടെ സ്വാധീനങ്ങൾ മറച്ചുവെയ്ക്കപ്പെടുന്ന സ്ഥിതിയുമുണ്ട്. ലിംഗം,ലൈംഗികത,ലിംഗതന്മ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം ശാസ്ത്രീയതയുടെ വ്യാവഹാരികതയ്ക്കകത്ത് മാത്രമേ സാധ്യമാകൂവെന്ന ധാരണ ശക്തമാണ്. ഇതു വഴി ക്വിയർ മുന്നേറ്റങ്ങളുടെ ഔദ്യോഗികധാര എബിൾഡായ മേൽ ജാതി ഹിന്ദു ക്വിയർ ശരീരങ്ങൾക്ക് മേൽക്കൈയുള്ള സ്ഥലമായി ചുരുങ്ങുകയാണ് ചെയ്യുന്നത്.

ട്രാൻസ് മനുഷ്യർ വ്യത്യസ്ത ജാതി സാഹചര്യങ്ങളിൽപ്പെടുന്നവരാണ്. ലിംഗതന്മയെ മുൻനിർത്തി മാത്രം ട്രാൻസ് മനുഷ്യരെ ഒരു പ്രത്യേക വിഭാഗമായി കള്ളിതിരിക്കുന്നതിലൂടെ പല സങ്കീർണമായ ഘടകങ്ങളും ചർച്ചയിൽ നിന്നും നഷ്ടപ്പെടുന്നുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ ജാതിയെ പുറമേ നിർത്തി യാതൊരു സംവാദവും സാധ്യമേയല്ല. ഒരു മേൽജാതി ഹിന്ദു ട്രാൻസ് വ്യക്തി അനുഭവിക്കുന്ന പ്രശ്നങ്ങളായിരിക്കില്ല ഒരു ദളിത്-ആദിവാസി-ബഹുജൻ ട്രാൻസ് വ്യക്തി നേരിടേണ്ടിവരുന്നത്. ട്രാൻസ് മനുഷ്യർ നേരിടുന്ന ചൂഷണങ്ങൾ ഒറ്റ സ്വഭാവമുള്ളതല്ല;ജാതീയവും വർഗ്ഗപരവുമായ ഉള്ളടക്കങ്ങൾ കൃത്യമായും സ്വാധീനം ചെലുത്തുന്നുണ്ട്. ജാതീയമായ വിവേചനങ്ങളെയും പിന്നാക്കാവസ്ഥയെയും മറികടക്കാനുള്ള അവസരം ട്രാൻസ് മനുഷ്യർക്ക് നിഷേധിക്കപ്പെടരുതെന്ന തിരിച്ചറിവിന്റെ ഭാഗമായാണ് തിരശ്ചീന സംവരണത്തിനായുള്ള ആവശ്യം ഉയരുന്നത്.

‘ലംബമാനമായ സംവരണം’ പര്യാപ്‌തമല്ല

ട്രാൻസ്ജെൻഡർ വ്യക്തികളെ ഒ.ബി.സി.വിഭാഗത്തിൽ ഉൾപ്പെടുത്താനായുള്ള കേന്ദ്ര സർക്കാരിന്റെ നടപടി പല തരം ചർച്ചകളെ രൂപപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവയിലുള്ള സംവരണാനുകൂല്യത്തിനായി ഒ.ബി.സി.വിഭാഗത്തിൽ‍ ട്രാൻസ്ജെൻഡർ മനുഷ്യരെ ഉൾപ്പെടുത്താനുള്ള നീക്കം ചില അവ്യക്തതകൾക്ക് കാരണമായി. കേന്ദ്രസർക്കാരിന്റെ ഈ നടപടിക്കെതിരെ ട്രാൻസ് റൈറ്റ്‌സ് നൗ പോലുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.“ഞങ്ങൾ എല്ലാവരും ഒ.ബി.സി വിഭാഗക്കാരല്ല. ഞങ്ങൾക്ക് വ്യത്യസ്ത ജാതി പശ്ചാത്തലങ്ങളുണ്ട്.ഞങ്ങളിൽ പലരും സ്വന്തം കമ്മ്യൂണിറ്റിയിലും ജാതി അടിസ്ഥാനത്തിലുള്ള അടിച്ചമർത്തലുകൾ നേരിടുന്നുണ്ട്,”ട്രാൻസ് റൈറ്റ്സ് നൗ കളക്ടീവിന്റെ സ്ഥാപകയായ ഗ്രേസ് ബാനു പറയുന്നു.

ദളിത്-ആദിവാസി-ബഹുജൻ ട്രാൻസ് മനുഷ്യരെ സംബന്ധിച്ചിടത്തോളം അർഹമായ ‘ജാതി സംവരണവും’ ലിംഗതന്മയുടെ അടിസ്ഥാനത്തിലുള്ള സംവരണവും ലഭ്യമാകേണ്ടത് അനിവാര്യമാണ്. ഒ.ബി.സി.യിൽ ഉൾപ്പെടുത്തി ലംബമാനമായ(Vertical) സംവരണമാണ് ട്രാൻസ് മനുഷ്യർക്ക് നൽകുന്നതെങ്കിൽ അത് ദളിത്-ആദിവാസി-ബഹുജൻ പരിസരങ്ങളിൽ നിന്ന് വരുന്ന ട്രാൻസ് മനുഷ്യരുടെ സവിശേഷമായ പിന്നാക്കാവസ്ഥയെ പരിഹരിക്കാൻ അപര്യാപ്തമായിരിക്കും.

ഉദാഹരണത്തിന്, ഒരു ദളിത് സ്ത്രീയെ സംബന്ധിച്ചിടത്തോളം ജാതീയവും ലിംഗപരവുമായ വിവേചനങ്ങൾ അനുഭവിക്കേണ്ടിവരുന്നുണ്ട്. ഭരണഘടനാപരമായി ജാതി അടിസ്ഥാനത്തിലുള്ള ലംബമാനമായ സംവരണത്തിനും ലിംഗാധിഷ്ഠിതമായി തിരശ്ചീന സംവരണത്തിനും അവർക്ക് അർഹതയുണ്ട്. സമാനമായി, ട്രാൻസ്ജെൻഡർ മനുഷ്യർക്കും വ്യത്യസ്ത പശ്ചാത്തലങ്ങളുണ്ട്. ഈ വ്യത്യസ്തതകളെ അംഗീകരിച്ചേ സംവരണം നൽകാനാകൂ.

തമിഴ്‌നാട്ടിൽ നിലവിൽ ഏറ്റവും പിന്നോക്ക വിഭാഗത്തിൽ (എംബിസി) ഉൾപ്പെടുത്തിയാണ് ട്രാൻസ്‌മനുഷ്യർക്ക് സംവരണം നൽകുന്നത്. ഇത് ലംബമാനമായ സംവരണത്തിന് സമാനമാണ്. ദളിത്-ആദിവാസി-ബഹുജൻ ട്രാൻസ്‌ജെൻഡർ മനുഷ്യരോട് ജാതീയമായ സംവരണാവകാശങ്ങൾ ഉപേക്ഷിക്കാനും എം.ബി.സി. ക്വാട്ടയിലേക്ക് പരിമിതപ്പെടാനും ലംബമാനമായ സംവരണം നിർബന്ധിക്കുന്നു. ഈ അവസ്ഥയെ മറികടക്കാൻ തിരശ്ചീന സംവരണത്തിലൂടെ സാധിക്കുന്നു.

‘ജാതി ഉന്മൂലനം’ സാധ്യമാകാതെ ‘ക്വിയർ വിമോചനം’ സാധ്യമല്ല

ക്വിയർ മുന്നേറ്റത്തിനകത്ത് ജാതിയെ കുറിച്ചുള്ള സംവാദങ്ങളെ രൂപപ്പെടുത്തിയെടുക്കാൻ കൂടി ഈ ചർച്ചകൾക്ക് കഴിയേണ്ടതുണ്ട്. ജാതി ഭൂതകാലത്തിന്റെ ഓർമ്മയല്ല, നാം ജീവിക്കുന്നത് ജാതിയ്ക്കകത്താണ് എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. ജാതിയെ കുറിച്ചുള്ള ചർച്ചകളെ അദൃശ്യതയിൽ നിർത്തിയാൽ ജാതിയെ മറികടക്കാനാകില്ല. ജാതിയെ മറികടക്കാനും ജാതീയതയെ ചോദ്യം ചെയ്യാനുമായി ആദ്യം ജാതിയെ അംഗീകരിക്കേണ്ടതുണ്ട്. ജാതീയവും വർഗ്ഗപരവുമായ വ്യത്യസ്തതകൾ അംഗീകരിക്കപ്പെടേണ്ടത് പ്രധാനമാണ്. ഒരു വ്യക്തിയെയും ഒറ്റ തന്മയിലേക്ക് ചുരുക്കാനാകില്ല,വ്യത്യസ്‌തമായ തന്മകളിലാണ് ഓരോ വ്യക്തിയുടെയും ജീവിതം. ഇതിനാൽ തന്നെ ഒരു വ്യക്തി നേരിടുന്ന ചൂഷണങ്ങൾക്കും ഒറ്റസ്വഭാവമില്ല.

ട്രാൻസ് മനുഷ്യർ നേരിടുന്ന അതിക്രമങ്ങളെയും വിവേചനങ്ങളെയും ട്രാൻസ്ഭീതിയുടെ സ്വാഭാവിക ഫലമായി മാത്രം ചുരുക്കി പരിഗണിക്കുന്നത് ശരിയല്ല. ഈ വിവേചനങ്ങളിലെല്ലാം വർഗ്ഗപരമായ ഉള്ളടക്കങ്ങളുമുണ്ട്, ജാതിയും ഈ മരണങ്ങളിൽ കൃത്യമായി സ്വാധീനം ചെലുത്തുന്നുണ്ട്. ഏത് തരം മനുഷ്യരാണ് പോലീസിന്റെയും ആൾക്കൂട്ടത്തിന്റെയും ക്രൂരമായ പീഡനങ്ങളേറ്റ് മരിക്കുന്നതെന്ന് പരിശോധിച്ചാൽ,മിക്കതും സെക്‌സ് വർക്ക് ചെയ്ത് ജീവിക്കേണ്ടി വരുന്ന-വർഗ്ഗനിലയിൽ താഴെയുള്ള-കീഴാളരായ ട്രാൻസ്മനുഷ്യരാണെന്ന് കണ്ടുപിടിക്കാനാകും. ഇന്ത്യയിൽ ഉടനീളം ദളിത് ട്രാൻസ് വ്യക്തികൾക്ക് നേരെയുള്ള കൊടിയ പീഡനങ്ങളുണ്ടാകുന്നുണ്ട്. പൊതുവേ,ക്വിയർ വിഷയത്തെ ഒരടഞ്ഞ കാറ്റഗറിയായാണ് വിശദീകരിക്കാറുള്ളത്. അത്തരം ന്യൂനീകരണങ്ങൾ നമ്മുടെ സമരങ്ങളെ ഒരു തരത്തിലും മുന്നോട്ട് നയിക്കില്ല. ജാതിയും വർഗ്ഗനിലയും ലൈംഗികതയുമെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന തിരിച്ചറിവുണ്ടാകേണ്ടത് പ്രധാനമാണ്. ക്വിയർ മുന്നേറ്റങ്ങൾക്കുള്ളിൽ വർഗ്ഗവും ജാതിയുമെല്ലാം ചർച്ചയാകേണ്ടതുമുണ്ട്.

ട്രാൻസ് മനുഷ്യരുടെ വ്യത്യസ്ത ജാതി പശ്ചാത്തലങ്ങളെ പരിഗണിച്ചുകൊണ്ട് തിരശ്ചീന സംവരണത്തിനായുള്ള ആവശ്യം അംഗീകരിക്കപ്പെടേണ്ടത് അനിവാര്യമാണ്.

ഗ്രേസ് എഴുതുന്നു; “Final hearings on marriage equality before the Supreme Court, all lgbtqi+ persons are happy and eagerly waiting for the victory. I am disappointed as to why don't you people have this much interest in Horizontal reservation for trans , this is also our basic right. This is the privilege of your caste, class and power. equality for all”

അതെ, ജാതിഉന്മൂലനം സാധ്യമാകാതെ ക്വിയർ വിമോചനം സാധ്യമല്ല.

Reference

● https://m-thewire-in.translate.goog/article/rights/dont-have-just-one-identity-transgender-people-urge-govt-to-rethink-quota-under-obc-category

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT